ചെറുകഥ.
ഹക്കീം മൊറയൂർ.
================.
ഈ ലോകം എത്ര സുന്ദരമാണ്.
നിന്നെ കാണാൻ എന്ത് ഭംഗിയാണ്.
നിന്നെ കാണാൻ എന്ത് ഭംഗിയാണ്.
കുതിച്ചു പായുന്ന ട്രെയിനിന്റെ താളത്തിനൊപ്പിച്ചു അന്ധനായ ആ ഗായകൻ മനോഹരമായ ഈണത്തിൽ ആ ഉറുദു ഗസൽ ആലപിക്കുകയാണ്. ട്രെയിനിൽ ഒരാൾ പോലും ആ പാട്ട് ശ്രദ്ധിക്കുന്നില്ല എന്നത് പോലും കാണാൻ കഴിയാതെ പാടുന്ന അയാൾ എന്നിൽ ഉണ്ടാക്കിയത് വല്ലാത്ത സങ്കടമാണ്.
ഇയാൾക്ക് വല്ല സിനിമ പാട്ടും പാടിക്കൂടേ. എന്നാൽ എത്ര പേര് ആ പാട്ട് ശ്രദ്ധിക്കുമായിരുന്നു. കുറച്ചു കൂടെ ആൾക്കാർ ശ്രദ്ധിക്കുന്ന പാട്ട് പാടാതെ ഈ പഴയ ഗസലുകൾ പാടാൻ ഇയാൾക്ക് വല്ല മാനസിക അസ്വാസ്ഥവും ഉണ്ടോ.?.
ഞാൻ ഒന്ന് കൂടെ ചുറ്റും നോക്കി. സ്ലീപ്പർ ക്ലാസ്സിൽ എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചിലരൊക്കെ ചെവിയിൽ ഹെഡ് ഫോണും വെച്ചു വിദൂരതയിൽ നിന്നും ഒഴുകി വരുന്ന സംഗീതം ആസ്വദിക്കുന്നു. മറ്റു ചിലർ മൊബൈൽ ഫോണിൽ മുഴുകി ഇരിക്കുന്നു. വിശാലമായ ഈ ബോഗിയിൽ ആ ഗസൽ കേൾക്കാൻ ഞാൻ മാത്രം.
എന്റെ ബർത്ത് മുകളിലാണ്. നടുവിലും താഴെയുമുള്ള ബർത്തിൽ ആളെത്തിയിട്ടില്ല. താഴെയുള്ള സീറ്റിൽ വിശാലമായി ഇരുന്ന് ഞാൻ ആ ഗായകനെ തന്നെ നോക്കി.
മനോഹരമായ ഈ പുലരിയിൽ
നിന്നെ കാണുന്നത് തന്നെ
കണ്ണിനു നയനാനന്ദകരമാണ്.
നിന്നെ കാണുന്നത് തന്നെ
കണ്ണിനു നയനാനന്ദകരമാണ്.
അയാൾ വീണ്ടും പാടുകയാണ്. മനോഹരമായ ഗാനം.
അയാളുടെ കയ്യിൽ പത്തു രൂപ കൊടുക്കേണ്ടി വരും എന്നോർത്തിട്ടാവുമോ ആരും ആ പാട്ട് ശ്രദ്ധിക്കാത്തത്. അയാൾ പാടി പാടി തപ്പി തടഞ്ഞു കടന്നു പോയി. ഞാൻ പുതിയ ഒരു പത്തു രൂപ നോട്ട് അയാളുടെ കൈകളിൽ വെച്ചു കൊടുത്തു. അതും വാങ്ങി അയാൾ അകന്നകന്നു പോയി.
നിങ്ങളെ പോലുള്ളവരാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്.
തിരിച്ചു സീറ്റിലേക്ക് ഇരുന്നപ്പോൾ നേരെ അപ്പുറത്ത് ഇരുന്ന സ്ത്രീ പുച്ഛത്തോടെ പറഞ്ഞു.
കഷ്ടകാലത്തിനു ഇവിടെയാണ് ടിക്കറ്റ് കിട്ടിയത്. ഇനി കോഴിക്കോട് വരെ എങ്ങനെ ഇവിടെ കിടക്കും.
ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് വെളുത്തു തടിച്ച ആ സ്ത്രീ തന്റെ ബർത്തിൽ നീണ്ടു നിവർന്നു കിടന്നു.
ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യാമോ?.
എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് അവർ ചോദിച്ചു.
എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി കൊണ്ട് അവർ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ് ചെയ്‌തു. ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. ജനലുകൾ എല്ലാം താഴ്ത്തി ഇട്ടതു കാരണം എവിടെ എന്നറിയാൻ വയ്യ.
പെട്ടെന്ന് എന്റെ താഴെയുള്ള ബർത്തുകളിലേക്ക് ആളെത്തി. അവർ തപ്പി തടഞ്ഞു നമ്പർ പരിശോധിക്കുന്നത് കണ്ടു ഞാൻ ലൈറ്റ് ഇട്ടു കൊടുത്തു.
ഏകദേശം പത്തു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഇരുനിറമുള്ള ഒരു പെണ്ണാണ്. കൂടെ ഒരു പത്തു പതിമൂന്നു വയസ്സ് തോന്നിക്കുന്ന വലിയ കണ്ണട വെച്ച ഒരു പെൺകുട്ടി. അമ്മയും മോളുമായിരിക്കണം. അത്രക്ക് സാമ്യമുണ്ട് അവരുടെ മുഖത്തിന്.
ഉമ്മ താഴെ കിടന്നോളൂ. ഞാൻ മുകളിൽ കിടക്കാം.
ആ പെൺകുട്ടി ബാഗ് തലയിണയാക്കി എളുപ്പം മധ്യേയുള്ള ബർത്തിൽ കയറി കിടന്നു. അവളുടെ ഉമ്മ വലിയ ബാഗ് താഴെ വെച്ചു കിടക്കാനുള്ള വട്ടം കൂട്ടുകയാണ്.
ഇടക്കെപ്പോഴോ അവളുടെ നോട്ടം എന്റെ മുഖത്തേക്ക് പാറി വീണു. ആ വലിയ കണ്ണുകളിൽ എന്തോ ഒരു പരിചയ ഭാവം മിന്നി മറഞ്ഞു.
ഞാനും അവരെ സൂക്ഷിച്ചു നോക്കി.
വലിയ കണ്ണുകൾ. കൂർത്ത മൂക്കിന് വശത്തായി വലിയ കറുത്ത ഒരു മറുക്. താടിയിൽ പണ്ടെന്നോ പറ്റിയ നീണ്ട ഒരു മുറിപ്പാട്. പരിചയമുള്ള കണ്ണുകൾ. തികച്ചും പരിചയമുള്ള കണ്ണുകൾ.
ഈയിടെയായി അങ്ങനെയാണ്. ആരെ കണ്ടാലും പരിചയം തോന്നി ഞാൻ പുഞ്ചിരിക്കും. അപ്പൊ അവരുടെ മുഖഭാവങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. ഇതേതാ ഈ ആഭാസൻ എന്ന നിലയിലാവും പലരുടെയും മുഖഭാവം.
എന്ത് കൊണ്ടോ എനിക്ക് വല്ലാത്ത മൂത്രശങ്ക തോന്നി. ഞാൻ പതിയെ ഒരഭ്യാസിയെ പോലെ വളഞ്ഞു താഴേക്കിറങ്ങി.
മൂത്രമൊഴിച്ചു മുഖം കഴുകി പുറത്തേക്കുള്ള വാതിൽ തുറന്നിട്ട് അവിടെ തന്നെ നിന്നു. പുറത്ത് നേരിയ ചാറ്റൽ മഴയുണ്ട്. അതിവേഗം കുതിക്കുന്ന ട്രെയിനിൽ നേരിയ ചാറ്റൽ മഴയിൽ വാതിലിനടുത്തു നിൽക്കാൻ ഒരു വല്ലാത്ത രസമാണ്.
എന്നെ ഓർമ്മയുണ്ടോ?.
പെട്ടെന്നാണ് ഒരു വല്ലാത്ത ചോദ്യത്തോടെ അവർ എന്റെ അടുത്തേക്ക് വന്നത്.
ഞാൻ അവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളിൽ തെളിഞ്ഞ അപരിചിതത്വത്തെ മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.
ഓർമയില്ല അല്ലേ?.
അവർ മനോഹരമായി പുഞ്ചിരിച്ചു.
മുൻ വരിയിലെ വെളുത്ത പല്ലുകളിൽ ഒന്നിന് മാത്രം നേരിയ ഒരു വിടവ്.
ഉമൈബാ ബാനു സുന്ദരിയാണ്.
പെട്ടെന്നവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്റെ ഉള്ളിൽ ഒരു തുലാമഴ പെയ്തിറങ്ങിയത് പെട്ടെന്നായിരുന്നു.
ഒരു കൂട്ടം അദ്ധ്യാപകർക്ക് നടുവിൽ ഒരു കൊടും കുറ്റവാളിയെ പോലെ നിൽക്കുകയാണ് ഞാൻ. കണ്ണട വെച്ച ചുരുണ്ട മുടിയുള്ള മാഷ് കയ്യിലിരുന്ന ചൂരൽ കൊണ്ട് എന്റെ നീട്ടിയ കയ്യിൽ ആഞ്ഞടിക്കുകയാണ്.
ഇനി പെൺകുട്ടികളോട് വൃത്തികേട് പറയുമോ ഡാ?.
മതി മാഷെ മതി.
ആരോ എന്നെ പതിയെ ഉന്തി തള്ളി സ്റ്റാഫ് റൂമിനു പുറത്താക്കി. അന്നും മഴയായിരുന്നു. ചാറ്റൽ മഴയല്ല. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന പെരും മഴ.
അന്ന് ക്ലാസ്സ് വിട്ട് പോരുമ്പോഴും മഴയായിരുന്നു. എന്റെ മനസ്സ് പോലെ ആർത്തിരമ്പി പെയ്യുന്ന പെരും മഴ. പനി പിടിച്ചു ഞാൻ പിന്നെ മൂന്ന് ദിവസം സ്കൂളിലേക്ക് പോയില്ല.
നാലാമത്തെ ദിവസം ഞാൻ അവളിരുന്ന ബെഞ്ചിലേക്ക് നോക്കി. അവിടം ശൂന്യമായിരുന്നു. ലോകമൊന്നാകെ ശൂന്യമായ പോലെ. ഒരു എട്ടാം ക്ലാസുകാരന്റെ മനസ്സ് എന്തിനെന്നറിയാതെ തേങ്ങിയ നിമിഷങ്ങൾ.
എന്തായിരുന്നു ഞാൻ ചെയ്ത കുറ്റം.
സ്കൂൾ മാറി വന്ന ഒരു പെൺകുട്ടിയോട് അവൾ സുന്ദരിയാണെന്ന് പറഞ്ഞു. അത് അതിലെ വന്ന മാഷ് കേട്ടു. മാഷെ കണ്ട ഞാൻ ഓടി. അദ്ദേഹം അടുത്ത പീരിഡിൽ എന്നെ സ്റ്റാഫ് റൂമിൽ കൊണ്ട് പോയി ചീത്ത പറഞ്ഞു നാലു തല്ലും തന്നു വിട്ടു.
അതിനു കാരണം ഉണ്ടായിരുന്നു. ഇരുനിറത്തിൽ കൂടുതൽ കറുപ്പുള്ള ഉമൈബയെ കൂട്ടുകാരികൾ കളിയാക്കിയപ്പോഴാണ് ഞാൻ അവളോട് സുന്ദരിയാണെന്ന് പറഞ്ഞത്. അത് അവളുടെ മുഖത്തെ വിഷമം മായ്ക്കാൻ വേണ്ടി ആയിരുന്നു.
അത് ഇത്രയും വിഷമമാവുമെന്നോ അവൾ പിന്നീട് സ്കൂൾ മാറി പോവുമെന്നോ ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
ഉമൈബ അന്ന് മുതൽ നെഞ്ചിനുള്ളിൽ ഒരു നോവായിരുന്നു.
എട്ടാം ക്ലാസിലേക്ക് ഞങ്ങളെ സ്കൂളിലേക്ക് കടന്നു വന്നവൾ. കേവലം എട്ടോ പത്തോ ദിവസം മാത്രമേ അവൾ സ്കൂളിൽ ഇരുന്നിട്ടുള്ളൂ.
എന്താ ആലോചിക്കുന്നത് മാഷെ.?.
അവളുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്. ഞാനപ്പോഴും പഴയ എട്ടാം ക്ലാസ്സുകാരനായിരുന്നു.
എന്നോട് ഇപ്പോഴും ദേഷ്യമാണോ?.
എന്തിനു?.
അന്ന് എന്നെ മാഷോട് പറഞ്ഞു പിടിപ്പിച്ചില്ലേ?. പിന്നെ സ്കൂൾ മാറി പോയില്ലേ?.
എന്റെ ഭാവമാറ്റം കണ്ടു അവൾ അമ്പരന്നു.
മാഷോട് ഞാനൊന്നും പറഞ്ഞില്ലാലോ.
അവൾ ഒന്ന് നിർത്തി മുരടനക്കി.
ഞാൻ സുന്ദരിയാണെന്ന് എന്നോട് ആദ്യം പറഞ്ഞത് നീയാണ്.
എന്തോ ഓർത്തു മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
പിന്നീട് എന്നെ തല ഉയർത്തി നടക്കാൻ പ്രേരിപ്പിച്ച വാക്കുകൾ.
പിന്നെ എന്തിനാണ് ടിസി വാങ്ങി പോയത്?.
വിശ്വസം വരാതെ ഞാൻ വീണ്ടും ചോദിച്ചു.
ബാപ്പക്ക് പെട്ടെന്നൊരു സ്ഥലം മാറ്റം. കോഴിക്കോടേക്ക്. അപ്പൊ പിന്നെ എന്നെ ടിസി വാങ്ങി അവിടെ കൊണ്ട് പോയി ചേർത്തു. പോവുന്ന ദിവസം ഞാൻ നിന്നെ കുറെ തിരഞ്ഞു. കണ്ടില്ല.
ഞാൻ പനി പിടിച്ചു കിടക്കുകയായിരുന്നു.
എന്റെ മനസ്സ് എന്തിനെന്നറിയാതെ സന്തോഷ മുഖരിതമായി.
ഉമൈബ എന്ത് ചെയ്യുന്നു?.
മറുപടി പറയാനായി വാ തുറന്നതാണ് അവൾ. പെട്ടെന്ന് അവളൊന്നു തുമ്മി. അടുത്ത നിമിഷം മൂക്കിലൂടെ നാലഞ്ചു തുള്ളി ചോര പുറത്തേക്ക് ഉറ്റി വീണു.
അവൾ തൂവാല കൊണ്ട് മൂക്ക് പൊത്തി. പിന്നെ അതിവേഗം നടന്നു സീറ്റിൽ വെച്ച ഹാൻഡ് ബാഗ് തുറന്നു സിറിഞ്ചിൽ മരുന്ന് നിറച്ചു കൈത്തണ്ടയിലേക്ക് ഇൻജെക്ട് ചെയ്‌തു.
അവൾ ഒന്നും മിണ്ടാതെ വളഞ്ഞു സീറ്റിലേക്ക് കിടന്നു. നാലഞ്ചു മിനിട്ടുകൾക്ക് ശേഷം അവൾ എണീറ്റ് എന്നെ നോക്കി.
ആകെ ഭയന്ന് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഞാൻ.
അവൾ ഒന്നും മിണ്ടാതെ ബാത്റൂമിന് മുൻപിലെ ഇടനാഴിയിൽ ചെന്നു നിന്നു. ഒന്നും പറയാതെ പിന്നാലെ ഞാനും.
ഞാൻ ഒരു ഡോക്ടറാണ്.
പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
എന്താണസുഖം?.
വേവലാതിയോടെ ഞാൻ തിരക്കി.
ഹീമോഫീലിയ.
മൂക്കിലൂടെ ചോര വരുന്ന അസുഖമല്ലേ?.
അറിയാതെ ഞാൻ ചോദിച്ചു പോയി.
മൂക്കിലൂടെ മാത്രമല്ല. ഓരോ രോമത്തിലൂടെയും ചോര കിനിയും. സമയത്തിനു മെഡിഡിസിൻ എടുത്തില്ലെങ്കിൽ.
ഒന്നും മിണ്ടാതെ ഞാൻ കണ്ണുകളടച്ചു നിന്നു. എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അടർന്നു വീണു.
പേടിക്കണ്ട. ഞാൻ ഓക്കേ ആണ്.
പുഞ്ചിരിയോടെ അവൾ പറഞ്ഞു.
പോയി ഉറങ്ങിക്കോ.
അവളെന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ഉമൈബ ബാനു സുന്ദരിയാണ്.
വീണ്ടും ഞാൻ പറഞ്ഞു.
22 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും പഴയ കുട്ടികളായി.
അവളുടെ കണ്ണുകൾ വികസിക്കുകയും ചുണ്ടുകൾ വിടരുകയും മുൻപല്ലിന്റെ നേർത്ത വിടവ് തെളിയുകയും ചെയ്‌തു.
താങ്ക്സ്.
പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഒന്നും മിണ്ടാതെ തിരിയാൻ നേരം അവൾ പിറകിൽ നിന്നും വിളിച്ചു.
എന്താ.
ചോദ്യരൂപേനെ ഞാൻ അവളെ നോക്കി.
ചോദ്യരൂപേനെ ഞാൻ അവളെ നോക്കി.
ഒന്നുമില്ല.
അവൾ കണ്ണുകളടച്ചു എന്നോട് പറഞ്ഞു.
അവൾ ബാത്റൂമിലേക്കും ഞാൻ തിരിച്ചു സീറ്റിലേക്കും പോയി.
എന്റെ ബർത്തിലേക്ക് കയറാൻ നേരമാണ് ഞാൻ നിലത്തു ഒരു പേപ്പർ വീണു കിടക്കുന്നത് കണ്ടത്. നേരത്തെ ഉമൈബ മരുന്നെടുത്തപ്പോൾ വീണു പോയതായിരിക്കണം അത്.
അതിന്റെ മുകളിൽ എഴുതിയ ആശുപത്രിയുടെ പേര് ഞാൻ വായിച്ചു.
റീജിയണൽ കാൻസർ സെന്റർ.
ബാക്കി വായിക്കാൻ എനിക്ക് കഴിയാത്ത വിധം കണ്ണുകൾ നിറഞ്ഞു വന്നു. ഒന്നും മിണ്ടാതെ പേപ്പർ ബാഗിലേക്ക് തിരുകി ഞാൻ തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു.
സോറിട്ടോ.
അവൾ മെല്ലെ പറഞ്ഞു.
അവൾ മെല്ലെ പറഞ്ഞു.
എനിക്ക് ബ്ലഡ് കാൻസർ ആണ്. ഫൈനൽ സ്‌റ്റേജ്.
ഞാൻ ഒന്നും മിണ്ടാനാവാതെ മെല്ലെ നിലത്തേക്ക് പതറി പതറി നോക്കി.
ഒന്നൂടെ എന്നോട് അങ്ങനെ പറയാമോ?.
അവൾ മെല്ലെ ചോദിച്ചു.
എങ്ങനെ?.
ചോദ്യരൂപേനെ ഞാൻ അവളെ നോക്കി. പെട്ടെന്ന് എനിക്ക് കാര്യം മനസ്സിലായി.
ഉമൈബ ബാനു സുന്ദരിയാണ്.
അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ ഇടർച്ചയോടെ ഞാൻ പറഞ്ഞു.
പെട്ടെന്ന് അമർത്തിയ ഒരു കരച്ചിൽ കേട്ട് ഞാൻ അമ്പരന്നു.
അവളുടെ മോളാണ്. നടുവിലെ ബർത്തിൽ കമിഴ്ന്നു കിടന്നു കരയുകയാണവൾ.
സാരമില്ല.
അവൾ മോളുടെ തലയിൽ തലോടി.
ഞാൻ ഒന്നും മിണ്ടാനാവാതെ നിലത്തേക്ക് നോക്കി നിന്നു.
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറക്കം വന്നില്ല. ഇടക്കെപ്പോഴോ ഞാനൊന്നു മയങ്ങി.
രാവിലെ ഏറെ കഴിഞ്ഞാണ് ഞാനുണർന്നത്. താഴെ ഉമൈബ ബാനുവിന്റെയും മകളുടെയും ബർത്തുകൾ കാലിയായിരുന്നു.
ഒന്ന് പറയാതെ അവൾ പോയതിൽ എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്നെ ഉണർത്തണ്ട എന്ന് കരുതിയാവും ചിലപ്പോൾ.
അപ്പോഴാണ് അപ്പുറത്തെ സ്ത്രീ ചായ കുടിക്കുന്നത് കണ്ടത്. എന്ത് കൊണ്ടോ അവരെന്നെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.
ഇവരെവിടെയാ ഇറങ്ങിയത്.?.
കാലിയായ ബർത്തുകൾ ചൂണ്ടി ഞാൻ അവരോട് ചോദിച്ചു.
ആര്?.
അവരെന്നെ അത്ഭുതത്തോടെ നോക്കി.
ആ ബർത്തുകൾ കാലിയായിരുന്നല്ലോ.
എന്റെ നെഞ്ചിലൊരു മിന്നൽ പുളഞ്ഞു. ഒന്നും മിണ്ടാതെ ഞാൻ അവരെ തന്നെ നോക്കി.
നിനക്ക് ഉറക്കത്തിൽ സംസാരിക്കുന്ന സ്വഭാവമുണ്ടല്ലേ. നല്ല രസമായിരുന്നു കേൾക്കാൻ.
ഒരു പൊട്ടനെ പോലെ ചിരിച്ചു ഞാൻ ചെന്നു മുഖം കഴുകി. അപ്പോഴാണ് എന്റെ മൊബൈൽ ബെല്ലടിച്ചത്.
ഒന്ന് മുതൽ എന്റെ കൂടെ പഠിച്ച കൂട്ടുകാരനാണ്.
നിനക്ക് ഒരു ഉമൈബ ബാനുവിനെ അറിയാമോ?.
എന്റെ ശ്വാസം ചെറുതായൊന്നു വിലങ്ങി. ഞാൻ അറിയാതെ ഒന്ന് മൂളി.
അവൾ മരിച്ചു പോയി. ബ്ലഡ് ക്യാൻസറായിരുന്നു. എന്റെ വൈഫിന്റെ ഫാമിലി ആണ് അവൾ.
ഞാൻ ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു.
നിനക്കറിയില്ലേ. ഉമൈബ ബാനു സുന്ദരിയാണ്.
അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു.
അറിയാമെന്നോ അറിയില്ലെന്നോ പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഫോൺ കട്ട് ചെയ്‌തു പോക്കറ്റിലേക്കിട്ടു.
പിന്നെ ഇടനാഴിയിൽ ചെന്നു പുറത്തേക്ക് നോക്കി.
അതിവേഗം കുതിക്കുകയാണ് ട്രെയിൻ.
അതിവേഗം കുതിക്കുകയാണ് ട്രെയിൻ.
എന്റെ മനസ്സ് പോലെ തന്നെ മഴ പെയ്യുകയാണ് പുറത്തും.
എല്ലാം കഴുകി കളയുന്ന പെരും മഴ.
=================
=================
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക