
മോനേ... വിഷ്ണൂ..... വാ... കളിച്ചതു മതി..'
'അമ്മെ ഞാൻ കൊറച്ചു നേരംകൂടി കളിക്കട്ടെ...'
'വേണ്ട... വേണ്ട... ദേ... നേരം സന്ധ്യ ആകാറായി. വേഗം പോയി കൈയും മോറും
കെഴുകി വന്നെ... വെളക്ക് വെക്കാറായി...'
കെഴുകി വന്നെ... വെളക്ക് വെക്കാറായി...'
'ഈ അമ്മ...'
വിഷ്ണു അല്പം അനിഷ്ടത്തോടെ തന്റെ കളി അവസാനിച്ചു.
വീടിന്റെ വടക്കെ പുറത്തായി നിരത്തി വെച്ച കുടത്തിൽ നിന്നും വെള്ളം എടുത്ത് വിഷ്ണു മുഖം കഴുകി വന്നു.
അപ്പോഴേക്കും മാലതി... വിഷ്ണുവിന്റെ അമ്മ... ഒരു ചെറിയ നിലവിളക്ക് തിരി കൊളുത്തി ഉമ്മറത്തേക്ക് വന്നു....
'ദീപം..... ദീപം.... ദീപം.....'
വിളക്ക് ഉമ്മറത്തേക്ക് കാണിച്ച് വീണ്ടും തിരിച്ചു വീടിന്റെ ചാണകം മെഴുകിയ ഇറയത്ത് വെച്ചു തൊട്ട് തൊഴുതു...
'കൃഷ്ണാ.... ഗുരുവായൂരപ്പാ.... കാത്തു രക്ഷിക്കണേ....'
മാലതി അകത്തുപോയി ഒരു കുഞ്ഞിപ്പായ എടുത്ത് വന്നു വിളക്കിന് അഭിമുഖമായി ഇരുന്നു...
'വാ.. മോനെ... നാമം ചൊല്ലാൻ ....'
'എനിക്ക് നാമം ചൊല്ലണ്ട... അമ്മ ചൊല്ലിയാ മതി....'
അവൻ ചിണുങ്ങിക്കൊണ്ടു പറഞ്ഞു...
'അയ്യോ... അങ്ങനെ പറയല്ലെ... ദൈവകോപം കിട്ടും...'
'കിട്ടിക്കോട്ടെ....'
'വാ മോനെ... ദൈവം ശിക്ഷിച്ചാ ഉവ്വാവ് വരുട്ടോ...'
മാലതി വാത്സല്യപൂർവ്വം അവനെ പിടിച്ചു അരികിലിരുത്തി... മകന്റെ കൈകൾ കൂപ്പി പിടിച്ചുകൊണ്ട് മാലതി നാമം ഉരുവിട്ടു...
'ദൈവമേ സച്ചിതാനന്ദാ
ദൈവമേ ഭക്തവത്സലാ
ദൈവമേ നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ...............'
ദൈവമേ ഭക്തവത്സലാ
ദൈവമേ നിൻ കൃപാവരം
ഞങ്ങളിൽ ചൊരിയേണമേ...............'
നാമം ചൊല്ലിക്കഴിഞ്ഞ് തന്റെ മകനെ എടുത്തു അകത്തേക്ക് തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾക്ക് തോന്നി...
മോന്റെ ശരീരത്തിന് നല്ല ചൂട്....
'ഈശ്വരാ.. നല്ലപോലെ പൊള്ളുന്നല്ലോ... നല്ല പനിയുണ്ടല്ലോ.... കൈ കഴുകി വന്നതുകൊണ്ട് നേരത്തെ തോന്നിയതുമില്ല..'
ഇനി ഇപ്പൊ എന്താ ചെയ്യാ...
ഈ രാത്രി നേരത്ത് എങ്ങോട്ട് കൊണ്ടു പോകും...
'മോന് തല വേദനിണ്ടോ..?'
'ഉം.... കൊറച്ച്....'
'വാ... അമ്മ പായ ഇട്ടു തരാട്ടാ...... അതിൽ കെട്ന്നാട്ടാ... അമ്മ അപ്പഴക്കും ചുക്കും കുരമൊളകും ഇട്ട കാപ്പി ഇണ്ടാക്കി തരാട്ടാ..'
'ഉം...'
മാലതി വേഗം തന്നെ വീടിന്റെ അകത്ത് ഒരു ദിക്കിലായി കെട്ടി തൂക്കിയിട്ടിരുന്ന കയറിൽ തിരുകി വെച്ചിരുന്ന പായയും തലയിണയും എടുത്ത് താഴെ തറയിൽ ഒരിടത്തായി വിരിച്ചു.
പഴയ തകരപ്പെട്ടിയിലായി എടുത്തു വച്ചിരുന്ന കമ്പിളി കുടഞ്ഞെടുത്തു...
'വാ മോനെ... മോൻ ഇവടെ കെടുന്നൊ... നാളെ നമ്മക്ക് ആസ്പത്തീപ്പോവാം... ഇന്ന് അമ്മ തരുന്ന കാപ്പി കുടിച്ച് കെടുന്നാ ട്ടാ..'
അല്പം കഴിഞ്ഞ് അവൾ രണ്ടു ഗ്ലാസ്സിലായി കാപ്പിയുമായി വന്നു മകന്റെ അരികിലിരുന്നു നല്ലപോലെ ചൂടാറ്റിയതിനുശേഷം കുറെശ്ശെയായി വിഷ്ണുവിന് കൊടുത്തു...
അല്പം മടി കാണിച്ചെങ്കിലും പിന്നീട് അവൻ കുറച്ചു കുടിച്ചു.
മാലതി ഒരു പഴയ കീറിയ വെള്ളമുണ്ടിന്റെ കഷണമെടുത്ത് വെള്ളം നനച്ച് മകന്റെ നെറ്റിയിൽ പതിച്ചു വെച്ചു...
കണ്ണുകൾ അടച്ചു ദൈവത്തോട് പ്രാർത്ഥിച്ചു... ഈ രാത്രി പുലരുവോളം പനി കൂടാതിരിക്കണേ എന്ന്...'
നിസ്സഹായത തളം കെട്ടി നില്ക്കുന്ന ആ ചെറ്റക്കുടിലിന്റെ പഴകി ദ്രവിച്ചു തുടങ്ങിയ മരത്തൂണുകളും ഓലകൊണ്ടു മറച്ച ആ ഒറ്റമുറിയും മേൽപ്പുരയിൽ ഒരു വശത്തായി തൂങ്ങി കിടക്കുന്ന റാന്തൽ വിളക്കും ആ വീടിന്റെ ചെറ്റവാതിലിലൂടെ സന്ധ്യാ നേരത്ത് കയറി വരാറുള്ള ഇണ്ണൂലി തവളയും അവർക്കു കാവലായി കൂടെ നിന്നു.
ഇടവമാസമായതിനാൽ അന്നും ആകാശത്ത് രാത്രിയുടെ സംഗീതം ആഘോഷം തുടങ്ങാൻ മറന്നില്ല...
ആദ്യം ചെറിയ മിന്നലും പിന്നീട് എവിടെയോ ചെറിയ ഇടിവെട്ടുന്ന ശബ്ദവും...
' ഈശ്വരാ... ഇന്നും മഴ പെയ്യുമോ.... ഈ പനിച്ചുവിറയ്ക്കുന്ന കുഞ്ഞിനേം കൊണ്ടു ഞാൻ എന്തു ചെയ്യും...'
അവൾ സ്വയം ചോദിച്ചു....
പുറത്ത് ചീവിടുകളുടെ സംഗീതം...
ഇടക്കിടക്ക് തവളകളുടെ ഒറ്റ്ലോ ചൂട്ടോ എന്ന കരച്ചിൽ...
മിന്നലിന് പ്രകാശം കൂടി വരുന്നു....
അതുപോലെ ഇടിയുടെ ശബ്ദവും...
നിനച്ചതുപോലെ തന്നെ മഴ പെയ്യാൻ തുടങ്ങിയിരുന്നു.....
വീടിന്റെ മേൽക്കൂരയിൽ അവിടവിടെയായി തിരുകി വെച്ചിരുന്ന പാളക്കഷണങ്ങൾ അവൾ ഒന്നുകൂടി ശരിയാക്കി വെച്ചു.
എന്നിട്ടും മഴയുടെ ശക്തി കൂടിയതോടെ വെള്ളം വീടിനകത്തേക്ക് വീഴാൻ തുടങ്ങി...
മാലതി അടുക്കളയിൽ ഉണ്ടായിരുന്ന വട്ടകകളും ഒന്നുരണ്ടു പിഞ്ഞാണങ്ങളും ആ മുറിയിൽ പലയിടത്തായി നിരത്തി വെച്ചു...
പുറത്ത് പെയ്യുന്ന മഴയുടെ സംഗീതത്തിന് അകത്ത് മറ്റൊരു താളംകൂടി വന്നു...
വിഷ്ണു അപ്പോഴേക്കും കരച്ചിൽ തുടങ്ങിയിരുന്നു.
അവന്റെ പായയും പുതപ്പും നനഞ്ഞു തുടങ്ങിയിരുന്നു...
മാലതി മകനെ എഴുന്നേല്പിച്ച് അവിടെ ഉണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ഷീറ്റിന്റെ കഷണമെടുത്ത് മേലേക്കൂടി പുതപ്പിച്ചു...
നിരാലംബരായ ആ അമ്മയും മകനും ഒന്നും പറയാനാവാതെ കണ്ണീരോടെ പ്രാർത്ഥിച്ചു...
'ഈശ്വരാ കാത്തോളണേ...!'
പുറത്ത് പെയ്ത മഴയേക്കാൾ കൂടുതൽ ആയിരുന്നു ആ വീടിനകത്ത് മഴയുടെ നൃത്തം...
കത്തിച്ചു വെച്ച നിലവിളക്ക് മഴ പെയ്തതോടെ കെട്ടുപോയിരുന്നു....
അകത്ത് ഒരു റാന്തൽ മാത്രം മിന്നിത്തെളിഞ്ഞു.....
'മോൻ പേടിക്കണ്ട ട്ടാ... മഴേം ഇടീക്കൊ ഇപ്പ പോവും... മോൻ ഇവടെ ഇരിക്ക്.... അമ്മ ആ നെലവെളക്ക് ഇടുത്തുണ്ട് വരട്ടെ....'
മാലതി മകനെ മേലേനിന്ന് വെള്ളം വീഴാത്തവണ്ണം ഒരു വശത്തായി മൂടിപ്പുതച്ച് ഇരുത്തി.
വാതിലിനരികിൽ നിന്ന് പുറത്തേക്ക് നോക്കി..
കൂരാകൂരിരുട്ട്...
തകർത്തു പെയ്യുന്ന മഴ...
തകർത്തു പെയ്യുന്ന മഴ...
ഈശ്വരാ ഇതെന്ത് മഴ.... ഇതിനൊരവസാനമില്ലെ...
മാലതി ആ ഇരുട്ടിൽ ഉമ്മറത്തു വെച്ച വിളക്കെടുത്തു. തിരിച്ചു അകത്തേക്ക് കടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു വലിയ മിന്നൽ അവിടമാകെ നിറഞ്ഞു...
കണ്ണുകൾ തുറക്കാൻ കഴിയാത്ത അത്രയും പ്രകാശം....
അവൾ ആകെ ഭയന്ന് വിളിച്ചു...
' ഈശ്വരാ.... മോൻ..'
അവൾ വേഗം വിളക്കെടുത്ത് അകത്തേക്ക് വരുന്നതിനിടയിൽ കർണ്ണകഠോരമായ ഇടിമുഴക്കങ്ങളും...
ഏതാണാദ്യമെന്ന് അറിയാത്തവിധം ഇടിയും മിന്നലും ഒരുമിച്ച്...
അതിനിടയിൽ ഒരിടത്ത് ആ അമ്മയുടേയും മറുവശത്ത് ഒരു നാലു വയസ്സുകാരൻ മകന്റേയും ദയനീയമായ നിലവിളി മറ്റാരും കേട്ടില്ല...
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക