Slider

House Driver - Part 21

0
Image may contain: 1 person, text

ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 21
ആ സംഭവത്തിന് ശേഷം കഫീലിന്റെ എന്റെ ഭാഗത്തുനിന്ന് അല്പം മയത്തിലുള്ള പെരുമാറ്റമൊക്കെ വന്നുതുടങ്ങി അവളുടെ കുറെ കഷ്ടപ്പെടുത്തലുകളൊക്കെ ഞാൻ അന്ന് പറഞ്ഞതു കൊണ്ടായിരിക്കാം അത് പത്താം തീയതി ആയപ്പോൾ വണ്ടിയുടെ ഇൻഷൂറൻസ് അടച്ച് കടലാസ് എന്നെ എൽപ്പിച്ചു അങ്ങിനെ പത്തു മാസത്തിലധികമായി എന്റെ ഒരു പ്രാവശ്യം കൂടി അവൻ അംഗീകരിച്ചു കഫീലിന്റെ ഉമ്മയുടെ ഫ്ലാറ്റിലെ ഹാളിലുള്ള താമസം ഒന്നരമാസം പൂർത്തിയാക്കി നവംബർ പതിനഞ്ചാം തീയതി ഞാൻ ബിൽഡിങ്ങിനു താഴെ ഡ്രൈവർമാർക്ക് പ്രത്യേകം പണികഴിപ്പിച്ച എന്റെ സ്വന്തം റൂമിലേക്ക് മാറി പുതിയ റൂമിൽ എസി വച്ച ഉടനെ ഞാൻ അവിടേക്കു മാറുകയായിരുന്നു ഒരു ഇരുമ്പിന്റെ കട്ടിലും പുതിയ ഒരു കിടക്കയും പിന്നീട് കഫീൽ വാങ്ങിത്തന്നു ഫ്രിഡ്ജ് വാഷിംഗ് മെഷീൻ വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു വാഷിംഗ് മെഷീൻ വാങ്ങിയില്ലെങ്കിൽ എനിക്കുവേണ്ടി പ്രത്യേകം വാങ്ങി പണം കളയേണ്ട ഞാൻ ബക്കറ്റ് ഉപയോഗിച്ചു അലക്കികൊള്ളാം എന്നും പറഞ്ഞു
പുതിയ താമസസ്ഥലത്ത് രണ്ടു മാസത്തെ താമസത്തോടെ തന്നെ ഞാൻ ഒരു താരമായി മാറിയിരുന്നു ഫ്ലാറ്റുകളിലെ താമസക്കാർക്ക് എന്നെ കുറിച്ച് നല്ല അഭിപ്രായമാണ് ബാങ്ക് വിളിച്ചാൽ ഉടനെ പള്ളിയിൽ പോകുന്നവൻ എന്ത് പറഞ്ഞാലും എതിരു പറയാത്തവൻ ഏത് അർധ രാത്രിയിലും മടി കൂടാതെ ഓട്ടം പോകുന്നവൻ എവിടെയും ചുറ്റിക്കറങ്ങാൻ പോകാതെ സദാസമയവും ബിൽഡിങ്ങിന്റെ പരിസരത്തുതന്നെ നിൽക്കുന്നവൻ ഇങ്ങനെ എന്നെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങൾ നിരവധിയാണ് എനിക്ക് ജേഷ്ഠനോ അനിയനോ ആരെങ്കിലും ഉണ്ടോ പുതിയതായി ഡ്രൈവർ ജോലിക്ക് വരാൻ എന്നൊക്കെ പലരും ചോദിച്ചു അവർക്കറിയില്ലല്ലോ ഞാൻ തന്നെ വിദൂരമല്ലാത്ത ഭാവിയിൽ ഇവിടെനിന്നും രക്ഷപ്പെടുമെന്നും അതിനു മുൻപുള്ള ഒരു തരം പൊരുത്തപ്പെടൽ ആണ് ഇപ്പോൾ നടത്തുന്നതെന്നും
ഗർഭം 9 മാസത്തിലേക്ക് കടന്നതോടെ ഞാൻ വളരെ ക്ഷീണിതനായി കാൽമുട്ടിന്റെ വേദന കൂടി മുതുകിനും ശരീരം മുഴുവനും വേദനയും ക്ഷീണവും ഉറങ്ങാൻ ശരിക്കും സമയം കിട്ടാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ വേറെയും അവസാന മാസങ്ങളിൽ ഇങ്ങനെയൊക്കെ തന്നെയാകും എന്ന് കരുതി ഞാൻ സമാധാനിച്ചു അപ്പോഴാണ് ഞാൻ ഒരു കാര്യം ചിന്തിച്ചത് ഗർഭം എനിക്കല്ലല്ലോ മാടത്തിന്നു ആണല്ലോ എന്നിട്ടും ഞാൻ എങ്ങനെ ഇത്രത്തോളം ക്ഷീണിച്ചു അതിന് കാരണം മറ്റൊന്നുമല്ല പ്രസവം അടുക്കാൻ ആയതോടെ മാടത്തിന്റെ തീരാത്ത കറക്കം തന്നെ ഡ്യൂട്ടി കഴിഞ്ഞ് തുടങ്ങുന്ന അവളുടെ കറക്കം അർദ്ധ രാത്രി ഒരു മണി വരെ എല്ലാദിവസവും നീണ്ടുനിന്നു അതിനിടയിൽ പ്രസവത്തിനു മുമ്പുള്ള ചില ഒരുക്കങ്ങളും തുടങ്ങി ഇവിടത്തുകാർ പ്രസവത്തിനു മുൻപ് ചെറിയ ഒരുക്കങ്ങളൊന്നും അല്ല നടത്തുന്നത് എന്നെനിക്കു മനസ്സിലായി
കുട്ടി ആണോ പെണ്ണോ എന്ന് മുൻകൂട്ടി മനസ്സിലാക്കി ആദ്യമായി പേര് കണ്ടു പിടിക്കുന്നു പിന്നെ ആശുപത്രിയിലേക്ക് പോവാനുള്ള വസ്ത്രങ്ങൾ മറ്റു സാധനങ്ങൾ ഇവയൊക്കെ വാങ്ങുന്നു പ്രസവിക്കുന്ന ദിവസവും തുടർന്നുള്ള ദിവസങ്ങളിലും കുട്ടിയെ കാണാൻ വരുന്നവർക്ക് നൽകാനുള്ള ചോക്ലേറ്റുകൾ കുട്ടിയുടെ പേര് പ്രിന്റ് ചെയ്ത് ഓർഡർ ചെയ്യുന്നു ആശുപത്രിയിലും വീട്ടിലും കുട്ടി കിടക്കുന്ന റൂമിന്റെ പുറത്ത് സ്വാഗതം എഴുതിയ ഫ്ലക്സ് ബോർഡ് വെക്കുന്നു വാതിൽ അലങ്കരിക്കുന്നു മരത്തിന്റെ തൊട്ടിൽ വാങ്ങുന്നു കുട്ടിയെ തോളിലെടുക്കാതെ തള്ളി കൊണ്ടുപോകാൻ ഉന്തുവണ്ടി വാങ്ങുന്നു ഇങ്ങനെ ഞാൻ അറിഞ്ഞതും അറിയാത്തതുമായ എണ്ണിയാലൊടുങ്ങാത്ത ഒരുക്കങ്ങളാണ് നടത്തുന്നത് മാടത്തിന്റെ സ്വഭാവം വെച്ചു ഇതിൽ പലതും അവളുടെ കൂട്ടുകാരികളുടെ അടുത്തുനിന്നും പഴയതും മറ്റും ഒപ്പിച്ചു ഉണ്ടാക്കിയതാണ്
എന്റെ റബ്ബേ കന്നി പ്രസവത്തിന് ഒരുങ്ങിയ എന്റെ ഭാര്യ ആശുപത്രിയിലേക്കാണ് എന്നു പറഞ്ഞു അല്പം പഴയ വസ്ത്രങ്ങൾ കുറച്ചു ദിവസം മുൻപ് ഒരുക്കി വച്ചതിന്നു ഞാനവളെ എത്രത്തോളം കളിയാക്കിയിട്ടുണ്ട് ചെറിയ ചെറിയ ഒന്നുരണ്ടു പാർട്ടികളെ കുറിച്ച് അവൾ പറഞ്ഞപ്പോൾ അതെല്ലാം മാമൂലുകൾ ആണെന്നും പറഞ്ഞു ഞാനെന്റെ ഭാഗം ന്യായീകരിച്ചു ഇവിടുത്തെ ഒരുക്കങ്ങളൊക്കെ അവൾ കണ്ടാൽ ചങ്കു പൊട്ടി മരിക്കും എല്ലാത്തിനും മാഡം തന്നെ ഏറ്റവും ഡിസ്കൗണ്ട് ഉള്ള സ്ഥലം തിരഞ്ഞു തിരഞ്ഞു അവൾ അവസാനം രോഗിയായി രോഗി എന്ന് പറഞ്ഞാൽ ചെറിയ ഒരു ജലദോഷം ഉടനെ അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു ഒരാഴ്ചത്തെ ലീവ് തരപ്പെടുത്തി വെറുമൊരു ജലദോഷത്തിന്ന് ഒരാഴ്ചത്തെ ലീവ് എഴുതിയ ഡോക്ടറുടെ കടലാസിൽ ഞാനാണ് അവളുടെ ഓഫീസിൽ കൊണ്ടുപോയി കൊടുത്തത് മാസങ്ങൾക്ക് മുൻപ് നേരം പുലർന്നതു മുതൽ രാത്രി പത്ത് മണി വരെ ജോലി ചെയ്തു അവസാനം തലവേദന എടുത്തു കിടന്ന എന്നെ വയ്യ എന്ന് പറഞ്ഞിട്ടും അല്പം കാരുണ്യം കാണിക്കാതെ നിർബന്ധിച്ച് അർദ്ധരാത്രി 12 മണിക്ക് വണ്ടി ഓടിച്ചത് ഞാനോർത്തു
ഡോക്ടർ എഴുതിയത് ലീവാണെങ്കിലും അവൾക്ക് വേണ്ടത് ലീവെടുത്ത് കൊണ്ടുള്ള കറക്കമായിരുന്നു ജലദോഷം വകവെക്കാതെ വീണ്ടും അവൾ യാത്രകൾ തുടർന്നു മൂന്നുദിവസം കഴിഞ്ഞു വീണ്ടും ചെല്ലാൻ പറഞ്ഞ ദിവസം അവളുടെ കറക്കം കഴിഞ്ഞു ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഡോക്ടർ പോയിരുന്നു പിറ്റേന്ന് രാവിലെ കാണാമെന്ന് വിചാരിച്ചു ഞങ്ങൾ മടങ്ങി പോരുന്ന വഴിക്ക് കഫീലും ഞങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്നു അവൾ ക്ക് പോവേണ്ടത് അവളുടെ വീട്ടിലേക്കും എനിക്കും കഫീലിനും പോരേണ്ടത് ഞങ്ങളുടെ ഫ്ലാറ്റിലേക്കുമായിരുന്നു പതിവിനു വിപരീതമായി ആദ്യം കഫീലിനെ കൊണ്ടു വിടാം എന്നു മാഡം പറഞ്ഞപ്പോൾ തന്നെ എനിക്ക് അപകടം മണത്തു അർധരാത്രിവരെ കറങ്ങാൻ ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു കഫീലിനെ വീട്ടിൽ ഇറക്കിയപ്പോൾ അവൾ എന്നോട് പറഞ്ഞു തനിക്ക് തന്റെ റൂമിൽ നിന്നും എന്തെങ്കിലും എടുക്കുവാൻ ഉണ്ടോ എന്തേ ഇനിയും ഓട്ടം ഉണ്ടോ അതെ എത്ര ഓടിയാലും ഉറങ്ങാൻ ഞാൻ തിരിച്ച് ഇങ്ങോട്ട് തന്നെ വരില്ലേ അതു പറയാൻ പറ്റില്ല ചിലപ്പോൾ നാളെ ആശുപത്രിയിൽ പോകുന്നത് വരെ നീ എന്റെ ഉമ്മയുടെ വീടിനു താഴെ എന്നെ കാത്തു നിൽക്കേണ്ടി വരും
എന്റെ ജോലിയിൽ ഇനി ബാക്കിയുള്ളത് ഈ ഒരു കാര്യം മാത്രമാണ് ഉറങ്ങാൻ പോലും റൂമിലേക്ക് പറഞ്ഞയക്കാതിരിക്കുക അതും ഇപ്പോൾ പറഞ്ഞിരിക്കുന്നു മറ്റൊന്നിനും പ്രതികരിക്കുന്നില്ല എന്നറിഞ്ഞത് കൊണ്ടാണ് ഇത് ഞങ്ങളുടെ സംസാരം കേട്ട് കഫീൽ വണ്ടിയുടെ അടുത്തേക്ക് തിരിച്ചു വന്നു ഞാൻ സംഭവം പറഞ്ഞു അവളോട് ചോദിച്ചപ്പോൾ അവൾ കാരണം പറഞ്ഞത് നാളെ രാവിലെ റോഡിൽ തിരക്കായിരിക്കും എന്നാണ് എത്രനേരത്തെ വേണമെങ്കിലും ഞാൻ എത്താം എന്ന് ഞാൻ ഉറപ്പു പറഞ്ഞതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു പിറ്റേന്ന് 10 മണിക്ക് ആശുപത്രിയിൽ പോകാൻ ഉള്ളതിന് അവളെന്നോട് ചെല്ലാൻ പറഞ്ഞത് എട്ടു മണിക്കായിരുന്നു ഞാൻ 7. 45 ന് അവിടെ എത്തി അവളുടെ മൊബൈലിലേക്ക് മിസ്സ് അടിച്ചു അവിടെയുള്ള യമനിയുടെ റൂമിൽ പോയി കിടന്നുറങ്ങി
പ്രസവം അടുത്തു വരികയാണെങ്കിലും എത്ര ദൂരെ ആയിരുന്നാലും ഒരു പാർട്ടിയും മാഡം മുടക്കാറില്ല ഏതെങ്കിലും തരത്തിൽ ആരെയെങ്കിലുമൊക്കെ പരിചയപ്പെട്ടു അവരോ അവരുടെ കൂട്ടുകാരികളോ വിളിക്കുന്ന എല്ലാം പാർട്ടിക്കും പോകും മറ്റുള്ളവരൊക്കെ വലുതും ചെറുതുമായ പല സമ്മാനങ്ങളും കൊണ്ടുവരുമ്പോൾ മാഡം മാത്രം കൈയും വീശി യാണ് പോകുന്നത് അങ്ങോട്ടു ഒന്നും കൊണ്ടു പോയില്ലെങ്കിലും തിരിച്ചുപോരുമ്പോൾ അവിടെയുള്ള ബാക്കി കേക്കോ മറ്റു പല ഹാരങ്ങളോ ഒക്കെ ആളുകൾ കഴിച്ചതിന്റെ ബാക്കി കെട്ടിപ്പെറുക്കി കൊണ്ടുപോരും അതിനുവേണ്ടി പാർട്ടി കഴിഞ്ഞു പള്ളിയും പട്ടക്കാരും മുഴുവൻ പോയാലും അവൾ അവിടെയൊക്കെ തട്ടിമുട്ടി നിൽക്കും തിരിച്ചു പോരാൻ വൈകിയാലും അവൾക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ലല്ലോ അർദ്ധ രാത്രിയായാലും പുലർച്ചെ ആയാലും ഡ്രൈവറും കാറും പുറത്തു കാത്തു നിൽക്കുന്നുണ്ടാവുമല്ലോ
മദ്രസ തുറന്നു ഒന്നോ ഒന്നരയോ മാസമായപ്പോഴേക്കും പത്തുദിവസത്തെ അവധിയായി ഇവിടെ അങ്ങനെയാണ് വർഷത്തിൽ പകുതിയിൽ അധികവും അവധിയായിരിക്കും വിദേശികളായ അധ്യാപകരും ജീവനക്കാരും മാതാപിതാക്കളും കുട്ടികളും എല്ലാവർക്കും ആവശ്യം അവധിയും കറക്കവും തന്നെ മദ്രസ അവധി ആണെന്ന് കേൾക്കുമ്പോൾ ഞങ്ങൾ ഹൗസ് ഡ്രൈവർമാർക്ക് ആദ്യം അല്പം സന്തോഷം ഒക്കെ തോന്നും അതിരാവിലെ വണ്ടിയുമായി തിരക്കിലൂടെ മല്ലിടേണ്ടി വരില്ലല്ലോ പക്ഷേ രണ്ടുദിവസം കഴിയുന്നതോടെ മദ്രസ ഉള്ള ദിവസങ്ങൾ ആണ് നല്ലതെന്ന് തോന്നി പോവും സാധാരണ ദിവസങ്ങളിൽ 12 മണിക്ക് എങ്കിലും വീടണഞ്ഞിരുന്നവർ അർദ്ധരാത്രി 2 മണിയും മൂന്നുമണിവരെ യുമൊക്കെ കറക്കം തന്നെയാവും മാത്രമല്ല മദ്രസയും ഓഫീസുമൊക്കെ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഡ്രൈവർമാരുടെ ഭക്ഷണം പാചകം ചെയ്യലും അലക്കലും കുളിയുമൊക്കെ ഇടക്കുള്ള ചെറിയ ചെറിയ ഒഴിവ് സമയങ്ങളിലായിരിക്കും അവധി ആകുന്നതോടെ ഇതെല്ലാം അവതാളത്തിലാവും ഒരുതവണ ചോറു വേവിക്കാൻ വേണ്ടി 10 തവണ തീ കത്തിക്കേണ്ടി വന്ന ഹൗസ് ഡൈവർ മാരൊക്കെ ഉണ്ട്
അധികം കുഴപ്പങ്ങളൊന്നുമില്ലാതെ ജോലി മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ഒരു ദിവസം മാഡത്തിനെ സൂക്കിൽ കൊണ്ടുപോയി വിട്ടു ഞാൻ എതിർവശത്തുള്ള സൂപ്പർമാർക്കറ്റിൽ കയറി അല്പം സാധനങ്ങൾ വാങ്ങി വണ്ടിയുടെ ഡിക്കിയിൽ വെച്ചു കുറച്ചുകഴിഞ്ഞ് മാടത്തിന്റെ വിളി വന്നപ്പോൾ ഞാൻ ചെന്നു അവൾ വാങ്ങിയ സാധനങ്ങൾ വണ്ടിയിലേക്ക് അടുക്കി വെക്കാൻ വേണ്ടി ഡിക്കി തുറന്നപ്പോൾ അവൾ അതിലുള്ള എന്റെ കവറുകൾ കണ്ടു സാധനങ്ങളൊക്കെ കയറ്റി വണ്ടിയെടുത്ത് അല്പം മുന്നോട്ടു നീങ്ങിയപ്പോൾ ഒന്നുമറിയാത്ത പോലെ അവൾ എന്നോടു ചോദിച്ചു
താൻ എന്നെ ഇവിടെ ഇറക്കി ഇവിടെ തന്നെ നിൽക്കുകയായിരുന്നോ
അല്ല നിന്നെ ഇവിടെ ഇറക്കി വണ്ടിയും ഇവിടെത്തന്നെ പാർക്ക് ചെയ്തു ഞാൻ റോഡിന്റെ എതിർ വശത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് നടന്നു പോയി അല്പം സാധനങ്ങൾ വാങ്ങി
ഇതിനകത്ത് സൂപ്പർമാർക്കറ്റ് ഉണ്ടോ
ഇതിനകത്ത് ഇല്ല റോഡിന്റെ മറുവശത്താണ്
എന്നിട്ട് താനെന്തേ എന്നോടു പറഞ്ഞില്ല
എന്തിനു പറയണം ഞാൻ നിന്റെ വണ്ടി കൊണ്ടു പോയിട്ടില്ലല്ലോ ഇപ്പോൾ എവിടേയ്ക്കു പോകുവാനും ഞാൻ വണ്ടി എടുക്കാറില്ലല്ലോ
എങ്കിലും എവിടേക്കു പോകുന്നതും എന്നോട് പറയണം
അതുപറ്റില്ല താൻ വണ്ടിയിൽ നിന്നിറങ്ങിയാൽ ഞാൻ ചിലപ്പോൾ മൂത്രമൊഴിക്കാൻ പോകും സുഹൃത്തുക്കളോടൊപ്പം അവരുടെ വണ്ടിയിൽ ഇരിക്കും നിസ്കാര സമയത്ത് പള്ളിയിൽ പോകും ആവശ്യം വന്നാൽ ബാത്റൂമിൽ പോകും താൻ എപ്പോൾ വിളിച്ചാലും ഞാനുടനെ വരികയും ചെയ്യുമല്ലോ
ഇത്രയും സാധനങ്ങൾ താൻ നടന്നുപോയി വാങ്ങിയതാണോ അല്ലാഹു എല്ലാം കാണുന്നുണ്ട് ഇനി എവിടെ പോയാലും നിർബന്ധമായും എന്നോട് പറയണം
ഇല്ല അത് എനിക്ക് പറ്റില്ല പ്രയാസമാണ് പിന്നെ അള്ളാഹു കാണുന്നത് ഇതുമാത്രമല്ല നിസ്കരിക്കാൻ പോയതിന് എന്നെ തെറി പറയുന്നതും മൂത്രമൊഴിക്കാനോ കുളിക്കാനോ നിൽക്കുമ്പോൾ ഫോൺ അടിച്ചാൽ എടുത്തില്ലെങ്കിൽ വഴക്കു പറയുന്നതും എല്ലാം അള്ളാഹു കാണുന്നുണ്ട്
മതി മതി വിഷയം മതിയാക് തനിക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞോളാം "ഉസ്കുത് " (മിണ്ടിപ്പോകരുത് )
((("എന്നോട് ഷട്ടപ്പ് പറയാൻ നീ ആരാണ് ഞാനിനിയും സംസാരിക്കും തനിക്ക് ഇഷ്ടമുള്ളത് ചെയ്യു കുറെ കാലമായി ഞാൻ ക്ഷമിക്കുന്നു വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ താൻ തലയിൽ കയറുന്നോ ")))
അത്രയും ഞാൻ പറഞ്ഞിട്ടും അവൾ തിരിച്ചൊന്നും പറഞ്ഞില്ല ഇനി ഞാൻ മനസ്സിൽ പറഞ്ഞത് അവൾ കേൾക്കാത്തത് കൊണ്ടാണോ എന്താണെന്നറിയില്ല അന്ന് രാത്രി കഫീലിന്റെ വക സ്റ്റഡി ക്ലാസ് ഉണ്ടാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല ഷട്ടപ്പ് പറഞ്ഞതിനുശേഷം ഞാനൊന്നും തിരിച്ചു പറയാത്തതുകൊണ്ട് അവൾ വിഷയം അവനോടു പറയാഞ്ഞിട്ടാണോ അതോ അർദ്ധരാത്രി ഓട്ടം കഴിഞ്ഞ് വന്നിട്ടും റൊട്ടിയോ മറ്റോ വാങ്ങാൻ വേണ്ടി ഞാൻ നടന്നു പോകുന്നത് കഫീൽ പലതവണ നേരിൽ കണ്ടതുകൊണ്ട് അയാൾക്ക് എന്നെ വിശ്വാസം ആയതുകൊണ്ടാണോ എന്നറിയില്ല എന്തായാലും ആ വിഷയത്തിൽ പിന്നീട് ഒരു സംസാരം ഉണ്ടായില്ല
എത്ര സമയം കൂടുതൽ ഓട്ടം ഉണ്ടായാലും എത്ര ദൂരേക്ക് പോയാലും അര റിയാലിന്റെ വെള്ളംപോലും എനിക്ക് മാടത്തിൽ നിന്നും കിട്ടാറില്ല ഒരിക്കൽ ജിദ്ധക്ക് പുറത്തുള്ള ദൂരെ ഒരു കടപ്പുറത്തുള്ള പാർക്കിലേക്ക് ഞങ്ങൾ ഓട്ടം പോയി ദൂരം കൂടുതലായതിനാൽ അവളുടെ കൂട്ടുകാരിയുടെ ഡ്രൈവറും തിരിച്ചു പോകാതെ അവിടെ എന്നോടൊപ്പം കാത്തുനിൽക്കുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ മാഡം അയാളെ വിളിച്ച് പണം കൊടുത്ത് വണ്ടിയുമായി പോയി വേണ്ടത് വാങ്ങി കഴിക്കാൻ പറഞ്ഞു എന്റെ തൊട്ടടുത്ത നാട്ടുകാരനും സുഹൃത്തും ആയതുകൊണ്ട് അയാൾ ആ പണത്തിന്ന് ഞങ്ങൾ രണ്ടുപേർക്കുമായി ഭക്ഷണം കൊണ്ടു വന്നു അന്നു മാഡത്തിൽനിന്ന് എനിക്ക് ഒന്നും കിട്ടിയില്ല എന്ന് പറയുന്നത് ശരിയല്ല അവരുടെ തീറ്റയും മറ്റും കഴിഞ്ഞു പോരാൻ നേരം സാധനങ്ങൾ എടുക്കാൻ എന്നെ വിളിച്ചു രണ്ടുമിനിറ്റ് വൈകിയപ്പോൾ എനിക്ക് നല്ല അസ്സല് ശകാരം കിട്ടി ഭക്ഷണം കുറച്ചേ കഴിച്ചു എങ്കിലും വയറു നിറഞ്ഞു
സമാനമായ മറ്റൊരു സംഭവം കൂടി കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഉണ്ടായി ഇതേ ഡ്രൈവർ അയാളുടെ മാഡവുമായി ഞങ്ങളുടെ ഫ്ലാറ്റിലേക്ക് ഒരു പാർട്ടിക്ക് വന്നു അന്ന് അധികം താമസം ഇല്ലാത്തതുകൊണ്ട് അയാൾ തിരിച്ചു പോകാതെ എന്റെ റൂമിൽ തന്നെയായിരുന്നു ഇരുന്നിരുന്നത് പാർട്ടിക്കുള്ള ഭക്ഷണം ബ്രോസ്റ്റ് (അൽ ബൈക്ക് )ഞാനാണ് കടയിൽ പോയി കൊണ്ടുവന്നത് തന്റെ ഡ്രൈവർ താഴെ ഉണ്ടെന്നും അവനും ഭക്ഷണം വേണമെന്നും കൂട്ടുകാരി പറഞ്ഞപ്പോൾ കിട്ടാവുന്നതിൽ വച്ച് ഏറ്റവും ചെറിയ ഒരു ബ്രോസ്റ്റ് അയാൾക്കും ഓർഡർ ചെയ്യുകയല്ലാതെ എന്റെ മാടത്തിന് മറ്റു വഴികൾ ഇല്ലാതെയായി ഭക്ഷണം മുഴുവനും ഞാൻ മുകളിലേക്ക് കൊണ്ടുപോയി കൊടുത്തപ്പോൾ അതിൽ നിന്നും ഒരു ചെറിയ പൊതി എന്നെ ഏൽപ്പിച്ചു താഴെയുള്ള ഡ്രൈവർക്ക് കൊടുക്കാൻ പറഞ്ഞു അപ്പോഴും ഒരു ബ്രോസ്റ്റിന്റെ കഷണം പോലും എനിക്ക് ആയിട്ട് അവൾ തന്നില്ല ഈ വക കാര്യങ്ങളിലൊന്നും എനിക്ക് സങ്കടമില്ല പക്ഷെ എല്ലാം ഓർത്തു വെക്കേണ്ട അനുഭവങ്ങളാണെന്ന് തോന്നി
അവളുടെ കയ്യിൽ നിന്നും ഒന്നും കിട്ടിയില്ലെങ്കിലും അള്ളാഹു എന്റെ ഭക്ഷണകാര്യത്തിൽ വലിയ വിശാലത നല്കി ഒറ്റക്ക് താമസമാക്കിയതോടെ ഒട്ടുമിക്ക സാധനങ്ങളും ഞാൻ റൂമിൽ പാചകം ചെയ്ത് കഴിക്കാൻ തുടങ്ങി കോഴിയും മീനും ബ്രഡ്ഡും ജാമും മൈനസും കെച്ചപ്പും സോസും അച്ചാറും എന്നുവേണ്ട എല്ലാവിധ പരീക്ഷണങ്ങളും എന്റെ തീൻമേശയിൽ നടന്നു ഇടയ്ക്ക് ഭക്ഷണം പുറത്തു നിന്നു വാങ്ങി കഴിക്കുകയും ചെയ്യും ഭക്ഷണ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും അല്പം ആശ്വാസം ഒക്കെ ആയി തുടങ്ങിയിരിക്കുന്നു പണ്ടത്തെ സോപ്പിനും സോപ്പുപൊടിക്കും ഉള്ള പ്രയാസവും പിശുക്കും ഒക്കെ ഇന്ന് ഒരു ഓർമ്മ മാത്രമാണെങ്കിലും ഒരിക്കലും ഞാൻ അതോർത്തു ചിരിക്കാറില്ല അതൊക്കെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ആയിരുന്നു ആ അവസ്ഥയിൽ നിന്നും ഇപ്പോഴുള്ള അവസ്ഥയിൽ എത്തിച്ചവനും തിരിച്ചു മുമ്പത്തെ അവസ്ഥയിലേക്ക് തന്നെ എത്തിക്കാൻ കഴിവുള്ളവനും അല്ലാഹു തന്നെ സ്തുതികളായ സ്തുതികൾ മുഴുവനും അവനു മാത്രം
ആവശ്യങ്ങൾ മുഴുവനും നല്ല നിലയിൽ നടക്കുന്നുണ്ട് എന്നതിനർത്ഥം ഒരിക്കലും ധൂർത്തോ അനാവശ്യമായ ചിലവുകളോ അല്ല ഏത് സാഹചര്യത്തിലും ഒരു പ്രവാസിക്ക് വേണ്ട എല്ലാ പിശുക്കും കരുതലും ഞാനും കാത്തുസൂക്ഷിച്ചു അതിൽ പെട്ടതായിരുന്നു കീറിയ വസ്ത്രങ്ങൾ തുന്നി ഉപയോഗിക്കുക എന്നത് അതിനായി സൂചിയും നൂലും ഒക്കെ മുറിയിൽ വാങ്ങിവച്ചു വീട്ടിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ കീറിയ വസ്ത്രം ഒഴിവാക്കുകയോ അല്ലെങ്കിൽ ഉമ്മയോ ഭാര്യയോ തുന്നിത്തരികയോ ചെയ്യുമായിരുന്നു അതുപോലെ ഓരോ മാസവും ശമ്പളം കിട്ടിയാൽ ഉടനെ അത്യാവശ്യ ചെലവിനുള്ള 150 200 റിയാൽ മാറ്റിവച്ചു ബാക്കി ചില്ലറ കടങ്ങൾ ഉള്ളതെല്ലാം തീർത്തു ബാക്കിവരുന്ന മുഴുവനും നാട്ടിലേക്ക് അയക്കും മാസത്തിലെ ആദ്യത്തെ 10 ദിവസം കഴിയുമ്പോഴേക്കും കൈയ്യിലുള്ള പണവും ഏകദേശം തീർന്നിട്ടുണ്ടാവും പിന്നീട് ആ മാസം തീർന്ന് അടുത്ത മാസം ഒന്നാം തീയതി വരെ ഒരുവിധത്തിൽ ഒപ്പിക്കാൻ പെടുന്ന പാട് അതൊന്നു വേറെ തന്നെ എത്രയൊക്കെയായാലും അടുത്ത ശമ്പളം കിട്ടുമ്പോൾ ചെയ്യുന്നതും പഴയ പോലെ തന്നെ ഈ സ്വഭാവങ്ങൾ ഒക്കെ തന്നെയായിരിക്കാം പ്രവാസികളെ വ്യത്യസ്തരാക്കുന്നത്
നവംബർ 29 ആം തീയതി മാഡം പ്രസവിച്ചു ആൺകുട്ടി കുട്ടി ആണെന്ന് മനസ്സിലാക്കി പേരും നേരത്തെ തന്നെ കണ്ടു വച്ചിരുന്നു അദ്‌നാൻ പ്രസവവേദന തുടങ്ങിയപ്പോൾ ഞാൻ തന്നെയാണ് അവളെയും കൂട്ടുകാരിയെയും കൊണ്ടുപോയത് ഞാൻ വിചാരിച്ചത് ആശുപത്രിയിലേക്കാണ് എന്ന് ആണെങ്കിലും അവൾ പോയത് നേരെ ബ്യൂട്ടിപാർലറിലേക്ക് ആയിരുന്നു അവളെ അവിടെ വിട്ടു ഞാൻ പോന്നു പിന്നീട് ഭർത്താവിന്റെ കൂടെ ആയിരിക്കണം ആശുപത്രിയിലേക്ക് പോയത് പ്രസവിച്ച ദിവസം ആണെങ്കിലും എനിക്ക് സ്ഥിരമായി കിട്ടാറുള്ള വഴക്ക് അന്നു മുടങ്ങാതെ മാഡത്തിൽ നിന്നും കിട്ടി ഒരുപാട് പേരുമായി ആശുപത്രിയിലേക്ക് വരാനും തിരിച്ചുകൊണ്ടുപോയി വിടാനും ഒക്കെ ഉണ്ടായതിനാൽ എല്ലാം കഴിഞ്ഞു ഞാൻ മദ്രസയിലേക്ക് കുട്ടികളെ എടുക്കാൻ ചെല്ലുമ്പോഴേക്കും 10 മിനിറ്റ് വൈകി
കുട്ടികളെ വിളിച്ചശേഷം സ്ഥിരമായി മാടത്തിന് മിസ്കോൾ അടിക്കാറുള്ളത് പതിവുപോലെ അന്നും ചെയ്തു മുഴുവനായും പ്രസവിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും അടിമ 5 മിനുട്ട് വൈകി എന്നറിഞ്ഞപ്പോൾ മറ്റെല്ലാം മറന്ന് അവൾ ആക്രോശിക്കുകയായിരുന്നു താൻ എവിടെപ്പോയി എന്ത് പറ്റി എന്തുകൊണ്ട് വൈകി എന്നെല്ലാം അവൾ ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു വന്നുവന്ന് ഇപ്പോൾ അവളുടെ വായിൽ നിന്ന് രണ്ടു നല്ല സംസാരം കേൾക്കാതെ എനിക്ക് ഉറക്കം വരാത്ത അവസ്ഥയായി അതിനുവേണ്ടി വഴക്ക് കേൾക്കും എന്ന ഉറപ്പുണ്ടായിട്ടും ഓരോരോ കാര്യങ്ങൾ ഞാനറിയാതെ തന്നെ എന്നിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്നു
ഡിസംബറിൽ നാട്ടിലേക്ക് അയച്ചത് ഇരുപതിനായിരം രൂപയായിരുന്നു കഴിഞ്ഞ മാസം മുതൽ നാട്ടിൽ 500 ആയിരത്തിന്റെ നോട്ടുകൾ നിരോധിച്ചതുമൂലം കുറികൾ ഒന്നും നടക്കാത്ത അവസ്ഥയായിരുന്നു മാത്രമല്ല പണത്തിന്റെ ഇടപാടുകൾ കുറഞ്ഞ് ആളുകൾ പുതിയ നോട്ടിനു വേണ്ടി ബാങ്കിലും എടിഎം കൗണ്ടറുകളിലും മണിക്കൂറുകളോളം വരി നിൽക്കേണ്ട അവസ്ഥയിലുമാണ് മാഡം പ്രസവിച്ച അന്നും പിറ്റേന്നും ജോലി അല്പം കൂടുതലായിരുന്നു സാധാരണ പോലെ എന്റെ ഓട്ടങ്ങളും ഓടി എത്താൻ എടുക്കുന്ന സമയങ്ങളും അതിനിടയിൽ വിളിച്ചുള്ള ശല്യം ചെയ്യലും എല്ലാം ഫോണിലൂടെ മാഡം തന്നെ നിയന്ത്രിച്ചു രണ്ട് ദിവസത്തെ ആശുപത്രിയിലെ കിടത്തം കഴിഞ്ഞു നേരെ വന്നത് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തന്നെയാണെങ്കിലും പിറ്റേന്ന് സാധനങ്ങളെല്ലാം എടുത്ത് അവളുടെ ഉമ്മയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി ഇനി കുറച്ചുകാലം അവിടെ യാണെന്നും കുട്ടികൾ അവിടെ നിന്നാണ് മദ്രസയിൽ പോകുന്നതെന്നും എന്റെ വസ്ത്രങ്ങളും മറ്റും എടുത്ത് കൂടെ ചെന്നു കിടക്കാനും കഫീൽ പറഞ്ഞു ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണെന്നും ഇതിന്റെ പരിപൂർണ ഉത്തരവാദിത്തം നിനക്കാണെന്നും ഞാൻ മനസ്സിൽ പറഞ്ഞു
മദ്രസ ഉള്ള ദിവസം അതിരാവിലെ ഞാൻ ഇവിടെ നിന്നും പോയി കുട്ടികളെ കൊണ്ടാക്കാം എന്നും മദ്രസ കഴിഞ്ഞു കുട്ടികളുമായി അവളുടെ ഉമ്മയുടെ വീട്ടിൽ ചെന്നാൽ പിന്നെ അർധരാത്രിവരെ ഞാൻ അവിടെ ചിലവഴിച്ചു കൊള്ളാം എന്നും പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു അവളുടെ വീട്ടിൽ ചെന്ന് അവിടെയുള്ള യമനിയുടെ റൂമിൽ താമസിക്കാത്തതു കാരണം പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ജോലി അല്പം കഠിനമായി ഉച്ചക്ക് ഒരുമണിക്ക് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നീട് തിരിച്ചെത്തുന്നത് അർദ്ധ രാത്രി ഒരുമണിക്കോ രണ്ട് മണിക്കോ ശേഷമായിരിക്കും എങ്കിലും സ്വന്തം റൂമിൽ വന്നു ഒരു കുളിയും കഴിഞ്ഞു സ്വസ്ഥമായി 5 മണി വരെ കിടന്നുറങ്ങാൻ കഴിയുന്നുണ്ടല്ലോ എന്നതാണ് ഏക ആശ്വാസം കുട്ടികളെ മദ്രസയിൽ നിന്നും കൊണ്ടു വന്നാൽ ചില ദിവസങ്ങളിൽ ഓട്ടങ്ങൾ ഒന്നും ഉണ്ടാവാറില്ല എങ്കിലും അർധരാത്രി ഒരു മണി ആവാതെ എന്നെ റൂമിലേക്ക് പറഞ്ഞയക്കില്ല
അവളില്ലാത്ത സമയത്ത് അമ്മായിയമ്മ എന്നെയും കൂട്ടി വല്ല ഓട്ടവും പോയാലോ എന്ന സംശയവും അതിനൊരു കാരണമാണ് ഭർത്താവിന്റെ ഉമ്മയോടുള്ള പോര് സത്യത്തിൽ അനുഭവിക്കുന്നത് ഞാനാണ് മാഡത്തിന്റെ പ്രസവവും തുടർന്നുള്ള ദിവസങ്ങളിലെ സ്ഥിരമായ പാർട്ടികൾക്കും ചോക്ലേറ്റും പലഹാരങ്ങളും എല്ലാം കൊണ്ടുവന്നതും ആശുപത്രിയിൽനിന്ന് ചോക്ലേറ്റുകൾ ഒക്കെ തിരിച്ചു വീട്ടിലേക്കു കൊണ്ടു വന്നതും എല്ലാം ഞാൻ തന്നെയാണെങ്കിലും അവൾ പ്രസവിച്ച വകയിൽ എനിക്ക് ഒരു മിഠായി പോലും കിട്ടിയില്ല അല്ലെങ്കിലും ഈ വിഷയത്തിൽ അവളും കഫീലും ആണല്ലോ കഠിനാധ്വാനം ചെയ്തിരിക്കുന്നത് പിന്നെ ഡ്രൈവറായ എനിക്ക് എന്തിന് മിട്ടായി തരണം ഒന്നും തന്നില്ലെങ്കിൽ എന്താ മൂന്നാംനാൾ അവളുടെ വീട്ടിലേക്കു പോയപ്പോൾ അവൾ തന്നെ എനിക്ക് കുഞ്ഞിന്റെ മുഖം കാണിച്ചു തന്നു നാട്ടിൽ നിന്നും ഞാൻ പോരുമ്പോൾ കണ്ട എന്റെ മോളുടെ മുഖമാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് അവളിപ്പോൾ ചെറിയ ചെറിയ വാക്കുകളൊക്കെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു
ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിലെ മറ്റ് താമസക്കാരുടെ അത്യാവശ്യ ഓട്ടങ്ങളും കഫീൽ എന്നെകൊണ്ട് ഇടക്ക് ഓടിക്കുമായിരുന്നു ഇവൻ എന്നെ വച്ച് മുതലെടുക്കുകയാണോ എന്തോ എനിക്കതിൽ ഒന്നും പ്രത്യേകിച്ച് വിഷമം തോന്നിയില്ല അവന്റെ കയ്യിൽ നിന്നും ശമ്പളം വാങ്ങുമ്പോൾ അവൻ പറയുന്ന ജോലികളൊക്കെ ചെയ്യുക തന്നെ പ്രസവ സംബന്ധമായി ആറുദിവസം മാഡം എന്റെ കൂടെ യാത്ര ചെയ്തില്ല ഏഴാം നാൾ തൊട്ട് തുടങ്ങി സർക്കീട്ട് സൗദിയിൽ ആറ് ദിവസമെന്നത് വലിയ കാലാവധിയാണ് പ്രസവിച്ചതിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും ഒക്കെ ഇവിടത്തെ സ്ത്രീകൾ അവരുടെ പതിവ് കറക്കങ്ങൾ തുടർന്നുകൊണ്ടിരിക്കും
(തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo