-----------------------------------------------------
ചെറുകഥ.
വസുധ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ അസ്വസ്ഥത വളർന്നു വളർന്ന് ദുർഗയുടെ ഉള്ളിൽ ദഹിക്കാത്ത ഭക്ഷണ അവശേഷിപ്പു പോലെ കുംഭിച്ചുനിന്നു.
എങ്കിലും കണ്ണാടിയുടെ മുൻപിൽ നിന്ന് മുഖം ഒന്നുകൂടി മിനുക്കി അവൾ വസുധയെ നേരിടാൻ തയ്യാറായി. അതിരാവിലെ, ബാലമുരളി ഇറങ്ങിയ ഉടനെതന്നെ വന്ന ഫോൺവിളി ആദ്യം ദുർഗ്ഗയെ ഒന്നു ഞെട്ടിച്ചിരുന്നു.
വസുധയാണ്, ഇങ്ങോട്ടു വരുന്നുണ്ടെന്ന് !
ബാലമുരളിയുമായി വസുധ പിരിയുന്നതിനു മുൻപേ തന്നെ, അവൾ തന്നെ പലതവണ കാണുവാൻ ശ്രമിച്ചതാണ്. പക്ഷേ ഒരിക്കലും താൻ അതിനു തയ്യാറായില്ല. എങ്ങനെയെങ്കിലും തന്റെ നമ്പർ സംഘടിപ്പിച്ച് അവൾ വിളിക്കാൻ ശ്രമിച്ചേക്കുമെന്ന ബാലമുരളിയുടെ മുന്നറിയിപ്പു കണക്കിലെടുത്തു താൻ, ബാലുവിൽ നിന്നും അവളുടെ നമ്പർ വാങ്ങി ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നുവെന്ന കാര്യം ദുർഗ ഓർമ്മിച്ചു.
കല്ലിച്ച മുഖമുള്ള ഒരുവൾ !-അങ്ങനെയാണ് വസുധയെപ്പറ്റി തനിക്കു തോന്നിയിട്ടുള്ളത്. പ്രണയവിവാഹമായിരുന്നു എന്ന്, വസുധയുടെ ഫോട്ടോ മൊബൈലിൽ കാട്ടി ബാലമുരളി പറഞ്ഞപ്പോൾ താൻ ഞെട്ടി. വികാര ശൂന്യത മാത്രം മുഖത്തു തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ!
എങ്ങനെ പ്രേമിച്ചു എന്നു ചോദിച്ചപ്പോൾ മുരളി പറഞ്ഞത് പ്രണയത്തിനുപരി ആരോരുമില്ലാത്ത ഒരു കുടുംബത്തിന് അത്താണിയാകാൻ വേണ്ടിക്കൂടിയായിരുന്നു എന്നാണ്.
അതിൽ അതിശയോക്തി തോന്നിയില്ല. ബാലമുരളി അനുകമ്പയുള്ള ഒരു വ്യക്തിത്വത്തിനുടമയാണ്.
-പക്ഷേ രണ്ടു കുട്ടികളായതോടെ വസുധയുടെ പാവത്തമെല്ലാം പൊയ്പോയി. സ്വഭാവത്തിൽ താൻപോരിമ തുടങ്ങി. തന്റെ വീട്ടിൽ താമസിക്കുന്ന ഭർത്താവിനോട് അഹന്തയോടെ പെരുമാറാൻ തുടങ്ങി.
ബാങ്കിലെ ഒരുമിച്ചുള്ള ജോലിയിൽ വസുധക്ക് സ്ഥാനക്കയറ്റം കിട്ടിയതോടെ ബാലമുരളിയോടുള്ള പെരുമാറ്റം അറുവഷളായി.
-എന്തിന്, കിടക്കയിൽ പോലും അയാളെ അവൾ നോക്കുകുത്തിയാക്കി.
ജീവിതം സഹികെട്ട് അങ്ങോട്ടു ചോദിച്ചു ട്രാൻസ്ഫർ വാങ്ങിയ മുരളി രണ്ടുജില്ലകൾക്കപ്പുറമുള്ള ബാങ്കിലേക്കാണ് മാറിയത്.
ബാങ്കിൽ പുതുതായി ചാർജെടുത്ത സ്റ്റാഫ് ആയിരുന്ന തന്നെ ബാലമുരളി ജോലിയുടെ ബാലാരിഷ്ടതകൾ മാറ്റാൻ ഒരുപാട് സഹായിച്ചു. ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.
ഒടുവിൽ സ്വാഭാവികമായും സൗഹൃദത്തിലായി.
അപ്പോഴാണ് കുടുംബജീവിതത്തിലെ താളപ്പിഴകളെപ്പറ്റി അറിയാനിടയായത്.
വേർപിരിയാനുള്ള തീരുമാനം വസുധയെടുത്തെന്ന കാര്യം തന്നെ അറിയിച്ചപ്പോൾ മുരളിയുടെ കണ്ണുകളിൽ നിന്നു തുള്ളികൾ അടർന്നു വീണു.
അന്നാണ് വസുധയോട് ഒന്നു സംസാരിക്കാൻ സാധിക്കുമോ എന്നു മുരളിയോട് തിരക്കിയത്.
'അതു കൂടുതൽ പ്രശ്നമാകും. ദുർഗ്ഗ എന്റെ കാമുകിയാണെന്നുവരെ അവൾ പറഞ്ഞുകളയും. പിന്നെ അതിന്റെ ദേഷ്യം മൂത്തമോളോട് തീർക്കും. എന്റെ ഛായ ആയതിനാൽ എന്നോടുള്ള ദേഷ്യം എന്റെ മോളോടാണവൾ പലപ്പോഴും തീർക്കുക '
-മുരളി പറഞ്ഞപ്പോൾ പിന്നെ അതു വേണ്ടെന്നു വെച്ചു.
പിരിയാനുള്ള ജോയിന്റ് അപേക്ഷ നൽകാൻ ബാലമുരളി തയ്യാറായത് തന്റെ നിർബന്ധം കൊണ്ടാണ്.
'മുരളിക്ക് ഇങ്ങനെ ഒരു ഭാര്യ എന്തിനാ. മക്കളെ പിരിയേണ്ടി വരുന്നതിൽ ഖേദം വേണ്ട. ഒപ്പം ഇല്ലെന്നല്ലേയുള്ളൂ. എപ്പോൾ വേണമെങ്കിലും അവരെ കാണാനും വേണമെങ്കിൽ അവരുടെ ഇഷ്ടപ്രകാരം കൂടെ നിർത്താനും സാധിക്കുമല്ലോ. കോടതിയിൽ അച്ഛനും ന്യായമുണ്ട്, മക്കളെ പരിപാലിക്കുന്നതിൽ'
-അതോടെ മുരളി ഒപ്പിടുകയായിരുന്നു. അതോടെ വസുധയുടെ വീടുമായുള്ള സകല ബന്ധവും ഉപേക്ഷിച്ചു ബാലമുരളി. ജോലിസ്ഥലത്തു തന്നെ വാടകക്ക് സ്ഥിരതാമസവുമാക്കി.
വിവാഹവിടുതൽ കോടതിയിൽ നിന്നും ലഭിക്കാൻ കാത്തിരുന്ന ഒരുവർഷത്തിനുള്ളിൽ തങ്ങളുടെ ഇഷ്ടം പരസ്പരം അറിയുകയും അറിയിക്കുകയും ചെയ്തു.
വീട്ടിൽ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും, അതിനെയെല്ലാം തനിക്കു മുരളിയോടുള്ള
ഇഷ്ടക്കൂടുതൽ കൊണ്ട് അവഗണിച്ചുകളഞ്ഞു.
ഇഷ്ടക്കൂടുതൽ കൊണ്ട് അവഗണിച്ചുകളഞ്ഞു.
നാട്ടിലെ, ഭാഗം ചെയ്തു കിട്ടിയ, അനാഥമായിക്കിടക്കുന്ന തറവാട് വിറ്റ് ടൗണിൽ ഒരു വീടു കരസ്ഥമാക്കാനുമുള്ള തീരുമാനം ബാലമുരളി അറിയിച്ചപ്പോൾ ഒടുവിൽ തന്റെ വീട്ടുകാർക്കും അനുകൂലമനോഭാവം ഉണ്ടായെന്നകാര്യവും ദുർഗ്ഗ ഓർത്തു.
ബലമുരളിയുടെ വിവാഹം താനുമായിട്ടാണ് നടക്കാൻ പോകുന്നതെന്ന കാര്യം വസുധ അറിഞ്ഞിട്ടായിരിക്കുമല്ലോ താനുമായി ബന്ധപ്പെടാൻ അവൾ ശ്രമിച്ചത്.
ശാപവാക്കുകളോ ഭത്സനങ്ങളോ നേരിടാനോ കേട്ടിരിക്കാനോ അന്നു താല്പര്യമില്ലാതിരുന്നതിനാൽ അതിനു നിന്നുകൊടുത്തില്ല.
പക്ഷേ ഇന്ന്, മുരളിയുമായി വേർപിരിഞ്ഞതിന്റെ മൂന്നാം നാൾ, അതും തങ്ങളുടെ വിവാഹം കഴിഞ്ഞതിന്റെ പിറ്റെന്നാൾ അവളെ നേരിടുമ്പോൾ എന്തിനീ ഉൽക്കണ്ഠ എന്നു ദുർഗ്ഗ സ്വയം ചോദിച്ചു.
നാട്ടിൽ, മുൻ ഭാര്യയുമൊരുമിച്ചു ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സീനിയർ ഉദ്യോഗസ്ഥന്റെ ഭാര്യ മരണപ്പെട്ടതറിഞ്ഞു ബാലമുരളി പോയിട്ടുണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാണ് വസുധയുടെ ഇങ്ങോട്ടുള്ള വരവെന്ന് ദുർഗ്ഗ ഉറപ്പിച്ചു.
തന്നെ കണ്ടിട്ട് ഇനി ഇവൾക്കെന്തിനാണ്? !
തങ്ങളുടെ വിവാഹം കഴിഞ്ഞു. ഇനിയത് അവൾ വിചാരിച്ചാൽ തിരുത്താനാവില്ല. ഒരുപക്ഷേ ബലമുരളിയുടെ കുറ്റങ്ങൾ പറഞ്ഞു തന്നെ മാനസികമായി തളർത്തി രസിക്കാനാവുമോ..?
അതിന്, വസുധയല്ലല്ലോ ദുർഗ്ഗ !! ബാലമുരളിയെ എന്നും സ്നേഹത്തോടെ തലോടുന്ന ഒരു തൂവലാകും താൻ.
ആ മനുഷ്യന്റെ ജീവിതം താൻ തിരിച്ചുപിടിച്ചു കൊടുക്കും!
ആ മനുഷ്യന്റെ ജീവിതം താൻ തിരിച്ചുപിടിച്ചു കൊടുക്കും!
വസുധ!!
ആ പേരിൽ അറിയുവാൻ അവൾക്കെന്താണ് അർഹത..?
ആലംബമില്ലാതിരുന്ന സ്വന്തം കുടുംബത്തിന് ആശ്വാസമായി മാറിയ, പ്രണയിച്ചു വിവാഹം കഴിച്ച ഒരാളെ ഇങ്ങനെയൊക്കെ നിന്ദിക്കാൻ എങ്ങനെ കഴിഞ്ഞു വസുധക്ക്?
തൊടുക്കാൻ ഒരുപാടുണ്ട് ചോദ്യശരങ്ങൾ.
പകയോടെ, അതേസമയം ഞെരിഞ്ഞു മരവിച്ച ശബ്ദത്തോടെ അവൾ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അവളുടെ കണ്ണുകളിൽ നോക്കിത്തന്നെ പതറാതെ മറുപടി കൊടുക്കുന്നുണ്ട് താൻ !
അവളുടെ ധാർഷ്ട്യത്തിന്റെ എടുപ്പുകൾ താൻ ഇടിച്ചുനിരത്തിക്കളയുന്നുണ്ട്.
കൂടുതൽ ചോദ്യങ്ങളോ പറച്ചിലുകളോ ഇല്ലാതെ തന്നെ വസുധ രാവിലത്തെ വിളിച്ചറിയിപ്പ് അവസാനിപ്പിച്ചിരുന്നു.
വിളിച്ചു പറഞ്ഞതനുസരിച്ച് എത്തേണ്ട സമയമായി.
ദുർഗ്ഗ അടുക്കളയിൽ കയറി എറ്റവും രുചികരമായ കോമ്പിനേഷനിൽ ഒരു ചായ ഉണ്ടാക്കി. മേമ്പൊടിയായി അതിൽ ഒരു ഏലക്കായും പൊട്ടിച്ചിട്ടു. ഇനിയൊരിക്കലും വസുധയുടെ വരവുണ്ടാവില്ലല്ലോ. അലങ്കാരം ഒട്ടും കുറക്കണ്ട!
അപ്പോഴേക്കും ഡോർബെല്ലടിച്ചു.
വേണ്ടെന്നു വിചാരിച്ചിട്ടുകൂടി ദുർഗ്ഗ ഉദ്വിഗ്നയായി. ദീർഘശ്വാസമെടുത്ത്, മനസ്സടക്കി, ചെന്നു വാതിൽ തുറന്നു.
കല്ലിച്ച മുഖവുമായി വസുധ!
നാലഞ്ചു മണിക്കൂറുകളിലെ യാത്രാക്ഷീണം മുഖത്ത്. അധികം നിറപ്പകിട്ടില്ലാത്ത സാരി ചുളിവുകൾ വീണ് ഉടഞ്ഞിരിക്കുന്നു. ചേർത്തുപിടിച്ച ചുണ്ടുകൾക്കിടയിൽ പരിഹാസമോ, നിന്ദയോ ഒളിച്ചുകളിക്കുന്നുണ്ടോ എന്ന് ദുർഗ്ഗ നിരീക്ഷിച്ചു.
'വരൂ' ആതിഥേയയുടെ മര്യാദപ്പുഞ്ചിരിയണിഞ്ഞ് അവൾ വസുധയെ ക്ഷണിച്ചു.
വസുധ അകത്തേക്ക് കയറിയിരുന്നു. ഒരുനിമിഷം -എന്നു പറഞ്ഞിട്ട് ദുർഗ്ഗ അടുക്കളയിൽ പോയി രണ്ടുപേർക്കുമുള്ള ചായയെടുത്തു തിരികെവന്നു. ഒരു കപ്പ് വസുധക്ക് നൽകിയിട്ട് അവൾ എതിരെയുള്ള സെറ്റിമേൽ ഇരുന്നു.
വസുധ ധൃതിയിൽ അരോചകമായ ശബ്ദത്തോടെ ചായ വലിച്ചുകുടിക്കുന്നത് അൽപ്പം നീരസത്തോടെയാണ് ദുർഗ്ഗ നോക്കിയിരുന്നത്.
സ്ത്രൈണതയുടെ മൃദുലഭാവങ്ങൾ ഇല്ലാത്ത സ്ത്രീ !
'വൃത്തിയുള്ള ചായ' കപ്പ് തിരിച്ചു നീട്ടിക്കൊണ്ട് വസുധ മയമില്ലാത്ത സ്വരത്തിൽ പറഞ്ഞു.
അതൊരു കളിയാക്കലാണോ എന്നു സംശയം തോന്നിയതുകൊണ്ട് കൃത്രിമമെന്നു വസുധക്ക് തോന്നണമെന്നരീതിയിൽ ഒരു ചിരി ചിരിച്ചുകൊണ്ടാണ് ദുർഗ്ഗ അതിനു മറുപടി കൊടുത്തത്.
'എനിക്ക് ഉടൻ പോകണം. ബാലമുരളി ഇന്നുണ്ടാവില്ല എന്നറിഞ്ഞിട്ടാണ് ഞാൻ വന്നത് ' വസുധ പറഞ്ഞു.
വന്നതിന്റെ ഉദ്ദേശം എന്താണെന്ന മട്ടിൽ ദുർഗ്ഗ അവളെ നോക്കി.
'ബാലമുരളി, മറ്റൊരു വിവാഹം കഴിക്കുന്നതിൽ എനിക്ക് നല്ല എതിർപ്പായിരുന്നു. ഇപ്പോഴും എനിക്ക് അക്കാര്യത്തിൽ ഒട്ടും യോജിപ്പില്ല. '
ബന്ധം പിരിഞ്ഞതിനു ശേഷം മുൻഭർത്താവിന്റെ വിവാഹക്കാര്യത്തിൽ മുൻഭാര്യ ഇടപെടുന്നതിന്റെ അനൗചിത്യം ഇവർക്കറിയില്ലേ എന്ന് ദുർഗ്ഗ വിസ്മയിച്ചു.
'ഞാൻ നിങ്ങളുടെ വിവാഹം തീരുമാനിച്ചതറിഞ്ഞു പല തവണ ദുർഗ്ഗയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. നടന്നില്ല '
'നോക്കൂ' ഉള്ളിൽ അറിയാതെ കുമിഞ്ഞുകൂടുന്ന ഈർഷ്യയൊതുക്കി ദുർഗ്ഗ പറഞ്ഞു :
'ഞാൻ, മുരളിയുമായി ഒന്നിക്കാൻ തീരുമാനിച്ചത് ഒരുപാട് ആലോചനകൾക്കു ശേഷമാണ്. നിങ്ങളല്ല, ആരുതന്നെ എതിർത്താലും ആ മനുഷ്യന്റെ ഭാര്യയാകുമായിരുന്നു ഞാൻ. സ്വന്തം ജീവിതം കുടുംബത്തിനുവേണ്ടി ഇത്രമേൽ നഷ്ടപ്പെടുത്തിയ ഒരു വ്യക്തിയെ ഞാനിതേവരെ കണ്ടിട്ടില്ല. ഇത്രയധികം കുടുംബത്തെ സ്നേഹിക്കുന്ന ഒരാളെ എനിക്കു കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നവളാണ് ഞാൻ. നിങ്ങളൊരിക്കലും ബാലമുരളിയെ മനസ്സിലാക്കിയിട്ടില്ല. വസുധ, ഒരു വിഡ്ഢിയായ ഒരു സ്ത്രീയാണോ എന്നൊക്കെ ഞാൻ അത്ഭുതപ്പെടാറുണ്ട് !' ദുർഗ്ഗ ചെറുതായി കിതച്ചു.
'ഞാൻ, മുരളിയുമായി ഒന്നിക്കാൻ തീരുമാനിച്ചത് ഒരുപാട് ആലോചനകൾക്കു ശേഷമാണ്. നിങ്ങളല്ല, ആരുതന്നെ എതിർത്താലും ആ മനുഷ്യന്റെ ഭാര്യയാകുമായിരുന്നു ഞാൻ. സ്വന്തം ജീവിതം കുടുംബത്തിനുവേണ്ടി ഇത്രമേൽ നഷ്ടപ്പെടുത്തിയ ഒരു വ്യക്തിയെ ഞാനിതേവരെ കണ്ടിട്ടില്ല. ഇത്രയധികം കുടുംബത്തെ സ്നേഹിക്കുന്ന ഒരാളെ എനിക്കു കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നവളാണ് ഞാൻ. നിങ്ങളൊരിക്കലും ബാലമുരളിയെ മനസ്സിലാക്കിയിട്ടില്ല. വസുധ, ഒരു വിഡ്ഢിയായ ഒരു സ്ത്രീയാണോ എന്നൊക്കെ ഞാൻ അത്ഭുതപ്പെടാറുണ്ട് !' ദുർഗ്ഗ ചെറുതായി കിതച്ചു.
വസുധ, ദുർഗ്ഗ പറഞ്ഞത് പ്രത്യേകിച്ചോരു ഭാവ വുമില്ലാതെ നോക്കിയിരുന്നു. പിന്നെ പതിയെ പറഞ്ഞു :
'ഞാൻ വന്നത്, ദുർഗ്ഗക്കു ഒരു കാര്യം തരാൻ വേണ്ടിയിട്ടാണ്. ചിലതു കാണിക്കാനും. അല്ലാതെ സംസാരിച്ചു മുഷിയാൻ വേണ്ടിയല്ല.'
പറഞ്ഞിട്ട് ഹാൻഡ് ബാഗിൽ നിന്ന് വസുധ ഒരു പൊതിയെടുത്തു ദുർഗ്ഗയുടെ കയ്യിൽ കൊടുത്തു. നെറ്റി ചുളിച്ചു കൊണ്ട് അവൾ അതു വാങ്ങി. ഒരു ഓയിൽമെന്റ് ആയിരുന്നു പൊതിക്കുള്ളിൽ.
'ഇതെന്താ ' ദുർഗ്ഗ ചോദിച്ചു
"ആയുർവേദിക് ഓയിൽമെന്റ് ആണ്. പൊള്ളതിന് നല്ലതാണ്." വസുധ അറിയിച്ചു. പിന്നെ കൈമുട്ടുവരെ നീളം തയ്പ്പിച്ച ബ്ലൗസിന്റെ കൈ അൽപ്പം ആയാസപ്പെട്ട് തെറുത്തു കയറ്റി. അവിടെ പൊള്ളിക്കരിഞ്ഞതു പോലെ ചെറിയ വൃത്തത്തിൽ അനേകം പാടുകൾ...!
ദുർഗ്ഗയുടെ കണ്ണുകൾ വേഗത്തിൽ തുറന്നടഞ്ഞു
'കത്തിച്ച സിഗരറ്റ് കൊള്ളുമ്പോൾ ഉണ്ടാകുന്ന പാടുകളാണ് ' വസുധ പറഞ്ഞു. പിന്നെ സാരിക്കുത്ത് അൽപ്പം താഴ്ത്തി. അവിടെയും ദുർഗ്ഗ കണ്ടു അൽപ്പം കൂടി വലിയ പാടുകൾ. വസുധ, മടിയില്ലാതെ മാറിടത്തിന്മേൽ നിന്നും സാരി മാറ്റി.
ദുർഗ്ഗ ഭയത്തോടെ മുഖം തിരിച്ചു. വസുധ വസ്ത്രം നേരെയാക്കി. പിന്നെ പറഞ്ഞു :
' തുടർച്ചയായി നാല് വർഷത്തോളം അത് നിരന്തരം വന്നുകൊണ്ടിരുന്നു. എരിയുന്ന സിഗരറ്റ് അണച്ചാൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ ജീവിതവും അണഞ്ഞുപോകുമോ എന്ന ഭയത്താൽ നാലു വർഷവും ഞാനത് കൊണ്ടുനടന്നു. ഏതാണ്ട് ഒരു വർഷം മുൻപു വരെ. ഇപ്പോൾ അതിന്റെ വരവ് പൂർണ്ണമായും നിന്നു. എങ്ങനെയാണതു നിന്നത് എന്നറിയാമോ ദുർഗ്ഗക്ക്?'
' തുടർച്ചയായി നാല് വർഷത്തോളം അത് നിരന്തരം വന്നുകൊണ്ടിരുന്നു. എരിയുന്ന സിഗരറ്റ് അണച്ചാൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ ജീവിതവും അണഞ്ഞുപോകുമോ എന്ന ഭയത്താൽ നാലു വർഷവും ഞാനത് കൊണ്ടുനടന്നു. ഏതാണ്ട് ഒരു വർഷം മുൻപു വരെ. ഇപ്പോൾ അതിന്റെ വരവ് പൂർണ്ണമായും നിന്നു. എങ്ങനെയാണതു നിന്നത് എന്നറിയാമോ ദുർഗ്ഗക്ക്?'
ദുർഗ്ഗ പുറം തിരിഞ്ഞു തന്നെ നിന്നു.
"ഒരിക്കൽ ആ പൊള്ളൽ എന്റെ മൂത്ത മകളുടെ കുഞ്ഞു തുടകളിൽ പ്രത്യക്ഷമാകാൻ തുടങ്ങി...അതോടെ, അതോടെ ഞാൻ ആ പൊള്ളലുകളുടെ തീക്കനൽ എരിഞ്ഞു തുടങ്ങും മുൻപേ അണക്കുവാൻ ആരംഭിച്ചു ... അതൊരു യജ്ഞമായിരുന്നു." ഒന്നു നിർത്തിയിട്ടു വസുധ, നടന്നുവന്നു ദുർഗ്ഗയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ പൂർത്തിയാക്കി:
'ആ യജ്ഞം ഞാൻ മിനിഞ്ഞാന്ന് കോടതിയിൽ വെച്ചു വിജയകരമായി പൂർത്തിയാക്കി!'
പുറത്തേക്കിറങ്ങവേ വസുധ ഒരു നൊടി നിന്നു. അപ്പോഴും കൽപ്രതിമപോലെ നിൽക്കുകയായിരുന്ന ദുർഗ്ഗയെ തിരിഞ്ഞു നോക്കി ഇത്രയും കൂടി പറഞ്ഞു :
"വീടും കുടുംബവും നോക്കുന്ന, സ്നേഹ സമ്പന്നനായ ബാലമുരളിയെ കോടതിയിൽ എനിക്കു ഏകപക്ഷീയമായ പരാതിലൂടെ തേജോവധം ചെയ്യാമായിരുന്നു. എന്റെ ശരീരമായിരുന്നു അതിനു വേണ്ടുന്ന സംസാരിക്കുന്ന തെളിവുകൾ. ആജീവനാന്ത ജീവനാംശം വാങ്ങിച്ചെടുക്കാവുന്ന തെളിവുകൾ. ബാലുവിനോട് അങ്ങനെ ചെയ്യാത്തത് എന്താണെന്നു ദുർഗ്ഗക്ക് മനസ്സിലാകുമോ? സ്നേഹത്തിന്റെ നിർവചനത്തിന് എന്റെ നിഘണ്ടുവിൽ വ്യാപ്‌തി കൂടുതലാണ്.. "
സാരിയുലയുന്ന ശബ്ദം അകന്നകന്നു പോകുന്നത് ദുർഗ്ഗ കേട്ടു. വന്യമായ ഒരു നിശബ്ദത ചൂളം വിളിച്ചുകൊണ്ട് ചെവികളിൽ നിറയുന്നത് അവൾ അറിഞ്ഞു.
മൗനം മുറിച്ചുകൊണ്ട് മൊബൈൽ ശബ്ദിച്ചു. ചെവിയിൽ ബാലമുരളിയുടെ ക്ഷമാപണം :
'എന്തു ചെയ്യാനാ മോളെ. കല്യാണപ്പിറ്റേന്നുതന്നെ യാത്രപോകേണ്ടി വന്നല്ലോ. ചടങ്ങെല്ലാം കഴിഞ്ഞു. അവിടുന്നിറങ്ങി. അങ്ങോട്ടു വന്നുകൊണ്ടിരിക്കുന്നു. ഇടക്കൊരു സ്റ്റേഷനിൽ നിറുത്തിയപ്പോൾ ഒന്നു പുകക്കാൻ ഇറങ്ങിയതാ. ടെൻഷൻ.. നിന്നെ കുറിച്ചോർത്തപ്പോൾ അത് കൂടി. ഇവിടെ നല്ല വിദേശ സിഗരറ്റ് കിട്ടുന്ന ഒരു ഷോപ്പുണ്ട്. രണ്ടുപാക്കറ്റ് വാങ്ങി... ബാക്കി ടെൻഷൻ തീർക്കാൻ നീയുണ്ടല്ലോ അവിടെ. വെക്കട്ടെ? "
'എന്തു ചെയ്യാനാ മോളെ. കല്യാണപ്പിറ്റേന്നുതന്നെ യാത്രപോകേണ്ടി വന്നല്ലോ. ചടങ്ങെല്ലാം കഴിഞ്ഞു. അവിടുന്നിറങ്ങി. അങ്ങോട്ടു വന്നുകൊണ്ടിരിക്കുന്നു. ഇടക്കൊരു സ്റ്റേഷനിൽ നിറുത്തിയപ്പോൾ ഒന്നു പുകക്കാൻ ഇറങ്ങിയതാ. ടെൻഷൻ.. നിന്നെ കുറിച്ചോർത്തപ്പോൾ അത് കൂടി. ഇവിടെ നല്ല വിദേശ സിഗരറ്റ് കിട്ടുന്ന ഒരു ഷോപ്പുണ്ട്. രണ്ടുപാക്കറ്റ് വാങ്ങി... ബാക്കി ടെൻഷൻ തീർക്കാൻ നീയുണ്ടല്ലോ അവിടെ. വെക്കട്ടെ? "
ദുർഗ്ഗ ഫോൺ കട്ട് ചെയ്തു. പിന്നെ വസുധ കൊടുത്ത മരുന്ന് ഒന്നെടുത്തു നോക്കി. ശേഷം അതു അടുക്കളയിലെ വേസ്റ്റ് ബക്കറ്റിൽ ഇട്ടു. എന്നിട്ട് ഷെൽഫിൽ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് ബെഡ്റൂമിലെ കിടക്കയുടെ അടിയിൽ തിരുകി വെച്ചു.
പിന്നെ നിലക്കണ്ണാടിയിൽ നോക്കി തന്നോടുതന്നെ മന്ത്രിച്ചു:
'എന്റെ മാർഗ്ഗം യജ്ഞമല്ല. യുദ്ധമാണ്. കാരണം ഞാൻ ദുർഗ്ഗയാണ്. !'
അവളുടെ മുഖം ഇപ്പോൾ കല്ലിച്ചിരുന്നു. അതിന്റെ ഉറപ്പ് ഏതു കഠിന ശിലകളെയും വെല്ലാൻ പോന്നതായിരുന്നു.
----------------------------------=---------------------------------
ആർബീകേ
ആർബീകേ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക