പണ്ട് കാലത്ത്, എന്റെയൊക്കെ സ്കൂൾ പഠന കാലത്ത് ഗൾഫ് എന്ന വാക്ക് അത്ര പ്രചാരത്തിൽ ഉണ്ടായിരുന്നില്ല.പേർഷ്യ എന്ന വാക്കായിരുന്നു ഉപയോഗിച്ചിരുന്നത്. പേർഷ്യാക്കാർ എന്നാൽ പണക്കാർ എന്നാണ് നാട്ടിൻ പുറത്തെ അർത്ഥം.
അക്കാലത്തു വിരലിൽ എണ്ണാവുന്നവർക്കു മാത്രമേ സ്കൂൾ ബാഗ് ഉള്ളൂ.അവർ ഭൂരിഭാഗവും പേർഷ്യക്കാരുടെ മക്കളായിരിക്കും. അല്ലെങ്കിൽ അത്രയും വലിയ സമ്പന്ന കുടുംബത്തിലെ അംഗങ്ങളായിരിക്കും.
സാധാരണക്കാർ പുസ്തകങ്ങൾ അടുക്കി അതിനു മുകളിലൂടെ ഒരു പരന്ന Elastic Band ഇടും. എന്നിട്ട് കയ്യിൽ പിടിക്കും. മറു കൈയിൽ ചോറു പാത്രവും ഉണ്ടാകും.
ചിലർ വലയിലാണ് പുസ്‌തകങ്ങൾ ഇടാറുള്ളത്. ഒരു Nylon Net. അകന്ന കണ്ണികൾ ഉള്ള വല. കൈയിൽ കോർത്തു പിടിക്കുവാനായി ഒരു പിടിയും ഉണ്ടാകും.
ഇത്രയും ഓർക്കുവാൻ ഒരു കാരണം ഉണ്ടായി.ഇന്നലെ തൃശ്ശൂരിലെ തേക്കിൻ കാട് മൈതാനിയിൽ ഒരു ഭീമൻ സ്കൂൾ ബാഗ് ഉണ്ടാക്കി പ്രദർശനത്തിനു വെച്ചിരിക്കുന്നതു കാണാനിടയായി. പതിനഞ്ച് അടി ഉയരവും, പതിമൂന്ന് അടി വീതിയും ഉള്ള പടു കൂറ്റൻ ബാഗിന് ഒരു ഒറ്റമുറി വീടിന്റെ വലുപ്പം തോന്നും. ഗിന്നസ് ബുക്ക് റെക്കോർഡ് പോലെ എന്തോ ഒരു ലോക റെക്കോർഡിനായാണ് ഈ ബാഗ് നിർമിച്ചിരിക്കുന്നത്.
ഒരു ബാഗും കുടയും വാങ്ങാൻ കഴിയാത്ത അനേകം പേർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ട്.നല്ലൊരു ബാഗ് സ്വപ്നം കാണുന്ന അനേകമനേകം പാവപ്പെട്ട സ്കൂൾ കുട്ടികളും ഈ കൊച്ചു കേരളത്തിലുണ്ട്. ഏറ്റവും വില കുറഞ്ഞ ബാഗിന് തന്നെ വിപണിയിൽ ആയിരം രൂപയോളം വിലയുണ്ട്.പാവപ്പെട്ടവന് രണ്ടോ നാലോ ദിവസത്തെ അധ്വാനത്തിന്റെ വിലയാണത്....
ഈ ബാഗിനായി ചെലവഴിച്ച ലക്ഷങ്ങളും അധ്വാനവും ഉണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം പാവപ്പെട്ട നൂറു കുട്ടികൾക്കെങ്കിലും ഒരു ബാഗ് വീതം സൗജന്യമായി നൽകാമായിരുന്നു......
ഇതു പോലെ അനേകം ധൂർത്തുകളും ആർഭാടങ്ങളും ലോകത്തു നടക്കുന്നുണ്ട് എന്നറിയാതെയല്ല...ഒന്നും കാണാതെയുമല്ല.. ഈ ഭീമൻ ബാഗ് കണ്ടപ്പോൾ പഴയ സ്കൂൾ ജീവിതവും കഷ്ടപ്പാടുകളും ഓർമ്മയിലൂടെ ഒന്ന് മിന്നി മറഞ്ഞു എന്നു മാത്രം.
ലോകത്തിന്റെ പല ഭാഗത്തും അമ്പതും നൂറ്റി അമ്പതും നിലകളുള്ള മണിമന്ദിരങ്ങൾ മേഘങ്ങളെയും കീറി മുറിച്ചു കൊണ്ട് മുകളിലേക്ക്, പിന്നെയും മുകളിലേക്ക് ഉയരുമ്പോൾ,അതേ വേഗതയിൽ പാവപ്പെട്ടവന്റെ ജീവിതവും സ്വപ്‌നങ്ങളും താഴേക്ക്,പിന്നെയും താഴേക്കു പോവുകയാണ്...
നിനക്കു രണ്ടു കമ്പിളിയുണ്ടെങ്കിൽ ഒന്ന് തണുത്തു വിറയ്ക്കുന്നവന് ദാനം ചെയ്യുക എന്നു ഉപദേശിച്ച യേശു ദേവൻ മുതൽ ഇക്കാലത്തെ അഭിനവ ഗുരുക്കന്മാർ വരെ അനേകം അനേകം ആചാര്യന്മാർ ഇവിടെ വന്നു പോയി. പക്ഷെ നമ്മൾ പഠിച്ചതൊന്നും പ്രവർത്തികമാക്കിയില്ല.
എന്തും സ്നേഹത്തോടെ പങ്കു വെക്കുവാൻ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
എന്തും സ്നേഹത്തോടെ പങ്കു വെക്കുവാൻ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഒരു നവവത്സരം കൂടി ഇതാ പടി വാതിൽക്കൽ വന്നെത്തി നിൽക്കുന്നു. നമ്മൾ അറിയാതെ നമ്മിൽ കൂട് കെട്ടിയ സ്വാർത്ഥതയിൽ നിന്ന് മോചിതരാകുവാൻ നമുക്ക് സ്വയം പരിശ്രമിക്കാം. പുതുവർഷപ്പുലരി മുതൽ സ്നേഹവും,കാരുണ്യവും, സമ ഭാവനയും ജീവിതത്തിൽ പകർത്തുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക