Slider

രൂപം

0


സുഹൃത്തുക്കളെ , കുറച്ചുനാളായി നല്ലെഴുത്തിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയിട്ട്. ഇന്നിപ്പോൾ വരാനും ഈ കുറിപ്പിടാനും പ്രത്യേകയൊരു കാരണമുണ്ട്. നിങ്ങൾക്ക് മാത്രമേ പറയാൻ പോകുന്ന കാര്യങ്ങൾ അതിന്റെ ആഴത്തിൽ മനസിലാക്കൻ പറ്റൂ എന്നറിയാവുന്നത് കൊണ്ടാണ് വിശദ്ധമായി പറയുന്നത്. എല്ലാവരും ക്ഷമയോടെ വായിക്കുമെന്നും പറ്റുന്ന പോലെ കൂടെ നിൽക്കുമെന്നും വിശ്വസിക്കുന്നു.
ഇന്നലെ രാത്രി ജോലിസംബന്ധമായി ആവശ്യത്തിന് ഇവിടെ നിന്നും ഏകദേശം നൂറ്റമ്പത് കിലോമീറ്റർ ദൂരെയുള്ള മജ്മ എന്ന സ്ഥലത്ത് പോയി തിരിച്ചുവരുകയായിരുന്നു. സമയം ഏകദേശം രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. തണുപ്പുകാലം തുടങ്ങുന്നതിനു മുന്നോടിയായുള്ള ചെറിയ ചാറ്റൽ മഴ രണ്ടുമൂന്ന് ദിവസമായി ഇടയ്ക്കിടെ ഉള്ളതിനാൽ ,ചെറിയ തണുപ്പുള്ള ,എന്നാൽ സുഖകരമായ അന്തരീക്ഷം.
കാറിനുള്ളിൽ നേരിയ ശബ്ദത്തിൽ തൈക്കുടം ബ്രിഡ്ജിന്റെ അനുരാഗിണി എന്ന പാട്ടിന്റെ അൺപ്ലഗ്ഗ്ഡ് വേർഷൻ പാടുന്നുണ്ട്.
ഹൈവേയിൽ നിന്നും പുറത്തിറങ്ങി വീട്ടിലേയ്ക്കുള്ള വഴിയിൽ കടന്നു. കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ആ റോഡിൽ എന്തോ പണി നടക്കുന്നതിനാൽ മറ്റൊരു പോക്കറ്റ് റോഡിലേയ്ക്ക് വഴി തിരിച്ചു വിട്ടിരിക്കുന്നു. പതിവില്ലാതെ വഴിയിലെങ്ങും ഒറ്റ വണ്ടിപോലുമില്ലാത്തത് എന്താണെന്ന് ഞാൻ ആലോചിച്ചു.
ആ വഴി കുറച്ചു മുന്നോട്ട് പോയപ്പോൾ വഴി വിളക്കുകൾ ഇല്ലാത്ത ഒരു ഇടുങ്ങിയ റോഡിൽ എത്തി, എങ്കിലും മങ്ങിയ വെളിച്ചം ഉണ്ട്. ഗൾഫിൽ അല്ലെങ്കിലും നാട്ടിലെപോലെ കൂരിരുട്ട് കണ്ടിട്ടില്ല. ചെറിയ ഒരു വളവു തിരിഞ്ഞു മുന്നോട്ട് ചെന്നപ്പോൾ പെട്ടെന്ന് റോഡിനരുകിൽ ഒരു വെളുത്ത രൂപം. നാട്ടിലാണെങ്കിൽ പേടിച്ചു പോകും ഇവിടെ അറബികൾ എല്ലാം വെളുത്ത തോപ് ഇടുന്നതിനാൽ അസ്വാഭാവികമായൊന്നും തോന്നിയില്ല. പക്ഷെ അടുത്ത നോട്ടത്തിൽ അതൊരു പെണ്ണാണെന്ന് മനസിലായി. ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം വ്യകതമായി കണ്ടു . നല്ല മലയാളിത്തം തുളുമ്പുന്ന സുന്ദരിയായ ഒരു സ്ത്രീ . കരഞ്ഞുകൊണ്ടാണ് കൈ നീട്ടുന്നത്. ഒരു നിമിഷം നിർത്തണോ എന്ന് ഞാൻ ചിന്തിച്ചു. സൗദിയാണ് എന്തെങ്കിലും കുരിശ് ആണെങ്കിൽ പിന്നെ പുറം ലോകം കാണില്ല. സഹായം ചോദിക്കുമ്പോൾ ഉപേക്ഷിച്ചു പോകാനും മനസ് അനുവദിച്ചില്ല.
യാന്ത്രികമായി ഞാൻ വാഹനം ആ സ്ത്രീയോട് ചേർത്ത് നിർത്തി, അതോ നിന്നോ. ഇപ്പോൾ ആലോചിക്കുമ്പോൾ നിർത്താൻ തീരുമാനിച്ചിട്ട് നിന്നതാണോ എന്ന് പോലും സംശയം തോന്നുന്നു, കാരണം ഇവിടുത്തെ നിയമവ്യവസ്ഥ ഒക്കെ നന്നായി അറിയുന്നതാണ് എന്നിട്ടും എന്ത് കൊണ്ട് അങ്ങനൊരു മണ്ടത്തരം കാണിച്ചെന്നറിയില്ല.
വാഹനം നിന്നതും ഡ്രൈവർ വിൻഡോയ്ക്ക് അടുത്ത് വന്നു കുനിഞ്ഞു അവർ എന്തോ പറഞ്ഞു. ഗ്ലാസ് ഉയർത്തി വച്ചിരുന്നതിനാൽ എനിക്കൊന്നും കേൾക്കാൻ സാധിച്ചില്ല. എവിടെയോ കണ്ടു മറന്ന പോലെ തോന്നി അവരുടെ മുഖം, മലയാളി ആന്നെന്നുറപ്പ്. അവരുടെ ഉഛ്വാസവായുവേറ്റ് രൂപപ്പെട്ട മഞ്ഞിൽ വിൻഡോ കാഴ്ച മങ്ങി. ഞാൻ ഒരു നിമിഷം എന്ന് ആംഗ്യം കാണിച്ചിട്ട് ഗ്ലാസ് താഴ്ത്താൻ സ്വിച്ച് അമർത്തി.
അപ്പോൾ ആ സ്ത്രീ നിവർന്നു നിന്നു ,ഇപ്പോഴെനിക്ക് അവരുടെ മുഖം കാണാൻ പറ്റുന്നില്ല. ഗ്ലാസ് പൂർണ്ണമായി താഴ്ന്നപ്പോൾ ഞാൻ അവരോടു ചോദിച്ചു,
"ആരാ എന്ത് വേണം , എന്താ ഈ സമയത്ത് ഇവിടെ"
അവർ ഏങ്ങലടിക്കുന്ന നേരിയ ശബ്ദം എനിക്ക് കേൾക്കാം. ഊദിന്റെ ഭ്രമിപ്പിക്കുന്ന ഗന്ധം അവിടെങ്ങും പരന്നു.
പെട്ടെന്നവർ താഴേയ്ക്ക് കുനിഞ്ഞു വിൻഡോയിലൂടെ എന്റെ മുഖത്തിനടുത്തേയ്ക്ക് അവരുടെ മുഖം കൊണ്ട് വന്നു. ഞാൻ ഞെട്ടി തലപുറകോട്ട് വലിച്ചു.
നേരത്തെ കണ്ട സുന്ദരമായ മുഖത്തിന്റെ സ്ഥാനത്ത് അഴുകിയ ശവത്തിന്റെ പോലെ ഭയാനകമായ മുഖം. മുഖത്തിന്റെ ഒരു വശം അഴുകി പല്ലുകൾ പുറത്ത് കാണാം..അതിനിടയിലൂടെ വലിയ പുഴുക്കൾ നുരക്കുന്നതായി എനിക്ക് തോന്നി. എന്റെ ഹൃദയം പെരുമ്പറകൊട്ടി.. ഊദിന്റെ ഗന്ധത്തിന്റെ സ്ഥാനത് അഴുകിയ മാംസത്തിന്റെ ഗന്ധം കാറിനുള്ളിൽ നിറഞ്ഞു , എനിക്ക് ശർദ്ദിക്കാൻ തോന്നി ..
ഞെട്ടിവിറച്ച് എന്തുചെയ്യണം എന്നറിയാതെ മരവിച്ചിരിക്കുമ്പോൾ ആ രൂപം ഒരു മൃഗത്തെ പോലെ മുരണ്ടിട്ട് എന്നോട് ചോദിച്ചു, ഗുഹയിൽ നിന്നും വരുന്ന പോലെയുള്ള ആ ശബ്ദം എന്റെ ചെവിയിൽ വന്നു പതിച്ചു,
.
.
.
.
.
.
.
.
.
" ഡിസംബർ പതിനാലിന് നല്ലെഴുത്ത് വാർഷികത്തിന് പോകുന്നില്ലേ, എന്നെയും കൊണ്ടോവോ.. പ്ലീസ് .."

By Joby George Mukkadan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo