Showing posts with label SajithVasudevan. Show all posts
Showing posts with label SajithVasudevan. Show all posts

അമ്മേ ഞാൻ പുതിയ ഫ്ലാറ്റ് എടുക്കാൻ പോവാണ്

അമ്മേ ഞാൻ പുതിയ ഫ്ലാറ്റ് എടുക്കാൻ പോവാണ്.. എനിക്ക് അച്ഛന്റെ കുത്തുവാക്കുകളും അടിയും കിട്ടി മടുത്തു... അച്ഛൻ എന്നെ വഴക്ക് പറയാത്ത ദിവസങ്ങളില്ല.. മടുത്തു അമ്മേ... ഞാൻ ഒരു ഫ്ലാറ്റ് എടുക്കും ശമ്പളം ഒന്ന് കിട്ടട്ടെ...!!!
"അരുൺ നിന്റെ തീരുമാനത്തിന് മാറ്റമൊന്നും ഇല്ലല്ലോ...!!"
"ഇല്ല അമ്മേ.. ഞാൻ ആലോചിച്ചു തീരുമാനിച്ചതാണ്...
"നീ അച്ഛനോട് പറഞ്ഞോ ജോലി കിട്ടിയത്... ??!!!"
"ഇല്ല.. പറഞ്ഞാലും നല്ലതൊന്നും പറയില്ല.. പിന്നെ എന്തിനാണ് പറയുന്നത്..."
"അരുൺ നീ ഒരു കാര്യം ഓർക്കണം... ഇന്നലെ വരെ നിനക്ക് ജോലി ഇല്ലാതിരുന്നപ്പോൾ ഈ വീട്ടിലെ ബുദ്ധിമുട്ടുകളും ശകാരങ്ങളും നിനക്ക് പ്രശ്നമായിരുന്നില്ല.. നിനക്ക് അറിയാം വീട് വിട്ടിറങ്ങിയാൽ പട്ടിണിയാകുമെന്ന്... അന്നും ഇത്‌ ബുദ്ധിമുട്ടായിരുന്നേൽ നീ എന്തേ ഇതുവരെ വീടുവിട്ട് പോയില്ല ??.. അച്ഛൻ തരാറുള്ള പോക്കറ്റ് മണിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും നഷ്ടമാകും എന്ന് നിനക്ക് നന്നായിട്ടറിയാം... ജോലി കിട്ടിയതിന് നീ കൂട്ടുകർക്കെല്ലാം പാർട്ടി കൊടുത്തതും അച്ഛന്റെ പൈസ കൊണ്ടു തന്നെയല്ലെ.."
"അമ്മേ ഞാൻ അതെല്ലാം തിരിച്ചു കൊടുത്തോളം..."
"ഹോ.. നീ എത്ര പണമിട്ടു തൂക്കിയാലും അച്ഛൻ ചെയ്തതിനും തന്നതിനും പകരമാകില്ല..ആ തുലാസ് എന്നും താഴ്ന്നു തന്നെയിരിക്കും.. "
"പിന്നെ ...രാത്രി കൂട്ടുകാരുമായി കുടിച്ചു കൂത്താടി വന്നാൽ ഏത് അച്ഛനയാലും ശകാരിക്കും ചിലപ്പോൾ രണ്ടെണ്ണം തന്നു എന്നും വരും.. നിനക്ക് 'അമ്മ പറയുമ്പോൾ ഇതൊന്നും മനസ്സിലാകില്ല നീയും ഒരു അച്ഛനാകണം എങ്കിലേ നിനക്ക് ഇതൊക്കെ മനസ്സിലാകുകയുള്ളൂ.."
"അച്ഛാ എനിക്ക് ജോലി കിട്ടി.. അപ്പോയിൻമെന്റ് ഓർഡറാണ്... "
"അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലല്ലേ..
ഇത്രനാളും മകൻ പഠിച്ചു വലിയ കൊമ്പത്തെ ജോലി കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു.. ഇപ്പോ ആ പ്രതീക്ഷയും പോയി... ഇനി ഞാൻ നാട്ടുകാരോടെല്ലാം എന്ത് പറയും..."
അരുൺ വീട്ടിൽ നിന്നും ഇറങ്ങി.. വളരെ വൈകിയാണ് വീട്ടിൽ എത്തിയത്.. അമ്മ എന്നത്തേയും പോലെ ഉമ്മറത്ത് അവനെയും നോക്കി ഇരിക്കുന്നു..
"മോനെ നീ കഴിക്കുന്നില്ലേ...."
"ഇല്ല എനിക്ക് വേണ്ട.. ഞാൻ കിടക്കാണ്‌ അമ്മേ.."
'അമ്മ ഭക്ഷണമെല്ലാം എടുത്തു വച്ചു നേരെ കിടപ്പ് മുറിയിലേക്ക് പോയി...
അന്ന് കുടിച്ച ബിയറിന്റെ എണ്ണം കൂടിയത് കൊണ്ട് ടോയ്ലറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് അരുൺ അത് കേൾക്കാൻ ഇടയായത്...
"നിങ്ങൾ ഇതുവരെ ഉറങ്ങിയില്ലേ...!!"
"ഇല്ല അവൻ വന്നോ..."
"അവൻ വന്നു ഒന്നും കഴിച്ചില്ല... കുടിച്ചിട്ടുമുണ്ടെന്നു തോന്നുന്നു...
അവന് നല്ല സങ്കടമുണ്ടെന്നു തോന്നുന്നു.. ഒരു ജോലി കിട്ടിയിട്ടും നിങ്ങൾ നല്ലതൊന്നും പറഞ്ഞില്ല...
ഈ കിട്ടിയിരിക്കുന്നത് അത്ര മോശം ജോലിയാണോ...,!!"
"അല്ല ഒരിക്കലും അല്ല... നല്ല ജോലിയാണ്.. "
"പിന്നെ ഇന്നും നിങ്ങൾ അവനെ വഴക്ക് പറഞ്ഞത് എന്തിനാണ്.. !!"
"ഇന്ന് ഞാൻ അവനെ പുകഴ്ത്തി പറഞ്ഞാൽ അവൻ വിചാരിക്കില്ലേ അച്ഛന്റെ ഈ സ്നേഹ പ്രകടനം ജോലി കിട്ടിയത്‌ കൊണ്ടാണെന്ന്...
ഞാൻ ഇന്ന് എന്റെ കൂട്ടുകാരോടും ഓഫീസിലുള്ളവരോടും അഹങ്കാരത്തോടെ

Sajith V

സൈക്കിൾ ബാലൻസ്

Image may contain: 1 person, standing and outdoor

നാട്ടിൽ ഞാൻ സൈക്കിളോടിക്കാറുണ്ട്.. സൈക്കിൾ ബാലൻസ് ഉണ്ടേൽ ഡ്രൈവിംഗ് എളുപ്പമാകുമോ ഉണ്ണിയേട്ടാ.."
ഈ ഡയലോഗ് കേട്ടപ്പോഴേ എനിക്ക് കാര്യം മനസിലായി... ശ്രീമതിക്ക് ഇപ്പോൾ സ്കൂട്ടി ഓടിക്കാൻ പഠിക്കണം...
കെട്ടിക്കഴിഞ്ഞാൽ ഭാര്യയുടെ ഒരോ ഡയലോഗിലും ഒളിഞ്ഞിരിക്കുന്ന പൊരുളെന്താണെന്ന് മനസ്സിലാക്കാൻ ഭർത്താക്കന്മാർക്ക് പ്രത്യേകിച്ച് ക്ലാസ്സൊന്നും വേണ്ടല്ലോ..
ഇന്നലെ അടുത്ത വീട്ടിലെ സുമച്ചേച്ചി ലൈസൻസ് എടുത്തതും വീട്ടിൽ സ്കൂട്ടി ഓടിച്ചു വന്ന കഥയും ഒക്കെ പറഞ്ഞപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്.. ഇത്‌ ഇങ്ങനെയൊക്കെയെ വരൂ എന്ന്...
സൈക്കിൾ ഓടിക്കുന്നത് പോലെ തന്നെയാണ് സ്കൂട്ടി ഓടിക്കലും എന്ന് പറഞ്ഞാൽ അവള് ഉടനെ ചാടിക്കയറി പഠിപ്പിക്കാൻ പറയും ..അതുകൊണ്ടു തന്നെ ഞാൻ സൈക്കിൾ ഓടിക്കുന്നത് പോലെ എളുപ്പമല്ല സ്കൂട്ടി എന്നും.... സ്കൂട്ടി ഓടിക്കുന്നത് പഠിക്കാൻ ഇറങ്ങിയിട്ട് ആക്സിഡന്റ്റ് പറ്റി കിടക്കുന്ന ഒരു ചേച്ചി എന്റെ ഓഫീസിലുണ്ട് എന്നും പറഞ്ഞു..
"എന്തേ രമ്യേ നിനക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണോ...??"
"അയ്യോ.. വേണ്ട ഉണ്ണിയേട്ടാ... ഞാൻ ചോദിച്ചു എന്നേ ഉള്ളു.."
ഇറക്കിയ നമ്പർ ക്ലിക്ക് ആയതിൽ ഞാനും സന്തോഷിച്ചു.. പക്ഷെ ആ സന്തോഷത്തിന് അധികനാൾ ആയുസ്സുണ്ടായില്ല...
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ തുറന്നു പറഞ്ഞു എനിക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കണമെന്ന്... ഇന്നും സുമ ചേച്ചി വീട്ടിൽ വന്നിരുന്നിക്കും എന്റെ മനസ്സ് മന്ത്രിച്ചു..
"രമ്യേ നമുക്ക് പിന്നീട് ഒരിക്കൽ പഠിക്കാം.. ഇപ്പോൾ ബിസിനസ്സിന്റെ തിരക്കുകൾ ധാരാളമുണ്ട്..."
പക്ഷെ അവൾ സമ്മതിച്ചില്ല...
"എനിക്കിപ്പോൾ പറ്റില്ല... ഒത്തിരി തിരക്കുകളുണ്ട്.." ഞാൻ തീർത്തു പറഞ്ഞു...
പൂച്ചക്കുട്ടിയെ പോലെ ഇരുന്ന അവൾ പെട്ടെന്ന് പുലിക്കുട്ടിയായി... എന്റെ പ്രതീക്ഷയുടെ വേൾഡ് ട്രേഡ് സെന്റെറിലേക്ക് അവളുടെ ദേഷ്യത്തിന്റെ വിമാനം ഇടിച്ചു കയറ്റിയാണ് അവൾ അത് തെളിയിച്ചത്..
"ഉണ്ണിയേട്ടാ... നിങ്ങൾ പണയം വയ്ക്കാൻ ചോദിച്ച മാല തരണമെങ്കിൽ എന്നേ ഡ്രൈവിങ് പഠിപ്പിക്കണം....."
സംഗതി പന്തിയല്ലെന്ന് കണ്ടപ്പോൾ ഞാൻ പ്ലേറ്റ് മാറ്റി..
"രമ്യേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... അത് ഇത്ര കാര്യമാക്കണോ..."
"ഉണ്ണിയേട്ടാ ഞാൻ തമാശ പറഞ്ഞതല്ല...എനിക്ക് പഠിച്ചേ പറ്റൂ .."
അത് എനിക്ക് മനസ്സിലായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. എങ്കിലും പുറത്ത് പറഞ്ഞില്ല.. നാളെ ഞായറാഴ്ച അല്ലേ ..നാളെ തന്നെ ഞാൻ നിന്നെ പഠിപ്പിച്ചിരിക്കും... ഞാനും ദൃഢനിശ്ചയമെടുത്തു.. മാലയുടെ കാര്യമാണ്... പെണ്ണ് പറഞ്ഞത് പോലെ ചെയ്താലോ നഷ്ടം എനിക്കല്ലേ...
പഠിപ്പിക്കാം എന്ന്‌ വാക്കും കൊടുത്തു നേരേ എന്റെ സ്കൂട്ടിയിലേക്ക് നോക്കിയപ്പോൾ... അത് എന്നെ ദയനീയമായൊന്നു നോക്കിയിട്ട്.. "കാലമാട എന്നേ കൊലക്ക് കൊടുത്തല്ലേ .." എന്ന് ചോദിക്കുന്നത് പോലെ തോന്നി...
പിറ്റേ ദിവസം ഞാൻ മാഷും അവൾ വിദ്യാർത്ഥിനിയും ആയി... ആദ്യത്തെ സ്കൂട്ടി ഓടിക്കൽ പരിശീലനത്തിൽ തന്നെ മുറ്റത്തെ മണ്ണ്‌ നന്നായൊന്ന് ടെസ്റ്റ് ചെയ്‌തെങ്കിലും.. രമ്യ പുറത്തു കാണിക്കാതെ വേദന കടിച്ചമർത്തി....
ആ മണ്ണ് ടെസ്റ്റിങ്ങ്‌ കണ്ടപ്പോഴേ ഞാൻ മനസ്സിലോർത്തു ഇന്നത്തോടെ അവളുടെ സ്കൂട്ടി ഓടിക്കൽ പൂതി മതിയാക്കിക്കൊടുക്കണം എന്ന്...
പഠിപ്പ് പുരോഗമിച്ചു ..കൂടെ വീഴ്ചകളും.. പറമ്പിലെ അതിരെല്ലാം പഞ്ചായത്ത് റോഡ് പോലെയായി... കുറച്ച്‌ ശരിയായി വന്നപ്പോൾ അവൾക്ക് റോഡിലേക്ക് ഇറങ്ങണം... സത്യത്തിൽ സുമച്ചേച്ചിയെ ഒന്ന് കാണിക്കണം അതാണ് കാര്യം...
സുമച്ചേച്ചിയെ കാണിക്കാൻ വേണ്ടിയുള്ള തത്രപ്പാച്ചിലിൽ അവൾ വണ്ടിയെടുത്തു... തന്റെ ശക്തി എല്ലാം ആക്സിലേറ്ററിന്മേൽ പുറത്തെടുത്തതും ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി വേണ്ടി വന്നില്ല... അവരുടെ വീടിന്റെ വേലി തകർത്ത് രണ്ടു വാഴയും തകർത്തു നേരെ കിടക്കുന്നു മുറ്റത്ത്....
എല്ലാം ഒരു സ്വപ്നം പോലെ... കണ്ണു തുറന്നു നോക്കിയപ്പോൾ രമ്യയേ കാണാൻ ഇല്ല... രമ്യേ രമ്യേ എന്ന് വിളിച്ചപ്പോൾ.. ഒരു കപ്പ് വെള്ളവും കൊണ്ട് അവൾ ഓടി വന്നു..
"നിനക്ക് ഒന്നും പറ്റിയില്ലല്ലോ..!!"
"എനിക്കൊന്നും പറ്റിയില്ല.... "
"പിന്നേ നീ എവിടെ
പോയതാണ്.. "
"വണ്ടിയിൽ നിന്നും വീണപ്പോൾ ഞാൻ എഴുന്നേറ്റ് ഉണ്ണിയേട്ടനെ ഒത്തിരി വിളിച്ചു.. എഴുന്നേൽക്കാഞ്ഞപ്പോൾ വെള്ളമെടുക്കാൻ പോയതാണ്..."
വീണ വീഴ്ചയിൽ എന്റെ ബോധം പോയോ ദൈവമേ ..!! ഞാൻ എഴുന്നേക്കാൻ ശ്രമിച്ചു.. കാലുകൾക്ക് കുഴപ്പമില്ല.. കയ്യിൽ നല്ല വേദനയുണ്ട്.. രണ്ടു മുട്ടിലും ഒരു ലേശം തോലില്ല... ചക്കിന് വച്ചത് കൊക്കിനാണല്ലോ കൊണ്ടത് ദൈവമേ...
"ഉണ്ണിയേട്ടൻ പറഞ്ഞത് ശരിയാണ്... സൈക്കിൾ ഓടിക്കുന്ന പോലെ ഇത്‌ അത്ര എളുപ്പമല്ല... നമുക്ക് വീട്ടിൽ പോകാം... "എന്റെ അവസ്ഥ കണ്ടിട്ട് സങ്കടം ഉണ്ട് പാവത്തിന്..
"വേണ്ട രമ്യേ....ഇനി ഇപ്പൊ നമുക്ക് പഠിച്ചിട്ടു പോയാൽ മതി... "
"ഉണ്ണിയേട്ടൻ പേടിക്കേണ്ട... മാല ഞാൻ തന്നോളാം പണയം വെക്കാൻ... ഈ വണ്ടി ഓടിക്കൽ ഒന്നും എനിക്ക് പറ്റുന്ന പണിയല്ല.. ഞാൻ ഉണ്ണിയേട്ടന്റെ പിന്നിലിരുന്നോളാം.. അതാണ് നല്ലത്... "
സംഭവം ശരിയാണെങ്കിലും ഇത്ര ഒക്കെ സംഭവിച്ചതല്ലേ... ഇനി പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം ഞാനും മനസ്സിൽ കരുതി...
അങ്ങനെ രമ്യ സ്കൂട്ടി ഓടിക്കാൻ പഠിച്ചു ..അവളുടെ പുറകിൽ ഇരുന്ന് ഞാനും ഇടയ്ക്കു യാത്ര ചെയ്യാറുണ്ട്...കാലാന്തരത്തിൽ സ്കൂട്ടി അവൾ എന്നന്നേക്കുമായി തീറെഴുതി വാങ്ങി ...അതുകൊണ്ട് ഞാൻ ഒരു ബുള്ളറ്റ് എടുത്തു ...കഴിഞ്ഞ ദിവസം ഓം ശാന്തി ഓശാന കണ്ടുകൊണ്ടിരുന്നപ്പോൾ അവൾ പറയുകയാണ് ...
"ഉണ്ണിയേട്ടാ നസ്രിയ ബൈക്ക് ഓടിക്കുന്നത് കാണാൻ നല്ല രസമുണ്ടല്ലേ ..അത് ബുള്ളറ്റ് ആയിരുന്നേൽ കുറെ കൂടി നന്നായേനെ അല്ലെ .." എന്ന്...
" സ്കൂട്ടി ഓടിക്കാൻ അറിഞ്ഞാൽ ബുള്ളെറ്റ്‌ ഓടിക്കാൻ എളുപ്പമാകുമോ ഉണ്ണിയേട്ടാ.."
ദൈവമേ ....ഇനി ഇതും കൂടിയേ ബാക്കി ഉള്ളൂ...എന്റെ അവസ്ഥ ഇനി കണ്ടറിയേണ്ടിവരും...!!!
Sajith_Vasudevan(ഉണ്ണി..)

താത്പര്യം ഇല്ല, പ്രണയിക്കാൻ


Image may contain: 1 person, standing and outdoor

എനിക്ക് താത്പര്യം ഇല്ല..പ്രണയിക്കാൻ ഒന്നും എനിക്ക് കഴിയില്ല... എന്റെ അമ്മയും അച്ഛനും ചേട്ടനും എന്നേ വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്.. നീ വേറേ ആരുടെയെങ്കിലും പുറകേ നടന്നോളൂ
..എന്നേ വിട്ടേക്ക്.. നിനക്ക് പ്രണയിക്കാൻ വേറേയും ഒത്തിരി പേരെ കിട്ടും.. എന്റെ വീട്ടുകാരുടെ ഏറ്റവും വലിയ ആഗ്രഹമാണ് എന്നേ ഒരു ഡോക്ടറാക്കണമെന്നത് അതിലും വലുതായി എനിക്ക് ഒന്നും ഇല്ല..."
"അമൃതേ..എനിക്ക് നിന്നേ ഇഷ്ടമായത് ഇതുകൊണ്ടൊക്കെയാണ്....നീ പേടിക്കേണ്ട പിന്നാലെ നടന്നു ബുദ്ധിമുട്ടിക്കില്ല ഇനി ഞാൻ ...വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചോളാം.."
"മനു ..നിനക്ക് എന്തിനാടാ ആ ദരിദ്രവാസി പെണ്ണ്...നിനക്ക് എന്തുകൊണ്ടും ഇതിലും നല്ല പെണ്ണിനെ കിട്ടുമല്ലോ.!!"
"ഡാ വിഷ്ണു.. നിനക്ക് ഇതുവരെ എന്നെ മനസ്സിലായില്ലേ... നീ എന്തു കരുതി എനിക്ക് അവളോട്‌ ദിവ്യപ്രണയമാണെന്നോ... ഇതൊക്കെ ഒരു നേരംപോക്കല്ലേ .. ഞാൻ അവളുടെ പുറകേ നടക്കാൻ തുടങ്ങിയിട്ട് നാള് കുറേ ആയി.. ഇതുവരെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല.. എന്നെ മാത്രമല്ല ഈ കോളേജിലെ ആരെയും..പക്ഷെ ഈ മനു ഒന്ന് ആശിച്ചാൽ നേടിയിരിക്കും അത് എന്തായാലും... ഇവളുടെ കാര്യത്തിൽ ഇഷ്ടമാണെന്ന് പറഞ്ഞുനടന്നിട്ട് കാര്യമില്ല.....വിഷ്‌ണു നിനക്ക് അറിയോ ഒരു പെണ്ണിനെ വളക്കാൻ ഉള്ള ഏറ്റവും നല്ല വഴി.. പുറകേ നടക്കലും ഇഷ്ടമാണോന്നു ചോദിക്കലും അല്ല... എനിക്ക് നിന്നേ ഇഷ്ടമാണ്... വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചോട്ടെ എന്നൊരു ചോദ്യമാണ്.. അതിൽ വീഴാത്ത ഒരു പെണ്ണും ഇല്ല മച്ചാനെ...
നീ ശ്രദ്ധിച്ചോ.. അവൾ ഇന്നേ വരെ എന്നേ തിരിഞ്ഞു നോക്കാത്തവളായിരുന്നു.. ഇന്ന് അവൾ എന്നേ നോക്കി ചിരിച്ചു... സംസാരിച്ചു... ഇനി അവള് പറയും ഇഷ്ടമാണ് എന്നും.. നീ വഴിയേ കണ്ടോ വിഷ്ണു... "
മനു പറഞ്ഞതു പോലെ തന്നെ അമൃതയും മനുവും പ്രണയത്തിലായി.. ജീവിതത്തിൽ അച്ഛനെയും ചേട്ടനെയും അല്ലാതെ മറ്റൊരു ആണിനെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്തത് മനുവിനെയാണ്... എന്നാൽ അത് അധികകാലം നീണ്ടു നിന്നില്ല... മനുവിന്റെ തനി നിറം അമൃത അറിഞ്ഞു... അത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.. സ്വന്തമെന്ന് കരുതിയ മനു തന്നെ പറ്റിക്കുകയായിരുന്നെന്ന് അറിഞ്ഞപ്പോൾ അമൃതയ്ക്ക് സമനില തെറ്റുന്നത് പോലെ തോന്നി.. പഠിപ്പിലോ ബാക്കി കാര്യങ്ങളിലോ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..
ജീവിതത്തിൽ തെറ്റുപറ്റിയ തനിക്ക് ഇനി ജീവിക്കാൻ അർഹതയില്ലെന്നു അവൾ തീരുമാനിച്ചു... അന്ന് തന്നെ അവൾ വീട്ടിലേക്ക് തിരിച്ചു അമ്മയേയും അച്ഛനെയും ചേട്ടനെയും ഒന്നു കാണണം.. അവരോടൊന്നു മനസ്സുരുകി മാപ്പ് പറയണം. എന്നിട്ട് ഈ പാഴ് ജന്മം അവസാനിപ്പിക്കണം...
വീട്ടിൽ എത്തിയതും അച്ഛൻ ഉമ്മറത്ത് തന്നേയുണ്ട്.. ചേട്ടൻ അവൾ വരുന്നത് പ്രമാണിച്ചു അടുക്കളയിൽ അവൾക്കിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കാൻ അമ്മയെ സഹായിച്ചുകൊണ്ടിരിക്കുന്നു രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ആണ് അവൾ ശ്രദ്ധിച്ചത് ചേട്ടന് ഇടയ്ക്കു ചുമ വരുന്നുണ്ട് ...കഴുത്തിൽ തൈറോയ്ഡിൽ ചെറിയ തടിപ്പുപോലെ എന്തോ അവൾക്കു തോന്നി ..അവൾ വിശദമായി പരിശോധിച്ചു ...കഴുത്തിൽ നീർവീക്കവും ഉണ്ട് ...എത്രയും പെട്ടെന്ന് ചെക്ക് അപ്പുകൾ ചെയ്തേ പറ്റു ...അമൃത ചേട്ടനോട് കാര്യങ്ങൾ പറഞ്ഞു ..പിറ്റേ ദിവസത്തേക്ക് അവളുടെ പ്രൊഫസറെ വിളിച്ചു അപ്പോയിന്മെന്റും എടുത്തു....
അടുത്ത ദിവസം രാവിലെ തന്നെ അവർ ഡോക്ടറെ കാണാൻ പുറപ്പെട്ടു ...അവൾ സംശയിച്ചത് ശരിയായിരുന്നു...കഴുത്തിൽ മുഴ ഉണ്ട് ....അതിനോടാനുബന്ധിച്ച് ചില ലിംഫ്‌ ഗ്രന്ഥികളിൽ നീർവീക്കവും ഉണ്ട് ...ഡോക്ടർ എഫ് എൻ എ സി ടെസ്റ്റിന് എഴുതിക്കൊടുത്തു ..
അമൃതയക്ക് ഇനി ചെയ്യേണ്ടതെന്തെന്നു അറിയാത്ത അവസ്‌ഥയായി..അരുതാത്തതൊന്നും സംഭവിക്കരുതെ എന്നവൾ മനസ്സുരുകി പ്രാർഥിച്ചു.. നന്നായി പഠിച്ചിരുന്ന ചേട്ടനാണ്.. അച്ഛന്റെ അസുഖവും തന്റെ പഠിപ്പും കൂടി താങ്ങാതെ ആയപ്പോൾ ചേട്ടൻ പഠിപ്പുപേക്ഷിച്ചതാണ്.. പിന്നീട് തനിക്ക് വേണ്ടിയാണ് ജീവിച്ചത്.. തന്റെ ഒരു കാര്യത്തിലും ഒരു കുറവും ഉണ്ടായിട്ടില്ല.. ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അത് സത്യമാണ് പക്ഷെ തന്നേപ്പോലെ ഉള്ള ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് സ്വപ്നം കാണാനാകാത്ത ജീവിതമാണ് തനിക്ക് ചേട്ടൻ തന്നത്...ചിന്തകൾ അവളെ വരിഞ്ഞുമുറുക്കി ...
ആ ചേട്ടനാണ് ഇപ്പോൾ ..ലക്ഷണങ്ങൾ വിരൽചൂണ്ടുന്നത് ജീവനും ജീവിതവും കാർന്നു തിന്നുന്ന ആ രോഗത്തിലേക്കാണ് .. അന്ന് അമൃതയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല... ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ ഓരോ നിമിഷവും അവൾ ഉരുകിക്കൊണ്ടിരുന്നു...അമ്മയോടും അച്ഛനോടും ഒന്നും പറഞ്ഞിട്ടില്ല ...ഒരു ചെറിയ ടെസ്റ്റ് ....ചേട്ടനും അതിൽ കൂടുതൽ ഒന്നും അറിയില്ല ...എല്ലാ ബുദ്ധിമുട്ടുകളും ഒറ്റയ്ക്ക് നെഞ്ചിലേറ്റി നടന്ന ചേട്ടൻ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് അന്ന് ഒരു രാത്രി കൊണ്ട് അമൃത മനസ്സിലാക്കി...
ടെസ്റ്റ് കഴിഞ്ഞു ..ഡോക്ടർ വിളിപ്പിച്ചു... "പേടിച്ച രീതിയിൽ ഒന്നും ഇല്ല ...അപകടകാരി അല്ലാത്ത മുഴയാണ് വേണമെങ്കിൽ സർജറി ചെയ്യാം അത്രയേ ഉള്ളു ...കൂടെ ഉണ്ടായിരുന്ന നീർവീക്കം പല്ലിൽ കേടുള്ളത് കൊണ്ടായിരുന്നു ..."
ഡോക്ടർ ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും അമൃതയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
പുറത്തു ഇറങ്ങിയതും അവൾ ചേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു..
ആ നിമിഷം അവൾ തിരിച്ചറിഞ്ഞു ...ആ കൈകളിൽ അവൾക്ക് കിട്ടുന്ന സംരക്ഷണത്തെക്കാളും വലുതല്ല ഈ ലോകത്ത് മറ്റൊന്നും എന്ന് ...താൻ വിശ്വസിച്ചവൻ.. സ്നേഹിച്ചവൻ ചതിച്ചു എന്നറിഞ്ഞപ്പോൾ ഉണ്ടായിരുന്ന വിഷമം ചേട്ടന് എന്തെങ്കിലും സംഭവിച്ചാലോ എന്നുള്ള പേടിയുടെ മുൻപിൽ ഒന്നും അല്ലായിരുന്നു എന്നവൾ മനസ്സിലാക്കി ...
പഴയതിലും നൂറിരട്ടി മനസ്സിനെ ശക്തിപ്പെടുത്തിക്കൊണ്ട് ...തന്നെ വേണ്ടാത്തവരെ മറന്ന് തനിക്കുവേണ്ടി ജീവിക്കുന്നവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുറച്ച് അവൾ മുന്നോട്ട് നടന്നു..
Sajith_Vasudevan(ഉണ്ണി...)

വൃദ്ധസദനത്തിന്റെ പടികയറി

Image may contain: 1 person

അന്ന് ഞാൻ ആദ്യമായി വൃദ്ധസദനത്തിന്റെ പടികയറി...
നിശബ്ദത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം..
എന്നെ കണ്ടപ്പോൾ പല കണ്ണുകളിലും അവരുടെ പ്രിയപ്പെട്ടവരെ തേടുന്ന ഭാവം..
അവരുടെ മുഖങ്ങളിലെല്ലാം പേമാരിയായി പെയ്യാൻ കൊതിക്കുന്ന കാർമേഘങ്ങൾ മൂടിക്കെട്ടി നിന്നിരുന്നു..
ചില മേഘങ്ങൾ എന്റെ ചിരിയാൽ മാഞ്ഞുപോയിരുന്നു.. ചില ചാറ്റൽ മഴകൾ സാരി തുമ്പുകളിൽ തല തല്ലിവീണു..
എന്നാൽ ചിലത് ആർത്തിരമ്പി പെയ്യാൻ വെമ്പിനിന്നു.. എന്റെ സാന്നിധ്യത്തിൽ വേണ്ട എന്ന് കരുത്തിയിട്ടാകും അവ ദിശ മാറിപ്പോയത്‌...
പടി കയറുമ്പോൾ മനസ്സിൽ കരുതിയ സെൽഫിയും മുഖപുസ്തകത്തിലെ സ്റ്റാറ്റസും ലൈക്കും എല്ലാം ആ ഉമ്മറത്ത് കുഴിച്ചു മൂടിയിട്ടാണ് ഞാൻ ഉള്ളിലേക്ക് കടന്നത് ..
ഉമ്മറപ്പടി കടന്നു ഞാൻ അകത്തേക്ക് കയറി.. എന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും പോലെ ഒത്തിരി പേർ, മുഖങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മനസ്സിലെ സ്നേഹം ഒരുപോലെ തന്നേ..
ഒരുപാട്‌ ബാല്യങ്ങൾ ഓടിക്കളിക്കേണ്ട ഇടനാഴിക ..
അതു കാണാനും കൊഞ്ചിക്കാനും സ്നേഹിക്കാനും കൊതിക്കുന്ന ഒത്തിരി മനസ്സുകൾ..
ഒരിക്കലും തിരിച്ചു കിട്ടാത്ത കളിചിരികളേയും പഴയകാല ഓർമ്മകളെയും സ്വപ്നം കണ്ട്‌ ഒരു മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ അവർ ഉരുകിത്തീരുന്നു...
എന്നും പലരുടെയും കനിവിൽ മൂന്നു നേരം കിട്ടുന്ന ഭക്ഷണവും , ഉറക്കമില്ലാത്ത രാത്രികൾക്ക് താങ്ങാകാൻ ഒരു കട്ടിലും കിടക്കയും..
നിറമുള്ള സ്വപ്‌നങ്ങൾ പിറന്നുവീഴാൻ കൊതിക്കുമെങ്കിലും സന്തോഷം നിറഞ്ഞ ഓർമ്മകൾ പോലും വറ്റിവരണ്ടു മച്ചിയായിപ്പോയ ജീവിതങ്ങൾ...
സമയം കിട്ടുമ്പോൾ ഒന്നവിടെ വരെ പോകണം....
അവർക്കായി കൊടുക്കാൻ പണം കുറവായിരിക്കാം..
എങ്കിലും അടുത്തിരിക്കണം, സ്നേഹത്തോടെ സംസാരിക്കണം, കൂട്ടിരുന്നു ഭക്ഷണം കഴിക്കണം, അവർ പറയുന്നത് കേൾക്കണം, ചിരിക്കാൻ മറന്ന മുഖങ്ങളിൽ പുഞ്ചിരി വിടർന്നേക്കാം..
ആശകളും സ്വപ്നങ്ങളും തല തല്ലി മരിച്ച ആ നാലു ചുവരുകൾക്കുള്ളിൽ സന്തോഷം നിറഞ്ഞേക്കാം..
രാത്രിയിൽ നിരാശയുടെ കണ്ണുനീർ കൊണ്ട് നനയാറുള്ള തലയിണകൾ അന്നെങ്കിലും ആനന്ദാശ്രുക്കൽ ഏറ്റുവാങ്ങിയേക്കാം..
മൊബൈലിന്റെ ഗാലറി നിറയേ ഫൊട്ടോ എടുക്കാനായി പോകരുത്..
ഒരുപാട് പണം നൽകി സഹായിക്കാൻ കഴിയില്ലെങ്കിൽ അതും വേണ്ട..
ഒത്തിരി മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും കൂടെ ചേർന്നിരിക്കാനും, മനസ്സറിഞ്ഞു ചിരിക്കാനും അവരെ ചിരിപ്പിക്കാനും കഴിയുമെങ്കിൽ പോകണം...
തിരക്കിട്ട ജീവിതയാഥാർഥ്യങ്ങൾക്കിടയിൽ ഇത്തിരി നേരം അവരുടെ കൊച്ചുമക്കൾ ആകാൻ..കാലയവനികയ്ക്കുള്ളിൽ പോയ്മറഞ്ഞ നമ്മുടെയൊക്കെ ബാല്യങ്ങളിലേക്ക് ഒരിക്കൽക്കൂടി ഒന്ന് എത്തിനോക്കാൻ ...
Sajith_Vasudevan(ഉണ്ണി..)

കാത്തുനിൽപ്പ്

Image may contain: 1 person, beard and closeup

ആരേയാണ് കാത്തു നിൽക്കുന്നത്.. നല്ല ക്ഷീണമുണ്ട്, വിശപ്പുണ്ട്, ദാഹമുണ്ട്, ശരീരം മുഴുവൻ രക്തക്കറകൾ.. അഞ്ചു ദിവസമായി ഡ്യൂട്ടിയിലായിരുന്നു ഇപ്പോഴാണ് തിരിച്ചു വന്നത്.. വന്നപ്പോൾ തൊട്ട് ഇയാളാണ് എന്നേ നിയന്ത്രിക്കുന്നത്.. കൂടെ ഒരു വയസ്സായ മനുഷ്യനുമുണ്ട് ..അയാളും ആകെ ക്ഷീണിച്ച പോലെയാണ്... അയാൾക്കും കാണും വിശപ്പും ദാഹവും... ഗതികെട്ടപ്പോൾ ഞാൻ അയാളോട് പറഞ്ഞു എനിക്ക് വയ്യ ഇങ്ങനെ കാത്തു നിൽക്കാൻ..വിശക്കുന്നുണ്ട് ദാഹിക്കുന്നുണ്ട്.. മറുപടിയായി അയാൾ അയാളുടെ കൊമ്പൻ മീശ പിരിച്ചു, ആ തീക്ഷ്ണമായ കണ്ണുകൊണ്ട് എന്നേ ഒന്ന് നോക്കി.. ആ നോട്ടത്തിനു എന്റെ വിശപ്പിനെയും ദാഹത്തിനെയും ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു..
കുറേ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു ചെറുപ്പക്കാരൻ വന്നു.. അയാൾ ഫോണിൽ ആരോടോ സംസാരിച്ചിട്ടാണ് വരുന്നത്..
"ഞാൻ ഇവിടെ നിന്നു പുറപ്പെട്ടു.. പറഞ്ഞ പോലെ അവിടെ എല്ലാം ശരിയാക്കിയിട്ടില്ലേ... എന്നേ വിളിക്കാൻ കുറച്ചു നേരമായി ആള് എത്തിയിട്ട്... ഞാൻ യാത്ര പറഞ്ഞിറങ്ങാൻ കുറച്ചു വൈകി.. നമുക്ക് വേണ്ടി കാത്തിരുന്നില്ലെങ്കിൽ പിന്നെ അവർ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുക.. "
"ഒറ്റയ്ക്കല്ല... കൂടെ രണ്ടു പേരുണ്ട്... ഒരാൾ പട്ടാളക്കാരൻ ആണ് എന്ന് തോന്നുന്നു ശരീരത്തിൽ നിറയേ രക്തക്കറകൾ ഉണ്ട് ..കൂടാതെ യൂണിഫോമിലാണ്.. ഒരാൾ ഒരു മുഷിഞ്ഞ വസ്ത്രം ആണ് ധരിച്ചിരിക്കുന്നത് ..കണ്ടിട്ട് ഒരു കർഷകനാണെന്നു തോന്നുന്നു.. എന്നാൽ ശരി ബാക്കി വിശേഷം എല്ലാം അവിടെ എത്തിയിട്ട് പറയാം.. "അയാൾ ഫോൺ വച്ചു...
ഇയാൾക്ക് വേണ്ടിയാണോ നമ്മളീകാത്തു നിന്നത്... ഇയാൾക്ക് നേരേ എന്തുകൊണ്ടോ ഞങ്ങളെ കൊണ്ട് പോകാൻ വന്ന ആൾ മീശ പിരിച്ചില്ല, തുറിച്ചു നോക്കിയില്ല.. ഇയാൾ ആരാകും എനിക്ക് മനസ്സിലായില്ല... ഞാൻ കൂടെ ഉള്ള ചേട്ടനോട് കാര്യം തിരക്കി.. അപ്പോഴാണ് അറിഞ്ഞത് ഒരു പ്രമുഖ പാർട്ടിയിലെ അംഗമാണെന്ന്‌...
നടന്നു നടന്നു ഒടുവിൽ ഞങ്ങൾ ഒരു കവാടത്തിന്റെ മുന്നിലെത്തി.. അവിടെ കാവലായി കുന്തവും പേറി രണ്ടുപേരുണ്ട്.. അവിടെ എത്തിയതും രാഷ്ട്രീയ പ്രമുഖനെ ആനയിക്കാൻ ആളുകൾ വട്ടം കൂടിയിരുന്നു.. മേളവും ആഘോഷങ്ങളുമായി അയാളെ സ്വർഗ്ഗത്തിലേക്ക് ആനയിച്ചു.. ഞങ്ങളും ആ കൂട്ടത്തിൽ അകത്തേക്ക് കടക്കാൻ ശ്രേമിച്ചു എന്നാൽ കാവൽക്കാർ ഞങ്ങളെ തടഞ്ഞു.. കാര്യം തിരക്കിയപ്പോൾ പറഞ്ഞു അകത്തു കടക്കാൻ VIP പാസ്സ് ഉണ്ടെന്ന്.. അല്ലെങ്കിൽ റക്കമെൻഡേഷൻ വേണം എന്ന്, അതുമല്ലെങ്കിൽ ദൈവത്തിന്റെ കോട്ടയിൽ കയറാമെന്ന്.. സ്പോർട്സ് കോട്ടയിൽ സ്കൂളിലും കോളേജിലും കയറാം എന്നു കേട്ടിട്ടുണ്ട് ദൈവത്തിന്റെ കോട്ടയെന്താണ്... !!
കവൽക്കാരനോട് കാര്യം തിരക്കി... പറഞ്ഞുതരാൻ അയാൾക്ക് സമയമില്ലത്രേ.. കവാടത്തിനു മുന്നിൽ സ്ഥാപിച്ച കമ്പ്യൂട്ടർ ചൂണ്ടിക്കാണിച്ചു പറഞ്ഞു.....അത് വെറുതെ വച്ചിരിക്കുന്നതല്ല...
റെയിൽവേ സ്റ്റേഷനിൽ ഒക്കെ സ്ഥാപിച്ചിരിക്കുന്ന പോലെ ഉള്ള ചില കമ്പ്യൂട്ടറുകൾ അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്... അതിന്റെ ഇൻഫോർമേഷൻ മെന്യുവിൽ നിന്നും ആണ് അത് മനസിലായത്.. ദൈവത്തിന്റെ കോട്ട എന്നാൽ ദൈവത്തിനു വേണ്ടി വാള് എടുത്തവർക്കും, മരിച്ചവർക്കും, കൊന്നവർക്കും, ദൈവത്തിന്റെ പബ്ലിസിറ്റിക്കായി മുഖപുസ്തകത്തിലും വാട്സ് ആപ്പിലും പോസ്റ്റുകൾ ഷെയർ ചെയ്തവർക്കും വേണ്ടിയുള്ളതാണെന്ന്....തന്റെ മതം വലുതാണെന്ന് പറഞ്ഞവർക്ക് ആ മതത്തിന്റെ കോട്ടയിൽ സ്വർഗ്ഗത്തിൽ കയറാം, വീട്ടിലുള്ളവരെ മറന്നാലും പ്രാരാബ്ദ്ധങ്ങൾ മറന്നാലും പ്രശ്നമില്ല ദൈവത്തെ സ്തുതിച്ചവരെല്ലാം ആണത്രേ ഇതിൽ പെടുന്നത്...
ഓരോരുത്തർക്കും ഓരോ പ്രൊഫൈൽ ഉണ്ട്.. അതിൽ നമ്മളുടെ ഡീറ്റൈൽസും ഉണ്ട്.. എന്റെ സർച്ച് ചെയ്തപ്പോൾ ഞാൻ ആണേൽ ദൈവത്തിനെ പുകഴ്ത്തിയിട്ടില്ല, മതത്തിന്റെ പേരിൽ വഴക്ക് ഇട്ടിട്ടില്ല, ജീവൻ എടുത്തിട്ടില്ല ജീവൻ കൊടുത്തിട്ടില്ല.. എന്തിന് ഫേസ് ബുക്കിലോ വാട്സ് ആപ്പിലോ ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടു പോലും ഇല്ല... വല്ലപ്പോഴും അമ്മയുടെ കൂടെ അമ്പലത്തിൽ പോകും അതും പ്രാർത്ഥനയ്ക്ക് വെറും 15 സെക്കൻഡ് ദൈർഘ്യം മാത്രം.. കൂടെ ഉള്ള കർഷകന്റെ പ്രൊഫൈലും നോക്കി അയാളുടെയും എന്റേത്‌ പോലെ തന്നെയാണ്...
അയാൾ ആണെങ്കിൽ സ്വന്തം കുടുംബത്തിന് വേണ്ടി ജീവൻ കൊടുത്തതാണ്.. കൃഷിനാശം വന്നപ്പോൾ ധനസഹായതിനായി കയറാത്ത ഓഫീസുകൾ ഇല്ല ..പക്ഷേ എല്ലാ വാതിലുകളും അയാൾക്കുമുന്നിൽ കൊട്ടി അടക്കപ്പെട്ടു.. ഇനിയും വൈകിയാൽ വീട്ടിൽ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരും എന്ന അവസ്ഥ വന്നപ്പോൾ അയാൾ സ്വന്തം ജീവൻ ഒടുക്കി.. ജീവൻ പോയത് കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമെന്നും തന്റേതുപോലെയുള്ള പല കുടുംബങ്ങളും രക്ഷപ്പെടുമെന്നും അയാൾ കരുതി... ഞാൻ ആണേൽ രാജ്യത്തിനു വേണ്ടി ജീവനെടുത്തു... രാജ്യത്തിന് വേണ്ടിത്തന്നെ ജീവൻ കൊടുത്തു..
ശരിയാണ് ഞങ്ങൾ പാർട്ടിക്കും മതത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ല.ഞങ്ങൾക്ക് നരകം മതി.. സ്വർഗ്ഗത്തിൽ പോയാലും മതത്തിനും പാർട്ടിക്കും വേണ്ടി ആയുധമെടുക്കാൻ താല്പര്യമില്ല..
Sajith_Vasudevan(ഉണ്ണി...)

കോഴി എന്ന് വിളിച്ചെങ്കിലും.....



"ഡാ അവൻ ഒരു വൻ കോഴി തന്നെയാണ്‌ അല്ലെ.." അവൻ ഇപ്പൊ സംസാരിച്ചു കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ കണ്ടോ..അവന്റെ പഴയകാല പ്രണയിനിയാണ്... നോക്ക് അവളെയാണ് ഭാര്യക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.."
"ഇവനേ ഒക്കെ സമ്മതിക്കണം ..എന്റെ അറിവിൽ രണ്ടു പ്രണയം ഉണ്ടായിരുന്നു...അതിൽ ഒന്ന് തലയ്ക്കു പിടിച്ച പ്രണയം ആയിരുന്നു..എന്നിട്ട് വിവാഹം കഴിച്ചതോ ഇതൊന്നും അല്ലാത്ത വേറെ ഒരു കുട്ടിയെ .. നല്ല കുട്ടിയാണ്.. പോരാത്തതിന് നല്ല ജോലിയും..."
"നീ അറിയോ അവനേ..!!"
"ഇല്ല.. "
"നമ്മുടെ പടിഞ്ഞാറ്റുമൂലയിൽ അമ്പലത്തിന്റെ പുറകിലാണ് അവന്റെ വീട്... ആള് നാട്ടിൽ അല്ല.. പുറത്താണ് ജോലി..
കഴിഞ്ഞ ആഴ്ച ആയിരുന്നു കല്യാണം.. ഞാൻ പോയിരുന്നു... ഇന്ന് രണ്ടുപേരും കൂടി അമ്പലത്തിൽ വന്നതാണ്.. "
"നിങ്ങൾ എങ്ങനാ പരിചയം ..കൂട്ടുകാരാണൊ ??"
"അതെ..ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്.. ഒരുമിച്ചാണ് പഠിച്ചത്.. പ്ലസ് ടുവിന് പഠിക്കുമ്പോൾ തന്നെ അവന് ഒരു പ്രണയം ഉണ്ടായിരുന്നു കുറച്ചു കാലം കഴിഞ്ഞപ്പോൾ അവൾക്ക് താത്പര്യം ഇല്ലായെന്ന് പറഞ്ഞു അവൾ പോയി..."
"അതിനു ശേഷമാണ് ഇപ്പോൾ കണ്ട ഈ കുട്ടി ഇവളെയും കുറേ നാൾ പ്രേമിച്ചു നടന്നു..തലയ്ക്കു പിടിച്ച പ്രണയമായിരുന്നു.. അവളെ കാണാൻ എത്രനാള് ഞാൻ കൂട്ട് പോയിട്ടുണ്ടെന്ന് അറിയാമോ??..
എന്നിട്ട് ഇപ്പൊ വിവാഹം കഴിച്ചതോ വേറേ ഒരു പെണ്ണിനേയും... "
"ഡാ അവൻ അല്ലേ ആ വരുന്നത്.. തൊഴുത് കഴിഞ്ഞു എന്ന് തോന്നുന്നു.. അവന്റെ പഴയ കാമുകിയെ കാണാൻ നേരത്തെ ഇറങ്ങിയതാകും... അവള് പോയി എന്ന് പാവത്തിന് അറിയില്ലല്ലോ...അല്ലെ.."
" നീ നോക്കിക്കോ .. ഞാൻ ഒരു രസം കാണിക്കാം..
മച്ചാനെ അവള് പോയെടാ... അവളെ നോക്കി ഇറങ്ങിയതാകും അല്ലേ..നടക്കട്ടെ..പാവം ഭാര്യ... "
പറഞ്ഞു തീർന്നതും മറുപടി ഒന്നും പറയാതെ അവൻ ചിരിച്ചു... പക്ഷേ ഞാൻ വിടാൻ ഉദ്ദേശിച്ചില്ല.. "നിന്നേ സമ്മതിക്കണം ..ഞാൻ അറിഞ്ഞിട്ട് രണ്ടു പ്രണയം ഉണ്ടായിരുന്നു നിനക്ക് ഒന്ന് കഴിഞ്ഞാൽ അടുത്തത് അത് കഴിഞ്ഞാൽ അടുത്തത് എങ്ങനെ സാധിക്കുന്നു ഇതൊക്കെ...അവസാനം ഇപ്പോൾ ഒരു പ്രണയ വിവാഹവും.. അല്ല ശരിക്ക് നിന്റെ യഥാർഥ പ്രണയം ഏതാണ്...?? ഇതിനെല്ലാം പ്രണയം എന്ന് പറയുമോ...??"
"രണ്ടല്ല മൂന്നെണ്ണം ഉണ്ടായിരുന്നു ഇത് നാലാമത്തേത് ആണ്... മറ്റതെല്ലാം ബ്രേക്ക് അപ്പ് ആയി.. ചിലർക്ക് പ്രണയിക്കാൻ മാത്രം മതി ജീവിതത്തിൽ വേണ്ട, ചിലർക്ക് ഞാൻ സ്റ്റാറ്റസിന് ചേർന്നില്ല അങ്ങനെ പലർക്കും പല കാരണങ്ങൾ.."
"എന്നെ വേണ്ട എന്ന് വച്ച് പോയവർക്കു വേണ്ടി ഞാനെന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്..??
നീ പറഞ്ഞ പോലെ ആദ്യത്തെ പ്രണയിനി പോയപ്പോൾ പഠിപ്പിൽ ഉഴപ്പി ഞാൻ എന്റെ ജീവിതം കളയണമായിരുന്നോ...!!
അല്ലെങ്കിൽ എന്നേ വേണ്ട എന്ന് പറഞ്ഞവൾക്ക് വേണ്ടി കുടിച്ച് എന്റെ ആരോഗ്യം നശിപ്പിക്കണമായിരുന്നോ..!!
കിട്ടിയ ജോലിക്ക് പോകാതെ രണ്ടു ദിവസം മുറി അടച്ചിട്ടിരിക്കണമായിരുന്നോ...??
അതോ അവരേ ഓർത്ത് ആത്മഹത്യക്ക് ശ്രമിക്കണമായിരുന്നോ...!!
അതുമല്ലെങ്കിൽ മുഖപുസ്തകത്തിൽ പ്രണയം തകർന്നതിൽ വിഷമമുണ്ടെന്നു കാണിക്കാൻ കാലത്തും വൈകീട്ടും ഓരോ സെന്റി സ്റ്റാറ്റസ് ഇടണമായിരുന്നോ..???
അതോ വിവാഹം ഒന്നും കഴിക്കാതെ ഒരു ഒറ്റത്തടിയായി ഞാൻ എന്റെ ജീവിതം കളയണമായിരുന്നോ .??
ഇതെല്ലാം ചെയ്ത് എന്റെ വീട്ടുകാരുടെ സന്തോഷം കളയുമ്പോഴേ
ഞാൻ അത്മാർത്ഥമായി സ്നേഹിച്ചിരുന്ന കാമുകനാകുകയുള്ളു എന്നാണോ....???
ഈ പറഞ്ഞതൊക്കെയാണ് ഒരു കാമുകന് വേണ്ട ഗുണങ്ങളെങ്കിൽ ഞാൻ ഒരു കാമുകൻ അല്ല.. എനിക്ക് അങ്ങനെ ആകാനും കഴിയില്ല...
നമ്മളെ തള്ളി പറഞ്ഞവർക്കും വേണ്ട എന്ന് പറഞ്ഞവർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരങ്ങളിൽ എത്തണം.. അതാവണം ജീവിതത്തിൽ നമ്മളെ വേണ്ട എന്ന് പറഞ്ഞവർക്ക് നമ്മൾ കൊടുക്കുന്ന മറുപടി... "
"ഹരിയേട്ടാ ..... "ആ വിളി ഞങ്ങളുടെ സംസാരത്തിന് അറുതി വരുത്തി..
അവന്റെ ഭാര്യയാണ്.. അവൻ അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ... പോകുന്നതിനു മുൻപ് അവൻ ഒന്ന് കൂടി പറഞ്ഞു... "ഞാൻ എന്റെ പഴയ പ്രണയിനിയെ കാണാൻ നേരത്തെ തൊഴുതിറങ്ങിയതൊന്നും അല്ല... സ്ത്രീകളുടെ കൂടെ അമ്പലത്തിൽ പോയാൽ അവർക്ക് പ്രാർത്ഥിക്കാൻ ഒരു മണിക്കൂർ വേണം.. എനിക്ക് തന്നെ ബോറടിക്കും അപ്പോൾ ഭഗവാന്റെ അവസ്ഥ എന്താകും.. അതുകൊണ്ട്‌ ഞാനും കൂടി ബോറടിപ്പിക്കേണ്ട എന്ന് കരുതി ഇറങ്ങിയതാണ്.. ഇടയ്ക്ക് അമ്മയുടെ കൂടെ അമ്പലത്തിൽ പോയി നോക്ക് അപ്പോൾ മനസിലാകും...."
എന്നാൽ ശരി പിന്നെ കാണാം എന്ന് പറഞ്ഞു അവൻ നടന്നകന്നു... കോഴി എന്ന് വിളിച്ചെങ്കിലും ഇത്രയും പറഞ്ഞ്‌ അവൻ നടന്നുനീങ്ങിയപ്പോൾ അവനോടു ഒത്തിരി ബഹുമാനം തോന്നി..
Sajith_Vasudevan(ഉണ്ണി...)

ആങ്ങള


ചേച്ചി അന്ന് ട്യൂഷൻ കഴിഞ്ഞു വരാൻ വൈകി ..സന്ധ്യ കഴിഞ്ഞപ്പോൾ അമ്മ എന്നോട് കവലയിൽ പോയി നിൽക്കാൻ പറഞ്ഞു..
"അവൾ ഒറ്റയ്ക്ക് വരില്ലേ അമ്മേ എന്തിനാ ഞാൻ പോയി നിൽക്കുന്നത്..."എന്ന് ഞാൻ ചോദിച്ചു .
"അവളൊരു പെൺകുട്ടിയാണ് "..അമ്മ അന്ന് ആദ്യമായി എന്നെ അത് ഓർമ്മിപ്പിച്ചു. പിന്നീട് അവൾ ക്ലാസ്സ് കഴിഞ്ഞു വൈകി വരുമ്പോൾ അമ്മ പറയാതെ തന്നെ പോയി നിൽക്കാൻ ഞാനും മറന്നില്ല.. അവിടെ അവസാനിച്ചു അവൾ വൈകി വരുമ്പോഴുള്ള അമ്മയുടെ പേടിയും..
ഒരിക്കൽ ചേച്ചിക്കു ഒരു ഇന്റർവ്യൂവിനായി കുറച്ചു ദൂരെ ഒരിടത്തേക്ക്‌ പോകേണ്ടിവന്നു അന്ന് അമ്മ എന്നേ വീണ്ടും ഓർമ്മിപ്പിച്ചു അവൾ ഒരു പെൺകുട്ടിയാണ് എന്ന്... അന്ന് ഞാൻ കൂടെപ്പോയി അമ്മയുടെ ആ പേടിയേയും മറികടന്നു...
ഒരിക്കൽ ഞാനും ചേച്ചിയും അനിയത്തിയും കൂടി തിയേറ്ററിൽ വന്ന ഒരു പുതിയ സിനിമയ്ക്ക് പോകട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മ വീണ്ടും ഓർമിപ്പിച്ചു മുതിർന്നവർ ഇല്ലാതെ പെൺകുട്ടികളുമായി സിനിമക്ക് പോകേണ്ടായെന്ന്.പെൺകുട്ടികൾ ആയതുകൊണ്ട് അവർ നേരിട്ട ആദ്യ വിലക്കും അതായിരുന്നു..
എന്നാൽ അന്ന് അച്ഛനും അമ്മയും ഞങ്ങളോടൊപ്പം വന്നു...ഞങ്ങൾ ഒരുമിച്ച്‌ ആ സിനിമയ്ക്ക് പോയി...അങ്ങനെ അവർ ആ വിലക്കിനെ മറികടന്നു..
ഒരു ചേച്ചിയുടെ അനിയനും അനിയത്തിയുടെ ചേട്ടനും ആയി ജനിച്ചതുകൊണ്ട്‌ അവൾ ഒരു പെൺകുട്ടി അല്ലേ എന്ന് കേൾക്കുമ്പോൾ അവർ എന്നേക്കാളും താഴെയാണ് എന്ന തോന്നലല്ല എനിക്കുണ്ടായിരുന്നത് മറിച്ച്‌ അവർക്ക് ചില പരിമിതികളുണ്ടെന്നും അവ മറികടക്കാൻ ഞാൻ കൂടിയേ തീരൂ എന്ന ബോധമാണ്‌ ...
വൈകുന്നേരങ്ങളിൽ സിനിമക്ക് പോകാനും ബൈക്കിൽ കയറി ഔട്ടിങ്ങിനു പോകാനും, ഹോട്ടലിൽ പോയി അവരുടെ ഇഷ്ട ഭക്ഷണങ്ങൾ കഴിക്കാനും ഞാൻ കൂട്ടുപോയി ..വേലയ്ക്കും പൂരത്തിനും പാർക്കിലും ബീച്ചിലും ഞാൻ അവരെകൊണ്ടുപോകാറുണ്ട്.... അവർക്ക് ഒറ്റക്ക് പോകാൻ പരിമിതികൾ ഉള്ള സമയങ്ങളിലും സ്ഥലങ്ങളിലും ഞാൻ അവർക്കായി എന്റെ സമയം ഒഴിച്ച് വയ്ക്കാറുണ്ട്..
പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനോ,
നിലത്തു നിൽക്കാനോ,
നിലക്ക് നിൽക്കാനോ,
വായടക്കാനോ,
വയറടക്കാനോ,
അടങ്ങാനോ,ഒതുങ്ങാനോ, മിണ്ടാതിരിക്കാനോ,
ശബ്ദം താഴ്ത്താനോ,
ചിറകൊതുക്കാനോ,
ചിരിയൊതുക്കാനോ,
ഇരുളും മുൻപേ വീടണടയാനോ,
പൊതിഞ്ഞു പിടിക്കാനോ,
മൂടിവെക്കാനോ,
അടച്ചു വെക്കാനോ,
അടക്കിപ്പിടിക്കാനോ
അവരേ പഠിപ്പിച്ചിട്ടില്ല കാരണം അവർക്കായി വീട്ടിൽ എന്നേ പോലൊരു ആങ്ങളയുണ്ട് അച്ഛനുമുണ്ട്..
ഇരുട്ടും കറുപ്പും എന്തെന്ന് അവർക്ക് അറിയാമായിരുന്നു
ആകാശവും ചന്ദ്രനേയും നക്ഷത്രങ്ങളേയും അവർക്ക് ആസ്വദിക്കാൻ ഞാൻ കൂട്ടിരുന്നു..
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്ര്യവും ആസ്വദിക്കാൻ ഞാൻ എന്നും അവരുടെ കൂടെ ഉണ്ടായിട്ടുണ്ട്... അതിനു അവരോട് നിനക്ക് ഒരു ആങ്ങളയുണ്ടന്ന്‌ പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല...
ഇത്‌ എന്റെ മാത്രം കാര്യമല്ല.. പലരുടെയുമാണ്.. പെണ്ണാണ് എന്ന് ചിലപ്പോൾ ഓർമ്മപ്പെടുത്തേണ്ടി വരുന്നത് ഈ സമൂഹത്തേ ഭയന്നാണ്.. അത് മറി കടക്കുന്നത് ഒരു അനിയന്റെയോ ചേട്ടന്റെയോ അച്ഛന്റെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ കൈ പിടിച്ചാണ്‌
( കുറച്ചു നാളുകളായി മുഖപുസ്തകത്തിൽ സജീവമല്ല.. എന്നിരുന്നാലും വാട്സ് ആപ്പിൽ വന്ന ഒരു ഫോർവേഡ് മെസ്സേജ് കണ്ടപ്പോൾ ഇതെഴുത്തണം എന്ന് തോന്നി )
Sajith_Vasudevan(ഉണ്ണി...)

"ഉണ്ണിക്കുട്ടാ..."


"ഉണ്ണിക്കുട്ടാ..." ഈ വിളിക്കുന്നത് അനിയത്തിയാണ്.. വിളി കേട്ടാൽ ഭാവം ചേച്ചിയാണെന്നാണ്... വയസ്സിനു ചേട്ടൻ ആണേലും എന്നെ ഇന്നേ വരെ ചേട്ടാ എന്ന് വിളിച്ചു കേട്ടിട്ടില്ല...
"ഇത് കേട്ടോ അമ്മേ ഈ പെണ്ണ് എന്നെ ഇന്നുവരെ ചേട്ടാ എന്ന് വിളിച്ചിട്ടില്ല..." ഞാൻ അമ്മയോട് പരാതി പറഞ്ഞു...
"അവൾ എങ്ങനെയാ നിന്നെ ചേട്ടാ എന്ന് വിളിക്കുക നീ നിന്റെ ചേച്ചിയെ ഒരിക്കലെങ്കിലും ചേച്ചീ എന്ന് വിളിച്ചിട്ടുണ്ടോ... !!! നിന്നെ കണ്ടിട്ടല്ലേ അവള് വളരുന്നത്.."
അമ്മയോട് ഒന്നും മിണ്ടാൻ പറ്റില്ല ഉരുളക്ക് ഉപ്പേരി പോലെ കിട്ടി നല്ല ഒരു പഞ്ച് ഡയലോഗ്...
ഇതെല്ലാം കേട്ടാൽ നിങ്ങൾ വിചാരിക്കും ഇങ്ങനെയുള്ള ആങ്ങളമാരും പെങ്ങമ്മാരും തമ്മിൽ സ്നേഹമില്ലെന്ന്..
അന്ന് അവൾക്ക് ആദ്യ ശമ്പളം കിട്ടിയ ദിവസം ആയിരുന്നു..രണ്ടു ദിവസത്തെ ലീവിൽ വീട്ടിൽ വന്നതാണ്... അവളെ വിളിക്കാൻ ഞാൻ തന്നെയാണ് ബൈക്കുമായി പോയത്.. സാധാരണ ഒരു ചെറിയ ബാഗ് മാത്രം കൊണ്ടുവരാറുള്ള അവൾ അന്ന് ഒരു ബാഗും കയ്യിൽ കുറേ കവറുകളുമായാണ് വന്നത്...
ഇന്ന് ചുമട് കുറേ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു കഴുകാൻ ഉള്ള തുണികൾ എല്ലാം എടുത്തു.. ഇനി ഇവിടെ നിന്ന് കഴുകി ഉണക്കി കൊണ്ടുപോകാലോ എന്ന്‌..
ബൈക്കിൽ കയറിയതും ചോദ്യങ്ങൾ പിന്നെ ആ ആഴ്ച ഇറങ്ങിയ സിനിമകളേ പറ്റിയായി..ഏതൊക്കെ സിനിമ എപ്പോഴെല്ലാം കാണണം എന്ന ടൈം ടേബിൾ ഒക്കെ അപ്പോൾ തന്നെ സെറ്റ് ചെയ്തു ... സത്യം പറഞ്ഞാൽ സിനിമ കാണാൻ മാത്രമായി ലീവിന് വരുന്ന അനിയത്തി ആണല്ലോ നിന്റെ എന്ന് അമ്മ പറയാറുള്ളത് ഓർമ്മ വന്നു...
വീട്ടിൽ എത്തി ബാഗ് തുറന്നു നോക്കിയപ്പോൾ അമ്മയ്ക്കും അച്ഛനും ചേച്ചീടെ കുട്ടികൾക്കും ഏല്ലാവർക്കും പുതിയ ഡ്രെസ്സുകൾ.. എല്ലാവരും അവരുടെ പുതിയ ഡ്രെസ്സുകൾ എനിക്ക് കാണിച്ചു തന്നു.. അതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ അവൾ എനിക്കും ഒരു കവർ തന്നു..
അവൾ എനിക്കായി വാങ്ങിയതാണ്.. ഒരു പിങ്ക് ഷർട്ട്.. ആ ഷർട്ട് ഇട്ടിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം ഒന്നു കാണണമായിരുന്നു...
കുറച്ച് കാലം മുൻപ്‌ ഒരു ഓണത്തിന് എനിക്ക് ആദ്യമായി കിട്ടിയ ശമ്പളം കൊണ്ട് വീട്ടിൽ എല്ലാവര്ക്കും ഓണക്കോടി എടുത്തുകൊടുത്തപ്പോൾ.. അവരുടെയെല്ലം മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കുണ്ടായ ഒരു നിർവൃതി ഉണ്ട് ..അന്ന് ഞാൻ അനുഭവിച്ച അതേ നിർവൃതി ആ നിമിഷം എനിക്ക് അവളുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു
സ്നേഹം വാക്കുകളിൽ ഒതുങ്ങി നിൽക്കുന്നതാകരുത്... സ്നേഹിക്കുന്നവർക്ക് വേണ്ടി നമ്മൾ ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ എന്നും അവരുടെ മനസ്സിൽ ഒരുപാട് സന്തോഷം നൽകുന്ന ഓർമ്മകൾ ആകുമെങ്കിൽ ..അതല്ലേ നമ്മുടെയും സന്തോഷം...
Sajith_Vasudevan(ഉണ്ണി...)

സദാചാരം


"ഏട്ടാ.. എനിക്ക് ഈ കല്യാണം വേണ്ട.. ഇനി എങ്കിലും അച്ഛനോട് ഒന്ന് സൂചിപ്പിക്കണം... "
"ഞാൻ ഇന്ന് അച്ഛനോട് സംസാരിക്കാം.. ഉറപ്പ്.."
"ഞാൻ എത്ര ദിവസമായി പറയുന്നു എന്നിട്ട് ഇതുവരെ ഒന്ന് പറഞ്ഞോ അച്ഛനോട്.."
"എല്ലാറ്റിനും മടിയാണ്.. "
"ഇന്ന്‌ അച്ഛനോട് ഞാൻ സംസാരിക്കും ഉറപ്പായിട്ടും..നീ പേടിക്കേണ്ട.."
"കണ്ണ് നിറച്ച് അവളെന്റെ തോളിൽ കിടന്നു.. ഞാൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു..."
"ഡാ" ..പുറകിൽ നിന്നും ഒരു വിളി കേട്ടാണ് ഞാൻ നോക്കിയത്..
മൂന്ന് പേരുണ്ട്... അതിലെ ഒരുവൻ ചോദിച്ചു.. "എന്താടാ ഇവിടെ പണി..."
"ചേട്ടാ സംസാരിച്ചിരിക്കുകയാണ് ഞാൻ മറുപടി കൊടുത്തു... "
"നിനക്ക് ഈ പാർക്കിൽ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു തന്നേ ഇരുന്നു സംസാരിക്കണം അല്ലേ...!!"
"സംസാരിക്കുക ആളൊഴിഞ്ഞ സ്ഥലത്ത് ഇരുന്നു തന്നെയല്ലേ ചേട്ടാ..."
"അല്ലാതെ സിനിമ തിയേറ്ററിൽ പറ്റുമോ...!!"
"രണ്ടിനും കൂടി ഒരു റൂം വാടകക്ക് എടുത്ത് സംസാരിക്കാമായിരുന്നല്ലോ അതല്ലേ നല്ലത്.."
"ചേട്ടൻ സംസാരിക്കാൻ വീട് വാടകക്കെടുക്കാറാണോ പതിവ്...?? "ഞാനും വിട്ടു കൊടുത്തില്ല..
"അവളുടെ കണ്ണ് നിറഞ്ഞു.. വേണ് ചേട്ടാ...നമുക്ക് പോകാം.. വെറുതേ എന്തിനാ.."
"നീ അവിടെ നിൽക്ക്‌ ഇവർക്ക് എന്തിന്റെ കേടാണ്.. എനിക്കൊന്ന് അറിയണം..."
വാഗ്‌വാദം കൂടിയപ്പോൾ ആളുകൾ കൂടി.. എല്ലാവരും ഞങ്ങളെ നോക്കി മുറുമുറുത്തു.. ചിലരുടെ ക്യാമറ ഞങ്ങളുടെ മുഖങ്ങൾ ഒപ്പിയെടുത്തു...
"ഇത്‌ എന്തോ മറ്റേ കേസ് ആണ്.. വളർത്തു ദോഷം അല്ലാതെ എന്ത് പറയാനാ.. രണ്ടിനെയും കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണമുണ്ട്.. ന്യൂ ജനറേഷൻ ആണ് പോലും ന്യൂ ജനറേഷൻ..." പലരും ഞങ്ങളെ കേൾപ്പിച്ചു പറഞ്ഞു.. ചിലർ മനസ്സിൽ മുറുമുറുത്തു...
ചിലർ തല്ലാൻ വന്നു തല്ലാൻ വന്നവരെ എല്ലാം ഞാനും ഉന്തി മാറ്റി.. ചെറുതായി ഉന്തും തള്ളും നടന്നു.. കൂടി നിന്നവരിൽ ആരോ പറഞ്ഞു പോലീസ് വരട്ടെ.. പോലീസ് വന്നാൽ ഇവിടെ ഞങ്ങളെ തൂക്കി കൊല്ലും എന്ന രീതിയിൽ കൂടിനിന്നിരുന്നവർ ഞങ്ങളെ നോക്കി പിറുപിറുത്തു...
പോലീസ് വന്നു.. "എന്താടാ ഇവിടെ "..സബ് ഇൻസ്‌പെക്ടർ വന്ന് എന്നോട് കാര്യം തിരക്കി.. ഞാൻ എല്ലാം വിശദമായി പറഞ്ഞു..
"ഇവരെ ആരാണ്‌ ആദ്യം കണ്ടത്‌ ?" സബ്ഇൻസ്‌പെക്ടർ ചോദിച്ചു
പുലിമുരുകനിൽ ഒരു പുലിയെ വേലെറിഞ്ഞു വീഴ്ത്തി നമ്മുടെ ലാലേട്ടൻ വരുന്നത് പോലെ സ്ലോ മോഷനിൽ വരുന്ന മൂന്ന് ലാലേട്ടന്മാരെ ഞാനവിടെ കണ്ടു..
"ഞങ്ങളാണ് സാറെ" അതിലെ തന്റേടം കൂടിയ ഒരു ലാലേട്ടൻ പറഞ്ഞു...
"ഇവിടേക്ക് മാറി നിൽക്കെടാ..." സബ് ഇൻസ്‌പെക്ടർ അവരോട്‌ പറഞ്ഞു..
"ഒരു ആണും പെണ്ണും കൂടെ ഇരുന്നാൽ അവിഹിതമാണെന്നു കരുതുന്നത് തെറ്റാണ്.. അങ്ങനെ കരുതുന്നവരുടെ മനസ്സിൽ ആകും അത്തരത്തിൽ ഉള്ള ചിന്തകൾ ..."
"അയ്യോ സാറേ ഇവൾ ഇവന്റെ തോളിൽ കിടക്കുന്നത് ഞാൻ കണ്ടു.." മൂന്ന് പേരിൽ തന്റേടം കൂടിയ മറ്റൊരു ലാലേട്ടൻ പറഞ്ഞു..
"പെങ്ങൾ ആങ്ങളയുടെ തോളിൽ കിടന്നാൽ എന്താണ് കുഴപ്പം" സബ് ഇൻസ്‌പെക്ടർ ദേഷ്യത്തോടെ ചോദിച്ചു...
കൂടി നിന്ന ജനക്കൂട്ടത്തോട് ഞാൻ പറഞ്ഞു "സദാചാരക്കാരെ കുരിശിൽ തറയ്ക്കരുത് ..ഇതെന്റെ പെങ്ങളാണ്‌ "
കൂടിനിന്നവർ പലരും പിരിഞ്ഞു പോയി.. ചിലർ സിനിമയുടെ ക്ലൈമാക്സ് മോശമായിപ്പോയ രീതിയിൽ എന്തോ പിറുപിറുത്തു നടന്നു നീങ്ങി.. ചിലരുടെ മുഖത്തു ഞങ്ങളെ തൂക്കി കൊല്ലാത്തതിൽ വിഷമം നിഴലിച്ചുനിൽക്കുന്നു... ചിലർ വന്നു ആശ്വസിപ്പിച്ചു.. അറിയാതെ പറ്റിയത് അല്ലേ പോട്ടെ എന്ന്...
സദാചാരക്കാരിൽ കുറച്ചു തന്റേടം കുറഞ്ഞ മോഹൻലാൽ എന്നോട് വന്നു സോറി പറഞ്ഞു അറിയാതെ പറ്റിപ്പോയതാണ് എന്ന്..തൻേറടികൾ പുച്ചഭാവത്തിൽ ഞങ്ങളെ നോക്കി... ആ നോട്ടത്തിൽ ഇത്‌ പിഴച്ചു അടുത്തത് ഒരിക്കലും പിഴക്കില്ല എന്ന ധ്വനി ഉള്ളതായി എനിക്ക് തോന്നി..
ഞാൻ അവരുടെ അടുത്തു പോയി പറഞ്ഞു "അഹങ്കരിക്കേണ്ട.. ഞാൻ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്.. കുറച്ചു ദിവസം ഉള്ളിൽ കിടക്കാം.. തെളിവ് ഉള്ള കേസ് ഒന്നും തള്ളില്ല.. ഇവിടെ കൂടി നിന്നിരുന്ന എല്ലാവരും ഇത് മൊബൈലിൽ പകർത്തിയിട്ടുണ്ട്.. വൈകാതെ ‌ വാട്സ് ആപ്പിലും ഫേസ് ബുക്കിലും വൈറൽ ആകും.."
സബ് ഇൻസ്‌പെക്ടർ സാറിനോട് നന്ദി പറഞ്ഞു ഞാൻ തിരിച്ചു പോന്നു.. ബൈക്കിൽ കയറുമ്പോൾ എന്നോട് ചേർന്നിരുന്നു തോളിൽ കൈ വയ്ക്കാറുള്ള അനിയത്തി ഒരു അകലത്തിലിരുന്നു ബൈക്കിന്റെ പിറകിൽ പിടിക്കുന്നതായി തോന്നി...
Sajith_Vasudevan(ഉണ്ണി...)

വിനുവേട്ട.....


വിനുവേട്ട.....
ആ എന്താ ശ്രീ...
ഞാൻ ഒത്തിരി ഭാഗ്യം ചെയ്തവളാണ്...അതുകൊണ്ടല്ലേ എനിക്ക് വിനുവേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്...
വിനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...
ചിരിക്കൊന്നും വേണ്ട.. എന്റെ കല്യാണം ഉറപ്പിച്ചപ്പോൾ വിനുവേട്ടൻ അല്ലാതെ വേറേ ആരെങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയാൽ മരിച്ചു കളയും എന്ന് പറഞ്ഞപ്പോഴല്ലേ വിനുവേട്ടൻ രജിസ്റ്റർ വിവാഹത്തിന് സമ്മതിച്ചത്... എന്നിട്ട് ഇപ്പോൾ ചിരിക്കുന്നൊ ...??
"രണ്ടു കൊല്ലം മുന്നേ വീട്ടിൽ നിന്നും ഇറങ്ങി വന്നു വിവാഹം കഴിച്ചു കൂടെ കൂടിയതും എല്ലാം ഇന്നലെ പോലെ എന്റെ മനസ്സിൽ തെളിഞ്ഞു കിടക്കുന്നു...
പക്ഷെ അമ്മയും അച്ഛനും അവരേ കാണണം അവരോടു മാപ്പ് ചോദിക്കണം എന്ന് ഞാൻ ഒത്തിരി പറഞ്ഞത് അല്ലേ.. പക്ഷേ വിനുവേട്ടൻ സമ്മതിച്ചില്ല.. അച്ഛനെയും അമ്മയെയും കാണേണ്ടിവരും എന്നത് കൊണ്ടല്ലേ വിനുവേട്ടൻ കേരളത്തിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ചെന്നൈക്ക് വന്നതും കൂട്ടുകാരെയും വീട്ടുകാരെയും ബന്ധപ്പെടാൻ പാടില്ല, അവരെ കാണണം എന്ന് പറയാൻ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിയതും.." പറഞ്ഞുതീർന്നതും ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
"നിനക്ക് ഞാൻ ഉണ്ടല്ലോ എനിക്ക് നീയ്യും.. നമുക്ക് അത് മതി.." വിനു അവളുടെ കണ്ണുകൾ തുടച്ചു...
"അടുത്ത ആഴ്ച വാലന്റൈൻസ് ഡേ അല്ലേ നിനക്ക് എന്താ സമ്മാനം വേണ്ടത്...??"
"വിനുവേട്ടൻ എന്ത് തന്നാലും എനിക്ക് ഇഷ്ടമാണ്... എന്തു തരണം എന്നുള്ളത് വിനുവേട്ടന്റെ ഇഷ്ടം.."
"നമുക്ക് ഒരു യാത്ര പോകാം.. നമ്മൾ രണ്ടു പേരും കൂടി.. നീ ഇഷ്ടപ്പെടുന്ന.. പോകാൻ ആഗ്രഹിക്കുന്ന ചില സ്ഥലങ്ങളിൽ ഒക്കെ പോയി വരാം..."
ശ്രീ എല്ലാം മൂളി കേട്ടു...
അങ്ങനെ വാലന്റൈൻസ് ഡേയുടെ തലേ ദിവസം അവർ യാത്ര തിരിച്ചു... കാർ പാലക്കാട് കഴിഞ്ഞപ്പോൾ രാത്രി 12 മണി കഴിഞ്ഞു.. അന്നത്തേക്ക് യാത്ര മതിയാക്കി.. അവിടെ തങ്ങി.. അതിരാവിലെ വീണ്ടും യാത്ര തുടർന്നു..
കാലത്തു ഒൻപത് മണിയോടെ കാർ തൃശ്ശൂർ എത്തി.. അവിടെ ഒരു ഹോട്ടലിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ ആണ് ശ്രീ ശ്രദ്ധിച്ചത് തൃശൂർ ആയി എന്നത്..
ശ്രീയ്ക്ക് പ്രിയപ്പെട്ട സ്ഥലമാണ് അവിടെ വച്ചാണ് ശ്രീ വിനുവിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും ഇഷ്ടത്തിലായതും എല്ലാം..തൃശൂർ റൗണ്ടിലെ പാർക്ക്, വടക്കുംനാഥന്റെ അമ്പലം, മൃഗശാല, മ്യൂസിയം, പിന്നെ വടക്കേ സ്റ്റാൻഡിലെ കൂൾബാർ എല്ലാം അവളുടെ മധുരമുള്ള പ്രണയകാല ഓർമ്മകൾ ആണ്..
"നമുക്ക് നമ്മുടെ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോയാലോ.. അമ്പലത്തിൽ പോണം, പാർക്കിൽ പോണം എല്ലായിടത്തും പോണം, അവസാനം നമ്മുടെ സ്ഥിരം ജ്യൂസ് ഇല്ലേ.. അതും കുടിക്കണം.." (വീട് അത് മനസ്സിൽ ഉണ്ടേലും ശ്രീ പറഞ്ഞില്ല വിനുവേട്ടന് കൊടുത്ത സത്യം തെറ്റിക്കരുതല്ലോ)
"അവിടെയെല്ലാം പിന്നെ പോകാം ശ്രീ നീ കാറിൽ കയറ്.. നമുക്ക് വേറേ ഒരിടത്ത് പോകാനുണ്ട് .." വിനുവിന്റെ കാർ എറണാകുളം റോഡിലൂടെ നീങ്ങി.. ശ്രീ കണ്ണുമടച്ചു കിടന്നു.. മനസ്സിൽ സങ്കടമുണ്ട്..നാടും വീടും വീട്ടുകാരും കൂട്ടുകാരും എല്ലാം മനസ്സിൽ നിറയുകയാണ്..അവൾ പോലുമറിയാതെ കണ്ണുകളും നിറഞ്ഞൊഴുകുകയാണ്..അത് തടയാനായി ആണ് കണ്ണടച്ചു ഉറക്കം നടിച്ചു കിടന്നത്.. കണ്ണ് തുറന്നതും കാണുന്ന സ്ഥലങ്ങൾ എല്ലാം പരിചിതമാണ്.... അതേ തന്റെ നാട് ... ശ്രീയ്ക്ക് സന്തോഷം അടക്കാൻ ആയില്ല...
വണ്ടി തറവാടിന്റെ മുറ്റത്തു നിർത്തി .. അതിഥികളെ ആനയിക്കാൻ എന്നോണം അമ്മ ഉമ്മറത്തുണ്ട് അച്ഛൻ മുൻവശത്തെ ചാരുകസേരയിൽ ഇരുപ്പുണ്ട്.. വീടിന് ഒരു മാറ്റവും ഇല്ല അമ്മയും അച്ഛനും ക്ഷീണിച്ചു.. ശ്രീ മനസ്സിൽ കരുതി..
കാർ ഇറങ്ങിയതും അവൾ അമ്മയെ ഓടിച്ചെന്നു കെട്ടിപിടിച്ചു... രണ്ടു പേരും കുറേ കരഞ്ഞു... അച്ഛനും അമ്മയക്കും ശ്രീയ്ക്കും മാത്രമായി പരിഭവങ്ങളും പിണക്കങ്ങളും പറഞ്ഞു തീർക്കാനായി കുറച്ചു സമയം നൽകി വിനു പിറകിലുള്ള പറമ്പിലേക്ക് നടന്നു...
പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞതും ശ്രീ വിനുവിന്റെ അടുത്ത് ചെന്ന് അവനെ കെട്ടി പിടിച്ചു...
നിറകണ്ണുകളോടെ അവൾ പറഞ്ഞു..
"വിനുവേട്ട.. ഞാൻ ഒത്തിരി ഭാഗ്യവതിയാണ്... എനിക്ക് എല്ലാ സന്തോഷവും ഒന്നിച്ചു കിട്ടി.. "
" ഒരു കാര്യം ചോദിക്കട്ടെ ഇതിനു ആയിരുന്നേൽ വിനുവേട്ടൻ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും കൂട്ടുകാരിൽ നിന്നും എന്നേ അകറ്റി നിർത്തിയത് എന്തിനാണ്...!! "
അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് വിനു പറഞ്ഞു "ഓർമ്മയുണ്ടോ ശ്രീ നിന്റെ വീട്ടുകാരുടെ ഇഷ്ടം ഇല്ലാതെ വിവാഹം കഴിക്കില്ല എന്ന്‌ ഞാൻ പറഞ്ഞത്... അപ്പോൾ നീ ആണ് വാശി പിടിച്ചത് നമുക്ക് ഒളിച്ചോടാം എന്ന് പറഞ്ഞത്, വേറെ ആരെങ്കിലും കഴുത്തിൽ താലി കെട്ടിയാൽ നീ മരിച്ചു കളയും എന്നും പറഞ്ഞു... ഒരു കത്ത് എഴുതി വച്ച് ഈ വീടിന്റെ പടി ഇറങ്ങിയതും നിന്റെ അച്ഛൻ നിശ്ചയിച്ച വിവാഹതിന്റെ തലേന്ന് നമ്മൾ വിവാഹം കഴിച്ചതും എല്ലാം ഓർമയുണ്ടല്ലോ...
നീ ഇറങ്ങിപ്പോയി എന്നറിഞ്ഞപ്പോൾ നിന്റെ വീട്ടിൽ എന്താ സംഭവിച്ചത് എന്ന് നിനക്ക് അറിയാമൊ...?
അന്ന് തളർന്നു വീണതാണ് നിന്റെ അച്ഛൻ.. കിടപ്പിലായിരുന്നു കുറച്ചു നാൾ മുന്നേ വരെ.. ഞാൻ നിന്റെ കൂട്ടുകാർ വഴിയാണ് അറിഞ്ഞത്.. അമ്മ നമ്മളെ ഒരിക്കൽ പോലും കണ്ടിട്ടില്ലേലും ഒത്തിരി ശപിച്ചിട്ടുണ്ടാകും അച്ഛനു ഈ അവസ്‌ഥ വരാൻ കാരണം നമ്മളായതുകൊണ്ട്..
ആ അവസ്ഥയിൽ നീ അവരെ കണ്ടാലോ അവരോട് സംസാരിച്ചാലോ അവർ നിന്നോട് അത്രയും ദേഷ്യത്തിലെ സംസാരിക്കുള്ളു ചിലപ്പോൾ മനസ്സറിഞ്ഞു ശപിക്കും.. അത് വേണ്ട എന്നുവച്ചിട്ടാണ് ഞാൻ വിളിക്കാൻ ശ്രമിക്കരുത് എന്ന് സത്യം ചെയ്യിപ്പിച്ചത്..
നിന്റെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ ഞാൻ അച്ഛനെ ചെന്നൈയിലെ ഒരു ഹോസ്പ്പിറ്റലിലെക്കു മാറ്റി.. ഇടക്ക് ഞാൻ പോകും കുറെ നേരം അവരുടെ കൂടെ ഇരിക്കും . സംസാരിക്കും.. നമ്മൾ ചെയ്ത തെറ്റ് തിരുത്താൻ ഞാൻ എന്നേ കൊണ്ട് കഴിയുന്നതൊക്കെ ചെയ്തു.. അച്ഛൻ കഴിഞ്ഞ ആഴ്ച പൂർണ്ണ ആരോഗ്യവാനായി ഡിസ്ചാർജ് ആയി വീട്ടിൽ കൊണ്ടുവന്നതിനു .. ശേഷമാണ് ഞാൻ ആരാണെന്നു അവരെ അറിയിച്ചതും .. ചെയ്ത തെറ്റുകൾക്ക് അവരോട് ക്ഷമ ചോദിച്ചതും..
അറിഞ്ഞപ്പോൾ എന്നേ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ അമ്മ... അത്രയേ ഉള്ളു അവരുടെ ദേഷ്യവും സങ്കടവും... അനാഥൻ അയ എനിക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടിയിട്ടില്ല.. ഭാഗ്യം ചെയ്തവർ ആണ് അച്ഛനും അമ്മയും ഉള്ളവർ.. നമുക്ക് എല്ലാം തിരിച്ചു കിട്ടി അച്ഛന്റെ ആരോഗ്യവും അവരുടെ സ്നേഹവും ഒക്കെ എന്നാൽ വീട്ടുകാരെ ഉപേക്ഷിച്ചു പോകുന്ന എല്ലാവര്ക്കും ഇങ്ങനെ ആകണം എന്നില്ല..ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടങ്ങൾ വരെ സംഭവിച്ചേക്കാം. "
Note:- പ്രണയം എല്ലാവർക്കും തോന്നാം.. പ്രണയം തോന്നിയാൽ വീട്ടുകാർ വഴി അന്വേഷിച്ചു വിവാഹം കഴിക്കാൻ ശ്രമിക്കുക... നമുക്ക് കിട്ടുമോ എന്ന് ഉറപ്പില്ലാത്ത ഒരാളെ ഇത്രയും പ്രണയിക്കാൻ കഴിഞ്ഞെങ്കിൽ നമ്മളുടെ സ്വന്തമായി നമ്മുടെ മാത്രമായി ലഭിക്കുന്ന ജീവിത പങ്കാളിയെ നമുക്ക് എത്രമാത്രം സ്നേഹിക്കാൻ കഴിയും...!! അല്ലാതെ പത്തിരുപത് വർഷം പൊന്നു പോലെ വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു പ്രണയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഇറങ്ങി പോകുന്നവർ മാതാപിതാക്കൾക്കും ഒരു മനസ്സുണ്ടെന്നു മറക്കാതെ ഇരിക്കുക.. അവർ ഒന്ന് മനസ്സറിഞ്ഞു ശപിച്ചാൽ തീരുന്നതേ ഉള്ളു നമ്മുടെ സന്തോഷങ്ങൾ...
Sajith_Vasudevan(ഉണ്ണി...)

സ്ത്രീയുടെ മാനത്തിൻ്റെ വില


"അമ്മിണി ചേച്ചീടെ മോള്‌ അമ്മു മരിച്ചുത്രേ...."

കാലത്തു ആ വാർത്തയും കേട്ടാണ് ഞാൻ ഉണർന്നത്... മൂന്ന് ദിവസമായി അമ്മുവിനെ കാണാതെ ആയിട്ട്.. ഇന്നലെ കൂടി അവളെ തിരയാൻ ഞാൻ പോയതാണ്... കാലത്തു ക്ലാസിനു പോയ കുട്ടിയാണ് ..പക്ഷേ വൈകുന്നേരമായിട്ടും തിരിച്ചുവന്നില്ല... അന്ന് രാത്രി തന്നെ തിരച്ചിൽ തുടങ്ങി ഈ നിമിഷം വരെ കിട്ടിയില്ല.. ഇപ്പോൾ സുരേഷ് വന്ന് പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്... ചെമ്പൻ പാറയുടെ മുകളിലാണ് ശവം കണ്ടത്.. പട്ടിയും കുറുനരിയും കുറുക്കനും കടിച്ചുകീറി തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടുന്ന വിധമാണത്രെ...
എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടി ആയിരുന്നു.. അതും എല്ലാറ്റിലും മിടുക്കിയായ കുട്ടി.. അമ്മിണി ചേച്ചിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബാലേട്ടനും (അമ്മിണി ചേച്ചിയുടെ ഭർത്താവ്) എന്റെ അച്ഛനും അമ്മയും പിന്നെ ഈ നാട്ടിലെ കുറച്ചു പേരും ഒരു വാഹനാപകടത്തിലാണ് മരിച്ചത്.. ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടമായി അനാഥനായ എന്നെ അമ്മിണി ചേച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു..
കുത്തുവാക്കുകളും ശാസനകളും നിറഞ്ഞ അമ്മാവന്റെ വീട്ടിൽ നിന്നും ഇടക്ക് എനിക്ക് മോചനം കിട്ടാറുള്ളത് അമ്മിണി ചേച്ചിയുടെ അടുത്ത് പോകുമ്പോഴാണ്.. വയറു നിറച്ചു ഭക്ഷണം.. ഒരു അമ്മയുടെ ലാളന .. അനിയത്തിയുടെ സ്നേഹം എല്ലാം കിട്ടിയത് അവിടെ നിന്നായിരുന്നു...
ബാലേട്ടന്റെ മരണത്തിനു ശേഷം അമ്മിണി ചേച്ചിയുടെ ജീവിതം അമ്മുവിന് വേണ്ടി മാത്രമായിരുന്നു...
എല്ലാം ഇന്നത്തോടെ അവസാനിച്ചു.. പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം.....
ഞാനും സുരേഷും കൂടി അമ്മിണി ചേച്ചിയുടെ വീട് ലക്ഷ്യമായി നടന്നു.. എന്ത് പറഞ്ഞു സമാധാനിപ്പിക്കും.. കരഞ്ഞു തളർന്നു കിടക്കുന്ന ചേച്ചിയോട്‌ ഒരു ആശ്വാസവാക്ക് പറയാൻ പോലും എനിക്കാവുന്നില്ലായിരുന്നു... പോസ്റ്റ്മോർട്ടം കഴിഞ്ഞു കെട്ടിപൊതിഞ്ഞ അമ്മുവിന്റെ ശരീരമെത്തി.. മരിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞത് കൊണ്ട് അധികനേരം വൈകിക്കാതെ അവളെ തെക്കേപറമ്പിൽ അടക്കി...
പോസ്റ്റ് മോർട്ടം വഴി പോലീസിന് അറിയാൻ കഴിഞ്ഞത് മരണം കൊലപാതകം ആയിരുന്നു എന്നാണ്..മരിക്കുന്നതിന് മുൻപ് കുട്ടി ദാരുണമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും അറിഞ്ഞു.. അന്വേഷണം പുരോഗമിച്ചു പ്രതിയെയും പിടിച്ചു.. കക്ഷി ഔസേപ്പ് മുതലാളിയുടെ മകൻ മാർട്ടിൻ.. അവൻ ആള് ഒരു തരികിടയാണ്.. പെൺ കുട്ടികളെ ഉപദ്രവിച്ച പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.. ഒരിക്കൽ അമ്മുട്ടിയെ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ കുറച്ചു ദിവസം ഞാൻ അവൾക്ക് കൂട്ട് പോയിരുന്നതാണ്.... ഞാൻ സ്ഥിരമായി വരുന്നത് കണ്ടപ്പോൾ അവൻ പിന്നീട് ശല്യം ചെയ്യാൻ വരാതെയായി.. അതിന് ശേഷമാണ് ഈ സംഭവം..
പക്ഷെ അപ്പന്റെ കാശിന്റെ ബലത്തിൽ അവൻ രക്ഷപ്പെട്ടു.. കൊന്നതിന് തെളിവില്ലത്രേ.. അവനെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നത് മോഹനേട്ടൻ(നാട്ടിലെ ഒരു പോലീസുകാരൻ) വഴിയാണ് ഞാൻ
അറിഞ്ഞത്... ചെയ്തവന് പകരമായി ഒരു പ്രതിയെ വേണം അതിനായി അവർ നാട്ടിൽ പണിക്ക് വന്ന ഒരു ബംഗാളിയെ ബലി കൊടുത്തു... ഒരു അമ്മയുടെ സ്വപ്നങ്ങൾ തെക്കേ പറമ്പിലെ ആറടി മണ്ണിൽ ഉറങ്ങി... പിന്നീട് അമ്മിണി ചേച്ചിയെ ഞാൻ ചിരിച്ച് കണ്ടിട്ടില്ല..ജീവിതത്തിലെ പ്രതീക്ഷയുടെ അവസാനത്തെ നാളം കൂടി അണഞ്ഞപ്പോൾ ജീവച്ഛവം പോലെ ആയിപ്പോയ അവരെ ഓരോ തവണ കാണുമ്പോളും എന്റെ മനസ്സിൽ മാർട്ടിനോടുള്ള പക ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നു..
മാർട്ടിൻ ഇപ്പോഴും നാട്ടിൽ വിലസി നടക്കുന്നു.. കള്ളും കഞ്ചാവും എല്ലാം ആയി രാത്രി വരെ ചെമ്പൻ മലയിൽ ഉണ്ടാകും.. അവനുള്ള ശിക്ഷ നടപ്പിലാക്കണം ഞാൻ ഉറപ്പിച്ചു.. ശിക്ഷയും വിധിച്ചു... കൊല്ലണം.. അന്ന് നാട്ടിലെ ഉത്സവമാണ് എല്ലാവരും അമ്പലത്തിൽ ആകും.. മാർട്ടിൻ ഇന്നും അവിടെ തന്നെ കാണും.. നേരം ഇരുട്ടിയതും ഞാൻ അവനേ തിരഞ്ഞു മല കയറി.. മുകളിൽ കുടിച്ചു ലക്കില്ലാതെ നിന്നിരുന്ന അവനെ കീഴ്പ്പെടുത്താൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല... കയ്യിൽ കരുതിയ കയറുപയോഗിച്ചു കാലുകളും കൈകളും ബന്ധിച്ചു.. തലക്ക് കിട്ടിയ അടിയിൽ വീണു പോയെങ്കിലും അവൻ മരിച്ചിട്ടില്ലായിരുന്നു.. ശബ്ദമുണ്ടാക്കാതിരിക്കാൻ വായ പ്ലാസ്റ്റർ കൊണ്ട് മൂടി കെട്ടി അവനേയും എടുത്തു ഞാൻ നടന്നു..
ലക്‌ഷ്യം നരിപ്പാറ ആണ്..പകൽ തന്നെ ആരും പോകാൻ പേടിക്കുന്ന സ്ഥലം.. കാട്ടുനായ്ക്കളുടെയും വവ്വാലുകളുടെയും, കുറുക്കന്റെയും കുറുനരിയുടെയും കേന്ദ്രമായ ഒരു ഗുഹയുണ്ട് അവിടെ.. ഞാൻ അമ്മുട്ടിയെ അന്വേഷിക്കാൻ അവിടെ പോയിട്ടുണ്ട്.. പോവാണേൽ ഒരു ചൂട്ട് കയ്യിൽ കരുതണം.. തീ പേടിയാണത്രെ ഈ കൂട്ടങ്ങൾക്ക്.. ആ ഗുഹയിൽ അവനേ ഉപേക്ഷിക്കണം കൈകാലുകൾ ബന്ധിച്ച കാരണം അവന് രക്ഷപ്പെടാൻ കഴിയില്ല വായ മൂടി കെട്ടിയ കാരണം ശബ്ദമുണ്ടാക്കാനും കഴിയില്ല..
ഈ അവസ്ഥയിൽ അവനേ കൊണ്ടുപോയി ഇട്ടാൽ കുറുക്കനും കുറുനരിയും കാട്ടു നായ്ക്കളും വെറുതെ വിടില്ല.. അവനേ ആറേഴു ദിവസത്തേക്ക് ആരും തിരയാൻ വഴി ഇല്ല.. കാരണം അവൻ ഇടക്ക് ആരോടും പറയാതെ ഒരു പോക്ക് പോകും എന്നിട്ട് ഒരാഴ്ച കഴിഞ്ഞാണ് വരാറുള്ളത് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. അവനേ അവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങി.. മനസ്സിൽ ഒരു ലേശം പോലും കുറ്റബോധമില്ലാതെ.. 13 വയസായ ഒരു കുട്ടിയെ കൊന്നു തള്ളിയ അവൻ ഇത്‌ അർഹിക്കുന്നു.. ചെന്നായയും കുറുക്കനും കടിച്ചു ബാക്കിയായ ശരീരം മതി അവന്... അവനേ കൊന്നതിന് ഞാൻ പിടി കൊടുക്കാനും പോകുന്നില്ല.. എനിക്ക് ഇനിയും കുറച്ചു കടമകളുണ്ട് മകൾ നഷ്ടപ്പെട്ട അമ്മിണി ചേച്ചിക്ക് മകനായി ജീവിക്കണം.. പേ ഇളകിയ പട്ടികളെ തല്ലി കൊന്നത് പോലെ പേ ഇളകിയ ഒരു മനുഷ്യനെ ഞാൻ കൊന്നു എന്ന് മാത്രം..
ഇന്നേക്ക് ഒരു മാസം കഴിഞ്ഞു മാർട്ടിനേ നാട്ടിൽ ആരും കണ്ടിട്ടില്ല.. ഔസേപ്പ് ചേട്ടൻ അവനേ അന്വേഷിച്ചു നടപ്പ് തുടങ്ങിയത്രെ...
Note:- മോഷണം അറിയാതെ ചെയ്‌തേക്കാം അത് ചിലപ്പോൾ ഒരു നേരത്തേ ഭക്ഷണത്തിന് വേണ്ടി ആകാം, കൊലപാതകം അറിയാതെ ചെയ്തു പോയേക്കാം സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയും ആകാം എന്നാൽ ഒരു സ്ത്രീയുടെ മാനത്തിനു വിലപറയുന്നത്.. ഒരിക്കലും അറിയാതെ സംഭവിച്ചുപോകുന്നതല്ല .. അത് അറിഞ്ഞുകൊണ്ടേ ചെയ്യുകയുള്ളൂ.. അങ്ങനെ ചെയ്‌ത ഒരാൾക്ക് തുടർന്ന് ജീവിക്കാനുള്ള അർഹതയുമില്ല...
Sajith_Vasudevan(ഉണ്ണി..)

മുത്തശ്ശൻ


വൈകുന്നേരം അഞ്ചുമണി ആയപ്പോൾ ഞാൻ മുത്തശ്ശന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങി.. ഇറയിൽ നിന്നും രണ്ടു കുഞ്ഞു ചെരിപ്പുകൾ എടുത്തു കാലിൽ ഇട്ടു തന്നു.. പിന്നെ ആ കയ്യിൽ തൂങ്ങി ഞാൻ നടന്നു..
ലക്ഷ്യം ബാലേട്ടന്റെ ചായക്കട ആണ്.. എന്നും അവിടെ പോയി മുത്തശ്ശൻ ഒരു ചായ കുടിക്കും എനിക്ക് ആണെങ്കിൽ പാലും വെള്ളവും പഴം പൊരിയും..
അത് കഴിഞ്ഞു വന്നു മേല് കഴുകിയാൽ ഉമ്മറത്ത് വിളക്ക് വക്കും.. പിന്നെ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു നാമം ജപിക്കും..നാമം നല്ല ഉച്ചത്തിൽ ചൊല്ലണം .മുത്തശ്ശനു കേൾക്കുന്ന പോലെ എന്നാലെ രാത്രി കഥകൾ പറഞ്ഞു തരുള്ളു..
എന്നും പുതിയ പുതിയ കഥകൾ.. എനിക്ക് തോന്നി പോകാറുണ്ട് മുത്തശ്ശനു എവിടന്ന ഇത്ര കഥകൾ കിട്ടുന്നത് എന്ന്....!! രാജാവിന്റെയും റാണിയുടെയും, രക്ഷസന്റേയും കൃഷിക്കാരന്റെയും അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി കഥകൾ... എല്ല കഥകളുടെയും പാഠം നന്മയുടെയും സ്നേഹത്തിന്റെയും ആയിരുന്നു...
അന്ന് ഒരു തിരുവോണ ദിവസം
ഞാൻ പതിവ് പോലെ മുത്തശ്ശന്റെ കൂടെയാണ് ഉണ്ണാൻ ഇരുന്നത്..
ഉരുള ഉരുട്ടി വച്ചിട്ട് കണ്ണടച്ച്
കാക്ക കൊണ്ട് പോയി എന്ന് പറയുമ്പോൾ മുത്തശ്ശൻ കാണാതെ ഉരുള ഞാനെടുത്തു വായിലിടും.. അയ്യോ ആ ഉരുളയും കാക്ക
കൊണ്ട് പോയി എന്ന് പറയുമ്പോൾ എനിക്ക് അടുത്ത ഉരുള കഴിക്കാൻ ആവേശമായിരുന്നു... അങ്ങനെ
ഞാൻ ജയിച്ച സന്തോഷത്തിൽ
ഞാനും എന്റെ വയറു നിറഞ്ഞ സന്തോഷത്തിൽ എന്റെ മുത്തശ്ശനും..
അന്നും അങ്ങനെ ആണ് ചോറ്
തന്നത്.. എനിക്ക് വയറു വീർത്തപ്പോൾ ഞാൻ കൈ കഴുകി ഉമ്മറത്തേക്കു പോയി.. ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പടിപ്പുര കടന്നൊരു ധർമ്മക്കാരൻ വന്നത്.. തടിയും മുടിയും നീട്ടി വളർത്തിയത് കൊണ്ട്, വികൃതി കാട്ടുമ്പോൾ ചീത്ത കുട്ടികളെ പിടിക്കാൻ വരുന്ന ആളിനെ പറ്റി പറഞ്ഞു പേടിപ്പിച്ചിരുന്നു ആ ആളിന് ഞാൻ മനസ്സിൽ തീർത്ത മുഖവും ഇയാളുടെ മുഖവും ഒന്നായിരുന്നു..
പേടിച്ചു കരഞ്ഞു മുത്തശ്ശന്റെ പുറകിൽ പോയാണ് ഞാൻ ഒളിച്ചത്.. എന്റെ കൈ പിടിച്ചു അടുക്കളയിൽ പോയി ചോറും കറികളും എടുത്തു കൊണ്ടുവന്നു .. ഉമ്മറത്ത് ഒരു ഇല ഇട്ടു അയാൾക്ക് അത് വിളമ്പി കൊടുത്തു.. കഴിച്ചു കഴിഞ്ഞപ്പോൾ അയാളുടെ കണ്ണും നിറഞ്ഞു എന്റെ മനസ്സും നിറഞ്ഞു.. അയാൾക്ക് കൊടുക്കാൻ കയ്യിൽ തന്ന ചില്ലറ കാശു വച്ച് നീട്ടിയപ്പോൾ എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു അയാൾ.. ആ നിമിഷം മുതൽ ധർമ്മക്കാരോടുള്ള പേടി പോയി എനിക്ക് പിന്നീട് ഇഷ്ടമാണ് തോന്നിയത് അവരോട്.. അതാണ് എനിക്ക് മുത്തശ്ശൻ പഠിപ്പിച്ചു തന്ന നന്മയുടെ ആദ്യ പാഠം..
പഴക്കം ചെന്ന് പോയ വൃക്ഷങ്ങൾ നമ്മുടെ വീട്ടു മുറ്റത്തു തന്നെ എന്നും കാണണം.. അവ നമുക്ക് കായ്കൾ തരില്ലായിരിക്കാം പക്ഷെ അവ നമുക്കെന്നും തണൽ തന്നെ ആണ്.. അത് പോലെ ആണ് വയസ്സായവരും അവർ എന്നും നമ്മുടെ കൂടെ തന്നെ വേണം നമുക്ക് വേണ്ടി കാശു സമ്പാദിക്കാൻ കഴിയില്ലയിരിക്കാംപക്ഷെ നമ്മുടെ മക്കളുടെ മനസ്സിൽ സംസ്കാരവും, നന്മയും, സ്നേഹവും സമ്പാദിച്ചു തരും...
നമ്മളെ പിരിഞ്ഞു പോയ എന്റെ നന്മ മരങ്ങൾക്കായി ഞാൻ ഇതു സമർപ്പിക്കുന്നു..
Sajith_Vasudevan (ഉണ്ണി.)

ഒരു ജീവൻ


"വീട്ടിൽ ആരുമില്ല ഞാൻ ബോറടിച്ചിരിക്കുകയാണ്... അമ്മയും അച്ഛനും ജോലിക്ക് പോയി..."
"എന്നാൽ ഞാൻ ഇപ്പോൾ അങ്ങോട്ടു വരാം.. ഞാനും ഫ്രീ ആണ് നമുക്ക് ഒരു സിനിമക്ക് പോകാം..."കൂട്ടുകാരൻ ആണ്..
അവൻ ബൈക്കുമായി വന്നു ഞാൻ അവന്റെ പുറകിൽ കയറി.. ബൈക്ക് അടുത്ത ടൗണിൽ നിർത്തി.. "ഞാൻ ഇപ്പോൾ വരാം ഒരു ചെറിയ മീറ്റിങ് ഉണ്ട്... നീ വരുന്നുണ്ടെൽ പോരേ...!! വെറുതെ ബോറടിച്ചു ഇരിക്കേണ്ട"...അവൻ പറഞ്ഞു.. അതുകൊണ്ടു തന്നെ ഞാനും അവന്റെ കൂട്ടിന് പോയി... കാരുണ്യയുടെ ഒരു മീറ്റിങ് ആണ്.. അവർക്ക് ഒരു ആംബുലൻസ് ആരോ സ്പോൺസെർ ചെയ്തിട്ടുണ്ട്.. പക്ഷേ അതിനു സ്ഥിരമായി ഒരു ഡ്രൈവറെ വെക്കാനും അയാൾക്ക് ശമ്പളം കൊടുക്കാനും മാത്രം ഫണ്ട് അവർക്കില്ല.. അത് കൊണ്ട് തന്നേ ആഴ്ചയിൽ ഓരോ ദിവസവും ഓരോരുത്തർ ആയി വണ്ടി ഓടിക്കാൻ അറിയുന്നവർ ഒരു സേവനം എന്ന ചിന്തയോടെ അതിനു തയ്യാറായാൽ അത് ഒരു സഹായമാകും... ആഴ്ചയിലെ ആറു ദിവസത്തേക്ക് ആറുപേർ തയ്യാറായി.. പക്ഷേ ഏഴാമത്തെ ദിവസത്തേക്കുള്ള ആൾ ശരിയായിട്ടില്ല ...ആഴ്ചയിൽ കിട്ടുന്ന അവധിദിനം വെറുതെ നഷ്ടപ്പെടുത്താൻ ഞാനടക്കം ആരും ഒരുക്കമല്ലായിരുന്നു..
"ഡാ നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ.. ഒഴിവുള്ള ദിവസമല്ലെ നിനക്ക് ഇതിനായി മാറ്റിവച്ചൂടെ... ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ...!!" കൂട്ടുകാരൻ ചോദിച്ചു ..
"അത് വേണ്ട.. അത് ഒന്നും ശരിയാവില്ല.. നീ വേറേ ആരെയെങ്കിലും നോക്ക്...ഞാൻ പറഞ്ഞു"
"നീ അങ്ങനെ പറയല്ലേ ഒരു മാസം നീ ചെയ്തു നോക്ക്.. ആഴ്ചയിൽ ഒരു ദിവസമല്ലേ.. ഒരു മാസം കഴിഞ്ഞു പറ്റില്ലേൽ നമുക്ക് വേറെ ഒരാളെ ആക്കാം..."
അവന്റെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ ആണേലും ഞാൻ അത് സമ്മതിച്ചു... അന്നൊരു ഞായറാഴ്ച്ച.. ആദ്യമായി ആംബുലൻസിന്റെ ഡ്രൈവർ ആയ ദിവസം... കാര്യമായി എവിടെയും പോകേണ്ടി വന്നില്ല.. ഫേസ്ബുക്കും വാട്സ്ആപ്പും ആയിരുന്നു പ്രധാന പണി... അടുത്ത ആഴ്ച ഡ്യൂട്ടിക്ക് പോയപ്പോഴും കഴിഞ്ഞ ആഴ്ച പോലെ ആകും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.. എന്നാൽ ഏകദേശം പതിനൊന്നു മണിയായപ്പോൾ ഒരു കാൾ വന്നു.. ആക്സിഡന്റ് കേസ് ആണ് വേഗം ചെല്ലണം എന്നായിരുന്നു പറഞ്ഞത്.. ഞാൻ വേഗം തന്നെ ആംബുലൻസുമായി അവിടേക്ക് കുതിച്ചു..
ഒരു ബൈക്കും കാറും കൂട്ടി ഇടിച്ചതാണ്.. രക്തത്തിൽ കുളിച്ചു കിടക്കുന്ന 38 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ.. ശ്വാസം നിലച്ചിട്ടില്ല.. ആരൊക്കെയോ ചേർന്ന് അയാളെ വണ്ടിയിൽ കയറ്റി.. ആ യാത്രക്ക് പരമാവധി വേഗത കൂട്ടി ഞാൻ അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു.. റോഡിലെ ഒട്ടുമിക്ക വാഹനങ്ങളും വഴി മാറി തന്നു... ചില വാഹനങ്ങൾ ആംബുലൻസിന്റെ ശബ്ദം കേൾക്കാത്തതു പോലെ തടസം സൃഷ്ടിച്ചു.. ആദ്യം കൊണ്ട്പോയ ഹോസ്റ്റപ്പിറ്റലിൽ എടുത്തില്ല.. അവർ ഫസ്റ്റ് എയ്ഡ് തന്നു വേറേ ആശുപത്രിയിലേക്ക് റഫർ ചെയ്തു..അടുത്ത ആശുപത്രിയേ ലക്ഷ്യമായി ആംബുലൻസ് കുതിച്ചു.. ഇടയ്ക്കിടയ്ക്ക് വണ്ടിയിൽ നിന്നും അയാളുടെ ഞെരക്കങ്ങൾ കേൾക്കാമായിരുന്നു.. ഞാൻ വേഗത പരമാവധി കൂട്ടി... അവസാനം ആശുപത്രിയിൽ എത്തി ചേർന്നു...
അയാളെ ICU വിൽ കയറ്റി...അയാളുടെ വീട്ടിൽ നിന്നും ആരും എത്തിയിട്ടില്ല... അടുത്ത കാൾ വരും വരെ ഇനി ആംബുലൻസിന്റെ ആവശ്യം ഇല്ല.. തിരിച്ചു പോരാൻ എന്തോ മനസ്സ് അനുവദിച്ചില്ല..അത് കൊണ്ട് തന്നെ ഞാൻ അയാൾക്ക് കാവലായി ഇരുന്നു.. ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ പുറത്തേക്കുവന്നു.. ഇനി പേടിക്കാൻ ഇല്ല തക്ക സമയത്തു എത്തിച്ചത് കൊണ്ട് അയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞ് അദ്ദേഹം പോയി... അവരുടെ വീട്ടുകാർ എത്തുന്നത് വരേ ഞാൻ അയാൾക്ക്‌ കൂട്ടിരുന്നു.. അതിനു ശേഷം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയോടെ ഞാൻ അടുത്ത ഒരാളുടെ മരണത്തിലേക്കുള്ള ദൂരം കുറക്കാൻ യാത്രയായി...
Sajith_Vasudevan(ഉണ്ണി...)

ആത്മഹത്യ...


ആത്മഹത്യ...
(ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്‍മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇതു ഒന്ന് വായിച്ചു നോക്കുക)
ഇനി ആത്മഹത്യയേ വഴിയുള്ളൂ.. എല്ലാം എന്ന് കരുതി വിശ്വസിച്ചവൾക്ക് എന്നെ വേണ്ടാതായിരിക്കുന്നു.. നീ ഇല്ലാതെ എനിക്ക് കഴിയില്ല എന്ന് ദിവസവും നിരവധി തവണ പറയാറുള്ള അവൾക്ക് ഞാൻ അന്യനായിരിക്കുന്നു... ജീവൻ ത്യജികുമ്പോൾ ഉണ്ടാകുന്ന വേദനയേക്കാൾ ഒരുപാടു വലുതാണ് ഈ അവസരത്തിൽ ഓരോ നിമിഷവും ജീവിക്കുമ്പോൾ ഉള്ള വേദന.. അതുകൊണ്ടു തന്നെ ഞാനെന്റെ ദേഹത്തേ വെടിഞ്ഞു യാത്രയായിരിക്കുന്നു... ദുഃഖങ്ങൾ ഇല്ലാത്ത ലോകത്തേക്ക്..
കാലിന്റെ വിരലുകൾ തമ്മിൽ ബന്ധിച്ചു എന്നെ ആരൊക്കെയോ ഇടനാഴികയിൽ കിടത്തിയിട്ടുണ്ട്.. ചന്ദനതിരിയുടെ ഗന്ധം ഇഷ്ടമായിരുന്ന എന്നെ ഈ ചന്ദനത്തിരി ഗന്ധം ശ്വാസം മുട്ടിക്കുന്നു... കരഞ്ഞു തളർന്ന അമ്മ തെക്കിനി മുറിയിൽ കിടക്കുന്നുണ്ട്.. അനിയത്തി കരഞ്ഞു തളർന്നു അമ്മായിയുടെ മടിയിലാണ്... അച്ഛൻ ഒരിക്കലും കരയില്ല എന്ന ശാഠ്യത്തിൽ ദൂരേക്ക് നോക്കി ആശ നഷ്ടപ്പെട്ടവനെ പോലെ ഉമ്മറത്തെ തൂണിൽ ചാരിയിരിക്കുന്നു.. അവളെ മാത്രം കണ്ടില്ല.. ഇനി ഒരിക്കലും കാണില്ല എന്ന് പറഞ്ഞിരുന്നെങ്കിലും എന്നെ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ അവൾക്ക് കഴിയില്ല കാരണം അവർക്ക് എന്നേ ഒത്തിരി ഇഷ്ടമായിരുന്നു.. എന്നാൽ പ്രതീക്ഷകൾ വെറുതെയായി അവൾ വന്നില്ല.. എന്റെ ശരീരം കുറച്ചു പേർ ചേർന്നു പുറത്തേക്കെടുത്തു.. കൊണ്ട് പോകല്ലേ, അവൾ വരും എന്നെ കാണാൻ എന്ന് പറഞ്ഞു ഞാൻ ഒത്തിരി ബഹളം വച്ചു.. പക്ഷേ ആരും എന്റെ വാക്കുകൾ കേട്ടില്ല.. പറമ്പിലെ തേന്മാവ് എന്റെ കൂടെ എരിയാൻ തെക്കേതിൽ കാത്തു കിടക്കുന്നുണ്ട്...
ഇനി വൈകിക്കുന്നില്ല ...ഭൂമിയിൽ നിന്നും വിട പറയാൻ സമയമായി... അവളെ അവസാനമായി കാണണമെന്ന മോഹം ബാക്കിയാക്കി ഞാൻ യാത്രയായി.. സ്വർഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള കോട്ട വാതിലിന് മുന്നിൽ ഞാൻ അക്ഷമനായി കാത്തു നിന്നു...എന്റെ കൂടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർഗ്ഗത്തിലേക്കും ചിലർ നരകത്തിലേക്കുമായി നടന്നകന്നു.. എന്നാൽ എനിക്ക് വേണ്ടി ഈ രണ്ടു വാതിലുകളും തുറന്നില്ല.. കാരണം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അത്മഹത്യ എന്നാൽ സ്വയം മരണവിധി എഴുതലാണ്.. അതിന് മനുഷ്യർക്ക് അവകാശമില്ലത്രേ... കോട്ടവാതിൽ അടച്ചു കാവൽക്കാർ എന്നേ പുറത്താക്കി..
ഞാൻ തിരിച്ചു ഭൂമിയിലേക്ക് പോയി.. അവളെ ഒന്ന് കാണണം.. കുറേ നടന്ന് അവളുടെ വീട്ടിലെത്തി.. പുറത്തു തന്നെ അവളുടെ വിവാഹ ഫോട്ടോയുണ്ട് കൂടെയുള്ളത് ഞാനല്ല എന്ന് മാത്രം.. ഇവന് വേണ്ടിയാണല്ലോ അവൾ എന്നേ ഉപേക്ഷിച്ചത്.. അവൾക്ക് സങ്കടം കാണും ..ഞാൻ അവൾക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കുമെന്ന് കരുതിക്കാണില്ല.. ഞാൻ അടുത്ത് ചെന്നിരുന്നാൽ കണ്ണു നിറച്ചു എന്റെ നെഞ്ചിലേക്ക് വീഴും.. അവൾക്ക് എന്നേ അത്രക്ക് ഇഷ്ടമാണ്.. എനിക്ക് അറിയാം.
ഞാൻ വീട്ടിനുള്ളിലേക്ക് കടന്നു.. വാതിലുകൾ എനിക്ക് തടസം സൃഷ്ടിച്ചില്ല.. ഇരുട്ട് എന്റെ കണ്ണുകൾക്ക് മറ സൃഷ്ടിച്ചില്ല.. അതാ അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നു.. ആ നെഞ്ചിൽ കിടന്ന് അവൾ അയാളോട് മന്ത്രിക്കുന്നത് ഞാൻ കേട്ടു.. "നിങ്ങളെ ഭർത്താവായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണെന്ന്".. അവൾ എന്നോടും ഇത്‌ പറഞ്ഞിട്ടുണ്ട് ഒരു വ്യത്യാസം മാത്രം.. "നിങ്ങളാണല്ലൊ എന്റെ ഭർത്താവാകാൻ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് എന്ന് തോന്നിപ്പോകുന്നു" എന്ന്.. എന്തിന് നീ എന്നോടിത് ചെയ്‌തു....?? എനിക്ക് ഇത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ഞാൻ പറയുന്നതൊന്നും ആർക്കും കേൾക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നിരുന്നു..
തളർന്ന മനസ്സുമായി ഞാൻ ആ പടിയിറങ്ങി.. അമ്മയെ ഒന്ന് കാണണം.. വീട്ടിൽ ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിന്നു.. ആരോ പറയുന്നത് കേട്ടു അമ്മ ആശുപത്രിയിലാണെന്ന്.. സമയം കളയാതെ ഞാൻ അവിടേക്ക് പോയി... ദൂരം എന്നെ തളർത്തിയില്ല.. എന്റെ പേര് വിളിച്ച് ഉച്ചത്തിൽ കരയുന്ന അമ്മയെയാണ് ഞാൻ അവിടെ കണ്ടത്.. ബഹളത്തിന്റെ ദൈർഘ്യം കൂടിയാൽ ശരീരത്തിൽ കയറ്റുന്ന കറന്റ് കുറച്ചു നേരം അമ്മയെ മയക്കി കിടത്തും.. ഉണർന്നാൽ എന്റെ പേര് വിളിച്ചു അമ്മ വീണ്ടും കരയും.. അമ്മേ എന്നൊന്നു വിളിക്കാൻ ഞാൻ ഒത്തിരി കൊതിച്ചു, അമ്മയെ ഒന്നു നെഞ്ചോടു ചേർത്തുപിടിക്കണം എന്നുണ്ടായിരുന്നു ... പക്ഷെ എനിക്ക് അതിനൊന്നും കഴിയുമായിരുന്നില്ല....
ഇനി കാണേണ്ടതു അനുജത്തിയെയാണ്.. അവൾ എതോ ബന്ധുവീട്ടിൽ ആണത്രേ.. അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും കുറുമ്പുകൾക്കും മുന്നിൽ ഈ ചേട്ടനെന്നും തോറ്റ് കൊടുക്കാറുണ്ട്.. നന്നായി പഠിക്കും പാട്ടു പാടും അത്യാവശ്യം നന്നായി വരയ്ക്കും എന്നാൽ ആ വീട്ടിലെ പണികൾക്കിടയിൽ അവൾ അതെല്ലാം മറന്നു പോയിരിക്കുന്നു.. അവളുടെ കണ്ണുകൾക്ക് താഴെ നീർച്ചാലുകൾ പോലെയുള്ള അടയാളങ്ങൾ.. ഇടക്ക് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ഉതിർന്നു വീണ കണ്ണുനീരിനു എന്നെ ദഹിപ്പിച്ച അഗ്നിയിയെക്കാൾ ചൂടുണ്ടായിരുന്നു.. എന്റെ കാന്തരിയാണവൾ.. അവളുടെ കണ്ണൊന്നു നിറയാൻ ഞാൻ അനുവദിച്ചിട്ടില്ല.. എന്നാൽ അവസാനിക്കാത്ത ജലധാര പോലെ നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ കാണുമ്പോൾ എന്റെ നെഞ്ച് തകരുന്നുണ്ട്.. ഞാൻ കാരണമാണല്ലോ എന്റെ കുട്ടി.. ഇനി ഇത് കണ്ടു നില്ക്കാൻ വയ്യ..
ഞാൻ അവിടെ നിന്നും ഇറങ്ങി.. അച്ഛനെക്കൂടി കാണണം.. അവിടെ എത്തിയപ്പോൾ അച്ഛൻ ഒരു ഹോട്ടലിന്റെ മുന്നിൽ കുട പിടിച്ചു നിന്ന് വിസിലടിച്ചു ആളെ കയറ്റുകയാണ്.. പാവം.. ആ വിസിലിന്റെ ഒച്ച എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടി രുന്നു... അധിക നേരം അച്ഛന് നിൽക്കാൻ കഴിയില്ല.. കാലിന് നീര് വരും.. അത് കൊണ്ട് തന്നെ അങ്ങനെയുള്ള ജോലികളെല്ലാം വീട്ടിൽ ഞാനാണ് ചെയ്യാറുള്ളത്... ആ അച്ഛനാണല്ലോ ദൈവമേ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ.... രാത്രിയേറെ വൈകി കിട്ടിയ കൂലിയും കൊണ്ട് അച്ഛൻ അടുത്തുള്ള ഒരു ബസ്സ് സ്റ്റാൻഡിലെക്ക് നടന്നു..അവിടെയുള്ള ഒരു ബഞ്ചിൽ കിടന്നു.. കാലുകൾ നീരുവന്നു വീർത്തിരിക്കുന്നു.. പണ്ടെല്ലാം വൈകീട്ട് കാലിൽ തൈലം ഇട്ട് കൊടുക്കാറുള്ളത് ഞാൻ ആയിരുന്നു.. പാവം തളർന്ന് കിടന്നു പോയതാകും കാലിൽ തൈലം പുരട്ടിക്കൊടുക്കണം എന്നുണ്ട്... പക്ഷെ എനിക്കതിനു കഴിയില്ലല്ലോ....
അച്ഛൻ എന്താ വീട്ടിൽ പോകാത്തത്..!!
അയ്യോ എന്റെ വീട്....!!! അതേ ..എന്നെ പഠിപ്പിക്കാൻ എടുത്ത ലോണും പിന്നെ അമ്മയുടെ ചികിത്സയും കൂടി ആയപ്പോൾ കടം കയറി വീട് വിറ്റത്രേ..സ്വന്തം ജീവിതത്തിൽ നിന്നും ഒളിച്ചോടി ഞാൻ തകർത്തത് മൂന്ന് പേരുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും കൂടി ആയിരുന്നു.. അവരുടെ ഈ അവസ്‌ഥയെല്ലാം കണ്ട്‌ നിസ്സഹായനായി നോക്കി നിൽക്കുക എന്നതാകും എനിക്കുള്ള ശിക്ഷ....
Note:- ആത്മഹത്യ ഒന്നിനും ഒരു പരിഹാരാമല്ല.. അങ്ങനെ വല്ലതും ചെയ്യണം എന്നു തോന്നിയാൽ അമ്മയെയും അച്ഛനെയും കുറിച്ച്‌ ഒരു നിമിഷം ഒന്ന് ഓർക്കുക... ഭാര്യയായാലും കാമുകിയായാലും അമ്മയ്ക്കും അച്ഛനും ജീവിതത്തിൽ കൊടുക്കുന്ന സ്ഥാനം കഴിഞ്ഞേ അവർക്കുള്ള സ്‌ഥാനം കൊടുക്കാവു.. കാരണം കാമുകിയായാലും ഭാര്യായായാലും നിങ്ങളിൽ നന്മയോ/പണമോ/ജോലിയോ/സ്വഭാവമോ എന്തെങ്കിലും കണ്ടിട്ടാണ് സ്നേഹിക്കാൻ തുടങ്ങുന്നത്.. അല്ലെങ്കിൽ അവർക്ക് അതിനു കഴിയില്ല.. എന്നാൽ മക്കൾക്ക് പല കുറ്റങ്ങളും കുറവുകളും ഉണ്ട് എന്നറിഞ്ഞാലും അച്ഛനും അമ്മയും അവരെ സ്നേഹിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ല.. അമ്മയെയും അച്ഛനെയും സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് മാത്രമേ ഭാര്യായായാലും കാമുകിയായാലും അവരേയും സ്നേഹിക്കാൻ കഴിയു...
(ഞാൻ ഒരു ആൺകുട്ടി ആയതിനാൽ ഇങ്ങനെ എഴുതി.. പൊങ്കാലയ്ക്ക് വേണ്ടിയല്ല.)
Sajith_Vasudevan(ഉണ്ണി...)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo