Slider

ഉരുള- ഈച്ചകൾ കണ്ട കഥ

0
Image may contain: Ganesh Gb, smiling, closeup
***************************
''ഗോപി വല്യച്ഛൻ മരിച്ചു.''
തണുത്ത് വിറങ്ങലിച്ച് പുതച്ചുമൂടി നീണ്ടു നിവർന്ന് കൃഷ്ണവിലാസം ഭഗീരഥൻ പിള്ള മോഡലിലുള്ള വല്യച്ഛന്റെ കിടപ്പ് ഒന്നു കണ്ട്, നന്നായി ഒന്ന് കോൾമയിർ കൊണ്ട്, ഒരു ചിൽഡ് ഹേവാർഡ്സ് അടിച്ച പോലെ മനസ്സിനെ ഒന്നു തണുപ്പിക്കാനാണ്, ഗോപി - ഗിരിജമാർ പൂണ്ടു വിളയാടി വിഹരിച്ചിരുന്ന ജി. ജി. വിഹാറിന്റെ മുറ്റത്തേക്കു ഞാൻ ഇടങ്കാലെടുത്തു വച്ചത്.
ആ കിടപ്പ് നോക്കി രഞ്ജി പണിക്കരെ മനസ്സിൽ ധ്യാനിച്ച് സുരേഷ് ഗോപി സ്റ്റൈലിൽ 'ഓർമയുണ്ടോ ഈ മുഖത്തിൽ' തുടങ്ങി രണ്ട് ഡയലോഗ് കീച്ചണം. ഞങ്ങളെ പാപ്പരാക്കി ഇറക്കിവിട്ടതും, അച്ഛനെ തല്ലിയതും ഒന്നൂടെ ഓർമ്മിപ്പിക്കണം...! അന്നേരം ഇളകിത്തെറിക്കുന്ന ആ മൂക്കിലെ പഞ്ഞി ഒന്നു തിരുകി അകത്തേക്ക് കയറ്റണം... അല്ലെങ്കിൽ ചിലപ്പോൾ അങ്ങേര് ചാടി എഴുന്നേറ്റു കളയും, പാമ്പു മുറികൂടും പോലെ ജീവൻ വച്ചു വരുന്ന അപൂർവ്വ ജനുസാണത്...!
അപ്പോഴേക്കും യമരാജ കിങ്കരന്മാർ പുള്ളിക്കാരന്റെ നട്ടും ബോൾട്ടും അടിച്ചിളക്കി - ഓയിലിട്ട് മുറുക്കി, വാട്ടർ സർവ്വീസും - ബ്ലീച്ചിംഗും കഴിഞ്ഞ്, ബ്ലാക് ഡ്രസ്സും കൊടുത്ത്, ഹൈ റെസല്യൂഷൻ സ്ക്രീനിനു മുന്നിൽ കണക്കെടുപ്പിന് നിർത്തിയിരിക്കും...! കൃത്യം ആ സമയത്തു വേണം എന്റെ രഞ്ജി പണിക്കർ ഡയലോഗുകൾ ബി.ജി.എം ആയി വന്നു വീഴേണ്ടത്, എന്നുറപ്പിച്ച് മുന്നോട്ടു നടന്നു.
വല്യച്ഛനുമായി നേരിട്ടൊന്നു മുട്ടിയാൽ സ്വന്തം സ്ഥാവരവും ജംഗമവും ഒരുമിച്ച് നഷ്ടപ്പെട്ടു പോവുമെന്ന് മനസ്സിലാക്കി വേണ്ടത്ര തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടാകും യമരാജൻ! സ്വന്തം സ്വത്തും, സിംഹാസനവും, ജോലിയും പോയി അലഞ്ഞു തിരിഞ്ഞ് വയറ്റുപിഴപ്പിനായി ഓഫീസുകൾ തോറും കയറി ഇറങ്ങേണ്ടി വരുന്ന നമ്മുടെ സ്വന്തം കാലേട്ടൻ...! ആധാർ കാർഡിൽ വൈ. ധർമൻ എന്ന് പേരും വച്ച്, മീശയും പുരികവുമൊക്കെ വെട്ടിയൊതുക്കി ചരമ കാർഡ് കാട്ടി ഇന്റർവ്യൂവിന് കയറുന്നതും, ഒടുവിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റായി തന്റെ 'ഡത്ത് രജിസ്റ്റർ' നീട്ടുമ്പോൾ ''ഗെറ്റ് ഔട്ട്'' കിട്ടുന്നതും സങ്കൽപ്പിച്ചു നോക്കി... തൊഴുതു നിന്ന് പട്ടിയെപ്പോലെ കരയുന്ന ആ ഭീകരരൂപം ഓർത്തപ്പോൾ ഒരു ടിക് ടോക് കണ്ടപോലെ എനിക്ക് ചിരി പൊട്ടി.
കാലേട്ടൻ പതിവുപോലെ സ്ട്രോങ് ആയാൽ, നേരേ തന്തൂരി അടുപ്പിനുള്ളിലാവും വല്യച്ഛന്റെ പ്രൊബേഷൻ പീരീഡ്...! ഗ്രേവിപുരട്ടലും, എണ്ണയിലുള്ള പൊരിപ്പും, കമ്പിയിൽ കുത്തി നിർത്തി അടിയിൽ തീയിടലും ഉൾപ്പടെ വളരെപ്പെട്ടെന്ന് പ്രൊമോഷൻ വാങ്ങി എല്ലാ ഹോട്ട് സീറ്റിലും വല്യച്ഛൻ തന്റെ പൃഷ്ടം വയ്ക്കും എന്നത് തീർച്ച...! ആ നിലയ്ക്ക് പോയാൽ ഒരു ചില്ലി പെപ്പർ ഗോപിനാഥ ഡീപ്പ് ഫ്രൈ ഏതാണ്ട് ഉറപ്പായി...!
''എപ്പൊ വന്നെടാ?''
ആ കരകര ശബ്ദം ശ്രീമോന്റെതാണ്...! വല്യച്ഛന്റെ മൂത്ത മകൻ ജി. ശ്രീമോൻ...! അവൻ വടക്കുവശത്തെ മാവിൻ കൊമ്പിൽ പിടിച്ച് കുരുങ്ങിക്കിടക്കുന്ന കൗപീനം പോലെ കഴുത്തൊടിഞ്ഞ് നിൽപ്പുണ്ട്. മാവിൽത്തൂങ്ങി നിൽക്കുന്ന ഡെഡ് ബോഡി പോലെ! മാങ്കൊമ്പ് വിട്ട്, ആടിയാടി അവൻ മുന്നോട്ടുവന്നു. തൽക്കാലം രക്ഷപ്പെട്ടെന്ന മട്ടിൽ മാവിന്റെ ചില്ലയൊന്നുയർന്നു. പഴുത്ത മാവിലകൾ അവിടവിടെയായി വീണു.
''എപ്പൊ വന്നെടാ?'' അവൻ വീണ്ടും ചോദിച്ചു.
അവനിൽ നിന്നടിച്ച മണത്തിൽ ഞാനങ്ങുയർന്ന് ആറ്റുപുറം അമ്പലക്കര ഏസി ബാറിൽ എത്തി മൂന്നു നിൽപ്പൻ അടിച്ചു. പണ്ടത്തെ ഇംഗ്ലീഷ് മീഡിയം വെൽ ബിഹേവ്ഡ് ബോയിൽ നിന്ന്, സാമുദ്രിക ലക്ഷണങ്ങളെല്ലാമൊത്ത ഒന്നാന്തരമൊരു കുടിയനായി അവൻ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവൻ വാങ്ങിക്കൂട്ടിയിട്ടുള്ള ട്രോഫികളുടെ പേരിലാണ് എനിക്ക് ഏറെ തല്ലും നുളളും കുത്തുവാക്കുകളും കിട്ടിയിട്ടുള്ളത്. ആ ട്രോഫികളെല്ലാം ടൗണിലെ ബ്യൂട്ടി പാലസിൽ നിന്ന് വലിയമ്മ സ്വന്തം കാശിൽ വാങ്ങിയതായിരുന്നു എന്നറിഞ്ഞതിനു ശേഷമാണ് എന്റെ ശരീരത്തിന് അച്ഛനുമമ്മയും കുറച്ച് റെസ്റ്റ് കൊടുത്തത്. പെട്ടെന്നതൊക്കെ ഒരു ബ്ലാക്ക് ആൻറ് വൈറ്റ് സിനിമ പോലെ ഓടി മറഞ്ഞു. ഇപ്പോഴവനു കിട്ടുന്ന ട്രോഫികൾ ബാറിൽ നിന്നാണല്ലോ എന്നോർത്തപ്പോൾ പ്രതികാരമെല്ലാം മറന്ന് ഞാനവനു നേരെ കൈ നീട്ടി.
''ഒരു അര മണിക്കൂറാവും''
എന്റെ കൈയ്യിലൊന്ന് പിടിച്ച് ഞെക്കി, കൈയ്യിലെ പശ കളഞ്ഞ്, അടുത്ത ഉൽസാഹ കമ്മറ്റി യോഗത്തിലേക്കവൻ പോയി. അഞ്ചാറ് ചരമ പോസ്റ്ററും, കുറച്ചു പശയും മാവിൻ ചോട്ടിൽ അവിടവിടെയായി കിടന്നിരുന്നു. കൈയ്യിൽപ്പറ്റിയ കട്ടിപ്പശ പോസ്റ്ററിൽ തുടച്ച് ഞാനാമാവിൽ ഒട്ടിച്ചു വച്ചു.
''വായ്ക്കരി ഇടാൻ ഇനി ആരേലുമുണ്ടോ?''
മുക്കി മുക്കി അങ്ങനെ വിളിച്ചു ചോദിക്കുന്നത് നീലാണ്ടനാണ്. വല്യച്ഛന്റെ അടിമക്കണ്ണ്. പുറംപണിയാണ് ടിയാന്റെ അപ്പോയിൻറ്മെൻറ് ഓർഡറിലെങ്കിലും ചതി - വഞ്ചന - കുതികാൽ വെട്ട് എന്നിവയിലാണ് ബിരുദാനന്തര ബിരുദം. ഏഷണിയിൽ സ്പെഷ്യൽ സ്കോളർഷിപ്പും...! എന്റെ പ്രതികാര ലിസ്റ്റിലെ രണ്ടാം പ്രതി... ആളും നന്നേ അവശനായിരിക്കുന്നു...! വല്യച്ഛന്റെ നിഴലായി കൂടെ നടന്നിട്ടും അവസാനം ദുഷ്പേരു മാത്രം ബാക്കിയായതിന്റെ ക്ഷീണവും തളർച്ചയും ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
''എന്നെ മനസ്സിലായോ?'' ഒന്നു കടുപ്പിച്ച് ചോദിച്ച് ഞാൻ അടുത്തേക്ക് ചെന്നു.
''ഓർമ്മക്കുറവുണ്ട് കുഞ്ഞേ"
''ഓർമ്മയുള്ള സമയത്ത് നിങ്ങളു ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് പാപ്പരായിപ്പോയ ഒരച്ഛന്റെ മോനാ''
റിട്ടയേഡ് വണ്ടിക്കാളയെപ്പോലെ, ശ്വാസം വിടാൻ പാടുപെടുന്ന, ആ വൃദ്ധന്റെ പേരും ഞാനപ്പോൾ പ്രതികാര ലിസ്റ്റിൽ നിന്നു വെട്ടി, ആ നീട്ടിപ്പിടിച്ച കൈയ്യിൽ ഒരഞ്ഞൂറ് രൂപ തിരുകി വച്ചു. നീലാണ്ടന്റെ കണ്ണു നിറയുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും ശ്രദ്ധിക്കാത്ത മട്ടിൽ, അയാളുടെ കൈയ്യിൽ നിന്നും ഒട്ടിപ്പിടിച്ച അരിയും പൂവും കുടഞ്ഞു കളഞ്ഞ് ഞാൻ മുന്നോട്ടു നടന്നു.
ആരെയൊക്കെയോ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തി ഞാൻ ഹാളിലെത്തി. ഗോപി വല്യച്ഛൻ വെളള പുതച്ച്, വായ് ഒരൽപ്പം ഓവൽ ഷേപ്പിൽ തുറന്നുവച്ച് നെടു നെടാ ഒറ്റക്കിടപ്പുതന്നെ..! കൊളസ്ട്രോൾ ഒരറ്റത്തു നിന്ന് രോഹിത് ശർമയെപ്പോലെ അടിച്ചു കയറുന്നതു കൊണ്ടാവാം ഗിരിജ വലിയമ്മ അടുത്തൊരു പായയിൽ ബ്രോയ്ലർ കോഴി പോലെ കിറുങ്ങിയിരിപ്പുണ്ട്. കൂടെ ഏതൊക്കെയോ ബന്ധുക്കളും...! ആളനക്കം വരുമ്പോൾ ബന്ധുക്കൾ വലിയമ്മയെ ഒന്നു തട്ടും, റെക്കോഡ് വച്ച പോലെ ''ഇന്നലേം കൂടെ ചായ ചോദിച്ചു വാങ്ങിച്ചു കുടിച്ചതാന്നേ!... എന്നേ ഇട്ടേച്ച് പോയേ" എന്ന അലറിക്കരച്ചിലിന്റെ സ്വിച്ചോൺ കർമ്മമാണത്!
''ഒരു ചായ ചോദിച്ചിട്ട് എവിടെടീ പന്ന...'' എന്നു പറയുമ്പോഴാണ് വല്യച്ഛൻ വടിയായതെന്ന് എനിക്കു തോന്നി. അതല്ലെങ്കിൽ ഒരു കിണ്ടിയുടെ വക്കു പോലെ എങ്ങനെയാണ് വായ അത്രേം തുറന്നിരിക്കുക?
ഇതിനിടെ ഞാനങ്ങോട്ടെത്തിയതും ആരോ വലിയമ്മയുടെ സ്വിച്ചിൽ ഒന്നു പിച്ചി. ആ ഒറ്റ പിച്ചിൽ, ഹൈ പിച്ചിൽ ചായക്കഥയുടെ ഡി ജെ സോങ്ങ് വീണ്ടും ഉയർന്നു കേട്ടു. 'വെള്ളിമൂങ്ങാ' സിനിമയിലെ 'റംബാ ഹോ' രംഗങ്ങൾ ഓർത്തു ചിരിച്ചു പൊട്ടിയ ഞാൻ, ആ ചിരിയോടൊപ്പം എന്റെ രഞ്ജി പണിക്കരെക്കൂടി ഉമിനീരിൽ മിക്സ് ചെയ്ത് വിഴുങ്ങി.
വലിയമ്മയുടെ കൈയ്യിൽ തൊട്ടപ്പോൾ പറ്റിപ്പിടിച്ച വറ്റുകളും, പൂവും, അവരോടുള്ള പ്രതികാരവും എന്റെ കർച്ചീപ്പിൽ തുടച്ചപ്പോഴേക്കും അവിടെ വായ്ക്കരി ഇട്ടു കഴിഞ്ഞിരിക്കുന്നു... ആരോ നല്ലൊരു ഉരുള അടിച്ചു കയറ്റിയിട്ടുമുണ്ട്. അതുകൊണ്ടാണ് ആ ഓവൽ ഷേപ്പെന്ന് അടുത്തുചെന്നപ്പോൾ മനസ്സിലായി. ചടങ്ങു തീർക്കും മട്ടിൽ ഞാനുമൊരു നുള്ള് അരി വെള്ളത്തിൽ മുക്കി ഉരുളപ്പുറത്തു വച്ചു. ആ ഉരുളയിലിരുന്ന രണ്ട് ഈച്ചകൾ എന്റെ കൈയ്യിൽ ഒട്ടിപ്പിടിച്ചു. വല്യച്ഛന്റെ മൂക്കിലെ ഇളകിയ പഞ്ഞി ഒന്നകത്തേക്ക് തള്ളിവയ്ക്കണമെന്നു തോന്നിയെങ്കിലും, വലിയ ഉരുളയുടെ ക്ലോസപ്പ് വിഷൻ എന്നെ അതിൽ നിന്നു പിന്തിരിപ്പിച്ചു. രക്ഷപ്പെട്ട ഈച്ചകൾ നന്ദിപൂർവ്വം വട്ടമിട്ട് പറന്നു കൊണ്ടിരുന്നു.
പശയിൽ കുഴച്ചാണ് ആ വലിയ ഉരുള അടിച്ചു കയറ്റി വച്ചിരിക്കുന്നത്...! എന്തായാലും ഇദ്ദേഹം ഉടയതമ്പുരാന്റെ മുന്നിൽ പോയി കണ കുണാ പറയരുത് എന്ന് തീരുമാനിച്ചുറപ്പിച്ചവരാരോ ആണ് പ്രതികൾ...!
എന്റെ കൈയ്യിൽ പശ ഒട്ടിപ്പിടിച്ചത് മൂന്ന് പേർ തൊട്ടപ്പോഴാണ് എന്ന് ഓർത്തപ്പോൾ ആ ഈച്ചകൾ വീണ്ടും പറന്നു വന്നു. അവർക്ക് അറിയാമായിരിക്കും ആരാണ് അത് ചെയ്തതെന്ന്...!
'നിന്റെ വല്യച്ഛനുള്ള ഏറ്റവും നല്ല സമ്മാനമാണ് ആ ഉരുള' എന്റെ മനസ്സിലിരുന്ന് അച്ഛൻ പറഞ്ഞു.... ഈച്ചകൾ രണ്ടും അതു ശരിവച്ച രീതിയിൽ ഒന്നു ചുറ്റിപ്പറന്നു.അവർക്കൊപ്പം ഞാനും വേഗം തിരിഞ്ഞു നടന്നു, ഡി.ജെ മ്യൂസിക് അപ്പോഴും ഉയർന്നു കേട്ടു.
- ഗണേശ് -
12-11-19
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo