നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ചുവിന്റെ അമ്മ... ഉണ്ണിയുടെയും.

"അമ്മെ ഇതാണ് വൈശാഖ് "
അശ്വിൻ വൈശാഖിനെ ചേർത്ത് പിടിച്ചമ്മയോടു പറഞ്ഞു. 'അമ്മ പുഞ്ചിരിച്ചു
"എപ്പോഴും മോന്റെ കാര്യം പറയും കേട്ടോ പ്ലസ് വണ്ണിനല്ലെ ഇവിടെ ചേർന്നത് ?"
"Yea " വൈശാഖ് മെല്ലെ പറഞ്ഞു.
"മോനിരിക്ക് എന്താ ഇഷ്ടം കഴിക്കാൻ ?കുമ്പിളപ്പം ഉണ്ട് എടുക്കട്ടേ ?"
"അയ്യോ അമ്മെ ഇവൻ അമ്മയുടെ കുമ്പിളപ്പം ഒന്നും കഴിക്കില്ല കേട്ടോ വല്ല ബർഗറോ പിസയോ മറ്റോ ആണെങ്കിൽ നോക്കാം അല്ലേടാ ?"
വൈശാഖ് അമ്മയെ നോക്കി നിൽക്കുകയായിരുന്നു.
ഇലപ്പച്ച കരയുള്ള മുണ്ടും നേരിയതും. നെറ്റിയില് ഒരു ചന്ദനക്കുറി . നീണ്ടമുടിയിയുടെ തുമ്പു കെട്ടി തുളസിക്കതിർ വെച്ചിരിക്കുന്നു. ഈ കാലത്തും ഇങ്ങനെ ഒരമ്മ !
"ചിക്കനൊന്നും ഇവിടെ ഇല്ലട്ടോ കുട്ടിയെ ..ഇവിടെ പച്ചക്കറി മാത്രമേ വെയ്ക്കുള്ളു .ഇവനും അച്ഛനുമൊക്കെ പുറത്തു പോയി കഴിക്കും. ഇതിനുള്ളിൽ വയ്ക്കില്ല എനിക്ക് ശീലമില്ല അതാ "
"എടാ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെടാ, അച്ഛൻ ക്രിസ്ത്യാനി ആണെങ്കിലും 'അമ്മ നമ്പൂതിരിയാ കേട്ടോ. വിപ്ലവം സൃഷിടിച്ച കല്യാണം ആയിരുന്നു. വീടിനുള്ളിൽ അമ്മയുടെ ചിട്ടകളാ. പുറത്തു ഞങ്ങളുടേം "അവൻ കണ്ണിറുക്കി.
"'അമ്മ ... അങ്ങനെ വിളിക്കട്ടെ ?" വൈശാഖ് ചോദിച്ചു
"അതിനെന്താ മോനെ അങ്ങനെ വിളിച്ചോളൂ "
"'അമ്മ പറഞ്ഞല്ലോ ഇപ്പൊ എന്തോ ഒരു ഫുഡ് അതിന്റെ പേര് .."അവൻ ഒന്ന് നിർത്തി
"കുമ്പിളപ്പം "
"ആ അത് തന്നോളൂ ..ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ..അതിന്റെ രുചി എനിക്ക് അറിയില്ല "'അമ്മ വേഗം ഒരു പാത്രത്തിൽ അത് വിളമ്പി
"ഉം good one ..നല്ല മധുരമുണ്ട് ..നല്ല രുചിയും "
'അമ്മ സന്തോഷത്തോടെ ചിരിച്ചു ..പിന്നെ അവൻ കഴിക്കുന്നത് നോക്കി, അവനെ നോക്കി നിന്നു.
"മോന്റെ മുടിയെന്താ ഇങ്ങനെ ചെമ്പിച്ച പോലെ എണ്ണ തേയ്ക്കാറില്ലേ ?"
"ഈ 'അമ്മ എന്നെ നാണം കെടുത്തി കൊല്ലുവോ?അമ്മെ ഇത് കുറച്ചു രൂപയൊക്കെ മുടക്കി കളർ അടിക്കുന്നതാ"അശ്വിൻ പറഞ്ഞു
"എന്റെ കൃഷ്ണ !എന്ത് നല്ല മുടി എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യണേ ?"
വൈശാഖ് ആ നിഷ്കളങ്കതയിലേക്കു കൗതുകത്തോടെ നോക്കിയിരുന്നു.
"വൈശാഖിന് ഉണ്ണിയുടെ ഒരു ഛായ അല്ലെ അച്ചു ?"
അശ്വിന്റെ മുഖം ഒന്ന് വാടി. ആദ്യമായി വൈശാഖിനെ കാണുമ്പോൾ അവനതു തോന്നിയിരുന്നു .രണ്ടു വര്ഷം മുൻപ് ഒരു പനിച്ചൂടിൽ തങ്ങളെ വിട്ടുപോയ ഉണ്ണിയുടെ കണ്ണുകളായിരുന്നു അവന്. അതെ നിറവും ചിരിയും . വൈശാഖിനോടവൻ പറഞ്ഞിട്ടുണ്ട്
"എന്റെ ഉണ്ണിയേട്ടന്റെ ഛായ ഉണ്ട് നിനക്കെന്ന് "
വൈശാഖിന് ആ വീടിഷ്ടമായി. ആ അമ്മയെ ഇഷ്ടമായി .അവനതു വരെ കണ്ട കാഴ്ചകളൊന്നുമായിരുന്നില്ല അവിടെ .അത് വരെ രുചിച്ച സ്വാദുകളും ആയിരുന്നില്ല.
അശ്വിൻ ഇല്ലെങ്കിലും അവനവിടെ പോകും.
അശ്വിൻ ഫുട്ബോൾ പ്ലയെർ ആണ് .അവനെപ്പോഴും ടൂർണമെന്റുകൾ ഉണ്ടാകും. അമ്മയോടും അച്ഛനോടും വലിയ ഇഷ്ടമാണെങ്കിലും ഫുട്ബാൾ ആണ് അവന്റെ ജീവവായു .അശ്വിന്റെ അച്ഛൻ ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലെത്തുക. അദ്ദേഹത്തിനു കുറച്ചു ദൂരെ ആണ് ജോലി .
വൈശാഖ് ചെല്ലുമ്പോൾ അമ്മ തുണി തിരുമ്മുകയാണ്
"അമ്മയ്ക്കൊരു വാഷിംഗ് മെഷിൻ വാങ്ങിച്ചു കൂടെ ?"
അമ്മ ചിരിച്ചു
"വൃത്തിയാകില്ല കുട്ടി "
"ഞാൻ വിരിച്ചിടാം "അവൻ ബക്കറ്റ് എടുത്തു പോയി ഓരോന്നായി വിരിച്ചു തുടങ്ങി.
"വേണ്ട ഉണ്ണി "'അമ്മ എപ്പോഴോ അവനെ "ഉണ്ണി "എന്ന് വിളിച്ചു തുടങ്ങിയിരുന്നു
"കഴിഞ്ഞു അമ്മെ "അവൻ പുഞ്ചിരിച്ചു
"മുടിയൊക്കെ കറുത്തല്ലോ "
'അമ്മ മുടിയിൽ തൊട്ടു
"അമ്മയ്ക്കിഷ്ടമല്ലല്ലോ കളർ ചെയ്യുന്നത്? "
വൈശാഖ് ആ മൂക്കിൽ പിടിച്ചു.
"അമ്മെ ഞാൻ അടുത്താഴ്ച ഹൈദ്രബാദ് പോവും കേട്ടോ. കുറെ നാളായി മമ്മ വിളിച്ചോണ്ടിരിക്കുവാ "
അമ്മ ഒന്ന് മൂളി.
"സത്യത്തിൽ എനിക്കിഷ്ടമല്ല അമ്മെ അവിടെ പോകാൻ. മമ്മയുടെ ഹസ്ബൻഡ് , ആളു പാവമാ. എന്നെ വലിയ ഇഷ്ടമാ. പക്ഷെ എനിക്ക് അവിടെ ചെല്ലുമ്പോൾ എന്തോ പോലെയാ .പപ്പയുടെ അടുത്ത് ചെല്ലുമ്പോളും അങ്ങനെ തന്നെ.അവിടെ ആന്റിയും ok ആണ്. പക്ഷെ ഞാൻ ഒരു സ്ട്രേഞ്ചറിനെ പോലെയാ അവിടെ. ആരും എനിക്ക് സ്വന്തമല്ലല്ലോ എന്ന ഒരു തോന്നലാ "
അവന്റെ ശബ്ദം ഒന്നിടറി .
"സാരോല്ല അതൊക്കെ വെറും തോന്നലാ ഉണ്ണി "അവരവന്റെ ശിരസ്സിൽ തലോടി.
"എന്റെ ഉണ്ണി മരിച്ചപ്പോ പിന്നെ ജീവിക്കാൻ കഴിയുമെന്ന് കൂടി ഞാൻ വിചാരിച്ചില്ല. ഇവിടെയൊക്കെ അവന്റെ കളിചിരികൾ ...ശ്വാസം കിട്ടാത്ത ഒരു അവസ്ഥ ആയിരുന്നു .ഇപ്പൊ അതിനെ മറികടന്നില്ലേ ഞാൻ ? ആരും ആർക്കും സ്വന്തമല്ല മോനെ .കാലം മായ്ക്കാത്ത നോവുകളും ഇല്ല .ജീവിതം അങ്ങനെയാണ് ആരുമില്ലെങ്കിലും മുന്നോട്ടു പോകണം .നന്നായി പഠിക്കണം. നല്ല ഒരു എഞ്ചിനീയർ ആകണം. അമേരിക്കയിലൊക്കെ പോയി ജോലി ചെയ്യണ്ടേ ?"
"ഞാൻ എങ്ങും പോവില്ല അയ്യടാ അമേരിക്ക .."
അവൻ ചിരിച്ചു
"വേഗം വരണം കേട്ടോ "
"ഉം "അവൻ വെറുതെ മൂളി
ഹൈദരാബാദിലെ വീട്ടില് തീന്മേശക്ക് മുന്നില് അമ്മയ്ക്കും അങ്കിളിനുമൊപ്പം ഇരിക്കുമ്പോൾ അവനു വിശക്കുന്നുണ്ടായിരുന്നില്ല.
"ചിക്കന്റെ പുതിയ ഡിഷ് ആണ് വൈശാഖ്. ജസ്റ്റ് ട്രൈ ഇറ്റ്."
അവൻ സ്പൂണിൽ ഒരു കഷ്ണം എടുത്തു വായിൽ വെച്ചു
"ഉണ്ണി.. അച്ചപ്പം ഇഷ്ടമാണോ ഉണ്ണിക്കു ?"
" ഈ കൂർക്ക മെഴുക്കുപുരട്ടി ഒന്ന് കഴിച്ചു നോക്കിക്കേ "
"ദേ കിണ്ണത്തപ്പം കഴിച്ചിട്ടുണ്ടോ മോൻ ?"
"ഉള്ളിത്തീയലും തൈരും കൂട്ടി കുഴച്ചു കഴിക്ക്. അതാണ് അതിന്റെ കോമ്പിനേഷൻ "
"അച്ചോടാ മോന്റെ കൈ മുറിഞ്ഞിരിക്കുന്നല്ലോ അമ്മ വാരി തരാട്ടോ .."വായിലേക്ക് നീളുന്ന ചോറുരുളകൾ.
വായിൽ വെച്ച ചിക്കൻ കഷ്ണം അവനു കയ്ച്ചു.
അവൻ വാഷ്‌ബേസിനിൽ അത് തുപ്പി ..
ചുറ്റിലും അമ്മയാണ്. അമ്മയുടെ ഗന്ധം. അമ്മയുടെ ശബ്ദം. അമ്മയുടെ ഓർമ്മകൾ.
റൂമിൽ വന്നു അമ്മയുടെ നമ്പർ ഡയൽ ചെയ്തു .മറുതലയ്ക്കൽ ക്ഷീണിച്ച സ്വരം
"എന്താ അമ്മെ വല്ലതെ? "
"കിടക്കുവാ ഉണ്ണി ഒരു തലകറക്കം "
"അച്ചു എവിടെ ?"
"അവൻ പുറത്തോട്ട് ഒന്ന് പോയി മോൻ വിഷമിക്കണ്ട അവൻ ഇപ്പൊ വരും '
അവൻ കാൾ കട്ട് ചെയ്തു അച്ചുവിന്റെ ഫോണിൽ വിളിച്ചു
''അത് സാരോല്ലടാ അമ്മയ്ക്ക് ബിപി ഉള്ളതല്ലേ അതാണ് പിന്നെ എനിക്ക് തോന്നുന്നത് നീ പോയ അന്ന് മുതല് 'അമ്മ ഗ്ലൂമി ആയിരുന്നു ചിലപ്പോ നിന്നെ മിസ് ചെയ്യുന്നുണ്ടാവും അമ്മയ്ക്ക് "
"നീ ഒന്ന് വീട്ടിലോട്ട് പോയെ അച്ചു 'അമ്മ ഒറ്റയ്ക്കല്ല ഉള്ളു നിന്റെ ഒരു കളി. വേഗം വീട്ടിൽ പോ "
"നീ ടെൻഷൻ ആവല്ലേ. ഞാൻ ദേ പോയി "
ഹൈദരാബാദിലെ വീട്
"ഇത്ര പെട്ടെന്ന് എന്താ വിശാഖ് തിരിച്ചു പോകുന്നത്? കുറച്ചു ദിവസം ഉണ്ടെന്നു പറഞ്ഞിട്ട് ?"
"അത് മമ്മാ ഒരു എക്സാം തീയതി മാറ്റി വെച്ചത് മറ്റന്നാൾ ആണ് "
അവൻ ബാഗ് അടുക്കി.
"ഐ ഐ ടി യിലും NIIT യിലും ഒക്കെ കിട്ടിയിട്ട് അത് വേണ്ട എന്ന് വെച്ച് ആ പട്ടിക്കാട്ടിൽ പ്രൈവറ്റ് കോളേജിൽ പഠിക്കണ്ട വല്ല കാര്യമുണ്ടോ ? കൃത്യത ഉണ്ടാകില്ല ലോക്കൽ പ്രൈവറ്റ് കോളേജുകൾക്ക് "
മമ്മ ലിപ്സ്റ്റിക് പുരട്ടുന്നതിനിടയിൽ അലസമായി പറഞ്ഞു.
അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല ..
അവൻ ചെല്ലുമ്പോൾ വീട് തുറന്നു കിടന്നു
"അമ്മെ " അവൻ ആധിയോടെ എല്ലായിടവും നോക്കി
അലക്കു കല്ലിനടുത്തു നിലത്തു 'അമ്മ
അലറിക്കരഞ്ഞു കൊണ്ടവൻ അവരെ കോരിയെടുത്തു നെഞ്ചോട് ചേർത്ത് വെച്ചു
ഹോസ്പിറ്റലിൽ വെച്ച് അശ്വിന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു വൈശാഖ്
"നിന്നോട് പറഞ്ഞതല്ലേടാ വീട്ടിൽ കാണണമെന്ന് അമ്മയ്ക്ക് വയ്യാത്തതല്ലേ? നിന്റെ നശിച്ച ഒരു കളി. അമ്മയേക്കാൾ വലുതാണോടാ നിനക്ക് ഫുട്ബാൾ ?"
അശ്വിൻ സ്തംഭിച്ചു നിൽക്കുകയായിരുന്നു.
വൈശാഖിന്റെ കണ്ണുകൾ ഇപ്പൊ ഉണ്ണിയുടേതായി. അവന്റെ മുഖം ഇപ്പൊ ഉണ്ണിയുടെ പോലെ തന്നെ.
"അച്ചു 'അമ്മ ഒറ്റയ്‌ക്കെ ഉള്ളു കേട്ടോ എങ്ങും പോകരുത് ഞാൻ ഇപ്പൊ വരാം "ഉണ്ണി പറയും പോലെ ...ആശുപത്രി കിടക്കയിലും പറഞ്ഞത് അതാണ്
"'അമ്മ ....'അമ്മ ഒറ്റയ്ക്കവരുത് കേട്ടോ വയ്യാത്തത് ആണ് "
അവന്റ കണ്ണ് നിറഞ്ഞു. അവൻ മുന്നോട്ടാഞ്ഞു വൈശാഖിനെ ഇറുകെ പിടിച്ചു വിങ്ങിക്കരഞ്ഞു.
"സോറി ഡാ സോറി ..തെറ്റ് പറ്റിപ്പോയി സോറി "
നേഴ്സ് വന്നപ്പോൾ അവർ വേർപെട്ടു മാറി നിന്നു.
"അമ്മയ്ക്ക് ബോധം വന്നിട്ടുണ്ട് കേട്ടോ. ഈ മരുന്നൊക്കെ പുറത്തുന്നു വാങ്ങണം. "വൈശാഖ് കൈ നീട്ടിയപ്പോൾ അശ്വിൻ പെട്ടന്നത് വാങ്ങി.
"നീ അമ്മയുടെ അടുത്തേക്കു ചെല്ല്..ഞാൻ വരുന്നു "
അമ്മയുടെ അടുത്ത് ഇരിക്കുമ്പോൾ 'അമ്മ അവന്റെ മുഖത്ത് മെല്ലെ തൊട്ടു
"എപ്പോഴാ വന്നേ? "
"കുറച്ചു നേരമായി "
"അച്ചു എവിടെ? "
"മരുന്ന് വാങ്ങാൻ പോയി "
"മോൻ വല്ലോം കഴിച്ചോ ?"
അവൻ വിങ്ങിക്കരഞ്ഞു കൊണ്ട് ആ കൈകളിൽ മുഖമണച്ചു.
"അമ്മയ്ക്കൊന്നുമില്ലടാ "'അമ്മ അവനെ നെഞ്ചോടണച്ചു പിടിച്ചു
"അമ്മയ്ക്കൊന്നുമില്ല" അവർ ആവർത്തിച്ച് കൊണ്ടിരുന്നു
ഏതു ജന്മത്തിന്റ തുടർച്ചയാണിതെന്നു അവനു അറിയുമായിരുന്നില്ല ..പക്ഷെ ഒന്നറിയാമായിരുന്നു ...അമ്മയില്ലാതെ വയ്യ ..ഒരടി മുന്നോട്ട് വയ്യ.
ചില ബന്ധങ്ങൾ അങ്ങനെയാണ്. രക്തത്തിന്റെ നൂലുകളാൽ ബന്ധിക്കപ്പെട്ടില്ലെങ്കിലും അത്ര മേൽ ഇഴയടുപ്പമുള്ളത്. വേർപിരിയാൻ വയ്യാത്തത്..

By Ammu santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot