Slider

"അച്ചായി"

0
Image may contain: 1 person

ഞങ്ങൾ കണ്ണൂർക്കാർ ആരും അച്ഛനെ അച്ചായി എന്ന് വിളിക്കാറില്ല.....എങ്കിലും ഞാനെന്റെ അമ്മായിയപ്പനെ അങ്ങിനെ വിളിക്കുന്നത് എന്റെ കോട്ടയംകാരിയായ ഭാര്യ വിളിക്കുന്നത്കൊണ്ട് മാത്രമല്ല.....ആ വിളിയിൽ സ്നേഹത്തിന്റെ എന്തൊ ഒരു മാന്ത്രിക ചരട് ഞാൻ അവളിലൂടെ അറിഞ്ഞത്കൊണ്ടാണ്.....
വൈകിട്ട് ആറുമണിക്കാണ് എനിക്ക് അമ്മായിഅമ്മയുടെ കരഞ്ഞു കൊണ്ടുള്ള ഫോൺ വരുന്നത്....."അച്ചായിക്ക് പെട്ടെന്നൊരു ക്ഷീണം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തിരിക്കുവാണ്......ഐ സി യു വിൽ ആണ്".
************************
'അച്ചായി'ക്കു തൊണ്ടയിൽ ക്യാൻസർ ആണെന്നു അറിഞ്ഞിട്ട് ആറുമാസം ആവുന്നതെയുള്ളു...കേരളത്തിലെ ഏറ്റവും നല്ല ക്യാൻസർ വിദഗ്ദനായ ഡോ: വി ഗംഗാധരന്റെ ചികിത്സയാൽ പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് മൂന്നു മാസം കഴിഞ്ഞു വീണ്ടും ജോലിക്കു പോയി തുടങ്ങി.
അടുത്ത ചെക് അപ്പ് ൽ ആണ് അറിഞ്ഞത് നട്ടെല്ലിലേക്കും പടർന്നിട്ടുണ്ടെന്ന്... ആ അമ്പരപ്പ് മാറും മുൻപേ ആ മഹാ മാരി 'ബ്രെയിൻ' ലും പടർന്നു എന്ന സത്യവും അറിയാൻ പറ്റി.ലീവിന് ചെന്ന് അച്ചായിയെ കണ്ടു മടങ്ങുമ്പോൾ...."കൂടിയാൽ അ
ഞ്ചു വർഷം" എന്ന ഡോക്ടറുടെ വാക്കായിരുന്നു മനസ്സിൽ...
******************
ഒന്നുകൂടി കാര്യങ്ങൾ വിശദമായി അറിയുവാനായി ഞാൻ അയൽപക്കത്ത് താമസിക്കുന്ന അകന്ന ബന്ധുവായ രാജു ചേട്ടനെ വിളിച്ചു...
"ഏത് സമയത്തും എന്തും സംഭവിക്കാം......നിങ്ങൾ എത്രയും പെട്ടെന്ന് പുറപ്പെട്ടോളു"
രാജുചേട്ടന്റെ വാക്കുകൾ വെള്ളിടി പോലെയാണ് കാതിൽ പതിഞ്ഞത്.....
ഭാര്യയോട് പകുതി കാര്യങ്ങൾ മാത്രം ധരിപ്പിച്ചു രാത്രിയിലെ ഡൽഹി കൊച്ചി ഫ്ലൈറ്റ് ൽ ഞങ്ങൾ യാത്രയായി.....
കാരിത്താസ് ഹോസ്പിറ്റലിന്റെ ക്യാൻസർ വിഭാഗത്തിലെ റൂമിൽ ഓക്സിജൻ മാസ്കിലൂടെ ശ്വാസം നിലനിർത്താൻ പാടുപെടുന്ന അച്ചായിയുടെ രൂപം കണ്ട് ഭാര്യ നിയന്ത്രണം വിട്ടു.ഒരു വശത്ത് കരഞ്ഞു തളർന്ന അമ്മയും അനിയത്തിയും...
പലവട്ടം ഞങ്ങൾ അച്ചായി ന്നു വിളിച്ചിട്ടും പ്രതികരണം ഒന്നുമില്ലായിരുന്നു.....കണ്ണടച്ചു കൊണ്ട് ശ്വാസം നിലനിർത്താനായി ആഞ്ഞു വലിക്കുന്ന കാഴ്ച കണ്ടു നിൽക്കാനായില്ല....
"ഇനി ഒന്നും ചെയ്യാനില്ല" റൌണ്ട്സ് നു വന്ന ഡോക്ടർ ക്കും അധികം ഒന്നും പറയാനില്ലായിരുന്നു....
"ബഹ്‌റൈനിലുള്ള ഇളയ മോൾ നാളെ രാവിലെയെ എത്തൂ...അത്രവരെയെങ്കിലും നിൽക്കുമോ ഡോക്ടർ.....?" മരണത്തിനു വിട്ടുകൊടുക്കുമ്പോൾ ഉപാധിവെച്ചത് പോലെ ബന്ധുക്കളിൽ ആരുടെയോ ചോദ്യം....
രാത്രി ഏകദേശം രണ്ടുമണി.സ്ത്രീകളെല്ലാവരും കരഞ്ഞു തളർന്ന മയക്കത്തിൽ ആണ്.ഞാൻ അച്ചായിക്ക് കൂട്ടിരിക്കുന്നു.......
ഓർമ്മകൾ പിന്നോട്ട് പോയി.....ഞാനും അച്ചായിയും ഏറ്റവും കൂടുതൽ ഒരുമിച്ചു പോയിട്ടുള്ളത് അമ്പലങ്ങളിൽ ആണ്......ആക്ടിവ പറപ്പിച്ചോടിക്കുന്ന അച്ചായിക്ക് എന്റെ പുറകിൽ ഇരുന്നാൽ പേടിയാണ്. ഏറ്റുമാനൂർ അമ്പലത്തിലെ പൂജാരിമാർക്കെല്ലാം അച്ചായിയെ പരിചയമാണ്.ഇത്രയും ആത്മാർത്ഥമായ ഒരു ദൈവഭക്തൻ വേറെയുണ്ടാവില്ല...എല്ലാവര്ക്കും നന്മ മാത്രം ചെയ്യുന്ന ഒരു പാവം മനുഷ്യൻ...ഈ കിടപ്പു കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നി...
ജീവന്റെ അടയാളമായി ആ ശക്തിയോടെയുള്ള ശ്വാസംവലി മാത്രമേയുള്ളൂവെങ്കിലും എനിക്ക് "അച്ചായി" എന്നൊന്ന് വിളിക്കാൻ തോന്നി....
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കണ്ണു തുറന്നു.....ഞാൻ ആ കൈയിൽ പിടിച്ചു.എന്നോട് ഒരുപാടെന്തൊക്കെയോ പറയാനുണ്ട്.പറയാനുള്ള ശേഷി ഇല്ല....കണ്ണുകൾ നിറഞ്ഞൊലിക്കുന്നു....എല്ലാവരും ഉറക്കമായത്കൊണ്ട് അച്ചായിപ്പോലെ തന്നെ എനിക്കും അപ്പോഴാണ് കരയാൻ സ്വാതന്ത്ര്യം കിട്ടിയത്.
"ഇനി നീ വേണം എല്ലാം നോക്കാൻ"എന്നായിരിക്കും അച്ചായി പറയാൻ ഉദ്ദേശിച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു....
അടുത്ത ദിവസം രാവിലെ ഇളയ മകളും വന്നു കണ്ടതിനു ശേഷം അച്ചായി യാത്രയായി...എന്നത്തേയും പോലെ ആ നിഷ്കളങ്കമായ ചിരി മാത്രം ബാക്കി വെച്ച്...
പ്രിയ സുഹൃത്ത് 'ഗിരീഷ് ഒല്ലേക്കാട്ട്' നല്ലെഴുത്തിൽ എഴുതിയ ഹൃദയ സ്പർശിയായ ഒരു രചന 'നെരിപ്പോട്'.....അതിലെ "അച്ചായി" എന്ന പ്രയോഗം.. അതാണ് ഇതിവിടെ വിശദീകരിക്കാൻ എനിക്ക് പ്രചോദനമായത്..സാധാരണ പോസ്‌റ്റുകൾക്ക് പ്രോത്സാഹനമായി കിട്ടുന്ന ലൈകും കമെന്റ്സും ഞാൻ എണ്ണാറുണ്ട്...ഇത് അതിൽപ്പെട്ട ഒന്നല്ല...ഒരു പ്രിയ സുഹൃത്തിനോടെന്നത്പോലെ നല്ലെഴുത്തിലെ സുഹൃത്തുക്കളോട് ഞാൻ മനസ്സ് തുറക്കുന്നു ....അത്രമാത്രം.....
നന്ദി..🙏
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo