-----------------
വൈകുന്നേരത്തെ മഴക്കോള് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് മൂടി. താഴെ കണ്ടത്തിൽ നിന്നും തണുപ്പ് കാറ്റ് വീശിത്തുടങ്ങി. തൊടിയെമ്പാടും കാർമേഘ നിഴലുകൾ മൂടി. മഴയുടെ വരവ് കണ്ടിട്ടാവണം പരിയംപുറത്ത് പരതി നടന്ന കുറിഞ്ഞിപൂച്ച ഓടി കന്നുകാലികൂടിന്റെ കുടുന്തയിൽ കയറി ഇരുന്നു. അവിടെയാണ് അവള് മഴ നനയാതെ കയറിയിരിക്കുന്നത്. തൊടിയുടെ മുകളിലത്തെ തൊട്ടിയിൽ കെട്ടിയിരുന്ന കറുമ്പിപശുവും ക്ടാവും മഴയുടെ വരവ് കണ്ട് ബഹളം വെയ്ക്കുന്നു. അടുക്കളചായ്പ്പിലുള്ള അമ്മ കേൾക്കാൻ പാകത്തിനാണ് അവറ്റകളുടെ വിളി.
ചായ്പ്പിൽ ഇട്ടിരിക്കുന്ന ഉരൽ തുടച്ച് വൃത്തിയാക്കുന്ന ജോലിയിലാണ് അമ്മ, നാളെ കാലത്തെ പലഹാരത്തിനുള്ള ഗോതമ്പ് പൊടിച്ചെടുക്കാൻ വേണ്ടി. അതിനിടക്ക് കറുമ്പിയുടെയും മകളുടെയും വിളികേട്ട് അങ്ങോട്ടോടി. അവയെ കൂട്ടിൽ കയറ്റി കെട്ടി തിന്നാൻ പുല്ലിട്ടു കൊടുത്തു. കന്നുകാലി കൂട്ടിൽ നിന്ന് പടിഞ്ഞാറേ മുറ്റത്തേക്കുള്ള കുത്തുകല്ല് കയറി അമ്മ വരുമ്പോഴേക്കും മഴ തുടങ്ങിയിരുന്നു. മഴ തിമർത്ത് പെയ്ത് തുടങ്ങി. ചായ്പ്പിന്റെ മുകളിലെ കമഴ്ത്തോട് ഒന്ന് രണ്ടെണ്ണം പൊട്ടിയിട്ടുണ്ട്. അത് മാറാൻ പറഞ്ഞിട്ട് ആശാരി ഇത് വരെ വന്നില്ല. മഴ തുടങ്ങിയതും വെള്ളം അതുവഴി തറയിലേക്ക് വീഴാൻ തുടങ്ങി. ചാണകം മെഴുകിയ തറയാണ് ചായ്പ്പിന്. വെള്ളം വീണ് കുതിർന്നാൽ പിന്നെ വീണ്ടും മെഴുകിയെടുക്കേണ്ടി വരും. മഴയായി കഴിഞ്ഞാൽ മെഴുക്ക് ബുദ്ധിമുട്ടാണ്. കാലികൾക്ക് കൊടുക്കാനുള്ള ഓക്കചാക്കിന്റെ മുകളിലേക്കാണ് വെള്ളം വീഴുന്നത്. അമ്മ ആ ചാക്ക് ഒരുവിധത്തിൽ വലിച്ച് മാറ്റി, വെള്ളം പിടിക്കാനായിട്ട് അവിടെ ഒരു ബക്കറ്റ് കൊണ്ട് വെച്ചു.
മഴ തിമിർക്കുകയാണ്. നല്ല കാറ്റുമുണ്ട്. തൊടിയിലെ ചപ്പുചവറുകൾ പറന്ന് മുറ്റത്തേക്ക് വീഴുന്നു. മുറ്റത്ത് നിൽക്കുന്ന പേരമരം അമ്മയുടെ പരിപാലനത്തിൽ വളർന്നു വന്നതാണ്. കാറ്റിന്റെ ശക്തിയിൽ മുഴുത്ത പേരക്കകൾ ഓരോന്നായി വീഴാൻ തുടങ്ങി. മുറ്റത്തിന്റെ അവിടെയും ഇവിടെയുമായി നല്ല പഴുത്ത പേരക്ക വീണു കിടക്കുന്നു. പേരയില മുറ്റത്ത് വീഴുന്നതിന് മാത്രം അമ്മക്ക് പരാതിയില്ല. എത്ര വീണാലും തനിയെ തൂത്ത് വാരിക്കളയും.
മഴയും നോക്കി നിന്ന് സമയം പോയത് അറിഞ്ഞില്ല. അമ്മ അടുക്കളയിലെ പണികളിൽ മുഴുകി. മഴയൊന്ന് തോർന്നു. തൊടിയുടെ താഴെ അറ്റത്തുള്ള കുളത്തിൽ വെള്ളം നിറഞ്ഞിട്ടുണ്ടാവുമിപ്പോൾ.അതിൽ വിസ്തരിച്ചൊരു കുളി നടത്തണം. അതിന് മുമ്പ് കുറച്ച് പണി തീർക്കാനുണ്ട്. കന്നുകാലിയെ കൂട്ടിൽ കയറ്റിയാൽ പിന്നെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. അവയ്ക്ക് കുടിയും തീറ്റയും കൊടുക്കണം.
ചായ്പ്പിൽ ഇരുന്ന ഗോതമ്പുമ്മിചാക്ക് പൊട്ടിച്ച് ചരുവത്തിലേക്ക് ആവശ്യത്തിനുള്ള ഉമ്മി വാരിയിട്ട് അടുക്കളയിൽ കലത്തിൽ വച്ചിരുന്ന കാടിവെള്ളവും അതിലേക്ക് ഒഴിച്ച് കലക്കിയെടുത്തു. ഇവിടെ ഉമ്മിച്ചാക്ക് തുറന്നപ്പോഴേ കറുമ്പി അമറാൻ തുടങ്ങി.അവൾക്കറിയാം കുടി കിട്ടാനുള്ള സമയമായെന്ന്. ചരുവവും പൊക്കിയെടുത്ത് കന്നുകാലി കൂട്ടിലേക്ക് നടന്നു. ചെല്ലുമ്പോൾ കാണുന്നത് കൂട്ടിൽ കയറ്റി നിർത്തിയിട്ട് പോയ ക്ടാവ് പുറത്തിറങ്ങി നിൽക്കുന്നതാണ്. അവൾക്ക് കുറുമ്പ് ഇച്ചിരി കൂടുതലാണ്. അവളെപിടിച്ച് കൂട്ടിൽ കയറ്റി കെട്ടി. കൊണ്ടുവന്ന കുടി കറുമ്പിക്ക് വെച്ചു കൊടുത്തു. ഞാൻ ചെല്ലുന്ന കണ്ടപ്പോഴേ കുറിഞ്ഞിപൂച്ച കന്നുകാലിക്കൂടിന്റെ കുടുന്തയിൽ നിന്ന് ചാടി താഴെയിറങ്ങിവന്നു.അവൾക്കറിയാം ഞാനിനി എങ്ങോട്ടാ പോകുന്നതെന്ന്. അതിനാണ് കൂടെ കൂടിയിരിക്കുന്നത്.
കൂടിന്റെ കുടുന്തയിൽ കേറി കുറച്ച് കച്ചിയെടുത്ത് കറുമ്പിക്ക് ഇട്ട് കൊടുത്ത് കുറിഞ്ഞിയെയും എടുത്ത് തോളിൽ വെച്ചു. കന്നുകാലിക്ക് കുടികൊടുത്തിട്ട് ഞാൻ കുളിക്കാൻ പോകുമ്പോൾ തോളിൽകയറി കാഴ്ച്ച കണ്ടിരിക്കണം, അതവളുടെ പതിവാണ്. അതിനാണ് ചാടി ഇറങ്ങി വന്നത്. കുറിഞ്ഞിയെ തലോടിക്കൊണ്ട് കുളം ലക്ഷ്യമാക്കി നടന്നു. കുളത്തിലേക്ക് ഇറങ്ങുന്ന കുത്തുകല്ലെല്ലാം പായൽ പിടിച്ച് കിടക്കുവാണ്. പതിയെ ശ്രദ്ധിച്ച് ഇറങ്ങി. കുളത്തിന്റെ കെട്ടിന്റെ ഇടക്ക് നിന്നും വെള്ളത്തിലേക്ക് നോക്കി പുളവൻ നാക്കും നീട്ടിയിരിപ്പുണ്ട്. വെള്ളത്തിൽ കൂടി വരുന്ന ചെറിയ പ്രാണികളെ പിടിക്കാൻ തക്കം പാർത്തിരിക്കുകയാണ്. വെള്ളത്തിൽ വെച്ച് പുളവൻ കടിച്ചാൽ വിഷമില്ല എന്ന് അമ്മയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് അതിനെ പേടിക്കേണ്ട.
കാറ്റിൽ കുളത്തിൽ വീണ ചപ്പുചവറുകൾ എല്ലാം പെറുക്കി കരയിലേക്ക് എറിഞ്ഞ ശേഷം നല്ലൊരു കുളിയങ്ങ് നടത്തി. കുളി കഴിഞ്ഞ് തോർത്തിയപ്പോഴേക്കും കുറിഞ്ഞിപൂച്ച ഒരു കറക്കവും കഴിഞ്ഞ് തിരിച്ച് വന്നു. കുളി കഴിഞ്ഞാൽ പിന്നെ അവളെ ഞാൻ എടുക്കുകേലന്ന് അവൾക്കറിയാം. അവളെന്നെ മുട്ടിയുരുമ്മി കൂടെ നടന്നു. തിരിച്ച് കന്നുകാലി കൂട്ടിൽ എത്തിയപ്പോഴേക്കും കറുമ്പി ചരുവം കാലിയാക്കി വച്ചിരുന്നു. അതും എടുത്ത് പടിഞ്ഞാറെ മുറ്റത്ത് എത്തിയപ്പോഴേക്കും അമ്മൂമ്മ വിളക്ക് കത്തിച്ച് നാമജപം തുടങ്ങിയിരുന്നു. ചരുവം കൊണ്ട് ചായ്പ്പിൽ വെച്ച് അകത്തെ ഭിത്തിയലമാരിയിൽ ചിരട്ടയിൽ വെച്ചിരുന്ന ഭസ്മം കുറച്ച് നെറ്റിയിൽ ചാർത്തി കിഴക്കേ തിണ്ണയിലേക്ക് പോയി. അവിടെ അമ്മൂമ്മ വാതൽപടിയിലിരുന്ന് നാമം ജപിക്കുകയാണ്.
വിളക്ക് തൊഴുത് അമ്മൂമ്മയുടെ കൂടെ നിലത്ത് ചമ്രം പടഞ്ഞിരുന്നപ്പോഴേക്കും അമ്മയും വന്നു. താളം അശേഷമില്ലാത്ത ആ നാമം ജപത്തിൽ ഞങ്ങളും കൂടി. തൃസന്ധ്യ കഴിയുന്ന വരെ നാമം ജപിക്കണമെന്ന് അമ്മൂമ്മക്ക് നിർബന്ധമാണ്. അത് തന്നെയല്ല, കർക്കിടകത്തിൽ രാമായണം വായിക്കണേൽ തൃസന്ധ്യ കഴിയുകയും വേണമെന്ന്. അമ്മൂമ്മക്ക് കാർന്നവന്മാര് പറഞ്ഞ് കൊടുത്താണത്രെ. നാമജപം പൂർത്തിയാക്കി പീഠത്തിൽ വച്ചിരുന്ന രാമായണം എടുത്തു കൊടുത്തു അമ്മൂമ്മക്ക്. രാമായണം വായിക്കാൻ തുടങ്ങിയാൽ പിന്നെ ഞാനവിടെനിന്ന് എഴുന്നേൽക്കുന്നത് അമ്മൂമ്മക്ക് ഇഷ്ടമല്ല. വായിക്കുന്നതത്രയും അവിടെയിരുന്ന് കേൾക്കണം. വായനയിലെ പ്രധാന ഭാഗങ്ങളുടെ കഥയൊക്കെ ഇടക്ക് പറഞ്ഞു തരുന്ന കാരണം എനിക്കും കേൾക്കാൻ താൽപര്യമാണ്.
ͥശ്രീരാമ! രാമ! രാമ! ͥശ്രീരാമചന്ദ്ര! ജയ
ͥശ്രീരാമ! രാമ! രാമ! ͥശ്രീരാമഭȮദ്ര! ജയ!
ͥശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ͥശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
ͥശ്രീരാമ! രാമ! രാമ! ͥശ്രീരാമഭȮദ്ര! ജയ!
ͥശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ͥശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
അമ്മൂമ്മ ഭക്തിയോട് കൂടി വായിക്കുകയാണ്.
സന്ധ്യമയങ്ങിയതോട് കൂടി പുറത്ത് മഴ ശക്തി പ്രാപിച്ചു. കണ്ടത്തിലെ കോലറയിൽ തവളകൾ ബഹളം തുടങ്ങിയിരിക്കുന്നു. ഇനി രാത്രി മുഴുവൻ അവയുടെ ബഹളം കേൾക്കാം. പുറത്തെ മഴയും വീക്ഷിച്ച് അമ്മൂമ്മ വായിക്കുന്ന രാമായണശീലുകൾക്ക് ചെവികൊടുത്ത് ഞാനവിടെയിരുന്നു, പഞ്ഞകർക്കിടകം ദുരിതങ്ങൾ വിതക്കല്ലേയെന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട്...
സന്ധ്യമയങ്ങിയതോട് കൂടി പുറത്ത് മഴ ശക്തി പ്രാപിച്ചു. കണ്ടത്തിലെ കോലറയിൽ തവളകൾ ബഹളം തുടങ്ങിയിരിക്കുന്നു. ഇനി രാത്രി മുഴുവൻ അവയുടെ ബഹളം കേൾക്കാം. പുറത്തെ മഴയും വീക്ഷിച്ച് അമ്മൂമ്മ വായിക്കുന്ന രാമായണശീലുകൾക്ക് ചെവികൊടുത്ത് ഞാനവിടെയിരുന്നു, പഞ്ഞകർക്കിടകം ദുരിതങ്ങൾ വിതക്കല്ലേയെന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട്...
By: Sreeraj VS
who is the author?
ReplyDelete