നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നാ മോൾ

അന്നാ മോൾ
*************
അന്നൊരു ശനിയാഴ്ച ആയിരുന്നു. പതിവില്ലാത്ത സന്തോഷത്തിലായിരുന്നു വീട്ടുജോലിക്കാരി മറിയക്കുട്ടി.
എന്താണ് മറിയക്കുട്ടി ചേച്ചീ ഭയങ്കര സന്തോഷത്തിലാണല്ലോ..? അഞ്ജു ചോദിച്ചു.
അന്നാ മോൾ , വീട്ടിലുണ്ട്. അതിന്റെ സന്തോഷമാണ് മോളേ...
ആഹാ.. എന്നു വന്നു..?
ഇന്നലെ വൈകുന്നേരത്തോടെയാണ് എത്തിയത്.
ഓഹോ. .. സുഖമായിരിക്കുന്നില്ലേ...?
ങും.. സുഖം തന്നെ . , രാവിലെ അന്നാ മോളെ ഇട്ടേച്ചു വരാൻ ഭയങ്കര പ്രയാസമായിരുന്നു. ഒരു വിധം സമാധാനിപ്പിച്ചാ ..പോന്നത്. എനിക്കും, കെട്ടിയോനും, മക്കൾക്കും അന്നം കഴിക്കാൻ പറ്റുന്നത് ഇതുപോലെ വീട്ടുജോലികൾക്ക് പോയിട്ടാണല്ലോ. എന്റെ രണ്ടു പെൺമക്കളെ കെട്ടിച്ചു വിടാൻ പറ്റിയതും അതുകൊണ്ടാണല്ലോ. അന്നാ മോൾക്കു വേണ്ടി ഇനി വീട്ടുജോലിക്ക് വരുന്നത് വേണ്ടെന്നു വയ്ക്കാൻ പറ്റില്ലല്ലോ..
അതു ശരിയാ മറിയക്കുട്ടി ചേച്ചീ.. അന്നാ മോൾക്ക് എന്തു പ്രായം ഉണ്ട്?
അതോ.. അവൾക്ക് ഒന്നാവുന്നതേയുള്ളൂ.
ആണോ... കറിയാ ചേട്ടനെന്തിയേ ചേച്ചീ...? വെറുതെയിരിക്കുവാണെങ്കിൽ, അടുത്താഴ്ച ഇങ്ങോട്ടു വരാൻ പറയണേ.. തേങ്ങ കുറെയുണ്ട്. അതെല്ലാം പൊതിക്കണം. കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കണം.
രാവിലെത്തന്നെ പണിക്കു പോയേക്കുവാ.. മോളേ.. വൈകുന്നേരം വീട്ടിച്ചെല്ലുമ്പം അങ്ങേരോട് പറയാം കേട്ടോ.. പിന്നെ കറിയാച്ചേട്ടന്റെ കൂലി എന്റെ കൈയ്യിൽ തന്നാൽ മതിട്ടോ... അങ്ങേർക്കൊന്നും
പൈസയൊന്നും സൂക്ഷിക്കാനറീല്ല അതോണ്ടാ...
അതു ശരിയല്ലല്ലോ മറിയക്കുട്ടി ചേച്ചീ.., ജോലി ചെയ്യുന്നതിന്റെ കൂലി, ജോലി ചെയ്ത ആൾക്കാണല്ലോ കൊടുക്കേണ്ടത്. അതു കൊണ്ട് , കറിയാച്ചേട്ടനുള്ള കൂലി കറിയാച്ചേട്ടനു മാത്രമേ കൊടുക്കുകയുള്ളൂ. മറിയക്കുട്ടി ചേച്ചീ കറിയാച്ചേട്ടനോട് ചോദിച്ചു മേടിച്ചോളൂ..
ങും.. ശരി , മറിയക്കുട്ടി ചേച്ചിക്ക് അഞ്ജു പറഞ്ഞത് വലിയ താല്പര്യമില്ലാത്തതു പോലെ മൂളി.
അതിരിക്കട്ടെ, കറിയച്ചേട്ടന് ഇപ്പോൾ എത്ര വയസ്സായി ചേച്ചീ...?
വയസ്സോ..? എന്നെ കെട്ടുമ്പോൾ 25 വയസ്സ് എന്നാണ് അങ്ങോര് പറഞ്ഞത്... ഇനി ഇപ്പം എത്രയാണാവോ? ആ .... മോളേ.. ഇന്നലെ ക്ഷേമ പെൻഷൻ കിട്ടാൻ വേണ്ടീട്ടു, അതിനുള്ള ഫോറം മെമ്പറെക്കൊണ്ടു പൂരിപ്പിച്ചത് വീട്ടിലുണ്ട്. ഞാൻ അതേൽ നോക്കീട്ട്..., അല്ലെങ്കിൽ വേണ്ട , ആ കടലാസു കൊണ്ടു വരാം. ചിലപ്പോൾ അതിൽ കാണും അങ്ങേരുടെ വയസ്സ്.
ഓ.... വേണ്ട ചേച്ചീ.. ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ.. ഒരു 64 കാണുമായിരിക്കും അല്ലേ...
എന്റെ മോളേ .. ആർക്കറിയാം....? ആര് ഇതൊക്കെ ഓർത്തു വയ്ക്കുന്നു. അതും പറഞ്ഞ്, മറിയക്കുട്ടി ചേച്ചീ, ചൂലെടുത്ത് അടിച്ചുവാരാൻ തുടങ്ങി.
അഞ്ജു ഐടി ഉദ്യോഗസ്ഥയാണ്. അവളുടെ ഭർത്താവും ഐടി ഉദ്യോഗസ്ഥനാണ്. ശനിയും, ഞായറും അവർക്ക് ഒഴിവുള്ള ദിവസങ്ങളാണ്. ഈ രണ്ടു ദിവസങ്ങളിലായാണ് , വീട്ടുജോലിക്കായി മറിയക്കുട്ടി ഇവരുടെ വീട്ടിൽ വരുന്നത്.
ഇവരുടെ വീട്ടിൽ നിന്നും കുറച്ചു മാറിയാണ് മറിയക്കുട്ടി ചേച്ചിയുടേയും, കറിയാച്ചേട്ടന്റേയും വീട്. അവർക്ക് രണ്ട് പെൺമക്കളാണ്. മൂത്ത മകളെ ജില്ല കടത്തിയാണ് വിവാഹം ചെയ്ത യച്ചിരിക്കുന്നത്. അതിൽ ഒരു മകളുണ്ട്. രണ്ടാമത്തെ മകളെ സംസ്ഥാനം കടത്തിയാണ് വിവാഹം ചെയ്ത യച്ചിരിക്കുന്നത്. ഡൽഹിയലാണെ ന്നറിയാം.
ക്രിസ്തുമസിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ പോയതാണ് അഞ്ജുവിന്റെ ഭർത്താവ് മനു . മനു സാധനങ്ങളുമായി തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും ഉച്ചയായി.
അഞ്ജു മനുവിനോട് , മറിയക്കുട്ടി ചേച്ചിയുടെ ഇന്നത്തെ പ്രത്യേക സന്തോഷത്തെക്കുറിച്ചും, അന്നാ മോളുടെ കാര്യം പറഞ്ഞതു ഉൾപ്പടെ മറിയക്കുട്ടി ചേച്ചിയുമായുള്ള സംഭാഷണങ്ങൾ മുഴുവനും , ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു.
ആരാ .. ഈ അന്നാ മോൾ..? മനു ചോദിച്ചു.
മൂത്ത മകളുടെ മകളായിരിക്കും. അല്ലാതാര്... ആ പിന്നെ ചേട്ടാ.. നമുക്ക് മറിയക്കുട്ടി ചേച്ചിക്ക് ഒരു സർപ്രൈ സ് കൊടുക്കണം. ക്രിസ്തുമസ് അല്ലേ., ഒരു കേക്കും, വൈനും മേടിച്ച് അവരുടെ വീട്ടിൽ കൊണ്ടു പോയി കൊടുക്കാം.. പിന്നെ അന്നാ മോൾക്ക് ഒരു ഉടുപ്പും കളിപ്പാട്ടവും വാങ്ങാം.
ആ .. നമുക്ക് നോക്കാം. ഇപ്പോൾ ഏതായാലും ഞാനൊന്നു കിടക്കട്ടെ. വെയിലു കൊണ്ടിട്ട് വല്ലാത്തൊരു ക്ഷീണം. നമുക്ക് വൈകുന്നേരം പോയി ഈ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ പോകാം. അതും പറഞ്ഞ് ഊണു കഴിച്ചേച്ച് , മനു കിടക്കാൻ പോയി.
വൈകുന്നേരമായപ്പോൾ, വീട്ടുജോലികൾ പൂർത്തിയാക്കി മറിയക്കുട്ടി ചേച്ചീ പോയി. കുറച്ചു കഴിഞ്ഞ് , മനുവും , അഞ്ജുവും ചായകുടി , കഴിഞ്ഞ് മറിയക്കുട്ടി ചേച്ചിക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയി. കൂട്ടത്തിൽ അന്നാ മോൾക്കുള്ള ഉടുപ്പും, കളിപ്പാട്ടവും വാങ്ങി.
തിരിച്ചു വീട്ടിൽ വന്നിട്ടു, അവരുടെ വീട്ടിൽ ക്രിസ്തുമസ് ട്രീ യും ഉണ്ടാക്കി , അതിൽ ലൈറ്റും മറ്റും വച്ച് ഭംഗിയായി അലങ്കരിച്ചു. രാത്രി സാന്താക്ലോസും സംഘവും വന്ന് , ക്രിസ്തുമസ് കാരൾ പാടി, ഡാൻസു ചെയ്തു പോയി .
പിറ്റേന്ന് രാവിലെ അവർ പള്ളിയിൽ പോയി കുർബ്ബാനയ്ക്ക് പങ്കെടുത്തതിനു ശേഷം, വീട്ടിൽ വന്നിട്ടു ഭക്ഷണവും കഴിച്ചിട്ടു, മറിയക്കുട്ടി ചേച്ചിയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.
അവിടെ കൊടുക്കാനുള്ള സാധന ങ്ങളെല്ലാം എടുത്ത്, അവർ മറിയക്കുട്ടി ചേച്ചിയുടെ വീട്ടിൽ പോയി.
അവിടെച്ചെന്നപ്പോൾ, മറിയക്കുട്ടി ചേച്ചിക്കു ഭയങ്കര സന്തോഷമായി. വർത്തമാനം പറഞ്ഞിരിക്കുന്ന തിനിടയിൽ, കൊണ്ടു വന്ന കേക്കും, വൈനും മറിയക്കുട്ടി ചേച്ചിക്കും, കറിയാച്ചേട്ടനും കൊടുത്തിട്ട് , അഞ്ജു ചോദിച്ചു..,
അന്നാ മോൾ എന്തിയേ....?
അവളിവിടെയുണ്ടന്നേ... എന്ന് മറിയക്കുട്ടി ചേച്ചി പറഞ്ഞു.
എവിടെ ...കാണട്ടെ .. ഞങ്ങളെന്തൊ ക്കെയാ അവൾക്കു വേണ്ടി വാങ്ങിയതെന്നറിയാമോ..?
ശ്ശൊ ... നിങ്ങൾ ബുദ്ധിമുട്ടണ്ടായിരുന്നു. ഞങ്ങൾ ഉള്ളതു വച്ചു , അവളെ തീറ്റിപ്പോറ്റുന്നുണ്ടല്ലോ. നിങ്ങൾ എന്തിനാണ് അവൾക്ക് വേണ്ടി വാങ്ങാൻ പോയത്..? മറിയക്കുട്ടി ചേച്ചി ചോദിച്ചു.
ഒന്നു പോ ചേച്ചീ.. നിങ്ങളുടെ അന്നാ മോൾ , ഞങ്ങളുടേയും അന്ന മോളാണ്. അവളെ വിളിച്ചേ ... അന്നാ മോളേ.... ഇങ്ങോട്ടൊന്നു വന്നേ, ഈ ആൻറി എന്താ വാങ്ങിയതെന്തന്നറിയാമോ...?
അഞ്ജു വിളിച്ചു.
അപ്പോൾ മറിയക്കുട്ടി ചേച്ചി പറഞ്ഞു, മോളേ.. അവൾ ഇങ്ങോട്ടൊന്നും കേറി വരില്ലന്നേ...
എന്നാൽ നമുക്ക് അങ്ങോട്ട് പോകാം.. എന്ന് അഞ്ജു.
എന്നാൽ വാ.. അതും പറഞ്ഞ് മറിയക്കുട്ടി ചേച്ചി, അഞ്ജുവിനേയും , മനുവിനേയും കൂട്ടി , വീടിന്റെ മുറ്റത്തേക്കിറങ്ങി, വിറകുപുരയോട് ചേർന്നു കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോയിട്ട്, ഉറക്കെ വിളിച്ചു, അന്നാ ... മോളേ.....
ബ്ബേ..... എന്നൊരു മറുപടി കേട്ടിട്ട് , മനുവും അഞ്ജുവും പരസ്പരം നോക്കിയെങ്കിലും, അതും വെറും തോന്നലായിരിക്കും എന്നു വിചാരിച്ചു.
ദേ ... വരുന്നു എന്റെ അന്നാ മോൾ.. '
അന്നാ മോളെ ഒരു പ്രാവശ്യമേ നോക്കിയുള്ളു... അഞ്ജുവിന്റെ മുഖത്തെ രക്തമയം പാടേ പോയി.
മനുവിന് ചിരിയടക്കാനായില്ല.
' അന്ന മോൾ' എന്നു മറിയക്കുട്ടി ചേച്ചി വിളിച്ചിരുന്നത് , ആയിടക്ക് വാങ്ങിയ "എരുമ " - യെ ആയിരുന്നു.
സുമി ആൽഫസ്.
*****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot