Slider

നെരിപ്പോട്

0
Image may contain: 2 people

ബയോപ്സി റിപ്പോർട്ടും വാങ്ങി ഡോക്ടറെ കാണിച്ച്, കുറിച്ച് തന്ന മരുന്നുകളും വാങ്ങി ബാഗിലിട്ട് അയാൾ ആ ഫാർമസിയുടെ മുന്നിൽ നിന്ന് ദീർഘമായി ഒന്ന് നിശ്വസിച്ചു. കാൻസർ അതിന്റെ അവസാന ഘട്ടത്തിൽ എത്തി, തന്റെ ദിവസങ്ങളെണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണു ഡോക്ടർ പറയാതെ പറഞ്ഞത്. കുറെ കൂടെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിൽസിച്ച് മാറ്റാമായിരുന്നുത്രേ!!. കാശ് മുടക്കിയാൽ ഇപ്പോളും ചികിൽസിക്കാം, കീമോ, മരുന്നുകൾ എല്ലാമായി പരമാവധി മുന്നോട്ട് പോകാം; പക്ഷെ....
നിർവികാരനായി അയാൾ അവിടെ നിന്നും നടന്നു തന്റെ വീട്ടിലേക്കുള്ള ബസ്സ് കയറി. ടിക്കറ്റ് എടുത്ത്, ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ഉള്ളിൽ നിറയെ ആധിയാണ് ഇപ്പോൾ; തന്റെ ഭാര്യ, മക്കൾ, ഒരുപാട് ആഗ്രഹിച്ചു കെട്ടിയ ആ വീട്...... നെടുവീർപ്പുകൾ മാത്രം അയാൾക്ക് ചുറ്റും നൃത്തം വച്ചു. ബസ്സ് വേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു, അതേ വേഗത്തിൽ തന്നെ കാഴ്ചകൾ പുറകോട്ടും.
****************************
വീട്ടിലേക്ക് ചെന്ന് കയറിയ അയാളെ 'അച്ചായീ.....' എന്ന് നീട്ടി വിളിച്ചു കൊണ്ട് എതിരേറ്റത് മകൾ അമ്മുവാണ്. വന്ന പാടെ അവൾക്ക് എന്നും കിട്ടാറുള്ള പലഹാരങ്ങൾക്ക് വേണ്ടി അയാൾക്ക് നേരെ കൈ നീട്ടി. അയാൾ പക്ഷെ അന്നത് മറന്നിരുന്നു. അവൾ പിണക്കത്തോടെ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. റൂമിൽ ചെന്ന് വസ്ത്രം മാറുന്നതിനിടയിൽ ഭാര്യ ഒരു കട്ടൻ കാപ്പിയുമായി വന്നു.
" ഹമ് ഇതെന്തു പറ്റി? ഇന്നേ വരെ അമ്മൂസിനുള്ളതൊന്നും മറക്കാത്തതാണല്ലോ? അവള് ദേ നല്ല വഴക്കാ അവിടെ. സാരമില്ല, ഞാൻ വേറെ എന്തേലും ഉണ്ടാക്കി കൊടുത്തോളാം " ആ ചോദ്യങ്ങളും ഭാര്യയുടെ സംസാരവുമെല്ലാം അയാൾക്ക് വെറും മുഴക്കങ്ങൾ പോലെയേ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നുള്ളു. അയാൾ ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ആ കാപ്പി വാങ്ങി ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുത്തു. അയാൾ നേരെ കുളിമുറിയിലേക്ക് കയറി.
ഷവർ തുറന്നിട്ട് അതിനടിയിൽ കുറെ നേരം അയാൾ നിന്നു. മനസ്സിൽ നടമാടിയിരുന്ന ആധി ഇപ്പോൾ ചെയ്തു തീർക്കാനുള്ള കർമ്മങ്ങളെ പറ്റിയുള്ള ചിന്തകൾക്ക് വഴിമാറിയിരിക്കുന്നു. എന്തായാലും ഇപ്പോൾ തൽക്കാലം ഈ വിവരങ്ങളെല്ലാം തന്റെ ഉള്ളിൽ തന്നെ മൂടിവെക്കാൻ അയാൾ തീരുമാനിച്ചു. അയാളോർത്തു; ഗവണ്മെന്റ് സർവ്വീസിൽ ആയതിനാൽ, തന്റെ കാലശേഷം ഭാര്യക്ക് ഒരു ജോലി കിട്ടും. പിന്നെ കിച്ചുവും അമ്മുവും ഇപ്പോൾ പഠിക്കുകയല്ലേ അവർ പഠിച്ച് ഒരു നിലയിൽ ആവുന്നത് വരെ മുന്നോട്ട് പോകാനുള്ളതൊക്കെ ഉണ്ടാക്കാൻ അത് മതി. നീക്കിയിരുപ്പ് ആയി ഒന്നുമില്ലെങ്കിലും, ഈ വീടും പിന്നെ കുറച്ച് സ്വർണ്ണങ്ങളും ഒക്കെ സ്വന്തമായി ഇരുപ്പുണ്ടല്ലോ. വെറുതെ മനസ്സിനെ ആശ്വസിപ്പിക്കാൻ അയാൾ ഒരു പാഴ്‌ശ്രമം നടത്തി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ, ഭാര്യയും മകളും ടി.വി കാണുന്നു. " കിച്ചു വന്നില്ലേടീ ?" അയാൾ വിളിച്ചു ചോദിച്ചു. " അവൻ ട്യൂഷനും കഴിഞ്ഞേ വരുള്ളുന്നു പറഞ്ഞിരുന്നു. പ്ലസ് ടു അല്ലെ., നാലക്ഷരം വേണേൽ പഠിക്കട്ടെ" അവൾ മറുപടി പറഞ്ഞു.
പതിവ് പോലെ അത്താഴവും കഴിഞ്ഞ് മുറ്റത്ത് ഉലാത്തുന്നതിനിടയിൽ അയാൾ മകനെ അരികിൽ വിളിച്ചു. "ടാ... കിച്ചു, നീ ഇങ്ങ് വന്നേ പറയട്ടെ. ഇതിനു ശേഷം എന്താ നിന്റെ പ്ലാൻ? എന്തെങ്കിലും ഉണ്ടോ?". ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ, വെറുതെ ഓളത്തിനൊത്ത് ഒഴുകി പോകുന്ന അവൻ അവന്റെ നീട്ടിവളർത്തിയ മുടിയും തഴുകികൊണ്ട് പറഞ്ഞു "ഒന്നും തീരുമാനിച്ചിട്ടില്ല. കൂട്ടുക്കാർ പറയുന്നത് എഞ്ചിനീയറിംഗ് നോക്കാം എന്നൊക്കെയാ. ഞാൻ ഒന്നും സീരിയസ് ആയി നോക്കിയിട്ടില്ല." ഈ മറുപടി കേട്ട അയാളുടെ മുഖത്ത് നിഴലിച്ച ഭാവം കാണാൻ അവനു കഴിഞ്ഞില്ല; പക്ഷെ അഴിയിട്ട ഒരു ജനലിനപ്പുറം കിടക്ക വിരിച്ച് കൊണ്ടിരുന്ന അവന്റെ അമ്മക്ക് അത് വായിച്ചെടുക്കാൻ കഴിഞ്ഞു. ആ സംസാരം അവിടെ തീർന്നു.
***************
കിടപ്പറയിൽ അയാളോട് ചേർന്ന് കിടന്ന് ആ നെഞ്ചിലെ രോമങ്ങളിലൂടെ കൈവിരലുകൾ ഓടിച്ചുകൊണ്ടവൾ ചോദിച്ചു
" എന്ത് പറ്റി ഇന്ന് ജയേട്ടന്? ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്കണതാ. മുഖത്ത് വല്ലാത്ത വാട്ടം. പിന്നെ പതിവില്ലാതെ കിച്ചുവിനോട് ഭാവി കാര്യങ്ങൾ അന്വേഷിക്കണൂ, വീടിന്റെ ആധാരം എടുത്ത് നോക്കണൂ, ബാങ്കിലെ പാസ്സ്ബുക്ക് എടുത്ത് എന്നെ കണക്ക് ബോധിപ്പിക്കണൂ, പിന്നെ ആ ATM ന്റെ പിന് നമ്പർ ഒക്കെ തരണൂ. എന്താ ഇതിന്റെയൊക്കെ അർത്ഥം? ഒന്നും മനസ്സിലാവണില്ലെനിക്ക്."
ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളെ കൂടുതൽ തന്നിലേക്കടുപ്പിച്ച് മാറോടണച്ച് കൊണ്ട് പറഞ്ഞു. "ഒന്നൂല്യ രാജീ, ജോലി സംബന്ധമായ ചില യാത്രകൾ ഉണ്ട്. ചില ട്രെയിനിങ്ങുകൾ എല്ലാം. എപ്പോളാ പെട്ടന്ന് പോകേണ്ടി വരുന്നത് എന്നറിയില്ല. അതാ ഞാൻ എല്ലാം നിന്നെ പറഞ്ഞേൽപ്പിച്ചത്. പിന്നെ എന്തെങ്കിലും സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ടെങ്കിൽ ആ വാസൂട്ടന്റെ കടയിൽ നിന്നും വാങ്ങിയാൽ മതി. ഇനി മുതൽ കിച്ചുവിനെ നല്ല ഒരു ലക്ഷ്യബോധമുള്ളവനാക്കണം നീ. അവന്റെ ഭാവി അത് നമ്മളായിട്ട് കളയാൻ പാടില്ല. എന്തെങ്കിലും ഒരു കൈത്തൊഴിൽ കിട്ടുന്ന മേഖലയിലേക്ക് അവൻ തിരിച്ചു വിടണം." പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. നടത്താൻ കഴിയാതെ പോയ പല ആഗ്രഹങ്ങളുടെയും പുലമ്പലുകൾ.......
" ഇതിനും മുൻപ് പലയിടത്തും ട്രെയിനിങ്ങിനു പോയിട്ടുള്ളതാണല്ലോ? അന്നൊന്നും ഇല്ലാത്ത ഉപദേശങ്ങൾ എന്താ ഇന്ന്? എന്തേലും മനോവിഷമം ഉണ്ടോ ജയേട്ടാ? ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ എന്റെ ജയേട്ടനെ. എന്തേലും ഉണ്ടേൽ പറയ്. ഉള്ളിലുള്ള വിഷമം പങ്കു വച്ചാൽ ചിലപ്പോൾ കുറയും" അവൾ ആ മാറിൽ കിടന്നു കൊണ്ട് തന്നെ അയാളോട് പറഞ്ഞു. അയാൾ പറഞ്ഞു " ഒന്നും ഇല്ലെടി, വയസ്സായി വരികയല്ലേ അതിന്റെ കരുതലുകളും പ്രയാസങ്ങളുമാണെന്നു കൂട്ടിയാൽ മതി".
രാവിലെ മുതൽ ഉള്ള വീട്ടുജോലികളാൽ തളർന്ന രാജി ഉറക്കത്തിലേക്ക് വഴുതി വീണു. പക്ഷെ അന്ന് രാത്രിയിൽ അയാൾക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. കിടക്കയിൽ നിന്നും എണീറ്റ് അയാൾ ജനലിനരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി. നിലാവില്ല,നക്ഷത്രങ്ങളില്ല രാത്രിയുടെ കറുപ്പ് കൂട്ടാൻ എന്ന പോലെ എങ്ങും കാർമേഘം മാത്രം. മുറിയിലേക്ക് വരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ രാജിയെ ഒന്ന് നോക്കി. പാവം! വല്ലാതെ ക്ഷീണിച്ച് മെലിഞ്ഞ് പോയിരിക്കുന്നു. ഈ വീട് ഉണ്ടാക്കിയെടുക്കുന്ന ഓട്ടത്തിനിടയിൽ അവളെ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നൊരു കുറ്റബോധം അയാളിൽ ഉണ്ടായി. എല്ലാം സ്വയം ചെയ്യാൻ കഴിവുള്ള പെണ്ണാണവൾ. തന്റെ മരണശേഷവും അവൾ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കും എന്നയാൾക്ക് തോന്നി. പെട്ടന്ന് ഒരു ഇടിമിന്നൽ ഉണ്ടായി. ആ പേടിയിൽ അമ്മു ഒന്ന് കരഞ്ഞു. അയാൾ ഓടി ചെന്ന് തന്റെ ഭാര്യയേയും മകളെയും ചേർത്ത് പിടിച്ചു... അയാളുടെ മനസ്സിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.
ഉള്ളിൽ ഒരു നൂറു ചോദ്യങ്ങളും ആശങ്കകളും ഉള്ളിൽ യുദ്ധം നടത്തിയിട്ടും ഒരിറ്റു കണ്ണീർ പോലും അയാൾ പൊഴിച്ചില്ല. പക്ഷെ, വയ്യ...... കണ്ടു കൂട്ടിയ സ്വപ്നങ്ങളും നെയ്തുകൂട്ടിയ ആഗ്രഹങ്ങളും എല്ലാം ഇവിടെ ഉപേക്ഷിച്ച് പോകാൻ ഒട്ടും മനസ്സ് വരുന്നില്ല. ചികിത്സ നടത്തിയാലോ? രക്ഷപ്പെടാൻ സാധ്യത കൽപ്പിച്ചു നൽകിയിട്ടില്ല എന്നുള്ളതിനാൽ വെറുതെ സ്വന്തം കുടുംബത്തിന്റെ ഇപ്പോഴുള്ള സാമ്പത്തീക ഭദ്രത തകർക്കേണ്ട എന്നയാൾ തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ദിനങ്ങൾ വിലപ്പെട്ടതാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അയാൾ ഭാര്യയുടെയും മകളുടെയും നെറുകയിൽ അമർത്തി ചുംബിച്ചു. ഈശ്വരൻ എന്ന എല്ലാവരേക്കാൾ വലിയ ഡോക്ടർ ഉണ്ടല്ലോ എന്ന ധൈര്യത്തിൽ, തന്റെ ഭാര്യക്കും മക്കൾക്കുമായി തനിക്കു ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തീരും വരെയെങ്കിലും ആയുസ്സ് നീട്ടി തരണേ എന്നുള്ള പ്രാർത്ഥനയുമായി അയാൾ ആ കിടക്കയിലേക്കമർന്നു. പുറത്ത് തുലാവർഷം എല്ലാവരിലും കുളിർമ്മ പകർന്നു കൊണ്ട് പെയ്തുകൊണ്ടിരുന്നപ്പോളും ജയന്റെ മനസ്സിൽ കൂടുതൽ കനലോടെ വലിയൊരു നെരിപ്പോട് എരിഞ്ഞുകൊണ്ടേയിരുന്നു.
-ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo