Slider

ബംഗാളി !

0
Image may contain: 3 people, people smiling


ഹരി ... ഈ സൈക്കിൾ എന്തിനാ ഇവിടെ വാങ്ങി വെച്ചിരിക്കുന്നെ ?? അകത്തിരുന്ന് അപ്പൂപ്പനോട് വഴക്കുണ്ടാക്കാതെ നിനക്ക് കുറച്ചു നേരം പുറത്തു പോയി സൈക്കിൾ ചവിട്ടിക്കൂടെ??"
ടിവിയിൽ ശ്രദ്ധിച്ചിരിക്കുന്ന അപ്പൂപ്പന്റെ മേലിൽ പിടിച്ചു കയറി തോളത്ത് കയറിയിരുന്ന് ശല്യപ്പെടുത്തുന്ന എന്റെ മോനോട് ഞാൻ ദേഷ്യപ്പെട്ടു ..
"ഞാൻ ഒറ്റക്ക് പുറത്തു പോകില്ല .. എന്നെ ബംഗാളി പിടിക്കും "!
"ഏതു ബംഗാളി ?? നിന്നോടാരാ ഇതു പറഞ്ഞെ?!"
" അശ്വിൻ രാജ് പറഞ്ഞു "
"അതാരാ ??"
"എന്റെ ഫ്രണ്ട് "
" വെറുതെ വേണ്ടാത്തതൊന്നും പഠിച്ചു വെക്കേണ്ട ഹരിക്കുട്ടാ .. ബംഗാളികളും നമ്മളെ പോലെ തന്നെയാട്ടൊ"
"നമ്മളെ പോലെ അല്ല .. അവർക്ക് മലയാളം അറിയില്ല "
"അതിനെന്താ ?? അവരുടെ നാട്ടിലെ ഭാഷ വേറെ ആയതുകൊണ്ടല്ലേ .. അവർക്ക് ബംഗാളി ഭാഷയും ഹിന്ദിയും ഒക്കെയേ അറിയൂ "
ഞാൻ ഹരിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു..
ആയിടക്കാണ് വീട്ടിലെ ചില്ലറ മരാമത്തു പണികൾക്കായി കോൺട്രാക്ടർ കുറച്ച് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടിവന്നത്‌.. അൽപസ്വൽപ്പം മലയാളം അറിയാമെങ്കിലും അവർ പരസ്പരം ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്..
ആദ്യ ദിവസങ്ങളിൽ ഹരി കതകിനു പിറകിൽ ഒളിഞ്ഞു നിന്ന് അവരെ നോക്കുന്നത് ഞാൻ കണ്ടു ..
കണ്ണു തെറ്റിയാൽ മിറ്റത്തേക്ക് ഓടുന്ന കുസൃതി വീടിനുള്ളിൽ തന്നെ ചുറ്റി കറങ്ങി നടക്കുന്നു ..
ഇടക്ക് എപ്പഴെങ്കിലും ചില പണിക്കാർ അവനോട് അവർക്കറിയാവുന്ന മലയാളത്തിൽ കുശലങ്ങൾ ചോദിക്കുന്നത് കാണാറുണ്ട് ..
അവൻ എന്തെങ്കിലും മറുപടി പറഞ്ഞു എന്ന് വരുത്തി അകത്തേക്കോടി പോകും !!
അച്ഛന് നന്നായി ഹിന്ദി അറിയുന്നത് കൊണ്ട് അവരോട് ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്..
ഒരു ദിവസം ഹരി അമ്മയോട് വളരെ സ്വകാര്യമായി പറയുന്ന കേട്ടു ..
"അമ്മൂമ്മേ .. ഈ അപ്പൂപ്പൻ ബംഗാളി ആയീന്ന് തോന്നുന്നു !! "
"അതെന്താ ?"
"ഹിന്ദി പറയുന്നതു കേട്ടില്ലേ ?"
" ഹിന്ദി പറയുന്നവരൊക്കെ ബംഗാളിയല്ല കുട്ടാ.. ഹിന്ദിയും നമ്മുടെ മലയാളം പോലെ ഒരു ഭാഷയല്ലേ.. മോനെന്താ ബംഗാളികളെ പേടിക്കുന്നെ ?? അവരും നമ്മളെപ്പോലെ തന്നെയല്ലേ ?? "
അമ്മയും കുട്ടിയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു ... പക്ഷേ അവന്റെ മനസ്സിൽ ബംഗാളി എന്നാൽ വേറെ ഏതോ തരം ജീവികളാണെന്ന ചിന്ത ആഴത്തിൽ വേരോടിയിരുന്നു ..
പലപ്പോഴും വീടുകളിൽ രക്ഷിതാക്കൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളേക്കാൾ കുട്ടികളുടെ മനസ്സിൽ പതിയുന്നത് കൂട്ടുകാരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും അവർ കേൾക്കുന്ന കാര്യങ്ങളാണ് ..
അങ്ങനെ അവരുടെ മനസ്സിൽ പതിഞ്ഞു പോയ കാര്യങ്ങൾ അവിടെ നിന്നും മായ്ച്ചു കളയാൻ വളരെ പ്രയാസമാണ് ..
കുസൃതി കാട്ടിയപ്പോൾ അശ്വിനോട് ആരെങ്കിലും 'നിന്നെ ബംഗാളി പിടിച്ചു കൊണ്ടുപോകും ' എന്നോ മറ്റോ പറഞ്ഞീട്ടുണ്ടാവും.. അതാവാം ആ കുട്ടിയുടെ ബംഗാളി വിരോധത്തിനു പിന്നിൽ ..
നാട്ടിൽ ആവശ്യത്തിൽ കൂടുതൽ പഴികേട്ട കുട്ടിച്ചാത്താനും , ഇരട്ടക്കണ്ണനും , കുറുക്കനും ഒക്കെയുള്ളപ്പോൾ വെറുതെ എന്തിന് ബംഗാളികളെ ശല്യപെടുത്തുന്നു ... ??
ഹരിയോട് ഞാനല്പം കടുപ്പിച്ചു പറഞ്ഞു
"ഇനി ബംഗാളി എന്നൊരു വാക്ക് ഈ വീട്ടിൽ കേട്ടു പോയേക്കരുത് "!
കുറച്ചു നാളേക്ക് അങ്ങനെയുള്ള സംസാരമൊന്നും ഉണ്ടായില്ല .. ഞാൻ ആശ്വസിച്ചു .. !
ഇന്നു രാവിലെ വീട്ടിലേക്കു ഫോൺ ചെയ്തു
" ഹരി ഉണർന്നോ അമ്മെ ?"
"ഇല്ല .. ഉറക്കമാ .. രാത്രി താമസിച്ചു കിടന്നപ്പോൾ "
"അതെന്താ?"
" അനിയൻകുട്ടന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളും കുടുംബവും വന്നു .. പോയപ്പോൾ കുറച്ചു താമസിച്ചു "
"ഓ അത് ശരി "
"ആ പിന്നേ .. നിന്റെ മോൻ ഇന്നലെ എന്റെ വഴക്കു കേട്ട് കരഞ്ഞാ ഉറങ്ങിയേ ?"
"എന്തേ ?"
"ആ വന്നയാളുടെ കുട്ടികൾ അവിടെ ഗുജറാത്തി സ്കൂളിലാ പഠിക്കുന്നെ .. നമ്മളോട് മലയാളം പറയുമെങ്കിലും അവർ പരസ്പരം ഹിന്ദിയിലും ഗുജറാത്തിയിലും ഒക്കെയാ സംസാരിക്കുന്നെ .. അവർക്ക് കഴിക്കാൻ കൊടുത്തതിൽ നിന്നും ഒരു കഷ്ണം ഹൽവാ അവർ ഈ ചെക്കന് നീട്ടി .. അപ്പോൾ ഇവൻ പറയുന്നു 'ബംഗാളി തരുന്നത് എനിക്ക് വെണ്ടാന്ന്'.. !! ഞാനാകെ അയ്യടാന്നായി..അവരതു കേട്ട് തമാശയായി ചിരിച്ചു .. അവര് പോയി കഴിഞ്ഞ് ഞാൻ വഴക്കു പറഞ്ഞു .. "
" അവൻ ഉണർന്നു കഴിയുമ്പോൾ സ്കൈപ്പിൽ വരൂ" ഞാൻ പറഞ്ഞു
" ഇന്നവൻ സ്കൈപ്പിന്റെ പരിസരത്തു പോലും വരില്ല .. അവനറിയാം നീ വഴക്കു പറയുമെന്ന് .. സാരമില്ല .. പോട്ടെ .. അറിവാകുമ്പോൾ ചിന്തകൾ മാറിക്കൊള്ളും .. "
ഞാനും കരുതി .. അതെ .. ഇത്തരം ചിന്തകൾ മനസ്സിൽ നിന്നും പാടെ തുടച്ചു മാറ്റാൻ ഉതകുന്ന അറിവ് അവനുണ്ടാകട്ടെ ! ജാതി മൊഴി വർണ്ണ വിവേചനങ്ങളൊന്നും ഇല്ലാത്ത നല്ലൊരു മനുഷ്യനാവട്ടെ 🙏🏻
വന്ദന 🖌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo