
വീട്ടിൽ ഇരുന്നാൽ കടലിരമ്പം കേൾക്കുന്ന വീട് വേണമെന്നു പറഞ്ഞതവളായിരുന്നു. എനിക്ക് നീലാകാശവും നീലക്കടലും ഒരെ സമയം കാണണം ഷാനു എന്ന് പറഞ്ഞു കൊഞ്ചിയത്, മഴ കടലിൽ പതിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് എന്ന് പറഞ്ഞു എന്നെ മോഹിപ്പിച്ചത് അവളായിരുന്നു.
കണക്കുകളുടെ ലോകം മാത്രം അറിയാവുന്ന എന്റെ യാന്ത്രിക ലോകത്തിലേക്കു അവൾ കടന്ന് വരും വരെ എനിക്കു ചായങ്ങളുടെ വർണക്കൂട്ടുകൾ അറിയുമായിരുന്നില്ല. മഴയുടെ താളഭേദങ്ങളും കാറ്റിന്റെ ഇരമ്പങ്ങളും അറിയുമായിരുന്നില്ല.
കടും ചുവപ്പ് പട്ടുപാവാടയണിഞ്ഞു നിറയെ മണികളുള്ള പാദസ്വരം കിലുക്കി അവളെന്റെ ഓഫീസിലേക്ക് വന്നത് ഒരിക്കൽ അവളുടെ ഏട്ടനൊപ്പമായിരുന്നു. വിടർന്ന കണ്ണുകളിലെ ചിരിയെന്റെ ഉറക്കം കെടുത്തിത്തുടങ്ങിയതും അന്ന് മുതൽ തന്നെ..
പ്രണയത്തിൽ ഞാൻ ഒരു ശരാശരിക്കാരനായിരുന്നു.. എപ്പോളും മൂഡ് മാറി പോകുന്ന സാധാരണ പുരുഷൻ.. അവളോ... പുതുമഴ പോലെ മഴവില്ല് പോലെ എന്നിലേക്ക് എപ്പോളും ഓടിയണയുന്ന കടൽ തിര പോലെ..
അവളുടെ കൊലുസ്സിട്ട കണം കാലിലെ നീല ഞരമ്പുകളിൽ ചുണ്ടമർത്തുമ്പോൾ കിലുകിലെന്നു പൊട്ടിചിരിച്ചു കൊണ്ട് എന്നെ പൊതിയുന്ന...മൂക്കിൻത്തുമ്പിലെ ചുവന്ന മറുകിൽ മൂക്കുരസി..... .കണ്ണുകളിൽ പ്രപഞ്ചത്തിലെ മുഴുവൻ സന്തോഷവും ഒളിപ്പിച്ച്... എന്നിലേക്ക് ചുറ്റി പടർന്ന മുല്ലവള്ളി പോലെ....കുടമുല്ല പൂവിന്റെ സുഗന്ധം നിറച്ച് അവൾ......
പക്ഷെ അപ്പോഴും എനിക്കറിയാമായിരുന്നു എന്നെ... എന്റെ കുറവുകളെ... ഞങ്ങളുടെ മതങ്ങളുടെ വ്യത്യാസത്തെ. മാതാപിതാക്കൾ ഇല്ലാത്ത ഒരു അനാഥൻ ആണ് ഞാൻ എന്നും അവർ അവശേഷിപ്പിച്ചു പോയ പണം മാത്രമേ കൂട്ടിനുള്ളു എന്ന് പറഞ്ഞു പിന്തിരിപ്പിക്കുവാൻ ഞാൻ ഒരു പാടു തവണ ശ്രമിച്ചു നോക്കി. എന്റെ പണമല്ല അവളെ മോഹിപ്പിക്കുന്നതെന്നു മറ്റാരേക്കാളും എനിക്ക് നന്നായി അറിയാമായിരുന്നു കാരണം അതിലും എത്രയോ ഇരട്ടി അവൾക്കുണ്ടെന്നത് തന്നെ.
വീട്ടിലാരും സമ്മതിക്കില്ലേൽ ഞാൻ ഇറങ്ങി വരും എന്ന് പറഞ്ഞപ്പോളും അവളുടെ ഏട്ടന്റെ കണ്ണീരും യാചനയും കണ്ടപ്പോളും പിന്തിരിപ്പിക്കാൻ മാത്രമേ നോക്കിട്ടുള്ളു.
.എന്നിട്ടും അവളുടെ ഏട്ടന്റെ കാൽക്കൽ വീണു കെഞ്ചി നോക്കി അവളെ മാത്രം തരു എന്ന് കരഞ്ഞു നോക്കി ... അവളുടെ ഏട്ടൻ കണ്ണീർ കൊണ്ട് എന്നെ പരാജിതനാക്കി
ഒടുവിൽ അവളെ അവഗണിച്ചു. വെറുപ്പ് അഭിനയിച്ചു. ഹൃദയത്തിൽ തീ ചുമന്നു മടുത്തപ്പോൾ നാട് വിട്ടു
ലോകത്തിലെവിടെ പോയാലും ആ മുഖം മറക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ്... ആ ശബ്ദം ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ്.. വർഷങ്ങൾക്ക് ശേഷം തിരികെ വന്നത് അതാണ്
കടൽത്തീരത്ത് വെച്ച വീടിനു ഇളം നീല നിറമായിരുന്നു.. ജനാലകളിലൂടെ നീല കടൽ.. മുകളിലേക്ക് നോക്കിയാൽ നീലാകാശം..
ആ മുഖം ഒന്ന് കാണാൻ കൊതിച്ചു ചെന്നു. ആ വീടിരുന്ന സ്ഥലം വിറ്റു പോയിരിക്കുന്നു.. അവരൊക്കെ രണ്ടു വർഷം മുന്നേ ഇവിടുന്നു പോയത്രേ.. എവിടേക്ക് എന്നാർക്കും അറിയില്ല..
ഹൃദയത്തിൽ ഒരു കടലുണ്ടെന്നു ഞാൻ അന്നാണ് അറിഞ്ഞത്..എന്റെ ഹൃദയത്തിൽ വന്നലയ്ക്കുന്ന നോവിന്റെ തിരമാലകൾ... കടൽ ഭിത്തിയുടെ ഉറപ്പൊന്നും ഇല്ലാത്ത എന്റെ പാവം ഹൃദയം...വേദനിച്ചു കൊണ്ടേയിരുന്നു.
എന്നിലെ ആണിനെ മോഹിപ്പിച്ച ഒരേ ഒരു പെണ്ണായിരുന്നു അവൾ. ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചതും അവളെ തന്നെ. അവളെ തേടി എങ്ങോട്ടാ പോകേണ്ടതെന്നു എനിക്കറിയുമായിരുന്നില്ല
ദൈവത്തിലെ വിശ്വാസം ഒക്കെ പണ്ടേക്കു പണ്ടേ നഷ്ടപ്പെട്ടിരുന്നു.ഒരു അപകടം എന്നെ യത്തീമാക്കിയ അന്ന് തന്നെ. വീണ്ടുമൊരിക്കൽ കൂടി അവൾക്കു വേണ്ടി അവരെ വിശ്വസിക്കാൻ ഞാൻ തയ്യാറായി. വർഷങ്ങൾക്കു ശേഷം ഞാൻ പള്ളിയിൽ പോയി. പ്രാർത്ഥന ഒക്കെ മറന്ന് പോയിരിക്കുന്നു. കാര്യസാധ്യത്തിനു വേണ്ടി ചെന്നതാണോ എന്ന മട്ടിൽ പടച്ചോൻ എന്നെ നോക്കും പോലെ.. കരഞ്ഞു തുടങ്ങിയാൽ ഒരു കടൽ തോറ്റു പോകും... വേണ്ട
ജീവിതത്തിൽ ഇനി എന്ത് ബാക്കി ?
മേശമേൽ ഇരിക്കുന്ന ഗുളികകളുടെ ബോട്ടിൽ വെറുതെ കയ്യിലെടുത്തു നോക്കികൊണ്ടിരുന്നു
ഒരു കൊലുസിന്റെ ശബ്ദം
തോന്നൽ ആണോ
തോന്നൽ ആണോ
"ഷാനു "
പിന്കഴുത്തിൽ വീണ ഒരു നിശ്വാസം.. കഴുത്തിലൂടെ ചുറ്റുന്ന രണ്ട് കൈകൾ.. മിനുസമാർന്ന ചുണ്ടുകളുരസി ഒരു ചുംബനം
സ്വപ്നം ആണോ ?
ചിരിക്കുന്ന നക്ഷത്ര കണ്ണുകൾ മുന്നിലേക്ക് വന്നു
"സ്വപ്നം അല്ല.. ഞാൻ തന്നെയാണ്... "പൂനിലാവ് പൊഴിയുന്ന ചിരി
മഴ പെയ്തു തുടങ്ങി
കടലിലേക്ക് മഴ വീഴുന്നത് ഞങ്ങൾ കണ്ടു നിന്നു
"ഞാൻ ആശുപത്രിയിൽ ആരുന്നു ഷാനു... എനിക്ക് സുഖമില്ലാതെയായി... എനിക്ക് ഭ്രാന്ത് ആണെന്ന് ആരെങ്കിലും അറിഞ്ഞാൽ..... തറവാടിന്റെ സൽപ്പേര്... അതാ ഇവിടെ നിന്നും പോയത്..ഏട്ടനും അച്ഛനും ഒക്കെ പശ്ചാത്താപം ഉണ്ടായിരുന്നു . ഏട്ടൻ എന്നും ഷാനുവിനെ അന്വേഷിച്ചു കൊണ്ടിരുന്നു... ക്ഷമ ചോദിക്കാൻ... എന്നെ തിരിച്ചേൽപ്പിക്കാൻ... അങ്ങിനെ ഈയിടെ ആണ് അറിഞ്ഞത് ".
ഞാൻ അവളെ എന്റെ നെഞ്ചോടു അടുക്കി പിടിച്ചു
"എനിക്ക് അസുഖം വന്നത് കൊണ്ട് എന്നെ വെറുക്കുമോ ഷാനു "
ആ ചോദ്യത്തിന് ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടമർത്തി വെച്ചു ഇനിയൊരു വാക്കും എനിക്ക് കേൾക്കണ്ട.... അവളൊന്നും പറയണ്ട... എന്നെ കാണാൻ കഴിയാതെ ഉള്ളുലഞ്ഞു പോയതാണെന്ന് എനിക്കറിയാം... അല്ലെങ്കിലും ഞാൻ അത് സഹിക്കും
എന്റെ ജീവിതം അവളാണ്... എന്റെ പ്രാണനും ആത്മാവും അവൾ തന്നെ... അവളില്ലാത്ത ഒരു നൊടി ഇനി വയ്യ..
അവൾ വൈഗ.... എന്നിലേക്ക് ഒഴുകുന്ന പുഴ.... അല്ല എന്നിലൂടെ ഒഴുകുന്ന പുഴ
By: Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക