
ഈയിടെ ഞാനൊരു പെൺകുട്ടിയുടെ പോസ്റ്റ് വായിക്കാനിടയായി അവൾ സെയിൽസ് ഗേളായി ജോലി നോക്കാറുണ്ട്. ചിലപ്പോൾ അടുത്തൊരു വീട്ടിലെ വീട്ടുജോലിയും ചെയ്യാറുണ്ട് പത്തുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ ഈ കാര്യങ്ങൾ അറിഞ്ഞ അവളുടെ ചില സുഹൃത്തുക്കൾ അവളുടെ സൗഹൃദം ഉപേക്ഷിച്ചു. ഇനിയും ആർക്കേലും പോകണമെങ്കിൽ പോകാം... ഇതായിരുന്നു പോസ്റ്റിൻ്റെ സാരാശം. സത്യത്തിൽ വളരെ വിഷമം തോന്നി. അവളെത്ര വേദനിച്ചിട്ടുണ്ടാവും എന്നു ഞാനോർത്തു.. എല്ലാ തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ട്. എല്ലാവർക്കും സർക്കാർ ജോലിയൊന്നും കിട്ടില്ലല്ലോ. പല കാരണങ്ങളാൽ ജീവിതത്തിൽ ഒറ്റപ്പെട്ടവർ ചെറിയൊരു ആശ്വാസത്തിനായിരിക്കും സോഷ്യൽ മീഡിയകളിൽ വരുന്നത്. ഇവിടെയും അവർ അവഗണന നേരിടുന്നു... സൗന്ദര്യവും വിദ്യാഭ്യാസവും സ്റ്റാറ്റസും നോക്കി സൗഹൃദം സ്വീകരിക്കുന്നവർ തീർച്ചയായും ഇടുങ്ങിയ മനസ്സുള്ളവരായിരിക്കും...
ഞാനും ഒരുപാടു ജോലികൾ ചെയ്തിട്ടുണ്ട് ഒരുപാടു അപമാനവും സഹിച്ചിട്ടുണ്ട്. കുട്ടിയായിരിക്കെ അമ്മ മരിച്ചതിനുശേഷം വീട്ടിലെ എല്ലാ പണിയും ചെയ്തിട്ടുണ്ട്. ഒത്തിരി നെൽകൃഷി ഉണ്ടായിരുന്നു തറവാട്ടിൽ അതുകൊണ്ട് പാടത്തെ പണികളിലും സഹായിച്ചിട്ടുണ്ട്. പശുക്കളും പോത്തുകളും ഉണ്ടായിരുന്നതുകൊണ്ട് അവയെ മേയ്ക്കാനും പുല്ലരിയാനും പോയിട്ടുണ്ട്. കോളേജിൽ പഠിക്കുന്നതിൻ്റെ ഇടവേളകളിൽ ബേക്കറി പണി, ചായക്കടയിൽ സപ്പ്ളൈ, സ്റ്റേഷനറികടയിൽ സെയിൽസ് മാൻ കൊറിയർ സർവ്വീസിൽ ഡെലിവറി ബോയ് അങ്ങനെ ഒത്തിരി പണികൾ...
ഇതിനിടയിൽ അപമാനവും അവഹേളനവും ഒരുപാട് അനുഭവിച്ചു . വിശന്നു കരഞ്ഞിട്ടുണ്ട് ഒരിറ്റു ചോറിനായ് കൈനീട്ടി നിന്നിട്ടുണ്ട്. വേദനിപ്പിച്ചവരിൽ അടുത്ത ബന്ധുക്കളുണ്ട് സുഹൃത്തായി നടന്നവരുണ്ട്.. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട് പക്ഷേ അതെങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നു കയ്യിലെ ഞരമ്പു മുറിക്കേണ്ടതിനു പകരം വിരലിൽ ബ്ളേഡുകൊണ്ട് ചെറിയൊരു മുറിവുണ്ടാക്കി വീട്ടിലെ കുളത്തിൽ പോയി കൈ മുക്കിവച്ചു കുറെ നേരം കഴിഞ്ഞിട്ടും ഞാൻ മരിച്ചില്ല. പിന്നീട് ഞാൻ കൊലപാതകം ചെയ്യാൻ തീരുമാനിച്ചു ആരെയാണെന്നു പറയുന്നില്ല എന്തായാലും എന്നെ ഒരുപാടു വേദനിപ്പിച്ചവരെ തന്നെ... ഒരു കത്തിയൊക്കെ സംഘടിപ്പിച്ച് അരയിൽ ഒളിപ്പിച്ചു നടന്നിട്ടുണ്ട്. കോഴിക്കടയിൽ കോഴിയെ കൊല്ലുന്നതു കാണാൻ ശക്തിയില്ലാതെ തിരിഞ്ഞു നിൽക്കുന്ന ഞാനെങ്ങനെ മനുഷ്യരെ കൊല്ലും..?
നന്നായി ജീവിച്ചു കാണിച്ചു കൊടുക്കലാണ് ഇതിനൊക്കെയുള്ള മറുപടിയെന്ന് എനിക്കു മനസ്സിലായി. അതിനായി ചെയ്യാവുന്ന എല്ലാ ജോലിയും ചെയ്തിട്ടുണ്ട്. ഒടുവിൽ കൊറിയർ സർവീസ് കമ്പനിയിൽ റീജിയണൽ മാനേജർ ആയും മെഡിക്കൽ റെപ്രസെൻ്റേറ്റിവ് ആയും തമിഴ്നാട്ടിൽ... അവിടെ 31 ജില്ലകളിലായി 3500 സ്ഥലങ്ങൾ പോയിട്ടുണ്ട്. ലോഡ്ജ് മുറികൾ എനിക്ക് വീടുകളായി. തികച്ചും ഏകാന്തത അനുഭവിച്ച ദിനരാത്രങ്ങൾ... ഓണത്തിനൊക്കെ പോകാനൊരു സ്ഥലമില്ലാതെ ലോഡ്ജ് മുറികളിലിരുന്ന് കരഞ്ഞിട്ടുണ്ട്. കുടുംബങ്ങളൊക്കെ ചിരിച്ചുല്ലസിച്ചു പോകുന്നത് വെറുതെ നോക്കിനിന്നു നെടുവീർപ്പിട്ടിട്ടുണ്ട്. അച്ഛനമ്മമാർ മക്കളെ കൊഞ്ചുന്നത് കാണുമ്പോൾ ആ കുട്ടിയായ് സ്വയം സങ്കൽപ്പിച്ചിട്ടുണ്ട്...
ഇന്നെനിക്ക് സ്നേഹിക്കാൻ ഒരു sweet family ഉണ്ട് അക്ഷരങ്ങളിലൂടെയും നേരിട്ടും ആയിരക്കണക്കിന് സുഹൃത്തുക്കൾ ഉണ്ട്. നേരിട്ട് ആറു പേർക്കു തൊഴിൽ നൽകുന്നു പരോക്ഷമായി ഒരുപാടു പേർക്കും...!
കവിയോ എഴുത്തുകാരനോ ബുദ്ധിജീവിയോ ഒന്നുമല്ല. ചെറിയ ഈ അനുഭവങ്ങളെ പങ്കുവെക്കാൻ മാത്രം തൂലിക എടുത്തൊരാളാണ്....
എല്ലാ ജോലിയും മഹത്തരമാണ്. കഴിവും പദവിയും സൗന്ദര്യവും കുറഞ്ഞതുകൊണ്ട് ആരെയും മാറ്റി നിർത്തരുത് എല്ലാവർക്കും ഒരു ദിവസം ഉണ്ടാവും മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ലാതെ സ്വന്തമായി പുഞ്ചിരിക്കാൻ കഴിയുന്ന ഒരു ദിവസം.!! ആ ദിവസത്തിനായി കാത്തിരിക്കുക പ്രയത്നിക്കുക....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക