ധനുമാസത്തിലെ പതുപതുത്ത മഞ്ഞിന്റെ ഈറനുടുത്ത് പൂര്‍ണച്ചന്ദ്രന്റെ പ്രഭയോടെ അവള്‍ ഒരിക്കല്‍ കൂടെ വിരുന്നെത്തുന്നു. മരംകോച്ചുന്ന തണുപ്പും, അതിനെ താഴുകിത്തലോടുന്ന തണുത്തകാറ്റും അവളുടെ വരവറിയിക്കാന്‍ ആയി പടിക്കല്‍ എത്തി നാണിച്ചുനില്‍പ്പുണ്ട്. അതെ അവളാണ് ആതിര എന്ന തിരുവാതിര.
ചാണകം മെഴുകിയ കോലായിലെ മൺതിട്ടയിൽ അമ്മയുടെ സാരിക്കിടയില്‍ തണുത്തു വിറച്ച് കൂനിക്കൂടി ഇരിക്കുമ്പോള്‍ കാണാം അങ്ങ് മേലെ പാലുപോലെ നിലാവും അതിനിടയില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണച്ചന്ദ്രനും. നേരിയ നിലാവെളിച്ചത്തില്‍ മുത്തശ്ശി പറയുന്നതു എനിക്ക് കേള്‍ക്കാം 'എടിയെ നാളെ മകീരം (മകയിരം നാൾ) ആണ് ട്ടോ. ഏഴരവെളുപ്പിന് പുഴയില്‍ തുടിച്ചുകുളിക്കാന്‍ പോണം. കമ്പ്രാന്തലിൽ മണ്ണെണ്ണ ഒഴിച്ച് തിരി ഇട്ടുവച്ചിട്ടുണ്ടല്ലോ ല്ലെ. അമ്മിണീം, ചിന്നമ്മുവും വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ അപ്പൊ കൂകി വിളിക്കും. പാറോ ന്നു അപ്പൊ നമുക്കും ചൂട്ടും, വിളക്കും ആയി ഇറങ്ങണം ട്ടോ". മുത്തശ്ശിക്ക് പഴമ വിട്ടൊരു കളിയില്ല.
"ഇപ്പോ ഒക്കെ എന്ത് തിരുവാതിര. മൂട്ടില്‍ വെയില്‍ അടിക്കുന്ന വരെ ഉറങ്ങുന്ന മൂചെട്ട പെണ്ണുങ്ങളല്ലേ".മുത്തശ്ശി തുടർന്നു. "പണ്ടൊക്കെ ഏഴര വെളുപ്പിന് ചൂട്ടും കത്തിച്ച് ഒരു തലക്കില്‍ നിന്നും വിളിതുടങ്ങും. പുഴ എത്തണവരെ എല്ലാരേം വിളിച്ചുണര്‍ത്തി പൊഴേലിക്ക് ഒരു പോക്കുണ്ട്. പിന്നെ പുലരണവരെ പൊഴയിൽ ഒരു മേളാ. മകര മാസത്തണുപ്പിൽ മരം വരെ തണുക്കും ന്നാ പഴമക്കാര് പറയാ. ആ തണുപ്പത്താ തുടിച്ചുകുളിയും പാട്ടും.
"ഒന്നാനാം മതിലകത്ത് ഒന്നിലല്ലോ പൊന്നിലഞ്ഞി
പൊന്നിലഞ്ഞി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ
രണ്ടാനാം മതിലകത്ത് രണ്ടിലല്ലോ പൊന്നാരളി
പൊന്നാരളി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ"
പൊന്നിലഞ്ഞി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ
രണ്ടാനാം മതിലകത്ത് രണ്ടിലല്ലോ പൊന്നാരളി
പൊന്നാരളി പൂ വിറക്കാൻ, പോരിൻ പോരിൻ തോഴിമാരെ"
"എന്നു തുടങ്ങുന്ന തുടിച്ചു കുളിപാട്ട് ആരെങ്കിലും തുടങ്ങുകയായി". മുത്തശ്ശി ഈണത്തിൽ പാടി. "അവിടന്ന് അങ്ങോട്ട് എല്ലാരും അതേറ്റുപിടിക്കും. കുളികഴിഞ്ഞു വരുമ്പോള്‍ തൊടാന്‍ ഉള്ള പൊട്ടും കണ്മഷിയും കൂടെ കരുതിയിട്ടുണ്ടാകും. അതെല്ലാം ചെയ്തു മുടിയില്‍ ദശപുശ്പ്പം ചൂടി കഴിഞ്ഞാല്‍ തിരുവാതിര നോയമ്പ് തുടങ്ങുകയായി." മുത്തശ്ശി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി. ഏതോ ഗതകാല സ്മരണകളിലേക്ക് ചിന്തകൾ പോകുന്ന പോലെ തോന്നി.
"എടിയെ, ഈ ദശപുശ്പം ന്നൊക്കെ പറഞ്ഞാ അത് ഏതൊക്കെ ആണെന്ന് അറിയോ? അല്ല ഇന്നത്തെ കുട്ട്യോൾക്ക് അതൊന്നും അറിയില്ല. അവരുടെ ഒക്കെ ശ്രദ്ധ വേറെ കാര്യങ്ങളിൽ ആണല്ലോ. കറുക, കയ്യോന്നി, മുക്കുറ്റി, നീലപന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണക്രാന്തി, പൂവാംകുരുനില. ഇപ്പോ കാണാന്‍ കൂടി കിട്ടില്ല്യ ഈ വക സാധനങ്ങള്‍. എട്ടങ്ങാടി വച്ച് നോമ്പ് തുടങ്ങും. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ മാത്രേ അന്ന് കഴിക്കാവു. അരി ആഹാരം പാടില്ല എന്നാണ് നിയമം. പണ്ട് ശിവനെ ഭര്‍ത്താവായി കിട്ടാന്‍ പാര്‍വതി എടുത്ത
നോയമ്പ് ആണ് തിരുവാതിര നോയമ്പ് അറിയോ? ദീർഘസുമംഗലി ആകാനും, നല്ല ഭാര്‍ത്താവിനെ കിട്ടാനും ഒക്കെയാണ് സ്ത്രികള്‍ ഈ വ്രതം നോല്‍ക്കുന്നത്. രാത്രിയായ തറവാട്ടു മനയ്ക്കല്‍ തിരുവാതിരകളി ഉണ്ടാകും. എല്ലാവരും കൂടെ ചൂട്ടും കത്തിച്ച് പാട്ടും പാടി മനക്കലെ മുറ്റത്തേക്ക് ഒരു പോക്കുണ്ട്. തിരിച്ചുവരുമ്പോള്‍ കോഴി കൂവാറായിട്ടുണ്ടാകും. അപ്പോഴാണ് ചോഴിയുടെ വരവ്. മേലൊക്കെ പുല്ലും, ഓലയും, വാഴയിലയും വച്ചുകെട്ടി ചോഴി ഓരോ വീട്ടിലും കയറി ഇറങ്ങും. എല്ലാവരും തേങ്ങയും, നെല്ലും, പൈസയും എല്ലാം കൊടുത്ത് ചോഴിയെ സന്തോഷിപ്പിക്കും. ചോഴിയെ യാത്രയാകുമ്പോഴേക്കും നേരം പുലരും. പിന്നെ തലേന്നത്തെ തിരുവാതിര വ്രതം തീരാൻ ഒരു തുടിച്ചു കുളി കൂടെ. അതോടെ തിരുവാതിര തീരും." നീണ്ട ഒരു നെടുവീർപ്പോടെ മുത്തശ്ശി പറഞ്ഞവസാനിപ്പിച്ചു. പൊയ്‌പ്പോയ നല്ല കാലങ്ങളുടെ ഒരു മിന്നലാട്ടം ആ കണ്ണുകളിൽ കാണാമായിരുന്നു.

മുത്തശ്ശി പഴമ്പുരണത്തിൽ തുടങ്ങിയാല്‍ വെളിച്ചാവോളം പറഞ്ഞു കൊണ്ടിരിക്കും. അതിനിടയില്‍ ഒന്ന് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ആയിരിക്കും അമ്മ വിളിക്കുന്നത്. എടി എഴുന്നേക്ക്. എല്ലാരും അതാ പടിക്കല്‍ വന്നു വിളിക്കുന്നു. കുളിക്കാന്‍ പോണ്ടേ. ഉമിക്കരിയും, ഈര്‍ക്കിലയും അമ്മ എടുത്തിട്ടുണ്ട് ഇനി പുഴയില്‍ പോയി പല്ലുതെക്കാം എഴുനെല്‍ക്ക് പെണ്ണെ അങ്ങോട്ട്". പകുതി മിഴിഞ്ഞ കണ്ണും ആയി ഇറയത്ത് വച്ച തോര്‍ത്തും എടുത്ത് അമ്മയുടെ പിന്നാലെ പുഴയിലോട്ട്. അടുത്തുള്ളവര്‍ എല്ലാവരും ഉണ്ടാകും ആ സമയം പുഴയില്‍. വയസ്സ് അയാലും ഒരു കുഴപ്പവും ഇല്ലാതെ ഐസ് പോലെ തണുത്തിരിക്കുന്ന വെള്ളത്തില്‍ മുത്തശ്ശിയും, നാട്ടുകാരും തുടിച്ചുകുളി തുടങ്ങിയിട്ടുണ്ടാകും. പകുതി ഉറക്കത്തില്‍ വായില്‍ ഉമിക്കരി വച്ച് പാറപുറത്ത് കുത്തി ഇരിക്കുന്ന എന്റെ മേലേയ്ക്കു വെള്ളം തേവി ഒഴിക്കുമ്പോള്‍ ആകും പരിസരബോധം ഉണ്ടാകുന്നത്. പിന്നെ പുഴയിലോട്ടു ഒരു ചാട്ടമാണ്. കൂട്ടത്തിൽ കൂടി കളിച്ചു ചിരിച്ചു നീന്തി കുളിച്ചു ഈറനുടുത്തു പുഴക്കരെ തേവരെ തൊഴുത് പ്രസാദവും വാങ്ങി വീട്ടിലേക്ക്.
പിന്നെ അമ്മയുടെ പുറകെ ആണ്. അടുക്കളത്തിരക്കിൽ ഓടിപ്പാഞ്ഞു നടക്കണ അമ്മയെ ഒരു നൂറു കൂട്ടം ചോദ്യങ്ങൾകൊണ്ട് ബുദ്ധിമുട്ടിക്കും.
"അമ്മെ ഇന്നു പുതിയപട്ടുപാവാട ഇടാന്‍ തരോ അമ്മെ. എല്ലാവരും പുതിയത് ഇട്ടിട്ടാ ഊഞ്ഞാല്‍ ആടാന്‍ വരുന്നേ. എനിക്ക് രാധേടെ വീട്ടില്‍ ഊഞ്ഞാലാടാന്‍ പോകണം അവിടെ അവളുടെ ഏട്ടന്മാര്‍ മുള ഊഞ്ഞാല്‍ ഇട്ടിട്ടുണ്ടാകും എനിക്ക് അങ്ങോട്ട് ആടാന്‍ പോണം"
"പിന്നെ, അകെ ഉള്ളതു ഒരു പാവടയാ. അത് ഇട്ടിട്ട് വേണം വല്ല മണ്ണിലും, മുളയിലും കൊണ്ട് കീറാന്‍. വേണ്ട. നീ ചേച്ചിടെ പുള്ളിപാവാട ഇട്ടോ"
"എനിക്കെങ്ങും വേണ്ട അവള്‍ടെ പാവാട. കൊറേ പഴകിതാ, അടിയും വക്കും ഒക്കെ കീറിയിട്ടുണ്ട്. എല്ലാവരും നല്ലത് ഇടുമ്പോള്‍ ഞാന്‍ മാത്രം അവള്‍ടെ പഴയത്. എനിക്ക് വേണ്ട എല്ലാരും കളിയാക്കും".

സങ്കടം കണ്ണീരായി ഒഴുകുമ്പോള്‍ അമ്മ പറയും, "നീ എന്തെകിലും ഇട്ടു നശിപ്പിക്കേടി അസത്തെ. അകെ ഉള്ള ഒരു പാവാടയാ അത് കൊണ്ട് കീറിക്കോ. എന്നിട്ട് എവിടേലും പോകുമ്പോള്‍ കീറിതും ഇട്ടു പൊയ്ക്കോ. എനിക്കെന്താ .പറഞ്ഞാല്‍ പണ്ടേ അനുസരണ ഇല്ലല്ലോ ജന്തുന്". സംഗതി 'അമ്മ ചൂടിൽ ആണെങ്കിലും സ്നേഹം നിറഞ്ഞ ഒരു ചൂടാണ് അത്. അർദ്ധ സമ്മതം എന്നൊക്കെ പറയില്ലേ. അതാണ് സംഭവം. ആ സമ്മതം കേള്‍ക്കേണ്ട താമസം മച്ചില്‍ ഉള്ള മരകോണി കയറി നേരെ മുകളിലോട്ട് ഒരു ഓട്ടം ആണ്. കൂറ ഗുളിക ഇട്ടു പഴയ തോല്‍പെട്ടി തുറന്നു പാവാട എടുത്തോന്ന് മണപ്പിച്ച് നോക്കും. കൂറ ഗുളികയുടെ നല്ല മണം ആയിരിക്കും അതിന്. അതും അണിഞ്ഞ് അച്ഛന്‍ കൊണ്ടു വന്ന കുട്ടികൂറ പൌഡര്‍ ഇട്ടു, വലിച്ച്കണ്ണെഴുതി താഴോട്ട് ഇറങ്ങും. ഊഞ്ഞാല്‍ ആടാന്‍ പോകണമെങ്കില്‍ അമ്മ കൂവ പായസവും, കിഴങ്ങ് പുഴുങ്ങിയതും തിന്നാന്‍ തരണം. അതിനായി പടിക്കല്‍ നാല് ആളുകള്‍ കാണാന്‍ ആയി പുതിയ പട്ടുപാവാട ഇട്ടു വെറുതെ നടക്കും. അങ്ങോട്ടും ഇങ്ങോട്ടും. അപ്പോഴാവും ചെട്ടിചാര് കുപ്പിവള കൊണ്ട് വരുന്നത്. അത് കാണുമ്പൊള്‍ ചാടിതുള്ളി അമ്മെ വിളിച്ചൊരു ഓട്ടം ഉണ്ട് അകത്തേക്ക്. "അമ്മെ വളവാങ്ങി താ. ചെട്ടിചാര് വന്നിരിക്കുന്നു അമ്മെ. എല്ലാവരും കുപ്പിവള വങ്ങും എനിക്കും വേണം കൈനിറയെ കുപ്പിവള". പിന്നെ 'അമ്മ സമ്മതിക്കണ വരെ വാശിയാ.
ചെട്ടിചാര് പിടിച്ചിരുത്തി വള ഇടിക്കുംമ്പോള്‍ പറയും "അമ്മെ നിക്ക് അരഡസന്‍ പച്ച, ചുവപ്പ്, നീല, കറുപ്പ് എല്ലാം വേണം. രാധയും ,രേഖയുമൊക്കെ അങ്ങനത്തെ കളര്‍ വളയാണ് മേടിക്ക്യ. അവര് മേടിച്ചത് നിക്കും വേണം".
വാശി പിടിച്ചു ബഹളമുണ്ടാക്കി വാങ്ങിച്ചു മുട്ടുവരെ കുപ്പിവള കയറ്റി, ക്യുട്ടെക്സും, പൊട്ടും മേടിച്ച് കയ്യില്‍ വക്കുമ്പോ മുഖം തിരുവാതിരപ്പൂനിലാവ് തൂകുന്ന പൂര്‍ണചന്ദ്രനെ പോലെ ആയിട്ടുണ്ടാകും .കൂവപായാസം കഴിച്ചു കൂട്ടുകാരോടൊപ്പം രാധയുടെ വീട്ടിലെ മുള ഊഞ്ഞാലിലേക്ക് ഒരു ഓട്ടമാണ്.
കൂട്ടരോടൊപ്പം പാടത്ത് കൂടെ പോകുമ്പോള്‍ അകെ ഉള്ള പട്ടുപാവടാ ചെളിപുരളാതെ മുട്ടുവരെ കയട്ടിപിടിച്ചിട്ടുണ്ടാകും. കയ്യിൽ കിടക്കുന്ന കുപ്പിവളകൾ കൂട്ടുക്കാര്‍ കേള്‍ക്കാന്‍ വേണ്ടി കിലുക്കി ആയിരിക്കും നടപ്പ്. പിന്നെ ഊഞ്ഞാലാടാന്‍ ഊഴം കാത്ത് കൂട്ടുകാരോടൊപ്പം.
ഒന്നാനാം കൊച്ചുതുബി എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക് ......
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക് ......
ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ പിറന്ന അവളുടെ (തിരുവാതിര) ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ എവിടെയോ ഒരു ചെറു നോവ്. ഒപ്പം നഷ്ടബാല്യത്തിന്റെ കണ്ണീരും. മുത്തശ്ശിക്കഥകളും, ഊഞ്ഞാലാട്ടവും, ചെട്ടിച്ചിയുടെ വളയും കൂവ പായസവും എല്ലാം ഒരു നിലാവ് പോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
കേള്‍ക്കുന്നില്ലേ നിങ്ങള്‍ അങ്ങ് ദൂരെ മുത്തശ്ശിയുടെ വിളി .......
"എടിയെ ...നാളെ മകീരം ആണ് ട്ടോ തുടിച്ചു കുളിക്കാന്‍ പോകാന്‍ ചൂട്ടു തയ്യാറക്കിയോ?"
-----------------------------------------
ജയശ്രീ ശശികുമാർ.
-----------------------------------------
ജയശ്രീ ശശികുമാർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക