നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

House Driver - Part 19

Image may contain: 1 person, text

ഹൗസ് ഡ്രൈവർ 'എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 19
ഈ വർഷം മുതൽ കഫീലിന്റെ രണ്ടു കുട്ടികളും ഒരെ മദ്രസയിൽ ആണ് പഠിക്കുന്നത് കഴിഞ്ഞ വർഷം എനിക്ക് മോനെ മാത്രമാണ് മദ്രസയിൽ കൊണ്ടുവിടാൻ ഉണ്ടായിരുന്നത് എന്നാൽ ഇത്തവണ രണ്ടുപേരെയും ഒരുമിച്ച് ഞാൻ തന്നെയാണ് കൊണ്ടുവിടുന്നതും തിരിച്ചെടുക്കുന്നതും അതുകൊണ്ടു തന്നെ പയ്യനുമായിട്ടുള്ള തനിച്ചുള്ള യാത്ര ഇത്തവണ ഇല്ല അത് എന്റെ ജോലിയിൽ കുറച്ചൊന്നുമല്ല ആശ്വാസമായത് സന എന്നാണ് കഫീലിന്റെ മകളുടെ പേര് മോന്റെ പേര് ഫർഹാൻ എന്നും സന അല്പം അഹങ്കാരിയാണ് പെണ്ണായിട്ട് സൗദിയിൽ ജനിച്ചത് തന്നെ അഹങ്കരിക്കാൻ കാരണമായല്ലോ മാത്രമല്ല ഇവിടത്തുകാർ വീടുകളിൽ പോലും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നത് പെൺകുട്ടികൾക്കാണ് അവർക്ക് ചെറുപ്പത്തിൽതന്നെ കൂട്ടുകാരികളോടൊത്ത് ഷോപ്പിലും മറ്റും കറങ്ങാൻ പോവാനും കൂട്ടുകാരികളുടെ വീടുകളിൽ പോയി താമസിക്കുവാനുമൊക്കെ സ്വാതന്ത്രം ഉണ്ട് ആൺ കുട്ടികളുടെ കാര്യമാണ് കഷ്ടം അവർക്ക് ഈ സൗകര്യങ്ങൾ ഒന്നും ഇല്ല സ്വന്തം കാര്യങ്ങൾ നോക്കാൻ ആവുന്നത് വരെ അവർ വീട്ടുകാർക്ക് ഒരു ഭാരം മാത്രമാണ്
ഇതിനെല്ലാം പുറമെ സനക്ക് അവളുടെ ഉമ്മയിൽ നിന്നും പാരമ്പര്യമായി കിട്ടിയ അഹങ്കാരവും പോരാത്തതിന് ആ കുഞ്ഞു മനസ്സിലേക്ക് മാഡത്തിൽ നിന്നും അഹങ്കാരത്തിന്റെ പല സ്വഭാവങ്ങളും പഠിപ്പിക്കുന്നുമുണ്ട് വല്ലിമ്മ ( കഫീലിന്റെ ഉമ്മ )വിളിച്ചാൽ പോകരുതെന്നും ഡ്രൈവറായ ഞാൻ അവർക്ക് വല്ലതും വാങ്ങി കൊടുക്കുന്നുണ്ടോ എന്ന് നോക്കണം എന്നൊക്കെയുള്ള മാഡത്തിന്റെ ഉപദേശങ്ങൾ അവൾ അതേ പടി അനുസരിച്ചു എന്നോടുള്ള അവളുടെ പെരുമാറ്റവും മറിച്ചല്ല മദ്രസയിൽ നിന്നും പുറത്തേക്കു വരുമ്പോൾ എന്നെ കാണുമ്പോഴേക്കും ബാഗ് അവിടെവച്ച് അധികാരത്തിൽ എന്നോട് പറയും നാസർ ബാഗ് വന്ന് പെട്ടെന്ന് എടുക്ക് ഒന്നു പോടീ ബാഗുമായി ഞാൻ നിൽക്കുന്നിടത്തു വന്നു എന്റെ കൈയ്യിൽ തന്നാൽ ഞാൻ എടുക്കാം അല്ലെങ്കിൽ അവിടെ വച്ചേയ്ക്ക് എന്റെ ഉറക്കെയുള്ള മറുപടി കേൾക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് ബാഗുമായി എന്റെ അടുത്തു വരും
അതുപോലെ പല സമയത്തും അവളെന്നോട് മുതലാളി ചമയാൻ വരും നാസർ എ സി ഓഫാക്ക് എണ്ണ തീരും അതെടുക്ക് ഇതെടുക്ക് അവിടെ നിന്നാൽ മതി ഇങ്ങോട്ട് വാ എന്നൊക്കെ അവൾ പറഞ്ഞു കൊണ്ടിരിക്കും ഒന്നിനും എന്നെ കിട്ടില്ല എന്ന് അറിയുമ്പോൾ അവൾ വഴിക്ക് വരും ഫർഹാന്റെ ക്ലാസ്സ് ഒരു മണിക്ക് തീരും അതു കഴിഞ്ഞ് അവൻ മദ്രസക്ക് അകത്തുതന്നെ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കേ രണ്ടരയോടെ ഞാൻ വന്നവനെ കൂട്ടി സനയുടെ ക്ലാസ്സിന്റെ അടുത്തേക്ക് ചെന്നു അവനെ അകത്തേക്ക് പറഞ്ഞു വിടും ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്ന ചെറിയ ക്ലാസ്സുകളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ വന്നത് സ്ത്രീകളാണെങ്കിൽ അവർക്ക് അകത്തുചെന്ന് കുട്ടികളെ കൊണ്ടു വരാം ആണുങ്ങളാണ് വന്നതെങ്കിൽ പുറത്തു കാത്തു നിന്ന് സമയമാവുമ്പോൾ ഒരു ജീവനക്കാരൻ മൈക്കിലൂടെ കുട്ടികളുടെ പേര് ചോദിച്ചു വിളിച്ചുപറയും കുട്ടികൾ പുറത്തു വരുന്നതു വരെ ആണുങ്ങൾ പുറത്തു കാത്തു നിൽക്കണം
രണ്ടു പേരെയും ഒരേ സമയത്ത് തിരിച്ചെടുക്കുന്നത് കൊണ്ട് ഫർഹാൻ തന്നെ പോയി അവന്റെ പെങ്ങളെ വിളിച്ചു കൊണ്ടു വരും വന്നു വണ്ടിയിൽ കയറിയാൽ പിന്നെ കളിയും ചിരിയുമായി ഭയങ്കര ബഹളമായിരിക്കും എന്നെ ഉപദ്രവിക്കാതെ അവർ എന്തു കളിയും കളിക്കട്ടെ എന്ന് വിചാരിച്ചു ഞാൻ അവരിലേക്ക് ശ്രദ്ധിക്കാതെ തിരക്കിലൂടെ കഷ്ടപ്പെട്ട് വണ്ടിയോടിച്ചു കൊണ്ടിരിക്കും മദ്രസയിൽ നിന്നും വീട്ടിലെത്താൻ സാധാരണയായി മുക്കാൽ മണിക്കൂർ നേരത്തെ ഓട്ടം വേണ്ടിവരും അതിൽ ആദ്യത്തെ കാൽമണിക്കൂർ അവരുടെ കളിയും ചിരിയും വിശേഷവും ഭക്ഷണവും മിഠായിയും പങ്കുവെയ്ക്കലും ഒക്കെ ആയിരിക്കും കളി പതിയെ കാര്യത്തിൽ എത്തി അടുത്ത കാൽമണിക്കൂർ അടിയായിരിക്കും അടി എന്നു പറഞ്ഞാൽ നാട്ടിലെ കുട്ടികളുടെ വികൃതി പോലെയല്ല അല്പം ശക്തി കൂടിയതാണ് മുഖത്തും തലക്കും ശക്തമായി അടിക്കുക ഷൂ ഊരി അതുകൊണ്ട് തലക്ക് അടിക്കുക തല പിടിച്ച് ഗ്ലാസിൽ മുട്ടിക്കുക മുടി പിടിച്ചു വലിക്കുക ഇങ്ങനെ മാരകമായ പ്രയോഗങ്ങളാണ്
എതിർത്തതു കൊണ്ടോ ഉപദേശിച്ചത് കൊണ്ടോ പ്രത്യേകിച്ച് ഫലം ഇല്ലാത്തതുകൊണ്ടും ഇത് സ്ഥിരമായി നടക്കാറുള്ളത് കൊണ്ടും ഞാൻ അതിനൊന്നും ഇടപെടാൻ പോകാറില്ല എല്ലാ സ്ഥലങ്ങളിലും സംഭവിക്കുന്നതുപോലെ ഇവിടെയും ആദ്യമായി പ്രശ്നങ്ങൾ തുടങ്ങുന്നതും അവസാനം മുതലും പലിശയും ചേർത്ത് കിട്ടുന്നതും ആൺ വിഭാഗത്തിന് തന്നെയാണ് 'സീബനീ യാ മരീള് '(എന്നെ വിടെടാ രോഗീ ) എന്ന സനയുടെ ശബ്ദം കേട്ട് ഞാൻ പിറകിലേക്ക് നോക്കുമ്പോൾ ഫർഹാൻ അവളുടെ മുടി പിടിച്ച് താഴ്ത്തി തലയിൽ കേറി ഇരിക്കുകയായിരിക്കും പിന്നീട് അവിടെ നടക്കുന്നത് ഒരു യുദ്ധം തന്നെയായിരിക്കും തടുക്കാൻ ആരുമില്ലാതെ പരസ്പരം തല്ലിത്തല്ലി മടുക്കുമ്പോൾ അവസാനം രണ്ടുപേരും രണ്ടു സ്ഥലങ്ങളായിരുന്നു അല്പം കരയും കരച്ചിലിനിടയിൽ ഞാൻ ഉമ്മയോടു പറയും നിന്നേ കാണിച്ചു തരാം നിന്നെ അള്ളാഹു കരിച്ചു കളയട്ടെ എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും
കരച്ചിലും പിഴിച്ചിലും ആയി അടുത്ത കാൽമണിക്കൂർ കഴിയുന്നതോടെ വീടെത്തും വണ്ടിയിൽ നിന്നിറങ്ങുന്ന ഫർഹാനെ കണ്ടാൽ പട കഴിഞ്ഞു വരുന്ന പടയാളികളെ പോലെ ആയിരിക്കും ഷൂ ഒരു കൈയിൽ സോക്സ് ഒന്ന് കൈയിൽ മറ്റേത് കാലിൽ ടീഷർട്ട് അല്പം ട്രൗസറിനു അകത്ത് ബാക്കി പുറത്ത് മുടിയൊക്കെ പാറിപ്പറന്ന് മുഖത്ത് കണ്ണീരു വീണു വീർത്ത് കണ്ണുകൾ കലങ്ങി അങ്ങനെ പാവം പെങ്ങളുടെ കൈയ്യിൽ നിന്നും അവനു കണക്കിന് കിട്ടിയിട്ടുണ്ടാവും ചില ദിവസങ്ങളിൽ അടി കഴിഞ്ഞു വീടെത്തുന്നതിന് മുമ്പായി അവർ തമ്മിൽ പിണക്കമൊക്കെ മാറി ഒരു രമ്യതയിൽ എത്തിയിട്ടുണ്ടാകും ഇവരുടെ ഇണക്കവും പിണക്കവും അടിയും ഒക്കെ കാണുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലമാണ് ഓർക്കാറുള്ളത് ഏതു നാട്ടിലായാലും സഹോദരങ്ങൾ തമ്മിൽ ചെറുപ്രായത്തിലേ അവസ്ഥ ഇതു പോലെ തന്നെയായിരിക്കും എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സിനു മൂത്ത എന്റെ പെങ്ങൾ ആയിരുന്നു ചെറുപ്പത്തിൽ എന്റെ കൂട്ട്
കേരളത്തിലെ ഏതൊരു സാധാരണ കുടുംബത്തിലെയും പോലെ എന്റെ വീട്ടിലും പെൺകുട്ടിയായ അവൾ അല്പം പഠിപ്പിഷിറ്റും ആൺകുട്ടിയായ ഞാൻ ഉഴപ്പനുമായിരുന്നു അല്പസ്വല്പം പഠിക്കുന്നത് കൊണ്ടും മുതിർന്നവർ പറയുന്നത് അനുസരിക്കുന്നത് കൊണ്ടും അവൾ പറയുന്നത് എല്ലാവരും വിശ്വസിക്കും ഈ രണ്ട് സ്വഭാവവും ഇല്ലാത്തതുകൊണ്ട് എന്റെ ഭാഗം കേൾക്കാൻ ഞാനും പടച്ചവനും മാത്രമേ കാണൂ വീട്ടിൽ നിന്നുള്ള ഞങ്ങളുടെ അടിപിടി നടക്കുന്നതിനിടയിൽ പരസ്പരം ബാഗും പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം വലിച്ചുവാരി ഇടലാണ് പ്രധാന പരിപാടി ഒരു റൗണ്ട് അടി തീരുമ്പോഴേക്കും രണ്ടുപേരുടെ റൂമിലെയും സാധനങ്ങൾ എല്ലാം വലിച്ചുവാരി നിലത്ത് ഇട്ടിട്ടുണ്ടാവും മാത്രമല്ല അടിപിടി ഉമ്മഅറിയുന്നതിനു മുൻപായി എനിക്ക് അവളുടെ തടിച്ച കൈകൾ കൊണ്ട് വയർ നിറയെ കിട്ടിയിട്ടും ഉണ്ടാവും വിഷയം ഉമ്മഅറിയുന്നതോടെ എന്റെ പെങ്ങൾ പെൺ വിഭാഗത്തിന് മാത്രമായി പടച്ചതമ്പുരാൻ നൽകിയ കള്ളക്കണ്ണീർ പുറത്തെടുക്കും അതോടെ എന്റെ പ്രിയപ്പെട്ട മാതാവിൽ നിന്നുള്ള ശിക്ഷാ നടപടിയും ഞാൻ കയ്യോടെ വാങ്ങേണ്ടിവരും
എല്ലാം കഴിഞ്ഞു ഉമ്മ വിധി പ്രഖ്യാപിക്കും അവളുടെ സാധനങ്ങൾ ഞാൻ വലിച്ചു വാരി ഇട്ടതൊക്കെ യഥാസ്ഥാനത്ത് ഞാൻ തന്നെ എടുത്തു വെക്കുക അതിനു ശേഷം വേണമെങ്കിൽ എന്റെ റൂമും ഞാൻ തന്നെ വൃത്തിയാക്കുക എന്റെ പടച്ചവനെ ഈ പെൺ വിഭാഗത്തിൽ നിന്നും പാവപ്പെട്ട ആളുകൾക്ക് ഒരു മോചനമില്ലേ എന്നൊക്കെ ചിന്തിച്ച് ഉമ്മപറഞ്ഞത് പോലെ എല്ലാം ചെയ്ത് അവസാനം കിണറ്റിൻ കരയിലോ അമ്മിത്തിണ്ടിലോ പോയി ഞാൻ ഉറക്കെ അമറാൻ തുടങ്ങും 'ആ ,മു് ,ഹോ ഇത് സ്ഥിരമായി കേൾക്കുന്നതുകൊണ്ട് അയൽവാസികൾക്കൊക്കെ പെട്ടെന്ന് കാര്യം പിടികിട്ടും ഇതിങ്ങനെ വിട്ടാൽ പറ്റില്ല എന്നും അവളുടെ ഏതെങ്കിലും ഒരു രഹസ്യം പൊളിച്ചു ഉമ്മയുടെ കയ്യിൽ നിന്നും അവൾക്കും 2 കൊള്ളിക്കണമെന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചു
എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ രണ്ടു പേരോടും പുസ്തകം വായിക്കാൻ പറഞ്ഞാൽ അവൾ ഉടനെ അവളുടെ റൂമിൽ കയറി കതകടക്കും ഞാൻ വീണ്ടും അടുക്കളയിലും മറ്റുമായി ചുറ്റിക്കറങ്ങി ഉമ്മാനെ ദേഷ്യം പിടിപ്പിച്ചു ബർക്കത്തായി ഉമ്മാന്റെ കയ്യിൽ നിന്ന് രണ്ടു തെറിയും കേട്ട് ഒന്നോ രണ്ടോ അടിയും വാങ്ങി വീണ്ടും കറങ്ങി തിരിഞ്ഞു അവസാനം ഉർദുവിന്റെ പുസ്തകത്തിൽനിന്നും ഒന്നോ രണ്ടോ വാക്ക് വായിച്ച് സമയം തീർക്കലാണ് പതിവ് ഒരിക്കൽ അവള് റൂമിൽ കയറി കതകടച്ചു അല്പം കഴിഞ്ഞപ്പോൾ ഞാൻ ചുമരിലൂടെ പൊത്തിപ്പിടിച്ച് മുകളിൽ കയറി അവളുടെ റൂമിലേക്ക് നോക്കിയപ്പോൾ പഠിക്കുകയാണെന്ന വ്യാജേന അവളേതോ വാരികയിലെ നോവൽ വായിക്കുകയായിരുന്നു ഞാൻ എന്റെ സകല ശക്തിയുമെടുത്ത് അലറി ഉമ്മാ ഉമ്മാ മ്മാ എന്താടാ കിടന്നു കാറുന്നത് നീ എന്തിനാ മുകളിൽ കയറിയത് എന്ന് ചോദിച്ചു ഉമ്മ വന്നു ഉമ്മാ ഉമ്മയുടെ പുന്നാര മോൾ കഥകടച്ചു വാരിക വായിക്കുകയാണ് അല്ലാതെ അവൾ പഠിക്കുകയല്ല ഉമ്മാന്റെ കണ്ണിൽ എപ്പോഴും ഞാനല്ലേ തെറ്റുകാരൻ ഇതാ ഈ പെരും കള്ളിയെ ഞാൻ വളരെ വിദഗ്ധമായി പിടിച്ചിരിക്കുന്നു ഓ അതാണോ കാര്യം അവളെന്തെങ്കിലും വായിക്കട്ടെ അത് കഴിഞ്ഞ് അവൾ പഠിച്ചോളും നീ അതൊന്നും നോക്കാൻ നില്ക്കാതെ പോയിരുന്നു പഠിക്കാൻ നോക്ക്
എന്റെ ഉമ്മാ ഇത് കടുത്ത അനീതിയാണ് പക്ഷം ചേരൽ ആണ് പാവപ്പെട്ട എനിക്ക് നീതി കിട്ടണം ഇല്ലെങ്കിൽ ഞാൻ വല്ല ഭീകരവാദിയും ആയി മാറും വരൂ എനിക്ക് നീതി തരൂ അവളെ ശിക്ഷിക്കൂ ഓരോന്ന് ചിന്തിച്ച് അവിടെത്തന്നെ ഇരുന്ന എന്നെ അവൾ ചിലന്തിവല തട്ടാൻ ഉപയോഗിക്കുന്ന നീണ്ട കമ്പെടുത്ത് കുത്തി താഴേക്ക് ചാടിച്ചു ഞാനെന്തു ചെയ്യും അവഗണന മാത്രം ഉമ്മ അന്യായമായി വിധിക്കുമ്പോൾ എനിക്ക് പ്രതികരിക്കാൻ കൊതിയുണ്ട് പക്ഷേ ഉമ്മയെ ഉപദ്രവിക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ എന്റെ പ്രതികരണം വാക്കുകളിൽ ഒതുക്കി ദേഷ്യം അടക്കാൻ കഴിയാത്ത സമയത്ത് ഉമ്മയോട് പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത് നിങ്ങൾ എന്നെ കൊണ്ട് ഒരു ഉപകാരവും കിട്ടുമെന്ന് വിചാരിക്കേണ്ട ഞാൻ വലുതായാൽ കുടുംബം നോക്കില്ല പണിയെടുക്കാൻ ആയാൽ ഞാനൊരു രൂപയും വീട്ടിലേക്ക് തരില്ല നിങ്ങളെയൊന്നും ഞാൻ വയസ്സുകാലത്ത് നോക്കില്ല ഇതൊക്കെയായിരുന്നു എന്റെ സ്ഥിരം ഡയലോഗ് ആ ഞാനാണ് ഇന്ന് കുടുംബം നോക്കാൻ വേണ്ടി അറബി നാട്ടിൽ വന്ന് അടിമ വേല ചെയ്യുന്നത് എന്റെ മുത്തമ്മാന്റെ മകനായ ജേഷ്ഠൻ ദേഷ്യം വരുമ്പോൾ അവന്റെ ഉമ്മയോട് പറയാറുണ്ടായിരുന്നത് ഇതിലും വലിയ കോമഡിയാണ് ഞാൻ പത്താം ക്ലാസ് വിജയിച്ചത് പഠിച്ചിട്ടാണ് എന്നല്ലേ നിങ്ങൾ കരുതിയത് എന്നാൽ ഞാൻ മുഴുവനും കോപ്പിയടിച്ചാണ് ജയിച്ചത് അല്ലാതെ ഞാൻ ഒരക്ഷരം പഠിച്ചിട്ടില്ല ഇതായിരുന്നു ദേഷ്യം വരുമ്പോൾ ഉമ്മയോടുള്ള അവന്റെ ഡയലോഗ്
തനിച്ച് താമസമാക്കിയെങ്കിലും സ്വന്തമായി പാചകം ചെയ്യാൻ ഇനിയും ഒരുപാട് സാധനങ്ങൾ കൂടിയേ തീരൂ ആദ്യമായി വേണ്ടത് ചോറ് വെക്കാൻ ഒരു പാത്രമാണ് പിന്നെ കത്തിയും പച്ചക്കറി വെട്ടാനുള്ള ബോർഡും അങ്ങനെ പലതും വേണം ഇവിടെ സ്ഥിരം ആക്കാൻ ഉദ്ദേശം ഇല്ലാത്തതുകൊണ്ട് ഒരുപാട് സാധനങ്ങൾ സ്വന്തമായി വാങ്ങുന്നതിൽ അർത്ഥമില്ല കഫീലിനോട് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല അളിയാക്കാനോട് ഈ കാര്യങ്ങൾ സംസാരിച്ചപ്പോൾ അവരുടെ റൂമിൽ അല്പം സാധനങ്ങളൊക്കെ ഉണ്ട് എന്നറിഞ്ഞു ഒട്ടും സമയം കളയാതെ ഞാൻ അളിയാക്കാന്റെ റൂമിൽ പോയി ചോറ് വെക്കാൻ പറ്റുന്ന ഒരു പാത്രവും ഒരു കത്തിയും ബോർഡും എല്ലാം അവിടെ നിന്ന് ഉണ്ടായിരുന്നത് അളിയാക്ക തന്നു കൂട്ടത്തിൽ തനിച്ചു പാചകം ചെയ്യാൻ ആരംഭിക്കുന്ന ചെറിയ അളിയന് ഒരു പാട് ഉപദേശങ്ങളും
അളിയാക്ക പറയുന്നതൊക്കെ ഞാൻ ശ്രദ്ധയോടെ കൗതുകത്തോടെ കേട്ടു ഓരോ അരിയുടെ പേരും ഓരോന്നും വേവാൻ വേണ്ട സമയവും കറികളും മറ്റും ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അത്യാവശ്യമായി റൂമിൽ കരുതേണ്ട പരിപ്പ് അച്ചാർ തുടങ്ങിയ കാര്യങ്ങളും എല്ലാം എല്ലാം ഞാൻ കേട്ടിരുന്നു പരിപ്പ് നല്ല കൂട്ടാൻ ആണെന്നും കറികൾ പാചകം ചെയ്ത് ഫ്രിഡ്ജിലേക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നനഞ്ഞ കൈലു കൊണ്ട് അതിൽനിന്നും കോരാൻ പാടില്ലെന്നും ആവശ്യത്തിനുള്ളത് മാത്രമെടുത്ത് ചൂടാക്കിയാൽ മതി യെന്നും എല്ലാം അളിയാക്ക പറയുന്നുണ്ടായിരുന്നു ഇതിൽ ഭൂരിഭാഗം കാര്യങ്ങളും എനിക്ക് അറിയാവുന്നതാണെങ്കിലും തനിച്ച് പാചകം ചെയ്ത് കഴിക്കുന്ന ഒരു പ്രവാസിയുടെ ശീലങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കുകയായിരുന്നു
സ്വന്തം വീട്ടിൽ ഭക്ഷണം കഴിച്ച് പാത്രം പോലും കഴുകാൻ മടിക്കുന്ന ആളുകൾ പ്രവാസി ആകുന്നതോടെ ഒരു വീട്ടമ്മക്ക് പോലും അറിയാൻ കഴിയാത്ത അത്രയും കാര്യങ്ങൾ പഠിക്കുന്നു സാഹചര്യങ്ങൾ അവരെ പഠിപ്പിക്കുന്നു കിട്ടുന്ന ശമ്പളം കൊണ്ട് ഭക്ഷണം വാങ്ങി കഴിക്കുകയാണെങ്കിൽ പിന്നെ നാട്ടിലേക്ക് മാസാമാസം പണം അയക്കാൻ ഒന്നും ബാക്കി കാണില്ല എന്ന തിരിച്ചറിവാണ് ഓരോ പ്രവാസികളെയും ജോലിക്കിടയിലെ ചുരുങ്ങിയ ഒഴിവു സമയങ്ങളിൽ പോലും സ്വന്തമായി പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നത് കിട്ടുന്ന ശമ്പളത്തിൻറെ സിംഹഭാഗവും നീക്കി വയ്ക്കാൻ വേണ്ടി പ്രവാസി കാണിക്കുന്ന സൂത്രങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ അന്വേഷിച് അവിടെ നിന്നു മാത്രം വാങ്ങുന്നു സൂപ്പർ മാർക്കറ്റുകളിൽ ഓരോ ആഴ്ചയിലും മാറിമാറിവരുന്ന ഡിസ്കൗണ്ട് പേപ്പറുകൾ മുഴുവൻ പരതി അതിൽനിന്നു വിലക്കുറവുള്ളവ മാത്രം വാങ്ങുന്നു ഓരോ കാലങ്ങളിലും ഏറ്റവും വിലക്കുറവുള്ള തും എളുപ്പമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വാങ്ങി പാകം ചെയ്യുന്നു
നാട്ടിൽ നിന്നും ലീവ് കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ തന്റെ ചെറിയ ബാഗിൽ കൊള്ളാവുന്ന സാധനങ്ങൾ മുഴുവൻ കൊണ്ടുവരുന്നതിനു പിന്നിലും ഇതേ തന്ത്രമാണ് അച്ചാറും സോപ്പും ചീപ്പും മസാല പൊടികളും എല്ലാം ഇങ്ങോട്ട് നാട്ടിൽ നിന്നും കൊണ്ടുവരുമ്പോൾ നാട്ടുകാർ വിചാരിക്കുന്നത് ഈ വക സാധനങ്ങൾ ഒന്നും ഇവിടെ കിട്ടാത്തതു കൊണ്ടോ നാട്ടിലേത് മാത്രം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ടോ ആണ് എന്നാണ് എന്നാൽ നാട്ടിലുള്ള എല്ലാ സാധനങ്ങളും അതേപോലെ അല്ലെങ്കിൽ അതിനേക്കാൾ മുന്തിയത് ഇന്ന് ഏതൊരു ഗൾഫ് നാട്ടിലും കിട്ടും പക്ഷേ ഇവിടെ കൊടുക്കേണ്ടത് റിയാലാണ് അത് മിച്ചം വെക്കാൻ വേണ്ടിയാണ് നാട്ടിൽ നിന്നും രൂപ കൊടുത്ത് സാധനങ്ങൾ വാങ്ങി ഇങ്ങോട്ടു കൊണ്ടു വരുന്നത് പ്രവാസികളുടെ ജീവിതം ഇങ്ങനെ ആദായം നോക്കിയും പിശുക്കിയും ഒക്കെ ആണെങ്കിലും തന്റെ വീട്ടുകാർ നല്ലനിലയിൽ കഴിയണമെന്ന് അവർ ആഗ്രഹിക്കുന്നു
അതുകൊണ്ടാണ് താൻ ധരിക്കുന്ന വസ്ത്രം എത്ര വില കുറഞ്ഞതാണെങ്കിലും മക്കളോടും വീട്ടുകാരോടും മുന്തിയ ഇനം വസ്ത്രം തന്നെ വാങ്ങണം എന്നു പറയുന്നതും അതിനു പണം കൊടുക്കുന്നതും സ്ഥിരമായി ചോറ് അച്ചാര് കുബ്ബൂസ് പരിപ്പു കറി ഇവയൊക്കെ കഴിക്കുന്ന പ്രവാസികൾ തന്നെ വീട്ടിൽ വിളിക്കുമ്പോൾ രണ്ടുമൂന്നു ദിവസം തുടർച്ചയായി മീൻ തന്നെ വാങ്ങി എന്ന് കേട്ടാൽ എന്തുകൊണ്ട് ഇറച്ചിയോ കോഴിയോ വാങ്ങിയില്ല എന്ന് ചോദിച്ച് ദേഷ്യപ്പെടുന്നു പാത്രങ്ങളും മറ്റും അളിയാക്കാന്റെ അടുത്തുനിന്നും കിട്ടിയതോടെ ഞാൻ സ്വന്തമായി പാചകം ചെയ്തു കഴിക്കാൻ തുടങ്ങി എല്ലാം ഉള്ള സൗകര്യത്തിൽ ആ ചെറിയ സ്റ്റൗവിൽ തന്നെ ചെയ്യാൻ തീരുമാനിച്ചു
ഞാൻ എന്റെ റൂമിലേക്ക് പ്രത്യേകമായി വണ്ടി ഓടിച്ചു പോവാത്തത് കൊണ്ട് മദ്രസ തുറന്ന് ആദ്യത്തെ ഒരു മാസം എണ്ണ അടിക്കുമ്പോൾ സ്ഥിരമായി എന്നെ വഴക്കു പറഞ്ഞിരുന്നത് മാഡം നിർത്തിയ പോലെ തോന്നി മാത്രമല്ല കൂട്ടുകാരികളോടും അവളുടെ വീട്ടുകാരോടും എല്ലാം എന്നെ പറ്റി പറഞ്ഞു അഭിമാനം കൊള്ളുകയും ചെയ്യും എന്റെ ഡ്രൈവർക്ക് ജിദ്ദ മുഴുവനും അറിയാം അവന്റെ തലയിൽ മുഴുവൻ റോഡുകളുടെ ഭൂപടവും ഉണ്ട് എന്നൊക്കെ പറയും എങ്ങനെ അറിയാതിരിക്കും ഡ്രൈവറെ ഒന്നിരിക്കാൻ അനുവദിക്കുന്നില്ലല്ലോ രാത്രിയും പകലും നിൽകാത്ത ഓട്ടമല്ലേ അതുകൊണ്ടുതന്നെ ഇവിടെ വന്ന് മൂന്നു മാസത്തിനകം ഏകദേശം മുഴുവൻ സ്ഥലങ്ങളും ഞാൻ മനസ്സിലാക്കിയിരുന്നു എത്ര ദൂരെ യായാലും ഒറ്റപ്പെട്ട സ്ഥലത്തായാലും തിരിച്ചുപോകാനും ഞാൻ പഠിച്ചിരുന്നു
സ്വന്തം ഡ്രൈവറെ കുറിച്ച് പുകഴ്ത്തുന്നത് അല്ലാതെ അതിന്റെ യാതൊരു ഉപകാരവും ഡ്രൈവർക്കില്ല നോമ്പിന് ഒന്നോ രണ്ടോ പ്രാവശ്യം തന്ന ഭക്ഷണമോ പത്തു റിയാലോ കഴിഞ്ഞാൽ മാസങ്ങളായി ഭക്ഷണസമയത്ത് തിരിച്ചു വീട്ടിലേക്കു വിടുകയോ ഭക്ഷണം വാങ്ങുമ്പോൾ ഒന്നോ രണ്ടോ റിയാലിന്റെ ഭക്ഷണമോ വെള്ളമോ അവളുടെ കയ്യിൽ നിന്നും എനിക്കു കിട്ടിയിട്ടില്ല അവൾ നന്നായിട്ട് അര്മാദിക്കട്ടെ കാലങ്ങൾ കഴിയുമ്പോൾ ഒരു ദിവസം വരും അന്ന് എനിക്ക് ജയിക്കണം അതുവരെ ക്ഷമിക്കുക തന്നെ എണ്ണ അടിക്കുന്ന സമയത്തുള്ള വഴക്കു് പറച്ചിൽ നിർത്തി എന്നത് അൽപം ദിവസങ്ങൾ മാത്രം ആണെന്ന് എനിക്ക് മനസിലായി ഈമാസം അവളെയും അവളുടെ ഉമ്മയെയും കൊണ്ടു ഒരു ഓട്ടം പോയപ്പോൾ എണ്ണ അടിക്കാൻ പമ്പിൽ കയറിയ ഉടനെ അവൾ പിറകിൽ നിന്നും ആക്രോശിച്ചു ആരാണ് തന്നോട് പമ്പിൽ കയറാൻ പറഞ്ഞത് വണ്ടി വിടാൻ നോക്കൂ താൻ ഏസിയും ഇട്ട് വണ്ടിയിൽ ഇരുന്നാൽ പിന്നെ എങ്ങനെ എണ്ണ തീരാതിരിക്കും
ഞാൻ പേടിച്ച് വണ്ടി മുന്നോട്ടെടുത്തു സാധാരണ ഇത് പതിവാണെങ്കിലും കഴിഞ്ഞമാസം അല്പം ആശ്വാസം ഉണ്ടായിരുന്നു ഒരു തവണ എണ്ണ അടിക്കാൻ വേണ്ടി ചുരുങ്ങിയത് മൂന്നു തവണയെങ്കിലും പമ്പിൽ കയറണം എന്നതാണ് എന്റെ അവസ്ഥ ഒരിക്കൽ വഴക്കുപറയും പിന്നെ പണം ഇല്ല എന്നു പറയും അവസാനം വണ്ടി വഴിയിൽ നിൽക്കുകയോ നിൽക്കാനാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ എന്നെ തെറിയും പറഞ്ഞു എണ്ണ അടിക്കും വണ്ടി ഓടിച്ചു കൊണ്ടിരിക്കേ ഞാൻ പതിയെ പറഞ്ഞു ഞാൻ വണ്ടിയിൽ എ സി ഇട്ട് ഇരുന്നോ എന്നുള്ളത് അല്ലാഹുവിനറിയാം നിന്റെ സംസാരത്തിനുള്ള മറുപടിയും നീ അല്ലാഹുവിന്നോട് പറയേണ്ടിവരും വണ്ടി മുന്നോട്ടു പോയിക്കൊണ്ടിരിക്കേ പിറകിൽ നിന്നും അവളുടെ ഉമ്മയുടെ ശബ്ദം ഞാൻ കേട്ടു പാവം ഇനി അവനെ ഒന്നും പറയണ്ട എന്നും പറഞ്ഞു അവളുടെ ഉമ്മ എനിക്ക് ഭിക്ഷ തരുന്നത് പോലെ ബാഗിൽ നിന്നും പത്ത് റിയാൽ എണ്ണ അടിക്കാൻ തന്നു
പുതിയ റൂമിൽ നിന്നും ആദ്യമായി ഉംറക്ക് പോയത് ജേഷ്ടന്റെ കൂടെ ആയിരുന്നു തിരിച്ചു വരുന്ന വഴിക്ക് ഭാര്യയുടെ മിസ്കോൾ കണ്ട് വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞത് ഒരു മരണ വാർത്തയായിരുന്നു പെങ്ങളുടെ അമ്മോശൻ കാക്ക മരിച്ചു ഞാൻ ഇവിടേക്കു വരുമ്പോൾതന്നെ അസുഖബാധിതനായിരുന്നു അങ്ങനെ ഒരുപാട് മരണങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു പ്രവാസജീവിതം ഒൻപതു മാസം പിന്നിട്ടിരിക്കുന്നു തിരിഞ്ഞുനോക്കുമ്പോൾ ആശ്വസിക്കുവാനുള്ള വകയുണ്ട് മുതലാളിമാരിൽ നിന്നും അവകാശങ്ങളും സ്വാതന്ത്ര്യവും ഒന്നും കിട്ടിയില്ലെങ്കിലും തെറി പറയലിനും മറ്റും കാര്യമായ കുറവുണ്ട് കുറവില്ലാത്തത് എന്നെ കുറിച്ചുള്ള സംശയങ്ങൾ ആണ് അത് മാറുമെന്നു തോന്നുന്നില്ല എന്റെ കടങ്ങളൊക്കെ ഒരുവിധത്തിൽ വീടി വരുന്നു ഉമ്മയുടെ അടുത്തു നിന്ന് അല്പം കടം വാങ്ങിയാണെങ്കിലും ഭാര്യയുടെ ആഭരണങ്ങൾ എല്ലാം വാങ്ങി കൊടുത്തു
പുതിയ സ്ഥലവും പരിസരവുമായി ഞാൻ കൂടുതൽ കടുത്തു ഞങ്ങളുടെ ബിൽഡിങ്ങിൽ നിന്നും 100 മീറ്റർ അകലത്തിൽ ഒരു വീട്ടിൽ എറണാകുളം സ്വദേശിയായ ഒരു മലയാളിയുണ്ട് അയാളും അയാളുടെ ഭാര്യയും ഒരേ വീട്ടിൽ ആണ് ജോലി ചെയ്യുന്നത് ഒരു പ്രായമായ സൗദിയാണ് അയാളുടെ കഫീൽ അദ്ദേഹത്തെ പള്ളിയിലേക്ക് കൊണ്ടു പോവുകയും തിരിച്ചു കൊണ്ടുവരികയും ആണ് സ്ഥിരമായ ജോലി ഇടയ്ക്ക് ഹോസ്പിറ്റലിലേക്കോ മക്കത്തേക്കോ പോകുന്ന ജോലി ഒഴിച്ചാൽ അയാൾ സ്ഥിരമായി വീട്ടിലുണ്ടാകും ഫവാസ് എന്നാണ് അയാളുടെ പേര് അതേ വീട്ടിൽ അടുക്കള ജോലിയും കഫീലിന്റെ ഭാര്യയുടെ കാര്യങ്ങൾ നോക്കുകയുമാണ് ഫവാസിന്റെ ഭാര്യയുടെ ജോലി താമസം ഇവർ രണ്ടുപേർക്കുമായി താഴെയുള്ള മുറിയിൽ ഞാൻ വന്ന അതേ വർഷം ഫെബ്രുവരിയിലാണ് ഫവാസും വന്നത് എങ്കിലും അധികം ആളുകളുമായി ഇടപഴകാൻ കഴിയാത്തത് കൊണ്ടാവാം അയാൾക്ക് അറബി അത്രക്കു വശമില്ല
അതുകൊണ്ടുതന്നെ അയാളോട് പറയാനുള്ളത് എന്നെ കാണുമ്പോൾ എന്നെ കൊണ്ട് പറയിക്കുകയാണ് ഫവാസിന്റെ കഫീലിന്റെ രീതി മാത്രമല്ല അവിടെയുള്ള ചെറിയ ചെറിയ ജോലികൾ ആയ ഫർണിച്ചർ എടുത്ത് മുകളിൽ വയ്ക്കുക തുടങ്ങിയ രണ്ടുപേർകൂടി ചെയ്യേണ്ട ജോലികളിൽ ഞാനും പങ്കാളിയാവാറുണ്ട് അതിനൊക്കെ തക്കതായ പ്രതിഫലം 30 50 റിയാൽ വീതം ഞങ്ങൾക്ക് രണ്ടുപേർക്കും അയാളുടെ കഫീൽ തരികയും ചെയ്യും എന്റെ കഫീലിന്റെ ഫ്ലാറ്റ് മാറൽ കാലങ്ങളിൽ 2 ഫ്ലാറ്റിലേക്കു മായിപഴയ ഫ്ലാറ്റിൽ നിന്നും കടകളിൽ നിന്നും ആയിഞാൻ ചുമന്ന വീട്ടു സാധനങ്ങൾക്ക് കയ്യും കണക്കുമില്ല ഒരു റിയാലോ അല്പം ഭക്ഷണമോ ആ വകുപ്പിൽ അയാളിൽ നിന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.
(തുടരും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot