നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുത്തലാഖും ചടങ്ങു കല്യാണവും

Image may contain: 1 person

അന്നത്തെ അത്തർ വ്യാപാരവും കഴിഞ്ഞ് കെട്ടിച്ചിറ പാതാർ പള്ളിയിൽ, ഉറക്കം വരാതെ, ചൊറിഞ്ഞും മാന്തിയും കിടക്കുകയായിരുന്നു, ഞാൻ. ഇടയ്ക്ക് ആരോ ചുമക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ പള്ളിയെ ലക്ഷ്യമാക്കി റാന്തൽ വെളിച്ചം നടന്നടുക്കുന്നത് ദൃഷ്ടിയിൽ പെട്ടു .ആഗതൻ ഹാളിൽ നിന്ന് കാലു കഴുകി, എന്റെ നേരെ തിരിഞ്ഞ് സലാം ചൊല്ലി. കത്തി അരയിൽ തന്നെ തിരുകി ഞാൻ സലാം വീട്ടി.
"ഞാൻ അധികാരി മൊയ്തീൻ ഹാജിയുടെ കാര്യസ്ഥനാ " അയാൾ സ്വയം പരിചയപ്പെടുത്തി മറ്റു മുഖവുരയൊന്നുമില്ലാതെ ചോദിച്ചു.
" ഒന്ന് ചടങ്ങ് നിക്കാം പറ്റ്വോ? തുണീം കുപ്പായോം ഇരുപത് ഉർപ്പീം കിട്ടും "
ഒരു നിമിഷം ഞാൻ ആലോചിച്ചു. മുപ്പത്താറ് അണക്കാണ് ( രണ്ടേ കാൽ രൂപ)അന്ന് അത്തർ വിറ്റത്.ചടങ്ങു നിന്നാൽ കിട്ടുന്നത് ഇരുപത് രൂപയും.
" ഞാൻ റെഡി"
"പക്ഷേ സുബഹിക്ക് തലാഖ് ചൊല്ലണം. ഏറ്റോ?"
"അതു പറയണോ, ചടങ്ങ് കല്യാണം തന്നെ അതിനല്ലേ? " അത്തർ പെട്ടിയുമായി ഞാനയാളുടെ കൂടെയിറങ്ങി.
" അധികാരി മൊയ്തീൻ ഹാജിന്റെ പെങ്ങള്യാ കെട്ടാൻ പോണത് "
"ആരായാലും രാവിലെ മുത്തലാഖ് ചൊല്ലണ്ടേ?
" ഇല്ലെങ്കിൽ നെഞ്ഞത്തൂടെ ഉണ്ട പായും "
"ആരാ മുത്തലാഖ് ചൊല്യേത് "
അത് മ്മളെ വലിയ മാളിയേക്കൽ പകൃഹാജി.
ഒന്നും രണ്ടും പറഞ്ഞവരെ തല്ലി, മൊഴി മൂന്നും ചൊല്ലി.പിന്നെ മൂപ്പർക്ക് സങ്കടായി. കുഞ്ഞി ബിയെ പിരിയാൻ ബജ്ജാന്ന്."
കെട്ടിച്ചിറയിൽ അപ്പോഴും ആളുകൾ ഉറങ്ങിയിട്ടില്ല.അവർ കൊടി തോരണങ്ങൾ തൂക്കി തെരുവുകൾ അലങ്കരിക്കുകയാണ്. ഇന്ന് അർദ്ധരാത്രി ഭാരതം സ്വതന്ത്രമാകും: ഏവരും ആ ആവേശത്തിലും സന്തോഷത്തിലുമാണ്. സ്വാതന്ത്ര്യം ലഭിച്ചാൽ ഇന്നത്തേതിൽ നിന്ന് എന്ത് മാറ്റമാണുണ്ടാവുക? നാളെയും ഞാനെന്റെ അത്തർ പെട്ടിയുമായി ഇറങ്ങണ്ടേ? നാളത്തൊട്ട് നാരായണൻ പോലീസ് എന്തെങ്കിലും പറഞ്ഞ് പണം പിടുങ്ങുന്ന പരിപാടി നിർത്തുമോ?
ഇങ്ങനെ ആലോചിച്ച് നടക്കവേ കാര്യസ്ഥൻ ചിറ വരമ്പിൽ നിന്ന് പൊടുന്നനെ വലത്തോട്ട് തിരിഞ്ഞു ഒതുക്കുകൾ കയറിത്തുടങ്ങി.
പെട്രോമാക്സ് വെളിച്ചത്തിൽ തെളിഞ്ഞു നിൽക്കുന്ന വിശാലമായ മുറ്റം. ഭവ്യതയോടെ
കാര്യസ്ഥനും ഞാനും അകത്തേക്കു കയറി.
ആദ്യം ദൃഷ്ടിയിൽ പെട്ടത് ഭിത്തിയിൽ തറച്ച പിച്ചള ആണികളിൽ അലങ്കാരമായി വച്ച ഇരട്ടക്കുഴൽ തോക്കാണ്.!
താഴെ മുഖഭാവം കൊണ്ട് തന്നെ അധികാരിയാണെന്ന് തോനുന്ന ആജാന ബാഹു ചാരുകസേരയിൽ ഗാംഭീര്യത്തോടെയിരിക്കുന്നു.
പടാപ്പുറത്തിരുന്ന് ബദർപ്പട പാട്ടിലെ ഒരു ഗാനം, ബെയിത്തെന്ന പോലെ ഏലക്കം പാട്ടായി ചൊല്ലുകയും അർത്ഥംപറയുകയുമാണ് മൊല്ലാക്ക.
ഞാൻ സലാം പറഞ്ഞു. അധികാരി ഇരിക്കാൻ പറഞ്ഞു "അത്തം കുട്ട്യേ ആ കുപ്പായോം തുണീം കൊട്" അദ്ദേഹം കാര്യസ്ഥനോട് കൽപിച്ചു.
അയാൾ നീട്ടിയ കുപ്പായവും തുണിയും ഞാനണിഞ്ഞു.
മുകളിലേക്ക് വാലുയർന്ന് നിൽക്കുന്ന രാജകീയ തലയിൽ കെട്ടും കെട്ടി.
മൊല്ലാക്ക ഓക്കാനമുണ്ടാക്കുന്ന രീതിയിൽ ബദർ പ്പാട്ട് തുടരുകയാണ്
"അത് അങ്ങനെയല്ല ചൊല്ലേണ്ടത് "ഞാൻ പറഞ്ഞു.
"എന്നാ ഇജെജാന്ന് പാടെ ടാ"
ഞാൻ പാടി
"ബദറുൽ ഹുദാ യാസീ നന്നബി ഖറജായ ന്നേരം
വളർ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലൊണ്ടെ - അബിയള്.... :
പാട്ട് ഇഷ്ടപ്പെട്ട അധികാരി പറഞ്ഞു:
"ഖാളിയാര് വരുവോളം ഞമ്മക്ക് നേരണ്ട് ,അതോണ്ട് ഒരു പാട്ടും കൂടി പാട് "
"ഏത് പാട്ടാ പടേണ്ടത് " 
ഇമ്പമുള്ളത് "
കാര്യസ്ഥൻ ഗ്രാമ്പൂവും നെയ്യും ചേർത്ത ശർക്കര കാപ്പി എനിക്കു നീട്ടി.
അതു നുണഞ്ഞുകൊണ്ട് മറ്റൊരു പാട്ടിലേക്ക് 
കടന്നു: "ചേർന്നിട്ടരികർകൾ വിനാ ചെയ്യും
ശദീദാലെ
ചേട കുഫി പിന്താൻ പുറപ്പെട്ടുള്ളെ.. സമയം
ചെണ്ടകൾ തകണി തമത് ......
ജാലകവിരികൾ ഇളകിയോ, പൊൻവളകൾ
പിന്നെയും പിന്നെയുംകിലുങ്ങിയോ?
അധികാരിയും മൊല്ലാക്കയും അറിയാതെ കയ്യടിച്ചു.അപ്പോൾ ഖാസിയും പരിവാരങ്ങളും
അകത്തേക്കു പ്രവേശിച്ചു
ഉപചാരങ്ങൾക്കു ശേഷം ഖാസി ചോദിച്ചു. "എന്നാ മ്മക്ക് തൊടങ്ങല്ലേ?"
കിണ്ടിയിൽ നിറച്ച വെള്ളമെടുത്ത് ബിസ്മി ചൊല്ലി ഞാൻ അംഗശുദ്ധി വരുത്തി.
അധികാരിയും ഖാസിയും മറ്റുള്ളവരും പടാപ്പുറത്തേക്കു കയറി പിടഞ്ഞിരുന്നു .നിക്കാഹിന്റെ പ്രാരംഭമായി
ഖാസി ചൊല്ലി ''അൽഹംദുലില്ലാ, വ നഹ് മത്ഹു വ നസ്ത ഈനുഹു (സർവ്വശക്തനെ ഞങ്ങൾ സുതിക്കുകയും സഹായം തേടുകയും..) ".....
ഖാസി അധികാരിയുടെ കൈ എന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ട് ചൊല്ലി 'ബിസ്മില്ലാഹിർ റഹ്മാനി റഹീം.
സവ്വജത്തുക്ക വ അൻ കഹത്തുക്ക ഉഖ്ത്തീ കുഞ്ഞുബി ബി മഹരി ഹാദൽ ഹെൽഇ 
മിൻ ഫിള്ളത്തി.......എന്റെ സഹോദരി കുഞ്ഞിബിയെന്നവരെ നിങ്ങൾ നൽകിയ
വെള്ളിയാഭരണം മഹറായി സ്വീകരിച്ചു കൊണ്ട് നിനക്ക് ഞാൻ നിക്കാഹ് 
ചെയ്തു തന്നു.,ഇണയാക്കി തന്നു.
"ഖ ബിൻത്തു മിൻക നിക്കാഹഹാ "
അവളടെ നിക്കാഹിനെ ഞാൻ സ്വീകരിച്ചു പൊരുത്തപ്പെടുകയും ചെയ്തു.
ഖാസി മുറപ്രകാരം ഞങ്ങളെ ആശീർവദിച്ചു:
"ബാറക്കല്ലാഹു ലക്കുമാ വ ബാറക്ക എലൈക്കു മാ .......( നിങ്ങൾ രണ്ടു പേർക്കും
അല്ലാഹു ഖൈറും ബർക്കത്തും ചെയ്യുകയും നിങ്ങൾക്കിടയിൽ സന്തോഷവും മമതയും യോജിപ്പും........
ആ പ്രാർത്ഥനയുടെ അർത്ഥരാഹിത്യം എന്നെ കൊഞ്ഞനം കുത്തി.
പടാപ്പുറത്ത് സുപ്രയിട്ടു, വാഴയില വൃത്തിയിൽ
വിരിച്ചു. ജീരകശാല അരിയുടെ നെയ്ച്ചോർ കൂമ്പാരമായി വിളമ്പി. പൊരിച്ച
മൂന്നു കോഴികളെ അതിൽ കുത്തി നിർത്തി.
കോഴിക്കറിയും പപ്പടവും പൂവൻ പഴവും.ചോറിന്റെ കുന്നിടിച്ച് ആവശ്യക്കാർ കോരി അവനവന്റെയടുത്തേക്കടുപ്പിച്ച് കഴിക്കണം.അടർത്താൻ പരിചയമില്ലെങ്കിൽ നിർത്തിപ്പൊരിച്ച കോഴിയുടെ ഒരു കഷ്ണം പോലും കിട്ടില്ല.പുതുമാരൻ ആർത്തികാണിക്കരുതല്ലോ എന്ന് കരുതി ചോറും കറിയും മാത്രം കഴിച്ചുകൊണ്ടിരിക്കെ ഒറ്റ പ്പിടിയ്ക്ക് ഒരു കുറകടർത്തി മൊല്ലാക്ക
ചോറിലേക്കിട്ടു.ഇത്ര രുചികരമായ ആഹാരം
അന്നേ വരെ ഞാൻ കഴിച്ചിരുന്നില്ല.
അൽഹംദുലില്ലാ(അല്ലാഹുവിന് സ്തുതി)എന്ന് പ്രാർത്ഥിച്ചു കൊണ്ട് റാഹത്തോടെ ഞാനെഴുന്നേറ്റു.
പഞ്ചാരപാറ്റയും മുട്ട മാലയും അപ്പോഴേക്കുമെത്തി.അതു കഴിച്ചു കൊണ്ടിരിക്കെ ഖാസി ചോദിച്ചു: ''ഞങ്ങൾ 
വരുമ്പോൾ ആരാ ബദർ പാടീര്ന്നത് ?
" അത് ഞമ്മളെ ഇന്നത്തെ പുത്യാപ്ല ".
"ഇന്നത്തെ പുത്യാപ്ല" എന്ന പ്രയോഗം
എന്റെ ചങ്കിൽ തറച്ചു.
എന്നാ അളിയൻങ്ക ഒരു പാട്ടു കൂടി പാട്."ഖാസി പറഞ്ഞു.ഞാൻ മടിച്ചു.അധികാരി സ്നേഹപൂർവ്വം നിർബന്ധിച്ചു.
" ഉണ്ടെന്നും മിശക്കാത്ത് ബാരക്കിൽവന്തി ടൈ
ഹൂറിന്നിസാ നവരാ
പരിശാനതും വടിവാൾ
ഉകമാം വിളമ്പിടലാം...:
ജാലകവിരി പാടേ നീങ്ങി.തേനൂറും മന്ദസ്മിതം അവിടെ തെളിഞ്ഞു.
"മണി പന്ത്രണ്ട്. ഇനി നാളെ കാണാം." ഖാസി എഴുന്നേറ്റു.എല്ലാവരും പിരിഞ്ഞു.
പടാപ്പുറത്തു കണ്ട പായയിൽ കിടക്കാൻ ഭാവിക്കവെ കാര്യസ്ഥൻ എന്നെ തടഞ്ഞു് കുഞ്ഞിബിയുടെ അറചൂണ്ടി പറഞ്ഞു: "ഇന്നത്തെ കിടത്തം അവടെ ".
" ഞാൻ ഇബടെ ഒറങ്ങിക്കോളാം"
"ചടങ്ങ് പൂർത്യാകാൻ അവടെ തന്നെ കെടക്കണം"കാര്യസ്ഥൻ നിർബന്ധിച്ചു.
അച്ചറച്ച്,പരിഭ്രമത്തോടെ, ഞാൻ അറയിലേക്ക് പ്രവേശിച്ചു. ഭംഗിയായി ഒരുക്കിയിരിക്കുന്ന വിശാലമായ മുറി.
ചുവന്ന മേലാപ്പുള്ള കട്ടിലിൽ നാണം കലർന്ന
തീജ്വാല സ്മിതവുമായി കുഞ്ഞിബി!
പടച്ച റബ്ബായ തമ്പുരാനേ ഏത് ലോകത്താണ് ഞാൻ!ഒരപരാധവും എന്നെകൊണ്ട് ചെയ്യിക്കല്ലേ എന്ന പ്രാർത്ഥനയോടെ ഞാൻ പറഞ്ഞു: 'ഇജ്ജ്ന്നോട് പൊറുക്കണം.ഒരന്തി പുത്യാപ്ളയാകണം എന്ന് വിചാരിച്ചില്ല. നാളെ നേരം വെളുത്താൽ ഞാൻ പോകും. ഞാനന്നെ തൊടൂലാ. തൊട്ട് ക്ക്ണ് എന്ന് പറഞ്ഞോളാം"
"നാളെ നേരം വെളുത്താ പോകും?
" പോകും"
"പോകണ്ടാന്ന് പറഞ്ഞാലോ?'
"അനക്ക് ധൈര്യം ണ്ടോ?"
" ഉണ്ട"
"എന്നാ ആരെതിർത്താലും അന്നെ ഞാൻ കൊണ്ടോകും"
"എനിക്കത് മതി" അവളെന്റെ നെഞ്ചിലേക്കു വീണു
സ്വപ്ന രഥത്തിലേറി മായക്കാഴ്ചകൾ കണ്ട് 
മേഘപാളികൾക്കിടയിലൂടെ ഞങ്ങൾ തഴുകി ഒഴുകി
സുബ്ഹി ബാങ്ക് കേട്ടപേപാൾ എഴുന്നേറ്റ് കുളിച്ച് പടാപ്പുറത്ത് നിന്ന് നിസ്ക്കരിച്ചു.
അപ്പോഴേക്കും കാപ്പിയും കലത്തപ്പവും വന്നു.അതു കഴിച്ചു കൊണ്ടിരിക്കെ അധികാരി വീട്ടിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു .പതുക്കെ എഴുന്നേറ്റ്‌ ഇരുപത് രൂപ കീശയിൽ തിരുക്മ്പോൾ പകൃഹാജിയും കയ്യാളൻമാരും ഖാസിയും പരിവാരങ്ങളും അകത്തേക്ക് പ്രവേശിച്ചു
ഇനി തലാഖ് ചൊല്ലണം. അതും മുത്തലാഖു ചൊല്ലണം. എന്നാലേ പകൃഹാജിക്ക് കുഞ്ഞിബിയെ നിക്കാഹ് ചെയ്യാൻ പറ്റൂ.
"അപ്പൊ..... എന്നാ ആ തലാഖ് ഖാള്യാര് പറയുമ്പോലെ എഴുതി കൊടുക്ക് "പേപ്പറും പെന്നും നീട്ടി അധികാരി കൽപ്പിച്ചു.
തലാഖ് എഴുതാനെന്ന ഭാവത്തിലിരിക്കെ പെട്ടെന്ന് വാതിൽ വിരി വകഞ്ഞു മാററി കുഞ്ഞിബി ആങ്ങളയുടെ തോളിൽ തൂങ്ങി കേണു " കുഞ്ഞിക്കാ ഇഞ്ഞെ കൊന്നാലും ആ മന് സന്റെ കൂടെ ഞാൻ പോകൂലാ.
. മൂപ്പര് ഞ്ചെ നാഭിക്ക് ചൗട്യോനാ "
"എന്താ ജ് പറീണത്?"
"കുഞ്ഞിബിക്ക് സമ്മതം ഇല്ലാതെ ഞാനോളെ
തലാഖ് ചൊല്ലൂലാ" ഞാൻ പറഞ്ഞു
"എന്താടാജ് ചെലക്കണത്?എന്നാക്രോശിച്ചുകൊണ്ട് പകൃഹാജി ചുവരിലെ തോക്ക് ഓടിയെടുക്കുകയും കളരി മുറയിൽ ഞാനയാളുടെ കാലുവാരുകയും അയാൾ മലർന്നടിച്ചു വീഴുകയും ചെയ്തു .പെട്ടെന്ന് തോക്ക് ഞാൻ കൈക്കലാക്കി. " മയ്യത്താ വണ്ടങ്കി അടങ്ങിക്കോ. ഒറ്റ എണ്ണത്തിനെ ഞാൻ ബച്ചക്കൂലാ,ഓക്ക് ഇഷ്ടല്ലെങ്കിൽ തലാഖ് ഞാൻ ചൊല്ലൂലാ.ഉസുറുള്ളോൻ ഉണ്ടെങ്കി ബരീൻ"
ഖാസി ഇടപെട്ടു."ഓള് പറഞ്ഞതാ ശരി.ഓക്ക് തൃപ്തില്ലെങ്കിൽ പകൃഹാജിന്റെ മുറാദ് ഹാസിലാവൂലാ"
സാവകാശം അധികാരി പറഞ്ഞു: പക്ക് റേ
ഞ്ചെ പെങ്ങളെ ഞ്ഞ് ഞാൻ സങ്കടപ്പെടുത്തൂ ലാ.ജ് ബേറെ ഏതെങ്കിലും നോക്ക് "
പെങ്ങളുടെ കണ്ണീർ തുടച്ചു കൊണ്ട് അധികാരികാര്യസ്ഥനോട് പറഞ്ഞു: ''വണ്ടി രണ്ടും റഡിയാക്ക്. ഞമ്മക്ക് ഓളെ പെരീകൂട്ടീട്ട് വരാ. ഓള് സൊഗായിട്ട് കജ്ജട്ടെ ."
വണ്ടി വരാനായി കാത്തിരിക്കേ പിറകിലെ നിരത്തിലൂടെ വരിക വരിക സഹജരെ, ഭാരതം സ്വതന്ത്രമായി എന്ന് ഈണത്തിൽ പാടിക്കൊണ്ട് ഒരു ജാഥ കടന്നു പോയി .

by TP Abdurahman

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot