നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിധേയൻ


Image may contain: 1 person, beard and closeup
"നാം ക്യാ ഹേ" (എന്താ പേര്), കാർ പാർക്ക് ചെയ്ത് റിസപ്ഷനിൽ എത്തിയപ്പോൾ റിസപ്ഷനിലെ സെക്യൂരിട്ടി ഓഫിസർ ചോദിച്ചു
"ഹരി പ്രസാദ് യാദവ് സാർ"
“ സാബ്‌ കെ സാത്‌ ക്യാ കർത്താ ഹേ തും" (സാബിന്റെ കൂടെ നീ എന്താ ചെയ്യുന്നത് )
"സർ. എനിക്ക് മലയാളം അറിയാം, മലയാളത്തിൽ ചോദിച്ചോളൂ. ഞാൻ ഇവിടെ പുതുതായി വന്ന ജനറൽ മനേജർ സാറിന്റെ ഡ്രൈവർ ആണ്"
"അതിന് സാറാണല്ലോ വണ്ടി ഓടിച്ചിരുന്നത് "
"സർ, വണ്ടി ഇന്ന് സർവ്വീസിന് കൊണ്ടുപോണം, അപ്പോ സാർ ഓടിച്ചു നോക്കി എന്തൊക്കെ പ്രശ്നം ഉണ്ടെന്ന് നോക്കിയതാ."
"നീയെങ്ങിനെ ഇത്ര നന്നായി മലയാളം പഠിച്ചു"
'ഞാൻ വെങ്കട് സാറിന്റെ കൂടെ പതിനഞ്ച് കൊല്ലായി ജോലി ചെയ്യുന്നു. ഏഴ് കൊല്ലം ബോംബെയില്‍, മൂന്ന് കൊല്ലം തൃശൂരില്‍, കഴിഞ്ഞ അഞ്ച് കൊല്ലം തിരുവനന്തപുരത്തും, ഇപ്പോൾ ഇങ്ങോട്ട് മാറി വന്നു."
"താഴെ ഡ്രൈവർമാര്‍ക്ക് മുറിയുണ്ട്. പണിയില്ലാത്തപ്പോൾ നിനക്കവിടെ പോയി ഇരിക്കാം".
"സാർ, എനിക്ക് സാറിന്റെ മുറിയുടെ അടുത്ത് തന്നെ പാന്‍ട്രിയില്‍ ഇരിക്കാൻ സ്ഥലം ഒരുക്കി കാണും. സാറ് എപ്പോഴും എന്നെ വിളിച്ചു കൊണ്ട് ഇരിക്കും. അങ്ങിനെ വെറുതെ ഇരിക്കാനൊന്നും സമ്മതിക്കില്ല."
"നിന്റെ സാര്‍ എങ്ങിനേയാ പെരുമാറാന്‍ ഒക്കെ."
"സാർ ഒരു പ്രത്യേക സ്വഭാവക്കാരനാ. ഭയങ്കര ദേഷ്യ . ഓരോ പൈസക്കും കണക്ക് വയ്ക്കും, ഒന്നും വെറുതെ നശിപ്പിക്കാൻ സമ്മതിക്കില്ല. ഞാൻ സാറിനെ അടുത്തേക്ക് പോട്ടേ."
കാറിൽ നിന്നും സാറിന്റെ ലഞ്ച് ബോക്സ് എടുത്ത് മുകളിലേക്ക് പോയി. അപ്പോഴെക്കും പ്യൂൺ വന്ന് എന്നെ സാർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു.
മുറിയിൽ ചെന്നപ്പോൾ തന്നെ എന്റെ നേരേ ഒരു കടലാസ് നീട്ടി.
"ഇതിൽ വണ്ടിയുടെ പ്രശ്നങ്ങൾ ഒക്കെ എഴുതിയിട്ടുണ്ട്. വണ്ടി കാണിച്ച് സൂപ്രവൈസറേക്കൊണ്ട് എന്നെ സംസാരിപ്പിക്കണം, ഞാൻ പറഞ്ഞ് കൊടുത്തോളാം."
സാർ തുടർന്നു
"പിന്നെ, ബില്ല് ശരിയായാൽ ബസിൽ ഇവിടെ വന്ന് എന്റെ കയ്യിൽ നിന്നും പൈസ വാങ്ങി കൊണ്ടു പോയ്ക്കോ. അവിടെ പോയി ടി വി കാണാനല്ല നിന്നെ വിടുന്നത്. വണ്ടിയുടെ അടുത്തു തന്നെ കാണണം, എന്തൊക്കെ മാറ്റി, ആവശ്യമില്ലാതെ ഒന്നും മാറ്റുന്നില്ലല്ലോ എന്നൊക്കെ നോക്കണം, പഴയത് ഒക്കെ ഡിക്കിയില്‍ ഇട്ടെക്കണം, എനിക്ക് കാണണം."
സാർ അങ്ങിനെയാണ്, എന്തെങ്കിലും ഒക്കെ കൊള്ളിച്ച് പറയും. ഒരാളെയും വിശ്വാസമില്ല. വീട്ടിലും ഇങ്ങിനെത്തന്നെ ആണ്. ഇനി വണ്ടി പണി കഴിഞ്ഞു വന്നാലും അത് ശരിയായില്ല ഇത് ശരിയായില്ല എന്നൊക്കെ വഴക്ക് പറയും. വളരെ നന്നായി എന്ന ഒരു വാക്ക് ഇന്നുവരെ കേട്ടിട്ടില്ല.
മുകളിലെ പാൻട്രിയിൽ നിന്നും ചായ കുടിക്കുമ്പോഴെക്കും സാർ പുറത്തു വന്നു ഉച്ചത്തിൽ ചോദിച്ചു
"ഹരീ നീ പോയില്ലേ. ചായ അവിടെ പോയാലും കുടിക്കാലോ."
പോവായ് സാർ എന്ന് പറഞ്ഞ് പകുതി കുടിച്ച ചായ കപ്പ് തിരിച്ചു കൊടുത്ത് വണ്ടിയിലോട്ട് നടന്നു.
ഇന്ന് സാറിനെന്തോ പ്രശ്നം ഉണ്ട് അല്ലെങ്കില്‍ കാലത്ത് തന്നെ ഇങ്ങിനെ തുള്ളാന്‍ തുടങ്ങാറില്ല. മാത്രവുമല്ല, ഇന്ന് ആദ്യത്തെ ദിവസം കൂടി ആണ് ഈ ഓഫീസില്‍.
വണ്ടി വര്‍ക്ക്ഷോപ്പില്‍ എൽപ്പിച്ച് സാറിനെക്കൊണ്ട് സൂപ്രവൈസറോട് നേരിട്ട് സംസാരിപ്പിച്ചു. പിന്നെ ഞാൻ ഗസ്റ്റ് റൂമിലേക്ക് നടന്നു. കാലത്ത് നാല് മണിക്ക് എഴുന്നേറ്റതാ. ഇന്നിയൊന്ന് വിശ്രമിക്കണം.
ഗസ്റ്റ് റൂമിൽ ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ബിഹാറിൽ നിന്നും ഭാര്യയുടെ ഫോൺ വന്നു. ഞാൻ എന്നാണ് നാട്ടിലെത്തുക എന്നവൾക്ക് അറിയണം. മകളുടെ അഡ്മിഷൻ സമയത്ത് ഞാനവിടെ വേണം എന്ന് നിർബന്ധിച്ചിട്ടുണ്ട്. 15 ദിവസം ലീവ് വേണം എന്ന് ചോദിച്ചിട്ടുണ്ട്. അഡ്മിഷന് പൈസ വേണം.
ഗൌരിയുടെ പേരില്‍ കുറച്ച് പറമ്പ് ഉണ്ട് അച്ഛൻ മരിക്കും മുൻപ് ഗൌരിക്ക് കൊടുത്തതാണ്. അത് നോക്കി നടക്കാന്‍ ഒന്നും ഇപ്പോള്‍ ആരും ഇല്ല, അത് വില്‍ക്കണം. നഗരത്തിനടുത്ത് മറ്റൊരു പറമ്പുണ്ട് കഴിഞ്ഞ പതിനഞ്ച് വർഷത്തെ സമ്പാദ്യം, അത് വിൽക്കാനാണ് ആദ്യം ഉദ്ദേശിച്ചത് പക്ഷേ അത് രചനയുടെ കല്യാണത്തിനാവാം എന്ന് പറഞ്ഞത് ഗൌരിയാണ്
എത്ര പെട്ടെന്നാണ് സമയം കടന്നു പോയത്. മകൾ വളർന്നതും വലുതായതൊന്നും കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.
ഇതെന്റെ മാത്രം നിർഭാഗ്യമല്ല, കേരളത്തിലും മറ്റുമായ് ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന അന്യസംസ്ഥാനക്കാരുടെ ഒക്കെ കാര്യം ഇതാണ്. സ്വന്തം അമ്മ മരിച്ച് രാത്രിക്ക് രാത്രി നാട്ടിലേക്ക് പോയ ശിവത്തിന്റെ പിന്നാലെ നാട്ടിൽ കേരളത്തിൽ നിന്നും പോലിസെത്തി അവനെ അറസ്റ്റ് ചെയ്യാൻ. ഏതോ കുറെ വലിയ ആൾക്കാർ ഇടപെട്ട ഒരു ബലാത്സംഗവും കൊലപാതകവും അവന്റെ തലയിൽ വെച്ചു കെട്ടി. അവന് വേണ്ടി വാദിക്കാൻ ആരുമില്ല. ഇത് തന്നെയാണ് പലരുടെയും അവസ്ഥ. അവർ രാപകൽ കഷ്ടപ്പെടുന്നത് ആരും കാണില്ല. കള്ളു കുടിച്ചും മറ്റും പൈസ നശിപ്പിക്കാതെ സ്വന്തം വീട്ടിലേക്ക് അയക്കും.
മകൾക്ക് മൂന്ന് മാസം പ്രായമുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. അന്ന് പട്ടാളത്തിലായിരുന്നു. ഞാൻ ലീവ് കഴിഞ്ഞ് ജോലിയില്‍ കയറി ഒരു മാസമായപ്പോൾ ആണ് നാട്ടിൽ പടർന്ന പകർച്ചപ്പനി ഭാര്യയുടെ ജീവൻ കൊണ്ടുപോയത്. ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല, എന്തായാലും മകളെ ഒറ്റക്ക് വിട്ട് ഒന്നും വേണ്ട എന്ന് തന്നെ തീരുമാനിച്ചു. ജോലി രാജിവച്ചപ്പോൾ പെൻഷൻ വേണ്ട എന്നും എഴുതി കൊടുത്തു അല്ലെങ്കില്‍ നാട്ടിലെത്താന്‍ പിന്നെയും വൈകുമായിരുന്നു. എങ്ങിനെയെങ്കിലും മകളുടെ അടുത്ത് എത്തണമെന്നെ ഉണ്ടായിരുന്നുള്ളൂ. അല്ലായിരുന്നെങ്കിൽ ഇപ്പോൾ ഇരുപതിനായിരത്തിനടുത്ത് പെൻഷൻ ഉണ്ടായേനേ. അന്നത്തെ അവസ്ഥ അതായിരുന്നു.
മകൾക്ക് രചന എന്നാണ് പേരിട്ടത്. പട്ടാളത്തിൽ എന്റെ സാബിന്റെ മകളുടെ പേരായിരുന്നു. ആ കുട്ടിയെ ഞാൻ കുറെ ലാളിച്ചതായിരുന്നു. ഒരു വർഷത്തോളം മകളെ നോക്കി വീട്ടിൽ ഇരുന്നു. പക്ഷേ അതു പോരല്ലോ അവൾക്ക് ഒരമ്മ വേണ്ടേ. എനിക്ക് ചെയ്യാൻ പറ്റുന്നതിന് ഒരു പരിധി ഉണ്ടല്ലോ. ഭാര്യയുടെ വീട്ടികാര്‍ അവളുടെ അനുജത്തിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ബിഹാറിൽ അതൊരു രീതിയാണ്, പക്ഷേ എനിക്കതിന് കഴിയില്ല. ഇന്നലെ വരെ അനുജത്തിയായ് കണ്ട ഒരാളെ ഭാര്യയായ് വിചാരിക്കാൻ പോലും വയ്യ.
ആ സമയത്താണ് ഗൌരിയുടെ ആലോചന വരുന്നത്. തൊട്ടടുത്ത ഗ്രാമത്തിലാണ് ഗൌരിയുടെ വീട്. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. അച്ഛന് കൃഷിപ്പണി ആണ്. സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട് ആണ് കല്യാണം നടക്കാതിരുന്നത്.. പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ചേട്ടൻ പോയി കാര്യങ്ങളൊക്കെ സംസാരിച്ചു. ആ കുട്ടിയോട് എനിക്ക് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ആദ്യം വിസമ്മതിച്ചു, പിന്നീടെന്റെ നിർബന്ധത്തിന് വഴങ്ങി.
ഒരു രണ്ടാനമ്മ ആയിട്ടല്ല, മറിച്ചു അമ്മ തന്നെ ആവാൻ ഗൌരിക്കു കഴിയുമോ എന്ന് മാത്രമേ എനിക്ക് അറിയേണ്ടിയിരുന്നുള്ളു. ബിഹാറിലെ മറ്റ് പെൺകുട്ടികളെ പോലെ 15 വയസ്സിൽ കല്യാണം കഴിപ്പിച്ച് ആരുടെയെങ്കിലും അടുക്കളയിൽ ജീവിതം ഹോമിക്കാനുള്ളതല്ല അവളുടെ ജീവിതം. ഗൌരി എല്ലാത്തിനും തയ്യാറായിരുന്നു.
ഒരു ചടങ്ങിന് മാത്രമേ കല്ല്യാണമൊക്കെ ഉണ്ടായുള്ളൂ. അച്ഛനുമമ്മയും മരിച്ചശേഷം ചേട്ടനാണ് ആ സ്ഥാനത്ത്. ചേട്ടന്‍ കുട്ടിയെ നോക്കി വളര്‍ത്താൻ തയ്യാറായിരുന്നിട്ടും എന്റെ മകള്‍ ആര്‍ക്കും ഒരു ഭാരമാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കല്യാണത്തിന്നു ചേട്ടന്റെ ഭാര്യയുടെ അമ്മയും അനിയനും ഉണ്ടായിരുന്നു.
പട്ടാളത്തിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പൈസ കൊണ്ട് നഗരത്തിൽ ഒരു കൊച്ച് വീടു വച്ചിട്ടുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഗൌരിയേയും മകളെയും കൊണ്ട് അങ്ങോട്ട് താമസം മാറി.
പണ്ട് പട്ടാളത്തിൽ പരിചയമുള്ള ഒരാൾ മുഖാന്തിരം ഒരു ബിഹാർ സർക്കാരിൽ ജോലിയുള്ള ഒരാളുടെ കൂടെ ജോലി കിട്ടി. അദ്ദേഹം അധികം ടൂറിലായിരുന്നതിനാൽ മകളുടെ കൂടെ സമയം ചെലവഴിക്കാൻ കിട്ടുമായിരുന്നു. ഒരിക്കൽ പോലും അദ്ദേഹം എന്നോട് ശബ്ദം ഉയർത്തി സംസാരിച്ചിട്ടില്ല.
ഗൌരി രണ്ടാനമ്മയാണെന്ന് രചന ഒരിക്കലും അറിഞ്ഞില്ല, അതിന് ഗൌരി ഒരവസരം കൊടുത്തില്ല എന്നതാണ് സത്യം.
രചനക്ക് മൂന്ന് വയസ്സുള്ളപ്പോളിണ് എനിക്ക് ജോലി രാജി വക്കേണ്ടി വന്നത്. ആ സമയത്താണ് ബിഹാർ രണ്ട് സ്റ്റോറ്റായി വിഭജിക്കുന്നത്. ബിഹാറും ഝാ‍ർഖണ്ഡ്‌ എന്നിങ്ങനെ. എന്റെ ബോസ് ഝാ‍ർഖണ്ഡ്‌ സർക്കാരിന്റെ കീഴിലായി. എന്നോടും കൂടെ വരാൻ പറഞ്ഞു. വീട് വിട്ടുപോകാൻ ഞാനപ്പോള്‍ തയ്യാറല്ലായിരുന്നു. പിന്നെ കുറച്ചു കാലം ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു.
ഗൌരിയുടെ ഒരു ചേട്ടൻ അന്ന് ബോംബെയിൽ ഉണ്ടായിരുന്നു. എന്നോടങ്ങോട്ട് വരാൻ അദ്ദേഹം നിർബന്ധിച്ചു. മകളെ പിരിഞ്ഞിരിക്കാൻ എനിക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ പോകാതിരിക്കാൻ പറ്റില്ലായിരുന്നു, മകൾക്ക് നല്ല വിദ്യഭ്യാസം കൊടുക്കണമെങ്കിൽ ഞാൻ ഒരു ത്യാഗം ചെയ്തേ പറ്റുവെന്ന് തോന്നി. മാത്രമല്ല ഗൌരിയുടെ കയ്യിൽ മകൾ സുരക്ഷിതയാണെന്നെനിക്ക് വിശ്വാസം ഉണ്ടായിരുന്നു.
അങ്ങിനെ ബോംബെയിൽ എത്തി വെങ്കട് സാറിന്റെ കൂടെ ജോലി ആരംഭിച്ചത്.
നല്ല ശമ്പളം ഒക്കെ ഉണ്ട് പക്ഷേ സാറിന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാല്‍ എന്തൊക്കെ പറയും എന്ന് സാറിനു പോലും അറിയില്ല. മകൾക്ക് വേണ്ടി എല്ലാം സഹിച്ചു.
വെങ്കട് സാറിന് ഏകദേശം ഒരു അൻപത് വയസ്സായിക്കാണും. നന്നായി ചീകിയൊതുക്കിയ തലമുടി, അങ്ങിങ്ങായ് നര കയറിത്തുടങ്ങിയിരിക്കുന്നു. കറുപ്പും വെളുപ്പും അടങ്ങിയ കട്ടിയുള്ള മീശ, കാണാൻ ഒരു ഹീറോ ലുക്ക് ഉണ്ട്.. കണ്ണടയും ഉണ്ട്.
വെങ്കട് സാറിന് മക്കൾ ഇല്ല. മാഡം ഒരു ഡോക്ടർ ആണ്. ഒരു വലിയ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. കേരളത്തിലേക്ക് സ്ഥലമാറ്റമായപ്പോള്‍ മാഡം ആ ജോലി രാജി വച്ചു. തൃശ്ശൂരും തിരുവനന്തപുരത്തും ജോലി ചെയ്തു. ഇനി ഇവിടെ വല്ല ആസ്പത്രിയിലും നോക്കും
വെങ്കട് സാർ ചോദിച്ചു വാങ്ങിയതാണ് നാട്ടിലേക്കുള്ള സ്ഥലംമാറ്റം. സാറിന്റെ അമ്മയ്ക്ക് പ്രായമായപ്പോൾ അവരെ നോക്കാൻ വേണ്ടിയായിരുന്നു. ആദ്യം ജോലി രാജി വച്ചതാണ് പക്ഷേ അത് സ്വീകരിച്ചില്ല മറിച്ച് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഇങ്ങോട്ട് സ്ഥലം മാറ്റം നൽകിയതാണ്. ഇപ്പോൾ സാർ അമ്മയെ അല്ല മറിച്ചു അമ്മ സാറിനെയും മാഡത്തിനേയും ആണ് നോക്കുന്നത്.
സാറിന്റെ അമ്മ വളരെ ചിട്ടകൾ നോക്കി ജീവിക്കുന്ന ഒരു സ്ത്രീ ആണ്. കാലത്ത് ജോലിക്ക് പോകും മുൻപ് സാറിനും മാഡത്തിനും ഒരോ ഗ്ലാസ് പാൽ വെള്ളം ചേർക്കാതെ ഉണ്ടാക്കി കുടിപ്പിക്കും, കൂടെ 6 ബദാം 2 കശുവണ്ടി. ഒരു ടിഫിനിൽ ഏതെങ്കിലും ഫ്രൂട്ട്സ്, ആപ്പിൾ, ഓറഞ്ച്, ചീക്കു അങ്ങിനെ എന്തെക്കിലും മുറിച്ച് വച്ചിട്ടുണ്ടാവും. ഉച്ചക്കുള്ള ലഞ്ച് ബോക്സും അമ്മയാണ് ഒരുക്കുക. അടുക്കളയിൽ അമ്മ കഴിഞ്ഞാൽ മാഡം മാത്രമേ ഭക്ഷണമുണ്ടാക്കാൻ അനുമതിക്കൂ. വേറേയാരും അടുക്കളയിൽ പ്രവേശിക്കുന്നത് പോലും നിഷിദ്ധമാണ്. പക്ഷേ എനിക്ക് ഇപ്പോൾ കുറേശ്ശേ അനുമതി കിട്ടുന്നുണ്ട്. കാലത്ത് പ്രാതൽ എനിക്കു വേണ്ടി മാറ്റി വയ്ക്കും.
എനിക്ക് താമസിക്കാൻ ഒരു സെർവന്റ് ക്വാർട്ടർ ഉണ്ട്. വീടിന്റെ പുറകുവശത്ത് ആണ് അത് പണിതിരിക്കുന്നത്. എനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് അത്. സാറിന്റെ വീട്ടിലെ ചോറും സാമ്പാറും ഒന്നും എനിക്ക് പറ്റില്ല. ഞാൻ വൈകീട്ട് ചപ്പാത്തി ഉണ്ടാക്കും കൂടെ എന്തെങ്കിലും സബ്ജിയും.
ശനിയാഴ്ച്ച ദിവസം വീട് വൃത്തിയാക്കൽ ആണ് സാറിന്റെ പണി . ഓരോ മുക്കും മൂലയും പൊടിതട്ടി വൃത്തിയാക്കും. ഓരോന്നിനും ഓരോ സ്ഥാനമുണ്ട് അതവിടെനിന്ന് അനങ്ങാൻ സമ്മതിക്കില്ല. അതിന് മാഡത്തിനും ചിലപ്പോൾ ചീത്ത കേൾക്കും. എന്റെ മുറിയും വന്ന് പരിശോധിക്കും ഇടയ്ക്കൊക്കെ.
അമ്മക്കോ മാഡത്തിനോ എന്തെങ്കിലും അസുഖം വന്നാൽ സാർ ലീവെടുത്ത് ഇരുന്ന് ശുശ്രൂഷിക്കും.
സാറിന് രണ്ട് തവണ ഹാർട്ട് അറ്റാക്ക് ഉണ്ടായതാണ്. ഭാഗ്യം കൊണ്ട് രണ്ട് തവണയും രക്ഷപ്പെട്ടു. കുറേ മരുന്നുകൾ ഉണ്ട്. രണ്ടു തവണയും അറ്റാക്കുണ്ടായപ്പോൾ ഞാനാണ് അദ്ദേഹത്തെ സമയത്ത് ആസ്പത്രിയിൽ എത്തിച്ചതും ഓഫീസിലെ വലിയ ആൾക്കാരെ വിവരം അറിയിച്ചതും ഒക്കെ.
എന്നെ ഇങ്ങിനെ ചീത്ത പറഞ്ഞാലും എല്ലാത്തിനും ഞാൻ വേണം. അതിനു പുറമേ അമ്മയുടെ നിർദ്ദേശങ്ങളും. ചായക്ക് മധുരം ഇല്ലാതെ നോക്കണം, അധികം ചായ കുടിക്കാൻ സമ്മതിക്കരുത്, സമയാസമയത്ത് മരുന്ന് കൊടുക്കണം, എണ്ണയിൽ പൊരിച്ച ഒന്നും കഴിക്കാൻ സമ്മതിക്കരുത്. ഇതിലെന്തെങ്കിലും ഒന്ന് തെറ്റിച്ചാൽ ചീത്ത എനിക്കാണ്.
ഇന്നലെ വൈകീട്ട് മേഡം ബിഹാർ സ്റ്റേറ്റ് മെഡിക്കൽ എൻട്രൻസ് റിസൽറ്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. മകളുടെ റോൾ നമ്പർ വാങ്ങി കൊടുത്തു. .രാത്രി പത്തര ആയപ്പോൾ മാഡം വന്ന് എന്നോട് പറഞ്ഞു അവൾക്ക് ബീഹാർ സ്റ്റേറ്റിൽ പതിനഞ്ചാം റാങ്ക് ഉണ്ടെന്ന്. രാത്രി തന്നെ മകളെയും ഭാര്യയേയും വിളിച്ച് ഈ സന്തോഷ വാർത്ത അറിയിച്ചു. എല്ലാം ഗൌരിയുടെ മാത്രം പരിശ്രമഫലം ആണ്. ഞാൻ ഇതുപോലെ സന്തോഷിച്ച മറ്റൊരു ദിവസം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല
ഫോൺ റിങ്ങ് കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. സാറാണ്.
"പണി കഴിഞ്ഞില്ലേ ഹരി " മറുതലയ്ക്കൽ നിന്നും സാറിന്റെ ശബ്ദം. സാറിന്റെ സ്വരം വളരെ പതിഞ്ഞിരിക്കുന്നു.
കഴിയാറായി എന്ന് പറഞ്ഞ് വർക്ക് ഷോപ്പിലേക്ക് പോയി. പണിയൊക്കെ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ പോളിഷ് ചെയ്യുകയാണ്. ബിൽ എസ്റ്റിമേറ്റ് വാങ്ങി ഓഫീസിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ സൂപ്രവൈസർ ഒരു വണ്ടി ഡ്രൈവ്ടെസ്റ്റിന്നു പോകുന്നുണ്ടായിരുന്നു, അദ്ദേഹം എന്നെ പകുതി വഴി കൊണ്ട് വിട്ടു.
ഓഫീസിൽപോയി സാറിന്റെ കൈയിൽനിന്നും പൈസ വാങ്ങി, വർക്ക്ഷോപ്പിൽ പോയി വണ്ടിയുമായി തിരിച്ച് ഓഫീസിൽ വരുമ്പോൾ ആണ് ഓഫീസിൽ നിന്നും ഒരു സാറിന്റെ ഫോൺ വന്നത്, വേഗം മിഷൻ ആശുപത്രിയിൽ വേഗം എത്തണം എന്ന് പറഞ്ഞ്. സാറിന് വീണ്ടും ഒരിക്കൽ കൂടി അറ്റാക്ക് ഉണ്ടായി ആശുപത്രിയിൽ കൊണ്ടു പോവുകയാണത്രേ.
ഞാൻ അവിടെ എത്തുമ്പോഴേക്കും സാറിനെ കൊണ്ട് ഓഫീസില്‍ നിന്നും കാറും എത്തി. ഞാൻ കാറിൽ നിന്നും സാറിന്റെ മെഡിക്കൽ ഫയൽ എടുത്തുകൊണ്ടുവന്നു.. കഴിഞ്ഞ ദിവസം ചെയ്ത ടെസ്റ്റുകളുടെ റിപ്പോർട്ട് എല്ലാം അതിൽ ഉണ്ടായിരുന്നു. എല്ലാം എമര്‍ജന്‍സി വാര്‍ഡില്‍ ഉള്ള ഡോക്ടര്‍ക്ക്‌ കൊടുത്തു. ഞാൻ മാഡത്തിന് ഫോൺ ചെയ്ത് വിവരം അറിയിച്ചു.
പത്തു മിനിട്ടിനുള്ളില്‍ മാഡവും എത്തി. മാഡം നേരേ ഡോക്ടറെ പോയി കണ്ടു. കുറേ നേരം കഴിഞ്ഞപ്പോൾ മാഡം പുറത്ത് വന്നു. അറ്റാക്ക് സീരിയസ് ആയിരുന്നുവെന്നും ഇപ്പോൾ കാർഡിയാക്ക് ICU വിൽ ആണെന്നും, ഹൃദയത്തിൽ എന്തോ ഇട്ടെണും ഒക്കെ പറഞ്ഞു. കമ്പനി ഡയറക്ടര്‍ ശിവരാമൻ സാറും ഒപ്പം ഉണ്ടായിരുന്നു..
ഞാനും മാഡവും അന്ന് രാത്രി ആസ്പത്രിയിൽ തന്നെ ഇരുന്നു.
പിറ്റേന്ന് കാലത്ത് ഞാൻ അകത്ത് പോയി സാറിനെ കണ്ടു. ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പോഴേക്കും മാസം വന്നു. മാഡത്തിന്റെ കൈയ്യിൽ ഒരു ചെറിയ പേപ്പർ ഉണ്ടായിരുന്നു. അത് വാങ്ങി എനിക്ക് തന്നിട്ട് എന്നോട് രണ്ടു ലക്ഷം രൂപ കൌണ്ടറിൽ അടക്കാൻ പറഞ്ഞു. ഒപ്പം സാറിന്റെ ബാങ്ക് ഡെബിറ്റ് കാർഡും. പിൻ മറ്റൊരു കടലാസിൽ എഴുതിത്തന്നു.
ഞാൻ പുറത്ത് വന്നപ്പോൾ ശിവരാമൻ സാർ ചോദിച്ചു എങ്ങോട്ടാണ് ആണ് 'പോകുന്നതെന്ന്. ഞാൻ ബിൽ അടച്ച് വരാമെന്ന് പറഞ്ഞ് അവിടെ നിന്നും താഴെ കൌണ്ടറിലേക്ക് പോയി. എന്റെ കയ്യിലെ ഡെബിറ്റ് കാർഡ് കണ്ട് ശിവരാമൻ സാർ വിശ്വസിക്കാനാവതെ എന്നെ നോക്കുന്നുണ്ടായിരുന്നു..
പണമടച്ച് തിരിച്ച് മുറിയിൽ എത്തിയപ്പോൾ ശിവരാമൻ സാർ അകത്തുണ്ടായിരുന്നു. അദ്ദേഹം സാറിനോട് ചോദിക്കുന്നത് കേട്ടു, "നിങ്ങൾ' എന്തിനാ ഈ ബിഹാറീനേ ഒക്കെ ഇങ്ങിനെ അന്ധമായി വിശ്വസിക്കുന്നത്, എന്നോട് പറഞ്ഞാൽ പോരായിരുന്നോ എന്ന്."
"എനിക്ക് അവനേ എന്നെക്കാളും മറ്റെല്ലാവരെക്കാളും വിശ്വാസം ആണ്, എന്നെ ചതിക്കണമെങ്കിൽ അതവന് എന്നേ ആവാമായിരുന്നു. ഇത് മൂന്നാം തവണ അല്ലേ." സാറിന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
നാല് ദിവസം കഴിഞ്ഞപ്പോൾ സാർ ഡിസ്ചാർജ് ആയി വീട്ടിലെത്തി. രണ്ടു ദിവസം കഴിഞ്ഞു സാർ അമ്മയും മേഡവും കൂടി ഇരിക്കുമ്പോൾ ഞാൻ ഓഫീസിൽ നിന്നും കൊടുത്തയച്ച പേപ്പറുകളുമായി അദ്ദേഹത്തിനടുത്തെത്തി.
"ഹരീ, നീയ്യെന്നാ നാട്ടിൽ പോണെ".
ഞാൻ നാട്ടിൽ പോകേണ്ട കാര്യം വീണ്ടും ഓർമ്മപ്പെടുത്താതിരുന്നതാണ്. ഞാനിവിടെ ഇല്ലെങ്കിൽ ആകെ ബുദ്ധിമുട്ടാവും. പക്ഷെ സാര്‍ മറന്നിട്ടില്ല. അല്ലെങ്കിലും ഇതാണ് സാറിന്റെ പ്രശ്നം, മറ്റുള്ളവരെ പറ്റിയാണ് എപ്പോഴും ചിന്ത.
"ഞാനിപ്പോ പോണില്ല സാർ, ഭാര്യയെ വിളിച്ച് പറഞ്ഞോളാം.."
"നീയ്യെന്തിനാ 15 ദിവസം ലീവ് ചോദിച്ചത്‌, അഡ്മിഷന് രണ്ടു ദിവസം പോരെ "
"അത് സർ നാട്ടിൽ കുറച്ച് ഭൂമി വിൽക്കാനുണ്ട്."
"നീയെന്താ മോളെ കെട്ടിക്കാൻ പോവാണോ "
"അല്ല സാർ അഡ്മിഷന് വേണ്ടിയാ. ഇത് ഭാര്യയുടെ പേരിലുള്ള പറമ്പാണ്."
"ഹരി, രചനക്ക് പട്ന AllMS ൽ അഡ്മിഷൻ ആയിട്ടുണ്ട്. നിനക്ക് പോയി വരാൻ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് തരാം. അവിടെ പ്രിൻസിപ്പാൾ എന്റെ കൂട്ടുകാരി ആണ്. അവർ എല്ലാം ചെയ്തോളും ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്. " മാഡം പറഞ്ഞു.
ഞാന്‍ പോലും അറിയാതെ മാഡം ഇതൊക്കെ എപ്പോള്‍ ചെയ്തു.
"അവളെ പഠിപ്പിക്കാൻ വരുന്ന ചിലവിന്റെ കാര്യം ഓർത്ത് നീ വിഷമിക്കണ്ട. അതിനായ് ഇനി പറമ്പൊന്നും വിൽക്കണ്ടാ, അവളെ ഞങ്ങൾ പഠിപ്പിച്ചോളാം."
"നിന്റെ മകൾ ഭാഗ്യവതിയാണ്. ഗ്രാമത്തിലെ രീതി വച്ച് മക്കളെ ചെറുപ്രായത്തിൽ തന്നെ കല്ല്യാണം കഴിപ്പിച്ചയച്ച് എങ്ങിനെയെങ്കിലും അവരുടെ കടമ തീർക്കുന്ന മാതാപിതാക്കൾക്കിടയിൽ, മകളെ പഠിപ്പിച്ച്, സ്വന്തം കാലിൽ നിർത്തണമെന്ന നിന്റെ തീരുമാനം വളരെ നല്ല കാര്യം തന്നെയാണ്‌. അവൾ പഠിച്ച് വളരെ വലിയ ഉയരങ്ങളിൽ എത്തിച്ചേരേണ്ടവളാണ്. ഞങ്ങൾ അതിന് ഒരു വഴിയൊരുക്കിക്കൊടുക്കുന്നു എന്ന് മാത്രമേയുള്ളൂ" സാർ പറഞ്ഞു.
ഒന്നും വിശ്വസിക്കാനാവാതെ, ആ വലിയ മനസ്സിന്റെ മുമ്പിൽ നിറഞ്ഞ കണ്ണുകളോടെ കൈക്കൂപ്പി ഞാൻ വിധേയനായി നിന്നു.
അപ്പോൾ ഏതോ ഒരാൾ ചെയ്ത കുറ്റം ഒരു അന്യസംസ്ഥാനക്കാരന്റെ ചുമലിൽ കെട്ടി വെച്ച കേസിന്റെ കോടതി വിധി വാർത്തയായ് ടിവിയിൽ വരുന്നുണ്ടായിരുന്നു.
ഗിരി ബി. വാരിയർ
29 ഡിസംബർ 2017t

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot