നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റൊണാൾഡോ അപ്പുവിന്റെ അഡിഡാസ് ബൂട്ട്.

Image may contain: ഹക്കീം മൊറയൂർ, beard and closeup
ചെറുകഥ.
ഹക്കീം മൊറയൂർ
==============.
ഇതൊക്കെ വേണ്ടെങ്കിൽ വല്ല ആക്രിക്കാർക്കും കൊടുത്തൂടെ?.
നല്ലൊരു ഞായറാഴ്ച ആയിട്ട് ബീവി ഉടക്കാനുള്ള പരിപാടിയാണ്.
ഓടിട്ട വീടിന്റെ അകത്തു നിറഞ്ഞ മാറാല നീണ്ട വടിയിൽ കെട്ടിയ ചൂല് കൊണ്ട് നീക്കുകയായിരുന്ന ഞാൻ ചോദ്യരൂപേനെ അവളെ നോക്കി.
റാക്കിനു മുകളിലെ വലിയ കടലാസ് പെട്ടിക്ക് നേരെ കൈ ചൂണ്ടി കൊണ്ടാണ് അവളുടെ ചോദ്യം.
അപ്പോഴാണ് ഞാനും അത്‌ ശ്രദ്ധിക്കുന്നത്. കാലപ്പഴക്കം വിളിച്ചോതുന്ന പഴയ കടലാസ് പെട്ടി. പൊടി പിടിച്ച പെട്ടിക്ക് എന്തെന്നില്ലാത്ത മനം മയക്കുന്ന പഴമയുടെ സുഗന്ധം.
എന്നാലും അതിനകത്ത് എന്തായിരിക്കും. എന്റെ നെഞ്ചിനുള്ളിൽ ഒരു വലിയ ജിജ്ഞാസ വളർന്നു വന്നു. ഞാൻ പതിയെ ആ പെട്ടി താങ്ങിയെടുത്തു പുറത്തെ വിറകു പുരയുടെ പിറകിൽ കൊണ്ട് പോയി വെച്ചു.
പിന്നെ കുറെ കഴിഞ്ഞാണ് ഞാൻ ആ പെട്ടിയെ കുറിച്ച് ഓർത്തത്.
ഒരു പാട് ഓർമകളുടെ ഭാണ്ഡം പേറുന്ന കടലാസ് പെട്ടി. പണ്ട് ഗൾഫിൽ നിന്നും വന്ന ആരോ ഉപേക്ഷിച്ച പെട്ടി നിധി പോലെ സൂക്ഷിച്ചു വെച്ച് അതിൽ നിറച്ചു വെച്ച കുട്ടിക്കാലത്തെ അമൂല്യ വസ്തുക്കളാണ് പെട്ടിയിൽ നിറയെ.
പെട്ടി തുറന്നപ്പോൾ തന്നെ നേർത്ത പൊടി ഉയർന്നു പൊങ്ങി. ഓല മേഞ്ഞ വിറകു പുരയുടെ നേർത്ത സുഷിരത്തിലൂടെ വന്ന വെളിച്ചത്തിൽ ആ പൊടി വൈരം പോലെ തിളങ്ങി.
കുറെ ബാലരമ, ബാലമംഗളം, പൂമ്പാറ്റ, അമർചിത്രകഥ തുടങ്ങി അന്നത്തെ കഥ പുസ്തകങ്ങളാണ് നിറയെ.
ഒരു ബാലരമ എടുത്തു ഞാൻ മെല്ലെ തുറന്നു നോക്കി. മായാവിയുടെ കഥ ആയിരുന്നു അത്‌. അതിന്റെ വർഷം ഞാൻ നോക്കി.
നവംബർ 1998.
നീണ്ട 21 വർഷത്തെ ഏകാന്ത വാസത്തിനു ശേഷം വെളിച്ചം കണ്ട അന്നത്തെ അമൂല്യ പുസ്തകങ്ങളുടെ വിയർപ്പിന്റെ മണം എത്ര മനോഹരമാണ്. അവ സാവധാനം ശ്വാസമെടുക്കുന്ന ശബ്ദം എത്ര നവ്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്.
പുസ്തകങ്ങൾക്ക് താഴെ കുറെ പൊട്ടിയതും നിറം മങ്ങിയതുമായ കളിപ്പാട്ടങ്ങൾ. അതിനും താഴെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു സാധനം. അത്‌ എന്തായിരിക്കും.
പതിയെ ഞാൻ ആ കവർ തുറന്നു. ഒരിക്കൽ എന്റെ ഹൃദയം കീഴടക്കിയ ഒരു മാസ്മരിക ഗന്ധം എന്നെ കീഴടക്കി. അതിനകത്തു വെളുത്ത നിറത്തിലുള്ള രണ്ടു ബൂട്ട് ആയിരുന്നു.ഫുട്ബോൾ കളിക്കുന്ന ബൂട്ടുകൾ. അഡിഡാസ് എന്ന ലോകോത്തര ബ്രാൻഡിന്റെ അധികം ഉപയോഗിക്കാത്ത ഒരു ജോഡി ബൂട്ടുകൾ.
ബൂട്ടിന്റെ ലെതറിൽ ചുവപ്പ് മഷി കൊണ്ട് എഴുതി വെച്ച അക്ഷരങ്ങൾ.
R. APPU.
എന്റെ നെഞ്ചിലൂടെ ഒരു വല്ലാത്ത മിന്നൽ പുളഞ്ഞു പോയി. വെള്ള ലെതറിലെ നീല വരകൾക്കിടയിൽ ചെരിച്ചെഴുതിയ ചുവന്ന അക്ഷരങ്ങൾ. റൊണാൾഡോ അപ്പു.
എന്റെ ഓർമ്മകൾ ആ പഴയ എട്ടാം ക്ലാസ്സുകാരനിലേക്ക് മടങ്ങുകയായി. കറുത്ത് മെല്ലിച്ചു എല്ലുന്തി പല്ല് പൊങ്ങിയ ആ കുട്ടിക്കാലത്തേക്ക്.
ചെവിയിൽ വളരെ പതിഞ്ഞ ഇടറിയ ഒരു സ്വരം മുഴങ്ങി.
ഞാ ഞാൻ റൊണാൾഡോ. നീ നീ റിവാൾഡോ.
നിഷ്കളങ്കനായ ഒരു പതിമൂന്നു വയസ്സുകാരൻ പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ്. അവന്റെ തളർന്ന വെളുത്ത കാലുകളിൽ അഡിഡാസിന്റെ ബൂട്ട്. ദേഹത്ത് കാനറികളുടെ മഞ്ഞ ജേഴ്സി. നീല ഷോർട്സ്. കുട്ടിത്തം തുളുമ്പുന്ന വെളുത്ത മുഖം സംസാരിക്കുമ്പോൾ ഇടക്ക് അറിയാതെ ചെരിഞ്ഞു പോവുന്നു. വാക്കുകൾ മുറിഞ്ഞു പോവുന്നു. വായിലൂടെ കൊഴുത്ത ഉമിനീർ കിനിഞ്ഞിറങ്ങുന്നു.
ആ ഉമിനീർ അവന്റെ ജേഴ്സിയിലേക്ക് ഉറ്റി വീഴുന്നതിനും മുൻപേ കർചീഫ് കൊണ്ട് തുടച്ചു കൊടുക്കുന്ന വെളുത്തു മെലിഞ്ഞ രണ്ട് കൈകൾ. പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെക്കുന്ന ആ കയ്യുടെ ഉടമസ്ഥ. അപ്പുവിന്റെ അമ്മ.
അപ്പുവിനെ ഞാൻ കാണുന്നത് ലോകക്കപ്പ് ഫുട്ബോൾ നടക്കുന്ന സമയത്താണ്. കൃത്യമായി പറഞ്ഞാൽ 1998 ജൂൺ 10 വൈകുന്നേരം അഞ്ചു മണിക്ക്. കൃത്യം ഓർക്കാൻ കാരണം ലോകകപ്പ് മാമാങ്കം തുടങ്ങുന്ന ദിവസം ആയത് കൊണ്ടാണ്.
ഇടക്കൊന്നു തോർന്ന മഴയിൽ ഓടിക്കിതച്ചു ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആരും എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഞങ്ങളുടെ ഗ്രൗണ്ടിന്റെ താഴെ ഭാഗത്ത്‌ നിറഞ്ഞൊഴുകുന്ന തോടാണ്. തോടിനു മുകളിലൂടെ ഒരു ചെറിയ പാലം. അതിനു ശേഷം രണ്ട് ഭാഗത്തും നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ഒറ്റയടി വരമ്പ്. ആ വരമ്പ് കോഴിക്കോട് പാലക്കാട്‌ ഹൈവെയിൽ അവസാനിക്കുന്നു.
പിന്നെ മറ്റൊരു വഴിയുള്ളത് സ്കൂളിന് ഉള്ളിലൂടെ ആണ്. സ്കൂളിലെ ഗൂർഖയെ പേടിയുള്ളതിനാൽ അത്‌ വഴി ഞങ്ങൾ കുട്ടികൾ അങ്ങനെ വരാറില്ല.
കുറച്ചു നേരം ഗ്രൗണ്ടിൽ ചുറ്റി പറ്റി നിന്നപ്പോഴാണ് ഗ്രൗണ്ടിന് അഭിമുഖമായി നിൽക്കുന്ന ഓടിട്ട അഞ്ചാം ക്ലാസ്സിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത്. ചിലപ്പോ കൂട്ടുകാർ ആയിരിക്കും. മഴയുള്ള ദിവസങ്ങളിൽ ഞങ്ങൾ അവിടെ പോയി ഇരിക്കാറുണ്ട്.
ഒറ്റ ഓട്ടമായിരുന്നു സ്കൂളിനകത്തേക്ക്. ഓടിക്കിതച്ചു വരാന്തയിലെത്തിയപ്പോഴാണ് ക്രെച്ചസിൽ ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടത്.
ഫുട്ബാൾ രാജാക്കന്മാരായ കാനറികളുടെ രാജകുമാരൻ റൊണാൾഡോയുടെ ഒൻപതാം നമ്പർ ജഴ്സി അണിഞ്ഞ ഒരാൾ. ഇടതും വലതും അവനെ താങ്ങി കൊണ്ട് ഒരു ആണും പെണ്ണും.
മറ്റു രണ്ടു പേരെയും ഞാൻ കണ്ടില്ല. കണ്ടത് അപ്പുവിനെ മാത്രം.
റൊണാൾഡോ.
ആവേശത്തോടെ തെല്ലുറക്കെ ആ പേര് ഞാൻ വായിച്ചു.
സാവധാനം അവൻ തിരിഞ്ഞു നിന്നു.
കറുത്ത പറ്റെ വെട്ടിയ മുടിയും വലിയ കണ്ണുകളുമുള്ള സുന്ദരനായ ഒരു ആൺകുട്ടി. പുഞ്ചിരിക്കുന്ന മുഖം. പക്ഷെ തല ഇടക്കിടക്ക് ചെരിഞ്ഞു പോവുന്നു. കൈകൾക്ക് നേരിയ വളവ്. കാലുകൾക്ക് സ്വാധീന കുറവ്. തോളിലൂടെ ചേർത്തു വെച്ച ക്രെച്ചസ്.
അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി അവൻ മനോഹരമായി പുഞ്ചിരിച്ചു.
യെസ്. ഞാ ഞാൻ റൊണാൾഡോ അപ്പു.
വളരെ പതുക്കെ ആയിരുന്നു അവന്റെ സംസാരം. പക്ഷെ ഞാനത് കേട്ടു.
നീ റി റിവാൾഡോ.
പല്ല് പൊന്തിയ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.
പതിയെ അവന്റെ വായിലൂടെ ഉമിനീർ ഒലിച്ചിറങ്ങി. അത്‌ വേഗം ആ അമ്മ തുടച്ചെടുത്തു.
ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.
മോന്റെ പേരെന്താ?.
അപ്പുവിന്റെ അമ്മ സ്നേഹത്തോടെ എന്നോട് ചോദിച്ചു.
ഹക്കീം.
ഞാൻ നിലത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
അപ്പു ആരോടും ഒന്നും മിണ്ടാറില്ല. ആദ്യായിട്ടാ പരിചയമില്ലാത്ത ഒരാളോട് ചിരിക്കുന്നത് തന്നെ.
ഞാൻ അപ്പുവിനെ തന്നെ നോക്കി. പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയാണ് അവൻ.
നിക്ക് കളിക്കണം.
അച്ഛന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ആ ബൂട്ട് ശ്രദ്ധിക്കുന്നത്.
അപ്പുവിന് ഫുട്ബോൾ വല്യ ഇഷ്ടമാണ്.
അവന്റെ അച്ഛൻ അഭിമാനത്തോടെ എന്നോട് പറഞ്ഞു.
ഇത്തവണ ബ്രസീൽ കപ്പടിക്കും എന്നാണ് അവന്റെ പ്രവചനം.
പിന്നല്ലാതെ.
അറിയാതെ എന്റെ സ്വരം ഉയർന്നു. അപ്പു എന്നെ സ്നേഹത്തോടെ നോക്കി.
അന്ന് കുറെ നേരം ഞാനും അപ്പുവും കളിയെ കുറിച്ച് സംസാരിച്ചു. എല്ലാ കളിക്കാരെയും അവനറിയാം.
ഗോൾ കീപ്പർ ടഫാരെൽ, ദുങ്ക, കഫു, റോബർട്ടോ കാർലോസ്, ബെബറ്റോ, റിവാൾഡോ, റൊണാൾഡോ അങ്ങനെ എല്ലാരേയും.
ശരിക്കും ഒരു ഫുട്ബാൾ പണ്ഡിതൻ തന്നെയാണ് അപ്പു. കുറെ സമയം ഞങ്ങളുടെ മനസ്സ് നിറയെ ഫുട്ബോൾ ആയിരുന്നു.
ഒടുക്കം മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിനു മുൻപേ സ്കൂളിന് മുൻപിൽ നിർത്തിയിട്ട അംബാസിഡർ കാറിൽ കയറി അവർ യാത്രയായി. പോവുമ്പോൾ അപ്പുവിന്റെ മുഖത്ത് കണ്ട പുഞ്ചിരി മനോഹരമായിരുന്നു.
അടുത്ത മൂന്നാല് ഞായറാഴ്ച്ച ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. കാണുമ്പോഴൊക്കെ അപ്പുവിന്റെ വേഷം ബ്രസീലിന്റെ ജഴ്‌സി ആയിരുന്നു.
ഒടുവിൽ ലോകം കാത്തിരുന്ന ആ നിമിഷമെത്തി. ലോകക്കപ്പ് ഫൈനൽ നടക്കുന്ന ആ ദിവസം.
ജൂലൈ 12 - 1998.
ബ്രസീലും ഇന്നേ വരെ കപ്പ് നേടാത്ത ഫ്രാൻസും നേർക്ക് നേർ. ലോകം മൊത്തം പ്രതീക്ഷിച്ചത് കാനറികളുടെ ചടുല സാംബ നൃത്തത്തോടെയുള്ള കുറിയ പാസുകളും മനോഹരമായ ഗോളുകളുമായിരുന്നു. റൊണാൾഡോയുടെ മാരക ഫിനിഷിങ് ഫ്രാൻസിനെ കീഴടക്കുന്നത് ഞാനും സ്വപ്നം കണ്ടു.
കളി തുടക്കം തന്നെ സിദാന്റെ കാലിൽ നിന്നും റാഞ്ചിയ പന്തുമായി റോബർട്ടോ കാർലോസ് വലതു വിങ്ങിലൂടെ കുതിച്ചു കയറി വെടിയുണ്ട പോലെ തൊടുത്ത ഷോട്ട് പുഷ്പം പോലെ കയ്യിലൊതുക്കി ബാർതേസ്.
കണ്ണിനു രോമാഞ്ചമേകിയ കളിയായിരുന്നു പിന്നീട്.
ഒഴുകുന്ന നൃത്തചുവടുകളോടെ റൊണാൾഡോയുടെ ബ്രസീലും കൃത്യതയാർന്ന നീളൻ പാസ്സുകളിലൂടെ സിദാന്റെ ഫ്രാൻസും. റൊണാൾഡോയുടെ പല ഷോട്ടുകളും ബാർതേസിന്റെ ഉരുക്ക് മുഷ്ടികളിൽ ഞെരിഞ്ഞമർന്നു.
ഒടുക്കം സിദാൻ എന്ന മാന്ത്രികന്റെ മൊട്ടത്തലയിൽ നിന്നും ഉതിർന്ന രണ്ട് വെടിയുണ്ടകൾ ബ്രസീൽ വലയിൽ മുത്തമിട്ടപ്പോൾ പുതിയ ഒരു ചരിത്രം പിറവി എടുക്കുകയായിരുന്നു. അവസാനം ഇമ്മാനുവൽ പെറ്റിറ്റ് നേടിയ ഗോളോടെ ബ്രസീൽ കരഞ്ഞു. കൂടെ ഞങ്ങളെ പോലുള്ള ആരാധകരും.
അടുത്ത ആഴ്ച്ച അപ്പുവിനെ കണ്ടപ്പോൾ അവൻ ക്ഷീണിതനായിരുന്നു. ബ്രസീലിന്റെ തോൽവി അവനെ ആകെ ഉലച്ചിരുന്നു. എന്ത് കൊണ്ടോ അവൻ കൂടുതൽ ഒന്നും സംസാരിച്ചില്ല. പിരിഞ്ഞു പോവുമ്പോൾ പഴയ ആ പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞതുമില്ല.
പിന്നെ രണ്ടു മൂന്ന് മാസം അപ്പുവിനെ കണ്ടില്ല.
പിന്നീട് ഒരു ഞായറാഴ്ച അവർ വന്നു. കൂടെ അപ്പു ഇല്ലായിരുന്നു.
അപ്പു എവിടെ എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.
അപ്പു മരിച്ചു.
എനിക്ക് ഉൾക്കൊള്ളാൻ പോലും കഴിയാത്ത അത്രക്ക് സങ്കടമായിരുന്നു ആ വാർത്ത. അപ്പുവിന് ജന്മനാ വാൽവിന് തകരാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് അപ്പു മരിച്ചത്. ഒരു മാസം ഹോസ്പിറ്റലിൽ അബോധവസ്ഥയിൽ ആയിരുന്നു.
ഇടക്ക് ഉണരുമ്പോൾ അവൻ നിന്നെ ചോദിച്ചിരുന്നു.
വിതുമ്പിക്കൊണ്ട് അവർ പറഞ്ഞു. അപ്പുവിന്റെ അച്ഛൻ ഇതൊന്നും കേൾക്കാത്ത പോലെ ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് നിന്നു.
എന്നെ കഴിഞ്ഞാൽ പിന്നെ അവനു ഹക്കീമിനെ ആയിരുന്നു ഇഷ്ടം. അപ്പുവിന്റെ ഒരേ ഒരു കൂട്ടുകാരൻ.
സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അപ്പുവിന്റെ അച്ഛന്റെയും അമ്മയുടെയും മിഴികൾ നിറഞ്ഞൊലിക്കുകയായിരുന്നു.
അപ്പുവിന്റെ അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. നീറി നീറി നെഞ്ചിനകത്തേക്ക് കയറി ഹൃദയത്തെ ചുട്ടെരിക്കുന്ന വാക്കുകൾ.
ഇത് നിനക്ക് തരണമെന്ന് അപ്പു പ്രത്യേകം പറഞ്ഞിരുന്നു.
അപ്പുവിന്റെ അമ്മ തന്ന പ്ലാസ്റ്റിക് കവർ തുറന്നു നോക്കിയ എന്റെ നെഞ്ച് പിന്നെയും പൊടിഞ്ഞു.
ആരെ കൊണ്ടും തൊടീക്കാതെ അപ്പു പൊന്നു പോലെ കാത്തു സൂക്ഷിച്ച അഡിഡാസിന്റെ ബൂട്ടുകൾ.
കണ്ണീർ നിറഞ്ഞു എന്റെ കാഴ്ച മങ്ങി. അവർ യാത്ര പറഞ്ഞു പോയിട്ടും എന്റെ മിഴികൾ നിറഞ്ഞു തന്നെ ഇരുന്നു. ഓർമകളിൽ അപ്പു ഒരു മിന്നലായി വന്നു പുളഞ്ഞു.
നീണ്ട ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷവും അപ്പുവിന്റെ ബൂട്ട് അത്‌ പോലെ തന്നെയുണ്ട്. അല്പം നിറം മങ്ങിയിട്ടുണ്ട് എന്ന് മാത്രം.
ഞാൻ സാവധാനം ബൂട്ട് ആ കവറിൽ തന്നെ പൊതിഞ്ഞു. പിന്നെ സാവധാനം പഴയ റാക്കിൽ തന്നെ കൊണ്ട് വെച്ചു.
അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.
വൈകുന്നേരം ഗ്രൗണ്ടിലേക്ക് നടക്കുകയാണ് ഞാൻ. അപ്പുവും ഞാനും ഇരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ വെറുതെ ഞാൻ ഒന്ന് നിന്നു. തൊട്ടപ്പുറത്ത് റൊണാൾഡോയുടെ ഒമ്പതാം നമ്പർ ജഴ്സിയണിഞ്ഞു ആരോ നിൽക്കുന്നത് പോലെ.
റൊണാൾഡോ അപ്പൂ.
അറിയാതെ ഞാൻ വിളിച്ചു.
അപ്പു പെട്ടെന്ന് തിരിഞ്ഞു നോക്കി.
അവന്റെ കാലുകളിൽ അഡിഡാസിന്റെ ബൂട്ട്. ശരീരത്തിന് ഒരു തളർച്ചയുമില്ല. ബൂട്ട് കെട്ടി വാർമിംഗ് കഴിഞ്ഞു നിൽക്കുകയാണവൻ.
വാ ഇറങ്ങാം.
കളി തുടങ്ങാറായിരിക്കുന്നു. വിസിൽ മുഴങ്ങിയതും ടച്ച് ചെയ്‌തു കിട്ടിയ പന്തുമായി അപ്പു മുന്നോട്ട് കുതിച്ചു. മിന്നൽ പോലെയുള്ള ഒറ്റക്കുതിപ്പിൽ നീട്ടിയ പാസ്സ് എന്റെ നേരെ. പന്ത് സ്വീകരിച്ചു ഒരാളെ വെട്ടിയൊഴിഞ്ഞു വീണ്ടും അപ്പുവിന്.
അപ്പുവിപ്പോൾ ബോക്സിനു പുറത്താണ്. തൊട്ടു മുൻപിൽ വട്ടമിട്ട മൂന്ന് ഡിഫെന്റർമാർ. ഇരുകാല് കൊണ്ടും വെട്ടിയൊഴിച്ചു സമർത്ഥമായി ഡ്രിബിൾ ചെയ്‌തു മൂന്ന് പേരെയും കബളിപ്പിച്ചു ബോക്സിലേക്ക് കയറി മുന്നോട്ട് കയറിയ ഗോളിയെയും വലിച്ചു പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് ഒരു പെർഫെക്ട് പ്ലേസിങ്.
ഗോൾ.
കാണികൾ ആർത്തിരമ്പി.
റൊണാൾഡോ അപ്പൂ.
ആയിരമായിരം കണ്ഠങ്ങളിൽ നിന്നും ഒരേ സമയം ആ വിളി വീണ്ടും വീണ്ടും മുഴങ്ങി.
ആവേശം മൂത്തു ഞാനും അപ്പുവും ഒരു ജിനാസ്റ്റിക്കിനെ പോലെ വായുവിൽ കരണം മറിഞ്ഞു.
പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി.
ചുറ്റും കൂരിരുട്ട്.
ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം. സാവധാനം എല്ലാം ഓർമയിൽ തെളിഞ്ഞു വന്നു.
രാവിലെ പെട്ടി തുറന്നത് ബൂട്ട് കിട്ടിയതും എല്ലാം. അപ്പുവിന്റെ ഓർമയിൽ മുഴുകി ഉറങ്ങാൻ കിടന്ന എന്നെ തേടി അപ്പു വന്നിരിക്കുന്നു.
ഒരു യഥാർത്ഥ പോരാളിയെ പോലെ.
അല്ലെങ്കിലും ഉറ്റ സ്നേഹിതനെ മറക്കാൻ ആർക്കാണ് കഴിയുക.
ഞാ ഞാൻ റൊണാൾഡോ അപ്പു. നീ നീ റിവാൾഡോ.
അപ്പുവിന്റെ പതിഞ്ഞ ഇടറിയ സ്വരം വീണ്ടും എന്റെ കാതിൽ പതിഞ്ഞു.
കണ്ണുകളിൽ ഊറിയ കണ്ണീർ തുടച്ചു ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
മേലേ റാക്കിൽ കിടന്നു അപ്പുവിന്റെ ബൂട്ട് പുഞ്ചിരി തൂകുകയായിരുന്നു അപ്പോൾ.
(അവസാനിച്ചു ).
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot