Slider

ഭൂമിയുടെ വികൃതി ആവരിക്കുക :-

0

ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പുള്ള മണി മുഴങ്ങുന്നതിനു മുമ്പുള്ള ക്ലാസ്സ്റൂം കാളച്ചന്ത സമാനമായ് ആഹ്ലാദിച്ചർമ്മാദിച്ച് അക്കിത്തിക്കുത്താടി തിമിർക്കുകയാണ്. അന്തരീക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും പായുന്ന ഡസ്റ്റർ ആരുടെയെല്ലാമോ തലയ്ക്കു കൊള്ളുമ്പോൾ ഉയരുന്ന ചോക്കുപൊടി ക്ലാസ്സ് മുറിയെ വെളുപ്പിൽ നിറച്ചു. മണി മുഴങ്ങിയപ്പോൾ പൊടിയമർന്നില്ലെങ്കിലും ക്ലാസ്സ് മുറിയെ നിശബ്ദമാക്കാൻ അത് ധാരാളം ആയിരുന്നു.
കാക്കക്കൂട്ടിൽ കല്ലിട്ടപ്പോൾ കലപില കൂട്ടിയിരുന്ന കുട്ടിക്കുറുമ്പന്മാർ
മുൻഷി സാറിന്റെ തലവെട്ടം കണ്ടപ്പോഴെ കമാന്ന് ഒരക്ഷരം മിണ്ടാതെ വിനയകുനിതന്മാരായ് ഇരിക്കുന്നതു കണ്ടാൽ ബഹളം ഉണ്ടാക്കിയതെല്ലാം അടുത്ത ക്ലാസ്സിലെ കുട്ടികൾ ആണെന്ന് തോന്നിപ്പോകും.
ഇവിടത്തെ ക്ലാസ്സ് ടീച്ചറും കൂടാതെ ഈ കുട്ടികൾക്ക് സയൻസും സാമൂഹ്യപാഠവും പഠിപ്പിക്കുന്ന മുൻഷി സാർ ക്ലാസ്സ് റൂം ലക്ഷ്യമാക്കി നടന്നു വരുന്നു. കഞ്ഞിമുക്കി അലക്കിതേച്ച് വടി പോലാക്കിയ വെളുത്ത ഖദർ മുണ്ടും, ജുബ്ബയും ആണ് സാറിന്റെ സ്ഥിരം വേഷം. ക്ലാസ്സിൽ കടന്നുവന്ന സാർ കൈയ്യിലുള്ള അറ്റൻഡൻസ് റെജിസ്റ്ററും, പുസ്തകവും, ഉത്തര കടലാസിന്റെ കെട്ടും, വടിയും , ചോക്കും, കോഴിമുട്ടയുടെ ആകൃതിയിലുള്ള മൂക്കിപ്പൊടിയുടെ കുപ്പിയും എല്ലാം നിരത്തിവച്ചു. ചൂരലെടുത്ത് മേശപ്പുറത്ത് രണ്ടടി അടിച്ച് സൈലന്റ്സ്, സൈലന്റ്സ് എന്നു പറഞ്ഞത് കേട്ടാണ് നിശബ്ദമായ ക്ലാസ്സ് റൂം മൊത്തം ചിരിച്ചത്.
ഹാജറെടുത്തതിന് ശേഷം മുൻഷി സാർ കഴിഞ്ഞ ഓണപ്പരീക്ഷയുടെ പേപ്പറുകൾ ഓരോ കുട്ടികളുടേയും പേര് വിളിച്ച് മാർക്കും പറഞ്ഞ് കൊടുത്തു തുടങ്ങി. ആദ്യം കൊടുത്തതെല്ലാം ക്ലാസ്സിൽ കൂടുതൽ മാർക്ക് കിട്ടിയ കുട്ടികൾക്കായിരുന്നു. പിന്നീട് മുൻഷി സാർ എടുത്ത പേപ്പർ നമ്മുടെ ഗോപാലിന്റേതായിരുന്നു. സാർ പേപ്പർ എടുത്ത് മറിച്ചും തിരിച്ചും നോക്കി. പഴയ പോലെയെന്നുമല്ലല്ലോ ഇപ്രാവശ്യം ഗോപാലിന്റെ മാർക്ക് രണ്ടക്കം കടന്നല്ലോ?
എന്നാലും എനിക്കൊരു സംശയം ഗോപാലിന്റെ ഒരു ചോദ്യവും ഉത്തരവും ക്വസ്റ്റിൻ പേപ്പറിൽ പോയിട്ട് പാഠഭാഗത്ത് പോലും ഇല്ലാത്തതാണല്ലോ.
അതേതു ചോദ്യമാണ് സാറേ, കുട്ടികൾ ഒന്നടങ്കം ചോദിച്ചു.
ഇരുപത്തിമൂന്നാമത്തെ ചോദ്യം ഭൂമിയുടെ ആകൃതി വിവരിക്കുക എന്നതിന് ഭൂമിയുടെ വികൃതി ആവരിക്കുക എന്നാണ് ചോദ്യം എടുത്തെഴുതിയത്?
അത് ഒരു അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മാറി പോയതല്ലേയുള്ളു സാറേ അതിനിത്ര പറയാനുണ്ടോ ? നമ്മുടെ ഗോപാൽ അല്ലേ സാറേ, പാവം .
ചോദ്യത്തിന്റെ കാര്യമല്ല ഞാൻ പറയാൻ പോകുന്നത് ഉത്തരത്തിന്റെ കാര്യമാണ്.
ആദ്യം ആൾക്കാർ പറഞ്ഞു ഭൂമി പരന്നതാണെന്ന്, പിന്നെ നമ്മൾ പഠിച്ചു ഭൂമി ഉരുണ്ടതാണെന്ന് , അത്ര കൃത്യമായ ഗോളാകൃതിയല്ല, ഇത്തിരി നീണ്ട ഗോളാകൃതിയാണെന്ന്. ഇന്നു ചിലർ പറയുന്നു ഈ തരത്തിൽ ഒന്നുമല്ല തളികയുടെ രൂപത്തിൽ ആണെന്ന് എല്ലാം. പക്ഷെ നമ്മുടെ ഗോപാൽ എഴുതിയിരിക്കുന്ന ഉത്തരം കേട്ടാൽ നാസ ഇപ്പോഴേ വന്ന് വല്ല അവാർഡും കൊടുക്കും എന്ന കാര്യം ഉറപ്പാണ്. സംശയം ഉണ്ടെങ്കിൽ നിങ്ങൾ കേട്ടു നോക്കുക.
ഉ. ഭൂമിയുടെ ആകൃതി എന്നു പറയുന്നത് പല ദിവസങ്ങളിലും പല രീതിയിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭൂമിയ്ക്ക് ഏകദേശം കോഴിമുട്ടയുടെ രൂപമായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭൂമി ചതുരരൂപത്തിലായിരിക്കും കാണാനാവുന്നത്. വെള്ളിയാഴ്ച ഭൂമി ഉരുണ്ട് നല്ല പന്തു പോലിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ അവധി ആയതിനാൽ ഭൂമിയ്ക്ക് എന്താകൃതി ആയിരിക്കും എന്നറിയില്ല. പക്ഷെ പിന്നീട് ഉള്ള തിങ്കളാഴ്ച ചിലപ്പോൾ ഭൂമി കോഴിമുട്ട പോലെയോ അല്ലെങ്കിൽ ചതുരത്തിലോ, പന്തുപോലെ ആയിരിക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല.
ഉത്തരം വായിച്ചു കേട്ടതിനു ശേഷം ക്ലാസ്സിലെ പൊട്ടിച്ചിരി തീരാൻ ഒത്തിരി സമയം എടുത്തു. ക്ലാസ്സിലെ മൊത്തം കുട്ടികളുടെ കൂടെ ചേർന്ന് ചിരിയ്ക്കാൻ ഗോപാലും ഒരു പിശുക്കും കാണിച്ചില്ല.
എന്റെ പൊന്നു കുട്ടികളെ ഞാൻ ഇങ്ങിനെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ ? നിങ്ങളുടെ പുസ്തകത്തിൽ എവിടെ യെങ്കിലും ഇങ്ങിനെ ഉണ്ടോ? പിന്നെ എവിടെ നിന്നാണ് ഗോപാലിന് മാത്രം ഇതു പോലുള്ള അറിവ് ലഭിച്ചത് എന്നറിയില്ല. ഇനി നമുക്ക് ഗോപാലിനോട് തന്നെ ചോദിക്കാം എവിടെ നിന്നാണ് ഇതു പോലുള്ള ഭൂമിയുടെ വികൃതികൾ അറിയാൻ സാധിച്ചതെങ്കിൽ ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു. ഗോപാൽ ദയവായി ഒന്നെഴുന്നേറ്റ് നിന്ന് ബാക്കി കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിൽ ഭൂമിയുടെ വികൃതി ഒന്നു പറഞ്ഞ് കൊടുക്കൂ.
സാറു തന്നെയാണ് ഇങ്ങിനെയെല്ലാം പഠിപ്പിച്ചത്.
ഞാനോ അതെപ്പോൾ?
സാർ ഒരു തിങ്കളാഴ്ചയല്ലേ ഭൂമിയുടെ ആകൃതി പഠിപ്പിച്ച് തന്നത്. ഉദാഹരണമായി സാർ അന്ന് സാറിന്റെ കൈയ്യിലിരുന്ന കോഴിമുട്ടയുടെ ആകൃതിയിലുള്ള മൂക്കിപ്പൊടി കുപ്പി കാണിച്ചു തന്നിട്ട് ഏകദേശം ഇതുപോലെയാണ് ഭൂമിയുടെ ആകൃതി എന്ന് പറഞ്ഞു പഠിപ്പിച്ചില്ലേ?
അത് ശരിയാണ് ഭൂമിയ്ക്ക് ഏകദേശം ആ രൂപം ആണ് എന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നു. എന്നും പറഞ്ഞ് ബാക്കി രൂപമെല്ലാം ആരു പറഞ്ഞു തന്നു .
ചൊവ്വാഴ്ചയും സാർ വീണ്ടും ആ പൊടികുപ്പി കാണിച്ചാണ് പഠിപ്പിച്ചത്. അതിനു ശേഷമുളള രണ്ടു ദിവസവും സാറിന്റെ പൊടിക്കുപ്പി ചതുരത്തിൽ ഉള്ളതായിരുന്നു അപ്പോൾ ഞാൻ ഓർത്തു പൊടിക്കുപ്പി മാറിയപ്പോൾ ഭൂമിയുടെ ആകൃതി മാറിയത് കാണിയ്ക്കാനായിരിക്കും സാർ പുതിയ പൊടിക്കുപ്പി കൊണ്ടുവന്നതെന്ന് . വെള്ളിയാഴ്ച പിന്നീടും ഭൂമിയെ പറ്റി പഠിപ്പിച്ചപ്പോൾ സാർ പന്തുപോലുള്ള പൊടിക്കുപ്പി ഉയർത്തി കാണിച്ചിരുന്നു. ഇതെല്ലാം കണ്ടാണ് സാറേ ഞാൻ എഴുതിയത് ഭൂമിയുടെ ആകൃതി ഇങ്ങിനെയെല്ലാം ആയിരിക്കും എന്ന്.
ഇപ്പോഴാണ് സാർ ശരിയ്ക്കും അസ്ത്രപ്രജ്ഞനായി എന്ന വാക്കിന്റെ അർത്ഥം ശരിയ്ക്കും മനസ്സിലാക്കിയത്..
BY PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo