നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 23

Image may contain: 1 person, text

'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 23
2017 ജനുവരി 14 അങ്ങിനെ ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ആ ദിവസം വന്നെത്തി പ്രതിസന്ധികൾക്കിടയിലും ഇവരോടൊപ്പം ജോലിയിൽ ഒരു വർഷം പൂർത്തിയാക്കാൻ അല്ലാഹുവിന്റെ വിധി ഉണ്ടായിരിക്കുന്നു അടുത്ത കുറച്ചു ദിവസങ്ങളായി ഞാൻ ഏറെ പ്രതീക്ഷിച്ച ഒരു തീയതിയായിരുന്നു ഇത് എന്നത്തേയും പോലെ ഒരു സാധാരണ ദിവസം തന്നെയായിരുന്നു ഇന്നും എന്നാൽ അധികം ഓട്ടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല കഫീലിനെ കണ്ടപ്പോൾ ഒരു വർഷം തികഞ്ഞ കാര്യം ഞാൻ സൂചിപ്പിച്ചു അയാൾക്കും അത്ഭുതമായിരുന്നു ഞങ്ങൾ അല്പനേരം എന്തൊക്കെയോ സംസാരിച്ചു കൂട്ടത്തിൽ എനിക്കു നാട്ടിൽ നിന്നും പോരാൻ ചിലവായ പണത്തെ കുറിച്ച് ഞാൻ ചോദിച്ചു കുറച്ചുകാലമായി അതൊരു അടഞ്ഞ അധ്യായം ആയിരുന്നു ചോദിച്ചിട്ട് കാര്യമില്ല എന്ന് അറിഞ്ഞത് കൊണ്ട് ഞാൻ അതിനെക്കുറിച്ച് മാസങ്ങളായി അയാളുടെ സംസാരിച്ചിട്ടില്ല ഒരു വർഷം തികയുന്ന ദിവസം പറയാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു
താൻ പേടിക്കേണ്ട ആ പണത്തിൽ നിന്നും പകുതി തരാൻ മണിയോടും അയാളുടെ കഫീലിനോടും ഞാൻ പറഞ്ഞോളാം എന്നയാൾ പറഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി ആ പണം മണി തന്നെയാണ് എടുത്തതെന്ന് ഉറപ്പായി കാരണം ആദ്യം അയാളെ വിളിച്ച് സംസാരിച്ചപ്പോൾ ഒന്നും മനസ്സിലാവുന്നില്ല എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്ത ആളുതന്നെ എന്റെയും അവന്റെയും കഫീലന്മാർ വിളിച്ചു പറഞ്ഞതനുസരിച്ച് ഇങ്ങോട്ട് വിളിച്ചു പണം പകുതി തരാമെന്നും എന്നാൽ അതിന് മാർച്ച് 11തീയതി വരെ കാത്തിരിക്കണം എന്നും പറഞ്ഞു ഞാൻ സമ്മതിച്ചു ഇനി മാർച്ച് പതിനൊന്നാം തീയതി പുതിയ വല്ല നുണയും കൊണ്ട് വരാതിരുന്നാൽ മതിയായിരുന്നു ഒരിക്കൽ എല്ലാവരും കൈയൊഴിഞ്ഞ എന്നെ ഇപ്പോൾ പണം പകുതിയെങ്കിലും തരാം എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത് കഷ്ടപ്പാടിലും പ്രയാസത്തിലും എല്ലാം ക്ഷമിക്കാൻ ഞാൻ കാണിച്ച മനസ്സും എല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ച മനോഭാവവും ആയിരിക്കണം
ഒരു വർഷത്തിൽ എത്തിനിൽക്കുന്ന പ്രവാസജീവിതത്തിലെ നാളുകളിലേക്ക് ഞാൻ ഒന്നു തിരിഞ്ഞുനോക്കി ആശ്വസിക്കാനുള്ള വകയും നേട്ടങ്ങളും ഒരുപാടുണ്ടായിരുന്നു ഒന്നാമതായി നാട്ടുകാരുടെ മുന്നിൽ പരാജയപ്പെട്ടവൻ ആയി വീട്ടിലേക്കു കയറി ചെല്ലാതെ ഇവിടെ ജോലിയിൽ തുടരാൻ കഴിഞ്ഞു എന്നതുതന്നെയാണ് കഴിഞ്ഞ 29 വർഷത്തെ ജീവിതത്തിനിടയിൽ ഇത്രത്തോളം അടിമപ്പെട്ട മാനസിക പ്രയാസങ്ങൾ അനുഭവിച്ച മറ്റൊരു വർഷവും എനിക്ക് കടന്നുപോയിട്ടില്ല എന്നിട്ടും പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ ഞാൻ അല്ലാഹുവിനോട് കൈമലർത്താത്ത ഒരു ദിവസവും കഴിഞ്ഞ വർഷത്തിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ ഓർമ്മ മറ്റൊന്ന് ഒരുപാട് പിശുക്കിയിട്ടാണെങ്കിലും എന്റെ കടങ്ങളെല്ലാം ഒരുവർഷം തികഞ്ഞപ്പോഴേക്കും വീട്ടി എന്നതാണ് വീട്ടിലെ ചിലവും നാട്ടിലെ മറ്റു കാര്യങ്ങളും എല്ലാം കഴിഞ്ഞു മിച്ചം വരുന്ന പണം കൊണ്ടും നാട്ടിലെ കുറി കിട്ടിയ കാശുകൊണ്ടും ഒന്നാം വാർഷികം ആഘോഷിക്കുന്നതിന്റെ മുൻപേ കടങ്ങൾ ഏകദേശം മുഴുവനായും വീട്ടി
ഇനി ബാക്കിയുള്ളത് നാട്ടിലെ ആഴ്ചയിൽ ആയിരം രൂപ വീതം അടക്കാനുള്ള കുറിയാണ് അത് ഒരു വർഷം കൂടി ഉണ്ട് പിന്നെ അടുത്ത മാസം 500 റിയാൽ കൂടി ഇവിടെയുള്ള കുറിയിൽ കൊടുത്താൽ അതും തീരും ഇത്രയുമായാൽ നാട്ടിൽ നിന്നും പോരുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകൾ എല്ലാം വീട്ടി നേട്ടങ്ങളുടെ കൂട്ടത്തിൽ എടുത്തുപറയേണ്ട മറ്റൊന്ന് ശരീരത്തിനെയും മനസ്സിനെയും പ്രതിസന്ധികളിൽ പിടിച്ചു നിൽക്കുവാനും ക്ഷമിക്കുവാനും ശീലിപ്പിച്ചു എന്നതാണ് അതൊരു നിസാര കാര്യമായിരുന്നില്ല എത്രത്തോളം അടിച്ചമർത്തപ്പെട്ടാലും അവകാശങ്ങൾ നിഷേധിക്കപ്പെട്ടാലും തന്റെ ലക്ഷ്യത്തിലേക്ക് എത്തുന്ന നല്ല നാളുകളെ ഓർത്തു എല്ലാം സഹിക്കുക എന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല അതിന് കൈപ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവൽ അത്യാവശ്യമാണ് മാത്രമല്ല ഭാഗ്യവും അല്ലാഹുവിന്റെ സഹായവും സദാ കൂടെ ഉണ്ടാവുകയും വേണം
ആ വിഷയത്തിൽ ഞാൻ പൂർണ്ണമായും വിജയിച്ചു എന്നു പറയാൻ ആയിട്ടില്ല അതിന് ഇനിയും കാത്തിരിക്കണം ഒരു പക്ഷേ ഇപ്പോൾ കടന്നു പോയതു പോലെ ഒരു വർഷംകൂടി അതുവരെ നല്ലനിലയിൽ ജോലിയിൽ തുടർന്നു നാട്ടിലേക്ക് പോകുന്ന ദിവസം മുൻകൂട്ടി തീരുമാനിച്ചു വീട്ടിലേക്കുള്ള സാധനങ്ങളുമായി സന്തോഷത്തോടെ എയർപ്പോർട്ടിൽ ചെന്നിറങ്ങണം അത്രയും ആയാൽ ഞാൻ സന്തോഷവാൻ ആകുമെങ്കിലും പിന്നീട് മടങ്ങിപ്പോകുന്നില്ല എന്നും മറ്റെവിടേക്കെങ്കിലും പോകാനായി പുതിയ വിസയൊന്നും ശരിയാക്കാതെ യാണ് വന്നതെന്നും പറയുമ്പോൾ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയാണാവോ കഴിഞ്ഞു പോയ വർഷത്തിൽ പരിചയപ്പെടാൻ കഴിഞ്ഞ നാട്ടുകാരും അല്ലാത്തവരുമായ സുഹൃത്തുക്കളും പരിചയക്കാരും അവരുമായിട്ടുള്ള നല്ല ബന്ധങ്ങളും അവരുടെ അനുഭവങ്ങൾ അറിയാൻ കഴിഞ്ഞതും എല്ലാം നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആണ് എനിക്ക് ഇഷ്ടം
ആശ്വാസവും സന്തോഷവും സങ്കടവും എല്ലാം സമ്മാനിച്ച എത്രയെത്ര മുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ എന്റെ മുന്നിലൂടെ കടന്നുപോയി ജീവിതയാത്രകളിലെ ഇടവേളകളിൽ പരിചയപ്പെട്ട അവരിൽ പലരും നമുക്ക് ആശ്വാസമായി സാന്ത്വനമായി സുഹൃത്തുക്കളായി ഉപദേശിക്കാനും ശാസിക്കാനും അധികാരമുള്ള മുതിർന്ന സഹോദരങ്ങളായി പ്രവാസ മൈതാനത്ത് പിച്ച വെക്കാൻ തുടങ്ങിയ എന്നെ കാലിടറി വീഴാതിരിക്കാൻ സഹായിച്ചത് എന്റെ ആ സുഹൃത്ത് ബന്ധങ്ങളും പരിചയക്കാരും ആയിരുന്നു അവരിൽ ചിലർ ഇപ്പോഴും സുഹൃത്തുക്കളായി കൂടെയുണ്ട് മറ്റുചിലർ ചെറിയ ചെറിയ ഇടവേളകളിലെ പരിചയക്കാരായി വേറെ ചിലരെ ഇനിയൊരിക്കലും കാണാനിടയില്ലാത്ത അത്ര അകലങ്ങളിലായി എങ്കിലും അവരെല്ലാം നമുക്ക് ആരൊക്കെയോ ആയിരുന്നു ഇനിയും അങ്ങനെയുള്ള പലരേയും പരിചയപ്പെടാൻ ഇരിക്കുന്നു
വിരഹത്തിന്റെ വേദനയോടെയാണെങ്കിലും നാട്ടിലെ കാര്യങ്ങളും മുമ്പത്തെക്കാൾ ആശ്വാസമായി തന്നെ മുന്നോട്ടു പോകുന്നു ഒരു വർഷം മുൻപ് ഞാൻ ചോര പ്രായത്തിൽ കണ്ട എന്റെ മോള് ഇപ്പോൾ ഒരു വയസ്സുള്ള വീട്ടിലെ ഒരു അംഗം ആയി മാറിയിരിക്കുന്നു അതിനിടയിൽ അവൾ കമിഴ്ന്ന് കിടക്കാനും നിലത്തുകിടന്നു നീന്താനും മുട്ടിലിഴയാൻ ഉം എവിടെയെങ്കിലും പിടിച്ചു കയറുവാനും വീഴാതെ സ്വന്തം കാലിൽ നിൽക്കാനും എല്ലാം കഴിഞ്ഞ് ഒരു വയസ്സ് പൂർത്തിയായപ്പോൾ അല്പം ആണെങ്കിലും സ്വന്തമായി നടക്കുവാനും തുടങ്ങിയിരിക്കുന്നു മാത്രമല്ല അവളാണ് ഇപ്പോൾ വീട്ടിലെ താരം എല്ലാവരുടെയും ചെറിയ കൂട്ടുകാരിയും എന്നാൽ മുഴുസമയ വികൃതിയും ഒച്ചയും ബഹളവുമായി അവൾ വീട്ടിലുള്ളത് വലിയ ആശ്വാസം തന്നെയാണ് മോൾക്ക് ബാപ്പാന്റെ വികൃതിയും ഒച്ചയും ബഹളവും ദേശ്യവും ഒക്കെയാണ് കിട്ടിയിരിക്കുന്നത് എന്നാണ് വീട്ടിലുള്ളവരുടെ വാദം ഇതിനുമാത്രം ഞാനെന്താണ് ചെറുപ്പത്തിൽ ചെയ്തത്
ഒരാണിനെയും നാല് പെണ്ണുങ്ങളെയും പ്രസവിച്ച് വളർത്തി ഓമനിച്ചു കോതി തീർന്ന ഉമ്മയുടെ ആറാമത്തെ മകനായാണ് ഞാൻ ജനിക്കുന്നത് ഉപ്പയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ പന്ത്രണ്ടാമത്തെ മകനായിട്ടും മുൻപറയപ്പെട്ട പെൺ പുലികളായ 4 പെങ്ങന്മാരുടെയും അധികാരത്തിലും ശിക്ഷണത്തിനും എന്റെ ബാല്യകാല അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു എന്ന് പറയുന്നതല്ലേ ശരി മറ്റു കുട്ടികൾക്ക് കിട്ടിയിരുന്ന പല സ്വാതന്ത്ര്യവും എനിക്ക് കുട്ടിക്കാലത്ത് കിട്ടിയില്ല എന്ന് ഞാൻ ഊന്നി ഊന്നി പറയുന്നു എന്നിട്ടും കാലങ്ങൾ കടന്നുപോയപ്പോൾ ഞാൻ എല്ലാം മറന്ന് എന്റെ ജീവിതം തന്നെ പെങ്ങൻമാർക്കുള്ള സേവനത്തിനായി മാറ്റിവെച്ചു(?)
എനിക്കവിടെ തുടർന്ന് നിൽക്കാൻ ഏറ്റവും കൂടുതൽ സാഹചര്യമൊരുക്കി തന്നത് വീട്ടിൽ ഉമ്മയും ഭാര്യയും മോളുമായി വളരെ നല്ല നിലയിൽ പൊരുത്തത്തോടെ കഴിഞ്ഞു പോകുന്നു എന്നതാണ് എന്റെ കഫീലിന് പോലും സ്വപ്നം കാണാൻ കഴിയാത്ത ആശ്വാസം എന്റെ ഭാഗ്യമായി ഞാൻ കാണുന്നു മാസത്തിൽ രണ്ടോ മൂന്നോ ദിവസം ഒഴിച്ചാൽ ബാക്കിയുള്ള മുഴുവൻ ദിവസവും ഭാര്യ ഉമ്മയോടൊപ്പം വീട്ടിൽ തന്നെ ഉണ്ടാവും അവർ രണ്ടുപേരും ഇണക്കത്തിലും പൊരുത്തത്തിലും കഴിയുന്ന കാലത്തോളം മറ്റെല്ലാ പ്രശ്നങ്ങളും സഹിക്കാൻ ഞാൻ തയ്യാറാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട് വേറെയും ഒരുപാട് സാഹചര്യങ്ങൾ എനിക്കനുകൂലമായി മാറിയിട്ടുണ്ട് വണ്ടിക്ക് ഇൻഷൂറൻസ് എടുത്തതും ഏറെ വൈകിയാണെങ്കിലും കഫീലിന്റെ ഫ്ലാറ്റിനു താഴെ താമസമാക്കിയതും ഒക്കെ അതിൽ പെട്ടതാണ്
സ്വന്തമായി ഒരു റൂം കിട്ടിയതു തന്നെ വലിയ ആശ്വാസം ആയതു കൊണ്ടും കഫീൽ വാങ്ങി തന്ന സാധനങ്ങളുടെ അവസ്ഥ കണ്ടതുകൊണ്ടും റൂമിലേക്ക് ആവശ്യമുള്ള മറ്റ് സാധനങ്ങളൊന്നും പറഞ്ഞു ഞാൻ കഫീലിനെ ബുദ്ധിമുട്ടിച്ചില്ല റൂമിലേക്ക് ആവശ്യമായ സാധനങ്ങൾ ഒക്കെ വേസ്റ്റ് ബോക്സിന്റെ അടുത്തുനിന്നും കാണുന്ന നല്ല സാധനങ്ങൾ ഞാൻ പെറുക്കി കൊണ്ടുവന്നതായിരുന്നു നിലത്ത് വിരിക്കാനുള്ള കാർപ്പറ്റ് മുഖം നോക്കാനുള്ള കണ്ണാടി സോഫ പോലെയുള്ള കുഷ്യൻ ഇരുമ്പിന്റെ കട്ടിലിൽ ഇളക്കം ഇല്ലാതിരിക്കാൻ വയ്ക്കുന്ന മരത്തിന്റെ പലക അങ്ങനെ ആവശ്യമുള്ള പലതും പണക്കാരായ സ്വദേശികൾ ഫ്ലാറ്റുകളിൽ നിന്നും ഒഴിവാക്കിയത് തന്നെയായിരുന്നു ഇവിടെ ഇത് സാധാരണയാണ് വിദേശികളായ ജോലിക്കാരുടെ റൂമിലുള്ള അലമാര മേശ അടക്കം എല്ലാ ഫർണിച്ചറുകളും അടുക്കളയിലേക്കും റൂമുകളിലേക്കും മറ്റും ആവശ്യമുള്ള സാധനങ്ങളും എല്ലാം പണക്കാരായ സൗദികൾ ചെറിയ ഉപയോഗത്തിന് ശേഷം ഒഴിവാക്കുന്ന സാധനങ്ങൾ ആയിരിക്കും
എല്ലാ ആശ്വാസങ്ങൾ ക്കിടയിലും കഫീലിന്റെയും മാഡത്തിന്റെയും സ്വഭാവത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വർഷം പൂർത്തിയാക്കിയ വേളയയിലും ആശങ്കപ്പെടാൻ ഉള്ള വകുപ്പുണ്ടായിരുന്നു പുറമേ നോക്കുമ്പോൾ ഞാനും കഫീലും തമ്മിൽ നല്ല പൊരുത്തത്തിൽ ആണ് എന്ന് തോന്നുമെങ്കിലും ഉള്ളിൽ നീറിപുകയുന്നയുന്ന പല പ്രശ്നങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എത്രയൊക്കെ സഹിച്ചും ക്ഷമിച്ചും ജോലി ചെയ്താലും എന്നെ തീരെ വിശ്വാസം ഇല്ലാത്ത സ്വഭാവമായിരുന്നു കഫീലിന്റെയും അയാളുടെ ഭാര്യയുടെയും എന്നെങ്കിലും ഒരു ദിവസം ഓട്ടം കുറവായാൽ അന്ന് എനിക്ക് പേടിയായിരുന്നു കാരണം അന്ന് അവർക്ക് രണ്ടുപേർക്കും എന്നോട് വല്ലാത്ത ദേഷ്യം ആയിരിക്കും എനിക്ക് തരുന്ന ശമ്പളം മുതലെടുക്കാൻ പറ്റിയില്ലല്ലോ എന്ന തോന്നലാവും അന്ന്
അവരുടെ ഒരു റിയാൽ എങ്കിലും വാങ്ങുന്നവനെ കൊണ്ട് ചെറുപ്പത്തിൽ കുടിച്ച മുലപ്പാൽ വരെ തുപ്പിക്കുന്ന പ്രവർത്തനങ്ങൾ അവൾ പലരോടും ചെയ്യുന്നത് ഞാൻ നേരിട്ടുകണ്ടു ഫ്ലാറ്റിലെ ഹാരിസ് പാകിസ്ഥാനി ഒരു സാധുവായിരുന്നു അയാൾക്ക് അറബി ശരിക്ക് വശമില്ലായിരുന്നു 40 45 വയസ്സ് പ്രായമുള്ള ഒരു മധ്യവയസ്കൻ എന്റെ കഫീൽ ബിൽഡിംഗ് ലേക്ക് വന്നാൽ ആദ്യം ഹാരിസിനെ വിളിച്ച് അട്ടഹസിക്കും ആ പാവം ഓടിക്കിതച്ചുവന്നു ഇവൻ പറയുന്ന ആവശ്യവും അനാവശ്യവും ആയ കാര്യങ്ങളൊക്കെ ചെയ്യും എന്റെ വാതിലിൽ ശക്തമായി വന്നു തട്ടുന്നത് പോലെ തന്നെ ഏത് അർദ്ധരാത്രിയിലും ആ പാവത്തിന്റെ റൂമിലും ചെന്നു തട്ടുകയും മൊബൈലിലേക്ക് വിളിക്കുകയും ഒക്കെ ചെയ്യും ഹാരിസിന്റെ ശമ്പളവും കെട്ടിടത്തിന്റെ കരണ്ട് ബില്ല് പൊതു വെള്ള ടാങ്കിന്റെ ബില്ല് മറ്റു ചെറിയ ചെറിയ ചെലവുകൾ ഇവയ്ക്കെല്ലാം ഒരു ഫ്ലാറ്റ് ഉടമസ്ഥൻ മാസംതോറും 100 റിയാൽ വീതം മാറ്റി വക്കണം ആ പണത്തിൽ നിന്നാണ് കെട്ടിടത്തിന്റെ ഹാരിസിന്റെ ശമ്പളം എന്നതാണ് അയാളെ കൊണ്ട് ഈ കഷ്ടപ്പെടുത്തുന്നതിന്റെ ഉദ്ദേശം
1200 റിയാൽ ശമ്പളം പറഞ്ഞുറപ്പിച്ചു വന്ന അയാൾ കെട്ടിടത്തിന്റെ കോണിപ്പടികൾ ഉം താഴെ കാർ പാർക്കിംഗ് ഏരിയ മുഴുവനും മുറ്റവും ദിവസവും അടിക്കുകയും തുടക്കുകയും വേണം പിന്നെ 16 ഫ്ലാറ്റുകളിലേയും താമസക്കാർ ഒഴിവാക്കുന്ന വേസ്റ്റ് കവറുകൾ രാവിലെയും വൈകുന്നേരവും കൊണ്ടുപോയി കളയണം വെള്ളം കൊണ്ട് വണ്ടി വരുമ്പോഴോ മറ്റ് വല്ല പണിയും നടക്കുമ്പോഴോ അതിലൊക്കെ സഹായിക്കണം ഇതിനൊക്കെ പുറമേ കാവൽ നായ യെ പോലെ എല്ലാ സമയവും കെട്ടിടത്തിന്റെ ചുറ്റും എന്തിനും തയ്യാറായി നിൽക്കുകയും വേണം ഇതൊക്കെ അയാൾ വളരെ വൃത്തിയിൽ ചെയ്യുന്നുമുണ്ട് അതിനു പുറമേയാണ് എന്റെ കഫീലിനെ പോലെയുള്ള 16 ഫ്ലാറ്റ് ഉടമസ്ഥന്മാരുടെ ആവശ്യങ്ങൾക്കായി തലങ്ങും വിലങ്ങും അയാളെ ഓടിക്കുന്നത് അവസാനം മാസം തികഞ്ഞപ്പോൾ അയാൾക്ക് ശമ്പളം കൊടുത്ത് ആയിരം റിയാൽ ആ പാവം രണ്ടു ദിവസത്തിനകം തന്നെ ജീവനും കൊണ്ട് രക്ഷപ്പെട്ടു
തങ്ങൾ കൊടുക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി ജോലി ചെയ്യിക്കുക എന്ന കഫീലിന്റെയും മാഡത്തിന്റെയും സ്വഭാവം അവർ ബന്ധപ്പെടുന്ന മറ്റു മേഖലകളിലും സാധനങ്ങൾ വാങ്ങുന്ന കടകളിലും ഭക്ഷണം വാങ്ങുന്ന ഹോട്ടലുകളിലും എല്ലാം വളരെ വ്യക്തമായി പ്രകടമായിരുന്നു അതുകൊണ്ടൊക്കെയാണ് ഓട്ടം കുറവുള്ള ദിവസങ്ങളിൽ അവർക്ക് എന്നോട് ദേഷ്യം വരുന്നതും അർദ്ധരാത്രി വന്ന് വാതിൽ തള്ളി പൊളിക്കുന്നതും ഏത് പാതിരാത്രി വിളിച്ചാലും ഞാൻ ഫോൺ എടുത്തില്ലെങ്കിൽ എന്നെ തെറി വിളിക്കുന്നതും ഒക്കെ മാഡം എന്നെ വെച്ച് മുതലെടുപ്പു നടത്തുന്നത് മണിക്കൂറുകൾ കാത്തു നിർത്തിയും ഭക്ഷണത്തിനുപോലും വീട്ടിലേക്ക് വിടുകയോ പണം തിരികെയോ ചെയ്യാതെയും വണ്ടി സ്റ്റാർട്ട് ചെയ്തിരിക്കാൻ അനുവദിക്കാതിരിക്കുകയും ഒക്കെ ചെയ്തു കൊണ്ടാണ് ഇതൊക്കെ ഞാൻ സഹിക്കാൻ തുടങ്ങിയപ്പോൾ പിന്നെ അതിലും കടുത്ത പല ആവശ്യങ്ങളും അവൾ മുന്നോട്ടുവെച്ചു
അവൾ എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ പിറ്റേന്ന് ഉറക്കമുണരുന്നത് വരെ താഴെ ഞാൻ കാത്തു നിൽക്കുക അവൾ പ്രസവിച്ചു കിടക്കാൻ അവളുടെ വീട്ടിലേക്ക് പോയപ്പോൾ ഞാനും അവിടെ പോയി കിടക്കുക എന്നൊക്കെയായിരുന്നു പുതിയ നിയമങ്ങൾ ചിലതിനൊക്കെ തൽക്കാലം രക്ഷപ്പെട്ടെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്നതിൽ യാതൊരു ഉറപ്പുമില്ല ഇവൾ എത്രത്തോളമെന്നെ ഉപദ്രവിക്കുന്നതിന്നു മറ്റൊരു കാരണം കൂടിയുണ്ട് സത്യത്തിൽ അവൾ പ്രതീക്ഷിച്ച പോലെ ഒരു ഡ്രൈവറാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല ഞാൻ ഇവിടെ വരുന്ന കാലത്ത് ഭർത്താവിന്റെ വീട്ടുകാരോട് പല നുണകളും അവൾ പറഞ്ഞു പിടിപ്പിച്ചിരുന്നു എന്റെ കഫീൽ അവളുടെ ബാപ്പ യാണെന്നും ഞാൻ അവളുടെ വീട്ടിലെ ഡ്രൈവർ ആണെന്നും അവിടെ നിന്നാണ് എനിക്ക് ശമ്പളം തരുന്നതെന്നും ഒരു ദിവസം മാടത്തിന്റെ ഓട്ടവും അടുത്ത ദിവസം അവളുടെ വീട്ടിലെ ഓട്ടവും ആണ് എന്റെ ജോലി എന്നുമൊക്കെ അവൾ കഫീലിന്റെ ഉമ്മാനോടും പെങ്ങളോടും പറഞ്ഞിരുന്നു അതുകൊണ്ടാണ് ഞാനിവിടെ വന്ന കാലങ്ങളിൽ ആര് എന്ത് ചോദിച്ചാലും ഒന്നും പറയരുത് എന്ന് എന്നോട് പറഞ്ഞിരുന്നത്
എന്നാൽ കഫീലിന്റെ കുടുംബ സാഹചര്യവും മറ്റും മനസ്സിലാക്കിയതുകൊണ്ടും കഫീൽ എന്നോട് ഈ വക നുണകൾ ഒന്നും പറയാൻ നേരിട്ട് പറയാത്തതുകൊണ്ടും ഞാൻ അതൊന്നും വലിയ കാര്യമായി എടുത്തില്ല കാലങ്ങൾ കഴിഞ്ഞപ്പോൾ പല കാര്യങ്ങളും സ്വാഭാവികമായും കഫീലിന്റെ ഉമ്മ മനസ്സിലാക്കുകയും ചിലതൊക്കെ എന്നോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു പൊതുവേ നുണ പറയാനുള്ള മടികൊണ്ടും അത് പിന്നീട് ചെന്നെത്താവുന്ന ഭവിഷ്യത്തുകളെ ഓർത്തും കഫീലിന്റെ ഉമ്മയുടെ അവസ്ഥ കണ്ടതുകൊണ്ടും ഞാൻ ഒരു കാര്യത്തിലും ആരോടും നുണ പറയാൻ പോയില്ല സത്യം മാത്രം പറഞ്ഞു ഞാൻ അറിഞ്ഞതും എന്നോട് ചോദിച്ചതുമായ കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ഒരു കാര്യവും ഞാൻ ആരോടും പറഞ്ഞതുമില്ല ഇത്രയൊക്കെ ആയിരുന്നു ഞാൻ സ്വീകരിച്ചിരുന്ന നിലപാട് എല്ലാവർക്കും സമ്മതനായി പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചത്
എന്നാൽ മാഡത്തിനു വേണ്ടത് അങ്ങനെ ഒരു ഡ്രൈവറെ ആയിരുന്നില്ല കഫീലിന്റെ ഉമ്മ ചോദിച്ചതും ചോദിക്കാത്തതുമായ എല്ലാ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് അവളോട് പറയുന്ന അവൾ പറയാൻ പറയുന്ന എല്ലാ നുണകളും അതുപോലെ തന്നെ പറയുന്ന ഒരു വിശ്വസ്തനെയായിരുന്നു അവൾക്കാവശ്യം പൊതുവേ അടിച്ചമർത്തപ്പെട്ടവന്റെ കൂടെ നിൽക്കാൻ ഇഷ്ടപ്പെടുന്നവൻ ആയതുകൊണ്ടാവും കഫീലിന്റെ ഉമ്മയുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ അവരോട് നുണ പറയാനോ അവർ ചോദിക്കുന്നത് മറ്റാരോടെങ്കിലും പറഞ്ഞു പ്രശ്നങ്ങൾ ഉണ്ടാക്കുവാനോ എനിക്ക് തോന്നിയില്ല മാത്രമല്ല ഭാര്യയുടെ അടിമയായ കഫീൽ അവളെ പേടിച്ച് സ്വന്തം ഉമ്മാക്ക് ചെയ്തു കൊടുക്കേണ്ട പല കാര്യങ്ങളും രഹസ്യമായിട്ടായിരുന്നു എന്നെ ഏൽപ്പിച്ചിരുന്നത് അതുകൊണ്ട് മാഡം പ്രതീക്ഷിച്ച പോലെ ഒരു മനസാക്ഷി സൂക്ഷിപ്പുകാരനായ ഡ്രൈവറാകാൻ എനിക്കു കഴിഞ്ഞില്ല
ഈ കാരണങ്ങളൊക്കെ കൊണ്ടും പൊതുവെ രക്തത്തിൽ അലിഞ്ഞുചേർന്ന പിശുക്കും എല്ലാത്തിനും പുറമേ ആവശ്യത്തിൽ കൂടുതലുള്ള അഹങ്കാരവും ഒക്കെ കൊണ്ടും എന്നോടുള്ള പെരുമാറ്റം വളരെ മൃഗീയവും കരുണ വറ്റിയ തും ആയി തുടർന്നു ഇനി ഇതൊക്കെ തീർന്ന് എന്നോട് അല്പം മനുഷ്യത്വത്തോടെ പെരുമാറുന്ന ഒരു കാലം വരും അത് എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ നാട്ടിലേക്കു പോകുന്നതിന്റെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുൻപ് ആയിരിക്കും കാലം ഹൈട്ടക്ക് ആയതുകൊണ്ട് അടിമകളെ മരണംവരെ ജോലിയെടുപ്പിക്കാൻ ഇന്ന് വകുപ്പില്ല അതുകൊണ്ടുതന്നെ എത്ര ക്രൂരമായി ജോലിക്കാരോട് പെരുമാറുന്ന സൗദികളും ജോലിക്കാർ നാട്ടിലേക്ക് പോകുന്നതിന്റെ കുറച്ചുകാലം മുൻപ് അവരോട് അല്പം മയത്തിലൊക്കെ പെരുമാറാൻ തുടങ്ങും ഇയാൾ പോയാൽ ഇങ്ങോട്ട് തന്നെ തിരിച്ചു വരാൻ വേണ്ടിയാണത് അതിനുവേണ്ടി ചെറിയ ചില പാരിദോഷങ്ങളൊക്കെ നൽകി ഇനി തിരിച്ചു വന്നാൽ കിട്ടാവുന്ന വലിയ വലിയ നേട്ടങ്ങളും മറ്റുമൊക്കെ പറഞ്ഞു പിടിപ്പിച്ചു എങ്ങനെയെങ്കിലും അയാളെ ഇങ്ങോട്ട് തിരിച്ചു കൊണ്ടുവരുവാനുള്ള എല്ലാ വഴികളും നോക്കും അതിനു വേണ്ടി എന്ത് മോഹനസുന്ദര വാഗ്ദാനങ്ങളും നൽകാൻ അവർക്കു മടിയില്ല
എനിക്കും അങ്ങനെയൊക്കെ ഒരു കാലം വരാൻ ഉണ്ടെന്നാണ് എന്റെ വിശ്വാസം എല്ലാം സഹിച്ച് ജോലി ചെയ്യാൻ വേണ്ടി എന്നെ പറഞ്ഞു കൊതിപ്പിച്ച നുണകൾ എന്തെല്ലാമായിരുന്നു കഴിഞ്ഞ നോമ്പിന് നാട്ടിലേക്ക് പറഞ്ഞയക്കും എന്നായിരുന്നു ആദ്യത്തെ നുണ ഓടിക്കാൻ കഴിയാത്ത അത്രക്കും പ്രശ്നങ്ങളുമായി ആദ്യകാലങ്ങളിൽ ഞാൻ ചെറിയ കാർ ഓടിക്കുമ്പോൾ എന്റെ മുട്ടിനും മുതുകിനും വേദനയെടുത്ത് ഞാൻ സീറ്റിൽ ഇരുന്നു പുളയുമ്പോൾ അവൾ പറഞ്ഞിരുന്ന നുണ രണ്ടുമാസത്തിനുള്ളിൽ പുതിയ കാറു വാങ്ങും എന്നായിരുന്നു നുണകൾ ഇനിയുമിനിയും ഏറ്റുവാങ്ങാൻ എന്റെ പ്രവാസം ഇപ്പോഴും ബാക്കി എന്റെ കാര്യത്തിൽ ഇനി ഇങ്ങനെയൊക്കെ സംഭവിക്കാതെ മറിച്ച് ആവാനും സാധ്യതയേറെയാണ് കാരണം ഞാൻ പോകുമ്പോൾ തന്നെ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്നും പറഞ്ഞ് എക്സിറ്റിൽ പോകാനാണ് തീരുമാനം എപ്പോൾ പോവുകയാണെങ്കിലും അത്രയും കാലം ജോലി ചെയ്തവരോട് സത്യം പറഞ്ഞു നല്ല നിലയിൽ പിരിയണം എന്നാണ് എന്റെ തീരുമാനം
പലരും മുതലാളിമാർ എക്സിറ്റ് തരില്ല എന്ന പേടി കാരണം ഇനിയും തിരിച്ചു വരാം എന്നും പറഞ്ഞു നാട്ടിൽ പോയി തിരിച്ചു വരാതിരിക്കലാണ് പതിവ് എന്നാൽ എനിക്ക് ആ പേടി തീരെയില്ല എന്റെ കാലാവധി തീരുന്നതുവരെ മാത്രമേ എന്റെ മേൽ ഇവർക്ക് അധികാരം സ്ഥാപിക്കാൻ കഴിയുകയുള്ളൂ കാലാവധി തീരുന്ന മുറക്ക് എനിക്ക് എക്സിറ്റ് ആവശ്യപ്പെടാം എക്സിറ്റ് അടിച്ചു ടിക്കറ്റും എടുത്ത് എന്നെ നാട്ടിലേക്ക് കയറ്റി വിടാനുള്ള ഉത്തരവാദിത്വം എന്റെ കഫീലിന് നിർബന്ധമാകും ഇനി അയാൾ അതിനു വിസമ്മതിക്കുകയാണെങ്കിൽ അപ്പോൾ സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന് എനിക്കറിയാം അതിനുള്ള ധൈര്യവും ചങ്കൂറ്റവും എനിക്കുണ്ട് എന്നാണെന്റെ വിശ്വാസം അതിനൊന്നും ഇടവരുത്താതെ എല്ലാം നല്ല നിലയിൽ അവസാനിക്കാൻ എപ്പോഴും പടച്ചവനോട് പ്രാർത്ഥിക്കാറുണ്ട്
എല്ലാം സഹിക്കുകയും കാൽക്കീഴിൽ ഇട്ട് ചവിട്ടി അരച്ചിട്ടും പ്രതികരിക്കാതിരിക്കുക യും ചെയ്യുമ്പോഴും എന്റെ മനസ്സിൽ എന്തൊക്കെയോ കടുത്ത തീരുമാനങ്ങൾ ഉണ്ടെന്നും എല്ലാക്കാലത്തും ഇവനെ അടിമയാക്കി വയ്ക്കാൻ തനിക്ക് കഴിയില്ലെന്നും മാഡത്തിനും അറിയാം അതുകൊണ്ടായിരിക്കാം കിട്ടിയ അവസരം മുതലാക്കി എന്നെ പരമാവധി കഷ്ടപ്പെടുത്താൻ അവൾ ശ്രമിക്കുന്നത് തിരിച്ചു വരില്ല എന്നും പറഞ്ഞു പോകുന്ന ജോലിക്കാരോട് അവർ പോകുന്നതിന്റെ മുൻപുള്ള മാസങ്ങളിൽ ഇവരെ പോലുള്ള തൊഴിലുടമകൾ പെരുമാറുന്നത് വളരെ ക്രൂരമായി ആയിരിക്കും അടിമ എങ്ങനെയെങ്കിലും രണ്ട് വർഷമെന്ന തൊഴിൽ കരാറിന്റെ കാലാവധി പൂർത്തിയാക്കിയാൽ അയാൾക്ക് ടിക്കറ്റെടുത്ത് കൊടുക്കേണ്ടി വരും എന്നുള്ളതു കൊണ്ട് ആ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് അയാളെ പരമാവധി കഷ്ടപ്പെടുത്തി എങ്ങനെയെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചെടുക്കുക രണ്ടുവർഷം പൂർത്തിയാകുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി ഇനി ജോലിയിൽ തുടരുന്നില്ല എന്ന് ജോലിക്കാരനെ കൊണ്ടുതന്നെ പറയിപ്പിച്ചാൽ അവന് ടിക്കറ്റെടുത്ത് കൊടുക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും തൊഴിലുടമക്ക് രക്ഷപ്പെടാം
ശ്രീലങ്കക്കാരന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ് രണ്ടുവർഷം തികയാൻ രണ്ടോ മൂന്നോ മാസം ബാക്കി നിൽക്കേ അയാളുടെ മാഡം തന്നെ അയാളെ ചെരുപ്പുകൊണ്ട് തല്ലി പ്രശ്നങ്ങളുണ്ടാക്കി പോലീസിനെ വിളിച്ചുവരുത്തി അവസാനം ഇനി ജോലിയിൽ തുടരുന്നില്ലെന്നും നാട്ടിലേക്ക് പോകുകയാണെന്നും അയാളെ കൊണ്ട് തന്നെ പറയിപ്പിച്ചു ഇത്രയും ക്ഷമിച്ചു ഞാൻ ഇവിടെ പിടിച്ചു നിൽക്കുമ്പോൾ മാടത്തിന് ഞാൻ പോയാൽ തിരിച്ചു വരും എന്ന കാര്യത്തിൽ ചെറിയ ഒരു പ്രതീക്ഷയെങ്കിലും കാണാതിരിക്കില്ല സംഭവിക്കാൻ പോകുന്നത് മറിച്ച് ആണെന്ന് അറിയുമ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ആലോചിക്കുമ്പോൾ തന്നെ ഉള്ളിലെവിടെയോ ഒരു ഭയം അങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ അതിനെ മറികടക്കാൻ ഞാൻ ഇതുവരെ ശീലിച്ച ക്ഷമയും സഹനവും പോരാതെ വരും ഇനിയുള്ള ബാക്കി കാലം കടന്നു പോവാൻ അതുകൊണ്ടുതന്നെ കൂടുതൽ ക്ഷമയും പ്രാർത്ഥനയും അത്യാവശ്യമാണ് കാരണം എന്റെ തലക്കു മുകളിൽ വലിയ കടത്തിന്റെ ബാധ്യതയില്ല മാത്രമല്ല വല്ലവിധത്തിലും നാട്ടിൽ പോവേണ്ടിവന്നാലും പഴയപോലെ പ്രശ്നങ്ങളില്ല ഒരു വർഷമെങ്കിലും കഴിഞ്ഞിട്ടാണോ പോകുന്നത് എന്ന ആശ്വാസവും ആയിരിക്കും
നാട്ടിൽ പോയിട്ട് തിരിച്ചു വരുന്നതിനെ കുറിച്ച് എന്നോട് ഇതുവരെ മാഡമോ കഫീലോ ചോദിച്ചിട്ടില്ല പക്ഷേ മാഡത്തിന്റെ ഉമ്മ ഒരിക്കൽ ചോദിച്ചു തിരിച്ചുവരണം എന്ന ആഗ്രഹം ഒക്കെ ഉണ്ട് അപ്പോഴത്തെ സാഹചര്യങ്ങൾ എങ്ങനെയാണെന്ന് അറിയില്ലല്ലോ എന്നുമാണ് അന്ന് ഞാൻ മറുപടി പറഞ്ഞത് അവൾ എന്നെ വഴക്കു പറയുന്നതും കഷ്ടപ്പെടുത്തുന്നതും ഒക്കെ കണ്ടിട്ട് ഞാൻ തിരിച്ചു വരില്ല എന്ന് കരുതി ചോദിച്ചതാണോ അതോ മാഡം ഉമ്മയെ കൊണ്ടു ചോദിച്ചതാണോ എന്ന് എനിക്കറിയില്ല ഏതായിരുന്നാലും അല്പം നുണ ചേർത്തിട്ടുണ്ടെങ്കിലും ഇലക്കും മുള്ളിനും കേടില്ലാത്ത രൂപത്തിൽ ഒരു മറുപടി ഞാൻ കൊടുത്തു അപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും പോകുന്നതിന്റെ മുമ്പ് സത്യം പറഞ്ഞു ആണായിട്ട് തന്നെ നാട്ടിൽ പോകണം എന്നാണ് എന്റെ തീരുമാനം കഫീലിനെ പറ്റിച്ച് പോകാനാണെങ്കിൽ വേണമെങ്കിൽ അടുത്ത നോമ്പിനു തന്നെ നാട്ടിൽ പോകുന്നതേയുള്ളൂ അപ്പോഴേക്കും ഒരു വർഷവും നാലോ അഞ്ചോ മാസവും തികയും നോമ്പിനു സാധാരണയായി ഹൗസ് ഡ്രൈവർമാർ എല്ലാം നാട്ടിൽ പോകാറുണ്ടല്ലോ നോമ്പിന് പോവുകയാണെങ്കിൽ പോലും സത്യം പറഞ്ഞു എക്സിറ്റ് വാങ്ങിയിട്ടേ നാട്ടിൽ പോകു എന്നാണ് എന്റെ തീരുമാനം കാരണം അത് ഞാൻ എന്റെ മനസ്സാക്ഷിക്കു കൊടുത്ത വാക്കാണല്ലോ
നോമ്പിനോ പെരുന്നാളിനോ വലിയ പെരുന്നാളിന്നോ നാട്ടിൽ പോകണമെന്ന് ഒരു ആഗ്രഹം ഇപ്പോൾ മനസ്സിൽ ഇല്ല എന്നതാണ് സത്യം വീട്ടുകാരെ മറന്നിട്ടോ ഒരുപാട് സമ്പാദിക്കാനുള്ള ആഗ്രഹം കൊണ്ടോ അല്ല അത് മറിച്ച് അത് മാഡത്തിനോടുള്ള ഒരു മധുര പ്രതികാരത്തിന്റെ ഭാഗമാണ് ഒരു യുവാവായ എന്റെമേൽ മനുഷ്യാവകാശ ലംഘനത്തിന്റെ ഒരു വലിയ അധ്യായം തന്നെ അവൾ നടത്തി കഴിഞ്ഞിരിക്കുന്നു അപ്പോഴൊക്കെ ക്ഷമിക്കാൻ വേണ്ടി ഞാൻ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയ ഒരു പ്രതികാരത്തിന്റെ കഥയുണ്ടായിരുന്നു എത്രത്തോളം കാൽക്കീഴിൽ ഇട്ട് ചവിട്ടിയാലും എല്ലാം സഹിച്ച് ഇവിടെ തന്നെ ജോലി ചെയ്തു കടങ്ങളൊക്കെ വീട്ടി കാലാവധിയും തികച്ചു ഇനിയൊരിക്കലും തിരിച്ചു വരുന്നില്ലെന്നും തുറന്നു പറഞ്ഞു അവളുടെ ഭർത്താവിന്റെ കാശുകൊണ്ട് ടിക്കറ്റും എടുത്തു സന്തോഷത്തോടെയുള്ള സമാധാനത്തോടെ യുള്ള ഒരു നാട്ടിൽ പോക്ക് അതായിരിക്കും എന്റെ പ്രതികാരം
എല്ലാത്തിനും എന്റെ കയ്യിലുള്ളത് ഇതു വരെ പരീക്ഷിച്ചു വിജയിച്ച ആ മരുന്ന് മാത്രമാണ് പ്രാർത്ഥന എല്ലാം അല്ലാഹുവിൽ അർപ്പിക്കുക അവന്റെ വിധിയിൽ സമാധാനിക്കുക അതിൽതന്നെ മുന്നേറുക ഒരു വർഷം ഇവിടെ തുടരാൻ സഹായിച്ച അവൻ ഇനി എത്ര കാലം കൂടിയാണ് ഇവിടെ വിധിച്ചതെങ്കിൽ അതുവരെ ക്ഷമയോടെ കാത്തിരിക്കുക ഒരു വർഷത്തിനുശേഷം നാട്ടിലെ കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ചെറിയ ചെറിയ വിഷമങ്ങളും മനസ്സിലുണ്ടായിരുന്നു പെങ്ങന്മാരുടെയും ജ്യേഷ്ഠന്റെ യും മക്കളെയൊക്കെ കൊഞ്ചിക്കുകയും അവരെക്കൊണ്ട് ഒക്കെ പല കോപ്രായങ്ങളും കാണിക്കുകയും ചെയ്ത എനിക്ക് കാത്തിരുന്നു സ്വന്തമായി ഒരു മകൾ പിറന്നപ്പോൾ അവളുടെ കളിയും ചിരിയും കാണാനും അവളെയൊന്ന് താലോലിക്കാനും ഓമനിക്കാനും കഴിയാത്ത അവസ്ഥയായി ആ വഴിക്ക് ഞാൻ കൂടുതൽ ചിന്തിക്കാറില്ല വെറുതെ സങ്കടം വരികയോ പെട്ടെന്ന് വല്ല തീരുമാനങ്ങളെടുക്കുകയോ ഒക്കെ ചെയ്യും എന്നു പേടിച്ച് ഞാൻ അത് മറക്കാൻ ശ്രമിക്കലാണ് പതിവ് ഇതെന്റെ മാത്രം പ്രശ്നമല്ല ഏതൊരു പ്രവാസിയുടെയും നഷ്ടങ്ങളാണ് ഇതെല്ലാം എന്തൊക്കെ നേടിയാലും എത്രയൊക്കെ സമ്പാദിച്ചാലും ജീവിതത്തിൽ തിരിച്ചെടുക്കാൻ കഴിയാത്ത രൂപത്തിൽ നഷ്ടപ്പെട്ട ആയുസ്സിന്റെ നല്ല നാളുകൾ
കാലങ്ങൾ കഴിയുമ്പോൾ നാട്ടിലേക്കു പോകാനുള്ള ആഗ്രഹം കുറഞ്ഞു വരികയാണ് എന്നാണ് ഇപ്പോൾ എന്റെ സംശയം ആദ്യമാസങ്ങളിലെ ചിന്തകളും മാനസികാവസ്ഥയും ഒന്നും അല്ല ഇപ്പോൾ കടന്നുപോകാനുള്ള കാലങ്ങളെക്കുറിച്ച് മനസ്സിന് നല്ല ബോധം ഉള്ളതുപോലെ കഴിഞ്ഞ ഒരു വർഷത്തിൽ എനിക്ക് ലഭിച്ചത് രണ്ട് ദിവസത്തെ അവധി ആയിരുന്നു ബാക്കിയുള്ള മുഴുവൻ ദിവസങ്ങളിലും ജോലിയോ ജോലി പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് ഒക്കെ ആയിരുന്നു എന്റെ ഭാഗ്യത്തിന് എനിക്ക് വലിയ അസുഖങ്ങളൊന്നും ബാധിച്ചില്ല എങ്കിലും ചുമയും ജലദോഷവും ഒക്കെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാവരെയും പോലെ എനിക്കും പിടിപെട്ടു സാധാരണയായി ഹൗസ് ഡ്രൈവർമാർക്കും വീട്ടു വേലക്കാരികൾക്കും എന്ത് അസുഖം വന്നാലും അവരുടെ കഫീലന്മാർ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാറാണ് പതിവ് അതിന് പ്രത്യേകിച്ച് ചെലവ് ഒന്നുമില്ല ഒരിക്കൽ കഫീൽ കൂടെ വന്ന് ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ച് പേപ്പറുകൾ എല്ലാം ശരിയാക്കി തന്നാൽ പിന്നെ എപ്പോൾ വേണമെങ്കിലും ജോലിക്കാർക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ വച്ച് സൗജന്യമായി ചികിത്സ തുടരാവുന്നതാണ്
എനിക്ക് ചുമയും ജലദോഷവും പിടിപെട്ടപ്പോൾ എന്റെ കഫീൽ താൻ മരുന്നു കഴിചില്ലേ ആശുപത്രിയിൽ പോയില്ലേ എന്നൊക്കെ അധികാരത്തിൽ ചോദിച്ചതല്ലാതെ എന്നെ എവിടെയും കൊണ്ടുപോകാനോ മരുന്നു വാങ്ങി തരാനോ ശ്രമിച്ചില്ല തലവേദന എടുത്ത് എഴുന്നേൽക്കാൻ വയ്യ എന്ന് പറഞ്ഞപ്പോഴും എന്നെ കൊണ്ട് ജോലി ചെയ്യിച്ച അനുഭവമുണ്ടായത് കൊണ്ട് അവനോടു എന്റെ കൂടെ ആശുപത്രിയിൽ വന്ന് പേപ്പറുകൾ ശരിയാക്കി തരാൻ ഞാൻ പറഞ്ഞതും ഇല്ല അതൊക്കെ മൂന്നോ നാലോ ദിവസം മാത്രം നീണ്ടുനിന്ന അധികം പ്രശ്നങ്ങളില്ലാത്ത ചെറിയ അസുഖമായി പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്തു
കടന്നുപോയ ഒരു വർഷത്തെ ഓർമ്മകളും വരാൻ പോകുന്ന വർഷത്തെ പ്രതീക്ഷകളുമായി ഞാൻ ഉറങ്ങാൻ കിടന്നു നാളെ പതിനഞ്ചാം തിയ്യതി മുതൽ പ്രവാസജീവിതത്തിലെ ഇപ്രാവശ്യത്തെ രണ്ടാമത്തെ വർഷം ആരംഭിക്കുകയാണ് നല്ലതു മാത്രം പ്രതീക്ഷിച്ച് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിച്ചു വരാൻ പോകുന്ന കാലത്ത് മറ്റുള്ളവരെ കൊണ്ട് അക്രമിക്കപ്പെടാതെ മറ്റുള്ളവരെ അക്രമിക്കാതെ സമാധാനത്തോടെ കാലാവധി പൂർത്തിയാക്കാൻ എനിക്ക് സാധിക്കട്ടെ എന്നു ഞാൻ പ്രാർത്തിച്ചു കൊണ്ടിരുന്നു ഇതോടെ മൂന്നാമത്തെ പ്രവാസത്തിലെ ആദ്യത്തെ വർഷത്തെ എന്റെ അനുഭവങ്ങൾ പൂർണമാകുന്നു നാളെ മുതൽ രണ്ടാമത്തെ വർഷം ആരംഭിക്കുകയാണ് ഒപ്പം പുത്തൻ പ്രതീക്ഷകളും പുതിയ അനുഭവങ്ങളും.
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot