നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു സ്വരം മാത്രം


ഒരു സ്വരം മാത്രം
--------------------
" അപ്പോൾ കല്യാണത്തിന് ശേഷമായിരുന്നു കേൾവി പോയതെങ്കിൽ താൻ ഇവളെ ഡിവോഴ്സ് ചെയ്യുമായിരുന്നോ ?
ശരവേഗത്തിലുള്ള മീനൂന്റെ ചോദ്യത്തിനു മുന്നിൽ ആ വീട് മുഴുവൻ ഒരു നിമിഷം നിശബ്ദമായി.. മറുപടി തേടി അലയുന്ന ദേവന്റെ കണ്ണുകളോട് എനിക്കപ്പോൾ വെറുപ്പാണ് തോന്നിയത്.. കല്യാണം ഉറപ്പിച്ച പെണ്ണിന് കേൾവി ശക്തി നഷ്ട്ടപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ആശ്വാസിപ്പിക്കേണ്ട അവന്റെ കൈകളാണ് ആദ്യം അവളെ തള്ളി പറഞ്ഞത്..
" ഞാൻ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ..?
കോപത്തിലാഴ്ന്ന നോട്ടത്തോടെ മീനു പിന്നേം ചോദിച്ചു..
" നിന്റെ ചോദ്യത്തിന് ഉത്തരം നൽകാനല്ല ഞാനിവിടെ വന്നത്.. ഈ കല്യാണം എന്തായാലും നടക്കില്ല.. ഒരു പൊട്ടി പെണ്ണിനെ കെട്ടി കൂടെ കൂട്ടണ്ട ആവശ്യമൊന്നും എനിക്കിപ്പോഴില്ല.. ഇത് ഇവിടെ വന്ന്‌ പറഞ്ഞത് എന്റെ മാന്യത.. "
എത്ര ലാഘവത്തോടെയാണവൻ ഭാമയെ വേണ്ടാന്ന് വെച്ചത്.. നിഷ്പ്രയാസം ആ ബന്ധത്തെ മുറിച്ചു നീക്കുന്നത്‌ കണ്ടപ്പോൾ അവന്റെ സുഹൃത്ത് ആയതിൽ എനിക്ക് സ്വയം ലജ്ജ തോന്നി.. ദേവന്റെ വാക്കുകൾ കേൾക്കാനല്ലാതെ മറുത്ത് ഒന്നും പറയാൻ എനിക്കായില്ല.. അതിനുള്ള അവകാശം എനിക്ക് ഉണ്ടായിരുന്നില്ല..അതാണ്‌ സത്യം..
" മാന്യത കാണിച്ചു തീർത്തെങ്കിൽ കൂട്ടുകാരനെയും കൂട്ടി ഇവിടുന്ന്‌ പോകാം.. മുൻവശത്തെ വാതിൽ തുറന്ന് തന്നെയാ കിടക്കുന്നത്. ഇറങ്ങി പോകാൻ ഞങ്ങളെ കൊണ്ട് വെറുതെ പറയിക്കരുത്.. "
മീനൂനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല..കാരണം, ചേച്ചിയെ വേണ്ടാന്ന് പറയുന്നവനോടുള്ള ദേഷ്യം.. അത് ഏതൊരു അനിയത്തിക്കുട്ടിയിലും സ്വാഭാവികമാണ്..
" മോളെ.. നീ എന്തൊക്കെയാ ഈ പറയുന്നേ.. ? വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ സംസാരിക്കണ്ടേ.. ?
എല്ലാം കേട്ട് മൗനം പാലിച്ച ആ പാവം സ്കൂൾ മാഷിന് അപ്പോൾ മകളെ ശകാരിക്കാനെ തോന്നിയുള്ളൂ..
" അച്ഛനെന്നെ തടയണ്ട.. ഇവരോട് ഇത്രയൊക്കെ മര്യാദ കാണിച്ചാൽ മതി.. സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകും... പൊന്നു പോലെ നോക്കിക്കോളാം എന്ന് പറഞ്ഞല്ലേ ഇയാള് ഇവിടെ വന്ന്‌ പെണ്ണ് ചോദിച്ചത്.. അല്ലാതെ പെണ്ണിനെ വേണോന്ന്‌ ചോദിച്ച് നമ്മൾ അങ്ങോട്ട്‌ ചെന്നില്ലല്ലോ.. എന്നിട്ടിപ്പോൾ ഇങ്ങനൊരു അവസ്ഥ വന്നപ്പോൾ എന്റെ ചേച്ചിയെ തനിച്ചാക്കിയിരിക്കുന്നു.. ഇയാളൊക്കെ ഒരാണാണോ.. ?
" മീനൂ... മതി.. നീ അകത്ത് പോ...
മാഷിന്റെ ശബ്ദം ഉയർന്നപ്പോൾ തനിയെ മീനുന്റെ ദേഷ്യത്തിന് കടിഞ്ഞാൺ വീണിരുന്നു... പുറത്ത് നടക്കുന്നതെല്ലാം കണ്ടുകൊണ്ട്, ജനാലക്കരുകിൽ നിന്ന ഭാമയുടെ കണ്ണുകളെ അപ്പോഴും കണ്ടില്ലാന്നു നടിക്കാൻ എനിക്കായില്ല..
ഒരുപക്ഷേ കേൾവിശക്തി തിരിച്ചെടുത്തു കൊണ്ട് ദൈവം അവളെ പരീക്ഷിച്ചതാവും എന്ന് ഞാൻ വെറുതെ സമാധാനിച്ചിരുന്നു.. എന്നാൽ ഇന്ന് കല്യാണം കൂടി മുടങ്ങി.. അതറിയുമ്പോൾ ആ പാവം എന്തുമാത്രം വിഷമിക്കും ?
ചിന്തകൾ കൂടിയപ്പോൾ മനസ്സിന് വല്ലാതെ ഭാരമേറുന്നതായി തോന്നി..
" ടാ...ഹരി.. നീ വരുന്നില്ലേ..?
ദേവൻ എന്നെ ആ വീട്ടിൽ നിന്നും നിര്ബന്ധിച്ചു കൂട്ടി കൊണ്ട് പോകുമ്പോഴും മനസ്സ് നിറയെ ഭാമയുടെ മുഖമായിരുന്നു..
ഒരു വിധത്തിൽ പറഞ്ഞാൽ എല്ലാത്തിനും കാരണം ഞാൻ ആയതുകൊണ്ടാവും..
ചിലങ്ക അണിഞ്ഞ ഭാമയുടെ കാലുകളോടും മുട്ടറ്റം നീണ്ട മുടിയിഴകളോടുമുളള അവന്റെ പ്രണയം ആദ്യം പറഞ്ഞത് എന്നോടാണ്.. ഡാൻസ്ക്ലാസ്സിലും അമ്പലത്തിലും കോളേജിലുമെല്ലാം അവളുടെ പുറകെ നടന്നിട്ട് ഒടുവിൽ രക്ഷയില്ലന്ന്‌ ബോധ്യമായപ്പോഴാണ് അവൻ എന്നെ തേടി വന്നത്..
" ടാ.. ഹരി... നമ്മുടെ ഡാൻസ് ടീച്ചർ ഒരു പാവമാണല്ലേ.. ?
" ആര്... ഭാമയോ.. ?
" അതേടാ.. കരിമഷി എഴുതിയ ആ ഉണ്ട കണ്ണുകളും.. നീളൻ മുടിയും.. ശരിക്കും ഒരു തനി നാടൻ പെണ്ണ്.. അല്ലേ.. ?
" മ്മ്.. മ്മ്.. നിന്റെ ചാട്ടം എങ്ങോട്ടാന്ന്‌ എനിക്ക് മനസിലാവുന്നുണ്ട്.. "
" മനസിലായി.. ല്ലേ...
എന്റെ പൊന്നളിയാ... എങ്ങനെ എങ്കിലും അവളെ ഈ കല്യാണത്തിന് ഒന്ന് സമ്മതിപ്പിക്ക്. ഞാൻ പൊന്നു പോലെ നോക്കിക്കോളാം.. "
ചെറുപ്പം മുതലേ കാണുന്നതാ ഭാമയെ.. അതുകൊണ്ട് ദേവന്റെ വാക്കുകൾ ഒന്നും എനിക്ക് ആവശ്യമായിരുന്നില്ല അവളുടെ സ്വഭാവവും വ്യക്തിത്വവും മനസിലാക്കാൻ..
" നീ എല്ലാം ആലോചിച്ചിട്ടാണോ.. ?
" ആഹ്.. നീ അവളുടെ വീട്ടിൽ പോയി കാര്യം പറയ്.. അമ്മേനേം കൂട്ടി വന്ന്‌ ഞാൻ പെണ്ണ് കണ്ടോളാം.. "
അവന്റെ വാക്കുകളിൽ അന്നൊരു ആത്മാർത്ഥ ഉണ്ടായിരുന്നു.. ചങ്ങായിക്ക് വേണ്ടി പെണ്ണ് ചോദിക്കാൻ പോയതും അതുകൊണ്ട് തന്നെ... നല്ലതല്ലാത്തതൊന്നും ഞാൻ ആ വീടിനുവേണ്ടി ചെയ്യില്ല എന്നുറപ്പുള്ളത്കൊണ്ടാവാം മാഷ് കല്യാണത്തിന് എതിർപ്പ് ഒന്നും പറഞ്ഞില്ല.. ഭാമയും.. പിന്നെ മീനൂന്റെ കാര്യത്തിലായിരുന്നു ചെറിയൊരു ആശങ്ക.. പക്ഷേ അവളും പച്ചക്കൊടി കാണിച്ചത്തോടെ കാര്യങ്ങൾ എളുപ്പമായി..
പെണ്ണ് കാണാനും വിവാഹം ഉറപ്പിക്കാനുമൊക്കെ ദേവന് വല്യ ഉത്സാഹമായിരുന്നു.. എത്രയും പെട്ടന്ന് ആഗ്രഹിച്ച പെണ്ണിനെ സ്വന്തമാക്കാനുള്ള ഒരുതരം വാശി..
അതിനിടയിലാണ്‌ കോളേജ് ക്യാമ്പസിലെ യുവനേതാക്കൾ തമ്മിലുള്ള വാക്ക് തർക്കം പതിയെ കൈയേറ്റത്തിലേക്ക് തിരിഞ്ഞത്.. കോളേജ് പിള്ളേരുടെ തല്ല് തീർക്കാൻ പോലീസ് കൂടി എത്തിയതോടെ അന്തരീക്ഷം സങ്കർഷഭരിതമായി.. പാർട്ടിയിൽ പോലും ഉൾപ്പെടാത്ത പാവം പിള്ളേരാണ് കൂടുതലും പോലീസിന്റെ ലാത്തിക്ക് ഇരയായത്‌.. അതിൽ ആ പാവം പെണ്ണും ഉൾപ്പെട്ടു.. അശ്രദ്ധമായി ഒരു ലാത്തി ഭാമയുടെ കാതുകളിലേക്കാണ് ആഞ്ഞടിച്ചത്‌.. ശ്രവണ ശക്തി നഷ്ട്ടപ്പെട്ടത്‌ അവളെ ഒരുപാട് തളർത്തിയെങ്കിലും പതുക്കെ പതുക്കെ ചുണ്ടുകളുടെ ചലനത്തിലൂടെ അവളെല്ലാം മനസിലാക്കാൻ തുടങ്ങി... പക്ഷേ പിന്നീട് കാലിൽ ചിലങ്ക അണിയാൻ അവൾക്ക് ഭയമായിരുന്നു.. പാട്ടിന് അനുസൃതമായി ഇനി ഒരിക്കലും ചുവട് വെയ്ക്കാനാവില്ല എന്നോർത്താണ് അവൾ കരഞ്ഞതത്രെയും...
സ്വന്തം കാര്യത്തിൽ എല്ലാവരും സ്വാർത്ഥരാണെന്ന്‌ എനിക്ക് മനസ്സിലായത് അന്നാണ്..അതും ദേവനിലൂടെ... കുറവുകളുള്ള ഒരു പെണ്ണിനെ കൂടെ കൂട്ടുന്നത്‌ ബാധ്യതയായി അവൻ കണക്കാക്കി.. അവളുടെ കണ്ണ്നീര് വീഴ്ത്തി ആ കല്യാണം മുടക്കി പോകുമ്പോഴും ദേവന്റെ മുഖത്ത് യാതൊരു കുറ്റബോധവും ഞാൻ കണ്ടില്ല..
അവളെന്താ ഒരു കളിപ്പാവയാണോ.. ? ഭംഗി കണ്ട്‌ സ്വന്തമാക്കാനും മങ്ങലേറ്റ് തുടങ്ങുമ്പോൾ വലിച്ചെറിയാനും..
ഒരുപാട് ചോദ്യത്തിനുള്ള ഉത്തരം കിട്ടാൻ വേണ്ടി പിറ്റേന്ന് തന്നെ ഞാൻ മീനൂനെ കാണാൻ പോയി..
" ടീ... തല്ലിപ്പൊളി.... "
കൂട്ടുകാർക്കിടയിൽ നിന്നും ആദ്യത്തെ വിളിയിൽ തന്നെ അവൾ എന്നെ തിരിഞ്ഞ് നോക്കി..
" ആഹ്... ആര് ഇത്.. ബ്രോക്കറോ.? എന്താ ഇവിടെ ... പുതിയ കല്യാണാലോചന എന്തേലും കൊണ്ടുവന്നിട്ടുണ്ടോ..?
കളിയാക്കാൻ പിന്നെ അനിയത്തിക്കുട്ടി പണ്ടേ മിടുക്കിയാ..
" മീനുവേ...
അവൻ അങ്ങനെ ചെയ്യുമെന്ന്‌ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലെടി.. എന്നോട് ക്ഷമിക്ക്.. എന്റെം കൂടി തെറ്റാ... "
" അയ്യോ... ഹരിയേട്ടനെന്തിനാ ക്ഷമ ചോദിക്കുന്നെ.. അല്ലെങ്കിലും അയാളെ പോലൊരുത്തനെ എന്റെ ചേച്ചിക്ക് വേണ്ട.. വാക്കിന് വിലയില്ലാത്തവർക്ക് ന്റെ വീട്ടിൽ നിന്ന് ഇനി പെണ്ണിനെ കിട്ടില്ല... "
" എനിക്ക് കിട്ടുമോ പെണ്ണിനെ ... ?
"ഈ കേസില്ലാ വക്കീലിന് ആര് പെണ്ണ് തരാനാ.. ?
അതും പറഞ്ഞ് അവൾ നിർത്തതെ ചിരിച്ചു..
" പോടീ.. ഞാൻ കാര്യമായിട്ട് ചോദിച്ചതാ.. "
" എന്ത്... ?.
ജിജ്ഞാസ നിറഞ്ഞ കണ്ണുകൾ എനിക്ക് മീനുവിൽ കാണാമായിരുന്നു.
" അല്ലാ.. ഭാമയെ... എനിക്ക് തന്നേക്കുമോ.. ദേവൻ പറഞ്ഞത് പോലെയല്ല.. പൊന്നു പോലെയല്ലെങ്കിലും അവളുടെ കണ്ണ് നിറയാതെ ഞാൻ നോക്കിക്കോളാം... "
സന്തോഷം കൊണ്ടാവാം വഴക്കാളി പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു... ആ കണ്ണുനീര് തന്നെയായിരുന്നു എനിക്കുള്ള മറുപടിയും..
ദേവന്റെ മുന്നിൽ വെച്ച് അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ എനിക്കായിരുന്നു വാശി... കുറ്റവും കുറവും പറഞ്ഞു നഷ്ടപ്പെടുത്തിയ ഇവളെയോർത്ത് ഒരിക്കലെങ്കിലും അവൻ ദുഖിക്കണമെന്ന്... അതിനെക്കാളേറെ എന്റെ പെണ്ണിന്റെ കാലുകളിൽ വീണ്ടും ചിലങ്ക കെട്ടിക്കണം. അതിനു വേണ്ടി അവൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന സ്വരമായ് മാറാൻ ഞാനൊരുക്കമായിരുന്നു...
കല്യാണപ്പന്തലിൽ ഭാമയെ ചേർത്ത് പിടിച്ച് നിൽക്കുമ്പോഴും എനിക്ക് മാത്രം അറിയാവുന്ന മറ്റൊരു സത്യമുണ്ടായിരുന്നു സഹതാപമല്ല അവളോടെനിക്ക് ഉണ്ടായിരുന്നത് പകരം പണ്ടെപ്പോഴോ പറയാൻ മറന്ന ഒരിഷ്ടമാണ് മനസ്സിൽ എന്ന്...
[ എല്ലാ സൗഭാഗ്യങ്ങളോട് കൂടി ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല.. ഓരോരുത്തർക്കും അവരുടെതായ കുറ്റങ്ങളും കുറവുകളും ഉണ്ടാവും.. അത് മനസ്സിലാക്കി തന്റെ നല്ല പാതിയെ ചേർത്ത് നിർത്താൻ നന്മയുള്ള മനസ്സിനെ കഴിയൂ...]
Kavitha Thirumeni..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot