നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

House Driver - പാർട്ട് 15

'ഹൗസ് ഡ്രൈവർ 'എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 15
പെരുന്നാൾ കഴിഞ്ഞു പത്തു ദിവസത്തിന് ശേഷം എന്റെ ഇവിടുത്തെ കുറി കിട്ടി കടം വീട്ടാൻ വേണ്ടി യാണ് ആദ്യം കരുതിയിരുന്നതെങ്കിലും മകളുടെ കല്യാണം കഴിഞ്ഞ് അളിയാക്ക വലിയ കടത്തിൽ ആയിരുന്നതുകൊണ്ട് 6000 റിയാൽ കുറി കിട്ടിയ പണത്തിൽ നിന്നും 4000 റിയാൽ അളിയാകാക്കു കൊടുത്തു അതിൽ 3000 റിയാൽ തിരിച്ചു തന്നാൽ മതിയെന്നും ആയിരം റിയാൽ കല്യാണത്തിനുള്ള എന്റെ വകയാണെന്നും പറഞ്ഞു കുറി കിട്ടാനുള്ള ദിവസം നേരത്തെ അറിഞ്ഞതുകൊണ്ട് റൂമിലെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നും പെരുന്നാളിന് തന്നെ ആയിരം റിയാൽ കടം വാങ്ങിയിരുന്നു അയാൾ എന്റെ നാട്ടുകാരൻ അല്ലാതിരുന്നിട്ടു പോലും ഞാൻ ചോദിച്ച ഉടനെ പണം തന്നു എല്ലാവരും കോരനെ പോലെ അല്ലല്ലോ പ്രവാസികളുടെ ഇടയിൽ ഉള്ള ഒരു നല്ല ശീലമാണ് ഈ പരസ്പര സാമ്പത്തികസഹായം വീടുപണിയും മക്കളുടെ കല്യാണവും ആശുപത്രി ചിലവും എല്ലാം പലരും പരസ്പരം കടം കൊടുത്തും വാങ്ങിയും ഒക്കെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്
കുറി കിട്ടിയ ഉടനെ അയാളിൽ നിന്നു വാങ്ങിയ ആയിരം റിയാൽ കൊടുത്തു ആ പണം നേരത്തെ കിട്ടിയതുകൊണ്ടാണ് പെരുന്നാളിന് നാട്ടിലേക്ക് വിചാരിച്ചപോലെ പണമയക്കാൻ സാധിച്ചത് ബാക്കിയുള്ള പണം എല്ലാംകൂടി 18000 രൂപ നാട്ടിലേക്ക് അയച്ചു പതിനായിരം രൂപ സുഹൃത്തായ മൊയ്തീന് കടമായി നൽകാനായിരുന്നു അവന്റെ ഭാര്യയുടെ പ്രസവം ആണെന്നും പണം വേണം എന്നും പറഞ്ഞിരുന്നു അങ്ങനെ കിട്ടിയ പണം മുഴുവൻ ഒരു വിധത്തിൽ പല വഴികളിൽ ആയി തിരിച്ചു 6000 റിയാൽ കിട്ടിയതിൽ ഇതുവരെ ഞാൻ അടച്ചു തീർത്തത് 2500 റിയാൽ ബാക്കി 3500 ഏഴു മാസങ്ങൾ കൂടി അഞ്ഞൂറ് റിയാൽ വീതം കൊടുത്തു തീർക്കണം വല്ല പ്രശ്നത്തിലും പെട്ട് നാട്ടിലേക്ക് പോകേണ്ടി വന്നാൽ കുറി നടത്താൻ അളിയനെ ഏൽപ്പിക്കാം കടം വീട്ടാതെ പണം അളിയാക്കാക്കു കടം കൊടുത്തതിൽ ഇങ്ങനെ ഒരു ഉദ്ദേശം കൂടിയുണ്ട് കഫീലും വീട്ടുകാരും വളരെ നല്ലവരായതുകൊണ്ട് നാട്ടിൽ പോക്ക് എപ്പോഴാണെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ല
കുറി കിട്ടി കഴിഞ്ഞപ്പോൾ തന്നെ സാമ്പത്തികമായി അല്പം ആശ്വാസം കിട്ടി അതു പോലെ നോമ്പും പെരുന്നാളും കഴിഞ്ഞതോടെ ഓട്ടത്തിലും ചെറിയ കുറവുണ്ടെന്ന് തോന്നുന്നു മിക്ക ദിവസങ്ങളിലും രാവിലെ മാഡത്തെ ഓഫീസിൽ വിട്ടു വന്നാൽ പിന്നെ വൈകുന്നേരം തിരിച്ചു കൊണ്ടു വരുന്നത് വരെ ഒഴിവായിരിന്നു എനിക്ക് സ്ഥിരമായി സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന വഴക്കിനു മാത്രം ഒരു കുറവും കണ്ടില്ല അത് കാരണത്തിനും അല്ലാതെയും നന്നായി കിട്ടിക്കൊണ്ടിരുന്നു മാഡവും വീട്ടുകാരോ അനിയത്തിയോ തമ്മിൽ പിണങ്ങിയാലും വഴക്കു കേൾക്കുന്നത് ഡ്രൈവറായ എനിക്കാണ് സ്ഥിരമായി കൊണ്ടാക്കുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്ന മാഡത്തിന്റെ അനിയത്തിയെ ഞാൻ ഒരിക്കൽ വീട്ടിൽ കൊണ്ടുവന്ന് ആക്കുന്ന സമയത്ത് മാഡത്തിന്റെ വിളിവന്നു
താൻ എവിടെയാണ്
ഞാൻ അനിയത്തിയെ കൊണ്ടാക്കുക യാണ്
ആരാണ് തന്നോട് അവിടെ പോകാൻ പറഞ്ഞത്
ആരും പറഞ്ഞില്ല സ്ഥിരമായി പോകുന്നതല്ലേ ഇന്നും താൻ വിളിച്ചല്ലേ അവളെ കൊണ്ടാക്കാൻ പറഞ്ഞത്
ഞാൻ പറഞ്ഞത് കൊണ്ടാക്കുവാനല്ലേ തിരിച്ചുകൊണ്ടുവരാൻ പറഞ്ഞില്ലല്ലോ ഞാൻ പറയാതെ വണ്ടി തൊട്ടുപോകരുത് ഞാനാണ് നിനക്ക് ശമ്പളം തരുന്നത്
ഇങ്ങനെ അവൾ പലതും പറഞ്ഞുകൊണ്ടിരുന്നു വൈകുന്നേരം അവളുടെ ഓഫീസിൽ നിന്നും തിരിച്ചു വീട്ടിൽ എത്തുന്നതു വരെയും ഞാൻ വഴക്കു കേട്ടു അനിയത്തിയും അവളും തമ്മിൽ പിണക്കത്തിൽ ആയിട്ടുണ്ട് അത് ഞാൻ അറിയില്ലല്ലോ ഇല്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി ഇനി അവളുടെ ഓട്ടം പോകേണ്ട എന്ന് ഈ വക കാര്യങ്ങളൊന്നും ഞാൻ പറഞ്ഞില്ല എല്ലാം തലകുലുക്കി സമ്മതിച്ചു 'തിരുവായ്ക്ക് എതിർവാ' പാടില്ല എന്നാണല്ലോ കഫീലിന്റെ കൽപ്പന. ജൂലൈ ഇരുപതാം തീയതി രാവിലെ ഞാൻ വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു തലേന്ന് രാത്രി ലൈനിൽ വള്ളം വന്നതുകൊണ്ട് ഇന്ന് എല്ലാവരും അലക്കുന്ന ദിവസമാകും കുറച്ചുകഴിഞ്ഞാൽ കുളിമുറിയിലും മറ്റും ആളുകൾ നിറയും അതുകൊണ്ട് രാവിലെ നിസ്കാരം കഴിഞ്ഞു വന്ന ഉടനെ അലക്കാൻ തുടങ്ങിയതാണ് ഉടനെ മാഡത്തിന്റെ വിളിവന്നു 7 മണിക്ക് അവളുടെ വീടിനു മുന്നിൽ ചെല്ലുന്നതിനു മുമ്പായി കടയിൽ നിന്നും സാൻവിച്ച് വാങ്ങി കൈയിൽ കരുതാൻ പറഞ്ഞു
ഒരു നിമിഷം ചിന്തിച്ചു നിന്നെങ്കിലും അലക്കാൻ നിൽക്കാതെ ഞാൻ ഉടനെ വസ്ത്രം മാറി പുറപ്പെട്ടു സ്ഥിരമായി കുടിക്കാറുള്ള ഒരു ചായയും അന്നു വേണ്ട എന്ന് വച്ചു വണ്ടിയുടെ അടുത്ത് എത്തുന്നതിനു മുമ്പായി അടുത്ത വിളി വന്നു വീട്ടിൽ നിന്നും പുറപ്പെട്ടു വണ്ടി എടുക്കാൻ തുടങ്ങുകയാണെന്ന് ഞാൻ പറഞ്ഞെങ്കിലും മറുതലക്കൽ അപ്പോഴേക്കും ഇടിയും മിന്നലും തുടങ്ങിയിരുന്നു 'എനിക്കൊന്നും അറിയേണ്ട ഏഴുമണിക്ക് എന്റെ വീടിനു താഴെ നീ ഉണ്ടാവണം തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ എന്റെ ജോലിക്ക് പോവൽ വൈകാൻ പാടില്ല' വണ്ടിയുമെടുത്ത് ഞാൻ കടയിലേക്ക് പറക്കുകയായിരുന്നു സാൻവിച്ച് വാങ്ങി മാഡത്തിന്റെ വീട്ടിലേക്കുള്ള റോഡിലൂടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കെത്തന്നെ അവളുടെ ഫോണിലേക്ക് ഞാൻ വിളിച്ചു ഞാൻ താഴെ എത്താറായി എന്ന് അറിയിക്കാൻ വേണ്ടി. വീടിന്റെ കുറച്ചു മുൻപിലായി ഒരു വളവുണ്ട് അവിടെ നിന്നും ഞാൻ സ്പീഡ് കുറക്കാതെ തന്നെ മുൻപിലെ റോഡിലേക്ക് കയറി എന്റെ നോട്ടം ഫോണിലേക്ക് ആയതുകൊണ്ട് ഞാൻ വണ്ടി ഓടിച്ചത് ആ റോഡിലൂടെ സാവധാനം വന്നുകൊണ്ടിരുന്ന മറ്റൊരു വണ്ടിയുടെ മുന്നിലേക്ക് ആയിരുന്നു രണ്ടു വണ്ടികളും വലിയ ശബ്ദത്തിൽ ബ്രേക്ക് ചവിട്ടി നിന്നു ഭാഗ്യത്തിന് തമ്മിൽ കൂട്ടിയിടിച്ചില്ല
ആ വണ്ടിയിൽ 2 സ്വദേശി ചെറുപ്പക്കാരായിരുന്നു ഞാനുടനെ ഗ്ലാസ് താഴ്ത്തി 'ക്ഷമിക്കണം പറ്റിപ്പോയി ഞാൻ ഏതോ ഭ്രാന്തനായി ഓടിച്ചതാണ്' എന്നു പറഞ്ഞു കുഴപ്പമില്ല എന്നും പറഞ്ഞു എന്നോടു കൈവീശിക്കാണിച്ച് അവരു പോയി പരസ്പരം സംഭവിക്കുന്ന തെറ്റുകൾ ഇവിടെ ഇത്രയേ ഉള്ളൂ ആരെങ്കിലും ഒരാൾ ക്ഷമ പറയാൻ മനസ്സു കാണിച്ചാൽ എത്ര വലിയ തെറ്റും മറ്റുള്ളവർ പൊറുക്കും വണ്ടികൾ തമ്മിൽ ഇടിച്ചാലും നാട്ടിലെപ്പോലെ തന്തയ്ക്ക് വിളയും റോഡിൽ വെച്ചുള്ള തമ്മിൽ തല്ലും ഒന്നുമില്ല ട്രാഫിക് പോലീസിനെയോ ഇൻഷൂറൻസ് ഏജന്റിനെയോ വിളിച്ചു നിയമപരമായി സ്വീകരിക്കേണ്ട പേപ്പറുകൾ ശരിയാക്കി പരസ്പരം സലാം പറഞ്ഞു പിരിയും ഇനി പോലീസുകാരുടെ ഭാഗത്ത് നിന്നാണെങ്കിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമാണ് നമ്മൾ അവരെ കാണുമ്പോഴേക്ക് ബഹുമാനിക്കണമെന്നോ അവരുടെ വാഹനത്തിനെ മറികടക്കാൻ പാടില്ലെന്നോ ഒന്നുമില്ല
ഒരിക്കൽ എന്റെ വണ്ടി ഒരു ഹൈവേയിൽ തുരങ്കത്തിനുള്ളിൽ വച്ച് കേടുവന്നു മറ്റു വണ്ടികൾ ചീറിപ്പാഞ്ഞു കൊണ്ടിരുന്നു വണ്ടിയിൽ മാഡവും കുട്ടികളുമുണ്ട് ഞാനുടനെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി എന്റെ കാറിന്റെ അല്പം പിന്നിൽ വെച്ച് തന്നെ മറ്റു കാറുകൾക്ക് ഒഴിഞ്ഞു പോകാനുള്ള സിഗ്നൽ കൊടുത്തു ഒന്നുരണ്ട് സൗദി ചെറുപ്പക്കാർ അവരുടെ വണ്ടി ഒഴിച്ചു കൊണ്ടുപോയി നിർത്തി എന്നെ സഹായിക്കാനായി നടന്നു വന്നപ്പോഴേക്കും പിറകിൽ പോലീസ് എത്തി ഞാൻ കാര്യം പറഞ്ഞു എന്നോട് എന്റെ വണ്ടിയിൽ കയറി ഇരിക്കാൻ പറഞ്ഞു എന്നിട്ട് പോലീസുകാരന്റെ വണ്ടി കൊണ്ട് എന്റെ വണ്ടിയുടെ പിറകിൽ പതിയെ ഇടിച്ചു തള്ളി മുന്നോട്ടു നീക്കി കുറച്ചുദൂരം ചെന്നപ്പോൾ തുരങ്കത്തിനു പുറത്ത് ഞാൻ വണ്ടി ഒതുക്കി നിർത്തി ഞാൻ പോലീസുകാരനോട് നന്ദി പറഞ്ഞു അയാൾ കൈ വീശിക്കാണിച്ച് വണ്ടി ഓടിച്ചു പോയി
ഈ സ്വഭാവവും സാധാരണ ജനങ്ങളെ മനുഷ്യരായി കാണാനുള്ള കഴിവും കേരള പോലീസിന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചു പോകാറുണ്ട് ഒരിക്കൽ നാട്ടിൽ വെച്ച് പോലീസ് വണ്ടിയുടെ പിറകിൽ ഓട്ടോ ഓടിച്ചു പോയി കൊണ്ടിരിക്കുമ്പോൾ പോലീസുകാരുടെ വണ്ടിക്ക് ഞാൻ വിലങ്ങുവച്ചു എന്നും പറഞ്ഞു എന്നെ ചാർജ് ചെയ്തു അന്ന് എസ്.ഐ പറഞ്ഞത് 'എല്ലാവരും പോലീസുകാരുടെ വണ്ടി കാണുമ്പോൾ ഒഴിഞ്ഞു പോവാറാണ് പതിവ് താൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തേക്ക് വന്നില്ലേ' എന്നാണ് ഇതാണ് നാട്ടിലെ പോലീസുകാരുടെ ചിന്താഗതി അവരെ എല്ലാവരും പേടിക്കണം അവർക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും തെറ്റിക്കാനും ഒക്കെയാണ് നമ്മുടെ നാട്ടിലെ നിയമങ്ങൾ അപൂർവ്വമായിട്ടാണെങ്കിലും മനസ്സാക്ഷിയുള്ള നല്ല പോലീസുകാരും നാട്ടിലുണ്ട് പക്ഷേ എന്റെ നാടായ കരുവാരകുണ്ട് സ്റ്റേഷനിലെ പോലീസുകാർ എന്നോട് പെരുമാറിയിരുന്നത് ഏതോ കൊടും ഭീകരനോട് എന്ന പോലെയാണ് എന്നാൽ വിദേശത്ത് വന്നപ്പോൾ പോലീസുകാർ എന്നോട് പെരുമാറുന്നത് ഒരു മനുഷ്യനോട് എന്ന പോലെയാണ്
നാട്ടിലെ പോലീസുകാർക്ക് എന്നെ ഒരു ചെറിയ കേസിലെങ്കിലും സ്റ്റേഷനിൽ കിട്ടിയാൽ അവരെന്നെ പാഠം പഠിപ്പിക്കുമായിരുന്നു അത്രക്കുണ്ട് അവർക്ക് എന്നോടുള്ള ദേഷ്യം എന്റെ ഭാഗ്യത്തിന് ഞാൻ ഇതുവരെ ഒരു കേസിലും പെട്ടിട്ടില്ല പോലീസുമായി ഇടപഴകേണ്ടി വന്നത് വണ്ടി ഓടിക്കുന്നതിനിടയിലെ ചെക്കിങ്ങിലും പാസ്പോർട്ട് സംബന്ധമായി ട്ടും മാത്രം ഏതു വിഷയത്തിലും എല്ലാ രേഖകളും ശരിയാക്കിയവൻ ആയതുകൊണ്ടും ഒരു ചില്ലിക്കാശുപോലും കൈക്കൂലി കൊടുക്കാത്തവൻ ആയതുകൊണ്ടും 'അടിയനേമാനേ' എന്ന പേടിയില്ലാതെ ന്യായം പറയുന്നവൻ ആയതുകൊണ്ടും എന്നോട് എന്റെ നാട്ടിലെ പോലീസുകാർക്ക് ഭയങ്കര സ്നേഹമാണ്
കൺ മുന്നിൽ വന്ന അപകടം ഒഴിഞ്ഞു പോയതിന് പടച്ചവനെ സ്തുതിച്ചു കൊണ്ട് ഞാൻ മാഡത്തിന്റെ വീടിനു മുന്നിലെത്തി 7 മണിക്ക് ഒരു മിനുട്ട് ബാക്കി നിൽക്കെയായിരുന്നു അത് അവൾ വണ്ടിയിൽ കയറി സാൻവിച്ച് തിന്നാൻ തുടങ്ങി തിന്നുന്നത് അവൾ ആണെങ്കിലും വയറ് നിറഞ്ഞത് എനിക്കായിരുന്നു അതിരാവിലെ ഇത്ര പറയാൻ വേണ്ടി ഞാൻ ഒന്നും ചെയ്തില്ല സാധാരണ എത്താറുള്ള അതേസമയത്തുതന്നെ എത്തിയിട്ടുമുണ്ട് പക്ഷേ ഞാൻ കേൾക്കേണ്ടതും അനുഭവിക്കേണ്ടതും ഒക്കെ ഞാൻ തന്നെ കേൾക്കുകയും അനുഭവിക്കുകയും വേണമല്ലോ ഒരു പരിധി കഴിഞ്ഞാൽ പിന്നെ എത്ര കേട്ടാലും അനുഭവിച്ചാലും ഒന്നും ഒരു പ്രശ്നമല്ലാതെ ആയി മാറും
സാഹചര്യങ്ങൾ എന്നെ എത്രത്തോളം മാറ്റിയിട്ടുണ്ട് എന്ന് , അന്ന് വണ്ടി ഇടിക്കാൻ വേണ്ടി പോയപ്പോഴാണ് ഞാൻ ശരിക്കും ചിന്തിച്ചത് ഒരു വല്ലാത്ത പേടി എന്നെ എപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു എന്റെ മൊബൈലിന്റെ റിംഗ് ടോൺ എവിടെ കേട്ടാലും എനിക്കു പേടിയായിരുന്നു കേൾക്കാൻ പോകുന്ന വഴക്കും ചോദ്യങ്ങളും ഒക്കെ എനിക്ക് പേടിയായി മാറിയിരിക്കുന്നു ചെറുപ്പത്തിൽ വല്ല പ്രശ്നങ്ങളിലും പെട്ട് അത് വീട്ടുകാർ അറിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എന്നെ കുറിച്ച് സംശയം ഉണ്ടാവാൻ ഉള്ള എല്ലാ സാഹചര്യങ്ങളും ഞാൻ ഒഴിവാക്കാൻ ശ്രമിച്ചു അവരുടെ വിളി വന്നാൽ പിന്നെ ഞാൻ വെടി കൊണ്ട പന്നിയെ പോലെയാകും ഭക്ഷണം കഴിക്കുകയോ കുളിമുറിയിലോ കക്കൂസിലോ ഒക്കെയാണെങ്കിലും അതെല്ലാം വിട്ട് ഞാൻ ഓടും എങ്ങനെയും അവർ വിളിച്ച സ്ഥലത്തേക്ക് എത്തണം തുടർന്നുവരുന്ന വിളികൾക്ക് തൃപ്തികരമായി മറുപടി കൊടുക്കാൻ കഴിയണം അതിനുവേണ്ടി നിസ്കരിക്കാൻ പള്ളിയിൽ കയറിയ അവസരത്തിൽ പോലും ഞാൻ നിസ്കരിക്കാൻ നിൽക്കാതെ ഇറങ്ങിപ്പോന്നു
അല്ലാഹുവിനെക്കാൾ വലുത് എനിക്ക് അവര് ആയതുകൊണ്ടോ നിസ്കാരത്തെക്കാൾ പ്രധാനം എന്റെ ജോലിക്ക് ആയതുകൊണ്ടോ അല്ല നിസ്കരിച്ചിട്ട് വരാം എന്നു പറഞ്ഞാൽ അത് പൂർത്തിയാകുന്നതിനുമുമ്പ് ചുരുങ്ങിയത് മൂന്നു തവണയെങ്കിലും വിളിക്കും എങ്ങനെയെങ്കിലും നിസ്ക്കാരം മുഴുമിച്ചു ചെന്നാലോ പിന്നെ വഴക്കിന്റെ പൂരം ആകും 'താൻ തറാവീഹ് ആണോ നിസ്കരിച്ചത് താനവിടെ എന്തെടുക്കുകയായിരുന്നു' എന്നൊക്കെ ഇങ്ങനെയൊക്കെ കേൾക്കും എന്നറിയാവുന്നതുകൊണ്ട് അവരുടെ വിളി വന്നതിനുശേഷം നിസ്കരിക്കാൻ നിന്നാൽ എനിക്കും മനസ്സിന്ന് ഒരു സ്വസ്ഥതയോ നിസ്കാരത്തിൽ ശ്രദ്ധയോ കിട്ടില്ല അതുകൊണ്ട് ഓടാനുള്ള ഓട്ടം കഴിഞ്ഞ് ചെന്നുപെടുന്ന ഏതൊരു സ്ഥലത്തുനിന്നും നിസ്കാരത്തിന്റെ സമയം തെറ്റുന്നതിന്റെ മുമ്പായി മനസ്സമാധാനത്തോടെ ഞാൻ നിസ്കരിക്കലാണ് പതിവ്
ഒരു ഡ്രൈവർ എന്ന നിലയിൽ ഇവിടെ വണ്ടി ഓടിക്കുമ്പോൾ എനിക്ക് മുൻപ് പല നല്ല ശീലങ്ങളും ഉണ്ടായിരുന്നു ആരെങ്കിലും മുൻപിലോ ഇടയിലോ കയറാൻ ശ്രമിച്ചാൽ ക്ഷമയോടെ അതിനു സമ്മതിച്ചു പരമാവധി റോഡിൽ പ്രശ്നങ്ങൾ ഒഴിവാക്കുക എന്നത് ഇവിടെയുള്ള ഒരു നല്ല ശീലമാണ് മറ്റുള്ള ഡ്രൈവർമാരുടെ കയ്യിൽ നിന്നും സംഭവിക്കുന്ന പല തെറ്റുകളും ക്ഷമിക്കുന്നത് ഇവിടെയുള്ള മറ്റു പല ഡ്രൈവർമാരെയും പോലെ എന്റേയും ശീലമായിരുന്നു ഇവരുടെ കൂടെ കൂടിയതിൽ പിന്നെ ആ നല്ല ശീലങ്ങൾ ഒക്കെ എനിക്കെപ്പോയോ കൈമോശം വന്നിരിക്കുന്നു അവൾ വണ്ടിയിൽ ഉണ്ടെങ്കിൽ ആർക്കും ഒരു സെക്കന്റ് ക്ഷമിച്ചു കൊടുക്കാൻ അവർ അനുവദിക്കില്ല 'ഹോൺ അടിക്ക് മുന്നോട്ടെടുക്ക് അവനെ ഇടയിൽ കയറാൻ അനുവദിക്കരുത്' എന്നൊക്കെ അവൾ പുറകിലിരുന്നു പറഞ്ഞു എന്നെ ബുദ്ധിമുട്ടാകും ഞാൻ സ്വന്തമായിട്ട് ഓട്ടം പോകുന്ന സമയത്താണെങ്കിൽ നേരം വൈകിയാൽ എനിക്ക് കേൾക്കേണ്ടിവരുന്ന അഭിനന്ദനങ്ങളുടെ പ്രവാഹം ഓർത്ത് ഞാൻ എവിടെയും തിക്കിത്തിരക്കാനും റോഡിലെ മര്യാദ തെറ്റിക്കാനും എല്ലാവരെയും വെറുപ്പിക്കാനും തുടങ്ങും
ഓട്ടമില്ലാതെ ഞാൻ റൂമിലിരിക്കുന്ന സമയത്തും രാത്രി ഉറങ്ങുന്ന സമയത്തും ഒക്കെ ഞാൻ അവരുടെ വിളിയും പ്രതീക്ഷിച്ചിരുന്നു ചില ഹൗസ് ഡ്രൈവർമാർ രാത്രി പത്തുമണിയോ 11 മണിയോ കഴിഞ്ഞാൽ ഓട്ടം പോവില്ല എന്ന് വാശിപിടിച്ചു സമ്മതം നേടിയെടുത്തത് ഒഴിച്ചാൽ ബാക്കിയുള്ള മുഴുവൻ എന്നെ പോലെ ഏതു സമയത്തും ഓട്ടം പോകാൻ തയ്യാറായി ഇരിക്കുന്നവരാണ് അർധരാത്രി ഒരുമണിക്കും രണ്ടുമണിക്കും പുലർച്ചെ നാലിനും അഞ്ചിനും ഒക്കെ എന്റെ മൊബൈൽ ശബ്ദിക്കുമായിരുന്നു അപ്പോഴൊക്കെ ഒരു മടിയും കൂടാതെ ഞാനെന്റെ ജോലി തുടർന്നു റൂമിൽ ആയിരിക്കുന്ന സമയത്ത് ഞാൻ പുറത്തേക്കിറങ്ങുന്നത് നിസ്കാരത്തിന്റെ സമയത്ത് പള്ളിയിലേക്കു മാത്രമായിരുന്നു മറ്റെവിടെയും പോകില്ല പോയാൽ ആ സമയത്ത് ഓട്ടം വന്നാൽ നേരം വൈകുകയും അതിന് ഞാൻ വഴക്കു കേൾക്കുകയും വേണ്ടിവരും
ഒരിക്കൽ റൂമിന്റെ തൊട്ടടുത്തുള്ള ഒരു കടയെ കുറിച്ച് കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു റൂമിലെ ഒരുത്തൻ അന്ന് എന്നോട് ചോദിച്ചത് 'താൻ ഈ റൂമിൽ വന്നിട്ട് ആറോ എട്ടോ മാസമായിട്ടും ഇതിനു പുറകിലെ റോഡിലുള്ള കടകൾ താൻ കണ്ടിട്ടില്ലെ' എന്നാണ് അത് അവൻ കളിയാക്കി ചോദിച്ചതാണെന്ന് എനിക്കു മനസ്സിലായി ഞാൻ ഒന്നും മിണ്ടിയില്ല കേരളം മുതൽ ജമ്മു കാശ്മീർ വരെ ഒറ്റയ്ക്ക് യാത്ര ചെയ്ത ആളാണ് അവന്റെ മുന്നിൽ ഇരിക്കുന്നത് എന്ന് അവൻ അറിയുന്നില്ലല്ലോ സാഹചര്യങ്ങളാണ് ആരെയും മാറ്റുന്നത് എന്റെ കാര്യത്തിലും മറിച്ചല്ല എന്തിന് ഇത്രത്തോളം അടിമപ്പണം എന്നു ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്റെ കാര്യങ്ങൾ അറിയാവുന്ന ആരും എന്നെ മാത്രമേ കുറ്റപ്പെടുത്തൂ എല്ലാത്തിനും പ്രതികരണമില്ലാതെ മൗനസമ്മതം കൊടുത്തിട്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട് അത് എനിക്കും അറിയാവുന്ന കാര്യമാണ് എന്നിട്ടും ഞാൻ ഇതിനൊക്കെ നിന്നുകൊടുക്കുന്നതിന് എനിക്ക് എന്റേതായ ചില ന്യായങ്ങളുണ്ട് പ്രതികരിക്കാൻ നിന്നാൽ അവരുടെ സ്വഭാവം പിന്നെ ഇതിലും ക്രൂരമാകും അത് എനിക്ക് പലപ്പോഴും അനുഭവമാണല്ലോ പിന്നെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് അല്ലാതെ വീട്ടിലേക്ക് തിരിച്ചു ചെല്ലാൻ ഉള്ള മടിയും ഇതു രണ്ടുമാണ് ഏത് സാഹചര്യത്തിലും ഒന്നും മിണ്ടാതെ ക്ഷമ എന്ന രണ്ടക്ഷരത്തിന് കീഴിൽ എന്നെ തളച്ചിടുന്ന വസ്തുത ക്ഷമിക്കുന്നവൻ എന്നും വിജയിച്ചിട്ടേ ഉള്ളൂ എന്ന പരമസത്യവും
ജൂലൈ 21 തീയതി വൈകിട്ട് 4 മുതൽ ഞാൻ മാഡത്തിന്റെ വീട്ടിൽ കാത്തുനിൽക്കാൻ തുടങ്ങിയതായിരുന്നു രാത്രി 9മണി ആയിട്ടുണ്ട് എന്റെ പേടി അവൾ ശരിക്കും മുതലെടുക്കുകയായിരുന്നു നീണ്ട മണിക്കൂറുകൾ കാത്തു കിടക്കൽ ഇപ്പോൾ ഒരു നിത്യസംഭവമായി ട്ടുണ്ട് തലേന്നത്തെ സംഭവങ്ങളും കൂട്ടുകാരുടെ നിരന്തരമായ ഉപദേശവും കാരണം ഭക്ഷണത്തിന് റൂമിൽ പോവാൻ എങ്കിലും സമ്മതം ചോദിക്കാൻ ഞാൻ തീരുമാനിച്ചു അടുത്തുള്ള സൂക്കിൽ പോയ മാഡത്തെ ഞാൻ വിളിച്ചു ഞാൻ റൂമിൽ പോയി ഭക്ഷണം കഴിച്ചു വരാം എന്നു പറഞ്ഞു എന്തിന് പതിനൊന്ന് മണിയായാൽ ഞങ്ങൾ ഇവിടുന്നു മടങ്ങും എന്നായിരുന്നു മറുപടി 9മണി അല്ലെ ആയുള്ളൂ ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം മൂന്നുമണിക്ക് റൂമിൽ നിന്നും ഇറങ്ങിയതാണ് എന്ന് ഞാനും പറഞ്ഞു അവസാനം മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു
12 മണി കഴിഞ്ഞാലും അവൾ സൂക്കിൽ നിന്നും ഇറങ്ങില്ലെന്നും ഇപ്പോൾ തന്ന ഈ സമ്മതത്തിന്ന് ഞാൻ വലിയ വില നൽകേണ്ടിവരുമെന്നും എനിക്കറിയാമായിരുന്നു വണ്ടിയുമെടുത്ത് ഞാൻ റൂമിലേക്ക് പോയി ഭക്ഷണം മുഴുവനായും തൊണ്ടയിൽനിന്ന് ഇറങ്ങുന്നതിന്റെ മുൻപ് തിരിച്ച് മാഡം നിൽക്കുന്ന സൂക്കിലേക്ക് തിരിച്ചു 11 മണിക്കു മുൻപായി അവിടെയെത്തി അരമണിക്കൂർ കഴിഞ്ഞപ്പോൾ മാടത്തിന്റെ വിളി വന്നു 'താൻ എവിടെയാണ് ' 'സൂക്കിൽ' 'ഏതു സൂക്കിൽ' ' താൻ നിൽക്കുന്ന അതേ സൂക്കിൽ ' 'എവിടെ ' 'പാർക്കിങ്ങിൽ ' ' എത്രാം നമ്പർ ഗേറ്റിനടുത്ത് ' 'മൂന്നാം നമ്പർ' ഫോൺ കട്ടായി അവൾ ഇറങ്ങാൻ ആയിട്ടില്ല ഞാൻ വന്നിട്ടുണ്ടോ എന്നും പറയുന്നത് സത്യമാണോ എന്നും നോക്കുകയാണ് പന്ത്രണ്ടര മണി ആയപ്പോൾ വണ്ടിയുമായി മൂന്നാം നമ്പർ ഗേറ്റിന് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു വണ്ടിയിലേക്ക് വന്ന അവൾ വാതിൽ തുറന്നു പിടിച്ച് പുറത്തു തന്നെ നിന്നു എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി
നാസർ താൻ വണ്ടിയിൽ എ സി ഇട്ട് ഇരുന്നിരുന്നില്ലേ
ഇല്ല നീ വിളിച്ചപ്പോഴാണ് വണ്ടിയും ഏസിയും ഓൺ ആക്കിയത്
സത്യത്തിൽ അതൊരു നുണയായിരുന്നു ഞാൻ അല്പനേരം വണ്ടിയിൽ തന്നെയായിരുന്നു ഇരുന്നിരുന്നത് വണ്ടിയുടെ ഉൾഭാഗത്ത് തൊട്ടു നോക്കി അവൾ വീണ്ടും അലറി
ഇവിടെയൊക്കെ തണുത്ത കിടക്കുന്നു സത്യം പറ നീ വണ്ടിയിലല്ലേ ഇരുന്നിരുന്നത്
ഞാൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി അവൾക്കരികിലേക്ക് ചെന്നു കണ്ണുകൾ മാത്രം പുറത്തുകാണിച്ച് മുഖം മറച്ചിരുന്ന അവൾ എന്റെ മുഖത്തേക്ക് നോക്കി ആ കണ്ണുകൾ മാത്രം മതിയായിരുന്നു എന്നെ കരിച്ചു കളയാൻ എന്റെ തോളിനു താഴെ ഉയരമേ അവൾക്കുള്ളൂ എന്റെ മുഖത്തേക്കു നോക്കണമെങ്കിൽ മരത്തിന്റെ മുകളിലേക്കു നോക്കുന്ന പോലെ നോക്കണം വണ്ടിക്കുള്ളിലെ ചില സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ച് അവൾ എന്നോട് കയർത്തു കൊണ്ടിരുന്നു 'അത് ഇന്നു ഞാൻ വണ്ടി അകവും പുറവുമൊക്കെ കഴുകിയിരുന്നു അപ്പോൾ വെള്ളം ആയതാവാം' എന്നൊക്കെ ഞാൻ തലയും താഴ്ത്തി നിന്നു പറഞ്ഞുകൊണ്ടിരുന്നു
എങ്കിൽ വള്ളാഹി ( അല്ലാഹുവിനെ തന്നെയാണ് സത്യം) എന്നു പറ
വള്ളാഹി
അങ്ങനെയല്ല ഞാൻ വണ്ടിയിൽ എ സി ഇട്ട് ഇരുന്നിട്ടില്ല വള്ളാഹി എന്നു പറ
എന്റെ അപ്പോഴത്തെ സാഹചര്യത്തിന് ഞാൻ തട്ടിയും മുട്ടിയും അങ്ങനെയും പറഞ്ഞുകൊടുത്തു ഇന്ന് ഞാൻ ഭക്ഷണം കഴിക്കാൻ റൂമിലേക്ക് പോയ തിനുള്ള പ്രതികാരമാണ് എന്ന് എനിക്ക് മനസ്സിലായി വണ്ടിയുടെ വെളിയിൽ വെച്ച് ഒരുപാട് നേരം അവൾ എന്നെ ചോദ്യം ചെയ്തും സത്യം ചെയ്യിപ്പിച്ചും കൊണ്ടിരുന്നു അടുത്തുള്ള ആളുകളൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്റെ പരന്ന കൈപ്പത്തി വീശി അവളുടെ ചെവി അടക്കി ഒന്ന് കൊടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല പിന്നെ എന്തിനാ വെറുതെ ജീവിതം മുഴുവൻ സൗദി അറേബ്യയിലെ ജയിലിൽ തീർക്കുന്നത് എന്നു കരുതി ഞാൻ ക്ഷമിക്കുകയായിരുന്നു 29 കാരനായ ഒരു യുവാവായ എന്നെ, എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സിന് കുറഞ്ഞ അവൾ അത്രയും ആളുകൾ കേൾക്കെ ശരിക്കും അപമാനിക്കുകയായിരുന്നു
ഇവിടുത്തെ രീതികളെ കുറിച്ച് ചിന്തിച്ചാൽ 29 കാരനായ യുവാവ് എന്നതൊക്കെ വെറും നിസ്സാരം ഉപ്പയുടെയും ഉപ്പുപ്പയുടെയും ഒക്കെ പ്രായമുള്ള വിദേശി ഡ്രൈവർമാരെ കൊണ്ട് ചില സൗദി സ്ത്രീകൾ ചെയ്യിക്കുന്ന വേലകൾ കണ്ടാൽ സങ്കടം തോന്നും നമ്മുടെ നാട്ടിലെ പള്ളികളിലെ ഇമാമുമാരെകാൾ നീളത്തിലുള്ള നരച്ച താടിയുള്ള അറുപതും എഴുപതും കഴിഞ്ഞ ഇന്ത്യനും പാകിസ്താനിയും ബംഗാളിയും ഒക്കെയായ ഡ്രൈവർമാരെ കൊണ്ട് തങ്ങളുടെ ഉന്തുവണ്ടി ഉന്തിക്കുന്നു ഒരു ചെറിയ കവർ ആണ് കയ്യിൽ ഉള്ളതെങ്കിലും ഡ്രൈവറെ കാണുമ്പോഴേക്ക് അത് അവരെ കൊണ്ടു ചുമപ്പിക്കുന്നു ചില സ്ത്രീകൾക്ക് വണ്ടി നിർത്തി ഡ്രൈവർ വന്നു ഡോർ തുറന്നു കൊടുക്കാതെ ഇറങ്ങുകയില്ല അതുപോലെയുള്ള ഒരുപാട് പ്രായമായ ഡ്രൈവർമാരെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് അവരുടെ കണ്ണുകളിലേക്കു ഞാൻ സൂക്ഷിച്ചു നോക്കാറുണ്ട് ഇനിയും തീരാത്ത കടങ്ങളോ കുടുംബത്തിലെ പ്രാരാബ്ധങ്ങളോ കെട്ടി ക്കുവാനുള്ള പെൺമക്കളോ ഒക്കെ ആയിരിക്കാം ജീവിത സായാഹ്നത്തിലും ഈ അന്യനാട്ടിൽ കിടന്നു കഷ്ടപ്പാടും അവഗണനകൾ ഏറ്റുവാങ്ങാൻ അവരെ പ്രേരിപ്പിക്കുന്നത്
അന്നത്തെ സംഭവത്തോടെ ഭക്ഷണം കഴിക്കാൻ വേണ്ടി റൂമിൽ പോവാൻ സമ്മതം ചോദിക്കൽ ഞാൻ നിർത്തി ഇനിയും തുടർന്നാൽ ഒരു പക്ഷെ അവളെന്നെ സത്യം ചെയ്യിക്കാൻ വല്ല ദർഗയിലും കൊണ്ടുപോകും ഞാനെന്റെ പഴയ അടിമപ്പെടലിലേക്ക് തന്നെ മടങ്ങിപ്പോയി ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടത് ആണെന്ന സത്യം ഞാൻ വീണ്ടും വീണ്ടും മനസ്സിലാക്കി ഇനിമുതൽ ജോലിക്കിടയിൽ എന്ത് കഷ്ടപ്പാടുകൾ നേരിട്ടാലും ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ആയ എന്റെ ഒരു ആവശ്യത്തിനും ഞാൻ അവളുടെ മുന്നിൽ കൈ നീട്ടില്ല അവൾക്കും അത് തന്നെയായിരുന്നു ആവശ്യം ഒരു പ്രവാസി ആദ്യമായി മനസ്സിലാക്കേണ്ട പാഠവും അതാണ് നാട്ടിലെ പോലെ തൊഴിലെടുക്കുന്നവന് അവകാശങ്ങൾ ഒന്നും ഇവിടെ ഇല്ല ആകെയുള്ളത് ജോലിയോടുള്ള കൂറും മുതലാളിമാരോടുള്ള കടമയും മാത്രം ആ പാഠം ഞാനെന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി
(തുടരും )

Abdul Nasar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot