Slider

നന്മകളാൽ സമൃദ്ധമീ നാട്ടിൻപുറം

0

•••••••
"ഒന്നും മറക്കണ്ട ജോഷിയെ നീ..നിനക്കും ഉണ്ടായിരുന്നു ഒന്നും ഇല്ലാതിരുന്ന ഒരു കാലം ..അന്ന് കൈ അയച്ച് സഹായിക്കാൻ ഞാനും എന്റെ കുടുംബവും മാത്രേ ഉണ്ടായിരുന്നുള്ളു.."
ഉമ്മറത്തിണ്ണയിലിരുന്നു പേപ്പർ വായിക്കുന്ന ജോഷി കണ്ണാടിക്കിടയിലൂടെ കണ്ണനെ നോക്കി , നീ സ്റ്റാൻഡ് വിട്ടേ കണ്ണാ.. എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഒരക്ഷരം മിണ്ടാതെ വീണ്ടും പേപ്പറിലേക്ക് തല പൂഴ്ത്തി..
ഈറൻകണ്ണുകളോടെ അവനെ തന്നെ അൽപനേരം നോക്കിനിന്ന് കണ്ണനാ പടിയിറങ്ങി..അല്ലെങ്കിലും നന്ദിയും കടപ്പാടുമൊന്നും തിരിച്ച് പ്രതീക്ഷിക്കാൻ പാടില്ലല്ലോ..
മനുഷ്യർക്കിതെങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നു..ചങ്ക് കൂട്ടുകാരനായിരുന്നു.. അവന്റെ കയ്യിൽ പൈസയില്ലെങ്കിൽ ഓടിവന്ന് ചോദിക്കാതെ തന്നെ പോക്കറ്റിൽ കയ്യിട്ട് എടുത്തുകൊണ്ട് പോയിരുന്നവൻ..
ഇങ്ങനൊരവശ്യം ഒരുപാട് ആഗ്രഹിച്ചുപോയതുകൊണ്ട് മാത്രമാണ് ഇത്രെയും കെഞ്ചിയത്.. ഇവിടെ വന്ന് ചോദിക്കും വരെ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു
"എന്തായി മോനെ ...കിട്ടിയോ ?"
മോൻ വന്നുകയറിയതും അമ്മ ഗീതേച്ചി സാരിത്തലയിൽ തെരുപ്പിടിച്ച് ആകാംഷയോടെ ചോദിച്ചു..
" ഇല്ലമ്മേ അവരൊക്കെ ആകെ മാറിപ്പോയി ബന്ധങ്ങൾക്കും കടപ്പാടുകൾക്കും എന്ത് വില.."
നെഞ്ചുതിങ്ങുന്ന സങ്കടത്തോടെ അതും പറഞ്ഞ് അവൻ അകത്തേക്ക് കയറി..എന്തും അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തും വാങ്ങിയും ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് ഇപ്പോൾ..ഗീതേച്ചി ഒരു ദീർഘനിശ്വാസത്തോടെ ഓർത്തു..
ഇനിയെന്ത് ചെയ്യും ജോഷിയിൽ നിന്നും കിട്ടുമെന്ന് കരുതി മോൻ വല്ലാത്ത സന്തോഷത്തിലായിരുന്നു.. പാവം പ്രതീക്ഷകൾ നഷ്ടപെട്ട അവന്റെ സങ്കടം നിറഞ്ഞ മുഖം കാണാൻ വയ്യല്ലോ ദൈവമേ..
സാരമില്ല തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം ഇവനൊന്നും തന്നില്ലെന്ന് കരുതി ഞങ്ങൾ പട്ടിണി കിടന്ന് ചാവാനും പോകുന്നില്ല അവർ അടുക്കളയിലേക്ക് നടന്നു..പോരാടി നേടാനുള്ളതാണ് ജീവിതം.. നമുക്കും വരും ഒരു സമയം എല്ലാ ദിവസവും ഇരുട്ടാകില്ലല്ലോ..
ഭക്ഷണം തയ്യാറാക്കുമ്പോഴും ഗീതേച്ചിയുടെ മനസ്സിൽ അത് തന്നെ ആയിരുന്നു ഒറ്റ ഒരാഴ്ച്ച കൊണ്ട് അയല്പക്കക്കാർ.. നല്ല കൂട്ടുകാർ എത്ര അകന്നിരിക്കുന്നു..
ചോറും കറിയും തയ്യാറാക്കി കഴിക്കാനായി കണ്ണനെ വിളിക്കാൻ അകത്തേക്ക് നടക്കുമ്പോൾ പിന്നാമ്പുറത്ത് നിന്നൊരു വിളി..
"ഗീതേ ..."
ചട്ടയും മുണ്ടും ധരിച്ച് മേൽകാതിൽ ആടുന്ന തൂക്കുകമ്മലുകളും ഇട്ട് നിഷ്കളങ്കമായ ചിരിയോടെ ചേടത്തിയാരാണ് .. ജോഷിയുടെ അമ്മ..
" നീയിങ്ങു വന്നേ ജോഷി പറഞ്ഞത് കാര്യമാക്കണ്ടെന്ന് അവനോട് പറയണം കേട്ടോ.. കണ്ണനവിടുന്നു മനസ്സ് തകർന്നു മടങ്ങുന്നത് ഞാൻ കണ്ടിരുന്നു.. ദാ ഇതു വക്ക്.. ഒന്നുമില്ലെങ്കിലും ഇല്ലായ്മയിലും വല്ലായ്മയിലും ചായക്ക് വെള്ളം വച്ച് പഞ്ചസാര കടം വാങ്ങാനടക്കം ഞാൻ ഓടിവന്നേരുന്നതല്ലേ മക്കള് മറന്നാലും നമ്മള് മറക്കാമോ.."
മുണ്ടിന്റെ മടിക്കുത്തഴിച്ചു ഒരു കുഞ്ഞുകടലാസുപൊതി ചേടത്തി അവർക്ക് നേരെ നീട്ടി..
സന്തോഷം കൊണ്ട് ഒന്നും മിണ്ടാനാകാതെ വിറയ്ക്കുന്ന കൈകൊണ്ട് ആ പൊതിയും വാങ്ങി കണ്ണുതുടച്ചു ഗീതേച്ചി അകത്തേക്ക് നടക്കുന്നതും നോക്കി നിർവൃതിയോടെ ചേടത്തിയും വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ കഞ്ഞിക്കലത്തിൽ വെള്ളം വച്ചശേഷം ഓടിവന്ന് രണ്ട് നാഴി അരി ചോദിച്ചാൽ നാല് നാഴി തന്നിരുന്നവളാണ് മറക്കാൻ പറ്റുമോ.. കടുകും മുളകും പഞ്ചസാരയും വേലിപ്പുറത്തുകൂടെ ആവശ്യപെടുമ്പോഴൊക്കെ വളയിട്ട കൈകൾ കൈ മാറിയിരുന്ന കാലം പഴകിയിട്ടില്ല..
ഒന്നും മറക്കാൻ പാടില്ല ഇന്നത്തെ ദിവസമായിരിക്കില്ല നാളെ.. എന്ത് കാര്യത്തിനും ഓടിവന്ന് കൈനീട്ടിയാൽ വെറും കയ്യോടെ മടക്കില്ലെന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉറപ്പുള്ള അയല്പക്കക്കാർ.. ജോഷിയെ പറഞ്ഞു മനസിലാക്കിക്കണം.. ചേടത്തി തൊടിയിലൂടെ നടന്ന് വീട്ടിൽ ചെന്നു കയറുമ്പോൾ മനസ്സിലുറപ്പിച്ചു..
അടുക്കളപ്പുറത്തെ കുശുകുശുക്കുന്ന ശബ്ദം വ്യക്തമല്ലാതെ കേട്ടെങ്കിലും ആദ്യം എഴുന്നേൽക്കാൻ മടി കാണിച്ച കണ്ണൻ അൽപനേരം കഴിഞ്ഞു എഴുന്നേറ്റ് വന്നതും കണ്ട കാഴ്ച്ച കണ്ണുകളിൽ ആനന്ദക്കണ്ണീര് നിറക്കുന്നതായിരുന്നു.
കിച്ചൻ സ്ലാബിനു മുകളിൽ വച്ച ബീഫ് ഫ്രൈക്ക് മുകളിൽ ആഡംബരത്തോടെ നേർമയായി അരിഞ്ഞു വച്ച ഉള്ളി...ജോഷിയുടെ കൊച്ചിന്റെ മാമ്മോദീസക്ക് ബാലൻസ് വന്ന, കണ്ണൻ പോയി കെഞ്ചി ചോദിച്ച അതേ "ഉള്ളി "
അതേ... നന്മ നശിച്ചിട്ടില്ല നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണ് ..😉
എന്ന് അടുക്കളയിൽ സവാളനിറയെ ഉള്ള ബീഫ് കഴിക്കാത്ത സമ്പന്നയായ ഞാൻ 😌
ലിസ് ലോന ✍️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo