Showing posts with label JayasreeSasikumar. Show all posts
Showing posts with label JayasreeSasikumar. Show all posts

കശ്മീരിൽ മരിച്ചധീരജവാന്മാർക്ക് ആദരാഞ്ജലി


ജവാന്മാരുടെ വണ്ടിക്കിടയിലേക്ക് ഉഗ്രസ്ഫോടന വസ്തുക്കളുമായി ഒരു ചാവേർ കാർ ഇടിച്ചുകയറ്റി പൊലിഞ്ഞുപോയപ്പോൾ നഷ്ടപെട്ടത് ഒന്നും അറിയാതെ ലീവ് കഴിഞ്ഞു തിരിച്ചുപോകുന്ന ഒരുപാട് ജവാന്മാരുടെ വിലപ്പെട്ട ജീവനുകൾ ആയിരുന്നു.
നിങ്ങൾക്കറിയോ? എന്റെ ഭർത്താവ് അടക്കം ഒരു പട്ടാളക്കാരൻ ലീവ് കഴിഞ്ഞു തിരിച്ചുപോകുമ്പോൾ ഒരിക്കലും പോയി വരാം എന്നൊരു വാക്ക് പറയില്ല കാരണം അവർക്കറിയാം അവരുടെ പോക്ക്, അവർക്കുപോലും അവരുടെ ജീവന് ഒരു ഗ്യാരന്റി ഇല്ലാത്ത പോക്കാണെന്ന്.
തിരിച്ചുവണ്ടികയറിക്കഴിഞ്ഞാൽ വീടവർ മറക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം വിളിക്കുമ്പോൾ എപ്പോഴും തിരക്കായിരിക്കും,ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്തോളാം എന്ന പ്രതിജ്ഞ എടുത്തിട്ടാണവർ ആർമി എന്ന യൂണിഫോം സ്വീകരിക്കുന്നത് .
അവിടെ വയ്യാത്ത 'അമ്മയെയോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ സംരക്ഷിക്കാം എന്ന ഉറപ്പിൽ കൂടെ കൂട്ടിയഭാര്യയേയോ ,അല്ലെകിൽ സ്വന്തം ചോരയിൽ പിറന്നകുഞ്ഞിനോടൊ നീതി പുലർത്താൻ അവർക്കു കഴിയാറില്ല കാരണം ജോലി ആണ് അവർക്ക് ജീവൻ,യൂണിഫോം ആണ് അവർക്ക് ഭാര്യ .
നെഞ്ചിൽ ചേർത്ത തോക്കാണ് അവർക്ക് കുട്ടികൾ .
ചിലപ്പോ ഏട്ടനോട് കളിയാക്കി ചോദിക്കും നിങ്ങൾക്ക് ആരോടും സ്നേഹം ഒന്നും ഇല്ലേ എന്തൊരു സ്വഭാവാ ഇതെന്ന് .തിരിച്ചു ചിരിയോടെ ഒരു വർത്താനം ഉണ്ട് ആദ്യം എന്റെ ജോലി, പിന്നെ ആ ജോലി എനിക്ക് കിട്ടാൻ കാരണം ആയ എന്നെ പ്രസവിച്ച എന്റെ 'അമ്മ അതൊക്കെ കഴിഞ്ഞേ നീയൊക്കെ ഉള്ളു ന്ന് .ഒരു ഭാര്യ എന്ന നിലക്ക് അതിൽ സങ്കടം ഒക്കെ തോന്നാം പക്ഷെ അതാണ് സത്യം അത് മാത്രം ആണ് സത്യം .
പിറന്നാൾ ആയാലും എന്ത് ആഘോഷം ആയാലും വിവരംവച്ചിട്ടില്ലാത്ത മോൻ ചോദിക്കും അച്ഛാ ഒന്ന് വീഡിയോ കാൾ വരോ? കാണാനാന്ന് . യ്യോ കണ്ണാ ഞാൻ യൂണിഫോമിൽ ആണ് വീഡിയോ കാൾ ഒന്നും വരാൻ പാടില്ല ജോലിയെ ബാധിക്കും രാത്രി വിളിക്കാംട്ടോ എന്ന് .അവരുടെ രാത്രി എന്ന് പറയുന്നത് ചിലപ്പോ ഒരുമണി രണ്ടുമണി ഒക്കെ ആകും അപ്പോഴേക്കും മോൻ കിടന്നു ഉറങ്ങിയിട്ടുണ്ടാകും.അവന്റെ വാശിയും കരച്ചിലും കാണുമ്പോൾ ഞാൻ വിളിക്കും അപ്പൊ ദേഷ്യപ്പെടും നീ അവനെ പറഞ്ഞു മനസിലാക്ക് ജോലിക്കിടയിൽ ഫോൺ പോലും ഉപയോഗിക്കാൻ പാടില്ല നിനക്കറിയുന്നേ അല്ലെ "ന്ന് .
അതെ ഞാൻ അറിയണം അല്ലെങ്കിൽ അറിഞ്ഞിരിക്കണം ഞാൻ ആണ് അറിയേണ്ടത് പക്ഷെ ഒന്നും മനസിലാകാത്ത കുട്ടികൾക്കു മുന്നിൽ അമ്മ എന്ത് ചെയ്യാൻ സ്വന്തം കണ്ണ് നിറക്കാം എന്നല്ലാതെ.
പോസ്റ്റിങ്ങ് ലേ ലഡാക് വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ സേഫ് ആക്കാൻ ഒരു പരിചയവും,ഭാഷയും അറിയാത്ത നാട്ടിൽ ഫ്ലാറ്റിൽ ഒറ്റയ്ക്ക്കൊണ്ട് നിർത്തി സെറ്റിൽ ആക്കി .അന്ന് ഞാൻ കരഞ്ഞു ഏട്ടാ എനിക്കിവിടെ ഒരു പരിചയവും ഇല്യ എങ്ങനെ ഒറ്റയ്ക്ക് നിൽക്കും ഞാൻ നാട്ടിൽ പോകാം ന്ന്.
അപ്പൊ പറഞ്ഞ ഒരു വാചകം ണ്ട് ,നീ പട്ടാളക്കാരന്റെ ഭാര്യയാണ് ഒറ്റയ്ക്ക് ജീവിച്ചു പഠിക്കണം,എല്ലാം ശീലാവണം,എന്നും എപ്പോഴും കൂടെ ആരും കാണില്ലെന്ന് ഇവിടെ ആണെങ്കിൽ ആർമി സ്കൂൾ നല്ല പഠിപ്പും കിട്ടും നിനക്ക് ഒരു ജോലിയും കിട്ടും എല്ലാം കൊണ്ടും നിങ്ങൾ സേഫ് ആകുംന്ന്.
ഞങ്ങളെ കൂടെ കൂട്ടാതെ ഞങ്ങളെ മാത്രം സേഫ് ആക്കി ഏട്ടൻ ജോലിക്കു പോയതാ എന്ന് പിനീടാണ് മനസിലായത്.
അതാണ്ഓരോ പട്ടാളക്കാരനും അവന്റ രാജ്യത്തോടൊപ്പം അവന്റെ ഫാമിലിയും ഒരുപക്ഷെ അവർ അറിയാതെ തന്നെ സേഫ് ആക്കിയിരിക്കും ദേ ഈ ഞങ്ങളെ പോലെ.
വീട്ടിൽ നിന്നും വയ്യാത്ത 'അമ്മ വിളിക്കും മോളെ അവൻ വിളിച്ചിരുന്നോ ?
ഇങ്ങോട്ടു വിളിച്ചിട്ടു ദിവസങ്ങൾ ആയെന്ന്,അമ്മ വയ്യാതിരിക്കുന്നതോണ്ട് ഞാൻ പറയും "ദേ ഇപ്പോ വിളിച്ചെള്ളു അമ്മെ ഏട്ടന് കുഴപ്പൊന്നൂല്യാ ന്നു .
പക്ഷെ ഇവിടേക്കും ഒരു വിളി വന്നിട്ട് ദിവസങ്ങൾ ആയിരിക്കും .
അപ്പൊ നാട്ടിൽ നിന്നും അമ്മയുടെ ഒരു കുറ്റപ്പെടുത്തൽ ഉണ്ട് ,ഹാ കല്യാണം കഴിഞ്ഞാൽ എല്ലാവർക്കും ഭാര്യയാ വലുത് അമ്മയൊന്നും വേണ്ടെന്ന് .
അമ്മയ്ക്കറിയില്ലല്ലോ ആ മകന്റെ മനസ്സിൽ എന്നേക്കാൾ സ്ഥാനം ആ അമ്മയ്ക്കാണെന്ന് .
ഇന്നലെ മരിച്ച ഓരോ പട്ടാളക്കാർക്കും കാണും ഇതുപോലെ വീട്ടിൽ പ്രായം ആയ 'അമ്മ എന്നെപോലെ ഉള്ള ഒരു ഭാര്യ ,അച്ഛനെ കാണണം
എന്ന് വാശിപിടിക്കുന്ന മക്കൾ എല്ലാം.
ഒരു നനുത്തചിരിയോടെ ലീവ് കഴിഞ്ഞ് നാടും വീടും,പ്രിയപ്പെട്ടവരേം ഉപേക്ഷിച്ചു ഒരു യാത്ര പോലും പറയാതെ പടിയിറങ്ങിയപ്പോൾ അവർ കരുതികാണുമോ?? ഇനി തിരിച്ചുവരുന്നത് ദേശീയപതാകയിൽ പൊതിഞ്ഞ
ഒരു പെട്ടിയിൽ ആകും എന്ന്.
ചിലപ്പോൾ കരുതി തന്നെയാകും അവർ പോകുന്നത്. ഒരുപാട് സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു,മനസ്സ് കല്ലാക്കി ആയിരിക്കണം പ്രിയപ്പെട്ടവരേ എന്നെങ്കിലും തനിച്ചാക്കേണ്ടി വരുമോ? എന്ന പേടിയോടെ ആയിരിക്കണം അവരുടെ ഓരോ പടിയിറക്കവും.
അതെ ഇന്നലെ പോയവർക്കും കാണും ഇതുപോലെ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും.അതൊക്കെ ഇവിടെ ഉപേക്ഷിച്ചിട്ട് അവർചിന്നഭിന്നമായിപോയി. പട്ടാളക്കാരുടെ ഏറ്റവും വലിയ അഭിമാനം ആയ അവരുടെ ജോലിയുടെ ഭാഗമായി അങ്ങ് സ്വർഗത്തിലേക്ക്.
ഇവിടെ അവരുടെ പ്രിയപ്പെട്ടവർ ജീവൻ കൊടുത്തത് നാടിനു വേണ്ടി ആണെന്ന് പറയുമ്പോഴും അവരുടെ ഉള്ളിൽ നീറുന്നുണ്ട് ,പിടയുന്നുണ്ട്,പൊള്ളുന്നുണ്ട് പൂർണമായി ഒരു ശരീരത്തോടെ ഇറങ്ങിപ്പോയ മകൻ ,സഹോദരൻ ,ഭർത്താവ് ,അച്ഛൻ ഇനി തിരിച്ചു വരുന്നത് അടുക്കി പെറുക്കി കൂട്ടിവച്ച് തുന്നിച്ചേർത്ത ഒരു ത്രിവർണ പതാകയിൽ പൊതിഞ്ഞു പെട്ടിയിൽ ആണെന്ന്.
ഓരോ സ്ഫോടനവും ഞങ്ങൾക്ക് ഓരോ നടുക്കമാണ്,ഭയമാണ് ,ഫോൺ എടുത്തു വിളിച്ചു കിട്ടുന്നവരെ ശരീരം വിറച്ചോണ്ടിരിക്കും .
അപ്പുറത്തുന്ന് നിന്ന് “ഹെലോ ഇവിടെ കുഴപ്പം ഒന്നുല്യാ വച്ചോ തിരക്കാണ് പറയുന്നത് കേൾക്കുന്ന വരെ.
(ഒരിക്കലും ഇതുപോലെ എഴുതണം കരുതിയതല്ല,ഏട്ടന് ഒരിക്കലും ഇഷ്ടല്യാത്ത കാര്യമാണ് അവരുടെ ജോലിയെ പറ്റി പറയുന്നതും എഴുതുന്നതും ആദ്യായിട്ടാ അവരെ പറ്റി എഴുതുന്നെ വഴക്ക് കിട്ടും ഉറപ്പാ പക്ഷെ എഴുതാതിരിക്കാൻ കഴിഞ്ഞില്ല )
എന്നെ പോലെ ഉള്ള സഹോദരിമാരുടെ അച്ഛനമ്മമാരുടെ,മക്കളുടെ,പ്രിയപെട്ടവരുടെ കണ്ണീരിനൊപ്പം ഒരുപാട് ദുഃഖത്തോടെ ഈ ഞാനും .
ജയശ്രീ ശശികുമാർ .
നല്ലെഴുത്ത് 

അഘോരം



മരണത്തിന്റെ രൂക്ഷഗന്ധം ഉള്ള ഗംഗയുടെ സ്നാനഘട്ടിലേക്ക് അവളിറങ്ങി. വെള്ളത്തിന് മരണത്തിന്റെ തണുപ്പ്. അതൊന്നും വകവെയ്ക്കാതെ ജഡപിടിച്ച നീളന്‍മുടി മുന്നിലേക്കിട്ട് അവള്‍ ആഞ്ഞൊന്ന് മുങ്ങി നിവര്‍ന്നു. ദൂരെ ഹിമാലയതില്‍ നിന്നും മഞ്ഞുകീറിമുറിച്ചു കടന്നുവരുന്ന സൂര്യരശ്മികളെ നോക്കി വലതു കയ്യില്‍ ജലമെടുത്ത്‌ ബീജാക്ഷരങ്ങള്‍ ഉരുവിട്ടു.
"ഹം -യം-രം-ലം-വം"
വീണ്ടും ഒന്നുകൂടെ മുങ്ങി നിവര്‍ന്നു പതുക്കെ സ്നാനഘട്ടിന്റെ പടികള്‍ തിരിച്ചു കയറി. കുറച്ചു ദൂരെ കാശിവിശ്വനാഥന്റെ ഗോപുര മകുടം സൂര്യന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. ഗംഗയില്‍ തീര്‍ഥാടകരുടെ തിരക്ക്. പാതിവെന്ത ശവശരീരങ്ങളുടെയും, പൂജാവശിഷ്ടങ്ങളുടെയും വിഴുപ്പു പേറിയ ഗംഗയുടെ വിരിമാറില്‍ അറപ്പില്ലാതെ മുങ്ങിനിവരണമത്രെ. പുഴുവായ് ജനിച്ച് പൂമ്പാറ്റയായി വളര്‍ന്ന മനുഷ്യജന്മങ്ങള്‍ക്ക് മോക്ഷം കിട്ടുവാന്‍.
സ്നാനം ചെയ്യുന്നവരെയും, ബലിതര്‍പ്പണം ചെയ്യുന്നവരെയും ശ്രദ്ധിക്കാതെ നനഞ്ഞൊട്ടിയ കാഷായവസ്ത്രത്തിലും, ജഡയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളതുള്ളികളെയും വകവയ്ക്കാതെ അവള്‍ നടന്നു അവളുടെ ആസ്ഥാനമായ മണിവര്‍ണികഘട്ടിലേക്ക്.
ഓരോ നിമിഷങ്ങളിലും വരുന്ന ശവശരീരങ്ങളെ കത്തിയെരിക്കുന്ന ശ്മാശാനഭൂമിയാണ് മണിവര്‍ണികഘട്ട്. ചുടലക്കാടിന്റെ ഉടമസ്ഥതയിലുള്ള ഡോം വംശജര്‍ക്കിടയില്‍ അവള്‍ എത്തിയിട്ട് കാലങ്ങള്‍ ആയി. കഴുത്തില്‍ ഒരു കറുത്ത മുത്തുമാല അടുക്കടുക്കായി അണിഞ്ഞിരിക്കുന്നു. അതായിരുന്നു അവളുടെ ആകെയുള്ള ആഭരണം. അവിടവിടെ കീറിയ കാഷായവസ്ത്രവും കൈയില്‍ ഒരു ത്രിശൂലവും ആയി ഒരു അഘോരിയെ പോലെ അവള്‍ ചുടലക്കാട്ടില്‍ ചുറ്റിനടക്കും.
എരിഞ്ഞടങ്ങുന്ന ശവശരീരത്തിന്റെ ഗന്ധം അവള്‍ക്കൊരിക്കലും ദുര്‍ഗന്ധമായി തോന്നിയിരുന്നില്ല. പകരം സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങുന്ന ആ പുകച്ചുരുള്‍ അവള്‍ ആവോളം ആസ്വദിച്ചിരുന്നു. കത്താതെ കിടക്കുന്ന ശരീരഭാഗങ്ങള്‍ ശൂലം കൊണ്ട് ഇളക്കി ഊതി ഊതി കത്തിച്ച് അവള്‍ അതില്‍ ആനന്ദം കൊണ്ടിരുന്നു. അതില്‍ മടുപ്പുതോന്നുമ്പോള്‍ ഇറങ്ങി നടക്കും മുക്തിഭവനിലേക്ക്.
വിവിധഭാഗങ്ങളില്‍ നിന്നും മരിക്കാറായി കൊണ്ടുവരുന്ന രോഗികളെ താമസിപ്പിക്കുന്ന സ്ഥലം അതാണ്‌ മുക്തിഭവന്‍. കൂടുതലും പാതിചത്ത പോലെ ഉള്ള ശരീരങ്ങള്‍ ആകുംഅവിടെ ഉള്ളത്. നല്ലപ്രായത്തില്‍ ചെയ്തുകൂട്ടിയ കൊടുംപാപങ്ങള്‍ കാശിനാഥനില്‍ അര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായി കാത്തുകിടക്കുന്നവര്‍.
അവര്‍ക്കിടയിലൂടെ അവള്‍ നടക്കും, പുതിയതായി വന്ന രോഗികളെ സന്ദര്‍ശിക്കും, കാശിതീര്‍ത്ഥം ഓരോരുത്തരുടെയും നാവില്‍ ഇറ്റിച്ചു കൊടുക്കും, ഓരോരുത്തരുടെയും മുഖം സൂക്ഷ്മതയോടെ നിരീക്ഷിക്കും, മനസ്സില്‍ ആരെയോ തിരയുന്നപോലെ അവസാനം നിരാശയോടെ മടങ്ങും.
അവിടെ എത്തിയതിനു ശേഷം ഒരാളോട് പോലും അവള്‍ സംസാരിച്ചിട്ടില്ല. ഒറ്റയ്ക്കുള്ള പിറുപിറുക്കല്‍ മാത്രം. രാത്രിയുടെ യാമങ്ങളില്‍ കൊടുംതണുപ്പ് വകവയ്ക്കാതെ ഗംഗയില്‍ പോയി മുങ്ങും. പിന്നെ എരിഞ്ഞടങ്ങിയ ആത്മാക്കളുടെ ചുടലഭസ്മം എടുത്തു മേലാകെ വാരി പൂശും. തൃശൂലം കൊണ്ട് കളംവരയ്ക്കും. അട്ടഹസിക്കും. അവസാനം ക്ഷീണത്തോടെ ദഹിപ്പിക്കാന്‍ ആയി അടുക്കിവച്ച വിറകിൻറെ മുകളില്‍ കയറി കിടന്നുറങ്ങും.
അങ്ങനെയിരിക്കെയാണ് മുക്തിഭവനില്‍ പുതിയതായി എത്തിയ ഒരു രോഗിയെ അവള്‍ ശ്രദ്ധിച്ചത്. നാക്കിലേക്ക് കാശി തീര്‍ത്ഥം ഇറ്റിച്ചുകൊടുത്തപ്പോള്‍ ആ മുഖം അവള്‍ വ്യക്തമായി കണ്ടു. അവളുടെ കണ്ണുകളില്‍ എന്തോ ഒന്ന് വശ്യമായി തിളങ്ങി. ക്രൂരമായ ഒരു ആനന്ദത്തോടെ അവള്‍ തിരികെ നടന്നു.
അന്ന് രാത്രി മുഴുവന്‍ അവള്‍ ചുടലക്കാട്ടിലെ അത്മാക്കള്‍ക്കൊപ്പം ആർത്തട്ടഹസിച്ചു.
നാളെ പൗർണ്ണമിയാണ്. എങ്ങും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പാവന ഗംഗയും കാശിനാഥനും പൂജകള്‍ ഏറ്റുവാങ്ങാനായി ഒരുങ്ങികഴിഞ്ഞു. പിറ്റെ ദിവസം പൗർണ്ണമിരാവില്‍ ഗംഗയില്‍ തീര്‍ഥാടകരുടെ എന്നും ഇല്ലാത്ത തിരക്കനുഭവപ്പെട്ടു. ഗംഗയില്‍ മിന്നിത്തെളിയുന്ന മണ്‍ചിരാതുകളുടെയും, ഒഴുകി നടക്കുന്ന പൂക്കളുടെയും വര്‍ണാഭമായ കാഴ്ചകള്‍. എങ്ങും പ്രകാശമയം. മന്ത്രോച്ചാരണങ്ങള്‍ എങ്ങും മുഴങ്ങുന്നു. ഇതൊന്നും വകവയ്ക്കാതെ ഗംഗ ശക്തിയോടെ ഒഴുകികൊണ്ടിരുന്നു.
പതിവുപോലെ ആ തിരക്കുകള്‍ക്കിടയിലും അവള്‍ ഗംഗയില്‍ ഇറങ്ങി മുങ്ങി മന്ത്രങ്ങള്‍ ഉരുവിട്ടു. പിന്നെ തിരക്കിനിടയിലൂടെ തിരിച്ചു കയറി കാശിനാഥന്റെ നടയില്‍ പോയി എന്തൊക്കെയോ പിറുപിറുത്തു. അവിടെന്നു നേരെ മണിവര്‍ണ്ണികയില്‍ ചെന്ന് ആളൊഴിഞ്ഞ ഒരരുകില്‍ വിറകുകള്‍ അടുക്കി ചിതയൊരുക്കിവച്ചതിനു ശേഷം നേരെ മുക്തിഭവനിലേക്ക് നടന്നു.
അവിടെങ്ങും ആരുമില്ല. എല്ലാവരും ഗംഗപൂജയില്‍ ആയിരിക്കണം. അങ്ങ് ഒരു കോണില്‍കിടന്ന ആ മനുഷ്യനരുകിലേക്ക് അവളെത്തി. ഒരു മാത്ര നോക്കി നിന്ന ശേഷം അയാളുടെ വായിലേക്ക് അവൾ കാശിതീര്‍ത്ഥം ഇറ്റിച്ചു. നേര്‍ത്ത ശ്വസോച്ച്വാസത്തോടെ കിടന്ന അയാളെ പൊക്കി ഇരുത്തി. ആകസ്മികമായി എവിടെന്നോ കിട്ടിയ ശക്തിയില്‍ നേര്‍ത്ത പഞ്ഞികെട്ടിന്റെ ഭാരം പോലും ഇല്ലാത്ത ആളെ തൂക്കി എടുത്തു തോളില്‍ കിടത്തി അവള്‍ പുറത്തേക്കു കുതിച്ചു.
ആരും ഇല്ല എന്ന് ചുറ്റുംനോക്കി ഉറപ്പുവരുത്തി, നടക്കുകയും അല്ല ഓടുകയും അല്ല എന്ന രീതിയില്‍ ശ്മാശാന ഭൂമിയിലെ ഒരുക്കിവച്ച ചിതക്കരുകില്‍ അവൾ എത്തി. അയാളുടെ ശരീരത്തെ നിലത്തേക്ക് ഇട്ടിട്ട് ചിതയില്‍ അടുക്കിയ വിറകിനു മുകളില്‍ അവൾ കയറിയിരുന്നു. പിന്നെ തൂക്കിയിട്ട കാലിന് താഴെ ആയി കിടക്കുന്ന ആളെ ക്രൂരമായി ഒന്ന് നോക്കി അവള്‍ സംസാരിച്ചു തുടങ്ങി.
"അമ്പാഴത്തു തറവാട്ടിലെ ഇളമുറതമ്പുരാന്‍. ഭാസ്കരൻ. അറിയോ നിനക്കെന്നെ? നിന്റെ വീടിന്റെ അടുക്കളഭാഗത്ത്‌ നിന്റെ അമ്മയായ വലിയമ്പ്രാട്ടിയുടെ പഴംകഞ്ഞിക്കായി അമ്മയുടെ മുണ്ടിന്റെ കോന്തല പിടിച്ചു പേടിച്ചു നിന്ന പതിനാറുകാരി പെണ്ണ് കുഞ്ഞുനീലിയെ???? ഇല്ല അല്ലെ. ഉണ്ടാവില്ല നീ ഓര്‍ക്കില്ല".
"യൌവനത്തിന്റെ പ്രതാപത്തില്‍ അഹങ്കരിച്ചു നടന്നിരുന്ന നീ ഇരുളടഞ്ഞ തട്ടിന്‍പുറത്ത് നിന്റെ കാമം തീർക്കാൻ പിച്ചിച്ചീന്തിയ പെണ്ണിനെ നീ എങ്ങനെ ഓര്‍ക്കാനാ അല്ലെ??"
"മൂന്നുമാസങ്ങള്‍ക്ക് ശേഷം അമ്പലത്തിലെക്കുള്ള ഇടവഴിയില്‍ നിന്നെയും കാത്ത് നിന്ന്, നിന്റെ ജീവൻ എന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ഗൂഡമായ ഒരു ചിരിയോടെ എല്ലാം കേട്ട് നാളെ അമ്പലകുളത്തിനടുത്തു ആരും കാണാതെ വരണം എന്ന് എന്നോട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ തമ്പ്രാനെ നീ??"
"ഒന്നും ഓര്‍ത്തില്ലെങ്കിലും പിറ്റേന്ന് മൂവന്തിക്ക്‌ ആ കുളകടവിലെ പടവില്‍ കല്യാണമോഹം നല്‍കി വീണ്ടുമൊരിക്കൽക്കൂടെ ഭോഗിച്ച്, അവസാനം ആ അടിവയറ്റില്‍ ചവിട്ടി പിടിച്ചു ഉദരത്തിൽ ഉള്ള നിന്റെ ബീജത്തെ ചവിട്ടിപുറത്താക്കിയത്‌ നീ മറന്നു കാണില്ല അല്ലേടാ തമ്പ്രാനെ?".
"ബോധം മറഞ്ഞു കൊച്ചു പാവടയിലൂടെ ഒഴുകിയിറങ്ങിയ ചോരകണ്ട് പിറ്റേന്ന് അമ്പലകുളം അശുദ്ധമാക്കി എന്ന് പറഞ്ഞു നാട്ടുക്കാര്‍ വിചാരണ ചെയ്യുമ്പോള്‍ നഷ്ടപെട്ടത് എന്റെ മാനവും, ഒരു അമ്മയാകാന്‍ ഉള്ള കഴിവും കൂടി ആയിരുന്നു".
"അന്ന് രാത്രി മാനഭയം കൊണ്ട് അമ്മ ഉത്തരത്തില്‍ തൂങ്ങിയപ്പോള്‍ എനിക്ക് പിടിക്കാന്‍ കഴിഞ്ഞത് അമ്മയുടെ മുണ്ടിന്റെ കൊന്തലയല്ലായിരുന്നു. തൂങ്ങിയാടുന്ന ആ കാലുകളിൽ ആയിരുന്നു. അന്ന് അമ്മയെ കത്തിക്കുമ്പോള്‍ മൂക്കില്‍ അടിച്ചുകയറിയത്‌ ശവത്തിന്റെ ഗന്ധം അല്ലായിരുന്നു. എന്റെയും അമ്മയുടെയും മാനഭിമാനത്തിന്റെ പുകച്ചുരുളുകള്‍ ആയിരുന്നു".
"അവിടന്നങ്ങോട്ട്‌ ഭ്രാന്തി എന്ന് മുദ്രകുത്തി നാട്ടുകാര്‍ എറിഞ്ഞോടിച്ച് കറങ്ങി തിരിഞ്ഞു ഞാന്‍ ഇവിടെയെത്തി കാത്തിരുന്നത് എന്തിനാണെന്ന് അറിയാമോ തമ്പ്രാൻ?? കാലങ്ങളായി നിങ്ങളുടെ പരമ്പരകള്‍ കാശിയില്‍ ആണല്ലോ അവസാന പാപം തീര്‍ക്കാന്‍ വന്നിരുന്നത്. അതുപോലെ നിയും വരും എന്ന് ഉറപ്പായിരുന്നു എനിക്ക്. ഓരോ നിമിഷവും നിന്നെ പ്രതീക്ഷിച്ചാ ഞാന്‍ കഴിഞ്ഞിരുന്നത്. അവസാനം കാശിനാഥന്‍ നിന്നെ എത്തിച്ചു എന്റെ മുന്നില്‍".
നിർജ്ജീവമെന്ന പോലെ കിടന്നിരുന്ന ഭാസ്കരന്റെ പാതി തുറന്ന കണ്ണുകളിൽ ഭയം ജ്വലിച്ചിരുന്നു. പ്രതികരിക്കാൻ ആവാതെ കഴിഞ്ഞ കാലത്തെ പാപങ്ങളുടെ ഓർമ്മയിൽ അയാൾ വേവുകയാവാം. ഓർമ്മയിൽ മുഖങ്ങൾ പരതുകയാവാം.
ക്രൂരമായ ഒരു അട്ടഹാസത്തോടെ വല്ലാത്തൊരു ആവേശത്തോടെ അവൾ താഴേക്ക് ചാടി ഇറങ്ങി. ചിതക്കായി ഒരുക്കി വെച്ചിരുന്ന വിറകിൽ ചാരി വെച്ച അവളുടെ ശൂലം എടുത്തു ഭാവമാറ്റം ഏതുമില്ലാതെ അവന്റെ ചങ്കില്‍ കുത്തിയിറക്കി. പിന്നെ ശരീരത്തിന് ചുറ്റും വലം വച്ചു. നടക്കുന്നതിനുസരിച്ചു ചങ്കില്‍ ശൂലം ആഞ്ഞു ഇറങ്ങുന്നുണ്ടായിരുന്നു. വേദനകൊണ്ടു പിടയുന്ന കാല്‍, തന്നിലെ മാതൃത്വത്തെ അവസാനിപ്പിച്ച ആ കാൽ, അവൾ ചവിട്ടിപ്പിടിച്ചു. ആ ശരീരത്തിന്റെ പിടച്ചില്‍ അവസാനിക്കുന്നതുവരെ.
പിടഞ്ഞൊടുങ്ങിയ ചോര വാർന്നു വീഴുന്ന ആ ശരീരം എടുത്ത് നേരത്തെ ഒരുക്കിയ ചിതയ്ക്ക് മുകളിലേക്കിട്ട് മുഖം പോലും മൂടാതെ അതിനവൾ തീകൊളുത്തി. പ്രതികാര ദാഹത്തോടെ കത്തിപടരുന്ന ശവശരീരത്തെ നോക്കി നില്‍ക്കുമ്പോള്‍ ജഡപിടിച്ച മുടികള്‍ക്കിടയിലൂടെ അവളുടെ മുഖം ജ്വലിക്കുന്നുണ്ടായിരുന്നു. പ്രതികാരത്തിന്റെ ദഹനം. എരിഞ്ഞു തീരുന്ന ആ തീജ്വാലകളെ മുഴുവന്‍ തന്റെ ഉള്ളിലേക്ക് ഉയരുന്ന പുകയിലൂടെ ആവാഹിച്ചവള്‍ നടന്നു. അപ്പോഴും അങ്ങ് ദൂരെ പൗർണ്ണമിയുടെ നിറവില്‍ ആഘോരികളുടെ ആര്‍പ്പുവിളികളും, അട്ടഹാസങ്ങളും ഉയരുന്നുണ്ടായിരുന്നു.
പൂജയും, മാലിന്യങ്ങളും ഏറ്റുവാങ്ങി അപ്പോഴും കാശിനാഥന്റെ പ്രിയതോഴി ഗംഗ ആരവങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി ഒഴുകികൊണ്ടിരുന്നു.
ആ അട്ടഹാസങ്ങള്‍ക്കിടയിലൂടെ ജീവിതമോക്ഷം നേടിയവളെ പോലെ അവള്‍ നടന്നു നീങ്ങി .
ശവം കത്തുന്ന പുകയോ, കാശിനാഥന്റെ മന്ത്രോച്ചാരണങ്ങളോ, അഘോരികളുടെ അട്ടഹാസങ്ങളോ ഇല്ലാത്ത ഗംഗയുടെ ആഴങ്ങളിലേക്ക് .
പാതിവ്രത്യം ഉണ്ടായിരുന്നിട്ടും പഴികേള്‍ക്കേണ്ടി വന്ന ഗംഗയെ പോലെ നീലി എന്ന അഘോരി അവിടെ തീരുകയായിരുന്നു .
------------------------------------------
( ജയശ്രീ ശശികുമാര്‍ )

കര്‍ക്കിടകമഴ



അങ്ങു ദൂരെ ഭാരതപുഴയുടെ വക്കത്ത് നാലുപുറവും മുള്ളുവേലി കെട്ടിയ ഒരു കൊച്ച് വീടില്ലേ അതാണ്‌ എന്റെ വീട്. ഇപ്പോഓര്‍മയില്‍ മാത്രം ഉള്ള ആ വീട് എനിക്ക് മാത്രമേ കാണാന്‍ കഴിയൂ .മഴപെയ്താല്‍ ഓടിന് വിടവിലൂടെ പകുതി അകത്തും പകുതി പുറത്തും പെയ്യുന്ന മഴയുടെ താളവും ഇപ്പോഴും കാതോര്‍ത്താല്‍ എനിക്ക് കേള്‍ക്കാം .
അമ്മയും ,മുത്തശ്ശിയും ,ചേച്ചിമാരും ,ഒരെട്ടനും ഞാനും അടങ്ങുന്ന ഒരു കൊച്ചുവീട് .അച്ഛന്‍ അന്ന് മാസത്തില്‍ ഒരാഴ്ച മാത്രം ലീവിന് വരുന്ന ഒരാള് മാത്രം ആയിരുന്നു.
സ്കൂള്‍ അടപ്പ് കഴിഞ്ഞ് തുറക്കാറാകുമ്പോഴെക്കും അമ്മയ്ക്ക് ആധികയറാന്‍ തുടങ്ങും .ഇടവപാതിയും സ്കൂള്‍തുറപ്പും ഒരുമ്മിച്ചാണ് ഉണ്ടാകുന്നത്.ബുക്ക്‌ ,യൂണിഫോo,കുട ബാഗ്‌ അങ്ങനെ കാശിന്ഒരുപാട് ആവശ്യമുള്ള സമയം ആയിരിക്കും
കൂടെ മഴയും അസുഖങ്ങളും .
ചാക്യാരുടെ തൊടിയില്‍നിന്നും വേനല്‍കാലത്ത്‌ മുറിച്ചുവില്‍ക്കുന്ന മാവിന്റെയും ,പുളിയുടെയും നുറുങ്ങുവിറകുകള്‍ വാങ്ങും അത് പെറുക്കി കൂട്ടി ഞങ്ങള്‍ വീടിന്റെ ഇറയത്ത്‌ എത്തിക്കും .
ആ വിറകുകള്‍ മുത്തശ്ശി അത് ചിതലരിക്കാത്ത വിധം പുറത്ത് മന്തിട്ടയില്‍ അടുക്കിവയ്ക്കും. പിന്നിട് അത് മഴവരുമ്പോഴേക്കും അടുക്കളയില്‍ അടുപ്പിന്‍ മുകളില്‍ താല്‍കാലികമായി മരം വച്ചുകെട്ടി ഒരു അട്ടം ഉണ്ടാക്കി അതിന്റെ മുകളില്‍
അടുക്കി വയ്ക്കും .കൂടെ കെട്ടുകെട്ടായി ഓലകൊടികളും .
സ്കൂള്‍ പോയി റിസള്‍ട്ട്‌ അറിഞ്ഞു സന്തോഷം കൊണ്ട് ഓടി വന്ന്അമ്മാ ഞങ്ങള്‍ പാസ്സായി
എന്ന് പറയുമ്പോള്‍ അമ്മ സന്തോഷം കൊണ്ട് ചിരിക്കും .എങ്കിലും പുതിയ ബുക്ക്‌ ,ബാഗ്‌ എന്നുള്ള അവശ്യം അമ്മയുടെ മുന്നില്‍ നിരത്തുമ്പോള്‍ അമ്മയുടെ മുഖ൦പിന്നെയും മങ്ങും .
കൂടുതല്‍ ആവശ്യങ്ങള്‍ അവസാനത്തെ കുട്ടി ആയ എനിക്ക് തന്നെആയിരുന്നു .കാരണം ഓരോ
വര്‍ഷവും ചേച്ചിടെ പഴയതുണികള്‍ വെട്ടിഅടിച്ചിട്ടാണ് അമ്മ എനിക്ക് ഡ്രസ്സ്‌ ഉണ്ടാക്കിതന്നിരുന്നത്. ബുക്ക്‌ ആണെകില്‍ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞാലെ ആരുടേലും പഴയത് അമ്മ എല്‍പ്പിച്ചിട്ടുണ്ടാകും.
അത് ന്യൂസ്‌പേപ്പര്‍ വച്ച് ചട്ട ഇട്ട് ഭംഗിയാക്കി പഴയനോട്ടുബുക്കിലെ പേജ് വെട്ടി അതിന് പേരും, ക്ലാസും ചോറ് വറ്റുകൊണ്ട് ഒട്ടിച്ച് പുതിയതാക്കി തരും.അതില്‍ മിക്കവാറും അവസാനത്തെയും ആദ്യത്തെയും പേജ് ഒന്നും കാണില്ല.
ചെറിയകുഞ്ഞില്‍ അതൊന്നും എനിക്ക് മനസിലയിരുന്നിലായിരുന്നു പക്ഷെ വിവരം വച്ചുതുടങ്ങിയപ്പോ ഞാനും പുതിയ ബുക്കിനും ,ബാഗിനും ,കുടയ്ക്കും വാശിപിടിക്കാന്‍ തുടങ്ങി .
സ്കൂളില്‍ പുതിയ ബുക്കിന് കാശുകൊടുത്ത് കുട്ടികള്‍ കാത്തിരിക്കുമ്പോള്‍ഉള്ളില്‍ എന്നും സങ്കടം ആയിരുന്നു .പുതിയ ബുക്ക്‌ വന്നിട്ടുണ്ട് സ്റ്റാഫ്‌ റൂമില്‍ നിന്നും ലീഡര്‍ പോയി എടുത്തോണ്ട് വരൂ എന്ന് മാഷ്പറയുമ്പോള്‍ ക്ലാസ്സില്‍ ബുക്കിനു കാശുകൊടുത്ത് കാത്തിരിക്കുന്നവരുടെ കണ്ണില്‍ കാണുന്ന പൂത്തിരി എനിക്ക് മാത്രം സ്വന്തമല്ലായിരുന്നു.
പൈസ കൊടുത്തവര്‍ ഓരോരുത്തരായി ബുക്ക്‌ വാങ്ങുമ്പോള്‍ അവരോട് ഒന്ന് നോക്കാന്‍ തരോ ചോദിച്ചു മേടിച്ച് ഞാന്‍ മണത്തു നോക്കും .അച്ചടിച്ച പുതിയകോപ്പിക്ക് ഉണ്ടാകും കൊച്ചുമനസ്സിനെ വലിച്ചടുപ്പിക്കാന്‍ തരത്തില്‍ ഉള്ളപുതിയഗന്ധം
എന്നെകരയിപ്പിക്കുന്നതും,മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതുമായമാസ്മരികഗന്ധം .
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ രാവിലെ രാവിലെ അടുപ്പുകത്താന്‍ പാടായാതോണ്ട് അമ്മ രാത്രി തന്നെ അടുപ്പില്‍ ഓലകൊടി കത്തിച്ചുകനലാക്കി വയ്ക്കും. രാവിലെ പെരുംമഴയും സ്കൂളില്‍ പോക്കും ഒരുമിച്ചായതോണ്ട് അമ്മയ്ക്ക് ആയിരുന്നു കഷ്ടപാട് .
എത്ര കനല്‍ ആക്കിയാലും അടുപ്പ് രാവിലെ കത്തില്ല ഊതി ,ഊതി ചോറ്പകുതി വേവ് ആകുമ്പോഴേക്കും ഞങ്ങള്‍ക്ക്പോകാറായിട്ടുണ്ടാകും.പകുതിവെന്തചോറ് അമ്മചോറുംപാത്രത്തില്‍ ഊറ്റിആക്കും.ഒപ്പം ചോറിന് കറിയായി പുറത്ത് അമ്മിക്കല്ലില്‍തേങ്ങയും.പുളിയും.മുളകും കൂടിഅരച്ചെടുക്കുമ്പോള്‍ രാത്രി തുടങ്ങി നിര്‍ത്താതെ പെയ്യുന്നമഴയും അമ്മയ്ക്ക് കൂട്ടിനുണ്ടാകും .
.
ഒപ്പം അമ്മ മഴയോട് ദേഷ്യപെട്ടുന്നെ കേള്‍ക്കാം.
എന്ത് നാശം പിടിച്ച മഴയാ കുട്ടികള്‍ സ്കൂളില്‍ പോകുന്ന നേരത്ത് അവരുടെ അകെ ഉള്ള തുണിയും നനയ്ക്കാനായി പെയ്യണോ ?,രാത്രി എത്രവേണേലും പെയ്തോട്ടെ ഇതിപ്പോ അവര് സ്കൂളില്‍എത്തിയിട്ട് ബാക്കി പെയ്താല്‍ പോരെ നാശം.
ഊത്താല്‍ അടിക്കുന്ന അമ്മിക്കല്ലില്‍ അരച്ചചമന്തി ഉരുട്ടി എടുത്ത് വേഗം അകത്തേക്ക് .പാതിവെന്ത ചോറിന് മുകളില്‍ ചമ്മന്തിയും ചേര്‍ത്ത്
ചുട്ടുപൊള്ളുന്ന ചോറ്റുപാത്രം മുണ്ടിന്റെ കൊന്താലയില്‍ തുടച്ച് സ്കൂള്‍ ബാഗില്‍ ഇട്ടുതരുംമ്പോഴേക്കും അമ്മ ആ മഴയത്തും
വിയര്‍ക്കുന്നുണ്ടാകും ,കവിളിലും നെറ്റിയിലും അടുപ്പിന്റെ കരിപുരണ്ടിട്ടുണ്ടാകും ,കണ്ണുകള്‍ അടുപൂതിചുവന്ന് ഇടുങ്ങിയിട്ടുണ്ടാകും.
അപ്പോഴാകും അമ്മയുടെ അടുത്ത് അടുത്ത എന്റെ സങ്കടം.അമ്മെ എനിക്ക് കുടയില്ല ഞാന്‍ എങ്ങനെ സ്കൂളില്‍ പോകും.
നീ ഏട്ടന്റെ കുടയില്‍ പൊയ്ക്കോ ,വേറെ എന്താ ചെയ്യാ! ഉള്ളകുടവില്ലൊക്കെഒടിച്ചുകൊണ്ടുവരുമ്പോള്‍ ഓര്‍ക്കണം ഇതുപോലെ മഴപെയ്യും നിനക്ക് സ്കൂളില്‍ പോണം എന്നൊക്കെ!!
.
ഓ പിന്നെ ഏട്ടന്‍ ഉപയോഗിച്ച് കഴിഞ്ഞു കാലൊടിച്ചു കൊണ്ടുവന്ന കുട ആ കുടക്കാരന്റെ കയ്യില്‍ കൊടുത്തു കാലുമാററി തന്നതല്ലേ എനിക്ക് അപ്പൊ അത് ഞാന്‍ കഴിഞ്ഞോരുകൊല്ലം ഉപയോഗിച്ചതിന് എന്നെ അല്ലെ ആദരിക്കേണ്ടത്. എന്റെ മറുചോദ്യം അമ്മയുടെ വായടപ്പിക്കും അമ്മേടെ കരിപുരണ്ട മുഖത്ത്‌ വളിഞ്ഞ ഒരു ചിരിവന്നു മാഞ്ഞുപോകുംഅമ്മ വേഗം വാക്ക് മാറ്റും .
നേരത്തെ ഇറങ്ങാന്‍ നോക്കിന്‍ മഴകൂടുമ്പോഴെക്കും അങ്ങ് നടന്നെത്താം,ഡാ നീ അവളെ കൂടി നിന്റെ കുടയില്‍ ഒന്ന് കൊണ്ടുപോടാ ഏട്ടനോട് അമ്മയുടെ അപേക്ഷ .എന്തോ മുറുമുറുത്തു അവന്‍ കൂടെ കൂട്ടും രണ്ടാളുടെം ബാഗ് മാത്രം മാറോടടക്കി പിടിച്ചു അങ്ങും എങ്ങും എത്താത്തകുടയില്‍ അങ്ങ് സ്കൂളിലേക്ക് .കുറഞ്ഞത്‌ അഞ്ചുകിലോമീറ്റര്‍ മഴയും നനഞ്ഞു സ്കൂളില്‍ എത്തുമ്പോഴേക്കും ഏട്ടനും ഞാനും മൊത്തത്തില്‍ കുളിച്ചു കഴിഞ്ഞിരിക്കും .
വൈകുന്നേരം വരെ നനഞ്ഞുക്ലാസ്സില്‍ ഇരിക്കും സ്കൂളിലും സ്ഥിതി വത്യസ്തമല്ല എങ്ങും ചോര്‍ച്ച മാത്രം ആയിരിക്കും .വൈകുന്നേരം വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ കട്ടനും ,ചീനിയോ മറ്റോ പുഴുങ്ങിയിട്ടുണ്ടാകും .
കനല്‍ ഉള്ള അടുപ്പിന്റെ ചുവട്ടില്‍ നനഞ്ഞബുക്ക്‌ എല്ലാം നിരത്തി ഉണക്കിഎടുക്കാന്‍ എന്നുള്ള വ്യചേനഅടുപ്പിന്‍ തിട്ടത് കയറി കൂനികൂടി ഇരിക്കും.തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പെട്ടെന്ന് ആകാശം ഇരുട്ടുമൂടിയിട്ടുണ്ടാകും .ഉള്ള രണ്ടു മണ്ണെണ്ണ ചിമ്മിനിയുടെ വെട്ടത്തില്‍ രാത്രിയിലെ ചോറ് അമ്മ നേരത്തെ വിളമ്പിതരും .
.
അടുക്കളനിലത്ത് ഇരുന്നു കഴിക്കാന്‍ മഴവെള്ളം സമ്മതിക്കില്ല ഇടനാഴിയിലേക്കുള്ള ഉമ്മറപടിയില്‍ ചോറും കിണ്ണം എടുത്തു സ്ഥാനം പിടിക്കും .അത് കണ്ടാല്‍ മുത്തശ്ശി തുടങ്ങും ഉമ്മറപടിയില്‍ ആണോടി ഇരിക്കുന്നത് .അവിടെ ഇരിക്കാന്‍പാടില്ല ദോഷാന്നും പറഞ്ഞുള്ള ചീത്തപറച്ചില്‍ .
ഇതുകേള്‍ക്കുന്നതോടെ വീണ്ടുംചോറുംകിണ്ണം
എടുത്തുപുറത്തുള്ളമന്തിട്ടയി്‍ക്ക് .ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ വീടെത്താന്‍ വേണ്ടി പഴുതാരയും,തെരട്ടയും,ഉറുമ്പുകളും വരി വരിയായി പോകുന്നുണ്ടാകും. ഓട്ടിന്‍പുറത്ത് നിന്നും വീഴുന്ന തൂവലവെള്ളം ,ചോറിലും
കറിയിലുംപതിക്കുന്നുണ്ടാകും.
.
കറിയില്‍ അല്ലെങ്കില്‍ തന്നെ അമ്മ കുറെ വെള്ളം ചേര്‍ത്തിട്ടുണ്ടാകും, തികയാന്‍ കുറച്ചുവെള്ളം ഒക്കെ ചേര്‍ക്കേണ്ടിവരും എന്നാ അമ്മയുടെ സ്ഥിരം മറുപടി.വീടിന്റെ അതിരില്‍ മുത്തശ്ശി നട്ട താളും, തകരയും ,ചേമ്പും,ഓമ്മകായും ഒക്കെ ആകും മിക്കവാറും അമ്മയുടെ മഴകാല കറികള്‍ .എന്നാലും അന്ന് മൂന്നുനേരം കിട്ടുന്നത് മാത്രം ആയതോണ്ട് ആര്‍ത്തിയോടെ വേഗം കഴിച്ചു തീര്‍ക്കും .
കറന്റ്‌ ഇല്ലാത്തതുകൊണ്ട് രണ്ടുമണ്ണെണ്ണ വിളക്കും കെടുത്തി ചില്ലുള്ള മൂട്ടവിളക്ക് കത്തിച്ച് അമ്മ എല്ലാര്‍ക്കും ഇടനാഴിയില്‍ പായവിരിച്ചിട്ടുണ്ടാകും.
ഇടനാഴിയില്‍ രണ്ടറ്റതു ഓരോ ഓടിനുപകരം രണ്ടുചില്ലോട് പതിപ്പിച്ചിട്ടുണ്ട് .പകല് അകത്തേക്ക്
വെളിച്ചംകിട്ടന്‍ ആയി ആശാരിയുടെ ഉപദേശംമൂലം വച്ചതായിരുന്നത്‌.ഉറങ്ങാന്‍ ആയി കിടക്കുമ്പോള്‍ കാണാം.ചിലോടില്‍ചിതറിതെറിക്കുന്നമഴത്തുള്ളികളെ അതിനിടയ്ക്ക് ആകും ഞങ്ങളുടെ പുതിയ സ്കൂള്‍ വിശേഷങ്ങള്‍ പിന്നെയും അമ്മയോടുള്ള ആവശ്യങ്ങളും.
അമ്മെ സ്കൂളില്‍ പുതിയബുക്ക് വന്നിട്ടുണ്ട് നാളെ കാശുംകൊണ്ട് ചെല്ലാന്‍ മാഷ്‌ പറഞ്ഞു .ഈ പ്രാവശ്യം എങ്കിലും എനിക്ക് പുതിയബുക്ക്‌ മേടിച്ചുതരോ .കൊറേ ബുക്സ് ബാക്കി ഉണ്ട് ഇനിയും പൈസകൊണ്ട് വരുന്നവര്‍ക്ക് ബുക്ക്‌ തരാം എന്ന് മാഷ്‌ ഇന്നലെ പറഞ്ഞമ്മേ . പിന്നെ പുതിയ പാവാടയും ജാക്കറ്റും വേണം അല്ലെങ്കില്‍ ഞാന്‍ പോകില്ല എന്റെ പാവാട എല്ലാം കീറിതാ എല്ലാവരും കളിയാക്കാന്‍ തുടങ്ങി എനിക്ക് വയ്യ ഇനി അതിടാന്‍ ട്ടോ.
ചേച്ചിക്ക് മേടിക്കുമ്പോള്‍ എനിക്കും വേണം പുതിയത്. അവളുടെ പഴയ റോസ് പുള്ളിപാവട അല്ലെ ഈ വര്ഷം മുഴുവന്‍ ഞാന്‍ തുന്നികൂട്ടി ഇട്ടത് . അമ്മേ അമ്മ കേട്ടോ ഞാന്‍ ഈപറയുന്നത്.
അപ്പുറത്ത് അമ്മയുടെ ശ്വാസനിശ്വാസങ്ങള്‍ കേള്‍ക്കാം ഉറങ്ങിയതോ അതോ ഉറക്കം നടിച്ചു ആലോച്ചിക്കുന്നതോ ആകാം .
രാവിലെ ആയാല്‍ അമ്മയോട് ആവശ്യങ്ങള്‍ പറയതിരിക്കാനായി അമ്മ പതംപറച്ചില്‍ തുടങ്ങിയിട്ടുണ്ടാകും .സ്കൂള്‍ തുറന്നു എന്നൊരു വിചാരം ഇല്ല അങ്ങേര്‍ക്കു (അച്ഛനിട്ട് ആണ്) എന്തൊക്കെ ബുക്ക്‌ ,ബാഗ്‌.കുട .തുണി നൂറായിരം കാര്യങ്ങള്‍ക്കൊപ്പം വീടിന്റെ കാര്യവും എല്ലാം കൂടി ഞാന്‍ എന്ത് ചെയ്യും ന്റെ കൃഷ്ണാ !
ഈനശിച്ചമഴയത്ത്പോസ്റ്റുമാന്‍ ഇന്നലെയും ഇടവഴിലൂടെ പോകുന്നത് കണ്ടു . കാശു അയച്ചിട്ട്ഉണ്ടാകില്ല ഉണ്ടെങ്കില്‍ അയാള്‍ കൊണ്ടുതരില്ലേ ?
നീ ഒന്ന് മിണ്ടാതിരിക്ക്‌ പെണ്ണെ കാശു പോസ്റ്റോഫിസില്‍ വന്നുകിടപ്പുണ്ടാകും ഇന്നു കൊണ്ടുവരാതിരിക്കില്ല പോസ്റ്മാന്‍ (മുത്തശ്ശിടെ ആശ്വസിപ്പിക്കല്‍ കേള്‍ക്കാം ).
നിങ്ങള്‍ക്കൊക്കെ വല്ലോം അറിയണോ ?മുറുക്കിത്തുപ്പി ഉമ്മറത്ത്‌ കാലും നീട്ടിഇരുന്നാല്‍ പോരെ ,നേരത്തിനും കാലത്തിനും കത്താത്ത വിറകൂതി ഭക്ഷണം മുന്നില്‍ എത്തിക്കുന്നുണ്ടല്ലോ.
ഇതിനിടയ്ക്ക് ഇതെല്ലാം കേള്‍ക്കുന്ന ഞങ്ങള്‍ ഒന്നും അവശ്യപെടാതെ അമ്മ തരുന്ന ചോറ്റുംപാത്രവും വാങ്ങി സ്കൂളില്‍ പോകാന്‍ കോരിചെരിയുന്ന മഴയില്‍ കാലൊടിഞ കുടയുമായി
ഇറങ്ങിയിട്ടുണ്ടാകും.
.
ഉമ്മറത്തെ മുള്ളുവേലി തിരിഞ്ഞു നിന്ന് ചാരുമ്പോള്‍ കാണാം തിമിര്‍ത്തു പെയ്യുന്ന മഴയിലും വീടിന്റെ ഉമ്മറത്ത്‌ ഞങ്ങള്‍ പോകുന്നതും നോക്കി ഈ വര്‍ഷവും മക്കള്‍ക്ക്‌ പുതിയതായി ഒന്നും മേടിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയെ .
ആ സമയത്ത് ആകും കര്‍ക്കിടകമഴ ശരിക്കും ഇഷ്ടപെടുന്നത് കാരണം അമ്മയുടെ നിറഞ്ഞകണ്ണുകള്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ലല്ലോ .
(നനഞ്ഞമഴയുടെ നോവുന്ന ഓര്‍മ്മകള്‍ ആണെങ്കിലും അന്നും ,ഇന്നും അമ്മ ഒരു വിസ്മയം തന്നെ . അങ്ങ് ദൂരെ എനിക്ക് കാണാം എന്റെ വരവും കാത്ത് ഉമ്മറത്ത്‌ കാത്തിരിക്കുന്ന എന്റെ അമ്മയെ )
( ശ്രീ)

ആതിര അവള്‍ വരുന്നു.

Image may contain: 1 person, smiling

ധനുമാസത്തിലെ പതുപതുത്ത മഞ്ഞിന്റെ ഈറനുടുത്ത് പൂര്‍ണച്ചന്ദ്രന്റെ പ്രഭയോടെ അവള്‍ ഒരിക്കല്‍ കൂടെ വിരുന്നെത്തുന്നു. മരംകോച്ചുന്ന തണുപ്പും, അതിനെ താഴുകിത്തലോടുന്ന തണുത്തകാറ്റും അവളുടെ വരവറിയിക്കാന്‍ ആയി പടിക്കല്‍ എത്തി നാണിച്ചുനില്‍പ്പുണ്ട്. അതെ അവളാണ് ആതിര എന്ന തിരുവാതിര.
ചാണകം മെഴുകിയ കോലായിലെ മൺതിട്ടയിൽ അമ്മയുടെ സാരിക്കിടയില്‍ തണുത്തു വിറച്ച് കൂനിക്കൂടി ഇരിക്കുമ്പോള്‍ കാണാം അങ്ങ് മേലെ പാലുപോലെ നിലാവും അതിനിടയില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണച്ചന്ദ്രനും. നേരിയ നിലാവെളിച്ചത്തില്‍ മുത്തശ്ശി പറയുന്നതു എനിക്ക് കേള്‍ക്കാം 'എടിയെ നാളെ മകീരം (മകയിരം നാൾ) ആണ് ട്ടോ. ഏഴരവെളുപ്പിന് പുഴയില്‍ തുടിച്ചുകുളിക്കാന്‍ പോണം. കമ്പ്രാന്തലിൽ മണ്ണെണ്ണ ഒഴിച്ച് തിരി ഇട്ടുവച്ചിട്ടുണ്ടല്ലോ ല്ലെ. അമ്മിണീം, ചിന്നമ്മുവും വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ അപ്പൊ കൂകി വിളിക്കും. പാറോ ന്നു അപ്പൊ നമുക്കും ചൂട്ടും, വിളക്കും ആയി ഇറങ്ങണം ട്ടോ". മുത്തശ്ശിക്ക് പഴമ വിട്ടൊരു കളിയില്ല.
"ഇപ്പോ ഒക്കെ എന്ത് തിരുവാതിര. മൂട്ടില്‍ വെയില്‍ അടിക്കുന്ന വരെ ഉറങ്ങുന്ന മൂചെട്ട പെണ്ണുങ്ങളല്ലേ".മുത്തശ്ശി തുടർന്നു. "പണ്ടൊക്കെ ഏഴര വെളുപ്പിന് ചൂട്ടും കത്തിച്ച് ഒരു തലക്കില്‍ നിന്നും വിളിതുടങ്ങും. പുഴ എത്തണവരെ എല്ലാരേം വിളിച്ചുണര്‍ത്തി പൊഴേലിക്ക് ഒരു പോക്കുണ്ട്. പിന്നെ പുലരണവരെ പൊഴയിൽ ഒരു മേളാ. മകര മാസത്തണുപ്പിൽ മരം വരെ തണുക്കും ന്നാ പഴമക്കാര് പറയാ. ആ തണുപ്പത്താ തുടിച്ചുകുളിയും പാട്ടും.
"ഒന്നാനാം മതിലകത്ത് ഒന്നിലല്ലോ പൊന്നിലഞ്ഞി
പൊന്നിലഞ്ഞി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ
രണ്ടാനാം മതിലകത്ത് രണ്ടിലല്ലോ പൊന്നാരളി
പൊന്നാരളി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ"
"എന്നു തുടങ്ങുന്ന തുടിച്ചു കുളിപാട്ട് ആരെങ്കിലും തുടങ്ങുകയായി". മുത്തശ്ശി ഈണത്തിൽ പാടി. "അവിടന്ന് അങ്ങോട്ട്‌ എല്ലാരും അതേറ്റുപിടിക്കും. കുളികഴിഞ്ഞു വരുമ്പോള്‍ തൊടാന്‍ ഉള്ള പൊട്ടും കണ്മഷിയും കൂടെ കരുതിയിട്ടുണ്ടാകും. അതെല്ലാം ചെയ്തു മുടിയില്‍ ദശപുശ്പ്പം ചൂടി കഴിഞ്ഞാല്‍ തിരുവാതിര നോയമ്പ് തുടങ്ങുകയായി." മുത്തശ്ശി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി. ഏതോ ഗതകാല സ്മരണകളിലേക്ക് ചിന്തകൾ പോകുന്ന പോലെ തോന്നി.
"എടിയെ, ഈ ദശപുശ്പം ന്നൊക്കെ പറഞ്ഞാ അത് ഏതൊക്കെ ആണെന്ന് അറിയോ? അല്ല ഇന്നത്തെ കുട്ട്യോൾക്ക് അതൊന്നും അറിയില്ല. അവരുടെ ഒക്കെ ശ്രദ്ധ വേറെ കാര്യങ്ങളിൽ ആണല്ലോ. കറുക, കയ്യോന്നി, മുക്കുറ്റി, നീലപന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണക്രാന്തി, പൂവാംകുരുനില. ഇപ്പോ കാണാന്‍ കൂടി കിട്ടില്ല്യ ഈ വക സാധനങ്ങള്‍. എട്ടങ്ങാടി വച്ച് നോമ്പ് തുടങ്ങും. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ മാത്രേ അന്ന് കഴിക്കാവു. അരി ആഹാരം പാടില്ല എന്നാണ് നിയമം. പണ്ട് ശിവനെ ഭര്‍ത്താവായി കിട്ടാന്‍ പാര്‍വതി എടുത്ത
നോയമ്പ് ആണ് തിരുവാതിര നോയമ്പ് അറിയോ? ദീർഘസുമംഗലി ആകാനും, നല്ല ഭാര്‍ത്താവിനെ കിട്ടാനും ഒക്കെയാണ് സ്ത്രികള്‍ ഈ വ്രതം നോല്‍ക്കുന്നത്. രാത്രിയായ തറവാട്ടു മനയ്ക്കല്‍ തിരുവാതിരകളി ഉണ്ടാകും. എല്ലാവരും കൂടെ ചൂട്ടും കത്തിച്ച് പാട്ടും പാടി മനക്കലെ മുറ്റത്തേക്ക് ഒരു പോക്കുണ്ട്. തിരിച്ചുവരുമ്പോള്‍ കോഴി കൂവാറായിട്ടുണ്ടാകും. അപ്പോഴാണ്‌ ചോഴിയുടെ വരവ്. മേലൊക്കെ പുല്ലും, ഓലയും, വാഴയിലയും വച്ചുകെട്ടി ചോഴി ഓരോ വീട്ടിലും കയറി ഇറങ്ങും. എല്ലാവരും തേങ്ങയും, നെല്ലും, പൈസയും എല്ലാം കൊടുത്ത് ചോഴിയെ സന്തോഷിപ്പിക്കും. ചോഴിയെ യാത്രയാകുമ്പോഴേക്കും നേരം പുലരും. പിന്നെ തലേന്നത്തെ തിരുവാതിര വ്രതം തീരാൻ ഒരു തുടിച്ചു കുളി കൂടെ. അതോടെ തിരുവാതിര തീരും." നീണ്ട ഒരു നെടുവീർപ്പോടെ മുത്തശ്ശി പറഞ്ഞവസാനിപ്പിച്ചു. പൊയ്‌പ്പോയ നല്ല കാലങ്ങളുടെ ഒരു മിന്നലാട്ടം ആ കണ്ണുകളിൽ കാണാമായിരുന്നു.
മുത്തശ്ശി പഴമ്പുരണത്തിൽ തുടങ്ങിയാല്‍ വെളിച്ചാവോളം പറഞ്ഞു കൊണ്ടിരിക്കും. അതിനിടയില്‍ ഒന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആയിരിക്കും അമ്മ വിളിക്കുന്നത്‌. എടി എഴുന്നേക്ക്. എല്ലാരും അതാ പടിക്കല്‍ വന്നു വിളിക്കുന്നു. കുളിക്കാന്‍ പോണ്ടേ. ഉമിക്കരിയും, ഈര്‍ക്കിലയും അമ്മ എടുത്തിട്ടുണ്ട് ഇനി പുഴയില്‍ പോയി പല്ലുതെക്കാം എഴുനെല്‍ക്ക് പെണ്ണെ അങ്ങോട്ട്‌". പകുതി മിഴിഞ്ഞ കണ്ണും ആയി ഇറയത്ത്‌ വച്ച തോര്‍ത്തും എടുത്ത് അമ്മയുടെ പിന്നാലെ പുഴയിലോട്ട്. അടുത്തുള്ളവര്‍ എല്ലാവരും ഉണ്ടാകും ആ സമയം പുഴയില്‍. വയസ്സ് അയാലും ഒരു കുഴപ്പവും ഇല്ലാതെ ഐസ് പോലെ തണുത്തിരിക്കുന്ന വെള്ളത്തില്‍ മുത്തശ്ശിയും, നാട്ടുകാരും തുടിച്ചുകുളി തുടങ്ങിയിട്ടുണ്ടാകും. പകുതി ഉറക്കത്തില്‍ വായില്‍ ഉമിക്കരി വച്ച് പാറപുറത്ത്‌ കുത്തി ഇരിക്കുന്ന എന്റെ മേലേയ്ക്കു വെള്ളം തേവി ഒഴിക്കുമ്പോള്‍ ആകും പരിസരബോധം ഉണ്ടാകുന്നത്. പിന്നെ പുഴയിലോട്ടു ഒരു ചാട്ടമാണ്. കൂട്ടത്തിൽ കൂടി കളിച്ചു ചിരിച്ചു നീന്തി കുളിച്ചു ഈറനുടുത്തു പുഴക്കരെ തേവരെ തൊഴുത്‌ പ്രസാദവും വാങ്ങി വീട്ടിലേക്ക്.
പിന്നെ അമ്മയുടെ പുറകെ ആണ്. അടുക്കളത്തിരക്കിൽ ഓടിപ്പാഞ്ഞു നടക്കണ അമ്മയെ ഒരു നൂറു കൂട്ടം ചോദ്യങ്ങൾകൊണ്ട് ബുദ്ധിമുട്ടിക്കും.
"അമ്മെ ഇന്നു പുതിയപട്ടുപാവാട ഇടാന്‍ തരോ അമ്മെ. എല്ലാവരും പുതിയത് ഇട്ടിട്ടാ ഊഞ്ഞാല്‍ ആടാന്‍ വരുന്നേ. എനിക്ക് രാധേടെ വീട്ടില്‍ ഊഞ്ഞാലാടാന്‍ പോകണം അവിടെ അവളുടെ ഏട്ടന്മാര്‍ മുള ഊഞ്ഞാല്‍ ഇട്ടിട്ടുണ്ടാകും എനിക്ക് അങ്ങോട്ട്‌ ആടാന്‍ പോണം"
"പിന്നെ, അകെ ഉള്ളതു ഒരു പാവടയാ. അത് ഇട്ടിട്ട് വേണം വല്ല മണ്ണിലും, മുളയിലും കൊണ്ട് കീറാന്‍. വേണ്ട. നീ ചേച്ചിടെ പുള്ളിപാവാട ഇട്ടോ"
"എനിക്കെങ്ങും വേണ്ട അവള്‍ടെ പാവാട. കൊറേ പഴകിതാ, അടിയും വക്കും ഒക്കെ കീറിയിട്ടുണ്ട്. എല്ലാവരും നല്ലത് ഇടുമ്പോള്‍ ഞാന്‍ മാത്രം അവള്‍ടെ പഴയത്. എനിക്ക് വേണ്ട എല്ലാരും കളിയാക്കും".
സങ്കടം കണ്ണീരായി ഒഴുകുമ്പോള്‍ അമ്മ പറയും, "നീ എന്തെകിലും ഇട്ടു നശിപ്പിക്കേടി അസത്തെ. അകെ ഉള്ള ഒരു പാവാടയാ അത് കൊണ്ട് കീറിക്കോ. എന്നിട്ട് എവിടേലും പോകുമ്പോള്‍ കീറിതും ഇട്ടു പൊയ്ക്കോ. എനിക്കെന്താ .പറഞ്ഞാല്‍ പണ്ടേ അനുസരണ ഇല്ലല്ലോ ജന്തുന്". സംഗതി 'അമ്മ ചൂടിൽ ആണെങ്കിലും സ്നേഹം നിറഞ്ഞ ഒരു ചൂടാണ് അത്. അർദ്ധ സമ്മതം എന്നൊക്കെ പറയില്ലേ. അതാണ് സംഭവം. ആ സമ്മതം കേള്‍ക്കേണ്ട താമസം മച്ചില്‍ ഉള്ള മരകോണി കയറി നേരെ മുകളിലോട്ട് ഒരു ഓട്ടം ആണ്. കൂറ ഗുളിക ഇട്ടു പഴയ തോല്‍പെട്ടി തുറന്നു പാവാട എടുത്തോന്ന് മണപ്പിച്ച് നോക്കും. കൂറ ഗുളികയുടെ നല്ല മണം ആയിരിക്കും അതിന്. അതും അണിഞ്ഞ് അച്ഛന്‍ കൊണ്ടു വന്ന കുട്ടികൂറ പൌഡര്‍ ഇട്ടു, വലിച്ച്കണ്ണെഴുതി താഴോട്ട് ഇറങ്ങും. ഊഞ്ഞാല്‍ ആടാന്‍ പോകണമെങ്കില്‍ അമ്മ കൂവ പായസവും, കിഴങ്ങ് പുഴുങ്ങിയതും തിന്നാന്‍ തരണം. അതിനായി പടിക്കല്‍ നാല് ആളുകള്‍ കാണാന്‍ ആയി പുതിയ പട്ടുപാവാട ഇട്ടു വെറുതെ നടക്കും. അങ്ങോട്ടും ഇങ്ങോട്ടും. അപ്പോഴാവും ചെട്ടിചാര് കുപ്പിവള കൊണ്ട് വരുന്നത്. അത് കാണുമ്പൊള്‍ ചാടിതുള്ളി അമ്മെ വിളിച്ചൊരു ഓട്ടം ഉണ്ട് അകത്തേക്ക്. "അമ്മെ വളവാങ്ങി താ. ചെട്ടിചാര് വന്നിരിക്കുന്നു അമ്മെ. എല്ലാവരും കുപ്പിവള വങ്ങും എനിക്കും വേണം കൈനിറയെ കുപ്പിവള". പിന്നെ 'അമ്മ സമ്മതിക്കണ വരെ വാശിയാ.
ചെട്ടിചാര് പിടിച്ചിരുത്തി വള ഇടിക്കുംമ്പോള്‍ പറയും "അമ്മെ നിക്ക് അരഡസന്‍ പച്ച, ചുവപ്പ്, നീല, കറുപ്പ് എല്ലാം വേണം. രാധയും ,രേഖയുമൊക്കെ അങ്ങനത്തെ കളര്‍ വളയാണ് മേടിക്ക്യ. അവര് മേടിച്ചത് നിക്കും വേണം".
വാശി പിടിച്ചു ബഹളമുണ്ടാക്കി വാങ്ങിച്ചു മുട്ടുവരെ കുപ്പിവള കയറ്റി, ക്യുട്ടെക്സും, പൊട്ടും മേടിച്ച് കയ്യില്‍ വക്കുമ്പോ മുഖം തിരുവാതിരപ്പൂനിലാവ്‌ തൂകുന്ന പൂര്‍ണചന്ദ്രനെ പോലെ ആയിട്ടുണ്ടാകും .കൂവപായാസം കഴിച്ചു കൂട്ടുകാരോടൊപ്പം രാധയുടെ വീട്ടിലെ മുള ഊഞ്ഞാലിലേക്ക് ഒരു ഓട്ടമാണ്.
കൂട്ടരോടൊപ്പം പാടത്ത് കൂടെ പോകുമ്പോള്‍ അകെ ഉള്ള പട്ടുപാവടാ ചെളിപുരളാതെ മുട്ടുവരെ കയട്ടിപിടിച്ചിട്ടുണ്ടാകും. കയ്യിൽ കിടക്കുന്ന കുപ്പിവളകൾ കൂട്ടുക്കാര്‍ കേള്‍ക്കാന്‍ വേണ്ടി കിലുക്കി ആയിരിക്കും നടപ്പ്. പിന്നെ ഊഞ്ഞാലാടാന്‍ ഊഴം കാത്ത് കൂട്ടുകാരോടൊപ്പം.
ഒന്നാനാം കൊച്ചുതുബി എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക് ......
ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ പിറന്ന അവളുടെ (തിരുവാതിര) ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എവിടെയോ ഒരു ചെറു നോവ്‌. ഒപ്പം നഷ്ടബാല്യത്തിന്റെ കണ്ണീരും. മുത്തശ്ശിക്കഥകളും, ഊഞ്ഞാലാട്ടവും, ചെട്ടിച്ചിയുടെ വളയും കൂവ പായസവും എല്ലാം ഒരു നിലാവ് പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
കേള്‍ക്കുന്നില്ലേ നിങ്ങള്‍ അങ്ങ് ദൂരെ മുത്തശ്ശിയുടെ വിളി .......
"എടിയെ ...നാളെ മകീരം ആണ് ട്ടോ തുടിച്ചു കുളിക്കാന്‍ പോകാന്‍ ചൂട്ടു തയ്യാറക്കിയോ?"
-----------------------------------------
ജയശ്രീ ശശികുമാർ.

നീല മീൻ.

നീല മീൻ.
----------------------------------------------
ഏഷ്യനെറ്റ്‌ ന്യൂസില്‍ എഫ്.ഐ.ആര്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് ആദ്യത്തെ ആ വാര്‍ത്ത‍ വിലസിനി അമ്മ ശ്രദ്ധിച്ചത്. "കൌമാരത്തിന്റെ മരണകളികള്‍ "
വിശദമായ വാര്‍ത്തയിലേക്ക്. ബ്ലൂ വെയില്‍ ഗെയിം എന്ന പേരില്‍ പ്രചരിക്കുന്ന മരണകളിയില്‍ കേരളത്തിലും ഇരകള്‍ എന്ന് സംശയം. ഈയിടെ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ
ഏഷ്യാനെറ്റ്‌ ന്യൂസിന് തന്ന അഭിമുഖത്തില്‍ നിന്നാണ് ഈ സംശയം ബലപെട്ടത്. അമ്പത് എപ്പിസോട് ആയി കളിക്കുന്ന ഈ ഗെയിമില്‍ അഡ്മിന്‍ ഓരോ സ്റ്റേജുകളിൽ ആയി ഓരോ ടാര്‍ഗറ്റ് കൊടുക്കുന്നു. അത് ഏകദേശം ഇങ്ങനെ ആണ്.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തുപോകുക. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുക ..രാത്രി ശ്‌മശാനത്തിൽ പോയി ഒറ്റയ്ക്ക് ഇരിക്കുക, സ്വയം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കുക എന്നിട്ട് അതിന്റെ ചിത്രം എടുത്തു അഡ്മിന് അയച്ചു കൊടുക്കുക. എന്നിങ്ങനെ പോകുന്നു ഈ ഭ്രാന്തൻ കളിയുടെ നിയമങ്ങൾ. ഇത് കളിക്കുന്നവർ പൊതുവെ വീട്ടുകാരോടും മറ്റും ആവശ്യമില്ലാതെ ദേഷ്യപെടുകയും, മുറിയില്‍ തനിച്ചിരിക്കുകയും ചെയ്യുന്നതായി കണ്ടു വരുന്നു. മാനസിക സമ്മർദ്ധം കൂടി അവസാന സ്റ്റേജിൽ എത്തുന്ന ആളുടെ ജീവന്‍ വരെ കുരുതികൊടുക്കുന്ന വരെ ഈ ഗെയിം തുടരും.
ബാക്കി വാര്‍ത്ത‍ വിലാസിനിഅമ്മ കേട്ടില്ല .."ഈശ്വരാ ന്റെ മോന്‍". അവന്‍ ഇതുവരെ വന്നില്ലല്ലോ സന്ധ്യക്ക്‌ ബാറ്റും പിടിച്ച് ബൈക്കും എടുത്ത് പോയതാണല്ലോ? വേഗം ഫോണ്‍ എടുത്തു മോന്റെ നമ്പറില്‍ വിളിച്ചു. അപ്പുറത്ത് ഒരു കിളിനാദം "താങ്കള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണ്. എത്ര വിളിച്ചിട്ടും ഇതേ മറുപടി ആയപ്പോള്‍ വിലാസിനിയമ്മക്ക് പരിഭ്രമം കൂടി. ഈയിടെ ആയി അവന്റെ സ്വഭാവത്തിലും ഉണ്ട് കുറെ മാറ്റങ്ങള്‍. എന്നോട് അധികം സംസാരിക്കാറില്ല, എന്ത് ചോദിച്ചാലും ദേഷ്യം പിടിക്കും, മുറിയില്‍ കയറി കതകടച്ചു ഇരിക്കും, കഴിക്കാന്‍ വിളിച്ചാല്‍ വിശപ്പില്ല എന്ന് പറയും അല്ലെങ്കില്‍ പുറത്തുനിന്ന് കഴിച്ചെന്ന് പറയും. ഒരാഴ്ച്ചമുന്നെ ഡല്‍ഹിക്ക് കളിയ്ക്കാന്‍ പോകണം കുറച്ചു കാശുവേണം എന്ന് പറഞ്ഞപ്പോള്‍ വിലാസിനിയമ്മ അവനെ ആട്ടിവിട്ടു ."ഇവിടെ ഉള്ള കളി ഒന്നും പോരാഞ്ഞിട്ടാണോ അങ്ങ് കേന്ദ്രത്തില്‍ പോയി കളിക്കുന്നെ. അഞ്ചുപൈസ ഞാന്‍ തരില്ല. പോയി വല്ലോം നാലക്ഷരം പഠിക്കാന്‍ നോക്ക്" എന്നും പറഞ്ഞു ഓടിച്ചു. "ഡിഗ്രീ സെക്കന്റ് ഇയര്‍ ആയി. എപ്പോഴും കളിയെ ഉള്ളു. പഠിത്തം എന്നത് ഞാനിവിടെ കാണാറില്ല." എന്നു വഴക്കും പറഞ്ഞത്തിനു ശേഷം അവൻ വിലാസിനിയമ്മയോടു മിണ്ടാറില്ല .എല്ലാ വാശിക്കും കൂട്ട് നില്ക്കാന്‍ വയ്യ എന്നും കരുതി അമ്മയും വിട്ടുകൊടുത്തില്ല. മിണ്ടിയാല്‍ മിണ്ടട്ടെ, തിന്നാല്‍ തിന്നട്ടെ എന്നരീതിയില്‍ അവരും പെരുമാറി. ഈശ്വരാ ന്റെ മോന്‍ ഇനിയിപ്പോ ആ ഗെയിമില്‍ പോയി പെട്ടിട്ടുണ്ടാവുമോ? അതാണോ ഈ ദേഷ്യം, അവൻ എങ്ങാനും മുറി അടച്ച് ഒറ്റയ്ക്ക് ഇരുന്നു ഗെയിം കളിക്കുന്നുണ്ടാകുമോ? ഈയിടെ കയ്യില്‍ നീളത്തില്‍ ഒരു മുറിവ് കണ്ടു, ചോദിച്ചപ്പോള്‍ കളിക്കുമ്പോള്‍ വീണു ഉരഞ്ഞു പോട്ടിയതാന്ന് പറഞ്ഞു. പിന്നെ കണ്ടു കയില്‍ വലിയ തുണി കെട്ടിയ പോലെ എന്തോ ഒന്ന്. അതിനെ പറ്റി ചോദിച്ചപ്പോ പറഞ്ഞു. ബാറ്റ് പിടിക്കുമ്പോള്‍ കൈവേദനിക്കാതെ ഇരിക്കാന്‍ ഇട്ടതാന്ന്. ഒരു ദിവസം ഏറെ വൈകിയും കാണാഞ്ഞപ്പോ .അപ്പുറത്തെ വീട്ടിലെ പയ്യനോട് ചോദിച്ചപ്പോ അവൻ പറഞ്ഞു അരുണ്‍ ഏട്ടനെ ഞാന്‍ സെമിത്തേരിക്കു അടുത്ത് വച്ച് കണ്ടെന്ന്. ഏതുനേരത്തും മൊബൈല്‍ മാന്തി ഇരിക്കുമ്പോള്‍ ഞാന്‍
വഴക്ക് പറയുമ്പോള്‍ പറയും, ഞാന്‍ ഒരു ഇന്ററെസ്റ്റിംഗ് ഗെയിം കളിക്കുവാ ശല്യപെടുത്തല്ലേ ന്റെ ശ്രദ്ധമാറും ഗെയിം തോല്‍ക്കും, ഞാന്‍ എല്ലാരുടെം മുന്നില്‍ തോല്‍ക്കും എന്നൊക്കെ. ഈശ്വരാ. അതെ ന്റെ മോന്‍ ആ ഗെയിം കളിക്കുനുണ്ട് വിലാസിനി അമ്മ ഉറപ്പിച്ചു .ഇനി എന്താ ചെയ്യാ. അവന്‍ ഫോണും എടുക്കുനില്ലല്ലോ .എന്റെ മോന്‍ അമ്പതാമത്തെ ലെവലോക്കെ എത്തി കാണോ? അയ്യോ: ഇനി എന്താ ചെയ്യാ. അവർക്കാകെ പരിഭ്രമം മൂത്തു.
വേഗം ഫോണ്‍ എടുത്ത് അടുത്തുള്ള സ്വന്തം തറവാട്ടിലേക്ക് വിളിച്ചു. ഏട്ടന്‍ ആണ് ഫോണ്‍ എടുത്തത്‌. വിളിച്ചപാടെ "ഏട്ടാ അരുണിനെ കാണാന്‍ ഇല്ല. വിളിച്ചിട്ട് അവൻ ഫോണ്‍ എടുക്കുന്നില്ല. അവന്‍ പോയി ഏട്ടാ അവന്‍ ഇനി വരില്ല." എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ആക്കി. ഇതൊക്കെ കേള്‍ക്കേണ്ട താമസം മിനിട്ടുകള്‍ക്കുള്ളില്‍ ഏട്ടന്‍, എട്ടത്തിയമ്മ, അവരുടെ മക്കള്‍, അനിയത്തിയും ഭര്‍ത്താവും കുട്ടികളും. എണ്‍പത് വയസ്സായ സ്വന്തം അമ്മയും ദാ മുറ്റത്ത്‌. അവരെ കണ്ടതും വിലാസിനി അമ്മ അറഞ്ചം പുറഞ്ചം നിലവിളിച്ചോണ്ട് പറഞ്ഞു "ന്റെ ഏട്ടാ അവന്‍ പോയി. അവന്‍ ആ നീല മീനുള്ള ഗെയിം കളിക്കാറുണ്ടായിരുന്നു ഏട്ടാ. (ടെന്‍ഷന്‍ അടിച്ചു അവര് ഗെയിമിന്റെ പേര് മറന്നിരുന്നു). അമ്മെ ന്റെ മോൻ."അനിയത്തിയെ നോക്കി കണ്ണ് തുടച്ചു കൊണ്ട് പോയെടീ അവൻ". വിലാസിനിയമ്മ അലമുറയിടുകയാണ്. ഇടക്കിടക്ക് മൂക്ക് ചീറ്റുന്നുണ്ട്. "നീ ഒന്ന് സമാധാനപ്പെടെൻറെ വിലാസിനി " അവരുടെ കരച്ചിലും പരവേശവും കണ്ടു വിലാസിനിയമ്മയുടെ ഏട്ടൻ മാധവൻ നായർ പറഞ്ഞു. "എന്താ ഉണ്ടായേ? അവൻ എന്ത് ഗെയിം കളിച്ചെന്നാ നീ ഈ പറയണേ? നീ സമാധാനപ്പെടു. നമുക്ക് കണ്ടു പിടിക്കാം" അനിയത്തിയുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി ആ ഏട്ടൻ പറഞ്ഞു.
ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു, കരച്ചിലൊന്നടക്കി വിലാസിനിയമ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന കാര്യങ്ങള്‍ എണ്ണി എണ്ണി പറയാൻ തുടങ്ങി. അവന്റെ ദേഷ്യവും, കൈയിലെ മുറിവും കെട്ടും, മുറി അടച്ചിരുപ്പും, സെമിത്തേരിയില്‍ പോയതും, ഇപ്പോ കണ്ട ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉള്ളടക്കവും അതിൽ വന്ന കല്യാൺ ജ്വല്ലറിയുടെ പരസ്യം വരെ അവരെ പറഞ്ഞു കേള്‍പ്പിച്ചു. അതിനിടക്ക് നെഞ്ചത്തടിയും ഒരു താളത്തിനു ഇടയ്ക്കിടെ ചെയ്യുണ്ടായിരുന്നു .അപ്പൊ ദാ അനിയത്തിടെ മോള് "ശരിയാ അരുണേട്ടന്‍ ഒരു ഇന്ററസ്റ്റിങ് ഗെയിം കളിക്കുന്നുണ്ടെന്നു എന്നോടും പറഞ്ഞിരുന്നു. ഇതൂടെ കേട്ടപ്പോള്‍ വിലാസിനിയമ്മയുടെ നിലവിളിക്കും നെഞ്ചത്തടിക്കും ഒന്ന് കൂടെ ആക്കം കൂടി. എല്ലാം കേട്ട് കൊണ്ടിരുന്ന അവരുടെ എണ്‍പതു വയസ്സായ അമ്മ ഒരു കുന്തോം മനസ്സിലായില്ലേങ്കിലും തനിക്കും എന്തൊക്കെയോ മനസ്സിലായി എന്ന് മാലോകർ കരുതിക്കോട്ടെ എന്ന് വിചാരിച്ചു വെറുതെ ബോധം കെട്ടു വീണു. ആരോ അകത്തേക്ക് ഓടി കുറച്ച് വെള്ളം എടുത്തോണ്ട് വന്നു തളിച്ചു എങ്കിലും പണ്ടേ ബോധം കുറവായിരുന്ന ആ അമ്മയുടെ ബോധം തിരിച്ചു വന്നില്ല. മാത്രമല്ല അബോധാവസ്ഥയിൽ കുറച്ചു നേരം കൂടെ കിടന്നാൽ ആരൊക്കെ തന്നെ സ്നേഹിക്കുന്നുണ്ട് ന്നു രഹസ്യമായി മോണിറ്റർ ചെയ്യാം എന്നും കൂടെ ആ ലവ്ലി മമ്മി തീരുമാനിച്ചിരുന്നു. അതൂടെ കണ്ടപ്പോള്‍ വിലാസിനി അമ്മക്ക് കരയാന്‍ കാരണങ്ങള്‍ രണ്ടായി "ഏട്ടാ...ന്റെ മോനും, ഇപ്പോ നമ്മുടെ അമ്മയും പോയല്ലോ ഏട്ടാ. അയ്യോ.. അമ്മക്ക് ആരാ ആ നീല മീനിന്റെ കളി പറഞ്ഞു കൊടുത്തത് ആവോ" നിയോന്ന് കരയാതിരിക്ക് ന്റെ വിലാസിനി. നമുക്ക് അന്വേഷിക്കാം." മാധവൻ നായർ പറഞ്ഞു നിർത്തി.
അപ്പോഴേക്കും കരച്ചിലൊക്കെ കേട്ട് അയല്‍പക്കത്തുള്ളവരും, റോഡിലൂടെ പോയവരും ഒക്കെ അങ്ങോട്ട്‌ വരാന്‍ തുടങ്ങിയിരുന്നു .അവരോടു കാര്യങ്ങള്‍ മാധവൻനായർ വിശദീകരിക്കുമ്പോള്‍ ആണ് കൈയില്‍ ഇരുന്ന ഫോണ്‍ ബെല്‍ അടിച്ചത്. നോക്കിയപ്പോ അരുണിന്റെ അച്ഛന്‍ അങ്ങ് ദുബായില്‍ നിന്ന് വിളിക്ക്യാണ്. വിലാസിനിഅമ്മയുടെ ഫോണ്‍ ബെല്‍ അടിച്ചു എടുക്കാത്തതു കണ്ടപ്പോൾ അളിയന്റെ ഫോണിലേക്ക് വിളിച്ചതായിരുന്നു ആ പാവം പ്രവാസി. ഹാ പറയാന്‍ മറന്നു "എല്ലാവർക്കും വിളിക്കുന്ന കൂട്ടത്തില്‍ വിലാസിനിയമ്മ ജോലി കഴിഞ്ഞു വന്നു കിടന്നുറങ്ങുന്ന ഭർത്താവിന് ഒരു മിസ്സ്‌ഡ് കാള്‍ കൊടുക്കാന്‍ മറന്നില്ല. വീടിനു തീപിടിച്ചാൽ ഫയർഫോഴ്‌സിന് വരെ മിസ്ഡ് കാൾ അടിക്കുന്ന വിലാസിനിയമ്മയുടെ അസമയത്തുള്ള മിസ്ഡ് കാൾ കണ്ടതും ഉറക്കത്തില്‍ ആയിരുന്ന അയാൾ തിരിച്ചുവിളിച്ചു. വിലാസിനിയമ്മയുടെ കരച്ചിലിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക്കിൽ കാര്യങ്ങള്‍ മാധവൻ നായർ പറഞ്ഞു അറിഞ്ഞ അരുണിന്റെ അച്ഛന്‍ ഫോണ്‍ വിലാസിനി അമ്മക്ക് കൊടുക്കാന്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഫോണ്‍ ആണെന്ന് അറിഞ്ഞ അവര്‍ "ദേ..നോക്കൂ നമ്മുടെ മോന്‍" ന്നു മുഴുവന്‍ ആക്കുമ്പോഴേക്കും അപ്പുറത്ത് നിന്നും "പ്ഫാ" ന്നൊരു ആട്ടായിരുന്നു. "ഡി വായിക്കു വിളിക്കാൻ കൊള്ളാത്തവളെ, നിന്റെ തറവാട്ടില്‍ നിന്നും കൊണ്ടുവന്ന കാശോന്നും അല്ലല്ലോ അവൻ ചോദിച്ചത്? ആണോടി? രാവും പകലും ഇല്ലാതെ ചൂടത്ത് കഷ്ടപെടുന്നത് ന്റെ മോന് വേണ്ടിയിട്ടാ ഡി. എന്താടി അവനു നീ കാശുകൊടുക്കാഞ്ഞേ? അല്ലെങ്കി എന്നെ അറിയിക്കാഞ്ഞത്? അവനെ നോക്കാന്‍ അല്ലേടി നീ? അവനെന്തെലും പറ്റിയാല്‍ നീ ഓര്‍ത്തോ അന്ന് നിന്റെ അവസാനമാടി" ദേഷ്യം കൊണ്ട് വിറച്ചു അയാൾ ഫോണ്‍കട്ട്‌ ആക്കി. കുറച്ചു മുന്നേ വിളിച്ച് മകന്റെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കുട്ടികളുടെ എല്ലാവാശിക്കും കൂട്ടുനില്‍ക്കരുത് .അവനെ ദൂരെ എങ്ങും ഒറ്റയ്ക്ക് വിടരുത് എന്നും പറഞ്ഞു സ്നേഹത്തോടെ ഗുഡ് നൈറ്റ്‌, സ്വീറ്റ് ഡ്രീംസ്‌ പറഞ്ഞു പോയ ഭാര്‍ത്താവിന്റെ അപ്പോഴത്തെ വര്‍ത്തമാനം കേട്ട വിലാസിനി അമ്മ അകെ പകച്ച്‌ എന്നാപ്പിന്നെ ഇനി ഞാനും ബോധം കേട്ടേക്കാം എന്നാലോചിച്ചു നിലത്തേക്ക് വെട്ടിയിട്ട ചക്ക പോലെ . വീണു.അതിനിടക്ക് ആണ് പുറത്തു നിന്നും ഒരു ബൈക്കിന്റെഹോണ്‍ അടി. എവിടെയോ കേട്ട ആ ഹോൺ അബോധാവസ്ഥയിലും വിലാസിനിയമ്മക്ക് മനസ്സിലായി.. അതെ.നമ്മുടെ കഥാനായകന്റെ മാസ് എന്ട്രി
ദൂരെ നിന്നെ അരുണ്‍ കണ്ടു വീട്ടുമുറ്റത്ത്‌ ആളുകള്‍. മഴ പെയ്യുമ്പോ സൈറൺ അടിക്കണ പോലെ ഒരു ശബ്ദം കേട്ടിട്ട്, ഒരു കരച്ചിൽ അല്ലെ ആ കേൾക്കുന്നത്.? അതോ ഇനി എനിക്ക് തോന്നിയതാണോ. ഏയ്‌. അല്ല ഉണ്ട്. വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഗേറ്റിന്റെ പുറത്തു രണ്ടുമൂന്നു പേര് നിക്കുന്നുണ്ട്. വീട്ടിൽ വരാന്തയിൽ ഒക്കെ കുടുംബക്കാർ. യ്യോ ന്റെ അമ്മ വല്ല കടുംകൈയും. ഒരു ഞെട്ടലോടെ അരുൺ ഓർത്തു. ഇടക്ക് മൊബൈല്‍ നോക്കിയപ്പോ കണ്ടിരുന്നു അമ്മയുടെയും അമ്മാവന്റെയും മിസ്ഡ് കാള്‍ നോട്ടിഫിക്കേഷൻ. റേഞ്ച് ഇല്ലതോണ്ട് കാള്‍ വന്നത് അറിഞ്ഞില്ല. എന്തായാലും വീടെത്താറായി അതാ പിന്നെ തിരിച്ചുവിളിക്കതിരുന്നെ. ഇടക്ക് കൂട്ടുകാരനെ ഡ്രോപ്പ് ചെയ്യാൻ നിന്നതു കൊണ്ട് വൈകുകയും ചെയ്തു. അവന്‍ ബൈക്ക് സ്റ്റാന്റ് പോലും ഇടാന്‍ നില്‍ക്കാതെ ഓടി. എണ്ണയിൽ ചവിട്ടി തെന്നി വരുന്ന പോലെ പറന്നു വരുന്ന അരുണിനെ കണ്ടതും എല്ലാരും ഓടി ഉമ്മറത്തോട്ട് വന്നു.
"ഡാ നീ എവിടെ ആയിരുന്നു? നിനക്ക് വിളിച്ച ഫോൺ എടുത്തുകൂടെ?" അമ്മാവൻ അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. മകന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഇനി ബോധം തെളിയിക്കാം ന്നു വിചാരിച്ചു എഴുന്നേറ്റിരുന്നു വിലാസിനിയമ്മ ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് വൈബ്രെഷൻ മോഡിൽ പറഞ്ഞു. "ചോദിക്ക് ഏട്ടാ ചോദിക്ക്. ആ നീലമീനിനെ കുറിച്ച് ചോദിക്ക് അവനോട്. ഇവിടെ ഞാനും ന്റെ അമ്മയും ബോധം കെട്ടു കിടക്കുമ്പോ അവൻ നീല മീനിനേം പച്ച മീനിനേം പിടിക്കാൻ നടക്കുന്നു. നിനക്ക് ആത്മഹത്യ ചെയ്യണം അല്ലെ ഡാ? ന്റെ അമ്മയുടെ ബോധം ഇനീം വന്നിട്ടില്ല." വിലാസിനിയമ്മ കിട്ടിയ തക്കത്തിന് അരുണിന്റെ ചളുങ്ങിയ അലുമിനിയക്കലം പോലെ ഉള്ള മോന്തക്കിട്ട് രണ്ടു തട്ടും കൊടുത്തു.
"നീലമീനോ?" അരുൺ അന്ധാളിച്ചു പോയി. "അത് എന്ത് മാമാ നീല മീൻ? ഞാൻ ആത്മഹത്യ ചെയ്യേ? സന്ധ്യ മയങ്ങിയാ പൂച്ചയെ പേടിച്ചു മൂത്രോഴിക്കാൻ പോലും പോവാത്ത ഈ ഞാനോ? അല്ല നിങ്ങക്കൊക്കെ എന്താ പറ്റിയെ? എന്താ എല്ലാവരും ഈ സമയത്തു ഇവിടെ?" അവൻ ചോദ്യ ബാഹുബലിയെ പോലെ ശരങ്ങൾ എയ്തു.
"ഡാ ...നീ ആ മീനിന്റെ ഗെയിം കളിക്കാറുണ്ടോ?" അമ്മാവൻ ഹെഡ് കുട്ടൻ പിള്ളയായി.
"ങേ? ഞാന്‍ ഗെയിം കളിക്കുന്നുണ്ടോ ന്ന് ചോദിക്കാന്‍ ആണോ നിങ്ങളെല്ലാരും കൂടെ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്. മനുഷ്യനെ പേടിപ്പിക്കാൻ. ഞാന്‍ കളിക്കാറുണ്ടല്ലോ. പക്ഷെ മീനിന്റെ അല്ല പാമ്പിന്റെ ഗെയിം ആണ് കളിക്കാറു " അമ്മക്ക് ഒന്നും പറ്റിയില്ലലോ എന്ന സമാധാനത്തിൽ ചിരി അടക്കിപ്പിടിച്ചു അരുൺ പറഞ്ഞു.
"ങേ പാമ്പോ?" മീനിന്റെ കാര്യം പറഞ്ഞ പുന്നാര അനിയത്തിയെ ഒന്ന് തറപ്പിച്ചു നോക്കീട്ട് മാധവൻനായർ ചോദിച്ചു.
"ആ പാമ്പ് ആപ്പിള്‍ തിന്നുന്ന ഗെയിം. കുറെ ലെവല്‍ ഉണ്ട്. ന്തേയ്‌?" ഇത്രേം പോപ്പുലർ ആയ ഗെയിം അറിയില്ലേ ഡോ ജാഡ അമ്മാവൻ... അല്ലെങ്കി വേണ്ട. അരുൺ ഊറിച്ചിരിച്ചു.
"അതല്ല ഡാ." മാധവൻ നായർ തുടർന്നു. "നിന്റെ അമ്മ പറഞ്ഞു നീ മറ്റേ ഗെയിം കളിക്കാറുണ്ട്. നിനക്ക് ഈയിടെയായി ദേഷ്യം ആണ് എല്ലാരോടും, മുറിയില്‍ ഒറ്റക്കിരിക്കും, സെമിത്തേരിയില്‍ നിന്നെ കണ്ടവര്‍ ഉണ്ട് എന്നൊക്കെ. അതൊക്കെ സത്യം ആണോടാ?" മുഖത്തു ഗൗരവം വരുത്തി മാധവൻ നായർ അനന്തിരവനോട് ചോദിച്ചു.
"ന്റെ മാമാ നിങ്ങള്‍ പറയുന്നത് ഈ ബ്ലൂ വെയില്‍ ന്ന ഗെയിം നെ കുറിച്ചാണോ? ഞാനും ആ ന്യൂസ്‌ കണ്ടിരുന്നു. വിവരം ഉള്ളവര്‍ ആരേലും അതില്‍ പോയി തലവയ്ക്കോ?" (തനിക്ക് ആവശ്യത്തില്‍ കൂടുതല്‍ വിവരം ഉണ്ടെന്ന് ഈ വിവരദോഷികള്‍ വിചാരിച്ചോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ്). "ഞാന്‍ അതിനൊക്കെ എതിരാണ്. പിന്നെ എനിക്ക് സ്റ്റേറ്റ് ലെവല്‍ ബാറ്റ്മിന്റൺ സെലെക്ഷന്‍ കിട്ടി അതിനു പോകാന്‍ കാശു ചോദിച്ചപ്പോ അമ്മ തന്നില്ല അതിനാ അമ്മയോട് വഴക്കിട്ട് ഭക്ഷണം കഴിക്കാതെ മുറിയിൽ പോയി ഇരുന്നത്. പിന്നെ ഏതു അലവലാതി ആണാവോ എന്നെ സെമിത്തേരിയില്‍ കണ്ടെന്ന് പറഞ്ഞത്? അതും ശരിയാകും കാരണം ഞാന്‍ ആ വഴി ആണ് പള്ളിക്കടുത്തുള്ള ഗ്രൗണ്ടിൽ ബാറ്റ്മിന്റൺ കളിക്കാന്‍ പോകുന്നത്. കളിക്കുമ്പോള്‍ കൈ വേദന വരുന്നതുകൊണ്ടാണ് ഈ ബാൻഡ് എയ്ഡ് കൈയില്‍ കയ്യിൽ കെട്ടി വച്ചേക്കുന്നെ. അല്ലാതെ അമ്മ പറഞ്ഞപോലെ മുറിവ് മറച്ചുകേട്ടിയെക്കുന്നതല്ല" ചിരി അടക്കിപ്പിടിച്ചു അരുൺ പറഞ്ഞു നിർത്തി. എന്നിട്ട് കൈയില്‍ കെട്ടിയിരുന്ന ബാൻഡ് എയ്ഡ് അഴിച്ചു കൈ എല്ലാവർക്കും കാണിച്ചു കൊടുത്തു.
കയ്യിലെ തുണിയും നീല മീനും സെമിത്തേരീം പിന്നെ ഓരോരുത്തരായുള്ള ബോധം കെടലും എല്ലാം കൂടെ നിയമസഭ പോലെ ബഹളമായമായിരുന്നു വീട് തെല്ലൊന്നു ശാന്തമായി.
കരച്ചിലുകൾ മുഴങ്ങിയിരുന്ന അകത്തളങ്ങളിൽ ചിരിയുടെ കിലുക്കങ്ങൾ കേൾക്കാൻ തുടങ്ങി. എല്ലാവർക്കും ആശ്വാസമായപ്പോ ബോധം ഇല്ലാതെ കിടന്നിരുന്ന അമ്മമ്മ, എല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ കിടന്നാൽ എല്ലാരും കളിയാക്കും എന്ന് വിചാരിച്ചു പയ്യെ എഴുന്നേറ്റിരുന്നു. മുഖമൊക്കെ തുടച്ചു കൊണ്ട് ബോധം പോയ ആൾ തനിയെ എഴുന്നേറ്റു വരുന്നത് കണ്ടപ്പോൾ എല്ലാർക്കും ചിരിയടക്കാനായില്ല.
"അല്ല ഇനി എല്ലാവരും ഇന്നിവിടെ കൂടുന്നോ അതോ ഞാൻ ആകാശത്തേക്ക് വെടിവെച്ചു എല്ലാരേം ഓടിക്കണോ?" അരുണിന്റെ ചോദ്യം.
"ന്തായാലും നിന്റെ മരണത്തിനു സാക്ഷിയാവാൻ ഞങ്ങൾ നിൽക്കുന്നില്ല. വാ എല്ലാവരും. പോയിട്ട് പിന്നെ വരം." കൂടെ വന്ന അമ്മയും മക്കളും അടങ്ങുന്ന ലഗേജുകൾ എല്ലാം പെറുക്കിക്കൂട്ടി മാധവൻ നായർ പുറത്തേക്കിറങ്ങി. ഇനിയിപ്പോ പ്രത്യേക അപകട ഘട്ടങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് ഇനി വേറെ ഒരവസരത്തിൽ ഒന്ന് കൂടി മനസിരുത്തി ബോധംകെട്ടുവീഴാം എന്ന ധാരണയിൽ അമ്മമ്മയും പതിയെ നടന്ന് നീങ്ങി.
"അമ്മ വാ എനിക്ക് വിശക്കുന്നു ചോറ് വിളമ്പ്" എന്നും പറഞ്ഞു അരുണ്‍ അകത്തേക്ക് കയറി.
എല്ലാരും പോയപ്പോ വാതിലടച്ചുകൊണ്ടു വിലാസിനി അമ്മ പറഞ്ഞു. "ചോറ് ഞാന്‍ ഇപ്പോ വിളമ്പാം അതിന് മുന്നേ എനിക്ക് ഒരു പണി കൂടെ ബാക്കിയുണ്ട്. അത് തീര്‍ക്കട്ടെ. അല്ലെങ്കിൽ എനിക്കിന്ന്‌ ഉറക്കം വരില്ല." വിലാസിനി അമ്മ ഫോണ്‍ എടുത്ത് കുറച്ചു മുന്നേ തന്നെ ഫോൺ വഴി മുതലാക്ക് ചൊല്ലിയ ബഹുമാന്യ കണവശ്രീ കരുണേട്ടൻ അവർകൾക്ക് ഒരു മിസ്സ്‌കാള്‍ കൊടുത്തു കാത്തിരുന്നു. പ്രിയതമന്റെ വിളിക്കായി. നേരത്തെ കിട്ടിയത് പലിശയും ചേർത്തു തിരിച്ചു കൊടുക്കാനായി.
---------------------------------------------------
വാലിന്റെ കഷ്ണം : ഇവൾക്ക് നേരത്തെ കൊടുത്ത് പോരാ എന്ന് മനസ്സിൽ കരുതി പല്ലിറുമ്മി ഫോൺ എടുത്തു തിരിച്ചു വിളിച്ചു. കരുണൻ അവർകൾ ആ ഫോൺ കാളിനു ശേഷം ഒക്ടോബറില്‍ ലീവിന് വരാന്‍ വേണ്ടി എടുത്ത ടിക്കറ്റ്‌ ക്യാന്‍സല്‍ചെയ്തു അവിടെ സ്ഥിരതാമസമാക്കി എന്നാണു കരക്കമ്പി.
---------------------------------------------------
ജയശ്രീ ശശികുമാർ

ദുരവസ്ഥ

ദുരവസ്ഥ
-----------------
ഇരുട്ട് നിറഞ്ഞ മുറിയുടെ പൊളിഞ്ഞു കീറിയ ആ പഴഞ്ചൻ ചുമരും ചാരിഅവളിരുന്നു. വല്ലാത്ത ഒരു നിശബ്ദത ആ മുറിയിൽ തളം കെട്ടി നിന്നു. മുറിയുടെപിൻഭാഗത്തായി ചെറിയ ഒരു ജനലുണ്ട്. അതിലൂടെ ഒരു കൂട്ടം ആളുകൾ നടന്നുപോകുന്നുണ്ടായിരുന്നു.
അവർ അറബിയിൽ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. മുഖംമറച്ചു ആണ് അവർ നടക്കുന്നത്.
ഈ ജനൽ കഴിഞ്ഞാൽ ഒരു ചെറിയ വരാന്തയും അതിന്റെഅപ്പുറം പുറം ലോകവുമാണ്. മരുഭൂമി. കത്തുന്ന ചൂടുള്ള മരുഭൂമി. പണ്ട്അച്ഛനോട് മരുഭൂമി കാണണം എന്ന് പറഞ്ഞു കരഞ്ഞത് അവൾ വെറുതെ ഓർത്തു.
.
കള്ളിച്ചെടികളും ഒട്ടകങ്ങളും യഥേഷ്ടം ഉള്ള മരുഭൂമി.
ഇന്നിപ്പോൾ താനീ മരുഭൂമിയുടെ നടുവിൽ. ശരീരവും മനസ്സും നിറയെ വേദനയുമായി.കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അവളുടെ കയ്യിൽ പതിച്ചു.ശരീരത്തിൽജലാംശം ഉണ്ട്എന്ന്
അവൾക്ക് അപ്പോഴാണ് മനസ്സിലായത്. തന്റെ മോൾ. ഒരുഉൾക്കിടിലത്തോടെ അവൾ ഓർത്തു.
അവൾക്ക്ഒന്നും സംഭവിക്കാതിരുന്നാമതിയായിരുന്നു.കുട്ടികളെ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റി എന്നാണ് മുഖം
മറച്ച ഒരാൾ പറഞ്ഞത്. അവൾ വല്ലതും കഴിച്ചിട്ടുണ്ടാവോ? അവൾകരയുന്നുണ്ടാകുമോ?
വെറും നിലത്തു കാലു നീട്ടിയിരുന്നു അവൾ നഞ്ചുരുകികരഞ്ഞു.
.
മനസ്സ് പായുകയാണ്പുറകോട്ട്. ഉള്ളിൽ കുളിരു പെയ്തിരുന്ന ആ ഓർമ്മകളെഅവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
.
"ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്" മതിലിനു വെളിയിൽ നിന്നും ഒരു പൂവ്നീട്ടി അവൻ പറഞ്ഞു. നാണം കൊണ്ട് അവളുടെ മുഖം തുടുത്തു. "നീ വേഗം പോ..അച്ഛൻ വരാൻ സമയമായി" അവൾ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു.
"നിക്ക് ഡീ . ഒരു രണ്ടു മിനിറ്റ് കൂടെ. കുറച്ചു ദിവസം കൂടെ കഴിഞ്ഞാ ഞാൻപോയാൽ പിന്നെ നിന്നെ കാണുന്നത് എന്നാ?" തെല്ലൊരു സങ്കടത്താൽ മുഖംകുനിച്ചു അവൻ ചോദിച്ചു.
ശരിയാണ്. അവൻ അടുത്ത ആഴ്ച ഗൾഫിലേക്ക് പോവുകയാണ്. പിന്നെ ഇനി രണ്ടു വർഷംകഴിഞ്ഞേ വരൂ.അത് വരെ താൻ എങ്ങനെ...
"നീ പോയാലും എന്നെ എന്നും വിളിക്കണം. ഞാൻ കാത്തിരിക്കും" കണ്ണിൽ നിന്നുംഉരുണ്ടു വീണ കണ്ണീർ അവളുടെ കവിളിനെ നനച്ചു.
"ഇങ്ങനെ കരയാതെ പെണ്ണെ. ഞാൻ ജയിലിലേക്ക് ഒന്നും അല്ലല്ലോ. ഗൾഫിലേക്കല്ലേ.ജോലിയിൽ കയറിയാൽ ഉടനെ നമ്മുടെ കാര്യം വീട്ടിൽ പറയും. അടുത്ത വരവിനുകല്യാണം. എല്ലാം ഞാൻ ഉറപ്പിച്ചിട്ടുണ്ട് .
എല്ലാം നടക്കും നീകരയാതിരിക്ക്"
"ആരാ അത്" അടുക്കള ഭാഗത്തു നിന്നും അമ്മയുടെ ശബ്ദം കേട്ട അവൾ ഞെട്ടിതിരിഞ്ഞു."നീ പൊക്കോ 'അമ്മ വരുന്നുണ്ട്" അവൾ പറഞ്ഞു.
മതിലിനു പുറത്തേക്ക്നീട്ടിയ കൈയിൽ ഒരുമ്മ കൊടുത്തു അവൻ ഓടിപ്പോയി.
"ഒറ്റക്കിരുന്നു സ്വപ്നം കാണുന്നോടീ" എന്ന ശബ്ദം കേട്ടാണവൾ ഞെട്ടിഎണീറ്റത്.
തോക്കിന്റെ തുമ്പ് അവളുടെ തലയിൽ മുട്ടിച്ചു കൊണ്ട് മുഖം മറച്ചഒരാൾ നിൽക്കുന്നുഅവരുടെ കൂട്ടത്തിൽ ഉള്ള ഒരു മലയാളി ആണ്ആരാണ് എന്ന് മനസ്സിലായില്ല . എല്ലാവരും ഒരേ പോലെ ആണ് വേഷം.
.
"ഇരുന്നു സ്വപ്നം കാണാതെ വേണമെങ്കിൽ ഇത് വെട്ടി വിഴുങ്ങാൻ നോക്ക്" ഒരുപ്ളേറ്റിൽ രണ്ടു റൊട്ടിയും കുറച്ചു ഇറച്ചിക്കറിയും അവളുടെ മുന്നിലേക്ക്തള്ളി നീക്കിക്കൊടുത്തു അയാൾ ആ മുറിയിൽ നിന്നും പോയി. ആർത്തിയോടെ ആപ്ലേറ്റ് അവൾ കയ്യിലെടുത്തു.
തന്റെ മോൾ.. അവൾ എന്തെങ്കിലും കഴിച്ചുകാണുമോ?
അവളെപ്പോലെ വേറെയും കുട്ടികൾ ഉണ്ട് എന്നല്ലേ അവർ പറഞ്ഞത്.കൊടുത്തു കാണും.
തീവ്രവാദികൾക്കും ഉണ്ടാകുമായിരിക്കും കുഞ്ഞുങ്ങളോട്ഒരുകരുണ ഉണ്ടാകില്ലേ ?
സ്വയം സമാധാനിക്കാന്‍ ശ്രമിച്ചവള്‍ മുന്നിലേക്ക്‌ തട്ടി എറിഞ്ഞ ഭക്ഷണം ആര്‍ത്തിയോടെ നോക്കി.
.നിറഞ്ഞു വരുന്ന കണ്ണുകളെ ഒരു കൈ കൊണ്ട് തുടച്ചു അവൾ, എന്തോ പരിചയമില്ലാത്ത ഒരു മണമുള്ള ഒരു കറിയും ആ റൊട്ടിയും കഴിക്കാൻ ഇരുന്നു.ഇവിടെ എത്തിപെട്ടതിന് ശേഷം ആദ്യമായാണ് കഴിക്കാന്‍ വല്ലതും കിട്ടുന്നത്.
വിശപ്പിന്റെആഴം അനുഭവിച്ചറിഞ്ഞ നാളുകള്‍. വിശപ്പിന്റെ വിളി കാരണം ആ റൊട്ടിയുടെയോ
കറിയുടെയോ രുചിയെ പറ്റി അവൾക്ക് തെല്ലും അലോസരപ്പെടുത്തിയില്ല
ആദ്യത്തെ റോട്ടികഷ്ണം മുക്കി വായില്‍ വച്ചപ്പോള്‍ അവള്‍ക്കു വീണ്ടും മോളെഓര്‍മ്മവന്നു.
തന്റെ മകള്‍ എവിടെ ആയിരിക്കും ഇപ്പോ? വല്ലതും കഴിച്ചുകാണുമോ ?.
അമ്മയെ കാണാതെ കരയുന്ന പിഞ്ചുമുഖം ഓര്‍ത്തപ്പോള്‍വായിലെക്കിറക്കിയ റൊട്ടി ടെസ്റ്റ്‌ അറിയാതെ നെഞ്ചില്‍ തടഞ്ഞു.
ഓരോറൊട്ടികഷ്ണവും. ഇറക്കുമ്പോഴും
മോളുടെ വിശന്നുകരയുന്ന മുഖം മനസ്സിൽതെളിഞ്ഞു.
അത് കണ്ണീരായി വായിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
വിശപ്പിന്റെകാഠിന്യം മാറിയപ്പോള്‍ അവള്‍ പിന്നെയും പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി എ സി നഴ്സിംഗ് പഠിക്കുമ്പോള്‍ ആണ്അവനെ പരിജയപെടുന്നത്.ആ പരിജയം ഒരു പ്രണയത്തില്‍ എത്താന്‍ അധികം കാലതാമസം ഉണ്ടായിരുന്നില്ല.
പഠിച്ചു ഇറങ്ങുമ്പോഴേക്കും പരസ്പരം പിരിയാന്‍ ആകാത്തവിധംആ ബന്ധം വളര്‍ന്നു കഴിഞ്ഞിരുന്നു.
രണ്ടു മതസ്ഥർ ആയിരുന്നത്കൊണ്ട് ഈ ബന്ധം
ഒരിക്കലും വീട്ടുകാര്‍ ആംഗികരിക്കില്ലെന്നു അവര്‍ക്ക്ഉറപ്പുണ്ടായിരുന്നു.
പഠിച്ചിറങ്ങി ജോലിക്കു ശ്രമിക്കുമ്പോഴാണ്. വിദേശത്തുഒരു സുഹൃത്തു വഴി അവനു ജോലിഓഫര്‍ കിട്ടുന്നത്. അന്ന് യാത്രപറഞ്ഞു പോയഅവന്‍ പിന്നെ രണ്ടു വര്‍ഷത്തെ സങ്കടങ്ങള്‍ക്കും അവസാന വിരഹത്തിനും ശേഷം അവന്‍അവധിക്ക്നാട്ടിലേക്കു വരുന്നത്.
അധികം വയ്കാതെ വീട്ടില്‍ വന്നു പെണ്ണ്
ചോദിച്ചു. മതവും ജാതിയും അവരുടെ വീട്ടുകാരെ ഒരു രീതിയിലുംഅടുപ്പിച്ചില്ല.
ഒടുവിൽ വീട്ടുകാരുടെ അറിവോ, സമ്മതമോ, ആശിര്‍വാദമോഇല്ലാതെ അവർ വിവാഹം രെജിസ്റ്റർ ചെയ്തു.
ഒരു കുഞ്ഞു വാടക വീട്ടിൽ അവർഅവരുടെ സ്വപ്നം നെയ്തു തുടങ്ങി. അധികം വൈകാതെ തന്നെ അവനു വിദേശത്തെക്ക്‌മടങ്ങിപ്പോകേണ്ടി വന്നു.
രണ്ടുമാസത്തെ അവധി കഴിഞ്ഞു തിരിച്ചു ഗള്‍ഫില്‍പോകുമ്പോള്‍ അവന്റെ സ്നേഹസമ്മാനം അവളുടെ ഉദരത്തില്‍ പിറവി എടുത്തിരുന്നു.
സന്തോഷങ്ങളുടെ ഒരു വർഷം. അതിനിടക്കാണ് അവരുടെ സന്തോഷം ഇരട്ടി ആക്കാന്‍ഒരു കുഞ്ഞു സുന്ദരി അവരുടെ ലോകത്തേക്ക് വന്നത്.നീലകണ്ണുള്ള മാലാഖപോലെഒരു കുഞ്ഞുമോള്‍. കുഞ്ഞുവാവയും അവളും വിരഹവും എല്ലാം കൂടെ അവനെ പ്രാന്തനാക്കിയപ്പോള്‍ ആണ് അവളേം മോളെയും തന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ അവന്‍ തീരുമാനിച്ചത്.
അവളുടെ ഒന്നാംപിറനാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് നാല് ഫാമിലി ഒരുമിച്ചു ഒരുടൂര്‍ അവർ പ്ലാന്‍ ചെയ്തത്. പകൽ മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങൾക്കും,സന്തോഷങ്ങൾക്കുമൊടുവിൽ
താമസസ്ഥലത്തേക്ക് തിരിച്ചുള്ള യാത്രക്കിടയില്‍
ക്ഷീണം കൊണ്ട്അവളുടെ കണ്ണടഞ്ഞുപോയി
പെട്ടന്ന് എന്തോ ഭയാനകശബ്ദംകേട്ടാണ്
അവൾ ഞെട്ടി ഉണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ കുറെവണ്ടികള്‍ നിർത്തിയിട്ടിരിക്കുന്നു.
.അതിൽ നിന്ന് കറുത്തകൊട്ട് ഇട്ട കുറെരൂപങ്ങള്‍ മുന്നിലേക്ക്‌ വന്നതും, തന്റെ തലയിൽ തോക്കിന്റെ പിൻഭാഗം കൊണ്ട്ശക്തമായി അടിക്കുന്നത് വരെ അവൾക്ക് ഓർമ്മയുള്ളു. കുഞ്ഞുമോൾ അപ്പൊൾ തന്റെ മടിയില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു .
കണ്ണ് തുറക്കുമ്പോള്‍ ഇരുളില്‍ ഒരു മുറിക്കുള്ളില്‍ കിടക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവര്‍എവിടെ?
തന്റെ ഭർത്താവ്, മോള്‍, കൂടെ ഉണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾഅവരെവിടെ?
ഒരാളുടെയും ഒരു വിവരവുമില്ല. അവള്‍ ആ ഇരുട്ടുമുറിയില്‍ അലറി വിളിച്ചുകരഞ്ഞു .
എവിടെയാണെന്നോ എന്തോ ഒന്നും മനസ്സിലാവാതെ
പിടഞ്ഞെഴുന്നേറ്റ് പൂട്ടി ഇട്ടിരിക്കുന്ന വാതിലില്‍ ഇടിച്ചു അലറി കരഞ്ഞപ്പോള്‍
പുറത്ത് തോക്കും പിടിച്ചു ചുറ്റി കറങ്ങിയ രണ്ടുപേര്‍പൊളിഞ്ഞു തൂങ്ങിയ ആ ജനലിന്റെ
അടുത്തേക്ക് വന്നു. കണ്ണുകളില്‍ തീപൊരി പാറുന്ന പോലെ തുറിച്ചു നോക്കിക്കൊണ്ടു അവര്‍ ചോദിച്ചു "നീ എഴുന്നേറ്റോ സുന്ദരി?
ഉറക്കം ഒക്കെ സുഖമായിരുന്നോ?" മുറി ഇംഗ്ലീഷിൽ ആണ് ചോദ്യം.
അതൊന്നും ശ്രദ്ധിക്കാതെ അവള്‍ അവരോടു ചോദിച്ചു "എന്റെ ഭർത്താവ് എവിടെ?എന്റെ കുഞ്ഞെവിടെ? എന്റെ കൂടെ ഉള്ളവര്‍ എവിടെ?എനിക്കവരെ കാണണം വാതില്‍ തുറക്ക്, പ്ലീസ്.
" അവര്‍ രണ്ടുപേര്‍ പരസ്പരം എന്തോ അടക്കം പറഞ്ഞു ഒരാള്‍പുറത്തേക്കു പോയി.മറ്റേ ആള്‍ അവളെ തന്നെ നോക്കി വാതിലിനടുത്തേക്ക് വന്നു .
ജനല്‍കമ്പി പിടിച്ചിരിക്കുന്ന അവളുടെ കയില്‍ മുറുകെ പിടിച്ചു. ഷോക്കടിച്ചത് പോലെ അവള്‍ കൈവലിക്കാന്‍ ശ്രമിച്ചു എങ്കിലും അവന്റെ ബലിഷ്ടമായ കൈയിൽ നിന്നും തന്റെ കൈ പിൻവലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
സുന്ദരി, സ്വപ്നസുന്ദരി എന്നും പറഞ്ഞുകൊണ്ട് മറ്റേ കൈ വാതിലിനു ഉള്ളിലെക്കിട്ടപ്പോഴേക്കും ആരോ നടന്നു വരുന്ന ശബ്ദം കേട്ട് അവന്‍ പെട്ടെന്ന് അതിൽ നിന്നും പിന്മാറി.
മുഖം മൂടി ധരിച്ച ആജാനുബാഹു ആയ ഒരുത്തനും പിന്നാലെ വേറെ കുറെ പേരും കൂടെ അങ്ങോട്ട്‌ വന്നു ഒരുത്തന്‍ മുന്നോട്ടു വന്നു .
വാതില്‍ തുറന്നു. അവരെകണ്ടതും അവള്‍ പിന്നെയും അവളുടെ ചോദ്യം ആവര്‍ത്തിച്ചു. "എന്റെ ഭർത്താവുംമോളും എവിടെ?
അവർക്കെന്തു സംഭവിച്ചു? എനിക്ക് കാണണം അവരെ". കറുത്തതുണികൊണ്ട് മൂടിയ മുഖത്ത് നിന്നുംഅവൾക്ക് അവരുടെ മുഖഭാവമൊന്നും മനസിസിലായില്ല.
പക്ഷെ ആ ക്രൂരത കത്തുന്ന ആ കണ്ണുകൾ അവളിൽ കുറച്ചൊരു ഭയംഉണ്ടാക്കി.
ഒട്ടൊരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അയാൾ സംസാരിച്ചു.
തുടങ്ങി. "നോക്ക്, നിനക്ക് അവരെ കാണാം. പക്ഷെ നീ ഞങ്ങള്‍ പറ യുന്നത്‌ അനുസരിക്കണം. പറയുന്നതനുസരിക്കാമെങ്കിൽ അവർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല.ഞാൻ അവരെ
ഇവിടെയെത്തിക്കും. അല്ലെങ്കില്‍ ആരെയും നീ ജീവനോടെ കാണില്ല. എന്താ സമ്മതം ആണോ?"
ചങ്ക് തകരുന്ന ചോദ്യം കേട്ട് അവൾ ഞെട്ടിത്തരിച്ചു നിന്നു. അയാൾ തുടർന്നു.
"നിന്നെ കീഴ്പെടുത്താന്‍ എനിക്ക്ഒരു സെക്കന്റ്‌ പോലും വേണ്ട പെണ്ണെ ,പക്ഷെ നിന്നെപ്പോലെയുള്ള സുന്ദരികള്‍സ്വയം വഴങ്ങുമ്പോഴാണ് അവരുടെ സൌന്ദര്യം കൂടുന്നത്. അതാണ്‌ ഞങ്ങള്‍ക്ക്ഇഷ്ടവും
.നീ നന്നായിട്ട് ഒന്ന് ആലോചിക്ക്.
" വൃത്തികെട്ട മുഴങ്ങുന്നവന്യമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു നിർത്തി.
"ആലോചിക്കാന്‍ ഒന്നും ഇല്ലെടാ പട്ടികളെ, ചാവേണ്ടി വന്നാലും നിങ്ങളുടെ ഉദ്ദേശം നടക്കില്ല." അവൾ ചീറി.
പറഞ്ഞവസാനിക്കുന്നതിനു മുന്നേ തന്നെ അയാളുടെ കയ്യിലെ തോക്കിന്റെ പത്തി അവളുടെ ദേഹത്ത് വീണു. തെരുവ് പട്ടിയെ തല്ലുന്നപോലെ ചുറ്റും നിന്ന് അവര്‍എല്ലാവരും കൂടെ അവളെ മര്‍ദ്ദിച്ചു. തലയില്‍ നിന്നും ,ചുണ്ടില്‍ നിന്നുംചോര ചീറ്റി ഒഴുകാൻ തുടങ്ങി.വേദന കൊണ്ട് പുളഞ്ഞു അവള്‍ തറയിലേക്കു ചുരുണ്ടുകൂടി.
ഒരിറ്റ് വെള്ളം പോലും ഇവള്‍ക്ക് കൊടുത്ത് പോകരുത് എന്നആജ്ഞയോടെ അവര്‍
തിരിച്ചുപോയി.
ചോരയൊഴുകുന്ന നിലയിൽ എത്രനേരം കിടന്നു എന്ന് അവൾക്ക് അറിയില്ല.പച്ചവെള്ളം പോലും കൊടുക്കാതെ ഓരോ ദിവസവും കൊല്ലാതെ കൊന്ന് അവളെ വശത്താക്കാന്‍ അവർ ആവുന്നതും നോക്കി.എങ്കിലും, പ്രാണന്‍ പോയാലും മാനംകളയില്ലെന്ന നിലപാടില്‍ അവള്‍ ഉറച്ചു നിന്നു.
ശരീരം നുറുങ്ങുന്ന വേദനക്കിടയിലും, തന്റെ പ്രിയപ്പെട്ടവരെ കാണാത്ത വേദനയാണ് അവളെ കൂടുതൽ തളർത്തിയത്.
മർദ്ദിച്ചെങ്കിലും, അവളുടെ സമ്മതമില്ലാതെ അവളെ പ്രാപിക്കില്ല എന്ന വാക്കിൽ അവർ ഉറച്ചു നിന്നു. അതാണത്രേ അവരുടെ നിലപാട്.
"വിശപ്പ് മാറിയപ്പോൾ നീ വീണ്ടും സ്വപ്നം കാണാൻ തുടങ്ങി അല്ലെ?" എന്ന അട്ടഹാസം കേട്ടാണ് അവള്‍ ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.
വാതില്‍തുറന്നു ആ കാട്ടാളന്മാര്‍
ഉള്ളിലേക്ക് കടന്നു. അവരെ കണ്ടതും അവള്‍ പിടഞ്ഞെഴുനേറ്റു.
ഒരൊറ്റ ചോദ്യമേ അവൾക്കുണ്ടായിരുന്നുള്ളൂ. "എന്റെമോളെവിടെ?
ഞാനൊന്ന് കണ്ടു കൊതി തീർന്നില്ല. ദൈവത്തെയോർത്ത് അവളെ ഒന്ന്കാണിക്കൂ .
അവള്‍ക്കെന്തു പറ്റി? എന്നെ അവരെ കാണിക്ക്". നേതാവിന്റെജുബ്ബയില്‍ പിടിച്ചു വലിച്ച
അലമുറയിട്ട അവളെ അയാള്‍ തട്ടി തെറുപ്പിച്ചു.
ദൂരേക്ക് തെറിച്ചു വീണ അവളെ നോക്കി ഒരു അലര്‍ച്ചയോടെ അയാൾ മുരണ്ടു.
.
"നിനക്ക് കാണാണോ നിന്റെ മോളെ? കാണണോ?" അവൾ കഴിച്ചു വെച്ച പ്ലേറ്റിലേക്ക്ചൂണ്ടി അയാൾ പറഞ്ഞു. "അതില്‍ സൂക്ഷിച്ചു നോക്ക്. അതില്‍ നിനക്ക് നിന്റെ മോളെ കാണാം
.നീ കടിച്ചുതുപ്പിയ എല്ലിന്‍ കഷ്ണത്തില്‍ നോക്ക്. അത്നിന്റെ മോളുടെ കൈയ്യോ ,കാലോ ആകാം.
നീ ഉമ്മവച്ചു തുടുപ്പിച്ച നിന്റെമോള്‍ടെ മേനിയാണ് നീ ഇപ്പോൾ തിന്നത്. കുറെ ദിവസത്തിനു ശേഷം നീ ആര്‍ത്തിയോടെ ഭക്ഷിച്ചതു, നിന്റെ മോള്‍ടെ പിഞ്ചുശരീരം ആണെടി"
അതുംപറഞ്ഞു അവര്‍ അട്ടഹസിച്ചു.ചിരിച്ചു.
ആ വാക്കുകൾ കേട്ട് സ്തബ്ധയായി പോയ അവൾക്ക് തല കറങ്ങുന്നപോലെ തോന്നി.അവള്‍ പിടഞ്ഞു എഴുനേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒരു തളര്‍ച്ചയോടെ അവള്‍ തറയിലേക്കു തന്നെ വീണുപോയി.
"നിനക്ക് വിശ്വാസം ആയില്ലേ? ദാ..നോക്ക് ,.
ഇതാരുടെ ആണെന്ന്" ഞെട്ടിമുഖo ഉയര്‍ത്തിയപ്പോള്‍ അവള്‍ കണ്ടു. ആദ്യത്തെ പിറന്നാളിന്‌ താൻ വാങ്ങിയഒരുപാട് ഓമനിച്ചു താൻ അവളെ ഉടുപ്പിച്ചപിങ്ക് കളര്‍ ഉടുപ്പ്. അത് മുഴുവന്‍ കീറി പറിഞ്ഞിരിക്കുന്നു. മുഴുവന്‍ ചോരയില്‍ മുക്കി എടുത്തപോലെ.അതവളുടെ മുഖത്തെക്ക്. വലിച്ചെറിഞ്ഞുഅയാള്‍ പറഞ്ഞു.
"സൂക്ഷിച്ചു നോക്ക് നീ മകളുടെ തന്നെ ആണോന്ന് ഇനി നിനക്കറിയണ്ടേ ഞങ്ങള്‍ അവളെ എങ്ങനെയാ വെട്ടിനുറുക്കി നിനക്ക് കറി ആക്കിയത്എന്ന്?
ആദ്യം നീല കണ്ണില്‍ നിന്നും ഒരു കത്തി കൊണ്ട് താഴോട്ടു കഴുത്ത് വരെ വരച്ചു" പിന്നെ കഴുത്തില്‍ കൊണ്ട് ഒറ്റ വര . തീര്‍ന്നു നിന്റെ മോള്. പിന്നെ ആ ചെറിയ തല അങ്ങ് അറുത്ത്അറവു മാടിനെ തൂക്കി നിര്‍ത്തുന്ന പോലെ കാലില്‍ കെട്ടി തൂക്കി നിര്‍ത്തി
കുറെ നേരം.എല്ലാവർക്കുംകണ്ടാസ്വദിക്കാന്‍ വേണ്ടി
പിന്നെ കൊച്ചുകൈകാലുകള്‍കല്ലില്‍ വച്ച് കൊത്തിനുറുക്കി കറി ആക്കി അതാണ്‌ ഇന്നു
നിന്നെ കൊണ്ട് തീറ്റിച്ചത്.
പറഞ്ഞത് അനുസരിക്കാത്തതിന് നിനക്കുള്ള അവസാനത്തെ ശിക്ഷ."
"ഡാ" എന്ന് ആക്രോശിച്ചു പാഞ്ഞു വന്ന അവളുടെ തലയ്ക്കു നോക്കി അയാള്‍തോക്കിന്റെ പത്തി ആഞ്ഞു വീശി."ഞങ്ങളെ അനുസരിക്കാത്ത നീ ഇനി ജീവിക്കണ്ടാ.ചാകണം നീയും.
നിന്റെ പ്രിയപ്പെട്ടവരെപ്പോലെ"
നാലു പുറവും നിന്ന് ആ കാട്ടാളന്മാര്‍ അവളെ മൃഗീയമായിഉപദ്രവിച്ചു. ജീവന്റെ പിടച്ചിലും ശ്വാസംകിട്ടാതെ ഉള്ളഅവളുടെ വെപ്രാളവും കണ്ട് അവര്‍ ചുറ്റിനും നിന്ന്നിര്‍ത്താതെ ചിരിച്ച്കൊണ്ടിരുന്നു. കണ്ണടയുമ്പോഴും അവൾ
കാണുന്നുണ്ടായിരുന്നു പുഞ്ചിരിച്ചു കുഞ്ഞിക്കൈ നീട്ടി ഓടി വരുന്ന തന്റെ പിഞ്ചോമനയെ.
NB: അടുത്തിടെ ക്രൂരന്മാരായ ചെന്നായകളുടെ പിടിയില്‍ അകപ്പെട്ട് നെഞ്ചില്‍ ഏറ്റിയ
സ്വന്തം മോളെ കറി വച്ച് തീറ്റിച്ച ,ലോകത്തിലെ ഏറ്റവും ഹതഭാഗ്യയായ ഒരു
അമ്മക്ക് മുന്നില്‍ കണ്ണീരോടെ...
(based on a true story )
JAYASREESASIKUMAR.

രുദ്രാണി


ആളുകളുടെ തിരക്കൊന്നൊഴിഞ്ഞപ്പോൾ അവൾ അകത്തേക്ക് ഓടി. പൂർണ്ണമായും കത്തി തീർന്നിട്ടിലാത്ത ആ ശരീരത്തിലെ കാലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ആ ഇരുണ്ട മുറിയിലെങ്ങും പച്ച മാസവും, ഉണങ്ങിയ പുളിമരത്തിന്റെ വിറകും എണ്ണയും ഒന്ന് ചേർന്ന് കത്തുന്നതിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നു.
ഭൂരിഭാഗവും കത്തിത്തീർന്ന ആ ശരീരത്തിലെ ചുട്ടുപൊള്ളുന്ന കാലുകളിൽ നിന്നും അവൾ ശ്രദ്ധയോടെ ആ സ്വർണ്ണകൊലുസ് തന്റെ കയ്യിൽ കരുതിയ കത്രിക കൊണ്ട് മുറിച്ചെടുത്തു. സർവ്വാഭരണ വിഭൂഷിതയായി നടന്നിരുന്ന ആ ശരീരത്തിൽ, ആകെ ശേഷിച്ചിരുന്നതു, ജീവിച്ചിരുന്നപ്പോൾ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ സ്വർണ്ണക്കൊലുസ് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ അകാലത്തിലുണ്ടായ പരലോകയാത്രയിൽ ബന്ധുക്കൾ ആ കൊലുസ് മാത്രം അണിയിച്ചിരുന്നു.
ആ കൊലുസുകൾ ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ച ശേഷം ആ കാലുകളിലേക് കുറച്ചു എണ്ണ ഒഴിച്ച് വിറകുകൊണ്ട് മൂടി ആ ശരീരത്തെ പൂര്ണമായും അഗ്നിക്ക് വിട്ടുകൊടുത്തു അവൾ തിരിഞ്ഞു നടന്നു. അവളുടെ കൈവെള്ളയിൽ കിടന്നു ആ കൊലുസുകൾ ചുട്ടുപൊള്ളി. ജീവന്റെ ചൂട്.. ആഗ്രഹങ്ങളുടെ ചൂട്..
രുദ്രാണി. നഗരത്തിൽ നിന്ന് ഒരുപാട് വടക്കു മാറി സ്ഥിതിചെയ്യുന്ന "ദേഹിദാഹം" എന്ന ശ്‌മശാനത്തിലെ കാവൽക്കാരി.
നിളയുടെ തീരത്തു നിന്നും വിളിപ്പാടകലെ, ആത്മാക്കൾ പുകയായി ഉയർന്നു പൊങ്ങി അന്തരീക്ഷത്തിൽ ലയിക്കുന്ന ദേഹിക്ക് മോക്ഷം ലഭിക്കുന്ന പരിപാവനമെന്നു വിശ്വസിക്കപ്പെടുന്ന ശ്‌മശാനം. തികഞ്ഞ നിസ്സംഗതയോടെ പരാതികളില്ലാതെ, ആരോ
ഏൽപ്പിച്ച ഉത്തരവാദിത്തം പോലെ അവൾ അവിടെ ജീവിച്ചു പൊന്നു.
അങ്ങനെ ആത്മാക്കളുടെ കൂടെ നിളയുടെ തണുത്ത കാറ്റും ആസ്വദിച്ചു കൂടെ സന്തോഷത്തോടെ ജീവിച്ചു വരുന്നതിന്നിടക്ക് ഒരുദിവസം ഉച്ചയോടെയാണ് ശ്മാശാനത്തിലേക്ക് ആ കൗമാരകാരിയുടെ കടന്നു വരവ്. ആർത്തലച്ചു കരയുന്ന ബന്ധുജനങ്ങളുടെ കൂടെ.
സ്വപ്‌നങ്ങൾ പൂത്തുലഞ്ഞിരുന്ന ആ മിഴികളടച്ചു ഒരു സുഖനിദ്രയിൽ എന്നപോലെ കിടക്കുന്ന അവളെ രൂദ്രാണി ഓട്ടകണ്ണ്‍ ഇട്ടോന്നു ന്നോക്കി . വെള്ളത്തുണിയില്‍ തുന്നി കെട്ടിയ ഒരു ശരീരം മുഖം മാത്രം മൂടാതെ. പ്രസന്നമായ, ചിരിച്ചിട്ടെന്നപോലെ കിടക്കുന്ന മുഖം. പെട്ടന്ന് കണ്ടാല്‍ ഉറങ്ങികിടക്കുകയാണെന്നേ തോന്നൂ.
അലയടിച്ചുയർന്ന തേങ്ങലിൽ നിളാതീരത്തെ
ബലിക്കാക്കകൾ അസ്വസ്ഥരായി ശബ്ദമുണ്ടാക്കി. കൂടെ വന്നതിൽ ചിലർ മാറി നിന്ന് അടക്കം പറയുന്നതു കേള്‍ക്കാം. "പാവം. കഴിഞ്ഞ പരീക്ഷക്ക് വരെ നല്ല മാർക്ക് വാങ്ങിയ കുട്ടിയാ. കോളേജിൽ പോകുന്ന വഴി ഏതോ പയ്യൻ അവൾക്ക് നീട്ടിയ പ്രണയം അവളുടെ അച്ഛന്റെ സ്വപ്നങ്ങളെ മുൻനിർത്തി അവൾ നിരസിച്ചപ്പോൾ അവൻ കത്തിയെടുത്തു കുത്തിയതാ" പ്രണയത്തിനു ചോരയുടെ നിറമുണ്ട് എന്ന് തോന്നിക്കുന്ന അടക്കം പറച്ചിൽ.. "ഇനി അവർക്ക് ആരാണുളളത്. അച്ഛനും അമ്മയ്ക്കും ഒരേ മകളായിരുന്നു. ആ കുട്ടിയുടെ സമയം.. അത് അത്രേ ഉള്ളൂ." ഒരു നെടുവീർപ്പിനാൽ അവർ സംസാരം അവസാനിപ്പിച്ചു.
കുറച്ചു ദൂരെ മാറി ആളുകള്‍ താങ്ങി പിടിച്ച ഒരു മനുഷ്യനെ രുദ്രാണി കണ്ടു. അതായിരിക്കണം ഈ കുട്ടിയുടെ അച്ഛന്‍.
സ്വന്തമെന്നു പറയാൻ ആരുമില്ലാത്ത, ബന്ധങ്ങളുടെ വിലയറിയാത്ത, ബന്ധനങ്ങളില്ലാത്ത രൂദ്രാണി സ്ഥായീഭാവമായ പുച്ഛത്തിൽ അതിലേക്കൊന്നും മനസ്സ് കൊടുക്കാതെ തന്റെ ജോലി തുടര്‍ന്നു..
കഴിഞ്ഞ ആഴ്ച മോക്ഷം നേടിയ ആത്മാവിന്റെ ശരീരത്തിന്റെ ചാരവും അവൾ അടിച്ചു ഒരു കുടത്തില്‍ ആക്കി. ഏതോ അനാഥന്റെ ശരീരമായിരുന്നു അവിടെ പുകഞ്ഞുയർന്നത്. സാധാരണ ശരീരം ദഹിപ്പിച്ചു കഴിഞ്ഞാൽ, പതിനഞ്ചു നാൾ
കഴിഞ്ഞു ബന്ധുക്കൾ വന്നു "അസ്തി പെറുക്കൽ" എന്ന ചടങ്ങുണ്ട്. ഇതിപ്പോ അനാഥനായതുകൊണ്ടു ആരെയും പ്രതീക്ഷിക്കാനില്ല.
ആ ആറടി നീളമുള്ള കുഴിയിൽ കുറച്ചു വെള്ളം തളിച്ച് വൃത്തിയാക്കി രുദ്രാണി വിറക് അടുക്കാന്‍ തുടങ്ങി. എല്ലാം തയ്യാറാക്കി കഴിഞ്ഞു നടുവിൽ കൈ ഊന്നി വായിലെ മുറുക്കാൻ ഒന്ന് നീട്ടിത്തുപ്പി മാറി നിൽക്കുന്ന ബന്ധുക്കളോട്, ശരീരം ചിതയില്‍ എടുത്ത് വചോളാന്‍ അവൾ ആഗ്യം കാണിച്ചു
സ്ഥായിയായ വേർപ്പാടിന്റെ താങ്ങാനാവാത്ത സങ്കടത്തിൽ പെട്ടെന്നുയർന്ന കൂട്ടനിലവിളികള്‍ വകവയ്ക്കാതെ ആരൊക്കെയോ ചേര്‍ന്ന് ആ കുട്ടിയുടെ മൃതശരീരം ചിതയില്‍ വച്ചു മാറി നിന്നു.
മുഖമൊഴികെ എല്ലാം മൂടിക്കെട്ടിയ ആ ശരീരത്തിൽ തനിക്ക് വേണ്ടതൊന്നും ഇല്ലെന്നു കണ്ട രുദ്രാണി എണ്ണ പാത്രം എടുത്തു ശരീരത്തിലേക്ക് ഒഴിച്ച് ബാക്കി ഉള്ള വിറകുകള്‍ എടുത്തു മുകളിൽ അടുക്കാൻ തുടങ്ങി.
പെട്ടന്നാണ് ദൂരെ തളര്‍ന്നിരുന്ന അച്ഛന്‍ ഓടി വന്ന് വല്ലാത്തൊരു ശക്തിയിൽ രുദ്രാണിയെ തട്ടി മാറ്റിയത്. ഒരു ഞെട്ടലിൽ വീണു പോയ രുദ്രാണി നോക്കുമ്പോൾ ആ അച്ഛൻ, കുട്ടിയുടെ കാലിന്റെ ഭാഗത്തെ വിറകെല്ലാം പെറുക്കി ദൂരെ എറിഞ്ഞു. എന്നിട്ട് ആ കാൽപാദങ്ങൾ മൂടിയിരുന്ന തുണി കീറി കളഞ്ഞു. ഇത്രയും കാലം തന്റെ നെഞ്ചിൽ താളം പിടിച്ചു, താൻ നടക്കാൻ പഠിപ്പിച്ച ആ പാദങ്ങളെ പുണർന്നു "അച്ഛന് നിന്നെ രക്ഷിക്കാൻ കഴിഞ്ഞില്ലലോ മാളൂ". ആ മനുഷ്യൻ പൊട്ടിക്കരഞ്ഞു. ഒരു മാത്ര കരച്ചിൽ നിർത്തി അദ്ദേഹം, തന്റെ
പിറന്നാളിന് അവൾ സമ്മാനമായി തന്ന ആ നീല ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആ സ്വര്‍ണ്ണ കൊലുസുകള്‍ പുറത്തേക്കെടുത്തു. കണ്ണുനീരിലാൽ ആ കൊലുസുകൾ നനഞ്ഞിരുന്നു. വിറയാർന്ന കൈകളോടെ അവസാന സമ്മാനം ആയി ആ കൊലുസുകൾ അച്ഛൻ തന്റെ മോളുടെ ഓരോ കാലിലും അണിയിച്ചു. പൂർണ്ണ ചന്ദ്രനെ പോലെ ആ പാദങ്ങൾ വെട്ടിത്തിളങ്ങി.
ആ കാൽപാദങ്ങളിൽ അന്ത്യചുംബനം അർപ്പിച്ചതിനു ശേഷം കരഞ്ഞു കൊണ്ട് ആ അച്ഛൻ പറഞ്ഞു."എന്റെ മോള്‍ ആദ്യമായും അവസാനമായും പറഞ്ഞ ആഗ്രഹമാണ് ഈ
സ്വര്‍ണകൊലുസ്. അവള്‍ പോകുമ്പോള്‍ അതും അണിഞ്ഞു യാത്രയാക്കണം എനിക്ക്. ഇനിയൊരു ആഗ്രഹവും എന്റെ കുട്ടി എന്നോട് പറയില്ല." ആ അച്ഛന്റെ വാക്കുകൾ
മുറിഞ്ഞു. പിന്നിലേക്ക് മറിഞ്ഞു വീണ അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്തു.
കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറക്കുന്ന ഹൃദയഭേദകമായ കാഴ്ച ആയിരുന്നു അത് പക്ഷെ തന്റെ ജീവിതത്തിൽ ദിവസേനെ കാണുന്ന ഇത്തരം കാഴ്ചകൾ
രുദ്രാണിയിൽ പ്രത്യേകം വികാരങ്ങളൊന്നും ജനിപ്പിച്ചില്ല.
ആ സ്വർണ്ണക്കൊലുസുകൾ അവളുടെ കണ്ണിൽ തിളങ്ങി നിന്നു. ഗൂഢമായ ഒരു ആനന്ദത്തോടെ
അവൾ തന്റെ ജോലി തുടർന്നു. വിറകുകൾ ആ ശരീരത്തെ മൂടി. പക്ഷെ കാലിന്റെ ഭാഗം അധികം വിറക് അടുക്കാതെ എന്നാൽ പുറത്തു നിന്നും നോക്കിയാൽ കാണാത്ത രീതിയിൽ
അവൾ മാറ്റിവെച്ചു.
ചിത ഒരുങ്ങി. ബന്ധുക്കളോട് ചിതക്ക് തീകൊടുത്തുകൊള്ളാൻ അവൾ ആംഗ്യം കാണിച്ചു. തളർന്നു കിടക്കുന്ന അച്ഛനെ സാക്ഷി നിർത്തി ബന്ധുക്കള്‍ ചിത കത്തിച്ചു. ഒരു കൗമാരക്കാരിയുടെ സ്വപ്‌നങ്ങൾ പുകഞ്ഞു പൊങ്ങി. ചിലർ ചേർന്ന് അച്ഛനെ താങ്ങി എടുത്തു അവർ വന്ന വാഹനത്തിലേക്ക് കയറ്റി. ബന്ധുക്കൾ ചിത കത്തി പകുതി ആകുമ്പോഴേക്കും കുളിക്കാനായി പുഴയിലേക്ക് ഇറങ്ങി .
അപ്പോഴാണ്ആ രുദ്രാണി തന്റെ "യഥാർത്ഥ ജോലി" തുടങ്ങിയത്. അവൾ, എരിഞ്ഞു കത്തുന്ന ചിതയുടെ ചൂടിനെ വക വെക്കാതെ, മൂക്കിലേക്ക് തുളച്ചു കയറുന്ന മാംസഗന്ധം വക വെക്കാതെ, ആ മൃതശരീരത്തിന്റെ കാൽഭാഗത്തു ഒഴിച്ചിട്ടിരുന്ന സ്ഥലത്തു വിദഗ്ധമായി കൈ കടത്തി ചിതയുടെ ചൂടിൽ പൊള്ളുന്ന ആ കാലിൽ നിന്നും ആ അച്ഛന്റെ അന്ത്യസമ്മാനമായ ആ കൊലുസുകൾ ഊരിയെടുത്തു. ധൃതിയിൽ മടിയിലൊളിപ്പിച്ചു.
പുഴയിൽ നിന്നും കയറിവന്ന ബന്ധുക്കൾ വിതുമ്പലോടെ ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന ആ പുകമണ്ഡലത്തിൽ എരിഞ്ഞു തീർന്ന ആ സ്വപ്നങ്ങളെ കുറിച്ചോർത്ത് വിലപിച്ചു. പതിനഞ്ചാം നാൾ ചിതാഭസ്മം വാങ്ങാനെത്താം എന്ന ധാരണയിൽ വന്നവരൊക്കെ തിരിച്ചു പോയി. കത്തികൊണ്ടിരിക്കുന്ന ചിതയും രുദ്രാണിയും നിളയും മാത്രം ബാക്കിയായി. എരിഞ്ഞു തീർന്ന ആ ചിതയെ സാക്ഷിയാക്കി അവൾ അവളുടെ മടികുത്തില്‍ ഒളിപ്പിച്ച ആ കൊലുസുകൾ അവള്‍ കൈയില്‍ എടുത്തു. എരിഞ്ഞടങ്ങുന്ന ചക്രവാളത്തിൽ ആ കൊലുസുകൾ വെട്ടി തിളങ്ങി. അതവള്‍ മാറ്റിയും മറിച്ചും നോക്കി. പിന്നെ ഒട്ടൊരു കൗതുകത്തോടെ അതെടുത്തു തന്റെ കാലില്‍ അണിഞ്ഞു. ഒരുമാത്ര എവിടെനിന്നോ ഒരു തേങ്ങല്‍. അതോ അത് തനിക്കു
തോന്നിയതാണോ. രുദ്രാണി കാതോര്‍ത്തു. കാലില്‍ കിടക്കുന്ന കൊലുസ് അവള്‍ക്കു ചുട്ടു പൊള്ളുന്നതു പോലെ തോന്നി. ഒരു ചെറിയ ഞെട്ടലോടെ അവളതു വേഗം ഊരിമാറ്റി തന്റെ ഭാണ്ഡകെട്ടില്‍ ഒളിപ്പിച്ചു.
അന്ന് രാത്രി രുദ്രാണിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബന്ധങ്ങളോ ബന്ധങ്ങളോ നാളെയെ പറ്റി ഉള്ള ചിന്തകളോ ഇല്ലാതെ സ്വസ്ഥമായി ഉറങ്ങിയിരുന്ന അവളുടെ ഉറക്കം എടുത്തു പറയാനില്ലാത്ത എന്തോ ഒരു കാരണത്താൽ അവൾക്ക് നഷ്ട്ടപ്പെട്ടു. തന്റെ ഭാണ്ഡക്കെട്ടിൽ തലചേർത്തു കിടക്കുമ്പോൾ ഭാണ്ഡത്തിന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉയരുന്ന പോലെ. അന്ന് വരെ
തോന്നാത്ത ഒരു ഉൾഭയം അവളെ ആവരണം ചെയ്തു. ശരീരമാകെ പൊള്ളുന്നത് പോലെ തോന്നിയ അവൾ തന്റെ ഭാണ്ഡക്കെട്ട് വലിച്ചെറിഞ്ഞു ഒരു ഭ്രാന്തിയെ പോലെ
അലറിക്കൊണ്ട് നിളയിലേക്ക് ഓടി. രാത്രിയുടെ നിശബ്ദതയിൽ തണുത്തു കിടന്നിരുന്ന വെള്ളത്തിൽ അവൾ മുങ്ങിക്കിടന്നു. തണുപ്പിലാണ്ട്‌ കിടക്കുന്ന നിളപോലും അവൾക്ക് തിളച്ചു മറിയുന്ന വെള്ളമായി തോന്നി. എങ്ങും ചൂട് പച്ച മാംസം കത്തുന്ന ഗന്ധം, ഒരച്ഛന്റെയും മകളുടെയും തേങ്ങൽ.
അവൾ പുഴയിൽ നിന്നും എഴുന്നേറ്റ് നടന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ആ എരിഞ്ഞടങ്ങിയ ചിതയിലേക്ക് നോക്കിക്കൊണ്ടു അല്പനേരം നിന്നു. അവളുടെ ജടപിടിച്ച മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു. നിളാതീരത്തെ മണൽതരികൾ പൊതിഞ്ഞ അവളുടെ കാലുകൾ യാന്ത്രികമായി മുന്നോട്ട് ചലിച്ചു. ദൂരെ വലിച്ചെറിഞ്ഞ അവളുടെ ഭാണ്ഡക്കെട്ട് അവൾ തുറന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അതിനുള്ളിൽ സൂക്ഷിച്ച കൊലുസ് പുറത്തെടുത്തു. നിലാവിൽ ആ കൊലുസുകൾ കനൽക്കട്ട പോലെ വെട്ടിത്തിളങ്ങി. അവളുടെ കൈ പൊള്ളി വിയർക്കാൻ തുടങ്ങി. ശ്മാശാനത്തിന്റെ പുറകിൽ വിറകുകൾ അടുക്കി വെച്ച മുറിയിലേക്ക് അവൾ നടന്നു കയറി. ആ മുറിയുടെ വടക്കേ മൂലയിലായി അടുക്കി
വെച്ച വിറക് അവൾ ഭ്രാന്തമായ ആവേശത്തോടെ തള്ളി മാറ്റി. വിറകുകൾക്കടിയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന മഞ്ഞ നിറമുള്ള ആ ചാക്ക് അവൾ ശ്രദ്ധയോടെ പുറത്തേക്കെടുത്തു. കീറിത്തുടങ്ങിയ ആ ചാക്കും എടുത്ത് അവൾ പുറത്തേക്കിറങ്ങി. അന്നവിടെ എരിഞ്ഞുതീർന്ന ആ കൗമാരക്കാരിയുടെ ചിതയുടെ അരികിലായി അവൾ വെറും മണ്ണിൽ ഇരുന്നു. പതുക്കെ ആ ചാക്ക് അഴിച്ചവൾ മണ്ണിൽ കുടഞ്ഞിട്ടു. അന്ന് വരെ ആത്മാക്കളുടെ അന്ത്യ യാത്രയിൽ നിന്നും ഊരിയെടുത്ത സ്വർണ്ണങ്ങൾ എല്ലാം ആ ചാക്കിലായിരുന്നു അവൾ സൂക്ഷിച്ചിരുന്നത്. നിലാവിന്റെ വെളിച്ചത്തിൽ ആ സ്വർണ്ണാഭരങ്ങൾ ആ മണ്ണിൽ കിടന്നു തിളങ്ങി.
അവൾ അതൊരൊന്നായി ധരിച്ചു. ഓരോ ആഭരണവും ധരിക്കുമ്പോഴും അവൾക്ക് മേലാസകലം പൊള്ളുന്ന പോലെ തോന്നി. നിറഞ്ഞ കണ്ണുകളോടെ അവസാനമായി അവൾ ആ
കൊലുസുമണിഞ്ഞു. ആ ചിതക്ക് അരികിൽ എഴുന്നേറ്റ് നിന്നപ്പോൾ കുറ്റബോധത്താൽ അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ഇത്രയും കാലം താൻ സ്വന്തമാക്കിയ
ആഭരണങ്ങൾ, ആത്മാവിന്റെ ആഭരണങ്ങൾ, ഓരോവീട്ടുകാരുടെയും സ്വപ്‌നങ്ങൾ, ആരുടെയോ ജീവിത വാഗ്ദാനമായപരിശുദ്ധമായ ഒരു താലിമാല എല്ലാം എല്ലാം അവളിൽ
കിടന്നു പൊള്ളി.
എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ ഒരു ചിതയിൽ വിറകുകൾ അടുക്കാൻ തുടങ്ങി. അപ്പോഴും അവൾ കരയുകയായിരുന്നു. അടുക്കി വെച്ച വിറകിൽ എണ്ണ ഒഴിച്ചതിനു ശേഷം അവൾ ചിതക്ക് തീ കൊടുത്തു. തെളിഞ്ഞു നിൽക്കുന്ന നിലാവിൽ ചന്ദ്രനെ നോക്കി അവൾ പൊട്ടികരഞ്ഞു. ഇന്നലെ വരെ അവൾക്ക് കൂട്ടുണ്ടായിരുന്ന ആത്മാക്കൾ ഏവരും അവളുടെ ചുറ്റും ഉള്ളതായി അവൾക്ക് തോന്നി. കൂട്ടത്തിൽ ആ കൗമാരക്കാരിയും ഉണ്ടായിരുന്നു. ഉണങ്ങാത്ത കണ്ണീരോടെ, അടക്കിപിടിച്ച തേങ്ങലോടെ. കൈകൾ കൂപ്പി അവൾ ആ ആത്മാക്കളോട് മാപ്പിരന്നു.
പ്രിയപ്പെട്ടവരുടെ അന്ത്യ സമ്മാനങ്ങൾ സ്വന്തമാക്കിയതിന്. അലറിക്കരഞ്ഞു കൊണ്ട് സർവ്വാഭരണധാരിയായ അവൾ ആളിക്കത്തുന്ന ആ ചിതയിലേക്ക് എടുത്തു ചാടി.
നിളയുടെ തീരത്തെ തഴുകി ഒരു തണുത്ത കാറ്റ് അവിടെ വീശി. ആ കാറ്റിൽ രുദ്രാണിയുടെ ആത്മാവും പുകയായി മുകളിലേക്കുയർന്നു.
രുദ്രാണി അവിടെ അവസാനിക്കുകയായിരുന്നു. ഒരുപാട് ആത്മാക്കൾക്ക് അന്ത്യയാത്ര പാതയൊരുക്കിയ അവൾ കുറ്റബോധം തീർത്ത പാതയിലൂടെ പറന്നകന്നു. ബന്ധങ്ങൾ അറിയാത്ത ബന്ധനങ്ങൾ അറിയാത്ത, സ്നേഹത്തിൽ വിശ്വാസമില്ലാത്ത അവൾക്ക് കൂട്ടായി അപ്പോഴും ആ ആത്മാക്കളുണ്ടായിരുന്നു..
പുഴയോരത്തു ഇപ്പോഴും ഒരു തേങ്ങൽ അലയടിക്കുന്നുണ്ട്. കുറ്റബോധത്തിന്റെ തേങ്ങൽ.
--------------------------------------------
ജയശ്രീ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo