നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 28



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 28
ജൂൺ ഇരുപത്തിയഞ്ചാം തീയതി ചെറിയപെരുന്നാൾ എത്തി പതിവുപോലെ ഈ പെരുന്നാളിന് കഫീലിന്റെ വക എനിക്ക് തോപ്പ് തൈപ്പിച്ചിരുന്നു അതുപോലെ ശമ്പളത്തിൽ പെരുന്നാൾ വകയായി 200 റിയാൽ അധികമുണ്ടായിരുന്നു നോമ്പിനും പെരുന്നാളിനുമായി എനിക്ക് 500 റിയാൽ പലരിൽ നിന്നായി കിട്ടിയിരുന്നു കഫീൽ തന്ന 200 കഫീലിന്റെ ഉമ്മ 50 പള്ളിയിൽ വച്ച് പ്രായമായ ഒരു സൗദി 100 ഞങ്ങളുടെ ബിൽഡിങ്ങിലെ താമസക്കാരനായ ഒരു മുതലാളി പെരുന്നാൾ ദിവസം 100 മാഡത്തിന്റെ ഉമ്മ 50 എന്നിങ്ങനെയാണ് 500 റിയാലിന്റെ കണക്ക് ഈ കണക്കുകളിലൊന്നും ഒരു പത്തു റിയാൽ കൊണ്ടു പോലും നമ്മുടെ കക്ഷിയുടെ( മാഡം )പേര് കാണില്ല കിട്ടിയ പണമൊക്കെ ചേർത്ത് ഞാനതു ടാബ് വാങ്ങി
അതുപോലെ നാട്ടിലേക്ക് ഈമാസം അയച്ചത് ഇരുപതിനായിരം രൂപയായിരുന്നു കഴിഞ്ഞ തവണത്തെപ്പോലെ കുട്ടികൾക്കും മറ്റ് കുടുംബക്കാർക്കും പെരുന്നാളിന് പൈസ കൊടുക്കാൻ വിചാരിച്ചത് ഇത്തവണ നടന്നില്ല കാരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജേഷ്ഠന് കുറച്ചു പണം കടം കൊടുത്തിരുന്നു ഏതായാലും പെരുന്നാൾ ദിവസം രാവിലെ പുതുവസ്ത്രം ധരിച്ച് പള്ളിയിൽ പോയി പതിവുപോലെ പരിചയക്കാരെ പരസ്പരം ആലിംഗനം ചെയ്തു തിരിച്ചു പോന്നു ഉച്ചക്ക് മുൻപായി കഫീലിനെ കണ്ടപ്പോൾ ഇന്ന് എനിക്ക് ലീവ് അനുവദിച്ച കാര്യം പറഞ്ഞു എവിടെയെങ്കിലും പോകുന്നുണ്ടോ എന്ന ചോദ്യത്തിന് രാത്രി ശറഫിയയിലെക്ക് ഒന്നു പോകണം എന്ന് ഞാൻ പറഞ്ഞു അങ്ങനെ ഒരു വർഷത്തിനുശേഷം ഇന്ന് ഞാൻ ജോലിയിൽ ലീവ് ആസ്വദിക്കുകയാണ്
രാത്രിയായപ്പോൾ കഫീലിന്റെ സമ്മതം വാങ്ങി ഞാൻ ഒരു കൂട്ടുകാരനെയും കൂട്ടി ഷറഫിയ്യയിലേക്ക് പോയി പോകുന്ന വഴിയിൽ അല്പനേരം അളിയൻ ജോലിചെയ്യുന്ന കടയിൽ ചെലവഴിച്ചു ഷറഫിയയിൽ വെച്ച് നാട്ടുകാരെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടു അവിടെ അടുത്തു തന്നെയുള്ള എന്റെ പഴയ റൂമിലേക്ക് പോയി അവിടെയും അല്പനേരം ചെലവഴിച്ചു ഞാനും രണ്ടു സുഹൃത്തുക്കളും കൂടി വണ്ടിയിൽ എണ്ണയും അടിച്ചു കടപ്പുറത്തേക്ക് പോയി കടപ്പുറത്ത് പോയി സുഹൃത്തുക്കളുമായി അല്പം സംസാരിച്ചിരുന്നപ്പോഴേക്കും കഫീലിന്റെ വിളിവന്നു 'നാസർ താൻ എവിടെയാണ്' 'ഞാൻ കടപ്പുറത്ത്' 'ഇനിയും തിരിച്ചു പോന്നില്ലേ' ' ഇല്ല ' ഫോൺ കട്ടായി എല്ലാ ആവേശവും ചോർന്നുപോകാൻ ആ ഒരു വിളി മതിയല്ലോ ഇനി അവിടെ ഇരിക്കാൻ തോന്നാത്തതുകൊണ്ട് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു വണ്ടി എടുക്കുന്നതിനു മുൻപായി അടുത്ത വിളി വന്നു 'നാസർ താനെപ്പോഴാ തിരിച്ചു പോരുന്നത്' 'ഇതാ ഇപ്പോൾതന്നെ'
അങ്ങനെ ഇത്തവണത്തെ പെരുന്നാൾ ആഘോഷവും അവധിയും എല്ലാം കഴിഞ്ഞു പെരുന്നാൾ കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ മാടത്തിന്റെ വീട്ടിൽനിന്നും അർദ്ധരാത്രി എനിക്ക് കുറച്ചു ചോറ് തന്നു ഒരുപാട് നേരത്തെ ഓട്ടത്തിന് ശേഷം പുലർച്ചെ മൂന്നുമണിക്ക് ആയിരുന്നു അത് അതുമായി വീട്ടിൽ പോകാൻ പറഞ്ഞു മാഡം അവളുടെ ഉമ്മയുടെ വീട്ടിൽ കൂടി ഞാൻ തിരിച്ചു പോകുന്ന വഴിയിൽ അളിയന്റെ റൂമിൽ പോയി ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എന്ന് അളിയൻ പറഞ്ഞപ്പോൾ ഞാൻ വണ്ടിയിലുള്ള ചോറിന്റെ കാര്യം പറഞ്ഞു അത് എടുത്ത് ചൂടാക്കിയ അളിയൻ അന്തം വിട്ടു നിൽക്കുന്നത് കണ്ടു ചോദിച്ചപ്പോളാണ് എനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത് ചോറും കോഴിയും മറ്റും മാഡവും വീട്ടുകാരും തിന്നതിന്റെ ബാക്കി എല്ലാവരുടെ പാത്രത്തിലുള്ള എച്ചിലും കൂടി ഒരു വലിയ പാത്രത്തിലിട്ട് തന്നതായിരുന്നു
അളിയന് ഇത് പുതിയ അനുഭവമാണെങ്കിലും ഞാൻ ഇതൊക്കെ എത്രയോ തവണ അനുഭവിച്ചതാണ് തുറന്നു നോക്കിയിട്ട് നല്ലതാണെങ്കിൽ കഴിക്കുക അല്ലാതെ എച്ചിലോ പഴയതോ ആണെങ്കിൽ കളയുക എന്ന നയമാണ് ഞാൻ സ്വീകരിച്ചിരുന്നത് അന്നത്തേത് പുതിയ സംഭവം അല്ലെങ്കിലും ആ ഭക്ഷണം പുറത്തു കൊണ്ടുപോയി കളയുമ്പോൾ ഞാൻ മനസ്സിൽ മറ്റൊരു തീരുമാനമെടുത്തു ഇനി മാഡം ഭക്ഷണം തന്നാൽ ഏതു സാഹചര്യത്തിലായാലും വാങ്ങില്ല എന്ന് അന്നത്തെ സംഭവത്തേക്കാൾ എന്നെ അൽഭുതപ്പെടുത്തിയത് പിറ്റേന്നത്തെ അവളുടെ ഉമ്മയുടെ സംസാരമാണ് പിറ്റേന്ന് എന്നെ കണ്ട ഉടനെ അവര് ചോദിച്ചു 'നാസർ ഇന്നലത്തെ ഭക്ഷണം എങ്ങിനെ ഉണ്ടായിരുന്നു' 'വളരെ നന്നായിരുന്നു' 'കുറെ അധികം ഉണ്ടായിരുന്നല്ലോ കൂട്ടുകാർക്കൊക്കെ കൊടുത്തോ' 'പിന്നില്ലാതെ എല്ലാവർക്കും കൊടുത്തു അവർക്കൊക്കെ പെരുത്ത് ഇഷ്ടപ്പെട്ടു' ' അതെയോ എങ്കിൽ അതിൽ ബാക്കി കുറച്ചുകൂടി ഇവിടെ ഇരിപ്പുണ്ട് ഇപ്പോൾ എടുത്തു തരാം' ' അയ്യോ വേണ്ട ഇനി പിന്നീടെപ്പോഴെങ്കിലും തന്നാൽ മതി'
മാഡത്തെ കുറിച്ച് കുറ്റവും കുറവും മാത്രമേ പറയാനുള്ളൂ എങ്കിലും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അവളിൽനിന്നും അനുഭവിച്ചിട്ടുണ്ട് എങ്കിലും ഇത്രയും കാലം അവളുടെ കീഴിൽ ജോലി ചെയ്തതിൽ നിന്നും ഞാൻ മനസ്സിലാക്കിയ അപൂർവ്വം ചില നല്ല സ്വഭാവങ്ങൾ കൂടി അവൾക്കുണ്ടായിരുന്നു അവളുടെ കൈയിൽനിന്നും എനിക്ക് സൗജന്യമായി ഒന്നും കിട്ടിയില്ലെങ്കിലും എന്റെ പണത്തിൽ നിന്നും അവൾക്കു വേണ്ടി ചിലവായത് തിരിച്ചുതരുന്ന കാര്യത്തിൽ അവൾക്ക് വലിയ ശ്രദ്ധയായിരുന്നു ഞാൻ മറന്നാൽ പോലും എത്ര ചെറിയ സംഖ്യ ആണെങ്കിൽ പോലും അവൾ പെട്ടെന്ന് തിരിച്ചു തരുമായിരുന്നു ആ കാര്യത്തിൽ കഫീൽ അല്പം പിറകിലായിരുന്നു അതുപോലെ പണ്ട് അവളുടെ മുന്നിൽ തോറ്റു തൊപ്പിയിട്ടു ഞാൻ രണ്ടാമതൊരു സിം കാർഡ് കൂടി വാങ്ങിയത് കൊണ്ടായിരിക്കണം പിന്നീടങ്ങോട്ട് എന്റെയോ അവളുടെയോ എന്ത് ആവശ്യത്തിനും ഞാനവളുടെ മൊബൈലിലേക്ക് വിളിച്ചാൽ ഉടനെ അവൾ കട്ട് ചെയ്തു തിരിച്ചു വിളിക്കുമായിരുന്നു അക്കാര്യത്തിൽ മാഡത്തിന്റെ അത്രത്തോളം സഹകരണം ഇല്ലെങ്കിലും ഏറെക്കുറെ കഫീലും അതുപോലെ തന്നെയായിരുന്നു
അവരുടെ ഈ സഹകരണം കൊണ്ട് തന്നെ മൊബൈൽ റീച്ചാർജ് വിഷയത്തിൽ ഞാൻ ലോകം കണ്ട ഏറ്റവും വലിയ പിശുക്കാണ് പിന്തുടർന്നിരുന്നത് 2016 മെയ് മാസം ആദ്യം വാങ്ങിയ ആ സിം കാർഡിൽ 25 റിയാൽ ആയിരുന്നു ബാലൻസ് ഉണ്ടായിരുന്നത് അതുകൊണ്ട് ഞാൻ കഴിച്ചു കൂട്ടിയത് നീണ്ട എട്ടു മാസങ്ങളായിരുന്നു അതിനുശേഷം ഡിസംബർ അവസാനത്തിൽ എന്റെ ടാബ് നഷ്ടപ്പെട്ടപ്പോൾ കുറച്ച് അധികം പേർക്ക് വിളിക്കാൻ വേണ്ടി ഒരു പത്ത് റിയാൽ റീച്ചാർജ് ചെയ്തു അതുകൊണ്ട് വീണ്ടും ഞാൻ നാലഞ്ചു മാസം കടന്നു പോയി മക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും മാഡം ഏറെ ശ്രദ്ധിച്ചിരുന്നു മകനെക്കൊണ്ട് തനിച്ചു പോകുമ്പോഴുള്ള പ്രശ്നങ്ങളൊന്നും മാഡം വണ്ടിയിൽ ഉണ്ടാവുമ്പോൾ എനിക്ക് നേരിടേണ്ടി വരാറില്ല എന്നെ ശല്യപ്പെടുത്താനോ തെറി വിളിക്കാനൊ ഒന്നും മാഡം അവനെ അനുവദിക്കില്ല വിദേശികളായ ഡ്രൈവർമാരെ തെറി വിളിക്കലും ദേഹോപദ്രവം ഏൽപിക്കലും ഒക്കെയാണല്ലോ ഇവിടെയുള്ള പയ്യൻസിന്റെ പ്രധാന വിനോദം
കുറച്ചുകാലം ഇവിടെ ജോലി ചെയ്തു കഴിഞ്ഞാൽ പിന്നെ "എടാ പട്ടി" "എടാ കഴുതേ" എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഒന്നുംതന്നെ ഒരു പ്രശ്നമല്ലാതായി തോന്നും അതല്ലേ എന്നെപ്പോലുള്ള പ്രവാസികളുടെ വിജയരഹസ്യം മാഡം അറുപിശുക്കി ആയതുകൊണ്ടാവാം എന്നെ കൊണ്ട് അവളുടെ വീട്ടിലെ അധികം ഓട്ടങ്ങളൊന്നും ഓടിക്കാറില്ലായിരുന്നു അവളും മക്കളുമൊക്കെയായി ഓട്ടം പോവുകയാണെങ്കിൽ വീട്ടുകാരെയും കൂടെ കൂട്ടും എന്നല്ലാതെ ഇവരുടെ ഓട്ടവും കാത്തുകിടക്കലും ഒക്കെ കഴിഞ്ഞു വീട്ടുകാരുടെ ഓട്ടങ്ങളും കൂടി തന്ന് എന്നെ ബുദ്ധിമുട്ടിക്കാറില്ല അതുപോലെ തന്നെ ഏതെങ്കിലും ഓട്ടം കഴിഞ്ഞ് വരുമ്പോൾ തന്നെ വാങ്ങുവാനുള്ള മുഴുവൻ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് തിരിച്ചു വരാൻ അല്പം വൈകിയാലും പിന്നീട് അപൂർവമായി അല്ലാതെ എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല
അവളെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു സ്വഭാവം നല്ലനടപ്പ് തന്നെയാണ് ഒരു ഭാര്യ എന്നുള്ള നിലയിൽ അവൾ ഒരു പൂർണ്ണ പരാജയം ആണെങ്കിലും ഭർത്താവിനെ വഞ്ചിക്കാത്തവൾ എന്ന നിലക്ക് കഫീലിന് അവളെക്കുറിച്ച് അഭിമാനിക്കാം മറ്റു പല അറബി സ്ത്രീകളെപ്പോലെ മുഖത്തു പുരട്ടിയ മേക്കപ്പ് മുഴുവൻ വെളിയിൽ കാണിച്ച് ഹിജാബ് ധരിക്കാതെ മാറും പർദ്ദ കൊണ്ട് ശരിക്ക് മൂടാതെ നടക്കുന്ന ശീലം മാഡത്തിന് ഇല്ല ഭർത്താവിന്റെ കൂടെ വണ്ടിക്ക് അകത്തിരിക്കുമ്പോൾ ഒഴിച്ച് ബാക്കിസമയം എല്ലാം ഹിജാബ് ധരിച്ചാണ് അവൾ പുറത്തിറങ്ങുന്നത് ഇത്രയും കാലം അവളോടൊപ്പം ജോലിചെയ്തിട്ട് ഇന്നുവരെ അബദ്ധത്തിൽ പോലും ഞാൻ അവളുടെ മുഖം കണ്ടിട്ടില്ല അതിനുള്ള അവസരം ഞാനോ അവളോ ഉണ്ടാക്കിയിട്ടില്ല
പരപുരുഷന്മാരുമായി ഫോൺ വിളിക്കുകയോ അവരോടൊത്ത് പുറത്തു കറങ്ങാൻ പോവുകയോ ചെയ്യുന്ന ശീലം എന്റെ അറിവിൽ മാഡത്തിന് ഇല്ല പണത്തിന്റെയും സുഖ സൗകര്യത്തിന്റെ യും നടുവിൽ ജീവിക്കുന്ന ഇവിടെ അങ്ങനെയുള്ള സ്ത്രീകൾ ധാരാളമുണ്ട് തങ്ങൾക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും മുതലെടുത്ത് സ്വന്തം ഭർത്താവിനെയും വീട്ടുകാരെയും വഞ്ചിക്കുന്ന സ്ത്രീകളും അങ്ങനെയുള്ളവരെ തേടി സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന പുരുഷന്മാരും ഈ നാട്ടിലും കുറവല്ല പക്ഷേ ആ വിഷയത്തിൽ മാഡം വിശ്വാസയോഗ്യയാണ് എന്നാണെന്റെ വിശ്വാസം കാരണം അവൾ അപൂർവമായി അല്ലാതെ തനിച്ച് എവിടെയും പോകാറില്ല പുറത്തെവിടെ പോവുകയാണെങ്കിലും മക്കളോ കൂട്ടുകാരോ അവളുടെ വീട്ടുകാരോ കൂടെയുണ്ടാകും തനിച്ചാണ് പോകുന്നതെങ്കിൽ കൃത്യമായ സമയക്രമം പാലിച്ച് തിരിച്ചുവരും സാധനങ്ങൾ വാങ്ങാനുള്ള സമയം കഴിഞ്ഞു അവളെ കാത്തു നിൽക്കേണ്ടി വരില്ല
പുറത്തു പോയി മണിക്കൂറുകൾ ചിലവഴിക്കുന്നത് കൂട്ടുകാരികളുടെ വീടുകളിൽ, സ്വന്തം വീട്ടിൽ, കുട്ടികളുമൊത്ത് പാർക്കിൽ, കുടുംബക്കാരൊക്കെയായി കടപ്പുറത്ത്‌, സൂക്കിൽ, ഇങ്ങനെ എവിടെയെങ്കിലും ഒക്കെയാവും കൂട്ടുകാരികൾക്ക് ആയാലും മറ്റ് ആർക്കുവേണ്ടി യായാലും വണ്ടിയും ഡ്രൈവറെയും മാഡം വിട്ടു കൊടുക്കുകയും ഇല്ല അങ്ങനെ വിട്ടു കൊടുക്കണമെങ്കിൽ അതിന്റെ പത്തുമടങ്ങ് ഉപകാരം അവരിൽ നിന്ന് വസൂലാക്കിയിട്ട് മാത്രമേ അവൾ ചെയ്യു കാരണം മറ്റൊന്നുമല്ല അറുപിശുക്ക് തന്നെ പക്ഷേ ആ പിശുക്കുകൾ ഒക്കെ ഒരു തരത്തിൽ എനിക്ക് ഉപകാരപ്പെടുക യാണ് ചെയ്തത്
ജൂലൈ 28 ന് നാട്ടിലേക്ക് പണം അയച്ചു 25,000 രൂപ ജീവിതത്തിൽ പരീക്ഷണങ്ങൾ വീണ്ടും കടന്നുവന്നു വണ്ടിയുടെ പിറകിൽ ഒരു ലോറിക്കാരൻ ഇടിച്ചു അർദ്ധരാത്രി മാഡത്തിനെ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും എടുത്ത് റോഡിലേക്ക് ഇറങ്ങുന്നതിന്റെ മുൻപായിരുന്നു അത് അർദ്ധ രാത്രി ആയതു കൊണ്ട് റോഡിൽ മറ്റു വണ്ടികൾ ഒന്നുമില്ലെന്ന വിശ്വാസത്തിൽ തെരുവിൽ ഇടയിലൂടെയുള്ള റോഡിലൂടെ മൊബൈലിലോ മറ്റൊ നോക്കി വന്ന ഒരു ആഫ്രിക്കക്കാരൻ ലോറി ഡ്രൈവർ എന്റെ വണ്ടിയുടെ പിറകിൽ വന്നിടിച്ചു വണ്ടിയുടെ ബ്രേക്ക് ലൈറ്റ് പൊട്ടുകയും ബോഡിയിൽ അല്പം പരിക്കും സംഭവിച്ചു ഉടനെ കഫീലും സ്ഥലത്തെത്തി ഇൻഷുറൻസ് ഏജന്റ് പേപ്പറുകൾ ശരിയാക്കി തന്നു എങ്കിലും കഫീലിന്റെ സംസാരവും പെരുമാറ്റവും ഞാൻ കരുതിക്കൂട്ടി വല്ലതും ചെയ്തതു പോലെ ആയിരുന്നു എന്ത് ചെയ്യാൻ ഇതു പോലെയുള്ള ചെറിയ തട്ടി മുട്ടലുകൾ സാധാരണമാണെങ്കിലും ഇവരെ പോലുള്ളവരുടെ കൂടെ ജോലി ചെയ്യുമ്പോൾ ഇതൊക്കെ വലിയ എന്തോ സംഭവം ആയി തോന്നുകയും മനസ്സിന് വല്ലാത്ത വിഷമവുമാണ്
പിറ്റേന്ന് മുതൽ കഫീലിന്റെ സമ്മതവും വാങ്ങി ഇൻഷൂറൻസ് കിട്ടാനുള്ള വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിക്കാൻ തുടങ്ങി ആദ്യം ട്രാഫിക് പോലീസിൽ പോയി അവിടെയുള്ള ഉദ്യോഗസ്ഥന്റെ സീൽ പതിച്ചു പിന്നീട് വണ്ടിക്കു വന്ന കേടുപാടുകൾ നോക്കി സമ്മതപത്രം തരുന്ന ഓഫീസിലെത്തി വരിയിൽ നിന്നു വണ്ടിയുടെ ഊഴമെത്തി അവരുടെ ഫോട്ടോ എടുക്കലും ബില്ല് തയ്യാറാക്കലും കഴിഞ്ഞു അവിടെ പോകുമ്പോൾ തന്നെ 30 റിയാൽ ചെലവ് വരുമെന്നും അത് എന്നോട് കൊടുക്കുവാനും കഫീൽ പറഞ്ഞിരുന്നു മറ്റൊരാൾ ഇങ്ങോട്ട് വന്നു തട്ടിയതാണെങ്കിലും ഞാനൊടിച്ച വണ്ടിക്ക് ആണല്ലോ ഇങ്ങനെ സംഭവിച്ചത് അതിനാണ് ഈ കഷ്ടപ്പെടുത്തലുകൾ മുഴുവനും അവിടെ ഞാൻ 30 റിയാൽ എന്റെ പണമടച്ച് പേപ്പറുകൾ ശരിയാക്കി വാങ്ങി പിന്നീട് സ്പെയർപാർട്സ് കടയിൽ പോയി ആവശ്യമുള്ള സാധനത്തിന്റെ ബില്ലിന്റെ കോപ്പി വാങ്ങി
എല്ലാ പേപ്പറുകളും കൂടി വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ ഇത്തവണ പുതിയ ഒരു സ്ഥലത്ത് വരിനിന്നു എല്ലാ പേപ്പറുകളും ശരിയാക്കി ഇൻഷൂറൻസ് ലേക്ക് കൊടുക്കാൻ ഒരു കവറും എന്നെ ഏൽപ്പിക്കാൻ നേരം വീണ്ടും ഒരു നൂറ് റിയാൽ പിഴ അടക്കണം എന്ന് പറഞ്ഞു ഞാൻ കഫീലിന് വിളിച്ചു അവൻ ഓഫീസറുമായിട്ട് സംസാരിച്ചു എന്തിനാണ് പണമെന്നും മറ്റുമൊക്കെ ചോദിച്ചു അവസാനം 100 റിയാൽ കൂടി എന്നോട് കൊടുക്കാൻ പറഞ്ഞു മറിച്ചൊന്നും പറയാതെ ഞാൻ എന്റെ ആ മാസത്തെ ഭക്ഷണത്തിനും മറ്റുമായി മാറ്റിവച്ച 100 റിയാൽ ഓഫീസിൽ അടച്ചു പണം എന്റെ അക്കൗണ്ടിലേക്ക് അയച്ച് തരൂ എന്നു പറയാൻ പോലും എനിക്ക് പേടിയായിരുന്നു കേൾക്കാൻ പോകുന്ന ശകാരങ്ങളും പിന്നീടുള്ള സ്വഭാവ മാറ്റങ്ങളും എല്ലാം എനിക്കു പേടിയായി ഞാൻ ശരിക്കും ഒരു ഭീരുവായി മാറിയിരിക്കുന്നു കഫീലും ഭാര്യയും ഒന്നരവർഷം കൊണ്ട് എന്നെ അങ്ങനെ ആക്കി മാറ്റിയിരിക്കുന്നു
അവിടെ നിന്നും എനിക്ക് ലഭിച്ച കവറുമായി ഞാൻ ഇൻഷൂറൻസ് ഓഫീസിൽ പോയി കഫീൽ നേരിട്ട് വരാത്തതുകൊണ്ട് ഒരുപാട് പേപ്പർകൾ വീണ്ടും വേണമായിരുന്നു അതൊക്കെ ഞാൻ വീണ്ടും അവന്റെ ഓഫീസിൽ പോയി കൊണ്ടുവന്നു കൊടുത്തു അങ്ങിനെ വണ്ടി ഇടിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ മാഡത്തിന്റെ ഓട്ടങ്ങൾക്കൊന്നും ഒരു മുടക്കവും വരുത്താതെ ഒഴിവുള്ള സമയത്തും ഉണ്ണാനും ഉറങ്ങാനും കിട്ടുന്ന സമയത്തുമൊക്കെ ഞാൻ ഓടി നടന്നു ഇൻഷൂറൻസ് പാസാക്കിയെടുത്തു 362 റിയാൽ ഇൻഷുറൻസ് പാസായതിൽ 130 റിയാൽ എനിക്കു വന്ന ചിലവായിരുന്നു രണ്ടുദിവസത്തിനുശേഷം പണം കഫീലിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി എന്റെ മൊബൈലിലേക്ക് കമ്പനിയുടെ മെസ്സേജ് കിട്ടി പിറ്റേന്ന് ഞാൻ കഫീൽ വിളിച്ച സമയത്ത് ഇൻഷൂറൻസിന്റെ പണം വന്നില്ലേ എന്നും എങ്കിൽ എന്റെ 130 റിയാലിങ്ങു വിട്ടു തരൂ എന്നും പറഞ്ഞു
ശരി ശരി പിന്നെ പിന്നെ എന്നും പറഞ്ഞ് ഫോൺ കട്ടായി അതിനി കിട്ടുമെന്നു തോന്നുന്നില്ല അടുത്ത ഒന്നാം തിയ്യതി വരെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഒരു പിടിയുമില്ല എന്റെ കയ്യിൽ ഒരു റിയാലുമില്ലാതെ ഒന്നുരണ്ടു ദിവസം മുന്നോട്ടു പോയപ്പോൾ കഫീലിനോട് ഞാനൊരു 100 റിയാൽ കടമായിട്ട് ചോദിച്ചു ശമ്പളം കിട്ടിയാൽ അതിൽ നിന്നും പിടിച്ചോളൂ എന്നു പറഞ്ഞു രണ്ടു മൂന്നു ദിവസത്തിനു ശേഷം വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവസാനം അവൻ 100 റിയാൽ അക്കൗണ്ടിലേക്ക് വിട്ടുതന്നു
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot