നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കെട്ടഴിഞ്ഞ പട്ടങ്ങൾ


°°°°°°°°°°°°°°°°°°°°°°°°
മഞ്ഞു പുതച്ചു കിടന്ന വയലറ്റു പൂക്കൾ പതിവിലും മനോഹരമായിരുന്നു. ഒലിയ നഗരത്തിൻ്റെ തിരക്കുകൾ വീക്ഷിച്ചു ബാൽക്കണിയിൽ ഇരുന്നു ചൂടു കാപ്പി മൊത്തിക്കുടിച്ചു. പുലർച്ചെ ഉണരുന്ന തെരുവോരങ്ങളിൽ തണുത്തു വിറച്ചു കിടക്കുന്ന യാചക കൂട്ടങ്ങൾ ഒരു വശത്ത് പിഞ്ഞിയ പുതപ്പ് കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നത് വേദനയോടെ നോക്കി കണ്ടു. മോഹ്ദാർ നഗരം ശാന്തമാവുന്നത് രാത്രികളിലാണ്.നിലാവ് ഉദിച്ചു നിൽക്കുന്ന രാത്രികളിൽ ,താരകങ്ങൾ കണ്ണുചിമ്മുന്ന നിമിഷത്തിൽ തണുത്ത കാറ്റുകൾ അലയടിച്ചെത്തുബോൾ നിശബ്ദതയിൽ മുങ്ങിത്താഴുന്ന പലവിധ വർണ്ണങ്ങൾ പെയ്യുന്ന തണുത്ത രാത്രികൾ.
അകാലമരണങ്ങൾ പ്രാപിച്ച എത്രയോ സ്വപ്നങ്ങൾ ഉള്ളിൽ പുകഞ്ഞു കൂടുന്നു.ഒരു ഡിസംബർ മാസത്തിൽ ക്രിസ്മസ് രാവിൽ ഒരു കുടുംബ സംഗമത്തിലെ പെണ്ണുകാണൽ ചടങ്ങിൽ അന്ന് എല്ലാവരുടേയും മുൻപിൽ നാണത്തോടെ തലകുനിച്ചിരുന്ന ഒരു പെൺകുട്ടി.ഒരു മാലാഖയെ പോലെ വീട്ടിൽ വെളിച്ചം പകർന്നവൾ. പെട്ടെന്നൊരു നാൾ പടിയിറങ്ങി പോയപ്പോൾ വീട് ഇരുട്ടിലായിരുന്നു. പുതുപ്പറമ്പ് കുടുംബത്തിലെ ഔതക്കുട്ടിയുടേയും,ലൈസാമ്മയുടേയും മൂത്ത മകൾ ഒലിയ അങ്ങനെ
ഒലിയ ഡേവിഡ് ജോസഫ് ആയി. പുതിയ ദേശത്തേയ്ക്ക് പുതിയ സംസ്കാരത്തിലേയ്ക്ക്,സാഹചര്യത്തിലേയ്ക്ക് ,സാൻസോ എന്ന നഗരത്തിലേയ്ക്ക് ഗ്രാമത്തിൻ്റെ മടിത്തട്ടിൽ നിന്നും നഗരത്തിൻ്റെ കൂട്ടിലേയ്ക്ക്.
നാടും ,വീടും വിട്ട് വിദേശത്തേക്ക് പറന്നുയർന്നപ്പോൾ തെല്ലും ആശങ്കയില്ലായിരുന്നു.കുഞ്ഞു നാൾ മുതൽക്കേ ഡേവിഡ് നല്ലൊരു സുഹൃത്ത് ആയിരുന്നു. സുഹൃത്ത് തന്നെ ഭർത്താവ് ആയി എന്ന ചമ്മൽ ഒഴിച്ചാൽ മറ്റൊരു അപരിചിതത്വം തോന്നിയില്ല. ഉയർന്ന ജോലിയിൽ മുഴുകി ഡേവിഡ് പകൽ തികയാതെ ബദ്ധപ്പെടുബോൾ മറുവശത്ത് പകൽ കഴിഞ്ഞു പോവാൻ പ്രാർത്ഥിച്ചു നേരം തള്ളി നീക്കാൻ പാടുപെടുന്ന ഒരു ഭാര്യ അതാണ് ഒലിയ.
ഒരിക്കൽ പോലും ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കാത്തവൾ.ഉത്തമ ഭാര്യ. നഗരത്തിരക്കുകൾക്കുള്ളിൽ വലിയ ഇരുനില വീടിനകത്ത് കൂട്ടിലടച്ചത് പോലെ എത്രയോ വർഷങ്ങൾ കൊഴിഞ്ഞു പോയി.അതിനിടയിൽ ഡാൻ്റസും,ഡെയ്സിയും കൂട്ടായി വന്നു. ഇരട്ടകൾ ആണെന്ന് അറിഞ്ഞപ്പോൾ ഡേവിഡ് ഗാഢമായി വയറിൽ ചുംബിച്ചു. അപ്പോഴാണ് ഏറ്റവും വലിയ ആനന്ദം അനുഭവിച്ചറിഞ്ഞതും.
പിന്നെ നാട്ടിലേയ്ക്ക് അമ്മ,അപ്പാ എല്ലാവരും വളരെയധികം സന്തോഷത്തിൽ ആയിരുന്നു.
പ്രസവ സമയത്ത് ഡേവിഡ് ഇല്ല എന്ന ദു:ഖം മാത്രം.അല്ലെങ്കിലും ഡേവിഡ് തിരക്ക് പിടിച്ച ഓട്ടത്തിൽ തന്നെ ആയിരുന്നു എന്നും.
വർഷങ്ങൾ വീണ്ടും കൊഴിഞ്ഞു.
കുട്ടികളെ സ്കൂളിൽ ചേർക്കണം എന്ന് പറഞ്ഞപ്പോഴാണ് ഡേവിഡ് അത് നാട്ടിൽ വേണ്ട എന്നു വിലക്കിയത്.അപ്പയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ കാണാനായി വന്ന ദിവസമാണ് കുട്ടികളെ ഇവിടുത്തെ സ്കൂളിൽ ചേർക്കണം എന്ന് അപ്പ പറയുന്നത്.
ആദ്യമായി വാക്കു തർക്കം തുടങ്ങിയത് അപ്പോഴാണ്. നമ്മുടെ നാടിന്റെ സംസ്കാരവും, വിദ്യാഭ്യാസവും അതിന്റെ പവിത്രതയും അനുഭവിച്ചറിഞ്ഞ കാലത്തിന്റെ ഓർമ്മകൾ മക്കളിലേയ്ക്കും പകർന്നു കൊടുക്കാൻ ആഗ്രഹിച്ചു.ഡേവിഡിൻ്റെ ശക്തമായ എതിർപ്പുകൾക്കൊടുവിൽ
ഡേവിഡിൻ്റെ ഇഷ്ടം നടക്കട്ടെ എന്ന് അപ്പാ പറഞ്ഞു. പേരക്കുട്ടികളുടെ കൂടെ കഴിഞ്ഞു കൊതി തീരാതെ , കുട്ടികൾക്കും അവരെ പിരിയാൻ മനസ്സുണ്ടായിരുന്നില്ല.
വീണ്ടും കുട്ടികളെ കൊണ്ട് പറന്നുയർന്നു.ദു:ഖങ്ങൾക്ക് മീതേ. കുട്ടികളുടെ കാര്യം നോക്കാൻ ഒരു ആയ വന്നു. മരിയ എന്ന സ്ത്രീ, എന്നും മേക്കപ്പിൽ കുളിച്ചു വരുന്നവൾ.നാല്പതിനോടടുത്ത് പ്രായം.ഡേവിഡിൻ്റെ കൂട്ടുകാരൻ വിൽസൺ കൊണ്ട് വന്നതാണ് അവളെ.ആദ്യം മുതലേ അവളുടെ പെരുമാറ്റം അരോചകമായി തന്നെ തോന്നി.പിന്നെ എന്തെങ്കിലും പറഞ്ഞാൽ ഡേവിഡിൻ്റെ കോപത്തിന് ഇരയാവും എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല. രാവിലെ ഏഴുമണിക്ക് മരിയ എത്തും. കുട്ടികളെ സ്കൂളിൽ ഒരുക്കി അയക്കും അത്യാവശ്യം അടുക്കളയിൽ സഹായിക്കും. പിന്നെ തിരിച്ചു പോവും.വൈകുന്നേരവും വരും കുട്ടികൾക്ക് രണ്ടു മണിക്കൂർ ട്യൂഷൻ കഴിഞ്ഞേ അവൾ തിരിച്ചു പോവൂ.
മാസം നല്ലൊരു തുക അവൾക്ക് ശമ്പളം നൽകുന്നുണ്ട്. എത്രയെന്ന് ചോദിക്കാൻ പോയില്ല. അല്ലെങ്കിൽ അറിഞ്ഞിട്ട് എന്തിനാണ്. ഒരു പുതുവർഷ രാത്രിയിൽ ബെഡ്ഡ്റൂമിൽ വെച്ച് ഇരുവരെയും കാണുബോൾ നുരഞ്ഞു പൊങ്ങിയ വെറുപ്പോടെ അവളുടെ കരണത്ത് ആഞ്ഞടിച്ചു. ഡേവിഡ് പക്ഷേ പുച്ഛത്തോടെ ഒന്നു ചിരിച്ചു.പിന്നെ ഇതൊക്കെ സർവ്വസാധാരണം എന്ന മട്ടിൽ നിന്നു.പിന്നീട് ഡേവിഡ് പറഞ്ഞതൊന്നും കേട്ടില്ല. മനസ്സിലും,കണ്ണിലും ഇരുട്ടായിരുന്നു.
എങ്ങനെയോ
താഴത്തെ നിലയിലെ കുട്ടികൾ ഉറങ്ങുന്ന മുറിയിൽ എത്തി.കുട്ടികൾ ശാന്തരായി ഉറങ്ങുന്നു.അവരെ പറ്റിച്ചേർന്നു കിടക്കുബോൾ കണ്ണുനീർ ഉടഞ്ഞിറക്കൊണ്ടേയിരുന്നു.
പിന്നെ ഒത്തു പോവാൻ കഴിയാത്ത ഏതാനും ദിനങ്ങൾ കൂടി കൊഴിഞ്ഞു പോയി. അടുത്ത സുഹൃത്ത് റോസ് സാമുവൽ.സാമുവൽ ഒരു വാഹനാപകടത്തിൽ മരിച്ചു.മകൾ റിയയാണ് അവൾക്കെല്ലാം.
റോസ് ആണ് സാൻസോ നഗരത്തിൻ്റെ തടവറയിൽ നിന്നും മോചിപ്പിച്ചത്. ആ നഗരത്തിൽ നിന്ന് വളരെ ദൂരെ മോഹ്ദാർ എന്ന ചെറിയ നഗരത്തിലേയ്ക്കാണ് എത്തിപ്പെട്ടത്. അധികം തിരക്കുകൾ ഇല്ലാത്ത എല്ലാവരും സ്നേഹത്തോടെ പുഞ്ചിരിച്ചു പരസ്പരം ആശംസകൾ നേർന്നു തുടങ്ങുന്ന പുലർകാലങ്ങൾ. ചെറിയൊരു ബേക്കറിയിൽ തുടങ്ങി ഇപ്പോൾ നാലു വലിയ ഷോപ്പുകൾ, വില കൂടിയ കാറ്,ആവശ്യത്തിന് പണം. ആരും കണ്ടാൽ അസൂയപ്പെടുന്ന വളർച്ചയാണ് ജീവിതത്തിൽ ഉണ്ടായത്.
എല്ലാം റോസിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ ഫലമാണ്,പ്രാർത്ഥനയാണ്.
പെട്ടെന്നായിരുന്നു റോസിന്റെ മരണം. അത് മാനസികമായി തളർത്തി.പക്ഷേ അവൾ മരിച്ചിട്ടും ആത്മവിശ്വാസം നൽകാൻ ഓരോ നിമിഷവും എത്തിയിരുന്നു. അവളുടെ മകൾ റിയയെ ഡാൻ്റസിൻ്റെ കൈകളിൽ ഭദ്രമാക്കി.അല്ലെങ്കിൽ റോസിൻ്റെ ആത്മാവിന് ഒരിക്കലും സമാധാനം ഉണ്ടാവില്ല എന്ന് തീർച്ചയാണ്.ഡെയ്സി ഡോക്ടർ ആയി ,മോഹ്ദാർ നഗരത്തിൽ തന്നെ ഒരു വലിയ ആശുപത്രി പണിതു അവിടെ ജോലി ചെയ്യുന്നു. സാധാരണക്കാർക്ക് ആശ്വാസമായിരുന്നു ആ ആശുപത്രി.വിവാഹം കാര്യം പറഞ്ഞാൽ അവൾ ഒഴിഞ്ഞു മാറി പോവുകയാണ് പതിവ്.
മമ്മയെ തനിച്ചാക്കി പോവാൻ വയ്യ. എന്ന മറുപടിയിൽ അവളുടെ സ്നേഹത്തിന്റെ ,സാന്ത്വനത്തിൻ്റെ,സംരക്ഷണത്തിൻ്റെ വലിയ ചുറ്റുമതിൽ കാണാം.ചിലപ്പോൾ ഗേറ്റ് തുറന്നു വരുന്ന ഡേവിഡിനെ മനക്കണ്ണിൽ കാണും. ബാൽക്കണിയിൽ ഇരുന്നു കാഴ്ചകൾ കാണുബോൾ മനസ്സൊന്നു തണുക്കും.നീണ്ടു കിടക്കുന്ന തെരുവിൻ്റെ ഇരു വശത്തും പൂക്കൾ വിലക്കുന്ന സ്ത്രീകൾ ഉണ്ട്. ചില പെൺകുട്ടികൾ സുന്ദരികളാണ്.വലിയ മൂക്കുത്തി കുത്തിയ ചെറുപ്പക്കാരികൾ.ചമയങ്ങൾ ഇല്ലെങ്കിലും അവരുടെ മുഖത്ത് മഴവില്ലിന്റെ അഴക് പരന്നൊഴുകുന്നത് കാണാം.
കൂട്ടത്തിൽ ചിലരുടെ കൂടെ കൊച്ചു കുട്ടികളും ഉണ്ടാവും. ഇരു വശത്തും പിന്നിയിട്ട നീളമുള്ള മുടിയും അവയിൽ ചുവന്ന റോസാപ്പൂക്കളും കാണാം. അടുത്ത് തന്നെ ഒരു ക്ഷേത്രം ഉണ്ട്. അവിടുത്തെ പ്രതിഷ്ഠ ഒരു ദേവിയാണ്. ഈ നഗരത്തിൽ വന്നു ആദ്യമൊക്കെ അവിടെ ചെല്ലുമായിരുന്നു. പിന്നെ കുറച്ചു കൂടി മുൻപിലേയ്ക്ക് നടന്നാൽ ഒരു പള്ളിയും ഉണ്ട്. സ്ഥിരമായി സന്ദർശനവും പ്രാർത്ഥനയും ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ വാർദ്ധക്യത്തിൻ്റെ പരാധീനതകൾ ശരീരത്തെ ബാധിച്ചു തുടങ്ങി. ബാൽക്കണിയിലിരുന്നാൽ ദൂരെ അമ്പലത്തിൻ്റെ മുകൾഭാഗം കാണാം.
പ്രതിസന്ധികളിൽ പ്രാർത്ഥന ആയിരുന്നു ആശ്വാസം.എത്ര ദൈവങ്ങളെ വിളിച്ചു കരഞ്ഞിരുന്നു.ദൈവങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് റോസിന്റെ മുഖവും. വിണ്ണിൽ ഇറങ്ങിയ മാലാഖ. ജീവിതത്തിൽ ഇരുളിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയവൾ.
കാർമേഘം ഇരുണ്ടു കൂടിത്തുടങ്ങി.ഏത് നിമിഷവും മഴ പെയ്യാം.മോഹ്ദാറിലെ മഴ ആദ്യം ഇരുട്ടിൽ ആയിരിക്കും. പിന്നെ പതിയെ തെളിഞ്ഞു വരും. ശാന്തമായ മഴ പതിയെ പെയ്യും.വലിയ മഴത്തുള്ളികൾ വീണു ചിതറുന്നത് കാണുവാൻ നല്ല ഭംഗിയാണ്. വാർദ്ധക്യം മറന്നു മഴ നനഞ്ഞു.
തണുത്തു വിറയ്ക്കുന്നു.
" മമ്മാ ക്രിസ്മസ് കരോൾ വന്നു.
വാ മമ്മാ.റിയ വന്നു പിടിക്കുന്നതറിഞ്ഞു.പക്ഷേ കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല ,ശരീരം അനക്കാൻ കഴിയുന്നില്ല. റിയ ഉറക്കെ കരയുന്നു. താഴെ നിന്ന് ഡാൻ്റസും, കുഞ്ഞു ഡാനിയലും ഓടി വന്നു. വല്യമ്മച്ചീ എന്ന് വിളിച്ചു കരയുന്നു.
എല്ലാം വേഗത്തിൽ ആയി. പിറന്ന മണ്ണിൽ അല്ല ദത്തെടുത്ത മണ്ണിലാണ് അടക്കം ചെയ്തത്. അതായിരുന്നു സന്തോഷവും.
എത്രയോ റീത്തുകൾ അതിൽ വയലറ്റ് പൂക്കൾ കൊണ്ട് മനോഹരമായ ഒരു റീത്ത് ഉണ്ടായിരുന്നു. എന്നും ഇഷ്ടപ്പെട്ട പൂവ്.
അതിനെ ചുംബിക്കുവാൻ കൊതിച്ചു.
പക്ഷേ കഴിഞ്ഞില്ല.റോസ് കാത്തിരിപ്പുണ്ട് അവിടെയും വെളിച്ചം പകർന്ന്.പോവണം , കാത്തിരുന്നു അവൾ മടുത്തു കാണും.മഞ്ഞു കൊണ്ട് ഒരു കൊട്ടാരം പണിത് വയലറ്റ് പൂക്കളാൽ അലങ്കരിച്ച് അവൾ കാത്തു നിൽപ്പാണ്.മുറ്റത്തെ റാനിസ് മരത്തിന്റെ ചുവട്ടിൽ അവളുണ്ട്.ഇവിടെ ആത്മാക്കൾ കഴിയുന്ന മരമാണത്രേ റാനിസ്. വെള്ളപ്പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന റാനിസ് മരം.അതിന്റെ ചുവട്ടിൽ റോസ് അക്ഷമയായിരിക്കുന്നു.
അവൾക്ക് തിടുക്കമാണ്.പക്ഷേ എനിക്ക് എൻ്റെ മക്കളോട് യാത്ര പറയണമല്ലോ.
എല്ലാവർക്കും നെറ്റിയിൽ ചുംബനം നൽകി. ആരും അറിഞ്ഞില്ല. എൻ്റെ സ്പർശനം. കരയാൻ തോന്നി. ആത്മാക്കൾക്ക് കരയാനുള്ള അനുവാദം ഇല്ലെന്ന് അവൾ പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല. റോസിൻ്റെ കരംകവർന്നു.സാൻസോ നഗരത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നത് പോലെ മരണത്തിലേയ്ക്കും അവളെന്നെ കൈപിടിച്ചുയർത്തി. മോഹ്ദാർ നഗരത്തിൻ്റെ പലയിടങ്ങളിലും ഉള്ള റാനിസ് മരങ്ങളിൽ പലപ്പോഴും ഞങ്ങൾ സന്ദർശകരായി.
........................... രാജിരാഘവൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot