Slider

കണ്ണൻ വയസ്സറിയിച്ചു

0

Or
kannan became vayassariyikkal

എന്റെ അമ്മായിയുടെ ഒരേ ഒരു മകൻ ആണ് കണ്ണൻ ഞങ്ങൾ 3 മുറപ്പെണ്ണുങ്ങളുടെ ഒരേ ഒരു മുറചെറുക്കൻ.അവൻ ആണ് വയസ്സറിയിച്ചേ.അതു എങ്ങനാന്നു നമുക്ക് നോക്കാം.അവനെ വയസ്സറിയിപ്പിച്ചതിൽ എനിയ്ക്ക് ഒരു വലിയ പങ്കുണ്ട്.അതിപ്പോഴും പരസ്യമായ രഹസ്യം.
ഞാൻ 6 ആം ക്ലാസിലും കണ്ണൻ 7ലും ആയിർന്നു അന്ന്.പതിവുപോലെ സ്കൂൾ വിട്ട് ട്യൂഷനും കഴിഞ്ഞു വീട്ടിലേക്ക് വരുവായർന്നു.തറവാട് വീടാണ് അന്ന്.മെയിൻ റോഡ് വഴി പോയാൽ വൈകുന്നത് കൊണ്ട് എന്നും ഇടവഴി പോയി വലിയ ഒരു ഇറക്കം ഇറങ്ങി ഓടിയെത്തും വീട്ടിൽ.ഇടയ്ക്ക് കുഞ്ഞിക്കാന്റെ പീടികേന്നു പുളിയച്ചാറും പുളിപ്പൊടീം ഒക്കെ വാങ്ങി സുഹറാബിന്റെ കണ്ടത്തിൽ നിന്നും ചാമ്പയ്ക്ക പറിച്ചുo തസ്ലീനന്റെ വീട്ടിന്ന് ബദാം പെറുക്കിയും ആണ് വീടുത്തുക.കണ്ണൻ ഉള്ളത് കൊണ്ടു late ആയാലും അത്രയ്ക്ക് വഴക്ക് കിട്ടാറില്ല.അങ്ങനെ അന്നും വീട്ടിലേയ്ക്ക് പോകുo വഴി ദൂരെ നിന്നെ ഒരു ആൾകൂട്ടം വീടിനു മുൻപിൽ. അതു കണ്ടതും എന്റെ നെഞ്ചിടിക്കാൻ തുടങ്ങി.കാരണം മറ്റൊന്നുമല്ല കൂട്ടുകാരി വിനീത കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ ഇതു പോലെ ഒരു ആൾകൂട്ടം കണ്ടതാ.വീട്ടിൽ കയറിയപ്പോൾ ആണ് അവളുടെ അച്ചമ്മ മരിച്ചുന്നു മനസിലായെ.ഈ രംഗം കണ്ടപ്പോൾ അതാണ് ഓർമ്മ വന്നേ.പിന്നെ ചാമ്പയ്ക്ക പറയ്ക്കാനോഞ്ഞും നിന്നില്ല.ഒരു ഓട്ടമായർന്നു.അച്ഛമ്മയോടുള്ള അതിയായ സ്നേഹം കൊണ്ടല്ല ആ ഓട്ടം.നാളെ സുന്ദരി ടീച്ചറുടെ പിറന്നാൾ ആണ്.എപ്പോളും കിട്ടുന്ന മിട്ടായികളിൽ നിന്നും ലഡ്ഡുവിലേക്കുള്ള സ്ഥാനക്കയറ്റം.അതു വിതരണം ചെയ്യാനുള്ള ചുമതല കൂടി ഉണ്ട് എനിയ്ക്ക്.എന്റെ ശക്തമായ ഇടപെടൽ മൂലം ലഡ്ഡു മാറ്റി മൈസൂർ പാക്ക് ആയിട്ടുണ്ട്.എനിയ്ക്ക് ലഡ്ഡുവിനെക്കാൾ പ്രിയം മൈസൂർ പാക്ക് ആണ്.ലഡ്ഡു allergy ആന്നു പറഞ്ഞു senti അടിച്ചു വീഴ്ത്തി ടീച്ചറെ.ഇതൊക്കെ മനസിലിട്ട് വീടിന്റെ പടിക്കൽ എത്തി.പുറത്തു കസേര ഒക്കെ ഇട്ടു മാമന്മാരും വെല്യച്ഛന്‌ ഒക്കെ ഇരിയ്ക്കുന്നുണ്ട്.എല്ലാവരും നല്ല ചിരിച്ചു വർത്തമാനം പറയാ.ഈശ്വരാ ഇവർക്കൊക്കെ എന്താ പറ്റിയെ.ഒരു മരണം നടന്ന വീട്ടിൽ ഇങ്ങനെ ഒക്കെ ചിരിച്ചുകൊണ്ട് ഇരിക്കാമോ.എനിയ്ക്ക് അച്ഛമ്മയെ ഓർത്തു വിഷമം തോന്നി.
"എന്താ മോളെ വന്നിട്ട് ആ പടിമേൽ നിക്കുന്നേ ഇങ്ങോട്ട് കേറി വാ".മാമൻ ആണ്
"എന്താ ഇവിടെ എല്ലാരും".കണ്ണൻ ചോദിച്ചു.
ആ ഇവിടെ ചെറിയൊരു വിശേഷം ഉണ്ണിചേച്ചി വലിയ കുട്ടി ആയി .അകത്തേക്ക് ചെല്ലു.
"വലിയ കുട്ടി ആവേ".ഞാൻ കണ്ണനെ നോക്കി എന്താ എന്ന ഭാവത്തിൽ.
ഉച്ചയ്ക്ക് കൂടി സ്കൂളിന്നു കണ്ടതാ.വലുതായിട്ട് ഒന്നും തോന്നിയില്ല.ഇത്ര വേഗം നീളം കൂടിയോ.ഒന്നു നോക്കിട്ടു തന്നെ കാര്യം.
ഞാൻ മുറിയിലെത്തി നോക്കിയപ്പോൾ അവിടെ നിറയെ പെണ്ണുങ്ങൾ.അമ്മായിമാർ വല്ല്യമ്മ അച്ഛമ്മ 'അമ്മ അങ്ങനെ മൊത്തം പെണ്മയം.അതിന്റെ ഇടയിലൂടെ ഞാൻ ഒന്ന് കണ്ടു ചേച്ചിയെ.വിഷുനു വാങ്ങിയ പട്ട്പാവാടാ ആണ് ഇട്ടിട്ടുളത് എന്റെ വെള്ളക്കൽ പതക്കം ഒക്കെ ഇട്ടിട്ടുണ്ട്.എന്നാലും നീളം കൂടിട്ട് ഒന്നൂല്യ.എന്റെ ഈ ചൂഴ്ന്നു നോട്ടം കണ്ടിട്ടാവും കള്ളിക്കുന്നിലെ അമ്മായി ഒരു ചോദ്യം
"Hmm എന്താ ഇങ്ങനെ നോക്കണേ.അതു നിന്റെ ചേച്ചി തന്നെയാ.
നീ പഠിക്കാൻ തന്നെയാണോ സ്കൂളിക്ക് പോകനെ.കണ്ടിട്ട് കല്പണിക്കു പോകുന്ന കൂട്ടുണ്ടല്ലൊ."
ഇതു കേട്ട് എല്ലാരും എന്നെ നോക്കി ചിരിക്കാൻ തുടങ്ങി.
എനിയ്ക്ക് നല്ല ദേഷ്യം വന്നെങ്കിലും
അമ്മയുടെ അടുത്തൊരു നോട്ടത്തിൽ ഞാൻ ആ സീൻ തന്നെ വിട്ടു.വേഗം പോയി കുളി ഒക്കെ കഴിഞ്ഞു വന്നു ചായ കുടിക്കുമ്പോളാണ് കണ്ണൻ നിന്നു കരയുന്നത് കണ്ടത്.എന്താ കാര്യം ചോദിച്ചപ്പോൾ ചേച്ചിയ്ക്ക് മാത്രം പലഹാരം കൊടുക്കുന്നത് കണ്ടിട്ടാ പോലും അവൻ പോയി ചേച്ചിയോട് കാര്യം തിരക്കി. എങ്ങനാ വലിയ കുട്ടി ആയത് എന്നും ചോദിച്ചു.അതിനു അവനെ ആ റൂമിൽ നിന്നും പുറത്താക്കി പോലും അമ്മായി.
ഞാൻ എന്തായാലും അവനെ സമാധാനിപ്പിച്ചു.അതിൽ സമാധാനപ്പെട്ടു അപ്പോൾ തന്നെ അവൻ എനിയ്ക്ക് ഒരു വാക്കും തന്നു
"വയസ്സ് പ്രകാരം ഇനി ഞാൻ ആണ് അടുത്ത വലിയ കുട്ടി ആകാൻ പോകുന്നേ.അന്ന് ഞാൻ നിനക്ക് മാത്രേ പലഹാരം തരൂ.മണികുട്ടിയ്ക്ക് പോലും കൊടുക്കൂല.അമ്മഎന്നെ വഴക്ക് പറഞ്ഞപ്പോൾ അവൾ അവിടുന്ന് ചിരിയ്ക്കായർന്നു.,"
ഓഹ്ഹ് മണിക്കുട്ടി (ന്റെ അനിയത്തി)ആ അസത്തിനു പിന്നെ എവിടേം വലിഞ്ഞു കേറാല്ലോ.വെറുതെ ഇങ്ങനെ വല്ലതും കൊറിച്ചു കൊണ്ടിരുന്ന മതില്ലൊ.അവൾക്ക് എല്ലാം അറിയിണ്ടാവും.ഇനി അവൾ ആവോ അടുത്തത്. ഞാൻ കണ്ണനോട് ഈ കാര്യം പറഞ്ഞു.എന്നാൽ അവളോട് ചോദിക്കാം എന്നു കണ്ണൻ പറഞ്ഞു.അവൾക്ക് പിന്നെ ഒരു പുളിയച്ചാറോ തേനമിട്ടായിയോ മതി പകരം.അങ്ങനെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു. എങ്ങനെ എന്നല്ലേ.മണികുട്ടിയും ചേച്ചിയും ഒന്നിച്ചാണ് സ്കൂളീന്ന് വന്നത്.വരും വഴി പാൽകാരി തങ്കേച്ചി ആണ് കണ്ടേ ചേച്ചീടെ പാവാടെലെ ചുവന്ന പുള്ളി കുത്തുകൾ.അതു മണ്ണ് പറ്റിതാവും എന്നു പറഞ്ഞ അവളേം കൂട്ടി അവർ അപ്പോൾ തന്നെ വീട്ടിലെത്തി.വീട്ടിലെത്തിയതും അവർ കൂകി വിളിച്ചു.അതു കുരവ ഇട്ടതാണെന്നു പിന്നീട് ആണ് മനസിലായെ.പിന്നെ ഉണ്ടായതിൽ ഒന്നും വലിയ അറിവ് പോര മണികുട്ടിയ്ക്ക്.
അമ്മയും അമ്മായിയും കൂടി അവളെ കുളിമുറിയിൽ കൊണ്ടുപോയതും.അച്ചമ്മ തങ്കേച്ചിയ്ക്ക് പൈസ കൊടുക്കുന്നതും പിന്നെഅച്ചമ്മേടെ വെള്ള മുണ്ട് കീറുന്നതും മാത്രേ അവൾ കണ്ടുള്ളൂ.ഇതും അതും തമ്മിൽ ഉള്ള ബന്ധം ഒന്നും ഞങ്ങൾക്ക് മനസിലായില്ല.എന്തിനാ തങ്കേച്ചിയ്ക്ക് പൈസ കൊടുത്തെ.ഒന്നും അറിയില്ല എന്തായാലും കണ്ണന് വലിയ കുട്ടി ആകണം.അതിനു വേറെ ഒരു പേര് കൂടി ഉണ്ട്.വയസ്സറിയിക്കൽ.ഓഹ് എന്തൊരു പുളകം ആണ് അത് കേൾക്കുമ്പോൾ.ഓഹ്ഹ് ചേച്ചീടെ ആ ഇരുത്തം തന്നെ കാണാൻ നല്ല ചന്തം.ഒരു ആഴ്ച അവധി എടുത്തു അവൾ.ചുമ്മാ മഞ്ഞച്ചോറും ഓംലെറ്റും കഴിച്ചു കിടക്കാണ്.പിന്നെ എല്ലാരും അവൾക്ക് പുതിയ ഉടുപ്പുകൾ കൊടുക്കുന്നു സ്വർണം കൊടുക്കുന്നു പലഹാരങ്ങൾ ആഹ്ഹ്ഹ.
"എന്തൊരു ഉന്മാദം എന്തൊരാവേശം ഒന്നു വലുതാകാൻ വയസറിയിക്കാൻ"..
ഈ വരികൾ ചുമ്മാ 'മധുരകിനാവിൻ'എന്ന പാട്ടിന്റെ ഈണമായികൂട്ടി ചേർത്തു പാടി ഞാൻ.അതു ആരും കേൾക്കാതെ പാടുകയും ചെയ്തു ഞാനും കണ്ണനും.
അങ്ങനെ ചേച്ചീടെ കുഞ്ഞികല്യാണം കഴിഞ്ഞു.ഒരുപാട് പേരു വന്നിട്ണ്ടായർന്നു.ബിരിയാണി കോഴി പൊരിച്ചതും എല്ലാം കൊണ്ടും അടിപൊളി.
ഇനിയാണ് കണ്ണന്റെ വയസറിയ്ക്കൽ.വളരെ ബുദ്ധിപരമായി തന്നെ ഞങ്ങൾ അതു പ്ലാൻ ചെയ്തു.അതിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു.വഴിയിൽ പാൽക്കാരി തങ്കേച്ചി വരുന്നത് കാത്തു ഇരുന്നു 2 ദിവസം.അവർ നാലരയ്ക്കാണു പാല് കൊടുക്കാൻ പോവുക.ഞങ്ങൾ tuition കഴിഞ്ഞു വരുമ്പോൾ മണി 6 ആകും.ഒരു ദിവസം tuitionu പോകണ്ടാന്നു വിചാരിക്ക്ണം ഇല്ലേൽ തങ്കേച്ചിയെ കിട്ടൂല.അവർ വന്നു കുരവ ഇടാതെ കാര്യം നടക്കൂല.ചുമ്മാ tuition ഇല്ലാന്ന് പറഞ്ഞാൽ ഒന്നും വീട്ടിൽ കയറ്റില്ല.അതിനു നല്ല ഒരു കാരണം വേണം.tuitinu പോകുന്ന വഴിയ്ക്ക് വെച്ചു കണ്ണന് വയ്യാതായിന്നും അവനു ഒറ്റയ്ക്ക് വരാൻ പറ്റാത്തതു കൊണ്ടു ഞാനും കൂടെ വന്നൂന്നു പറയാം.പിന്നെ ഇടയ്ക്ക് തങ്കേച്ചിയെ കണ്ടാൽ ഇതൊന്നും പറയണ്ടല്ലോ.അവർ കുരവയിട്ട് കാര്യം നടത്തിക്കോളും.
അങ്ങനെ പ്ലാൻ ചെയ്ത ദിവസം വന്നെത്തി.സ്കൂൾ വിട്ട് ചേച്ചിയും മണികുട്ടിയും പോയികഴിഞ്ഞു ഞങ്ങൾ അവർ കാണാത്ത രീതിയിൽ അവർക്ക് പിന്നിൽ നടന്നു.മെയിൻ റോഡ് വഴി മാത്രേ ചേച്ചി ഇനി പോകാൻ പാടുള്ളൂന്നു വീട്ടിന്ന് കർശന നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഇനി കണ്ണൻ വയസ്സറിയിച്ചാൽ ഞാൻ ഒറ്റയ്ക്ക് പോകണം ഇടവഴിയ്ക്ക്.ആഹ് അവൻ കഴിഞ്ഞാൽ പിന്നെ എനിയ്ക്കും ആവാലോ.അവർ വീടെത്തും വരെ ഞങ്ങൾ മെയിൻ റോഡ് കഴിഞ്ഞുള്ള വഴിയിൽ കാത്തിരുന്നു.അതിനിടയ്ക്ക് അമ്മയുടെ സിന്ദൂര ചെപ്പിൽ നിന്നും കുറച്ചു എടുത്തിട്ടുണ്ട്.ചോര കളർ വരണം അതു കുറച്ചു വെള്ളം ചേർത്തു mix ചെയ്തു കയിൽ പുരട്ടി ഞങ്ങൾ പതിയെ നടന്നു തുടങ്ങി തങ്കേച്ചി മാത്രം ആയർന്നു മനസിൽ.അവരെ കാണണെ മുത്തപ്പാ എന്നും പ്രാർത്ഥിച്ചു ഓരോ അടിയും വെച്ചു.അവരെ കണ്ട ഉടൻ ഈ ചുവന്ന കളർ പുറകിൽ തേയ്ക്കും കണ്ണൻ.അതാ വരുന്നു ആ പാൽദേവത അതേ തങ്കേച്ചി തന്നെ സന്തോഷം കൊണ്ടാണോ എന്നറിയില്ല കണ്ണൻ ഉറക്കെ വിളിച്ചു "തങ്കേച്ചി...."
ആ അലർച്ചയിൽ പുള്ളിക്കാരി ഞെട്ടിപ്പോയി.ഞങ്ങടെ ഭാഗ്യത്തിന് ആ ഞെട്ടലിൽ പാൽപാത്രം അവരിടെ കൈയിൽ നിന്നും തറയിൽ വീണില്ല.അവർക്ക് നല്ല ദേഷ്യം വന്നു.
"എന്തിനാ കിടന്നു കാറുന്നെ എന്നെ ആദ്യായിട്ടാണോ കാണുന്നേ".അവർ ആക്രോശിച്ചു.
ഇവൻ അവരെ കണ്ടതും പുറം തിരിഞ്ഞു നിന്നു.
എന്താ പറയെണ്ടെന്നു മറന്നു.ഞാൻ അവനെ നോക്കി.അപ്പോൾ അവൻ ആംഗ്യം കാട്ടി പിന്നിലേക്ക്.ഞാൻ തുടർന്നു.
"തങ്കേച്ചി ഇതു നോക്കിയേ ഇവന്റെ ബേക്കില് എന്തോ ? ഞാൻ മുഴുമിപിച്ചില്ല.
അതും കണ്ടതും അവർ 'അയ്യോ 'എന്നു പറഞ്ഞു പോയി.ഒന്നു ചെറുതായി ചുവന്ന കളർ തേയ്ക്കാനെ വിചാരിച്ചുട്ടുള്ളൂ.കണ്ണൻ ആണേൽ അതു മുഴുവം അങ്ങു തേച്ചു ചന്തിടെ ഭാഗം ഫുൾ ചുമപ്പിച്ചിട്ടുണ്ട്.ഇനി കുറഞ്ഞു പോയിട്ട് വയസറിയിക്കൽ അല്ലാന്നു കരുതണ്ട.
അങ്ങനെ വീട്ടിലെത്തി പക്ഷെ തങ്കേച്ചി കുരവ ഇട്ടില്ല.പകരം അമ്മായിനെ വിളിച്ചു കാര്യം കാണിച്ചു.അമ്മായി അതാ കരച്ചിൽ തുടങ്ങി.ഇതിനിടയ്‌ക് ഞാൻ തങ്കേച്ചിയെ കുരവ ഇടാൻ ഓർമിപ്പിച്ചു കണ്ണൻ വലിയ കുട്ടി ആയില്ലേ എന്നും പറഞ്ഞു.അതു കേട്ടതും പുള്ളിക്കാരി ചിരിയോ ചിരി അതിനു ഞങ്ങൾ ഇറക്കിയ വേലത്തരം ആണിതെന്നു കൂടി ചിന്തിക്കാൻ അവർക്ക് കൂടുതൽ സമയം എടുക്കേണ്ടി വന്നില്ല.ഉള്ള പുതിയ പാന്റസിലെ ചുവപ്പിന്റ ബാക്കി കയ്യിൽ കണ്ടതോടെ അമ്മായി കുളിമുറിയിൽ ഇട്ട് കണ്ണനെ നല്ല രീതിയില് പെരുമാറി.കാര്യം ഉടനെ തങ്കേച്ചി അമ്മയോടും 'അമ്മ അമ്മായിയോടും പറഞ്ഞു.പിന്നെ പൂരച്ചിരി.ഞാനും കണ്ണനും മാത്രം കരച്ചിൽ.
കാരച്ചിലിനിടയിലും അവൻ പിറയുന്നുണ്ടായർന്നു "ഞാൻ വയസറിയിച്ചതാന്നു ഇവരോട്‌ പറയു തങ്കേച്ചി ".
"നീ എങ്ങാനാട പൊട്ടാ വയസറിയിക്കാ.ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമാ".അമ്മായി പറഞ്ഞു
അവൻ ഉണ്ടോ വിടുന്നു."അപ്പോൾ എനിയ്ക്ക് അതിനുള്ള കഴിവില്ലേ അമ്മേ.എനിയ്ക്ക് വയസറിയിക്കണം എന്നെ ഒന്ന് വയസറിയിപ്പിക്കൂ."
എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല.അവസാനം എന്റെ അമ്മയും അച്ഛമ്മയും വന്നു അവനോടു പറഞ്ഞു. നീ വയസറിയിച്ചു പോരെ.ഇനിയെന്ത് വേണം.
" കല്യാണം നടത്തണം.ഉണ്ണിചേച്ചീടെ നടത്തിയ പോലെ.ബിരിയാണി ഒക്കെ വെച്ചു .അതിന്റെ മറുപടി നല്ലൊരു തല്ലിൽ അമ്മായി ഒതുക്കി.പണ്ടേ ഈ അടി കാണാനും കിട്ടാനും എനിയ്ക്കു ഇഷ്ട്ടമില്ലാതോണ്ടു ഞാൻ അവിടുന്നു സ്ഥലം കാലിയാക്കി.അല്ലെങ്കിൽ തെന്നെ ആവശ്യത്തിനു കിട്ടുന്നുണ്ട്.ഞാൻ വേദനയോടെ ഒരു കാര്യംമനസിലാക്കി. ചേച്ചിന്റെ കുഞ്ഞികല്യാണം പോലെ എന്റേതും കണ്ണന്റെതും ഇവർ നടത്തി തരില്ല.എല്ലാം പോയി.പേരിനു മാത്രം വയസറിയിച്ചിട്ട് എന്ത് കാര്യം. നമുക്ക് പലഹാരോo ഇല്ലം ഡ്രെസും കിട്ടില്ല.പാവം ഞങ്ങൾ.ഇനി അവനായി അവന്റെ പാടായി.എന്തായാലും അവൻ വയസറിയിച്ചല്ലോ.ഇതൊക്കെ ഒന്നു ഒതുങ്ങിട്ടു വേണം എനിയ്ക്കും ഒന്നു വയസറിയ്ക്കാൻ.എന്തേലും കിട്ടുമോ എന്തോ😏😣
❤️❤️കാർത്തികസജിൻ❤️❤️
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo