Slider

ദൈവം ഭയങ്കര സംഭവം ആണെന്നെ..

0
ഞാൻ കോളേജിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിട്ടും 'അമ്മ ചേച്ചിയുടെ മുടി കെട്ടി തീർന്നിട്ടില്ല .ചേച്ചിയുടെ മുടി നല്ല ഭംഗിയാ ട്ടോ .അരക്കെട്ട് കഴിഞ്ഞു അതങ്ങനെ നീണ്ടു കിടക്കുന്നതു കാണാൻ നല്ല ഭംഗിയാ . എന്റെ തലമുടി പിന്നെ തോളിനു തൊട്ടു താഴെ വെച്ച് മുറിച്ചിട്ടിരിക്കുന്നതു കൊണ്ട് ഒരു ബാൻഡ് കെട്ടിയാൽ ജോലി തീരും .ചേച്ചിയെ കാണാനും നല്ല ഭംഗിയാ. എന്നെ പോലെയല്ല .നന്നേ വെളുത്തു മെലിഞ്ഞു സുന്ദരിക്കുട്ടി . ഞാൻ എന്റെ പേര് പോലെ തന്നെയാ. അയ്യോ ഞാൻ പേര് പറഞ്ഞില്ലല്ലേ ..? എന്റെ പേര് കൃഷ്ണ. സുദേവന്റെയും മാധവിയുടെയും മകൾ ..ഇംഗ്ലീഷ് സാഹിത്യമാണ് വിഷയം ..ഡിഗ്രിക്ക് പഠിക്കുന്നു . എന്റെ ചേച്ചി ദേവി. പേര് പോലെ തന്നെ ദേവി ആണ് കാഴ്ച്ചയിൽ. (സ്വഭാവം മൂധേവിയുടെ ആണെങ്കിലും ) അപ്പൊ ഞാൻ പറഞ്ഞു വരുന്നത്, ഞാൻ കൃഷ്ണ നിറമാണ് .അതിൽ എനിക്ക് കുറച്ചിലൊന്നുമില്ല. അമ്മയ്‌ക്കാ ഭയങ്കര വിഷമം .
"ദൈവമേ ഇവൾക്കാരുടെ നിറമാണോ കിട്ടിയത് .? .ഞാനും ദേവേട്ടനും എന്ത് നിറമാ..'? എന്നൊക്കെ പറയും "
"നിറത്തിലൊക്കെ എന്തിരിക്കുന്നമ്മേ? "എന്ന് ചോദിച്ചാൽ പറയും
"ആ എന്തിരിക്കുന്നെന്നു കല്യാണാലോചന വരുമ്പോൾ അറിയാം. പൊന്നും പണവും കൂടുതൽ കൊടുക്കേണ്ടി വരും "
"അമ്മ നോക്കിക്കോ ..എന്നെ കെട്ടാൻ ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ രാജകുമാരൻ വരും "കുട്ടിക്കാലം തൊട്ടുള്ള എന്റെ പല്ലവി ആണത്.
"ഉവ്വ്. വരും. വല്ല ഡ്രൈവറേയോ കൂലിപ്പണിക്കാരനെയോ നോക്കാം അമ്മെ. അതാവുമ്പോൾ വലിയ കാശു കൊടുക്കണ്ട "അത് ചേച്ചി യുടെ വക ഡയലോഗ് ആണ് കേട്ടോ
അല്ല ഈ കൂലിപ്പണി എന്താ മോശം പണിയാണോ ?ഡ്രൈവർമാരില്ലെങ്കിൽ കേരളത്തിൽ ഒരു വണ്ടി ഓടുമോ ?
വിവരക്കേടിനു കയ്യും കാലും മുളച്ചു ഇറങ്ങിയേക്കുക. പഠിക്കുന്നതോ ഡോക്ടർ ആകാൻ..ആ രോഗികളുടെ കഷ്ടകാലം.
ചേച്ചി ഒരു ലിഫ്റ്റ് തരുന്നത് കൊണ്ട കോളേജിൽ സമയത്തിന് എത്തുന്നേ. അത് കൊണ്ട് ഞാൻ ചേച്ചിയെ ദേഷ്യം പിടിപ്പിക്കുന്നത് ഒന്നും പറയാറില്ല .വലിയ സൗജന്യം ചെയ്യുന്ന പോലെയാ എന്നെ വണ്ടിയിൽ കൊണ്ട് പോകുന്നെ. അച്ഛന്റെ വണ്ടിയാ..ആ അച്ഛന്റെ കാര്യം പറഞ്ഞപ്പോളാ.
എന്റെ അച്ഛൻ ദുബായിൽ ആണ് ട്ടോ. പാവമാ. എന്നെ വലിയ ഇഷ്ടമാ .അച്ഛനെന്റെ നിറത്തെകുറിച്ചോ മുടിയെ കുറിച്ചോ ഒന്നും പറയാറില്ല ..കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് ആണല്ലോ.
ചേച്ചിക്കൊപ്പം യാത്ര ചെയ്യുമ്പോൾ മിണ്ടാൻ പാടില്ല. കോൺസെൻട്രേഷൻ പോകുമത്രേ . പിന്നേ റോക്കറ്റ് വിടുവല്ലേ?
ഞങ്ങളങ്ങനെ പോകുമ്പോൾ ഒരാൾക്കൂട്ടം പതിവ് പോലെ ആക്സിഡന്റ് തന്നെ. .പതിവ് പോലെ തന്നെ ഞാൻ ചേച്ചിയുടെ വണ്ടിയുടെ പുറകിൽ നിന്ന് ചാടിയിറങ്ങി അവിടേക്ക് ചെന്നു.
ഒരാള് ചോരയിൽ കുളിച്ചങ്ങനെ കിടക്കുകയാ
"എന്താ സംഭവം ?'
ഞാൻ മൊബൈലിൽ സംഗതി ഷൂട്ട് ചെയ്യുന്ന ചേട്ടനോട് ചോദിച്ചു.
'റോഡ് മുറിച്ചു കടന്നതാ..ഒരു കാർ വന്നിടിച്ചതാണെന്ന പറഞ്ഞത് ..കാർ നിർത്താതെ പോയി ..ബംഗാളിയാണെന്ന തോന്നുന്നേ ഹിന്ദി ആണെന്ന് തോന്നുന്നു പറയുന്നത് "
ശരിയാണ്. അയാൾ എന്തോ ഹിന്ദിയിൽ ദുർബലമായി പറയുന്നുണ്ടായിരുന്നു. ചോരയിൽ മുങ്ങിയ മുഖവും തലയും ഉടലും .ആരും സഹായിക്കാനില്ല ഞാൻ എല്ലാരോടും ചോദിച്ചു നോക്കി . അവസാനം ഒരു ഓട്ടോ ചേട്ടൻ എന്നെ സഹായിക്കാമെന്നേറ്റു.
ഞാൻ പെട്ടെന്ന് ഓർത്തത്. എന്റെ വീടിനടുത്തുള്ള ജോഷി അങ്കിളിന്റെ ഹോസ്പിറ്റൽ ആണ്. അവിടേക്കു കൊണ്ട് പോയി
"ചേട്ടാ എന്റെ കയ്യിലിപ്പോ കാശൊന്നുമില്ല ട്ടോ നമ്പർ തരാമെങ്കിൽ ഞാൻ നാളെ കോളേജിൽ പോകുമ്പോൾ ചേട്ടന്റെ പൈസ എത്തിക്കാം "
ഞാൻ ഓട്ടോ ചേട്ടനോട് പറഞ്ഞു .ചേട്ടന്റ കണ്ണ് എന്താണാവോ നിറഞ്ഞതു? എന്റെ തലയിലൊന്നു തടവി ചേട്ടൻ പറഞ്ഞു.
"മോളെ, വീട്ടിൽ മൂന്നാലു കുഞ്ഞുങ്ങളുണ്ട്. ഒരു ദിവസത്തെ ഓട്ടം നഷ്ടം ആയാൽ അതുങ്ങൾക്കുള്ള കഞ്ഞികുടി മുട്ടും അല്ലെങ്കിൽ ഞാൻ നിന്നേനെ "
ഞാൻ ചിരിച്ചു കൊണ്ട് ചേട്ടനെ യാത്രയാക്കി .
വിളിച്ചാൽ ഓടി വരുന്ന കുറെ കൂട്ടുകാരുണ്ട് എനിക്ക്.
അവരെയൊക്കെ വിളിച്ചു വരുത്തി ..ബ്ലഡ് സംഘടിപ്പിക്കണം , പോലീസിൽ അറിയിക്കണം .അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലോ.
പോലീസ് വന്നിട്ടും കാര്യമുണ്ടായില്ല അയാളുടെ പക്കൽ ഐഡി കാർഡോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല .ആള് ഉത്തരേന്ത്യൻ ആണെന്ന് ഇടയ്ക്കു എന്തോ പിറുപിറുക്കുമ്പോൾ അറിയാം ..
"ഐഡിയും മൊബൈലും മോഷണം പോയതാവാം " ആക്സിഡന്റ് നടന്ന സ്ഥലത്തു നിന്ന് ആരെങ്കിലും എടുത്തിട്ടുണ്ടാകും "ഡോക്ടർ അങ്കിൾ എന്നോട് പറഞ്ഞു
മൂന്നു ദിവസം അമ്മയും ചേച്ചിയും കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞിട്ടും ഞാൻ ഹോസ്പിറ്റലിൽ പോയി .ചില്ലു ജാലകത്തിലൂടെ അയാളെ നോക്കിയിട്ടു തിരിച്ചു പോരും .നാലാം ദിവസം ഞാൻ ചെല്ലുമ്പോൾ ഹോസ്പിറ്റൽ നിറയെ പോലീസ്.
"മോളെ അയാൾ ഡൽഹിയില് ഒരു എംപിയുടെ മകനാണ് ..ഇവിടെയെന്തിനാ വന്നത് എന്നൊന്നും ഡീറ്റെയിൽസ് കിട്ടിയില്ല .മോളെ ഒന്ന് കാണണം എന്ന് പറഞ്ഞു അയാളുടെ ഫാദർ "ജോഷി അങ്കിൾ എന്നോടു പറഞ്ഞു.
"അതൊന്നും വേണ്ട അങ്കിളേ. അയാളുടെ ആൾക്കാർ വന്നല്ലോ ..എന്റെ ഡ്യൂട്ടി തീർന്നു .."ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
ഞാൻ സത്യം ആണ് പറഞ്ഞത്. അയാൾ രക്ഷപെട്ടു എന്ന് കേട്ടപ്പോൾ വീടിനു മുന്നിലെ എന്റെ തോട്ടത്തിൽ ഒരു ചെടി പൂത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം ആയിരുന്നു എനിക്ക്. എനിക്ക് അത് മതി. ഒന്നിനും വേണ്ടിട്ടല്ല ഞാൻ എല്ലാം ചെയ്യാറ്.. എനിക്ക് സന്തോഷം, സംതൃപ്തി ഒക്കെ തോന്നുന്നത് എന്താച്ചാ അത് ചെയ്യും. അത്ര തന്നെ.
ഞാൻ ആ സംഭവം മറന്നു തുടങ്ങിയപ്പോളാണ് ഉത്തരേന്ത്യൻ ചുവയുള്ള മലയാളത്തിൽ ഡൽഹിയിൽ നിന്ന് എന്നെ തേടി ഒരു ഫോൺ വന്നത്.
അയാളായിരുന്നു അത്.
വീണ്ടും പലതവണ അതെന്നെ തേടി വന്നു. പിന്നീട് എല്ലാ ദിവസങ്ങളിലും
ഒടുവിൽ നേരിലും.
അന്ന് കണ്ടത് പോലെയായിരുന്നില്ല.
കടും നീല നിറത്തിലുള്ള ഷർട്ടിലും ക്രീം നിറമുള്ള പാന്റ്സിലും അയാൾ അതീവ സുന്ദരനായി കാണപ്പെട്ടു .ഗ്ലാസ് മാറ്റിയപ്പോൾ തിളങ്ങുന്ന നീലക്കണ്ണുകൾ ചിരിക്കുന്നത് പോലെ. വെണ്ണ പോലെ മിനുത്ത മുഖം ചുവന്നിരിക്കുന്നു.
.
അയാൾ എനിക്ക് കുറച്ചു പുസ്തകങ്ങൾ കൊണ്ട് തന്നു. ഞങ്ങൾ ഒന്നിച്ചു ഒരു കോഫീ കുടിച്ചു
"ഇനിയെന്നാ കാണുക ?"
അയാൾ ശുദ്ധമല്ലാത്ത മലയാളത്തിൽ മെല്ലെ ചോദിച്ചു
"മലയാളം എങ്ങനെ അറിയാം ?"ഞാൻ തിരിച്ചു ചോദിച്ചു
"'അമ്മ മലയാളി ആണ് "
"പക്ഷെ 'അമ്മ നല്ല പോലെ പഠിപ്പിച്ചിട്ടില്ല ട്ടോ ഭയങ്കര ബോറു മലയാളം ആണ് "ഞാൻ പറഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു
"പറയു കൃഷ്ണ ..ഇനി എന്നാണ് നമ്മൾ കാണുക ?"
"ഡൽഹിയിൽ നിന്ന് എപ്പോളും ഓടി വരാൻ പറ്റുമോ ?"ഞാൻ കുസൃതിൽ ചിരിച്ചു.
"ഇവിടെയാണ് എനിക്ക് പോസ്റ്റിങ്ങ്, കൊച്ചിയിൽ ..സബ് കളക്ടർ ആണ് ..അന്ന് ഒരു ട്രയൽ നോക്കിയതാ ട്രെയിനിൽ ഒക്കെ വന്നിട്ട് ആരും അറിയാതെ കേരളം ഒക്കെ കണ്ടിട്ട് പോകാൻ ....അത് അങ്ങനെ ആയി "
"ദൈവമേ ..."ഞാൻ നഖം കടിച്ചു തുപ്പി ..എനിക്ക് ടെൻഷൻ കൂടി.
"ബാഡ് ഹാബിറ്റ് "അയാൾ എന്റെ വിരലുകളിൽ മെല്ലെ പിടിച്ചു വായിൽ നിന്നു മാറ്റി. ഞാൻ ആ കയ്യിൽ നിന്ന് മെല്ലെ കൈ വലിച്ചെടുത്തു
"പറയു കുട്ടി "
"എന്തിനാ കാണുന്നെ ?പുസ്തക മൊക്കെ തന്നല്ലോ? ഞാൻ ഹാപ്പിയായി. ഇനി
കാണണ്ട "ഞാൻ പെട്ടെന്ന് പറഞ്ഞു .അയാൾ അത് കേൾക്കുന്നതായി തോന്നിയില്ല
"ഞാൻ വിളിക്കട്ടെ വരുമ്പോൾ .."വീണ്ടും
"ഹലോ.. ഞാൻ ആക്‌സിഡന്റിൽ നിന്നു രക്ഷിച്ചതിന്റെ സ്നേഹമാണോ? അത് ആരായാലും ഞാൻ ചെയ്തേനെ "
"അതാണ് പോയിന്റ്. ആരായാലും ചെയ്തേനെ ...ആ മനസാണ് എനിക്ക് ഇഷ്ടം "
"എന്തിഷ്ട്ടം ?ഇഷ്ടമൊന്നും വേണ്ട ..എന്നെ അറിഞ്ഞൂടാഞ്ഞിട്ടാ "
അയാൾ വീണ്ടും ചിരിച്ചു
"ഞാൻ വൈകുന്നേരത്തെ ഫ്‌ളൈറ്റിന് തിരിച്ചു പോകും ..കൃഷ്ണയെ കാണാനാണ് വന്നത് ..കൃഷ്ണയെ കാണാൻ വേണ്ടി മാത്രം ..അന്ന് ഓട്ടോയിൽ കയറ്റിയത് മുതൽ ആ മൂന്ന് ദിവസവും ഞാൻ കൃഷ്ണയെ കാണുന്നുണ്ടായിരുന്നു ..എനിക്ക് ഉള്ളിൽ ബോധവുമുണ്ടായിരുന്നു..സത്യത്തിൽ ഡൽഹിയിൽ എനിക്ക് ഒത്തിരി മിസ്സ്‌ ചെയ്യുന്നതും ഇപ്പൊ കൃഷ്ണയുടെ ഈ മുഖം ആണ്. അതെന്താ അങ്ങനെ എന്നൊന്നും അറിയില്ല "അയാൾ പുഞ്ചിരിച്ചു "ഞാൻ ഇങ്ങോട്ടു പോസ്റ്റിങ്ങ് വാങ്ങിയതും കൃഷ്ണയെ കാണാനാണ് .."
ഞാൻ മുഖം താഴ്ത്തി.
"ഞാൻ വിളിക്കും. ഫോൺ എടുക്കണം. "
ഞാൻ തലയാട്ടി
"മലയാളം കുറച്ചു കൂടെ പഠിക്കണെ .."ഞാൻ കളിയിൽ പാതി നിർത്തി.
"കൃഷ്ണ പഠിപ്പിക്കില്ലേ എന്നെ മലയാളം ?"
അയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
യാത്ര പറഞ്ഞു പോയിട്ടും എനിക്കൊരു സംശയം ഇതൊക്കെ സത്യമാണോ ?ഇയാൾക്ക് ഇനി ആക്‌സിഡന്റിൽ തലയ്ക്കു വല്ല കുഴപ്പോം ?
പറഞ്ഞത് പോലെ ആൾ വന്നു കൊച്ചിയിൽ ചാർജ് എടുത്തു .. ..കൂട്ടത്തിൽ എന്റേം ...
ജീവിതം പോയ പോക്കേ...
ഇപ്പൊ കാണാൻ തോന്നുമ്പോൾ കാണാം. മിണ്ടാൻ തോന്നുമ്പോൾ മിണ്ടാം.. ആളിന്റെ അമ്മ വന്നിരുന്നു ഒരു ദിവസം.. പഠനം തീരട്ടെ എന്ന്... കൊണ്ട് പോകുമത്രേ. ആൾക്കത്ര ഇഷ്ടം ആണത്രേ..
ഇതായിരിക്കുമോ ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ വരുമെന്ന് ഞാൻ അമ്മയോട് പറയാറുണ്ടായിരുന്നു രാജകുമാരൻ..
എന്റെ തമാശ ദൈവം അങ്ങ് സീരിയസ് ആക്കി..
താങ്ക്സ് ട്ടോ..ദൈവമേ എന്തിനാണെന്നോ
ഇത്രയും സ്നേഹം ഉള്ള ഒരാളിനെ തന്നതിന്...
ചേർത്ത് പിടിക്കുമ്പോൾ ഒരു കടലോളം സ്നേഹം പകർന്നു തരുന്ന ആളിനെ..
ഇത്രയും ഭ്രാന്തമായിട്ടൊക്കെ സ്നേഹിക്കാൻ പറ്റുമോ എന്നൊക്കെ തോന്നിപ്പോകും വിധം പ്രണയിക്കുന്ന ആളിനെ
എന്റെ രാജകുമാരനെ...
ദൈവം ഭയങ്കര സംഭവം ആണെന്നെ.
ആർക്കും വേണ്ടാതിരുന്ന ഒരു ചിപ്പിയെ അത്ര മേൽ മൂല്യമുള്ളതാക്കാൻ മറ്റാർക്കാ കഴിയുക?

BY Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo