നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രമേശചരിതം-2........

രമേശചരിതം-2........
................
ഷീബയുടെ നടുവേദന മൂലം ആ കുടുംബം ആകെ വിഷമിച്ചു...അലോപതിയും ആയുർവേദവും ഹോമിയോപതിയും മാറി മാറി പരീക്ഷിച്ചു... സ്കാനിങും മറ്റും നടത്തി നോക്കി.നടുവേദന പഴയ പോലെ തന്നെ... രമേശൻ ഓരോ തവണയും ഭാര്യയുടെ ചികിത്സക്കായ് പണം അയച്ചു കൊണ്ടേയിരുന്നു...
ഷീബയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകാനായി സുഹൃത്തായ ഒരു ഓട്ടോ ഡ്രൈവറെ രമേശൻ ഏർപ്പാടാക്കി.. എന്നാൽ ആ ഓട്ടോറിക്ഷ വിളിക്കാതെ പത്ത് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു ഓട്ടോ സ്ഥിരമായി ഷീബയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ തുടങ്ങി... അതിനെ കുറിച്ച് രമേശൻ ഷീബയോട് ചോദിച്ചു
"ആ ഓട്ടോ ചേട്ടൻ ഒരുദിവസം റിട്ടേൺ പോകുമ്പോൾ വന്നതാണ്..അതു മാത്രമല്ല എത്ര സമയം വേണമെങ്കിലും കാത്തിരിക്കും"
"എടീ..അത്രയും ദൂരത്ത് നിന്ന് വരുമ്പോൾ അവന് ആ വണ്ടി കൂലിയും കൊടുക്കണ്ടേ"
"അതോർത്ത് അണ്ണൻ വിഷമിക്കേണ്ട.. ആ ചേട്ടന് ഇവിടുന്ന് ആശൂപത്രിയിലേക്ക് പോകേണ്ട കൂലിയെ വേണ്ടൂ..മറ്റ് വണ്ടിക്കാരെക്കാളും ചെറിയ കൂലിയേ വാങ്ങത്തുള്ളു"
പാവം രമേശൻ അത് മുഴുവൻ വിശ്വസിച്ചു...പിന്നെയും പണം അയച്ചു കൊണ്ടേയിരുന്നു...ആദ്യമൊക്കെ ഷീബയുടെ അമ്മ കൂടെ പോകുമായിരുന്നു.. പിന്നീട് അവൾ ഒറ്റയ്ക്ക് പോകാൻ തുടങ്ങി...
ഒരുദിവസം അതിരാവിലെ ഭാര്യയുടെ ഫോൺ വന്നപ്പോൾ ഉറക്കത്തിലായിരുന്ന അയാൾ ചാടിയെഴുന്നേറ്റു..
"എന്താടീ..രാവിലെ തന്നെ" രമേശൻ്റെ ശബ്ദത്തിൽ ശരിക്കും ഭയം കലർന്നിരുന്നു
"അതേ അണ്ണാ..ഞാൻ വീട്ടിലേക്ക് പോകുന്നു..വീട്ടിനടുത്ത് ഒരു ആയൂർവേദ ഡോക്ടറുണ്ട്..അവിടെ കാണിക്കാമെന്നാ അമ്മ പറയുന്നത്"
ഇതിനിടയിൽ ചെറിയൊരു കാര്യം നിങ്ങളോട് സൂചിപ്പിക്കാനുണ്ട്..രമേശൻ്റെ വീടും ഷീബയുടെ വീടും(വാടക വീട്)തമ്മിൽ എട്ട് കിലോമീറ്റർ വ്യത്യാസമുണ്ട്.. ഈ വ്യത്യാസം നിങ്ങൾ മനസ്സിൽ കാണുക.. ഇനി കഥയിലേക്ക്...
രമേശൻ സമ്മതിച്ചു...അങ്ങനെയെങ്കിലും അവളുടെ നടുവേദന മാറിയാൽ മതിയെന്ന ചിന്ത മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു..വീടിനടുത്ത് തന്നെ സ്ക്കൂൾ ആയതിനാൽ ഒരു ഓട്ടോക്കാരനാണ് മക്കളെ രണ്ടുപേരെയും സ്ക്കൂളിൽ കൊണ്ടു പോയിരുന്നത്..ഇനിയിപ്പോൾ മക്കൾ ഭാര്യവീട്ടിലായത് കൊണ്ട് മൂത്ത സഹോദരിയുടെ മകനോട് എന്നും രാവിലെയും വൈകുന്നേരവും കുട്ടികളെ കൊണ്ടുവരാനും കൂട്ടി കൊണ്ടു പോകാനും ഏർപ്പാടാക്കി..
അതിനിടയിൽ രമേശൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം അരങ്ങേറി....
അതൊരു സെപ്റ്റംബർ മാസമായിരുന്നു..പതിവ്‌ പോലെ കമ്പനിയിലെ ജോലിക്കാർക്ക് ഡ്യൂട്ടി പറഞ്ഞ് കൊടുക്കുമ്പോൾ ഒരു ഫോൺ നാട്ടിൽ നിന്ന്..പരിചയമില്ലാത്ത നമ്പർ.
സംശയത്തോടെ, അതിലുപരി ആധിയോടെ മൊബൈൽ എടുത്തു...
"ഹലോ"
"രമേശാ...അനിയാ..ഇത് ഞാനാടാ ഏട്ടൻ"
എന്ത് പറയണമെന്നറിയാതെ രമേശൻ അല്പ സമയം നിന്നു..ഒന്നര വർഷത്തിന് ശേഷം തൻ്റെ ഏട്ടൻ തന്നെ വിളിച്ചിരിക്കുന്നു...സന്തോഷവും ഒപ്പം സങ്കടവും വന്ന് രമേശന് ഒന്നും പറയാൻ പറ്റിയില്ല
"എടാ..ഞാനിപ്പോൾ നമ്മുടെ വീട്ടീന്നാ സംസാരിക്കുന്നേ..നിനക്ക് സുഖല്ലേ"
"വീട്ടിന്നോ..ഏട്ടൻ ഒറ്റയ്ക്കേയുള്ളു?"
"അല്ലെടാ...അവളും കൊച്ചും ഉണ്ട്..നീ എന്നോട് ക്ഷമിക്കണം.. അന്നേരത്തെ പൊട്ടത്തരത്തിന് ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..നിനക്കറിയില്ലെടാ എന്നെ..ഞാൻ രണ്ടു ദിവസം കഴിഞ്ഞേ പോകത്തുള്ളു'
തൻ്റെ ഏട്ടനെ തനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു.ഇതിൽ പരം സന്തോഷം വേറൊന്നുമില്ല..
രണ്ട് ദിവസം കഴിഞ്ഞ് ഒരു വെളുപ്പാൻ കാലത്ത് ഒരു ദുഃസ്വപ്നം കണ്ട് രമേശൻ ചാടി എഴുന്നേറ്റു.. മുഖമാകെ വിയർത്തു.. തൻ്റെ വീട്ടിലെ ആർക്കോ ഒരു അപകടം സംഭവിച്ചിരിക്കുന്നു.. നേരം വെളുത്ത ഉടൻ വീട്ടിലേക്ക് വിളിച്ചു.. ആർക്കും ഒന്നും പറ്റിയിട്ടില്ല..മരുമകനെ(മൂത്ത സഹോദരിയുടെ മകൻ)വിളിച്ചു
"എടാ മക്കളെ മാമൻ്റെ ബൈക്ക് എടുത്ത് നീയെവിടെയും പോകരുത് മാമനൊരു ദുഃസ്വപ്നം കണ്ടെടാ"
രമേശൻ കഴിഞ്ഞ ലീവിന് പോയപ്പോൾ വാങ്ങിയ ഒരു ബൈക്കുണ്ട്..അത് ഇടയ്ക്കിടെ അവനതെടുത്ത് പോകാറുണ്ട്
"അതിന് അത് ഇന്നലെ വല്ല്യമ്മാവൻ കൊണ്ടു പോയല്ലോ..ഇന്നലെ അമ്മായിയും മോനുമെല്ലാം അതിലാ പോയത്"
ആ ദിവസം ഒന്നും സംഭവിക്കാതെ കഴിഞ്ഞു പോയി.പിറ്റേന്ന് വൈകുന്നേരം കമ്പനിയിലേക്ക് ഒരു ഫോൺ വന്നു...രമേശൻ്റെ ചേട്ടൻ രാജീവൻ ബൈക്ക് ആക്സിഡൻ്റിൽ കൊല്ലപ്പെട്ടിരിക്കുന്നു...ആ ദുഃസ്വപ്നം സത്യമായി തീർന്നിരിക്കുന്നു.. ലീവ് കഴിഞ്ഞു വന്നിട്ട് ഒരു വർഷം പോലും തികയാത്തതിനാലും പുതിയ റിക്രൂട്ട്‌മെന്റിൻ്റെ ജോലി ട്രെയിനിംഗിൻ്റെ സമയമായതിനാലും രമേശന് കമ്പനി ലീവ് അനുവദിച്ചില്ല.തൻ്റെ ചേട്ടന്റെ ജീവനറ്റ ആ ശരീരം ഒന്ന് അവസാനമായി കാണാൻ പോലും അയാൾക്ക് കഴിഞ്ഞില്ല...രാത്രിയിൽ റൂമിലിരുന്ന് പൊട്ടി കരഞ്ഞു...പ്രവാസത്തിന്റെ വേദന ശരിക്കും അനുഭവിച്ചു...
രമേശൻ അനുഭവിച്ച ദുഃഖത്തേക്കാൾ കൂടുതൽ അയാളുടെ അച്ഛനുമമ്മയും അനുഭവിച്ചു..പക്ഷെ ആ ദുഃഖമെല്ലാം മായ്ച്ചു കളഞ്ഞത് രമേശൻ്റെ ഭാര്യ ഷീബയായിരുന്നു...ആ ഷീബയാണ് ഇപ്പോൾ നടുവേദന വന്ന് കഷ്ടപ്പെടുന്നത്..അപ്പോൾ പിന്നെ ആ അച്ഛനുമമ്മയും രമേശനും അവളുടെ കാര്യത്തിൽ ഉത്കണ്ഠാകുലരാകുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ?
ഷീബ വീട് മാറിയിട്ടും വീടിനടുത്തുള്ള ആയൂർവേദാശൂപത്രിയിലേക്ക് അവളെ കൊണ്ടു പോകാൻ ആ പഴയ ഓട്ടോക്കാരൻ സ്ഥിരമായി വരാൻ തുടങ്ങി..അത് ഒരുദിവസം മരുമകൻ കാണുകയും ചെയ്തു. മരുമകൻ അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവൻ ഖത്തറിൽ ജോലി ചെയ്യുന്നവനാണ് ലീവിന് വന്നിരിക്കയാണ്...ലീവ് തീരുന്നത് വരെ ഒരു രസത്തിനു വേണ്ടി ഓട്ടോ ഓട്ടുന്നതാണ്...അതാണ് അവൻ കൂലി കുറച്ച് ഓട്ടം പോകുന്നതെന്നും ഷീബയെ ഒരു സഹോദരി മാത്രമായിട്ടെ കാണുന്നുള്ളു എന്നും അറിയാൻ കഴിഞ്ഞു..
കുറച്ചു സമയത്തേക്കെങ്കിലും തൻ്റെ ഭാര്യയെ സംശയിച്ചതിൽ രമേശന് കുറ്റബോധം തോന്നി..അഞ്ചാറ് മാസം കഴിഞ്ഞ് രമേശന് ലീവ് കിട്ടി..അങ്ങനെ ആറ് മാസത്തെ ലീവിന് രമേശൻ നാട്ടിലെത്തി...
ഷീബയുടെ നടുവേദന രമേശൻ എത്തിയതോടെ മാറി..അവൾ നേഴ്‌സിങ് കഴിഞ്ഞതാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ..ആയിടയ്ക്കാണ് കുവൈത്തിലേക്ക് നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്..
"അണ്ണാ...നമ്മൾക്ക് രണ്ട് പെൺകുട്ടികളാ..ദേ മൂത്തവൾക്ക് ഒൻപത് വയസ്സാകാൻ പോകുന്നു..അണ്ണൻ മാത്രം ഇങ്ങനെ കഷ്ടപ്പെട്ടാൽ പോരാ..കുവൈത്തിലേക്ക് നേഴ്‌സ്മാരെ എടുക്കുന്നുണ്ട്.. ഞാനും പോയിക്കോട്ടെ...മക്കൾക്ക് ഞാനില്ലെങ്കിലും സാരമില്ല.. അച്ഛനും അമ്മയും ഉണ്ടല്ലോ.."
അവളുടെ നിർബന്ധം സഹിക്ക വയ്യാതെ രമേശൻ ഒടുവിൽ അവളെ കുവൈറ്റിലേക്ക് പോകാൻ അനുവദിച്ചു... അങ്ങനെ ഷീബ കുവൈറ്റിലേക്ക് പറന്നു...ലീവ് കഴിഞ്ഞ് രമേശൻ സൗദിയിലേക്ക് തിരിച്ചു വന്നു.. മക്കൾ രണ്ടുപേരും അച്ചാച്ഛൻ്റെയും അമ്മമ്മയുടെയും കൂടെ വീട്ടിൽ...
പ്രശ്നങ്ങൾ തീർന്നു എന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി...അത് കൊടുങ്കാറ്റിന് മുമ്പുള്ള ഒരു ശാന്തത മാത്രമായിരുന്നു....
(തുടരും)
ബിജു പെരുംചെല്ലൂർ
N.P: പ്രീയ വായനക്കാർ ക്ഷമിക്കുക.. രണ്ട് ഭാഗങ്ങൾ കൊണ്ട് തീർക്കാമെന്ന് കരുതിയതാണ്...അത് ഒരു ഭാഗവും കൂടി നീട്ടേണ്ടി വന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot