അന്നയാൾ പതിവിലും നേരത്തെയാണ് ഓഫീസിലെത്തിയത്...
സാധാരണ ഒരു പത്തുമിനിറ്റെങ്കിലും വൈകാറുണ്ട്....
ജിമ്മിയോടൊപ്പം പറമ്പിൽ ജാതിചെടികളെ നോക്കി...... വീണുകിടക്കുന്ന കായ്കൾ പറക്കി.... ജിമ്മിയെ പൊക്കത്തിൽ ചാടിച്ചു ബിസ്കറ്റ് കൊടുത്ത്.. പിന്നെ അവനു വിശക്കുമ്പോൾ കഴിക്കാനുള്ള കാളയിറച്ചി ചോറിട്ട് പുഴുങ്ങി വച്ച്... അവനെ കുളിപ്പിച്ചു... അങ്ങനെ ഇറങ്ങുമ്പോൾ വൈകും... ഇന്ന് പക്ഷെ നേരത്തെയാണ്... അതും ഇരുപത് മിനിറ്റ് നേരത്തെ...
"ഇന്ന് സാറ് നേരത്തെയാണല്ലോ " ഗേറ്റിനരുകിൽ നിന്ന സെക്യൂരിറ്റി അതു ഉറപ്പിക്കുകയും ചെയ്തു.......
"എന്റെ ജിമ്മി മരിച്ചു പോയി അണ്ണാ.."
അയാൾ സെക്യൂരിറ്റി യുടെ കൈപിടിച്ച് പറഞ്ഞു....
അയാൾ സെക്യൂരിറ്റി യുടെ കൈപിടിച്ച് പറഞ്ഞു....
"അയ്യയ്യോ... കഷ്ടമായി പോയല്ലോ... എങ്ങനാ ഗോപാലകൃഷ്ണസാറെ..?"
സെക്യൂരിറ്റി മുഖത്തു സങ്കടം നിറച്ചു ചോദിച്ചു...
സെക്യൂരിറ്റി മുഖത്തു സങ്കടം നിറച്ചു ചോദിച്ചു...
"അറ്റാക്കാണെന്ന ഡോക്ടറു പറഞ്ഞത്... ഇപ്പൊ നായ്ക്കൾക്ക് ഇതു സാധാരണയാണത്രെ ".. അയാൾ അതു പറയുമ്പോൾ ഉള്ളിൽ വന്ന തേങ്ങൽ അടക്കി പിടിച്ചു........
ഓഫീസിനകത്തു കസേരയിൽ ഇരുന്നത് അയാൾ കിതപ്പോടെയാണ്.......
"എന്തുപറ്റി ഇന്ന് നേരത്തെയാണല്ലോ "...
അക്കൗണ്ടന്റ് ഷീല അയാളുടെ മുന്നിൽ കൊഞ്ചി....
അക്കൗണ്ടന്റ് ഷീല അയാളുടെ മുന്നിൽ കൊഞ്ചി....
അയാൾ അതിനുത്തരം പറഞ്ഞില്ല....
അവിവാഹിതനും കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്തവനുമായ അയാളോട് ഷീല ഇടയ്ക്ക് കാശു കടം വാങ്ങുകയും വീട്ടിൽ ചായ കുടിക്കാൻ ക്ഷണിക്കാറുമുണ്ട്...
"ഇതെന്താ മൗനം.... എന്തുപറ്റി? " അവൾ ഒന്നുകൂടി കൊഞ്ചി....
"എന്റെ ജിമ്മി മരിച്ചുപോയി ഇന്ന് പുലർച്ചെ... "അയാൾ അസ്വസ്ഥതയോടെ പറഞ്ഞു...
അതു കേട്ടു ഷീല ചുറ്റിനും നോക്കി... എല്ലാവരുടെയും ചുണ്ടിൽ അമർത്തിയ ചിരി......അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു...
"എപ്പഴാ മരിച്ചത് ? " അവൾ ചിരി അമർത്താൻ പാടുപെട്ടു ചോദിച്ചു...
"എപ്പഴാ മരിച്ചത് ? " അവൾ ചിരി അമർത്താൻ പാടുപെട്ടു ചോദിച്ചു...
ചില കോണുകളിൽ നിന്നും അവളുടെ ചോദ്യം കേട്ടു ചിരിയുടെ ഒച്ച പയ്യെ ഉയർന്നു...
അയാൾ ഷീലയുടെ ചോദ്യത്തിന് മറുപടി പറയാതെ നിസ്സഹായതയോടെ ചുറ്റിനും നോക്കി...
തന്റെ പട്ടി മരിച്ചുപോയതു എന്താണിത്ര ചിരിക്കാനുള്ളത്... എത്ര ആലോചിച്ചിട്ടും അയാൾക്ക് മനസ്സിലായില്ല...
അയാൾ ചുറ്റിനും നോക്കി...
തന്നെ കുറിച്ചാവണം അവിടെ എല്ലാവരും കൂടിയിരിന്നു എന്തോ പറഞ്ഞു ചിരിക്കുന്നു... ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട്... ഷീലയോടു ചോദിച്ചാലോ..എന്താണിത്ര ചിരിക്കനെന്നു.... അയാൾ ഒരു വേള ചിന്തിച്ചു.... പിന്നെ വേണ്ടെന്നു വച്ചു..
"സാറിന് ചായക്ക് എന്താ കടി മേടിക്കേണ്ടത് "..ചോദ്യം കേട്ട് അയാൾ തല പൊക്കി ..അറ്റൻഡർ രഘുവാണ്... ..
"എനിക്കു ഒന്നും വേണ്ട രഘു... " അയാൾ അതു പറഞ്ഞു മേശപ്പുറത്തേക്കു തല താഴ്ത്തി....
"സാറെ പട്ടികൾ മരിച്ചു പോയെന്നു ആരും പറയില്ല... ചത്തു പോയെന്നെ പറയു... അതിനാണ് അവരൊക്കെ ചിരിച്ചത് "...രഘു തല താഴ്ത്തി രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു......
അതുകേട്ടു അയാൾ രഘുവിന്റെ മുഖത്തേക്ക് നോക്കി....
രഘു അയാളെ ദയയോടെ നോക്കിയിട്ട് നടന്നു പോയി....
തന്റെ വാക്കുകൾക്കു പിശകു സംഭവിച്ചിരിക്കുന്നു....പട്ടികൾ മരിച്ചുവന്നു പറയില്ലത്രേ ചത്തുപോയെന്നു പറയണം...
ഇത്രയും വിദ്യാഭ്യാസമുള്ള തനിക്കു ഇങ്ങനെ അബദ്ധം പറ്റിയതിൽ അയാൾക്ക് ജാള്യത തോന്നി...
അപ്പോഴാണ് പുലർച്ചെ റബ്ബർ വെട്ടുകാരൻ ചന്ദ്രനും ചിരിച്ചതിന്റെ കാര്യം അയാൾക്ക് മനസ്സിലായത്...
ചന്ദ്രനോട് ജിമ്മി മരിച്ചു പോയെന്നു പറഞ്ഞപ്പോൾ കണ്ടതാണ് അവന്റെ മുഖത്തെ ഒളിച്ചുവച്ച പരിഹാസച്ചിരി....
ചന്ദ്രൻ ജിമ്മിയെ പേടിച്ചിരുന്നു... ജിമ്മി മരിച്ചപ്പോഴുള്ള ആശ്വാസമാണെന്നാണ് ആ ചിരികണ്ടു തോന്നിയത്..... .
മരിച്ചുകിടന്ന ജിമ്മിയെ ചന്ദ്രൻ ഒരു ഭയവും കൂടാതെയാണ് വലിച്ചിഴച്ചു കുഴിയിലിട്ടു മൂടിയത്...
ജിമ്മി വീണ്ടും ഓർമയിൽ വന്നപ്പോൾ അയാളുടെ നെഞ്ചു പിടച്ചു........
താനവനെ സ്നേഹിച്ചിരുന്നു എന്നതിനേക്കൾ അവൻ തന്നെ സ്നേഹിച്ചിരുന്നു എന്ന ചിന്ത അയാളെ തളർത്തി...
"വീട്ടിൽ ഒരു കണ്ടൻ പൂച്ചഉണ്ടായിരുന്നു.... 'കുട്ടൻ'...വണ്ടികേറി ചത്തു... പിള്ളേരു രണ്ടു ദിവസമാണ് തിന്നാതേം കുടിക്കാതേം കരഞ്ഞത്... ഇതുങ്ങളെ വളർത്തിയാൽ ഇതാ കൊഴപ്പം"..... ഉച്ചയൂണിനു ഇരിക്കുമ്പോൾ ക്ലാർക് മായ അയാളുടെ ഇരുപ്പു കണ്ടു പറഞ്ഞു.....
അയാൾ അത് കേട്ട് ചോറിൽ കൈ കൊണ്ടിളക്കി വെറുതെയിരുന്നു...
"സാറിന് പിന്നെ പിള്ളേര് ഇല്ലാഞ്ഞത് നന്നായി... " മായ തുടർന്നു....
അയാൾ അതിനും മറുപടി പറഞ്ഞില്ല....
"ഹോ എന്നാലും എന്തോരം പൈസ ആ പട്ടിയ്ക്കു ചിലവാക്കിയതാ സാറ്... രാവിലെ പാല്.. വൈകിട്ട് പാല്.... ഇപ്പൊ പാലിന് വിലയെന്നാന്നു വച്ചാ...? ഇതു പോരാഞ്ഞിട്ട് ഉച്ചക്ക് കാള കൂട്ടി ചോറ്....... ന്നിട്ട് അവസാനം ഇങ്ങനെ ആയി... ആ പൈസയ്ക്ക് വല്ല ക്ടാവിനേം വളത്തിയിരുന്നേൽ... ശ്ശോ !! "...പ്യുൺ മധു മീൻമുള്ളു വലിച്ചൂരി തിന്നുന്നതിനിടയിൽ പറഞ്ഞു....
"ഞാൻ വൈകിട്ട് ചെല്ലുമ്പോൾ എന്നെ കണ്ടു ഓടിവന്നു ദേഹത്ത് കയറി... ഭയങ്കര സ്‌നേഹമാരുന്നു അവന്.... പാവം!!"...... .അയാൾ ആരോടെന്നില്ലാതെ പറഞ്ഞു...
"സമയസമയത്തിനു കെട്ടി പിള്ളേരും കുടുംമ്പോമൊക്കെ ഉണ്ടാരുന്നേൽ ഒരു പട്ടി ചത്തതിന് ഇത്രേം വെഷമം വരുമോ? "...അക്കൗണ്ടന്റ് ഷീല അതു പറഞ്ഞു മേശയിൽ പറ്റിപ്പിടിച്ച എച്ചിൽ നുള്ളിയെടുത്തു പത്രത്തിലിട്ടു.. ..
അതു കേട്ടതോടെ അയാൾ ചോറൂണ് മതിയാക്കി എഴുന്നേറ്റു...
അതു കേട്ടതോടെ അയാൾ ചോറൂണ് മതിയാക്കി എഴുന്നേറ്റു...
ഉച്ചയൂണ് കഴിഞ്ഞു എല്ലാരും സൊറപറിഞ്ഞിരുന്നപ്പോൾ അയാൾ മേശപുറത്തു തലകുമ്പിട്ടിരുന്നു ജയശ്രീയെ കുറിച്ചു ചിന്തിച്ചു....
ഓടികളിക്കുന്ന പ്രായത്തിൽ തൊട്ടാവാടിമുള്ളു കൊള്ളൂന്നതു കണക്കാക്കാതെ അരീറ്റകുന്നിന്റെ മോളിലുള്ള കുറ്റിക്കാട്ടിൽ നിന്നും പൂച്ചപഴം പറിച്ചു അവൾക്കു കൊടുത്തിരുന്നത്....പിന്നെ വലുതായി പത്താംക്‌ളാസിൽ മൂന്നുവട്ടം തോറ്റു പഠിപ്പ് നിർത്തി വീട്ടിലിരുന്ന അവളെ കാണാൻ സമരം വരുമ്പോഴൊക്കെ കോളേജിൽ നിന്നു പാഞ്ഞു വരുന്നത്.... കുറ്റിക്കാട്ടിലെ ഇരുട്ടിൽ അവളുടെ വിയർപ്പിന്റെ മണമറിഞ്ഞത്.... സൂക്ഷിച്ചു വച്ച കാശുകൊണ്ട് അവൾക്കു ഒരു വാച്ചു സമ്മാനിച്ചത്.....
ഒരു നിമിഷം കൊണ്ട് ഗൾഫുകാരൻ സുരേന്ദ്രന്റെ ഇലഞ്ഞിപൂ മണമുള്ള അത്തറിൽ അതൊക്കെ മറന്നു അവൾ നടന്നു പോയത്....
പിന്നീടൊരിക്കൽ അമ്പലത്തിൽ കണ്ടപ്പോൾ തന്നെയവൾ തിരിച്ചറിഞ്ഞതുപോലുമില്ല....
വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... ഈ അന്പതാമത്തെ വയസ്സിനിടയിൽ പിന്നീടൊരു പരീക്ഷണത്തിന് മുതിർന്നിട്ടില്ല....
ഒന്നരവർഷം മുന്നേ മൂന്നാറിലെ ഒരു തോട്ടക്കാരൻ പതിനഞ്ചു ദിവസം പ്രായമുള്ള ജിമ്മിയെ നിർബന്ധിച്ചു ഏൽപ്പിക്കും വരെ ഒറ്റയാനായി....
പിന്നീടങ്ങോട്ടാണ് ദിവസങ്ങൾ അറിഞ്ഞത്.... സമയം അറിഞ്ഞത്... വീടും തൊടിയും ശ്രദ്ധിക്കാൻ തുടങ്ങിയത്.... ആ വീട്ടിൽ ഒച്ചയുണർന്നതു.... അയാൾ ശബ്ദമില്ലാതെ തേങ്ങി.......ഓഫീസ് വിട്ടു എല്ലാരും പോവാനിറങ്ങോയപ്പോഴും അയാൾ ആയിരിപ്പിരുന്നു....
"ഇതെന്തിരുപ്പാ സാറെ... വീട്ടി പോണ്ടേ..." ഷീല ബാഗും തൂക്കി അയാളുടെ മുന്നിൽ നിന്നു...
അയാൾ തലയാട്ടിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല....
"വീട്ടിൽ വരുന്നോ... ഇന്ന് കാർത്തികയല്ലേ.. കുമ്പളയപ്പവും കരിക്കും കഴിക്കാം... " ഷീല ആശയോടെ അയാളുടെ മുഖത്തേക്ക് നോക്കി....
"അങ്ങേർക്കു ഇന്ന് രാത്രി ഡ്യൂട്ടി യുണ്ട്... ഒന്ന് വായോ... ഞാൻ എത്രകാലമായി വിളിക്കുന്നു.... നിങ്ങടെ വീട്ടിലാണേൽ കാത്തിരിക്കാനും ആരൂല്ല.... ".അതു പറയുമ്പോൾ ഷീലയുടെ കണ്ണു പിടച്ചു... അവളിലെ ആഗ്രഹം അയാൾ കണ്ടില്ലെന്നു നടിച്ചു....
അവളെ അവഗണിച്ചു അയാൾ ബാഗ് എടുത്തു പോവാനൊരുങ്ങി...
അതുകണ്ടു ദേഷ്യം പിടിച്ച് തല വെട്ടിച്ചു ഷീല ഇറങ്ങിപ്പോയി....
ഷീല പറഞ്ഞത് പോലെ ഇനി വീട്ടിൽ കാത്തിരിക്കാൻ ആരുമില്ല.... തനിക്കു ഇനിമുതൽ ഇഷ്ടമുള്ളപ്പോൾ കയറിച്ചെന്നാൽ മതി... ആരും അറിയില്ല....
ജിമ്മി ഇന്നലെ വരെ വളരെ അകലെ നിന്നേ തന്റെ വണ്ടിയുടെ ഒച്ച തിരിച്ചറിഞ്ഞിരുന്നു... ഏതു പാതിരാത്രിക്കും എത്ര ഒളിച്ചിരുന്നാലും തന്നെ അവൻ മനസ്സിലാക്കിയിരുന്നു.... അയാൾ തളർച്ചയോടെ വീണ്ടും കസേരയിൽ ഇരുന്നു....
"സാറെ പോണ്ടേ... ഇറങ്ങിയാട്ടെ... ഓഫീസ് അടയ്ക്കണം ഇന്ന് വീട്ടില് വേഗം ചെല്ലണം വെളക്ക് വയ്ക്കണം... പിള്ളേര് നോക്കിയിരിക്കും... " അറ്റൻഡർ രഘു അയാൾ എണീറ്റ് പുറത്തേക്കു പോകുന്നത് പ്രതീക്ഷിച്ചു നിന്നു..... ...
അയാൾ മെല്ലെ എഴുന്നേറ്റ് രഘുവിന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി...
"എന്റെ ജിമ്മി മരിച്ചു പോയി രഘു... ഇനി ആരാ എന്നെ നോക്കിയിരിക്കാൻ... ".....അയാൾ അതു പറഞ്ഞു പുറത്തേക്കു നടന്നു.
. വീണ്ടും അയാളുടെ വാക്ക്പ്പിശക് ഓർത്തു രഘു അയാൾ പോകുന്നത് നോക്കി നിന്നു...
by Chithra
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക