നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭുവന എന്ന മണവാട്ടി

Image may contain: 1 person, closeup
"അമ്മെ നേരായി "
ജോലിക്ക് പോകാൻ തയ്യാറായ
ഭുവന അകത്തേക്ക് നോക്കി വിളിച്ചു
"ദാ വരുണു മോളെ "
ഒരു കൊച്ചു പാത്രത്തിൽ ചോറും കറിയുമായി വന്ന അമ്മ അത് ഭുവനക്ക്
നൽകി
"മോളെ വൈകിട്ട് വരുമ്പോൾ അച്ചന്റെ മരുന്ന് മേടിക്കണെ"
''ഊം''
അമ്മ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നിന്നു --- ആ മുടിയിലൂടെ വിരലോടിച്ചു
'' തുടങ്ങാം ന്റെ അമ്മയുടെ സ്ഥിരം സെന്റി .....
ന്റെ മോൾടെ കല്യാണം നിയും ശരിയായില്ലല്ലൊ.... ഇത്ര ചെറുപ്പത്തിലെ ന്റ കുട്ടിക്ക് എത്ര ഉത്തരവാദിത്വങ്ങളാ.... ഇതൊക്കെയല്ലെ പറയാൻ പോണെ''
" ന്റ മോളെ ഒരു മണവാട്ടിയായി കാണാൻ കൊതിയാകുന്നു"
"എന്റെ പൊന്നമ്മെ പതിനായിരങ്ങളും ലക്ഷങ്ങളും വിലവരുന്ന വില കൂടിയ സാരികൾ ഉടുത്ത് ഒരു ദിവസം എത്ര പേരുടെ മുന്നിലാ അമ്മയുടെ ഈ മോള് മണവാട്ടിയായി ഒരുങ്ങിക്കെട്ടി നിൽക്കുന്നെ: അത് പോരെ "
" എനിക്ക് അതൊന്നും കേക്കണ്ട. ന്റെ മോളെ സ്നേഹിക്കുന്ന ഒരുത്തന്റെ കയ്യില് ഏൽപ്പിക്കണം: .. അപ്പഴെ ഈ അമ്മക്ക് സമാധാനമാകു''
"ഞങ്ങളുടെ മുതലാളിയുടെ മകൻ സുന്ദരനാ-- .. ഞാൻ ഒന്നു ചോദിച്ചു നോക്കട്ടെ"
"ഒന്നു പോടി "
ഒരു കള്ള ചിരിയോടെ അമ്മയുടെ കവിളിൽ ഒരുമ്മ നൽകി ഭുവന റോഡിലേക്കിറങ്ങി .... ബസ്സ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടന്നു.... നഗരത്തിലെ ഏറ്റവും വലിയ ടെക്സ്റ്റയിൽ ഷോറൂമിലെ ഭുവന എന്ന സെയിൽസ് ഗേൾ:
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ റോഡരികിൽ ചേർന്ന് ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഗോപിയേട്ടനെ ഭുവന കണ്ടു :ഒരു കാലും ഒരു കൈയ്യും തളർന്നു പോയ ഗോപിയേട്ടൻ :
ഭുവന ഗോപിയേട്ടന്റെ അടുത്തേക്ക് നടന്നു....
" ഗോപിയേട്ടാ "
"ങ്ങാ ഭൂവനയൊ.... ഞാനൊന്ന് കാണാനിരിക്കയായിരുന്നു "
"എന്തെങ്കിലും അത്യാവിശ്യം "
"വൈകുന്നേരം കാണാം ... ദേ നിന്റെ ബസ്സ് വരുന്നു"
ഭുവന യാത്ര പറഞ്ഞ് ബസ്സ് കയറാനായി നീങ്ങി
.................................
"ടീ നീ ചായ കുടിച്ചൊ'' സാരികൾ മടക്കി വെക്കുന്നതിന്നിടയിൽ - ചിത്ര ഭുവനയോടായി ചോദിച്ചു
"ന്നാ അധികം ഇരിക്കണ്ട ... നിനക്ക് കസ്റ്റമേഴ്സ് വരുന്നുണ്ട് "
ഭുവന എഴുന്നേറ്റു....
"ഞങ്ങൾക്ക് പുടവ കൊടുക്കാൻ സാരി വേണം... ന്റെ മോന്റെ കല്യാണമാണ് "
വന്നവരിൽ കണ്ണട വെച്ച ഒരു സ്ത്രീ ഭുവന യോടായി പറഞ്ഞു: പതിവുപോലെ ഭുവന അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു: പിന്നെ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമായി അവരുടെ മുമ്പിൽ സാരികൾ നിവർന്നു വീണു - .. കുടെ ഭുവനയുടെ " എക്സ്പർട്ട് കമന്റ്സും"
ഭുവനയുടെ വാചകമടി കേട്ട അവർ ഭുവനയോടായി പറഞ്ഞു
" ദേ മോളെ ഇവനോട് പറഞ്ഞൊ ... ഇവനാ ചെക്കൻ :എന്റെ ഒരേ ഒരു മകൻ "
സമീപത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി ആ സത്രീ പറഞ്ഞു...
"മോളെ ആ പിങ്ക് സാരിയൊന്ന് നോക്കട്ടെ... കൊള്ളാം"
ഭുവന അവർക്കായി ആ സാരി ക യിലെടുത്തു: ഒരു മണവാട്ടി പെണ്ണിനെ പോലെ ആ സാരിയുടുത്ത് ഭുവന അവരുടെ മുമ്പിൽ പല ചുവടുകൾ വെച്ചു നിന്നു:
" നന്നായിരിക്കുന്നു.... നല്ല സാരി"
''മോള് ആ സാരിയുടുത്ത് നിന്നപ്പോൾ ശരിക്ക് ഒരു മണവാട്ടി "
ആ അമ്മയുടെ വാക്കുകൾ കേട്ട ഭുവന പൊട്ടിച്ചിരിച്ചു :
"ഞങ്ങളെ പോലുള്ളവർ ഒരു ദിവസം നാലഞ്ച് പ്രാവശ്യം മണവാട്ടിമാരാകും :പലരുടെയും മുമ്പിൽ പലതരത്തിലുള്ള സാരികളുടുത്ത് "
ഭുവനയുടെ വാക്കുകൾ കേട്ട ആ .അമ്മ ചിരിച്ചു
"മോളെ എനിക്ക് ബാത്ത് റൂമിൽ ഒന്ന് പോണം"
ഭുവന അവർക്ക് വഴി കാണിച്ചു കൊടുത്തു
" എന്താ പേര് "
അമ്മ പോയിക്കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ ചോദ്യം കേട്ട ഭൂവനയുടെ നെറ്റി ചുളിഞ്ഞു
"ന്റെയൊ"
ഭുവന തന്റെ നെയിംപ്ലേറ്റ് കാണിച്ചുകൊടുത്തു
" ഭുവന: എ special and sweet name" -
ആ ചെറുപ്പക്കാരൻ അത് വായിച്ച് പറഞ്ഞു
"താങ്ക് യു "
" ഭുവന എത്ര വരെ പഠിച്ചു "
"ഞാൻ എം കോം പാസ്സായി "
" eഹാ മൈ ഗോഡ്‌ ന്നിട്ടാണൊ ഈ ജോലി "
" ഈ ജോലിക്കെന്താ കുഴപ്പം ''
''ഭുവന യു ആർ എജുക്കേറ്റഡ് :ലുക്കിങ്ങ് സൊ സ്വീറ്റ്: ഭുവനയുടെ ബയോഡാറ്റ എനിക്ക് വാട്ട്സപ്പ് ചെയ്യു: .. അമേരിക്കയിൽ ഞാൻ വിചാരിച്ചാൽ ഒരു നല്ല ജോലി ശരിയാക്കാൻ കഴിയും''
"അയ്യൊ സർ അതൊന്നും വേണ്ട"
"ഭുവന ബി പ്രാക്റ്റിക്കൽ ... എനിക്കവിടെ ഒരു പാട് കൂട്ടുകാരുണ്ട്.... ജീവിക്കാൻ പഠിക്കു: ഐ വിൽ ടെയ് ക്ക് കെയർ ഓഫ് യു'
ഭുവന കയ്യിലിരുന്ന സാരി ചുവട്ടിൽ വെച്ചു .... ആ ചെറുപ്പക്കാരന്റെ സമീപത്തേക്ക് ചെന്നു ....
"സുഹൃത്തെ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കയാണ് നമ്മൾ പരിചയമായിട്ട് ഏതാനും നിമിഷങ്ങളെ ആയുള്ളു..... അതിനുള്ളിൽ തന്നെ 'എന്റെ നമ്പർ ചോദിക്കുന്നു ബയോഡാറ്റ ചോദിക്കുന്നു അമേരിക്കയിൽ ജോലി ശരിയാക്കുന്നു.... ന്നിട്ട് അവസാനം "ഐ വിൽ ടേക്ക് കെയർ ഓഫ് യു ... എന്താ ഉദ്ദേശം ...."
ഭുവന ചുറ്റും നോക്കി ആരും കേൾക്കുന്നില്ലെന്ന് ഉറപ്പു വരുത്തി
" എഴുന്നേറ്റ് പോയ ആ അമ്മയെ ഓർത്താ ഞാൻ ഒച്ചവക്കാത്തത്... എന്ന് വെച്ച് നിനക്ക് രണ്ടു മറുപടി തന്നില്ലെങ്കി പിന്നെ ഞാൻ ഭുവനയല്ലാതായി പോകും... നീയെന്താ കരുതിയെ കുറെ അമേരിക്കൻ ഡോളറിങ്ങോട്ട് ഉലത്തിയാ ഞാനങ്ങ് പ്രണയ പരവശയാകുമെന്നൊ .... നിന്റെ മുഖമടച്ച് എന്റെ കൈ കൊണ്ട് ഒരു ജി എസ് ടി തന്നാലുണ്ടല്ലൊ.... അവന്റെയൊരു " I will take care of you"
ഭുവന രൂക്ഷമായി അവനെ നോക്കി തന്റെ ജോലിയിലേക്ക് മടങ്ങി
.............................
" പള്ളിക്കവല. പള്ളിക്കവല "
പള്ളിക്കവല എത്തിയപ്പോൾ അവിടെയിറങ്ങി ---- പൊടിപറത്തിക്കൊണ്ട് ബസ്സ് മുന്നോട്ട് നീങ്ങി.... ഭുവന വീട്ടിലേക്ക് നടന്നു
സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോൾ വെറുതെ തിരിഞ്ഞു നോക്കി.... സംശയത്താൽ നെറ്റി ചുളിഞ്ഞു: സൈക്കിൾ ഭുവനയുടെ മുന്നിൽ നിർത്തി:ആ ചെറുപ്പക്കാരന്റെ മുഖത് ത്തേക്ക് സൂക്ഷിച്ച് നോക്കി
"നീ നീ രാജീവല്ലെ "
"അതെ അപ്പൊ നിനക്കെന്നെ ഓർമ്മയുണ്ട്
" സൈക്കിൾ സ്റ്റാൻഡിലിട്ട് രാജീവ് ഭുവനയോടായി പറഞ്ഞു
''നിന്നെയൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റുമൊ" തന്റെ വലത്തെ കവിളിലെ കറുത്ത പാടിൽ കൈവിരലുകൾ ഓടിച്ച് ഭുവന പറഞ്ഞു
പ്ലസ്ടു വിന് പഠിക്കുന്ന കാലം.... ക്ലാസിലേക്ക് കയറുന്നതിന് മുൻപ് പെട്ടെന്നായിരുന്നു രാജീവ് മുന്നിൽ വന്ന് നിന്നത്: മറ്റുള്ള കുട്ടികൾ കാൺകെ അവൻ തന്റെ നേരെ ഒരു പ്രേമലേഖനം വെച്ച് നീട്ടി :ആദ്യം വാങ്ങാൻ മടിച്ചു: പിന്നെ മെല്ലെ മേടിച്ചു:ന്നാൽ അത് തുറന്ന് നോക്കാൻ മനസ്സ് അനുവദിച്ചില്ല :അവന്റെ മുന്നിൽ വെച്ച് തന്നെ അത് കീറിക്കളഞ്ഞു--- ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കിറങ്ങിയപ്പോൾ പെട്ടെന്ന് മുന്നിൽ ചാടി വീണ അവൻ ചുണ്ടിൽ എരിയുന്ന സിഗററെറടുത്ത് തന്റെ വലത്തെ കവിളിൽ - ആഞ്ഞു കുത്തി വേദനയാൽ താൻ പുളഞ്ഞു: .. ഹെഡ്മാസ്റ്ററൊട് കംപ്ലെയിന്റ് ചെയ്തു.... പത്ത് ദിവസത്തേക്ക് രാജീവിനെ സ്ക്കൂളിൽ നിന്ന് പുറത്താക്കി
നിമിഷ നേരം കൊണ്ട് ഭുവന എല്ലാം ഓർത്തെടുത്തു
"നീയെന്താ ആലോചിക്കുന്നെ"
രാജീവിന്റെ ചോദ്യം ഭുവനയെ ചിന്തയിൽ നിന്നുണർത്തി
"ഞാനാ പഴയ സിഗററ്റ് കുറ്റി ആലോചിച്ചതാ"
രാജീവ് ചിരിച്ചു:
''അതൊക്കെ.അന്നത്തെ ഓരോ ... ന്താ പറയാ.... "
"അത് പോട്ടെ നീയെന്താ ഞങ്ങടെ നാട്ടിൽ "
'ഞാനിവിടെ അടുത്തുള്ള അലുമിനിയം ഫാക്റ്ററിയിൽ ജോയിൻ ചെയ്തു .... സ്കൂൾ വിട്ടതിന് ശേഷം പോളിടെക്നിക്ക് പഠിത്തമായി മുന്നോട്ട് നീങ്ങി "
ഭുവന എല്ലാം മൂളി കേട്ടു
"നീ രാവിലെ ബസ്സിൽ കയറി പോകുന്നത് കണ്ടു: ഞാനിങ്ങെത്തിയപ്പോഴേക്കും ബസ്സ് വിട്ടു പോയി "
കുറച്ച് നേരം രാജീവും ഭുവനയും പരസ്പരം ഓർമ്മകൾ കൈമാറി
" ഞാനും അമ്മയും കൂടിയാണ് ഇവിടെ താമസം"രാജീവ് തന്റെ വിശേഷം പങ്കുവെച്ചു
രണ്ടു പേരും കുശലം പറഞ്ഞ് മുന്നോട്ട് നീങ്ങി
" ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ''
രാജീവ് സൈക്കിൾ ഉരുട്ടി ഭുവനയോടൊപ്പം നടന്നു കൊണ്ട് ചോദിച്ചു
" പറ ''
"എനിക്ക് ഇപ്പോഴും നിന്നെ ഒരു പാടിഷ്ടാ... നിനക്ക് വിരോധമില്ലെങ്കിൽ നിന്നെ വിവാഹം ചെയ്യാൻ ....
ഭുവന രാജീവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ::
"രാജീവെ ഞാൻ ഒന്നു ചോദിച്ചോട്ടെ.... അന്ന് നിന്റെ കയ്യിൽ സിഗററ്റിന് പകരം ആസിഡായിരുന്നെങ്കിൽ നീ എന്റെ മുഖത്ത് ഒഴിക്കുമായിരുന്നില്ലെ :"
" അന്നത്തെ ആ ദേഷ്യത്തിന് ചിലപ്പോൾ ....: "
''എങ്കിൽ ആ ദേഷ്യത്തിന് ആസിഡൊഴിച്ച് വികൃതമാക്കിയ ഭുവനയാണിപ്പോൾ നിന്റെ മുമ്പിൽ നിൽക്കു'ന്നത് എന്ന് കരുതിക്കൊ. - അത് കൊണ്ട് തൽക്കാലം രാജീവ് ചെല്ല് "
"ഓഹോ അപ്പൊ നീ ഇപ്പൊ വലിയ ഫെമിനിച്ചിയാണല്ലെ ...''
ഭുവന തികഞ്ഞ പുച്ഛത്തോടെ അവന്റെ മുഖത്തേക്ക് നോക്കി
" ഫെമിനിച്ചിയല്ല.... എന്റെ ശരീരവും എന്റെ ജീവിതവും എന്റെത് മാത്രമാണെന്ന് കരുതുന്ന പെണ്ണ് ... നീ ചെല്ല് രാജീവെ "
ഭുവനയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി രാജീവ് സൈക്കിളിൽ മുന്നോട്ട് നീങ്ങി
ഭുവന വീട്ടിലേക്ക് നടന്നു... പടി കടന്നപ്പഴെ കണ്ടു --- അപ്പുറത്തെ വീട്ടിലെ ഗോപിയേട്ടൻ മിററത്ത് അമ്മയുമായി സംസാരിക്കുന്നു ഒരപകടത്തിൽ പെട്ട് .വലതു കൈയ്യും കാലും തളർന്നു പോയ ഗോപിയേട്ടൻ... റോട്ടറി ക്ലബ് സമ്മാനിച്ച മുച്ചക്ര വാഹനത്തിൽ ഇപ്പോൾ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നു..... ഒരു നല്ല എഴുത്തുകാരനാണ് ഗോപിയേട്ടൻ: വലത് കൈ തളർന്നതിന് ശേഷം മനസ്സിൽ കഥ വന്നാൽ തന്നെ വിളിക്കും ... വെള്ളക്കടലാസിലേക്ക് കഥ പകർത്താൻ... രാവിലെ ബസ്സ്റ്റാൻഡിൽ വെച്ച് കണ്ടപ്പോൾ തന്നോട് എന്തൊ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു.... എന്താണാവൊ?
"ങ്ങാ ഭുവന വന്നല്ലൊ :..ന്നാ ഞാൻ ഇറങ്ങട്ടെ "
ഗോപിയേട്ടൻ അമ്മയോട് യാത്ര പറഞ്ഞ് പോകാനൊരുങ്ങി .... പടിവരെ ഭുവനയും അനുഗമിച്ചു:
"ഭുവന, അമ്മയും അച്ഛനും വലിയ വിഷമത്തിലാണ് നിന്നെ ഓർത്ത് - അവർക്ക് വയസ്സായി വരികയല്ലെ ... നിന്നെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാതെ...."
"ഗോപിയേട്ടാ ഞാൻ ഗോപിയേട്ടനെ കെട്ടിക്കോട്ടെ ...."
"ഒന്നു പോടി പെണ്ണെ നിനക്കെല്ലാം തമാശയാ.... പിന്നെ ഒരു കൂട്ടാണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ ആ മതിലിനപ്പുറത്ത് നിനക്ക് ഒരു നല്ല കൂട്ടായി ഞാൻ എന്നും കാണും "
ഭുവന ഗോപി യേട്ടന്റെ കൈ തന്റെ കൈക്കുള്ളിലാക്കി കൂട്ടി പിടിച്ചു
"എനിക്ക് സന്തോഷായി ഗോപിയേട്ടാ :എന്നെ അറിയുന്ന ഞാൻ അറിയുന്ന ഒരു നല്ല കൂട്ട് ... എനിക്കെപ്പോഴും ഓടി വരാൻ പറ്റിയ ഒരു നല്ല സൗഹൃദം.. എനിക്കത് മതി"
'' നിന്നോട് ഒരു കാര്യം. പറയാനുണ്ട് :ഒരു പുതിയ കഥ എന്റെ മനസ്സിൽ പൂർത്തിയായിട്ടുണ്ട്::: നാളെ നമുക്ക് എഴുതി തുടങ്ങാം"
"അതെയൊ .... നാളെ എപ്പൊ വന്നുന്ന് ചോദിച്ചാ മതി"
"എന്താ കഥയുടെ പേര് "
" ഭുവന എന്ന മണവാട്ടി''
''ഹോ മൈ ഗുഡ് നെസ് - എന്നെ ക്കുറിച്ചാണൊ "
അതെ എന്നർത്ഥത്തിൽ ഗോപി തലയാട്ടി -
"ഹോ ഞാനാകെ ത്രില്ലടിച്ചിരിക്കയാണ് ഗോപിയേട്ടാ... നാളെ നമ്മൾ എഴുതി തുടങ്ങുന്നു:
ഗോപി യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി: ഭുവന അതും നോക്കി പടിയും ചാരി നിന്നു
------
പതിവുപോലെ പിറ്റേന്നും വില കൂടിയ സാരികൾ ഉടുത്ത് കാണിച്ച് ഭുവന കസ്റ്റമേഴ്സിന്റ മുന്നിൽ നിന്നു... .
എന്നാൽ അന്നവൾ മനസ്സു കൊണ്ട് ശരിക്കും ഒരു മണവാട്ടിയായി മാറിയിരുന്നു: ഗോപിയേട്ടൻ എഴുതാൻ പോകുന്ന കഥയിലെ മണവാട്ടി:
(ഭുവന എന്ന മണവാട്ടി എന്ന കഥയിലെ)

By:"Suresh Menon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot