നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനിമാഷിന്റെ ആദ്യത്തെ പെണ്ണുകാണൽ

Image may contain: 1 person

അനി നാട്ടിലെ കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണ്. പോരെങ്കിൽ നല്ല വിദ്യാഭ്യാസവുമുണ്ട്. അങ്ങനെയിരിക്കെ പഠിപ്പും പഠിപ്പിന്റെ പഠിപ്പും കഴിഞ്ഞ് നാട്ടിൽ പണിയില്ലാതെ നടക്കുന്ന കാലം. പണിയില്ലാതെ എന്നു തീർത്തും പറയാൻ പറ്റില്ല. നാട്ടിലെ ചെറിയ ട്യൂഷൻ സെന്ററിൽ മൊബൈലിൽ റീചാർജ്ജ് ചെയ്യാനുള്ള പണത്തിനു വേണ്ടിമാത്രം പണിയെടുക്കുന്ന സമയം, കൂടാതെ നാട്ടിലെ ഒരു ക്ലബ്ബിന്റെ ഭാരവാഹിയൊക്കെയായി അവിടത്തെ പുസ്തകങ്ങളും നോക്കി നടക്കുന്ന സമയം.
"നിന്നെയെല്ലാം പഠിപ്പിച്ച കാശുണ്ടെങ്കിൽ ഒരു റബ്ബർ എസ്റ്റേറ്റ് വാങ്ങാം "എന്ന് അപ്പൻ പറഞ്ഞോണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി അയാൾക്ക് ഒരു ജോലി കിട്ടി. ഒരു ജോലി അല്ല. ഒന്നൊന്നര ജോലി. പ്രതീക്ഷിച്ചത്. +2 അദ്ധ്യാപകനായി.
ജോലി കിട്ടിയത് കാസർഗോഡ്. അമ്പലങ്ങളുടെ നാട്ടിൽ. അനിക്ക് പൊതുവെ ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും ജോലി ഓർഡർ കൈയിൽ കിട്ടിയപ്പോൾ ദൈവത്തിനെ ഒന്നു വിളിച്ചു. ഇല്ലെങ്കിൽ അതൊരു മോശമാകില്ലേ...! കോടാനുകോടി പേർ ശരണം വിളിക്കുമ്പോൾ ഒരുതവണയെങ്കിലും വിളിക്കേണ്ടെ? വിളിച്ചു. രണ്ടു പേരേയും കൃഷ്ണനെയും കർത്താവിനെയും .
അനിയുടെ അപ്പൻ അമ്മച്ചിയെ പ്രേമിച്ചുകെട്ടിയത് കൊണ്ടാണ് ഈ എടങ്ങാറ് സംഭവിച്ചത്. മൂന്നാമതൊരാളെ ഒഴിവാക്കേണ്ട എന്നുകരുതി സന്ധ്യയ്ക്ക് മേലെ ആകാശത്തേക്ക് നോക്കി 'ചന്ദ്ര'നോട് ഒരു നന്ദി വേറെയും പറഞ്ഞു.
അങ്ങനെ ജോയിൻ ചെയ്യാനുള്ള ദിവസം എത്തി. ആദ്യത്തെ ദിവസം ആയത്കൊണ്ട് ഫുൾ കുട്ടപ്പനായി ചെത്തിലായിരുന്നു. സ്കൂളിലെത്തിയപ്പോൾ ആദ്യം സ്വീകരിക്കാനെത്തിയത് മലയാളം മാഷായിരുന്നു. ഏതാണ്ട് അനിയുടെ പ്രായമാണെങ്കിലും ആ മാഷിന്റെ പേര് കുഞ്ഞിരാമൻ നായർ . ( മാഷിന്റെ അച്ഛൻ കവി
പി. കുഞ്ഞിരാമൻ നായരുടെ
വലിയ ആരാധകനായിരുന്നു. അതു കൊണ്ടാണ് മകനും ആ പേരിട്ടത് എന്നു പിന്നീട് അറിഞ്ഞു). എല്ലാം ഷോട്ട് ആക്കുന്ന കാലമാണല്ലോ 'കൂന ' എന്നു മാഷിനെ വിളിച്ചാലോന്ന് ആദ്യം ഓർത്തു. വല്ല ചീത്തവാക്കും ആണെന്ന് തെറ്റിദ്ധരിച്ചാലോ എന്നോർത്ത് പിന്നെയത് വേണ്ടാന്ന് വെച്ചു. സ്റ്റാഫ് റൂമിലെത്തിയപ്പോഴായിരുന്നു
അനിമാഷ് ആകെ മൂഡ്ഓഫ് ആയത്.എല്ലാം അൻപതിനോടടുത്തവർ . ജോലികിട്ടാൻ താമസിച്ച് വയസ്സായിപ്പോയവരാണോ ഇവർ എന്നു സംശയിച്ചു. അപ്പോൾ അവർക്കിടയിൽ താൻതന്നെ ഭാഗ്യവാൻ എന്നു സ്വയംപറയുകയും ചെയ്തു.
അങ്ങനെ ആദ്യത്തെ ക്ലാസിലെത്തി. ക്ലാസുമുറിയിൽ ഒരു വേഷപ്പകർച്ച ഉള്ളത്കൊണ്ട് അനിമാഷ് ഒരു നല്ല അദ്ധ്യാപകനായി. ആദ്യക്ലാസിൽ തന്നെ കുട്ടികളെ തൃപ്തിപ്പെടുത്താനായതിൽ സന്തോഷത്തോടെ ക്ലാസ്മുറി വിട്ടു.
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ മലയാളം മാഷിന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക്. യാത്രയ്ക്കിടെ മാഷ് അനിമാഷോടായി പറഞ്ഞു . 'എന്റെ മാഷെ എനിക്കിപ്പോഴാ ഒരു സമാധാനം ആയത്.ഈ വയസ്സൻമാർക്കിടയിൽ എന്റെ ജന്മം പാഴായിപ്പോകുമോ എന്നായിരുന്നു പേടി. നിങ്ങൾ വന്നതിൽപിന്നെ അത് മാറിക്കിട്ടി. അങ്ങനെ നായരും
അനിമാഷും എല്ലാം തുറന്ന് പറയുന്ന ഫ്രണ്ട്സ് ആയി.
' കൂന ' പണ്ടത്തെ ലൈനിനെപ്പറ്റിയെല്ലാം പറഞ്ഞപ്പോൾ അനിമാഷ് ഒരക്ഷരം ഉരിയാടിയില്ല. നായരെക്കാൾ വലിയ കൂതറയായിരുന്നു എന്നു മനസ്സിൽ പറഞ്ഞ് മാഷിന്റെ മുന്നിൽ മാന്യമഹാജനമായി.
അങ്ങനെയിരിക്കെ ഒരു ദിവസം അനിമാഷ് സ്റ്റാഫ്റൂമിൽ തനിച്ചിരിക്കുന്ന സമയം.ഒരാൾ സ്റ്റാഫ് റൂമിലേക്ക് കയറി വന്നു. മാഷ് അറിയാതെ ഇരുന്നിടത്തു നിന്നും എണീറ്റു പോയി. വരുന്നതെന്താ...! ഖജുരാഹോ വിഗ്രഹം... ഇറങ്ങി വന്നത്പോലെ ഒരു സ്ത്രീ. ചെറുവിരൽ മുതൽ ഉച്ചിവരെ ഒരു വിറയൽ. തൊണ്ടയിൽ വെള്ളം വറ്റി. പെട്ടെന്ന്തന്നെ മാഷ് സമചിത്തത വീണ്ടെടുത്തു.
ആരാ...! ഗൗരവത്തിൽ എന്നാൽ കുറച്ച് മയത്തോടെ ചോദിച്ചു . ഇവിടെ പുതുതായി ജോയിൻ ചെയ്ത ടീച്ചറാ.
ഓ..! അങ്ങനെ. മാഷിന്റെ മനസ്സിൽ പൊട്ടിയത് ലഡ്ഡുവായിരുന്നില്ല. ഒരു ബേക്കറി തന്നെ...!
പിന്നെയുണ്ടായ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല. അന്നത്തെ മാഷിന്റെ ക്ലാസ് മൊത്തത്തിൽ തമാശയും ഒക്കെയായി ഒന്നു പൊളിച്ചടുക്കി പിള്ളേരെ കൈയിലെടുത്തു. മനസ്സിന്റെ ആഹ്ലാദമേ...!
ഈ സന്തോഷം പറയാൻ മലയാളം മാഷിന്റെ അടുത്തേക്ക് തിടുക്കപ്പെട്ടു നടക്കുമ്പോഴാണ് ദൂരെ നിന്നും ആ കാഴ്ചകണ്ടത്. 'കൂന ' നും ടീച്ചറും പണ്ടേ പരിചയം ഉള്ളത്പോലെ എന്തോ തമാശ പറഞ്ഞ് ചിരിക്കുന്നു ..
കുശുമ്പ് പുറത്തു കാണിക്കാതെ അവരോടൊപ്പം കൂടി .വർത്തമാനത്തിൽ ടീച്ചറിന്റെ കഴുത്തിൽ താലിയൊ നെറ്റിയിൽ സിന്ദൂരമോ ഉണ്ടോന്ന് പാളിനോക്കി.
ഇല്ല. ഭാഗ്യം. അപ്പോൾ ചാൻസ്ഉണ്ട്.
പിറ്റെ ദിവസംമുതൽ മാഷിന്റെ കോളേജിലേയ്ക്കുള്ള യാതയിൽ ഒരുക്കം ഒന്നുകൂടി.
സ്റ്റാഫ് റൂമിലെ ആ ടീച്ചറിനോടുള്ള വർത്താനം കൂടി വന്നു. ടീച്ചറിന്റെ സൗന്ദര്യം എന്നത് അവരുടെ ഉയർന്നു നില്ക്കുന്ന മാറിടവും നിതംബംവരെ എത്തുന്ന മുടിയുമായിരുന്നു. പണ്ടത്തെ കവികൾ സ്ത്രീ സൗന്ദര്യത്തെ വണ്ണിച്ചിരിക്കുന്നത് ഈ ടീച്ചറെപോലത്തെ സ്ത്രീകളെ കണ്ടിട്ടാകും.
മാഷിന്റെ മനസ്സിലാണെങ്കിൽ ടീച്ചറെ കാണുമ്പോഴെല്ലാം ' തപസ്സ് ഉണർത്താൻ വന്ന മേനകയോ ' എന്ന പാട്ട് അറിയാതെ വരും. ശരിക്കും ഒരു ഖജുരാഹോ വിഗ്രഹം.
കാര്യങ്ങൾ ഇങ്ങനെപോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം അനി മാഷ്ക്ക് സുഹൃത്തിന്റെ ഫോൺ വന്നത്. അവന്റെ കല്യാണം. പെണ്ണിന്റെ വീട് നമ്മുടെ ടീച്ചറിന്റെ നാട്ടിൽ. എന്റെ ദൈവമേ...! ഈ പ്രാവശ്വം മാഷ് ശരിക്കും ദൈവത്തെ വിളിച്ചു.
അങ്ങനെ ആ ദിവസം വന്നു. സുഹൃത്തിന്റെ കല്യാണ ദിവസം . കല്യാണത്തിന് നേരത്തെ പുറപ്പെട്ടു. ടീച്ചറിന്റെ വീട് കാണലായിരുന്നു ലക്ഷ്യം.
താലികെട്ട് കഴിഞ്ഞ് ആദ്യ പന്തിയിൽതന്നെ ഭക്ഷണം കഴിച്ച് ടീച്ചറിന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു. ആരോടൊക്കെയോ ചോദിച്ച് അവസാനം വീട് കണ്ടുപിടിച്ചു. വീട്ടിലേക്കുള്ള വഴി വീതി കുറഞ്ഞതായിരുന്നു. കാർ പോകാനും അല്പം ബുദ്ധിമുട്ടുണ്ട്. അങ്ങനെ മാഷ് കാർ റോഡ് സൈഡിൽ നിർത്തി വീട്ടിലേക്ക് നടക്കാമെന്ന് തീരുമാനിച്ചു. നടക്കുന്നത് ആരോഗ്യത്തിനും നല്ലത്.
നടന്ന് ടീച്ചറിന്റെ വീടിന്റെ ഗേറ്റ് എത്താറായപ്പോഴേക്കും പൊടുന്നനെ ഒരു മഴ .ഏതാണ്ട് മോശമല്ലാത്ത രീതിയിൽ പെയ്യാൻ തുടങ്ങി. മാഷ് ഓടി ടീച്ചറിന്റെ വീട്ടിലെ കാർപോർച്ചിലേക്ക് കയറി. ആ സമയത്ത് അയലിൽ ഉണക്കാനിട്ട തുണികളുമായി മഴ നനയാതിരിക്കാൻ തലയിൽ ഒരു തോർത്തൊക്കെയിട്ട് ടീച്ചർ പറമ്പിൽ നിന്നും ഓടി പോർച്ചിലേക്ക് കയറുന്നു.
മാഷിനെ കണ്ടഉടനെ ങ്ഹാ...! എന്താ മാഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ എന്നു ചോദിച്ചിട്ട് ഒരു വളിച്ചചിരിയോടെ ടീച്ചർ കൈയിലുള്ള തുണികൾ മാഷ് കാണാതിരിക്കാൻ പിന്നിലാക്കാനൊരു വിഫലശ്രമം നടത്തി.
പെട്ടെന്ന് മാഷിന്റെ കണ്ണുകൾ ടീച്ചറിന്റെ കൈയിലുള്ള തുണികൾക്കിടയിലേക്ക് നീണ്ടു. അതുപിന്നെ അങ്ങനെയാണല്ലോ. മറച്ചുവെക്കുന്നത് കാണാനല്ലേ എല്ലാർക്കും തിടുക്കം. അപ്പോഴാണ് മാഷൊരു കാര്യം കണ്ടെത്തിയത്. മാഷിന്റെ മനസ്സിലുള്ള ടീച്ചറിന്റെ ഖജുരാഹോ വിഗ്രഹം കറുത്ത നിറത്തിലുള്ള വെറുമൊരു സ്പോഞ്ചായി ടീച്ചറിന്റെ കൈയിലിരിക്കുന്നു. ആ നഗ്നസത്യം മാഷെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
ടീച്ചറിന്റെ ക്ഷണപ്രകാരം ഹാളിലിരിക്കെ കാപ്പി കൊണ്ടുവന്ന ടീച്ചറിന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങുമ്പോഴാണ് മാഷ് മറ്റൊരു ഞെട്ടിക്കുന്ന സത്യംകൂടി കണ്ടെത്തിയത്. ടീച്ചറിന്റെ നീണ്ട മുടിയുടെ സ്ഥാനത്ത് പൂച്ച വാല് പോലത്തെ എന്തോ ഒന്ന് തൂങ്ങിയാടുന്നു .
കൈയിൽ കിട്ടിയ ഖജുരാഹോ വിഗ്രഹം നിലത്തുവീണുടഞ്ഞ നിരാശയോടെ ടീച്ചറോട് യാത്രയും പറഞ്ഞ് തിരികെ കാറിനടുത്തേക്ക് നടക്കുമ്പോൾ കീശയിലെ മൊബൈലിന്റെ റിങ്ടോൺ...
"സ്വപ്നം... വെറുമൊരു സ്വപ്നം...!"
By
ബിന്ദു സുന്ദർ
============================

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot