ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 31
മനുഷ്യരായ നമ്മൾ ഒന്നു തീരുമാനിക്കുകയും ദൈവം മറ്റൊന്ന് വിധിക്കുകയും ചെയ്യുന്നു. ശമ്പളം കൈയിൽവെച്ച് ഞാൻ കണക്കുകൂട്ടിയ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് 29 ആം തീയതി വൈകുന്നേരം എന്റെ വണ്ടി മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചു. ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴെ വണ്ടി കഴുകി കൊണ്ടിരിക്കുമ്പോഴായിരുന്നു മാഡം ഓട്ടം വിളിച്ചത് ഞാൻ ഉടനെ വണ്ടി കഴുകൽ പൂർത്തിയാക്കി വസ്ത്രം മാറി പുറപ്പെട്ടു വീട്ടിൽനിന്നും ഹൈവേയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത് സാധാരണ വേഗതയിൽ വാഹനങ്ങളെല്ലാം ഓടിക്കൊണ്ടിരിക്കെ എന്റെ വണ്ടിയുടെ അല്പം മുന്നിൽവെച്ച് ഒരു വണ്ടിക്കാരന് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു അപ്രതീക്ഷിതമായ ആ ബ്രേക്കിൽ എന്റെ തൊട്ടു മുൻപിലെ വണ്ടിക്കാരനും ഒരുവിധത്തിൽ ചവിട്ടി നിർത്തി എല്ലാവരെയും പോലെ ഞാനും ആഞ്ഞു ചവിട്ടി
അഞ്ച് മിനിട്ട് മുൻപ് വണ്ടി കഴുകിയപ്പോൾ സോപ്പും വെള്ളവും എല്ലാം ബ്രേക്ക്നുള്ളിൽ കയറിയത് കൊണ്ടാണോ എന്നറിയില്ല ഞാൻ പ്രതീക്ഷിച്ച സ്ഥലത്ത് വണ്ടി നിന്നില്ല എന്തിന് കൂടുതൽ പറയണം മുൻപിലുള്ള വണ്ടിയുടെ പിറകിലേക്ക് ഞാൻ എന്റെ വണ്ടി ഇടിച്ചു കയറ്റി ആ നിമിഷത്തിൽത്തന്നെ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റി കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി എങ്കിലും സാധാരണ പോലെ ആത്മസംയമനം കൈവിടാതെ ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തു കഫീലിനെ വിളിച്ച് വിവരം പറഞ്ഞു ഉണ്ടായതെല്ലാം സത്യമായിത്തന്നെ പറഞ്ഞു ഞാൻ ചെന്നിടിച്ച വണ്ടിയിലെ ആളുമായി പരിചയപ്പെട്ട് ഇൻഷുറൻസ് ഏജൻസിയെ വിളിച്ച് തുടർ നടപടികൾ സ്വീകരിച്ചു ആ വണ്ടിയിൽ ജിദ്ദയിലെ ഒരു ബാങ്കിൽ ജോലിചെയ്യുന്ന ബ്രിട്ടൻ പൗരൻ ആയിരുന്നു
വളരെ മാന്യമായി പെരുമാറിയ അയാൾ കുടുംബത്തോടൊപ്പം യാത്ര പോകുമ്പോഴായിരുന്നു സംഭവം അയാൾ ഓടിച്ച വാഹനം വാടകക്കെടുത്തതുമായിരുന്നു ഇൻഷുറൻസ് ഏജന്റ് വരുന്നതിനു മുമ്പ് കഫീൽ വന്ന് മാഡത്തെ വിളിച്ചുകൊണ്ടുപോയി ഞാൻ അവിടെ തന്നെ നിന്നു ഏജന്റ് വന്നപ്പോൾ ചോദിച്ചതിനും സത്യമായിത്തന്നെ മറുപടി പറഞ്ഞു മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചതു കൊണ്ട് തെറ്റ് പൂർണമായും എന്റെ ഭാഗത്തായിട്ടാണ് റിപ്പോർട്ട് വന്നത് എന്റെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് അതുപയോഗിച്ച് മറ്റേ വണ്ടിയുടെ കേടുപാടുകൾ തീർക്കാനുള്ള പേപ്പറുകൾ ശരിയാക്കി കൊടുത്തു എന്റെ വണ്ടി അയാളുടെ വണ്ടിയെ ആണ് ഇടിച്ചതെങ്കിലും ആ വണ്ടിയിൽ ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളൂ പരിക്ക് മുഴുവൻ എന്റെ വണ്ടിക്കായിരുന്നു
വണ്ടിയുടെ ബോണറ്റ് അടക്കമുള്ള മുൻഭാഗം ഉള്ളിലേക്ക് മടങ്ങിവന്നു ബമ്പറിലും ചെറിയ പൊട്ടൽ സംഭവിച്ചിട്ടുണ്ട് അത് നിലത്തേക്ക് തൂങ്ങി ഇനി വർക്ക് ഷോപ്പിൽ പോയി ഉള്ളിലേക്ക് മടങ്ങി നിന്ന ബോണറ്റ് തുറക്കുമ്പോഴാണ് അകത്ത് എൻജിന്റെ ഭാഗത്ത് എന്തെല്ലാം സംഭവിച്ചിരിക്കും എന്ന് അറിയുക എത്രയും പെട്ടെന്ന് ഞാൻ പണം മുടക്കി വണ്ടി ശരിയാക്കണം എന്ന രൂപത്തിലായിരുന്നു അന്ന് രാത്രിയിൽ കഫീലിന്റെ സംസാരം മുഴുവൻ "തനിക്ക് ഏതു വർക്ക് ഷോപ്പിലേക്ക് വേണമെങ്കിലും നാളെ രാവിലെ തന്നെ പോയേക്ക് എന്നിട്ട് വണ്ടി പഴയ രൂപത്തിലാക്കി കൊണ്ടുവന്നേക്കണം" എന്നയാൾ പറഞ്ഞു അയാൾ പറയാതെ തന്നെ എന്റെ പണം നഷ്ടപ്പെട്ടു എന്നത് ഞാൻ വണ്ടി തട്ടിയ അതേ നിമിഷത്തിൽത്തന്നെ ഉറപ്പിച്ച കാര്യം ആയിരുന്നു
പക്ഷേ എന്നെ സംബന്ധിച്ച് ഇന്ന് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമായിരുന്നില്ല രാത്രി റൂമിലേക്ക് മടങ്ങി വന്നിട്ട് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു എന്റെ പ്രശ്നം ഇവിടുത്തെ എന്റെ അവസ്ഥയും വിശ്രമമില്ലാത്ത ജോലിയും എല്ലാം കണ്ട് അവൾ ഒരുപാട് വിശമിക്കുന്നുണ്ടായിരുന്നു ഈ പ്രശ്നം കൂടി അവളോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നറിയില്ല ഒരു മാസത്തിന് വിദേശത്തേക്ക് ഭർത്താവിനോടൊത്ത് കഴിയാൻ വന്ന അവളെ ഇന്ന് എങ്ങനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചു അവസാനം ഈ പ്രശ്നവും പഴയതുപോലെ മറ്റാരുമറിയാതെ ഞാൻ തന്നെ സഹിക്കാൻ തീരുമാനിച്ചു
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് എന്നെ മനസ്സിലാക്കി തന്നു കൊണ്ട് ഞാൻ റൂമിലേക്ക് ചെന്ന ഉടനെ ഭാര്യ സംശയം പ്രകടിപ്പിച്ചു "ഇന്നെന്തു പറ്റി മുഖത്ത് വല്ലാത്തൊരു വിഷമം ഉണ്ടല്ലോ എന്തെങ്കിലും പ്രശ്നം ഉണ്ടോ" എന്ന് ചോദിച്ചു "മാഡത്തിന്റെ ശല്യങ്ങൾ കൊണ്ടും കൈയിൽ പണം കുറഞ്ഞുവരുന്നത് കൊണ്ടും ഒക്കെ ആണ്" എന്നു ഞാൻ കള്ളം പറഞ്ഞു ഭാര്യയെപ്പോലും അറിയിക്കാത്ത എന്റെ ആ ഭാരം മുഴുവൻ ഞാൻ ഇറക്കി വെച്ചത് എല്ലാ തവണത്തെയും പോലെ അള്ളാഹു വിന്റെ മുൻപിൽ മാത്രമായിരുന്നു പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്നും ഇപ്പോൾ വന്ന ഈ വിഷമം മലപോലെ വന്നത് മഞ്ഞുപോലെ ഒഴിവാകുന്ന രൂപത്തിലാക്കി തരണേ എന്നും ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു
പിറ്റേന്ന് രാവിലെയുള്ള ഓട്ടങ്ങൾ കഴിഞ്ഞു കഫീൽ പറഞ്ഞതനുസരിച്ച് ഞാൻ വർക്ക് ഷോപ്പിലേക്ക് പോയി പണ്ട് എന്റെ മൊബൈൽ ടാക്സിയിൽ മറന്നുവെച്ച അന്ന് പരിചയപ്പെട്ട വർക്ക്ഷോപ്പിലെ പാക്കിസ്ഥാനിയെ ലക്ഷ്യം വെച്ചാണ് ഞാൻ പോയത് അയാളുടെ വർക്ക് ഷോപ്പിൽ എത്തുന്നതിനു മുൻപായി ഒരു ഇത്തോപ്പിയക്കാരൻ എന്നെ കൈകാണിച്ചു നിർത്തി അയാളുടെ വർക്ക് ഷോപ്പിൽ വെച്ച് പണിയെടുപ്പിക്കാം എന്നും പരമാവധി ചെറിയ തുകക്ക് തന്നെ ശരിയാക്കിത്തരാം എന്നും പറഞ്ഞു ഞാൻ അയാളോടൊപ്പം അയാളുടെ വർക്ക് ഷോപ്പിലേക്ക് പോയി അവിടെ തൊട്ടടുത്തുള്ള അയാളുടെ ഷോപ്പിൽ വെച്ച് വണ്ടി മുഴുവനായും പരിശോധിച്ചു ഉള്ളിലെ പ്രശ്നങ്ങളും കണ്ടുപിടിച്ചു എന്റെ ഭാഗ്യത്തിന് എഞ്ചിന്റെ ഭാഗത്ത് വലിയ തകരാർ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു
എല്ലാത്തിനും കൂടി പെയിന്റിംഗ് ഉൾപ്പെടെ 500 റിയാൽ അയാൾ ചാർജ് പറഞ്ഞു ഞാൻ എന്റെ പ്രശ്നം അയാളെ പറഞ്ഞു മനസ്സിലാക്കി ഇതിന് ചെലവ് വരുന്ന പണം 1700 റിയാൽ ശമ്പളക്കാരനായ എന്റെ കൈയിൽ നിന്നാണ് ചിലവാകുന്നത് എന്നറിഞ്ഞപ്പോൾ അയാൾ 300 റിയാലിന്ന് പെയിന്റിംഗ് ഉൾപ്പെടാതെ പണിയെല്ലാം ചെയ്യാം എന്നു പറഞ്ഞു മാത്രമല്ല പണിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് വണ്ടിയുടെ പെയിന്റ് നഷ്ടപ്പെടുത്താതെ പണിയെടുക്കാം എന്നും , ചെറിയ ചില അടയാളങ്ങൾ ഒക്കെ ബാക്കിയായാൽ അത് അയാളുടെ കൈയിലുള്ള പെയിന്റ് കൊണ്ട് ടച്ച് ചെയ്തു തരാം എന്നും പറഞ്ഞു വിലപേശലിനൊടുവിൽ 250 റിയാലിന് അയാൾ സമ്മതിച്ചു . 250 റിയാൽ (4500 രൂപ) നഷ്ടപ്പെട്ടതിനേക്കാളേറെ ഒരുപാട് ആശങ്കകൾക്ക് ഇടവരുത്തിയ ഒരു പ്രശ്നം ഈ സംഖ്യ കൊണ്ട് തീരുന്നു കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്
രാത്രിയോടെ ഞാനും കഫീലും ചെന്ന് ,അവനു വണ്ടി കാണിച്ചുകൊടുത്തു ബോധ്യപ്പെട്ടു വണ്ടിയുമായി തിരിച്ചുപോന്നു വർക്ക് ഷോപ്പിൽ വെച്ച് ഞാൻ പണം കൊടുത്തപ്പോൾ അയാൾ മൊബൈലിലേക്കും മറ്റും ശ്രദ്ധിച്ച് ഒന്നുമറിയാത്തപോലെ നിന്നു. കുടുംബത്തിന്റെ മടങ്ങിപ്പോകൽ വരെയുള്ള എന്റെ ബജറ്റിൽ നിന്നും 250 റിയാൽ കുറവു വന്നത് നല്ലൊരു കുറവ് തന്നെയായിരുന്നു എങ്കിലും ഞാനത് ആരേയും അറിയിക്കാതെ തരണം ചെയ്തു എത്രയൊക്കെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചാലും കഫീലിന്റെയോ അയാളുടെ ഭാര്യയുടെയോ അല്പം കരുണക്ക് വേണ്ടി ഇപ്പോൾ ഞാൻ യാചിക്കാറില്ല എന്നത് എല്ലാ അടിമപ്പെടലുകൾക്ക് ഇടയിലും ഒരു മലയാളി എന്ന നിലക്ക് എന്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ചു
ഭാര്യയും മോളും ഒരു മാസം താമസിച്ച് മടങ്ങുന്നതുവരെ ഒരിക്കൽപോലും ഞാൻ അവരുടെ വണ്ടി ആവശ്യപ്പെട്ടില്ല ഞങ്ങളുടെ യാത്രകൾ മുഴുവനും ടാക്സിയിലായിരുന്നു ഒരു തവണ മക്കത്തു പോയി വരാൻ 150 റിയാൽ (3000 രൂപ) ടാക്സി ചാർജ് വേണമായിരുന്നു എന്റെ വണ്ടിയുമായി പോവുകയാണെങ്കിൽ ഇരുപതു റിയാലിന്റെ (350 രൂപ) എണ്ണ പോലും ആവശ്യമായി വരില്ലായിരുന്നു പക്ഷേ ഞാനൊരിക്കലും കഫീലിന്റെ വണ്ടി ആവശ്യപ്പെട്ടില്ല മൊത്തത്തിൽ നാലുപ്രാവശ്യം റൂമിൽ നിന്നും മക്കത്തേക്കും ഒരു പ്രാവശ്യം മദീനയിലേക്കും ഭാര്യയെയും കൂട്ടി പോവാൻ ഞാൻ ഒരു ദിവസത്തേക്ക് മാത്രമാണ് അവധിയെടുത്തത് അത് മദീനത്തെക്ക് പോയ അന്നായിരുന്നു മക്കത്തേക്കുള്ള ഞങ്ങളുടെ യാത്ര മുഴുവൻ , സാധാരണ ഞാൻ തനിച്ചു പോകുന്നപോലെ അർദ്ധരാത്രി വരെ ജോലി ചെയ്തു ഓട്ടങ്ങൾ എല്ലാം കഴിഞ്ഞു എന്നുറപ്പിച്ച് ഉറങ്ങാൻ കിട്ടുന്ന അല്പം സമയത്തായിരുന്നു
അവർ തിരിച്ചു പോകുന്നതിന്റെ മുമ്പ് ഒരിക്കൽ മാഡം അവരെയും കൂട്ടി വീടിനടുത്തുള്ള കടയിൽ പോയി മോൾക്കും ഭാര്യക്കും അല്പം വസ്ത്രങ്ങളൊക്കെ വാങ്ങി കൊടുത്തിരുന്നു കഫീൽ പണം കൊടുത്തു അവളെ കൊണ്ട് ചെയ്യിപ്പിക്കുക യായിരുന്നു എന്നാണ് എന്റെ ഊഹം കാരണം അവൻ പലപ്പോഴും എന്റെ മകളുടെ പ്രായവും ഉടുപ്പിന്റെ അളവും ഒക്കെ എന്നോട് ചോദിച്ചിരുന്നു എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്റെ മോളെ മാഡത്തിന് വലിയ ഇഷ്ടമായിരുന്നു ഭാര്യയെയും മോളെയും ഇടയ്ക്ക് അവരുടെ ഫ്ളാറ്റിൽ കൊണ്ടുപോയി ഇരുത്തുകയും അറിയാവുന്ന ഭാഷയിൽ സംസാരിക്കുകയും ഒക്കെ ചെയ്യും അതുപോലെ കഫീലിന്റെ ഉമ്മാക്കും പെങ്ങൾക്കും ഞാൻ എൻറെ കുടുംബത്തെ പരിചയപ്പെടുത്തി കൊടുക്കുകയും അവരുടെ ഫ്ലാറ്റിലേക്ക് ഇടക്ക് ഇവരെ പറഞ്ഞയക്കുകയും ഒക്കെ ചെയ്തു
ഭാര്യ വന്നപ്പോൾ നാട്ടിൽ നിന്നും രണ്ട് കിലോ തേൻ കൊണ്ടുവന്നിരുന്നത് ഞാൻ നാല് കുപ്പികളിലാക്കി കഫീലിന്റെ ഫ്ളാറ്റിലേക്കും , അവന്റെ ഉമ്മയുടെ ഫ്ലാറ്റിലേക്കും , അവന്റെ പെങ്ങളുടെ വീട്ടിലേക്കും , മാടത്തിന്റെ വീട്ടിലേക്കുമായി കൊടുത്തു ഭാര്യയും മോളും തിരിച്ചു പോകുന്നതിന്റെ മുമ്പ് കഫീലിന്റെ ഉമ്മ മോൾക്ക് സമ്മാനമായി പണം കൊടുത്തിരുന്നു പുണ്യസ്ഥലങ്ങളിൽ സന്ദർശനങ്ങളും കർമ്മങ്ങളും എല്ലാം നല്ല നിലയിൽ ചെയ്തുതീർത്തു നവംബർ ഒമ്പതാം തിയതി 28 ദിവസത്തെ ഉംറ വിസയുടെ കാലാവധി അവസാനിച്ചു ഭാര്യയും മോളും നാട്ടിലേക്ക് പോയി അങ്ങനെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം എല്ലാ പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന സമയത്ത് തന്നെ അള്ളാഹു സാധിച്ചു തന്നു. അധികം ഒന്നും ഇല്ലെങ്കിലും കൈയിലുള്ള സാമ്പത്തികത്തിന് അനുസരിച്ച് അല്പം സാധനങ്ങളൊക്കെ വാങ്ങി അവരുടെ അടുത്ത് ഞാൻ നാട്ടിലേക്ക് കൊടുത്തയച്ചു എൻറെ ജോലിയും ഒഴിവ് സമയത്ത് മകളോടൊപ്പം ഉള്ള കളികളും തമാശകളും പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്രകളും എല്ലാമായി 28 ദിവസം എത്ര പെട്ടെന്നാണ് കഴിഞ്ഞത് എന്ന് ഞാൻ അത്ഭുതപ്പെട്ടു അങ്ങിനെ നവംബർ ഒമ്പതാം തീയതി മുതൽ ഞാൻ വീണ്ടും ഇവിടെ ഒറ്റപ്പെട്ടു
നവംബർ പത്താം തീയതി ജിദ്ദയിലുള്ള അളിയന്റെ ഉപ്പ നാട്ടിൽ മരിച്ചു കുറച്ചു വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു ആകെയുള്ള മൂന്നുമക്കളിൽ ഏക ആൺ കുട്ടിയാണ് അളിയൻ പിതാവിന്റെ മുഖം അവസാനമായി കാണാൻ കഴിയാതെ, അന്ത്യകർമങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിയാതെ മരുഭൂമിയിൽ സങ്കടം കടിച്ചൊതുക്കി കഴിയുന്ന അളിയനെ ആശ്വസിപ്പിക്കാൻ ചെല്ലാൻപോലും എനിക്ക് ജോലിത്തിരക്കുമൂലം സമയം കിട്ടിയില്ല പ്രവാസം കൊണ്ട് കിട്ടുന്ന മറ്റൊരു ഉപകാരം ആണിത് സ്വന്തക്കാരുടെ കല്യാണം , മരണം പോലുള്ള ഒരു പരിപാടിയിലും പങ്കെടുക്കാൻ കഴിയാതെ വിഷമങ്ങൾ സ്വയം കടിച്ചിറക്കി വിധി എന്നു കരുതി എല്ലാം സഹിക്കുക
ഡിസംബർ അവസാനത്തോടെ ഞാൻ പണി നിർത്തി ജനുവരി ആദ്യത്തിൽ എനിക്ക് നാട്ടിൽ പോകണമെന്ന് ഞാൻ കഫീലിനെ അറിയിച്ചശേഷം ആ വിഷയത്തിൽ വലിയ ചർച്ചകളൊന്നും നടന്നിരുന്നില്ല കാര്യങ്ങളെല്ലാം അവനെ അറിയിച്ചതിനുശേഷം വീണ്ടും വീണ്ടും പറഞ്ഞു അവനെ ബുദ്ധിമുട്ടിക്കാൻ ഞാനും ശ്രമിച്ചില്ല പക്ഷേ ഇതുപോലൊരു അടിമയെ നഷ്ടപ്പെടാതിരിക്കാൻ മാഡം കഴിവിന്റെ പരമാവധി ശ്രമിച്ചു കുറച്ചു ദിവസം എന്റെ ജോലി ഒരു സാധാരണ മനുഷ്യന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് ഉള്ളതായിരുന്നു ചില ഓട്ടങ്ങളിൽ ഒക്കെ എന്നെ റൂമിലേക്ക് തിരിച്ചു വിട്ടു എപ്പോഴെങ്കിലും അറിയാതെ അഞ്ചോ പത്തോ മിനിട്ട് വൈകിയാൽ വഴക്കില്ല തെറിയില്ല .അടുത്ത ഒരു അടിമപ്പത്രം എഴുതി ഒരു പുതിയ അടിമയെ ഇവിടെ കൊണ്ടുവന്നു എന്നെപ്പോലെ മെരുക്കിയെടുക്കുക എന്നത് അല്പം ശ്രമകരമാണ്
മാത്രമല്ല ഇതുപോലെ തെറിവിളികളും ശകാരങ്ങളും കേട്ടാലും പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു പൊട്ടനെപ്പോലെ ഇരിക്കാൻ ഒരു പക്ഷെ ഇനി വരുന്നവർ തയ്യാറായെന്നും വരില്ല അങ്ങനെയാകുമ്പോൾ ഒത്ത ഒരു അടിമയെ കിട്ടണമെങ്കിൽ രണ്ടും മൂന്നും അതിലധികവും തവണ പരീക്ഷിക്കേണ്ടി വരും അപ്പോൾ പിന്നെ അല്പസ്വല്പം വിട്ടുവീഴ്ച ചെയ്യുന്ന പോലെ അഭിനയിച്ച് ഇപ്പോഴുള്ള അടിമയെ തന്നെ നിലനിർത്താൻ കഴിയുമോ എന്നാണ് മാഡം നോക്കുന്നത് സമയത്ത് ഭക്ഷണവും ഒരു ശരാശരി മനുഷ്യന് വേണ്ട ഉറക്കംപോലും ആവശ്യമില്ലാത്ത ഒരു അടിമയെ കൈവിട്ടു കളയാൻ അവൾക്ക് അത്രപെട്ടെന്ന് കഴിയില്ലായിരുന്നു
ആയിടക്ക് ഒരു ദിവസം ജോലിക്കാരിയുമായി മാഡം തെറ്റിപ്പിരിഞ്ഞു. ആദ്യമായി ഇവിടെ ജോലിക്ക് വന്ന അതേ ജോലിക്കാരി തന്നെയാണ് ഇപ്പോഴും മാഡത്തിന്റെ വീട്ടിലുള്ളത് ഒരിക്കൽ മാഡം അവളെ വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി മറ്റു പലരെയും പരീക്ഷിച്ചെങ്കിലും അവരാരും ഇവളെ പോലെ കൃത്യസമയത്ത് ഭക്ഷണവും ഉറക്കവും ഇല്ലാതെ ജോലിചെയ്യാൻ തയ്യാറല്ലായിരുന്നില്ല അവസാനം മറ്റാരെയും മാഡത്തിന് ശരിയാകാതെ വന്നപ്പോൾ ഇവൾ പറഞ്ഞ പല നിബന്ധനകളും അംഗീകരിച്ചു ഇവളെ തന്നെ തിരിച്ചു കൊണ്ടു വരികയായിരുന്നു മടങ്ങി വന്നതിനുശേഷം രാത്രി ഒരു സമയ പരിധിക്ക് ശേഷം അവൾ മാഡത്തിന്റെ കൂടെ പുറത്തേക്ക് കറങ്ങാൻ പോകാറില്ല ,മുൻപ് ചെയ്തിരുന്ന പോലെ മാടത്തിന്റെ ഉമ്മയുടെ വീട്ടിൽ പോയി അവിടുത്തെ ജോലികൾ ചെയ്യുകയും ചെയ്യാറില്ലായിരുന്നു
ഇപ്പോൾ മാഡം അവളുമായി തെറ്റാൻ ഉണ്ടായ കാരണം, അവൾക്ക് പെട്ടെന്ന് ഒരു ദിവസത്തെ അവധി വേണമെന്നും കുടുംബത്തിൽ ആരോ പ്രസവിച്ചു ഹോസ്പിറ്റലിലാണ് അവിടേക്ക് പോകണമെന്നും പറഞ്ഞതാണ് ഏതായാലും ജോലിക്കാരി പിടിച്ച പിടിയിൽ തന്നെ പിടിച്ചു "അത്യാവശ്യമായി പോകണമെന്നും ഒരു ദിവസത്തെ ശമ്പളം നീ കട്ട് ചെയ്തോ എന്നും പോയി വന്നാൽ അടുത്ത ആഴ്ച തന്നെ മാസാവസാനം സ്ഥിരമായിട്ടുള്ള രണ്ടുദിവസത്തെ അവധിക്ക് പോകുമെന്നും" അവൾ തുറന്നുപറഞ്ഞു അവളെ കൊണ്ടുപോയി വിട്ടത് ഞാനും മാഡവും കൂടിയാണ് അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ അവളെക്കുറിച്ച് കണ്ണുപൊട്ടുന്ന തെറിയായിരുന്നു മാഡം എന്നോട് പറഞ്ഞത് ഞാനിതൊക്കെ എന്തിനു കേൾക്കണം പക്ഷേ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ് അവളെക്കുറിച്ച് ഇത്രയും തെറി എന്നോട് പറയുമ്പോൾ എന്നെക്കുറിച്ച് ഇവൾ മറ്റു പലരോടും എന്തൊക്കെ പറയുന്നുണ്ടാവും
അവളെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയില്ല എന്ന് മാഡം തീരുമാനമെടുത്തിരുന്നു എങ്കിലും ഒത്ത ഒരുത്തിയെ തരപ്പെട്ടു കിട്ടാത്ത പഴയ അനുഭവം ഉണ്ടായതുകൊണ്ട് അവളുടെ കാലു പിടിക്കാൻ തന്നെ മാഡം തീരുമാനിച്ചു എന്നോട് തെറിയാണ് പറഞ്ഞതെങ്കിലും ജോലിക്കാരിക്ക് വിളിച്ച് മാഡം സ്നേഹത്തിൽ സംസാരിച്ചു തിരിച്ചുകൊണ്ടുവന്നു പക്ഷേ അത് ജോലിക്കാരി പറഞ്ഞ സമയത്തിന് അവളുടെ സൗകര്യത്തിനും ആയിരുന്നു എന്നെക്കൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മാഡം ജോലിക്കാരിയുടെ മുൻപിൽ മുട്ടു മടക്കുന്നത് ഞാൻ നിറഞ്ഞ മനസ്സോടെ കണ്ടു നിന്നു . ജോലിക്കാരിക്ക് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം കാരണം അവൾ പുറത്തെ വിസയിൽ ഉള്ള ആളാണ് അതുകൊണ്ടുതന്നെ എന്നെ പോലെ അടിമയായി നിൽക്കണമെന്നില്ല ജോലിക്കാരിയുടെ മുൻപിൽ തോറ്റ് തൊപ്പിയിട്ട സമയത്ത് മാഡം ഒരു കാര്യം പ്രത്യേകം പറയുന്നുണ്ടായിരുന്നു "ഇനി ഇവിടെനിന്നു ജോലിക്ക് ആളുകളെ വേണ്ട പുറത്തുനിന്ന് എവിടെ നിന്നെങ്കിലും വിസക്ക് ആളെ കൊണ്ടുവരണം" എന്ന് .അങ്ങനെയാകുമ്പോൾ എന്നെപ്പോലെ വരച്ചവരയിൽ ചെരുപ്പ് പോലുമിടാതെ നിർത്താമല്ലോ അങ്ങനെ ഒരു ജോലിക്കാരി ഇവളുടെ അടുത്തേക്ക് വരുന്നുണ്ടെങ്കിൽ അവളുടെ കാര്യം പിന്നീട് ചിന്തിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്
ഈ മാസത്തിൽ കഫീലിന്റെ ഉമ്മാക്ക് സുഖമില്ലാതായി വൃദ്ധയായ അവർക്കു അടുത്തായി ഒരു ഓപ്പറേഷൻ കഴിഞ്ഞതായിരുന്നു അതിനുശേഷം അൽപം ക്ഷീണിതയായിരുന്നു എങ്കിലും കുറച്ചുദിവസമായി അസുഖം കൂടുതലാണ് കഫീൽ ഉമ്മയുമായി ഹോസ്പിറ്റലുകളിലും മറ്റുമായി നടക്കുന്നുണ്ടെങ്കിലും മാഡത്തിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഭർത്താവിന്റെ ഉമ്മാക്ക് ഇത്രത്തോളം അസുഖം കൂടുതലായിട്ടും മാഡത്തിന്റെ അർദ്ധരാത്രി ഉള്ള കറക്കങ്ങൾക്കൊന്നും യാതൊരു കുറവും വന്നില്ല . ഒരിക്കൽ ഞാൻ റൊട്ടി കൊടുക്കാൻവേണ്ടി ഉമ്മയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ എന്റെ ശബ്ദം കേട്ടിട്ട് അകത്ത് കിടന്നിരുന്ന അവർ എഴുന്നേറ്റ് വാതിൽ വരെ വന്നു എന്നോട് സംസാരിച്ചു "തല കറങ്ങുകയാണെന്നും, ആരെങ്കിലും പിടിക്കാതെ എഴുന്നേൽക്കാൻ വയ്യെന്നും, കണ്ണിന്റെ കാഴ്ച കുറഞ്ഞു വരികയാണെന്നും," ഒക്കെ പറഞ്ഞു ആശുപത്രിയിലേക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട് എന്നല്ലാതെ അസുഖത്തിന് കാര്യമായ കുറവ് ഇല്ലെന്നും നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞു ആ ഉമ്മ കരഞ്ഞു
എന്തുചെയ്യണമെന്നറിയാതെ ഞാനാകെ വിഷമിച്ചു "എല്ലാം ശരിയാകാൻ വേണ്ടി നമുക്ക് പടച്ചവനോട് പ്രാർത്ഥിക്കാം" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ഞാൻ തിരിച്ചു പൊന്നു .ഇത്രയും കാലം മാഡത്തിന്റെ അടിച്ചമർത്തലുകളിലും സാമ്പത്തിക നഷ്ടങ്ങളിലും ജീവിത പ്രതിസന്ധികളിലും ഒരിക്കൽപോലും നനയാത്ത എന്റെ രണ്ടു കണ്ണുകളിലും അന്ന് നനവ് പടർന്നു. ഉമ്മയുടെ രോഗാവസ്ഥ മാത്രമായിരുന്നില്ല എന്റെ കണ്ണുകളെ ഈറനണിയിച്ചത് ഇത്രയൊക്കെ തുറന്നു പറഞ്ഞപ്പോഴാണ് അവർ എന്നെ ശരിക്കും ഒരു മകനെപ്പോലെയാണ് കണ്ടിരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നത്
അതുകൊണ്ടാണല്ലോ അവശതയിലും നോമ്പിന് എല്ലാദിവസവും പലഹാരങ്ങൾ ഉണ്ടാക്കി മുടങ്ങാതെ എന്നെ കാത്തിരുന്നതും, കഫീലിന്റെ വീട്ടിൽ ആടിനെ അറുത്തപ്പോൾ എനിക്ക് തരാത്തത് അറിഞ്ഞു അയാളെ വഴക്കു പറഞ്ഞതും . പടച്ചവനേ എന്റെ ഈ ഉമ്മയെ നീ രക്ഷപ്പെടുത്തണെ .... ഉമ്മയുടെ അസുഖങ്ങൾ മാറ്റി ആരോഗ്യം തിരിച്ചുകൊടുക്കണെ .... ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
(തുടരും )
(തുടരും )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക