നിഴൽ കണ്ണാടികൾ
ചിലപ്പോളെങ്കിലും ബന്ധങ്ങളുടെ പൊള്ളയായ അഭിനയങ്ങൾ കണ്ടു ഞാൻ അന്തിച്ചു പോയിട്ടുണ്ട്. എങ്ങനെ അത് സാധിക്കുന്നു എന്നോർത്ത്. നമ്മൾ കണ്ണാടി പോലെ കരുതുന്ന ചില ബന്ധങ്ങൾ ഉണ്ടാകും. നാം എന്താണ് നമ്മുടെ മനസ്സ് എന്താണ് എന്നൊക്കെ അറിഞ്ഞു പെരുമാറുന്നത് പോലെ തോന്നുന്നവർ. അവരിൽ നിന്നും ഉണ്ടാകുന്ന ആഘാതങ്ങൾ ആകും ഒരു സാധാരണ മനുഷ്യനെ തകർത്തു കളയുക. ജീവിതത്തിൽ പണം എന്നത് ഒരു പക്ഷെ ഇന്ന് വന്നു നാളെ പോകുന്നതും അല്ലെങ്കിൽ നശ്വരം എന്ന ഒറ്റ വാക്കിൽ പറയാവുന്നതും ആണ്. പക്ഷെ വിശ്വാസം എന്നത് ഒരു വെള്ള കടലാസ് പോലെയാണ്.. ഒരു പോറൽ വീണാൽ ഒരു ചുളിവ് വീണാൽ വീണ്ടും ഒരിക്കലും പഴയപോലെയാകാത്തതും അത് തന്നെ.
സ്നേഹം വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുന്നു... വിശ്വാസം നഷ്ടപ്പെട്ട സ്നേഹം കൂടെ കൊണ്ട് നടക്കാതിരിക്കുക. ആദ്യമൊക്കെ അത് വല്ലാത്ത വേദനയാകും നമുക്കു സമ്മാനിക്കുക. എന്നാലും നാളുകൾ കഴിയുമ്പോൾ നാം എടുത്ത തീരുമാനം ശരിയാണെന്നു കാലം തെളിയിക്കും. സ്വന്തം ജീവനിലുമുപരി സ്നേഹിച്ചവർ ചിലപ്പോൾ നമ്മെ മനോഹരമായി ചതിച്ചേക്കാം. അപ്പോൾ നിങ്ങളുടെ ഉള്ളിലെ ആത്മാവിന്റെ പ്രകാശം അണയ്ക്കാതെ നോക്കണം.സ്നേഹമില്ലാത്ത ആർക്കു വേണ്ടിയും ഈ ഭൂമിയിൽ നാം നമ്മുടെ സന്തോഷം തരുന്ന ഒന്നും ത്യജിക്കരുത്. അതിന്റെ ആവശ്യം ഇല്ല. സ്നേഹമില്ലാത്തവർക്കു വേണ്ടി പൊഴിക്കുന്ന ഓരോ തുള്ളി കണ്ണീരിനും ദൈവത്തോട് നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടി വരും.മനുഷ്യൻ എപ്പോളും സാഹചര്യങ്ങളുടെ സന്തതി ആണ്. ഇന്ന് ചേർത്തു പിടിക്കുന്നവർ നാളെ വളരെ നിസ്സാരമായി നമ്മെ തള്ളിക്കളഞ്ഞേക്കാം. ഓരോരുത്തരും അവനവന്റെ സന്തോഷത്തിലും സമാധാനത്തിലും ആണ് നിലകൊള്ളുക. വിഡ്ഢിയാക്കപ്പെടുക എളുപ്പമാണ്. പ്രത്യേകിച്ച് സ്നേഹത്തിന്റെ കാര്യത്തിൽ. നിഷ്കളങ്കരായവർ പ്രത്യേകിച്ചും.. പക്ഷെ മനസ്സ് ശുദ്ധമായവർക്കു ദൈവം കൂട്ടുണ്ടാവും. അവരെ തളർത്താൻ ആർക്കും കഴിയുകയുമില്ല നമ്മൾ ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ശരികളെ മുൻ നിർത്തിയാവട്ടെ
ആരുടെയും നിഴൽ കണ്ണാടികൾ ആവാതിരിക്കാൻ ശ്രദ്ധിക്കുക
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക