കാവേരിയുടെ ഇരട്ടപ്പേരായിരുന്നു കോലു നാരായണി. കോല് പോലെ ഉള്ള മുടിയും കൊലുന്നനെ ഉയർന്ന ശരീരവും ഗോതമ്പ് നിറവും കൊണ്ട് കനിഞ്ഞു കിട്ടിയ പേര് തന്നെ.ഇത്തിരി വാശി, അനുസരണക്കേട്, വേലത്തരങ്ങൾ ഒക്കെ കൂട്ടി,തെമ്മാടിത്തരങ്ങളുടെ മേമ്പൊടിയും ചേർന്നാൽ പിന്നെ എല്ലാം മിക്കവാറും അമ്മയുടെ അടിയിൽ കലാശിക്കും. നാരായണിയുടെ രണ്ടു വയസ്സിനു താഴെയാണ് ആറ് വയസ്സുകാരി ദേവു.. ചെമ്പന്‍ മുടിയുള്ള വെള്ളപ്പാറ്റ. അടി വാങ്ങി കൊടുത്തു ഒന്നും അറിയാത്തത് പോലെ നിൽക്കാൻ മിടുക്കി ആണ് ദേവു. എന്നാലും കളിക്കുമ്പോൾ രണ്ടു പേരും വലിയ കൂട്ടാണ്.
മിക്കവാറും തലേന്ന് കണ്ട എന്തെങ്കിലും ആവും കളിക്ക് ആധാരം. ഭാവനകളിലൂടെ പറന്നുയർന്നു പുതിയ കളികൾ ഉണ്ടാക്കും. അപ്പോ നിയമങ്ങൾ ഇഷ്ടം പോലെ വളച്ചൊടിച്ച് ദേവൂനെ പറ്റിക്കാൻ എളുപ്പം ആണ്. പിന്നെ തന്റെ ചേച്ചി കോയ്മ നടപ്പിലാക്കാൻ ഇതിലും നല്ല വഴി വേറെ ഇല്ല.
ആയിടക്ക് ഒരു ദിവസം മുത്തശ്ശിക്ക് സുഖമില്ലാതെ ആയി. ആരോ ചെന്നു ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു. ഡോക്ടർ ബാഗുമായി വരുന്നതും എന്തോ മുത്തശ്ശിയുടെ കൈയിൽ ചുറ്റി പാൽക്കാരന്റെ ഹോൺ മാതിരി ഉള്ള ഒരു സാധനത്തിൽ ഞെക്കുന്നതും മറ്റും നോക്കി കർട്ടനു പുറകിൽ കാവേരി നിന്നു. ഡോക്ടർ എന്തോ പറഞ്ഞു സൂചിയുള്ള ഒരു സാധനം എടുക്കുന്നു, കുഞ്ഞു ബോട്ടിലിൽ നിന്ന് മരുന്ന് കുത്തി എടുക്കുന്നു, രണ്ടു തുള്ളി ആകാശത്തേക്ക് നോക്കി കളയുന്നു, മുത്തശ്ശിയുടെ കൈ പഞ്ഞി കൊണ്ട് തുടയ്ക്കുന്നു, പിന്നെ ഒരു കുത്ത്. ഔ എന്ന് മൂളി അല്പം കഴിഞ്ഞ് മുത്തശ്ശി കണ്ണടച്ചു കിടക്കുന്നു.. ഡോക്ടർ മാമൻ മുത്തശ്ശിയെ കൊന്നോ ആവോ…
"ഉറങ്ങാൻ മരുന്ന് കൊടുത്തിട്ടുണ്ട്, എണീക്കുമ്പോൾ ഭേദമാകും", മാമൻ പറയുന്നതു കേട്ടപ്പോൾ കാവേരിക്ക് സമാധാനം ആയി.
സ്ലേറ്റ് മായ്ക്കാനുള്ള വെള്ളം നിറച്ച് കൊണ്ട് പോകാൻ റബ്ബറടപ്പുള്ള കുപ്പി കിട്ടിയ സന്തോഷം കാവേരിയുടെ മുഖത്ത് മിന്നി. ഇനി ഡോക്ടർ ആ കുപ്പി തിരിച്ചു ബാഗിൽ വെക്കുമോ ആവോ…
"കുപ്പി വേണോ?" ഡോക്ടർ മാമന്റെ ചോദ്യം.
"ഉം , തര്വോ? സ്കൂളിൽ വെള്ളം കൊണ്ട്വോവാനാ"
"എടുത്തോ, നല്ലോണം കഴുകണം ട്ടോ" ,കാവേരി തല കുലുക്കി.
പിറ്റേന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ മുത്തശ്ശി ഓടി നടക്കുന്ന കണ്ടപ്പോൾ തീർച്ചയായി, ഇനി ഡോക്ടർ ആയിട്ടു തന്നെ കാര്യം. പിന്നെ തയ്യാറെടുപ്പുകൾ. സ്കൂളിൽ കൊണ്ട് പോകുന്ന കുഞ്ഞ് സ്റ്റീൽ പെട്ടി എടുത്തു. കുറച്ച് പഴയ ന്യൂസ് പേപ്പറൊക്കെ ഒരു ഗമയ്ക്ക് നിറച്ചു. പേനയിൽ മഷി നിറയ്ക്കുന്ന ഫില്ലർ പെൻസിൽ പെട്ടിയിൽ എടുത്തു വെച്ചു. കൂടെ ഡോക്ടർ മാമൻ തന്ന കുപ്പിയിൽ വെള്ളം നിറച്ചതും.
"ദേവു, നമുക്ക് ഡോക്ടർ, ഡോക്ടർ കളിക്ക്വാ?
നീ സൂക്കേടായിക്കോ". ഇത്തിരി നേരം ആലോചിച്ചു ദേവു തല കുലുക്കി.
നീ സൂക്കേടായിക്കോ". ഇത്തിരി നേരം ആലോചിച്ചു ദേവു തല കുലുക്കി.
രണ്ടു വയസ്സിനു മൂത്തതിന്റെ മുഷ്ക് കാട്ടി കാവേരി ഡോക്ടർ ആയി.അഭിനയിക്കാൻ അവസരം കണ്ട് ദേവു വയറു വേദനക്കാരിയും. .നാഡി പിടിച്ചു നോക്കി, ഒരു ഇഞ്ചക്ഷൻ വേണം.
കാവേരി കുഞ്ഞു കുപ്പിയിലെ വെള്ളം ഫില്ലറിൽ ഞെക്കി എടുത്തു, ആകാശത്തേക്ക് നിറയൊഴിച്ചു.. പിന്നെ ദേവുവിന്റെ കൈത്തണ്ടയിൽ ഒറ്റ കുത്ത്….അതു പ്രതീക്ഷിക്കാത്ത ദേവു അയ്യോ അമ്മേ എന്ന് ഒരു നിലവിളി. പിന്നെ നടന്നത് കുഞ്ഞു ഡോക്ടറുടെ പരിധിക്കപ്പുറം ആയിരുന്നു. ഫില്ലറു പൊട്ടി കഷണങ്ങൾ ദേവുവിന്റെ കൈയിൽ തറച്ചു കയറി. ചോര വാർന്ന് ഒഴുകുന്ന കൈ പിടിച്ചു ബാത്ത് റൂമിലെ പൈപ്പിനടിയിൽ കാണിച്ചു. ആകെ ചോരമയം.
"ദേവൂ കരയാതെ, എനിക്ക് അമ്മടെ കൈയിൽ നിന്നും അടി കിട്ടും "എന്ന് പറഞ്ഞതും, ദേവു "അമ്മത്ത് പയഞ്ഞുകൊക്കും " എന്ന് കരച്ചിലിന്റെ വോളിയം കൂട്ടി. വെളുവെളുത്ത കൈയിൽ നിന്നും വാർന്നൊഴുകുന്ന ചോര തുടക്കലും, അവളുടെ വായ പൊത്തിപ്പിടിക്കലും രണ്ടു പേരുടെയും കണ്ണുകൾ തുടയ്ക്കലും, കരയണ്ടാടീ എന്ന് കെഞ്ചലും ആയി ആകെ ബഹളം. ഇറയത്ത് ഉള്ള കൊന്ന വടി മാത്രമായിരുന്നു കാവേരിയുടെ മനസ്സിൽ.
കരച്ചിൽ കേട്ട് അമ്മയും മുത്തശ്ശിയും ഓടിയെത്തി. കിടക്കണ കുട്ടിക്ക് നടക്കണ കുട്ടി കാലൻ എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു എന്ന് മുത്തശ്ശിയും നിന്നെ ഞാനിന്ന് തല്ലിക്കൊല്ലുമെടി എന്ന് അമ്മയും വരുന്ന വരവു കണ്ടപ്പോൾ ഒറ്റ ഓട്ടം ആയിരുന്നു കാവേരി, കലവറയിലെ അരിച്ചാക്കിന്റെ ഇടയിലുള്ള ഒളികേന്ദ്രത്തിലേക്ക്. അവിടെ തൂങ്ങിയാടുന്ന പഴക്കുലകളും, അവലും വെല്ലപ്പാത്രങ്ങളും ഉള്ളതു കൊണ്ട് വിശപ്പ് പ്രശ്നം ആവില്ല.
അമ്മയുടെ ദേഷ്യവും, കുട്ടീടെ കൈ മുറിഞ്ഞൂലൊ, ഡോക്ടറുടെ അടുത്ത് കൊണ്ട് പോണ്ടേ എന്ന ആവലാതികളും കലവറയിൽ ഒളിച്ചിരുന്നു കേട്ടു കാവേരി. അവളുടെ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ, ഡോക്ടർ മാമൻ കുത്തിയപ്പോൾ ഇങ്ങനെ ചോര വന്നില്ലല്ലോ. പാവം ദേവൂ, വേദനച്ചു കാണുമോ?
സന്ധ്യ ആയപ്പോൾ കലവറയിൽ ഇരുട്ട് കയറി. . ഇരുട്ടിൽ കലവറയിൽ ഇരിക്കുന്നതിൽ ഭേദം അമ്മയുടെ രണ്ടു മൂന്നു അടിയാണ്. പതുക്കെ പുറത്തിറങ്ങി. ദേവുവിന്റെ കൈ വെച്ച് കെട്ടിയിട്ടുണ്ട്. മുഖം പനി കൊണ്ടു വാടിയിരിക്കുന്നു. മുത്തശ്ശിയുടെ അടുത്ത് കിടപ്പാണ്. അമ്മ അടുത്തെങ്ങും ഇല്ല.
കാവേരി മുത്തശ്ശിയുടെ പുറകിൽ ഒളിച്ചു.
കാവേരി മുത്തശ്ശിയുടെ പുറകിൽ ഒളിച്ചു.
ചോറു വാരി തരുമ്പോൾ മുത്തശ്ശിയുടെ ചോദ്യം, "അവളു കുട്ട്യല്ലേ, നീയെന്തിനാ കുത്തിയത്?"
"അതിന് ഞാൻ കുത്തിവെച്ച് കളിച്ചതല്ലേ, മുത്തശ്ശിയുടെ കൈയിൽ ഡോക്ടർ മാമൻ കുത്തീലോ'"
എന്തായാലും അന്ന് കാവേരി തീരുമാനിച്ചു,
'ഞാൻ ഡോക്ടർ ആവ്ണില്ല…'
"അതിന് ഞാൻ കുത്തിവെച്ച് കളിച്ചതല്ലേ, മുത്തശ്ശിയുടെ കൈയിൽ ഡോക്ടർ മാമൻ കുത്തീലോ'"
എന്തായാലും അന്ന് കാവേരി തീരുമാനിച്ചു,
'ഞാൻ ഡോക്ടർ ആവ്ണില്ല…'
By: Lekha Madhavan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക