(കഥ)
നഗരത്തിലെ ഒരു പ്രശസ്തമായ ഫ്ളാറ്റ് സമുച്ചയത്തിലെ ഒത്ത നടുവിലത്തെ കെട്ടിടത്തിന്റെ നാല്പത്തിരണ്ടാമത്തെ നില.തീർത്തും വിജനമായതും,വല്ലാതെ ഭയപ്പെടുത്തുന്നതുമായ ഇടനാഴികളും. വായു അറകൾക്ക് സമാനമായ ആഡംബരം എന്നു വിശേഷിപ്പിക്കാവുന്ന അതിവിശാലമായ മുറികളുമടങ്ങുന്ന ആകെ നൂറ്റിയൊന്ന് ഫ്‌ളാറ്റുകൾ.അതിലെ എഴുപത്തി നാലാമത്തെ ഫ്‌ളാറ്റിലാണ് രേഷ്മയുടെ ഇപ്പോഴത്തെ താമസം..
ഇപ്പോൾ, ഏകദേശം രണ്ടു വർഷത്തോളമായിക്കാണും രേഷ്മ തന്റെ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിയിട്ട്.ബി എസി സുവോളജിക്ക് രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് അവളുടെ അപ്പൻ മരിക്കുന്നത്,
അല്ല അവളുടെ അപ്പന് അമ്മതന്നെ വിഷംകൊടുത്തു കൊല്ലുന്നത്.അക്കാര്യം അവൾക്കറിയാമായിരുന്നിട്ടും,പൊലീസിന് കാട്ടികൊടുക്കാത്തതിനു പിന്നിൽ അമ്മയുടെ ഭീഷണിയുടെ സ്വരമായിരുന്നു.. ആ സംഭവത്തിനുശേഷമാണ് അവൾ പഠിത്തം മതിയാക്കിയതും, ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങാതായതും..
പെട്ടെന്ന് രേഷ്മയുടെ മുറിക്കുള്ളിലേക്ക് ഫോർക്കെ തീയേറ്ററുകളിൽ മാത്രം കണ്ടുവരുന്ന ഒരുതരം പച്ചവെളിച്ചം കടന്നുവരികയും,അത് പൊടുന്നനെ അപ്രത്യക്ഷമാവുകയും ചെയ്തു.തന്റെ രണ്ടാനച്ഛൻ ഡ്യൂട്ടി കഴിഞ്ഞെത്തിയിരിക്കുന്നു. അയാൾഫ്രണ്ട് ഡോർ തുറന്നപ്പോൾ ഇടനാഴിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച എൽ ഇ ഡി ബൾബുകളുടെ പച്ചവെളിച്ചമാണ് അകത്തേക്ക് തെറിച്ചുവീണത്...
അതൊന്നും ശ്രദ്ധിക്കാത്തപോലെ,രേഷ്‌മ താൻ വായിച്ചുകൊണ്ടിരുന്ന ഓൺലൈൻ തുടർക്കഥയിലെ അവസാന ഭാഗത്തിലേക്ക് ഊളിയിട്ടു..
കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ചില ഓൺലൈൻ ഗ്രൂപ്പുകളിലെ സ്ഥിര വായനക്കാരിയാണ് അവൾ. അതാണ് അവൾക്ക് ആകെകൂടിയുള്ള നേരമ്പോക്കും.പിന്നെ ചിലപ്പോഴൊക്കെ പ്രൈം വീഡിയോസിൽ റിലീസ് ചെയ്യുന്ന ചില പുതിയ സിനിമകൾ അവിടെ തന്നെയുള്ള നൂറിഞ്ച് പ്രോജെക്ഷൻ ടിവിയിൽ ഇട്ട് കാണും..
ഇവിടേക്ക് വരും മുന്നേ എല്ലാരോടും വാതോരാതെ സംസാരിക്കുന്ന, പഠിക്കാൻ മിടുക്കിയായ ഒരു രേഷ്മയുണ്ടായിരുന്നു ,അങ്ങ് നാട്ടിൻപുറത്തെ ഒരു കൊച്ചു വീട്ടിൽ, അദ്ധ്യാപകനായ അച്ഛന്റെയും ഐ ടി ഉദ്യോഗസ്‌ഥയായ അമ്മയുടെയും പൊന്നോമനയായവൾ..അന്ന് അച്ഛനുമമ്മയും തമ്മിൽ ചെറിയ ചെറിയ ഈഗോ ക്ലാഷുകൾ അല്ലാതെ വേറെ പ്രശ്നമൊന്നും ഉള്ളതായി അവൾക്കറിയില്ലായിരുന്നു. പിന്നെയെപ്പോഴാണീ ചെകുത്താന്റെ സഹവാസം അതിനിടയിലേക്ക് നുഴഞ്ഞുകയറിയത്.? ഒരിക്കൽ യാദൃശ്ചികമായാണ് അമ്മയുടെ മൊബൈലിൽനിന്നും തന്റെ അമ്മയും അയാളുമായുള്ള കിടപ്പറ ദൃശ്യങ്ങൾ രേഷ്മ കാണുന്നത്...അതിനുശേഷം എതാനും ദിവസങ്ങൾ അതോർത്ത് അവളുടെ അപ്പനോട് പറയണമോ വേണ്ടയോ എന്നുള്ള ആധിയിൽ അവൾക്ക് ഉറക്കംതന്നെ നഷ്ടപെട്ടിരുന്നു..ഒടുവിൽ ഒരു ദിവസം അക്കാര്യം അപ്പനോട് അവൾ തുറന്ന് പറയുകതന്നെ ചെയ്തു..
അന്ന് അപ്പൻ അമ്മയോട് മൊബൈൽ ഫോൺ തന്നെ കാണിക്കാൻ ആവശ്യപ്പെട്ട ദിവസം.. രാത്രിയിൽ അമ്മ അപ്പന്റെ ആഹാരത്തിൽ വിഷം കലർത്തിയിരുന്നു.അപ്പൻ രക്തം ശർദ്ധിച്ചു കുഴഞ്ഞു വീഴാൻ തുടങ്ങുമ്പോൾ കയ്യിൽ ആ വിഷക്കുപ്പി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.മാത്രമല്ല അന്നേരം "അവൾ എനിക്ക് വിഷം തന്നൂന്ന്" തന്റടുത്തു പല പ്രാവശ്യം പുലമ്പികൊണ്ടേയിരുന്നു..അപ്പോഴേക്കും അമ്മ ആ ബോട്ടിൽ കയ്യിൽ നിന്നും പിടിച്ചു വാങ്ങുകയും എന്തിനാ 'എന്റെ ഇച്ചായാ ഇത് കാണിച്ചേന്ന്' ഉറക്കെ നിലവിളിച്ചു നാട്ടുകാരെ കൂട്ടുകയും ചെയ്തു..
അതിനുശേഷമാണ് ആ ചെറിയ വീട്ടിൽ നിന്നും, ഈ വലിയ ഫ്ലാറ്റിലേക്ക് അമ്മ താമസം മാറ്റിയത്..ഒപ്പം ആ വൃത്തികെട്ട വീഡിയോവിൽ കണ്ട ആളിനെ അമ്മ ഭർത്താവാക്കുകയും ചെയ്തു.അന്നൊക്കെ തനിക്ക് അതിനൊക്കെ കൂടെ നിൽക്കാനേ കഴിഞ്ഞുള്ളൂ..ഇന്നാണ് താൻ കാത്തിരുന്നയാ ദിവസം അവൾ മനസ്സിൽ പറഞ്ഞു,
രേഷ്മ ഒരുകപ്പു കാപ്പിയുമായി തന്റെ രണ്ടാനപ്പന്റെ ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു. അവിടേക്ക് കടന്നപ്പോൾതന്നെ അവൾ കണ്ടു..അയാൾ ഷർട്ട് ഊരിമാറ്റി അതിനുശേഷം കുനിഞ്ഞ് തന്റെ ഷൂലേസ് ഊരുന്നതിലുള്ള തയാറെടുപ്പിലാണ്.അവൾ അടുത്തേക്ക് ചെന്നു.എന്നിട്ട് കാപ്പി നീട്ടി
അടുത്തുതന്നെയുള്ള മേശമേൽ വച്ചു..അവളുടെ കൊഴുത്ത വാക്സ് ചെയ്ത കണങ്കാലുകളാണ് അയാളുടെ കണ്ണിലേക്ക് ആദ്യം കടന്നെത്തിയത്.
ഇളം മഞ്ഞ നിറത്തിലുള്ള മീഡിയായിരുന്നു അപ്പോൾ അവളുടെ വേഷം..അയാൾ മുഖമുയർത്തി അവളെ ഒന്ന് നോക്കി. പക്ഷേ അയാൾക്ക് അവളുടെ മുഖം കാണാനായില്ല. മഞ്ഞ കളറിൽ തുറിച്ചു നിൽക്കുന്ന മാറിടങ്ങളുടെ മറവിലായിരുന്നു അവളുടെ മുഖം..അപ്പോൾ അവൾ അയാളുടെ മുഖം പിടിച്ചു വലിക്കുകയും ആ നിറഞ്ഞ മാറിലേക്കണയ്ക്കുകയും ചെയ്തു..അയാൾ ആ മാറിലേക്ക് അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ മുഖം പൂഴ്ത്തി………………
ഏതാനും നിമിഷങ്ങൾ മുന്നേ രേഷ്മ അവളുടെ മൊബൈലിൽ നിന്നും ഒരു വാട്ട്സാപ്പ് മെസ്സേജ് തന്റെ അമ്മയുടെ മൊബൈലിലേക്ക് അയച്ചിട്ടുണ്ടായിരുന്നു.അതിലിങ്ങനെ എഴുതിയിരുന്നു..
'ക്ലിക് ദിസ് ലിങ്ക് ബിലോ ടു വാച്ച് ദിസ് ലൈവ് വീഡിയോ.....'
അതിൽ രണ്ടു നീല ശരികൾ ഉമ്മവെച്ചു നിന്നു...
(അവസാനിച്ചു)
✍️ഷാജിത് ആനന്ദേശ്വരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക