Slider

സീമന്തരേഖ - Part 1

0


Image may contain: 1 person, smiling, text
Download Nallezhuth App from Google PlayStore and read all parts of  സീമന്തരേഖ

"ചാരൂ... നിനക്ക് ഫോൺ..."
ആ ഹോസ്റ്റൽ മുറിയോട് ചേർന്നുള്ള ബാത്റൂമിന്റെ വാതിലിലേക്ക് നോക്കി ജിഷ നീട്ടിവിളിച്ചു. ഉടൻ തന്നെ അതിനകത്തു നിന്നുള്ള ഗാനാലാപനം നിലച്ചു.
"ആരാ...?"
"അറിയില്ല... ഒരു നമ്പറിൽ നിന്നാ..."
"ആഹ്... എടുക്കണ്ട... ഏട്ടനാവും"
ജിഷ ആ ഫോൺ മേശക്ക് മുകളിലേക്ക് തന്നെ വച്ചു. അല്പനേരത്തിനുള്ളിൽ ആ ഗാനമാധുരി പിന്നെയും ആരംഭിച്ചു. ഇത് പതിവുള്ളതാണ്. ചാരു അവളുടെ സ്വാതന്ത്ര്യം എല്ലാ രീതിയിലും ആഘോഷിക്കുകയാണ്. എഞ്ചിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥിയാണ് ചാരു. പരീക്ഷ അടുത്തിരിക്കുന്നതിനാൽ വീട്ടിലേക്ക് പോലും പോയിട്ട് നാളുകളായി. പപ്പയും മമ്മിയും ഏട്ടനും ചേർന്ന സന്തുഷ്ടകുടുംബം ആണ് അവളുടേത്.
ചാരു കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി. വന്നപാടെ അവൾ ഫോൺ എടുത്തു നോക്കി. ഗൾഫിൽ നിന്നാണ് കോൾ. ഏട്ടൻ തന്നെ. അവൾ ഏട്ടന്റെ നമ്പറിലേക്ക് മിസ്ഡ്കോൾ ചെയ്തു. അധികം വൈകിയില്ല. തിരിച്ച് വിളി വന്നു.
"എവിടാരുന്നു മോളെ...?"
"കുളിക്കുവായിരുന്നു ഏട്ടാ..."
"ഹാ.. എനിക്ക് തോന്നി. എക്സാം നാളെ തുടങ്ങുവല്ലേ... അതാ ഞാൻ ഇന്ന് വിളിച്ചത്. "
"ഞാൻ ഇന്ന് അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു. സുഖമല്ലേ ഏട്ടന്..?"
"ഉം... പഠിച്ചൊക്കെ തീർന്നോ..?"
"ഒരുവിധം. ഇനി വയ്യ. പഠിച്ച് മടുത്തു. ഈ എക്സാം ഒന്ന് കഴിഞ്ഞിട്ട് വേണം കുറച്ച് ദിവസം ചുമ്മാ വീട്ടിൽ ഇരിക്കാൻ."
"ഉവ്വ്... നീ പഠിപ്പ് കഴിഞ്ഞാൽ ഉടനെ കല്യാണം ആലോചിക്കണം എന്ന് പറഞ്ഞ് പപ്പ കാത്തിരിക്കുന്നുണ്ട് അവിടെ."
"ആഹ്... നടന്നത് തന്നെ. എന്റെ കെട്ടിനെക്കുറിച്ച് ഇപ്പോഴൊന്നും ആലോചിക്കേണ്ട. സമയമാകുമ്പോൾ ഞാൻ പറയാം. അപ്പൊ നോക്കിയാ മതി. മോൻ മോന്റെ പെണ്ണിന്റെ വിശേഷം അന്വേഷിച്ചാ മതിട്ടോ..."
ഒരു ചിരി ആയിരുന്നു അപ്പുറത്തെ മറുപടി.
"ചിരിക്കുന്നോ..? വിളിച്ചില്ലേ പ്രിയതമയെ...?"
"ഉവ്വ്. ഇപ്പൊ വച്ചേ ഉള്ളു."
"ഓഹ്... അപ്പൊ അതൊക്കെ കഴിഞ്ഞപ്പോഴേ പെങ്ങളെ ഓർമ്മ വന്നുള്ളൂ അല്ലെ... "
ചാരു കള്ളപരിഭവം നടിച്ചു.
"പോടീ കാന്താരി... "
പിന്നെയും അൽപനേരം കൂടി അവർ സംസാരിച്ചു. ചാരുവിന്റെ ഏട്ടൻ ഹരിയുടെ വിവാഹം നേരത്തെ നിശ്ചയിച്ചു വച്ചിട്ടുണ്ട്. അടുത്ത തവണ ലീവിന് വരുമ്പോൾ വിവാഹം നടത്താം എന്ന ഉറപ്പിലാണ് ഹരി തിരികെ പോയത്.
ചാരുവിന്റെ വിവാഹം അതിന് മുൻപ് നടത്താൻ ആണ് അവളുടെ പപ്പയുടെ ആലോചന. പക്ഷെ വിവാഹം ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ ആണവൾ. പഠിപ്പ് കഴിഞ്ഞ് വരുമ്പോൾ അവളെ മെല്ലെ പറഞ്ഞ് സമ്മതിപ്പിക്കാം എന്ന ചിന്തയിൽ ആണ് വീട്ടുകാർ.
******
ദിവസങ്ങൾ കടന്നു പോയി. ചാരുവിന്റെ പരീക്ഷകൾ എല്ലാം തീർന്നിരിക്കുന്നു. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയാണ് അവൾ. ചാരുവിന് പരീക്ഷകളുടെ ഭാരം ഒഴിഞ്ഞതിന്റെ സന്തോഷം ഉണ്ടെങ്കിലും മുഖത്തിന് ഒരു തെളിച്ചവും ഉണ്ടായില്ല. അത്രയും നാൾ ജീവിച്ച ആ ഹോസ്റ്റൽ മുറി. അതവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. പഠിച്ച കോളേജ് അതും വിട്ടു പോകാൻ മനസ്സ് വരുന്നില്ല.
അവൾ അതൊക്കെ ഓർത്തുകൊണ്ട് ആ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നു. ആ കാഴ്ച ഇനി ചിലപ്പോൾ കിട്ടില്ല എന്ന ചിന്ത അവൾക്ക് ഒരുപാട് നഷ്ടബോധം ഉണ്ടാക്കി.
"ഇറങ്ങാറായില്ലേ ചാരു..."
ജിഷയാണ്, ചാരുലതയുടെ റൂംമേറ്റ്. അവളുടെ മുഖത്തെ വാട്ടം ജിഷ ശ്രദ്ധിച്ചു.
"എന്ത് പറ്റിയെടി..?"
"ഒന്നുമില്ല... ഇവിടന്ന് പോകാൻ തോന്നുന്നില്ല. "
"അതെന്താ... ?"
"ആവോ..? അറിയില്ല..."
"എനിക്കറിയാം. കിരണിനെക്കുറിച്ച് ഓർത്തിട്ടാ അല്ലെ..."
"ഹേയ്... അതൊന്നുമല്ല."
ചാരു പെട്ടെന്ന് നിഷേധിച്ചു.
"നീ വെറുതെ വിഷമിക്കാതെ. ഇനി പഠിക്കണ്ടല്ലോ എന്ന സമാധാനത്തിലാ ഞാൻ. നീ ഇങ്ങനെ വിഷമിച്ചാൽ എനിക്കും സങ്കടാവും. ദേ.. എനിക്ക് ഇറങ്ങാറായി തുടങ്ങി."
ചാരു മെല്ലെ ചിരിച്ചു. ആ ചിരിയിൽ ജിഷയും പങ്കു കൊണ്ടു. അവർ ഒന്നിച്ചാണ് ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്. ബസ് സ്റ്റാൻഡ് വരെ ഒന്നിച്ച് വന്നിട്ട് യാത്ര പറഞ്ഞ് രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു.
നാട്ടിലേക്കുള്ള ബസ് യാത്രയിൽ മുഴുവൻ അവൾക്ക് ഒരുത്സാഹവും തോന്നിയില്ല. ഇതിന് മുൻപത്തെ തവണ വരെ വീട്ടിലേക്ക് പോകുന്നത് എത്ര സന്തോഷം നിറഞ്ഞ കാര്യമായിരുന്നുവെന്ന് ചാരു ഓർത്തു. പക്ഷെ ഇത്തവണ...
ജിഷ പറഞ്ഞത് പോലെ കിരൺ ആണോ കാരണം? അവൾ ചിന്തിച്ചു നോക്കി. കിരൺ ചാരുവിന്റെ ക്ലാസ്സ്മേറ്റ് ആണ്. നല്ല സുഹൃത്തുക്കൾ. പക്ഷെ ആ സൗഹൃദം എല്ലാവരുടെയും കണ്ണിൽ പ്രണയം ആയിട്ടാണ് കാണുന്നത്. അതിന്റെ പേരിൽ കോളേജിൽ പ്രണയ ജോഡികൾ എന്ന പേരും വീണിരിക്കുന്നു.
പക്ഷെ അവർക്കിടയിൽ പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ആദ്യം മറുപടി പറയുന്നത് ചാരുവായിരുന്നു. ധൃതി പിടിച്ചുള്ള ആ ഉത്തരത്തിൽ എന്തെങ്കിലും ഒളിച്ചുവക്കുന്നുണ്ടോ എന്ന് തോന്നി പോകും. കിരണിന് ഒരു പുഞ്ചിരി മാത്രമേ മറുപടി ആയിട്ടുള്ളു.
ചാരു വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. നല്ല വേഗത്തിലാണ് ബസ് പോയിക്കൊണ്ടിരിക്കുന്നത്. പിന്നിട്ട് പോകുന്ന ഓരോ ചിത്രങ്ങളും അവളുടെ മനസ്സിൽ പതിയാതെ മാഞ്ഞു പോയിക്കൊണ്ടിരുന്നു. അവൾ എന്തോ ആലോചനയിലാണ്....
പപ്പയുടെ ഫോൺ വന്നപ്പോഴാണ് ആ ചിന്തയിൽ നിന്നും അവൾ ഉണർന്നത്.
"എത്താറായോ മോളെ..?"
പപ്പ മകളെ കാണാൻ കാത്തിരിക്കുകയാണെന്ന് ആ ചോദ്യത്തിൽ വ്യക്തമായിരുന്നു. നാളുകൾ കൂടി മകളെ കാണാൻ പോകുന്നതിന്റെ സന്തോഷം ആ ശബ്ദത്തിലുണ്ട്.
ഈ ലോകത്തിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ കണ്ണും പൂട്ടി മകളുടെ പേര് പറയുന്ന ആളാണ് ചാരുവിന്റെ പപ്പ. തിരിച്ചും അങ്ങനെ തന്നെ. പപ്പ കഴിഞ്ഞേ ഉള്ളു ചാരുവിനെന്തും.
"എത്താറായി പപ്പാ..."
"ആഹ്.. പപ്പ ബസ് സ്റ്റോപ്പിൽ ഉണ്ടാവാട്ടോ..."
"വേണമെന്നില്ല പപ്പാ... ഞാൻ ഓട്ടോ പിടിച്ച് വന്നോളാമായിരുന്നു."
"വേണ്ട മോളെ... പപ്പ അവിടെ ഉണ്ടാവാം."
"ഓക്കേ പപ്പാ..."
ആ കോൾ മുറിഞ്ഞു. പപ്പയുടെ ശബ്ദം കേട്ടതോടെ ചാരുവിന്റെ മൂഡ് മാറി. അത്ര നേരത്തെ ഉത്സാഹക്കുറവ് പെട്ടെന്ന് മാഞ്ഞു പോയി. അവൾ ഉന്മേഷത്തോടെ ഇറങ്ങേണ്ട സ്റ്റോപ്പും പ്രതീക്ഷിച്ചിരുന്നു.
*******
ചാരു വീട്ടിലെത്തിയിട്ട് ദിവസങ്ങളായി. പപ്പയുടെ കൂടെ തന്നെ ആണ് അവൾ ഏതു നേരവും. മുൻപും അതങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പപ്പാ ബുദ്ധിപൂർവം കല്യാണ കാര്യം എടുത്തിട്ടു. പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടാൻ ചാരു ഒരു വിഫല ശ്രമം നടത്തി. പക്ഷെ പപ്പ സമ്മതിച്ചില്ല.
"നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നതെന്താ മോളെ..? നിന്റെ മനസ്സിൽ എന്തേലും ഉണ്ടോ..?"
അത് പറഞ്ഞപ്പോൾ അവൾ പപ്പയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് വല്ലാത്തൊരു ഗൗരവം അപ്പോഴുണ്ടായിരുന്നു. ചാരുവിന് അല്പം ഭയം തോന്നി. അവൾ മിണ്ടാതെ നിന്നു.
"ഇപ്പോഴും ഇങ്ങനെ കല്യാണക്കാര്യം പറയുമ്പോ ഒഴിഞ്ഞു മാറാൻ കാരണം വല്ലതും ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്..?"
അവൾ ഇല്ലെന്ന് തലയാട്ടിയതല്ലാതെ മറുപടി പറഞ്ഞില്ല.
"പിന്നെന്താ പ്രശ്നം..?"
"ഒന്നുമില്ല... എനിക്ക് കുറച്ച് നാൾ പപ്പയുടെ ഒക്കെ കൂടെ നിൽക്കണം. ഏട്ടന്റെ കല്യാണം വരെയെങ്കിലും.. പ്ലീസ് പപ്പാ..."
അതൊരു ന്യായമായ ആവശ്യം ആണെന്ന് തോന്നിയതുകൊണ്ടാകണം അദ്ദേഹം എതിരൊന്നും പറഞ്ഞില്ല. പക്ഷെ ആ മുഖത്ത് പതിവിൽ കവിഞ്ഞ ഗൗരവം ഉണ്ടെന്നത് ചാരുവിന് അല്പം ആശങ്കയിലാക്കി.
അന്ന് രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറങ്ങാനായില്ല. പപ്പാ ചോദിച്ച ചോദ്യത്തിന് ഉത്തരം തിരയുകയായിരുന്നു അവൾ. എന്തുകൊണ്ടാണ് ഒരു വിവാഹത്തിന് മനസ്സ് വരാത്തത് എന്ന്.. പക്ഷെ ഒരുത്തരവും അവൾക്ക് കിട്ടിയില്ല.
കിരൺ ആണോ തന്റെ പ്രശ്നം..? ഒടുക്കം ആ ചോദ്യം അവളുടെ മനസാക്ഷി അവളോട് തന്നെ ചോദിച്ചു. എപ്പോഴത്തെയും പോലെ 'അല്ല' എന്നവൾ ധൃതിയിൽ മറുപടി പറഞ്ഞു. ആ തിടുക്കത്തിൽ അവനോടുള്ള ഇഷ്ടം ഒളിഞ്ഞു കിടപ്പുണ്ടോ എന്നവൾക്ക് തന്നെ ഇപ്പോൾ സംശയം തോന്നുന്നു. ഇന്ന് വരെ അത് ചിന്തിച്ചിരുന്നില്ല.
ആരെങ്കിലും ചോദിക്കുമ്പോൾ അവൻ ഒരിക്കൽ പോലും നിഷേധിച്ച് ഒരുത്തരം പറഞ്ഞിട്ടില്ല. ഇപ്പോഴും മറുപടി ഒരു പുഞ്ചിരി മാത്രമേ ആയിരിക്കും. അതിന് തന്നോടൊരിഷ്ടമുണ്ട് എന്നർത്ഥമുണ്ടോ? ചാരുവിന് മറുപടി കണ്ടെത്താൻ ആയില്ല.
എന്തായാലും ഏട്ടന്റെ കല്യാണം വരെ സമയമുണ്ടല്ലോ... ഏട്ടൻ വന്നിട്ട് ഏട്ടനുമായി ആലോചിച്ച് തീരുമാനിക്കാം എന്നവൾ നിശ്ചയിച്ചു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo