Showing posts with label Lijiya Shanavas. Show all posts
Showing posts with label Lijiya Shanavas. Show all posts

തെറ്റിന്റെ ബാക്കിപത്രം

Image may contain: 1 person, sitting
*******************
കവലയിൽ ബസ്സിറങ്ങുമ്പോൾ തെല്ലകലയായ് ഒരു ചെറിയ കൂട്ടം . അവരുടെ ഒച്ചപ്പാടും ബഹളോം കേൾക്കാം . കുറച്ചു പിള്ളേർ കൂട്ടം ചേർന്ന് എന്തിനേയോ കല്ലെറിഞ്ഞ് തുരത്തുന്നതാണെന്ന് തോന്നുന്നു .
എറിയെടാ എറിയ് ... കൂട്ടത്തിൽ ഒരുത്തൻ മറ്റുള്ളവരോട് ആജ്ഞാപിക്കുന്നു .
വല്ല പട്ടിയോ പാമ്പോ ആകും എന്ന് കരുതിയാണ് താൻ നോക്കിയത് . പെട്ടെന്ന് കണ്ണുടക്കിയത് ഒരു മനുഷ്യക്കോലത്തിൽ .. 45 വയസിനടുത്ത് പ്രായം വരുന്ന ഒരു സ്ത്രീയാണ് . മുഷിഞ്ഞ വേഷം . കല്ലേറ് ഭയന്ന് അവർ അവിടെ നിന്ന് ഓടി മറയാൻ ശ്രമിക്കുന്നു . കുട്ടികൾ അവരുടെ വെപ്രാളവും പരവേശവും കണ്ട് വീണ്ടും വീണ്ടും അവരെ ആട്ടിയോടിക്കാൻ തുനിയുന്നു .
ഞാൻ ചുറ്റും ഒന്ന് നോക്കി , മിക്ക കടകളിലും ആളുകൾ ഉണ്ട് . ചിലർ അങ്ങിങ്ങായ് കൂട്ടം കൂടി നിൽപുണ്ട് . പക്ഷേ ആരും ആ കുട്ടികളെ വിലക്കുന്നില്ല . എനിക്കെന്തോ ആ നാട്ടുകാരോട് അമർഷം തോന്നി . അങ്ങോട്ട് ചെന്ന് ആ പിള്ളേർക്ക് രണ്ടെണ്ണം പൊട്ടിച്ച് ആ സ്ത്രീയെ രക്ഷപ്പെടുത്തണമെന്ന് തോന്നി . പിന്നെ ആലോചിച്ചപ്പോ കാര്യം അന്വേഷിച്ചിട്ട് ആകാമെന്ന് കരുതി .
പതിയെ ഞാൻ അടുത്തു കണ്ട ഒരു കടയിലേക്ക് കയറി . കടയുടമ ഒരു സ്ത്രീയ്ക്ക് സാധനങ്ങൾ പൊതിഞ്ഞ് കൊടുക്കുന്ന തിരക്കിലാണ് . അവർ പോയപ്പോ ഞാൻ മുന്നോട്ട് ചെന്നു .
ചേട്ടാ , ഞാൻ കുറച്ച് ദൂരത്ത് നിന്ന് വരികയാ . ഇവിടെ ഒരു ആറു മാസം മുൻപ് ഒരു പെൺകുട്ടി മരിച്ചില്ലേ . അവരുടെ വീട് എവിടെയാണെന്ന് ഒന്ന് പറയോ ?
കടയുടമ എന്നെ ചോദ്യഭാവത്തിൽ നോക്കി .
മോൾ ഏതാ ? എവിടുന്നാ ?
ചേട്ടാ ഞാൻ ജേർണലിസം സ്റ്റുടൻറ് ആണ് . പ്രോജക്ടിന്റെ ഭാഗമായി റിസേർച്ചിലാണ് . എനിക്ക് ആ കുടുംബത്തിൽ നിന്ന് കുറച്ച് കാര്യങ്ങൾ അറിയാനായിരുന്നു .
അയ്യോ മോളേ , ആ വീട്ടുകാർ ഇവിടുന്ന് താമസം മാറി പോയല്ലോ , എവിടേയ്ക്കാണെന്നൊന്നും അറിയില്ല . പാവങ്ങൾ ഒറ്റ മോളാരുന്നു അവർക്ക് അത് താങ്ങാനുള്ള ശക്തി ദൈവം കൊടുത്തില്ല . എന്താ ചെയ്ക .
ചേട്ടന് അറിയോ എന്താ സംഭവിച്ചതെന്ന് ? എനിക്ക് പത്രത്തിൽ വായിച്ച വിവരങ്ങളേ അറിയൂ . അതാ ഞാൻ നേരിട്ട് വന്ന് അന്വേഷിക്കാന്ന് വച്ചത് . ഞാൻ പറഞ്ഞു
അതോ മോളേ , അതൊക്കെ ഓർക്കുമ്പോ നെഞ്ചുപൊട്ടും . അയാൾ കഥ പറയാൻ തുടങ്ങി
മായ എന്നായിരുന്നു അവളുടെ പേര് . പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാരുന്നു . അച്ഛൻ പോസ്റ്റാഫീസിൽ ക്ലാർക്ക് അമ്മയ്ക്ക് ജോലിയില്ല . മായ നന്നായിട്ട് പഠിക്കും . കണക്കിൽ അൽപം പിന്നോക്കം ആയപ്പോ SSLC ആയത് കൊണ്ട് നല്ല മാർക്ക് കിട്ടാൻ വേണ്ടിയാണ് ഗായത്രി ടീച്ചറുടെ അടുത്ത് ട്യൂഷന് വിട്ടത് . ടീച്ചർ ഇവിടെ അടുത്ത കോളേജിലാണ് പഠിപ്പിച്ചോണ്ടിരുന്നത് . ഭർത്താവ് ഗൾഫിൽ ഒറ്റ ഒരു മകൻ എഞ്ചിനീറിംഗിന് തമിഴ്നാട്ടിൽ പഠിക്കുവാരുന്നു .
ടീച്ചർ വീട്ടിൽ അമ്മയോടൊപ്പം തനിച്ചാരുന്നു താമസം . മായ വീട്ടിൽ ആണ് ട്യൂഷന് പൊക്കോണ്ടിരുന്നത് . ടീച്ചർ നല്ലൊരു സ്ത്രീയാരുന്നു . മകനെ ഒരുപാട് ലാളിച്ച് വളർത്തിയതാ . അതിന്റെ കുരുത്തക്കേട് ആ ചെക്കനും ഉണ്ടാർന്ന് .
കഴിഞ്ഞ ക്രിസ്മസ്സിന് അവൻ കുറച്ച് കൂട്ടുകാരുമായിട്ടാ വന്നത് വീട്ടിൽ . ഭയങ്കര പാട്ടും മേളവും ഒക്കെ ആരുന്നു .അവിടെ ഇടക്കൊക്കെ പുറം പണിക്ക് സഹായിക്കാൻ പോകുന്ന ബാലൻ പറഞ്ഞത് കള്ളും കഞ്ചാവും ഒക്കെ ഉണ്ടായിരുന്നു എന്നാ .
എന്ത് ചെയ്യാനാ മോളേ . അന്ന് ഒരു ദിവസം അവധി കഴിഞ്ഞ് മായക്കൊച്ച് ട്യൂഷന് ചെന്നതാ . ഗായത്രി ടീച്ചറും അമ്മയും അവിടെ ഉണ്ടാരുന്നില്ല . ആ ചെക്കനും അവന്റെ കൂട്ടുകാരു പിള്ളേരും . കഞ്ചാവിന്റെ ലഹരിയിലാരുന്നു എന്നാ കേട്ടത് . പാവം ആ കൊച്ചിന്റെ കഷ്ടകാലം അല്ലാതെന്താ , അവൻമാരെല്ലാം കൂടി അതിനെ പിച്ചിച്ചീന്തി .
ഹോ , പാവം താങ്ങാൻ കഴിയാതെ ചത്തുപോയി അത് . എന്നിട്ടവൻമാര് ബോഡി ഒളിപ്പിച്ച് വച്ച് . ആരും കാണാതെ രാത്രി പറമ്പിൽ കുഴിച്ചിട്ട് . എന്നിട്ട് ഒന്നും മിണ്ടാതെ സ്ഥലം വിട്ട് .
ഈ നാടായ നാട് മുഴുവനും ആ പെൺകൊച്ചിനെ ഞങ്ങൾ തിരഞ്ഞ് നടന്ന് . കള്ളത്തരം ഒരുപാട് നാളൊന്നും മറച്ചുവയ്ക്കാൻ പറ്റില്ലല്ലോ കുഞ്ഞേ . പോലീസ് അവസാനം കണ്ടുപിടിച്ച് . ആ ചെക്കനും കൂട്ടുകാരും ഇപ്പോ ജയിലിലാ . കാശൊള്ള വീട്ടിലെ മക്കളാന്നേ , വേഗം അവര് പുറത്ത് വരും നോക്കിക്കോ . ഇന്നാട്ടിൽ പണത്തിന് മുന്നിൽ ഒന്നും വിലപ്പോവില്ല .
ഹാ നഷ്ടം ആ തന്തയ്ക്കും തള്ളയ്ക്കും മാത്രം . അതോണ്ട് അവര് കെട്ടിപ്പെറുക്കി എങ്ങോട്ടോ പോയി , കടക്കാരൻ ചേട്ടൻ കഥ പറഞ്ഞവസാനിപ്പിച്ച് തിരിഞ്ഞ് കടയ്ക്കുള്ളിലേയ്ക്ക് പോയി . ഞാൻ ഒന്നു നെടുവീർപ്പെട്ടു . വന്ന കാര്യം മുഴുവനും നടന്നില്ലേലും ആവശ്യമുള്ള ഡീറ്റെയ്ൽസ് കിട്ടിക്കഴിഞ്ഞു . ഇനി തിരിച്ചു പോകാം .
ചേട്ടാ ഠൗണിലേക്ക് തിരിച്ച് ബസ്സ് എപ്പഴാ ?
അത് മോളേ ഒരു അരമണിക്കൂർ കഴിഞ്ഞാ വരും ..
പെട്ടെന്ന് ആരോ പിന്നിൽ നിന്ന് എന്നെ വട്ടം പിടിച്ചു . ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ നേരത്തേ കണ്ട ആ ഭ്രാന്തിസ്ത്രീയാണ് . കല്ലെറിഞ്ഞ പിള്ളേരിൽ നിന്ന് രക്ഷനേടാൻ തന്റെ പിന്നിൽ അഭയം തേടിയതാണ് .
പോ പിള്ളേരേ പോവാൻ , എന്തിനാ അവരെ ഉപദ്രവിക്കുന്നത് പാവമല്ലേ ? നിങ്ങൾടെയൊക്കെ അമ്മയെ പോലെ ഒരു സ്ത്രീയല്ലേ ? ഇതാണോ നിങ്ങൾടെ വീട്ടിൽ ഉള്ളവർ പഠിപ്പിക്കുന്നത് . ഞാൻ പിള്ളേരോട് ദേഷ്യപ്പെട്ടു . അവർ പതിയെ പിൻതിരിഞ്ഞു പോയി . ഞാൻ ആ സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കി , ഒരു ദയനീയഭാവം നിഴലിച്ചു നിൽക്കുന്നു . ഞാൻ ബാഗിനുള്ളിൽ നിന്ന് 100 ന്റെ ഒരു നോട്ടെടുത്ത് അവർക്ക് നേരേ നീട്ടി . അവർ നോട്ടിലും പിന്നെ എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ ശേഷം എങ്ങോട്ടോ ഓടി പോയി .
ആരാ ചേട്ടാ ആ സ്ത്രീ ? ഞാൻ കടക്കാരനോട് ചോദിച്ചു .
ഹോ , അതോ അതാണ് മോളേ ഗായത്രി ടീച്ചർ .
ലാളിച്ചു വളർത്തിയ മകൻ ചെയ്ത തെറ്റ് താങ്ങാൻ അവരുടെ മനസ്സിനായില്ല . നാട്ടുകാരുടെ പരിഹാസവും മകന്റെ ജയിൽവാസവും പിന്നെ മകൻ പിഴച്ചു പോയതിന്റെ കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ അവഗണനയും അവരെ ഒരു ഭ്രാന്തിയാക്കി . മക്കൾ ചെയ്യുന്ന തെറ്റിന് പലപ്പോഴും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് പാവം മാതാപിതാക്കൾ ആയിരിക്കും .
ഹാ ,, ജയിൽ ശിക്ഷ കഴിഞ്ഞ് വരുന്ന ആ ചെക്കന് ഇതിലും വലിയ ഒരു ശിക്ഷ ദൈവം കൊടുക്കാനില്ല . എന്നാലെങ്കിലും നന്നായാൽ മതിയാരുന്നു ......
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു . ഒരു തെറ്റും ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരു മാതൃഹൃദയം ഈശ്വരനോട് ദയയ്ക്കായ് യാചിക്കുന്നത് പോലെ . മാതാപിതാക്കൾ നൽകുന്ന സുഖത്തിൽ മതിമറന്ന് തെറ്റിലേക്ക് യാത്ര ചെയ്യുന്ന ഓരോ മക്കൾക്കും ഗായത്രി ടീച്ചറുടെ ജീവിതം ഒരു പാഠമാണ് . താൻ ചെയ്യുന്ന ഓരോ തെറ്റിനും തനിക്ക് ഒപ്പം തന്റെ കുടുംബവും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നത് ചിന്തിക്കുന്നത് തെറ്റിലേക്കുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും .
NB : നിങ്ങൾ ചെയ്യുന്ന തെറ്റിന്റെ ബാക്കിപത്രമാകുന്നത് നിരപരാധികളായ നിങ്ങളെ സ്നേഹിക്കുന്ന ഒരുകൂട്ടരത്രേ ...
✍ Lijiya Shanu

സദാചാര മുഖംമൂടികൾ

Image may contain: 1 person, indoor and closeup

ഡാ ഖാദറേ ....
ഒന്ന് നിക്ക് , എങ്ങോട്ടാ ഇങ്ങളീ പായണത് ?
ഹാ അല്ലാ ഇതാര് പോക്കറോ ?
ഞമ്മള് ആ കവലയിലേക്കാ ആ സുബൈറിനെ ഒന്ന് കാണണം മ്മക്ക് ഇത്തിരി കാശ് തരാനുണ്ട് ഓൻ .
ഓന്റെ മോൾടെ പ്രസവത്തിന് വാങ്ങീതാ . മോള് പെറ്റ് നാൽപത് കുളീം കഴിഞ്ഞ് ഇതുവരെ മടക്കി തന്നിട്ടില്ല . ചോദിക്കുമ്പോ ഓരോരോ മുടന്തൻ ന്യായങ്ങളും . ഇന്ന് ഞമ്മക്ക് രണ്ടിലൊന്ന് അറിയണം . രൂപാ 25000 ആ പലിശയും ചേർത്ത് മുപ്പതോളം ആയിട്ടുണ്ട് . ഇന്ന് ഓനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം .
അല്ല ഇങ്ങളിതെവിടുന്നാ ഇപ്പോ വരണത് ?
ഹോ അതോ ... രാവിലെ ഒന്ന് ടൗണിലെ ആസ്പത്രി വരെ പോയതാ . ഷുഗറ് നോക്കാൻ .തിരിച്ച് വന്ന് ഒരു ചായയും കുടിച്ച് ഇറങ്ങി , ഇനി നേരേ കടയിലോട്ട് പോണം . ആ ചെക്കൻ വന്ന് കട തുറന്നിട്ടുണ്ടാകും ഇപ്പോ .
ഹാ അത് പറഞ്ഞപ്പളാ ഓർത്തത് .
ഇന്ന് ടൗണിൽ വച്ച് ആ അബ്ദൂന്റെ മോളില്ല ഇൻജനീറിങ്ങിന് പഠിക്കണ പെണ്ണ് കുറച്ച് പിള്ളേരുടെ കൂടെ റോഡിൽക്കൂടി കളിച്ചും ചിരിച്ചും ബഹളം വച്ച് പോണത് കണ്ട് .
ശ്ശോ , പോക്കറേ അത് ഓൾടെ കൂട്ടുകാരികളാകൂന്ന് .....
ഹാ കൂട്ടുകാരികൾ മാത്രല്ലാ കൂട്ടുകാരൻമാരും ഉണ്ടാർന്ന് . രണ്ടു മൂന്ന് ചെക്കൻമാരും രണ്ടുമൂന്ന് പെണ്ണുങ്ങളും ഓൾടെ കൂടെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും തല്ലുകൂടിയും എന്താ ബഹളം . ഒട്ടും അടക്കോം ഒതുക്കോം ഇല്ലാണ്ടാ ഓരോരുത്തര് മക്കളേ വളർത്തണത് .....
അതുമാത്രോ , ഓരോന്നിന്റെ വേഷം കണ്ടാലോ ? ചുരിദാറാന്ന് പറച്ചിലേ ഉള്ളൂ .. ഇപ്പോ പാന്റിന് പകരം ഒന്നുണ്ടല്ലോ എന്താ ????? ഹാ ലഗ്ഗീൻസ് അതും വലിച്ച് കേറ്റി ഒരു ഷാളും ചുറ്റി അങ്ങ് ഇറങ്ങും എന്നിട്ട് ക്ലാസിൽ പോകുവാന്ന് പേരും . കുറേ തല തെറിച്ച കൂട്ടുകാരും ഉണ്ടാകും . രാവിലെ മുതൽ കറങ്ങി നടന്നിട്ട് വൈകിട്ട് വീട്ടിൽ വന്ന് കേറും . വീട്ടിലിരിക്കുന്ന തന്തയ്ക്കും തള്ളയ്ക്കും ഇതൊക്കെ അന്വേഷിക്കാൻ ഏടെ നേരം .
സത്യം പോക്കറേ , നീ പറഞ്ഞത് . ആ അബ്ദു അങ്ങ് ഗൾഫിലല്ലേ ? ഓന്റെ ഓളാണെങ്കിൽ വീട്ടീന്ന് പുറത്തിറങ്ങൂലാ . ഇനി അഥവാ ഇറങ്ങിയാ തന്നെ കാറിൽ കേറി ഒറ്റ പോക്കാ . നമ്മൾ അയൽക്കാരെ കണ്ടാൽ ഒന്നു ചിരിക്കും അത്ര തന്നെ . പെണ്ണുങ്ങള് കണ്ടാ മാത്രം സംസാരിക്കും . മ്മൾ ആണുങ്ങൾ എന്താ ഓളെ പിടിച്ച് തിന്നോ ???
ഡാ ഖാദറേ , ഇതൊക്കെ ഓൾടെ നമ്പറാന്നേ . നമ്മൾ അറിയാത്ത പല സെറ്റപ്പും കാണും ഓൾക്ക് . കെട്ടിയോൻ അങ്ങ് ഗൾഫിലല്ലേ ? ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ പിന്നെന്താ ? ഉമ്മ ഇങ്ങനായാൽ മോൾ ഇതിലപ്പുറം കാട്ടും . നമ്മുടെ ആൾക്കാരെ പറയിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും ചില പുത്തൻ പണക്കാര് . ഇവറ്റോൾളെയൊക്കെ പത്തലുവെട്ടി അടിക്കണം . എന്റെ വീട്ടിലെങ്ങാനും ആയിരിക്കണം പിന്നെ പുറം ലോകം കാണൂലാ ഒന്നും ഹാ .....
അവിടെ ഖാദറിന്റെയും പോക്കറിന്റെയും സദാചാര കമ്മറ്റി കൊഴുക്കുമ്പോൾ മറ്റൊരിടത്ത് ....................
രംഗം : 1
ഹലോ
എന്താടീ ഫോണെടുക്കാൻ ഇത്ര താമസം നിന്റെ പോങ്ങൻ കെട്ടിയോൻ പോക്കറ് പോയില്ലേ ?
ഹൊ .. ഇപ്പോ പോയതേ ഉള്ളൂ .. ഇങ്ങള് നേരത്തേ വിളിച്ചപ്പോ ആ മനുഷ്യൻ കടയിൽ പോകാൻ റെഡിയാകുവാരുന്നു . അതാ ഞാൻ കട്ട് ചെയ്തേ ..
ഹാ ... ഇനി ഇപ്പോ അങ്ങേര് വരൂലല്ലോ ഉച്ചയ്ക്ക് എങ്ങാനും കയറി വരോ ???
ഹേയ് ... കടയിലെ ചെക്കൻ വന്ന് ഊണ് കൊണ്ടോകും അങ്ങേര് ഇനി നാടു നന്നാക്കലൊക്കെ കഴിഞ്ഞ് രാത്രി കട പൂട്ടിയിട്ടേ വരൂ .
ഹാവൂ ... എന്നാ ഞാൻ ഇതാ എത്തി . എന്റെ പൊന്നിനെ കാണാൻ കൊതിയാകുന്നു ...
കൊച്ചു കള്ളൻ ഒരാഴ്ചയായില്ല വന്നിട്ട് പോയിട്ട് ഇത്ര പെട്ടെന്ന് പൂതിയായോ വീണ്ടും . എന്നാ പിന്നെ പോര് . മോൻ കൂട്ടുകാര് വിളിച്ചപ്പോ പുറത്തേക്ക് പോയി ഇനി ഇരുട്ടുമ്പോഴേ വരൂ . ഞാൻ ഇവിടെ ഒറ്റയ്ക്കാ ....... ഖാദറിന്റെ ബീവി ചെറിയ ഒരു നാണത്തോടെ പറഞ്ഞു നിർത്തി .
എന്നാ മോള് വെച്ചോ . ഞാൻ ദേ എത്തി ........
രംഗം : 2
ഒന്ന് വേഗം വരുന്നുണ്ടോ നീയ് ? ഉച്ചയ്ക്ക് 12 മണിക്കാ ഷോ . ഇപ്പോ പോയാലേ ടിക്കറ്റ് കിട്ടൂ , ഒന്ന് വേഗം വാ ന്റെ സീനാ .....
ഒന്ന് നിക്ക് അജൂ , ക്ലാസ് കട്ട് ചെയ്ത് ഇറങ്ങിയ പാട് എനിക്കറിയാം . ടീച്ചേഴ്സ് ആരേലും കണ്ടാൽ തീർന്ന് . അവൾ വേവലാതിപ്പെട്ടു .
ഓ പിന്നെ , നമ്മൾ ആദ്യായിട്ടല്ലേ ക്ലാസ് കട്ടു ചെയ്യുന്നേ , ഒന്ന് പോടീ . നീ ആ പർദ്ദ ഒന്ന് എടുത്തിട് . വീട്ടീന്ന് വരുമ്പോ ഇത് ഇട്ടിട്ടല്ലേ വരുന്നേ ? പിന്നെ കോളേജിൽ എത്തുമ്പോ എന്തിനാ അഴിച്ചു വയ്ക്കുന്നത് ? അവൻ ചോദിച്ചു
ഹോ പിന്നേ , വീട്ടീന്ന് ഉപ്പാനെ പേടിച്ചാ ഇതിടുന്നത് . ഈ സാധനം ഇട്ട് മൂടികെട്ടിനടക്കാൻ എനിക്ക് വട്ടല്ലേ ? അതോണ്ട് വരുന്ന വഴി ഷിനിടെ വീട്ടിൽ കേറി ഇതഴിച്ച് ബാഗിലാക്കും എന്നിട്ട് അടിപൊളിയായിട്ട് ഇങ്ങോട്ട് പോരും എങ്ങനെയുണ്ട് ഐഡിയ , സീന ചിരിച്ചു .
മതി മതി ,,, വേഗം അത് എടുത്തിട് അല്ലേൽ വഴിയിൽ വച്ചങ്ങാനും നിന്റെ ഉപ്പ ഖാദറ് കണ്ടാൽ അതോടെ എന്റെ മയ്യത്തെടുക്കും അങ്ങേര് .
ഹേയ് .... ഉപ്പാക്ക് നാട് നന്നാക്കാൻ നേരമില്ല , പിന്നെയാ വീട്ടിലുള്ളോരെ . ഉപ്പ ഒന്നും അറിയാൻ പോണില്ല .
ഹോ , എന്നാലും റിസ്ക്ക് വേണ്ട , നീ അതിട്ടോ .
എന്നാ ശരി , ഒരു മിനിറ്റ്
അവൾ വേഗം പർദ്ദ ധരിച്ചു . മക്കനകെട്ടി മുഖം മറച്ചു . അജുവിന്റെ ഒപ്പം ബൈക്കിൽ കയറി . ടൗണിലുള്ള തിയേറ്റർ ലക്ഷ്യമാക്കി അവൻ വണ്ടി വിട്ടു . ഉള്ളിൽ ഒരു ഗൂഢമന്ദസ്മിതത്തോടെ .
ഇതൊന്നും അറിയാതെ ഖാദറും പോക്കറും ആരാന്റെ ഭാര്യയേയും മക്കളേയും നന്നാക്കാനുള്ള നെട്ടോട്ടത്തിലാണ് ........
NB : ഇതാണ് ഇന്നിന്റെ അവസ്ഥ . സമൂഹത്തിൽ കുറച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് ഖാദറുമാരും പോക്കറുമാരും ഇറങ്ങിയിട്ടുണ്ട് . സ്വന്തം വീട്ടിൽ നടക്കുന്നതൊന്നും അറിവുണ്ടാകുകയുമില്ല , നാട്ടുകാരുടെ വിശേഷങ്ങൾ മണത്തറിയുകയും ചെയ്യും . മറ്റുള്ളവർ ചെയ്യുന്നതിലെ തെറ്റും ശരിയും വേർതിരിച്ച് തെറ്റിനെ പൊലിപ്പിച്ച് നാലാളുകളുടെ മുന്നിൽ വിളമ്പി അവരെ നാണംകെടുത്താൻ കച്ചകെട്ടി ഇറങ്ങിയേക്കുന്ന ചില സദാചാര ഞാഞ്ഞൂലുകൾ . ഇവരോടൊക്കെ ശരിക്കും പറഞ്ഞാൽ സഹതാപം മാത്രം .
വഴിപിഴച്ചുപോകുന്നത് ഗൾഫുകാരന്റെ ഭാര്യയും മക്കളും മാത്രമല്ല . എന്നും നിങ്ങളെ പോലെയുള്ളവരുടെ ചൂടും ചൂരും ഏറ്റുവാങ്ങി കഴിയുന്നവരും ഉണ്ടാകും . എന്നും കൂടെ കിടക്കുന്ന ഭാര്യയും നിങ്ങളുടെ മുന്നിൽ ഭയന്ന് വിറച്ചു നിക്കുന്ന മക്കളും ഉണ്ടാകും തരം കിട്ടിയാൽ കെട്ടുപൊട്ടിക്കാൻ പാകത്തിന് . തലതെറിച്ചു പോയി എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന അന്യന്റെ സന്തതികളെക്കുറിച്ചും ഭാര്യമാരെക്കുറിച്ചും ആവലാതിപ്പെടുന്നതിന് മുൻപായി സ്വന്തം വീട്ടിലെ സ്ഥിതിഗതികൾ കൂടി ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും . ഫേസ്ബുക്കും വാട്ട്സ്അപ്പും ഒന്നും വേണോന്നില്ല ഇന്നത്തെക്കാലത്ത് ഒരാൾക്ക് വഴിപിഴച്ചുപോകാനായിട്ട് . അതുകൊണ്ട് ആദ്യം സ്വന്തം കുടുംബത്തിലുള്ളവരെ നന്നാക്കിയിട്ട് പോരെ നാട്ടുകാരുടെ കുടുംബത്തിൽ കേറി ക്ഷേമം അന്വേഷിക്കുന്നത് ????
ഒരു വിരൽ മറ്റുള്ളവർക്ക് നേരേ ചൂണ്ടുമ്പോൾ ബാക്കിയുള്ള നാലു വിരലുകളും തനിക്ക് നേരെയാണെന്ന സത്യം മനസ്സിലാക്കുക
ലിജിയ ഷാനവാസ്

വിടരും മുൻപേ ...

വിടരും മുൻപേ ...
അച്ഛാ അച്ഛാ വാ എഴുന്നേൽക്ക് ...
പാതിമയക്കത്തിൽ നിന്നും മോഹൻ ഞെട്ടി എഴുന്നേറ്റു . കൺപോളകളിലെ കനം കാരണം കണ്ണു തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . വളരെ പ്രയാസപ്പെട്ട് അയാൾ കണ്ണുകൾ തുറന്ന് പിടിച്ചു .
എന്താണ് തനിക്ക് സംഭവിച്ചത് ? എവിടെയാണ് താൻ ? അയാൾ ചുറ്റും നോക്കി .
ഹാ , ഈശ്വരാ വീട്ടിൽ തന്നെയാണോ ? താൻ എപ്പോൾ ഇവിടെ എത്തി ? എങ്ങനെ എത്തി ? അയാൾക്ക് ഒന്നും ഓർമ്മയിൽ വരുന്നുണ്ടായിരുന്നില്ല . അയാൾ കഴിഞ്ഞ കുറച്ച് നിമിഷങ്ങളിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു .
ഓഫീസിലെ മാനേജർ സൂരജിന്റെ വെഡ്ഡിംഗ് ആനിവേഴ്സറി ഫംഗ്ഷന് പോയതാണ് വൈകുന്നേരം 5 മണിക്ക് . സൂരജ് ഒരു വലിയ ബിസ്നസ്സുകാരന്റെ മകളെയാണ് വിവാഹം കഴിച്ചത് . പ്രണയവിവാഹമായിരുന്നു . ആദ്യത്തെ ആനിവേഴ്സറി തന്നെ മുന്തിയ രീതിയിൽ ആണ് ആഘോഷിച്ചത് . ഏറ്റവും മുന്തിയ ഹോട്ടലിൽ , മദ്യപാനവും , DJ പാർട്ടിയും , ഡാൻസും എല്ലാം കൂടി തകർത്തു . കൂടെ ജോലിചെയ്യുന്ന മിക്കവരും പങ്കെടുത്തു . രവിയും ജിൻസണും മനോജും പിന്നെ വീണയും നാൻസിയും അനഘയും അങ്ങനെ എല്ലാവരും . വീണയുടെയും നാൻസിയുടെയും ഒപ്പം ഡാൻസ് ചെയ്യാൻ നല്ല രസമായിരുന്നു , ഇഴുകിച്ചേർന്ന് അതിന്റെ ഒരു ലഹരിയിൽ അധികമായി മദ്യപിക്കുകയും ചെയ്തു . അവിടുന്ന് 8 മണിക്ക് യാത്ര പറഞ്ഞിറങ്ങിയത് ഓർമ്മയുണ്ട് .
പിന്നെന്താണ് സംഭവിച്ചത് ? അതെ താൻ വീട്ടിലെത്തി . മകൾ മിന്നുവാണ് വാതിൽ തുറന്ന് തന്നത് .
അതെ മിന്നു ! അവൾ എവിടെ ? ഇത്ര നേരമായിട്ടും അവളെ കണ്ടില്ലല്ലോ ? വാതിൽ തുറന്ന് തന്നിട്ട് അവൾ ഇതെവിടെ പോയി ?
ഹാ ..... അമ്മയ്ക്ക് ഓവർടൈം ഉണ്ടെന്ന് അവൾ പറഞ്ഞത് ഓർക്കുന്നു . ഇനി അവൾ 12 മണിക്കേ വരൂ . ഇപ്പോൾ സമയമെന്തായോ ? അയാൾ വാച്ചിലേക്ക് നോക്കി .
ഈശ്വരാ 10 മണി , മോള് ഭക്ഷണം കഴിച്ചോ എന്തോ ? അയാൾ മകളെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് ചെന്നു . വാതിൽ ചാരിക്കിടക്കുന്നു .
മിന്നു .. മിന്നൂ ....
അകത്തുനിന്ന് ഒരു പ്രതികരണവുമില്ല . പതിയെ വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറി . മുറിയിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നു . മോളേ നീ എവിടെയാ ? അയാൾ പതിയെ അവളുടെ കിടക്കയ്ക്കരുകിലേയ്ക്ക് ചെന്നു .
ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ച് അയാൾ പിന്നോക്കം മാറി .
തന്റെ മകൾ മിന്നു .... അരയ്ക്ക് കീഴ്പോട്ട് രക്തത്തിൽ കുളിച്ച് കിടക്കുന്നു . ശരീരത്തിൽ ഒരുതുണ്ട് വസ്ത്രം പോലുമില്ല . അയാൾ അലറിവിളിച്ചുകൊണ്ട് മകളുടെ അടുത്തേക്ക് ചെന്നു .അവളുടെ ശിരസ്സ് വിറക്കുന്ന കൈകൾക്കൊണ്ട് എടുത്ത് മടിയിൽ വെച്ചു . പതിയെ നാടിമിടിപ്പു ചെക്ക് ചെയ്തു .
ഇല്ല ..... തന്റെ മകൾ തന്നെവിട്ടു പോയിരിക്കുന്നു . മകളുടെ ചേതനയറ്റ ശരീരമാണ് തന്റെ മടിയിൽ കിടക്കുന്നതെന്ന് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . ഈശ്വരാ ഇതെങ്ങനെ സംഭവിച്ചു . അയാൾ കഴിഞ്ഞ സംഭവങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിച്ചു .
അതേ , കോളിംഗ് ബെൽ കേട്ട് മകളാണ് വാതിൽ തുറന്നത് . അമ്മ ലേറ്റാവും അച്ഛാ ഓവർടൈം ഉണ്ടെന്ന് അവൾ പറഞ്ഞതായി ഓർക്കുന്നു . പിന്നീട് .... പിന്നീട് എന്താണ് സംഭവിച്ചത് ? ഓരോന്ന് ഓരോന്നായി സംഭവിച്ച കാര്യങ്ങൾ അയാളുടെ ഓർമ്മയിലേക്ക് വന്നു .
അധികമായി മദ്യപിച്ചിരുന്നതിനാൽ അയാൾക്ക് മകളെ വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല . അയാളുടെ കൺമുന്നിൽ പാർട്ടിയിൽ തന്റെ ഒപ്പം നൃത്തം ചെയ്ത പെൺ സുഹൃത്തുക്കളുടെ മേനിയഴകായിരുന്നു . മദ്യം അയാളുടെ വിവേകത്തെ കാർന്നുതിന്നിരുന്നു . തന്റെ മുന്നിൽ നിൽക്കുന്നത് സ്വന്തം മകളാണെന്നുള്ള തിരിച്ചറിവുപോലും അയാൾക്ക് നഷ്ടപ്പെട്ടിരുന്നു .
ഒരു ദാക്ഷണ്യവുമില്ലാതെ സ്വന്തം മകളെ പിച്ചിച്ചീന്തിയപ്പോഴും അവൾ അച്ഛാ അച്ഛാ എന്ന് ' ഉറക്കെനിലവിളിച്ചുകൊണ്ടിരുന്നു .
അതെ ! താനാണ് തന്റെ മകളെ കൊന്നത് . കഴുകൻ മാംസകഷണം കൊത്തിവലിക്കുന്നപോലെ താനാണ് അവളെ കൊത്തിവലിച്ചു നശിപ്പിച്ചത് . തന്റെ പൊന്നുമോളുടെ ജീവൻപോലും ബാക്കിവയ്ക്കാതെ തന്നിലെ മദ്യം തന്നെ ഒരു ക്രൂരനാക്കുകയായിരുന്നു .
ഇല്ല , താൻ തന്റെ മകളെ എങ്ങിനെ ???? പൊന്നുപോലെ കാത്തുസൂക്ഷിച്ച തന്റെ മകളെ ???
ഇല്ല ജീവിച്ചിരിക്കാൻ യോഗ്യനല്ല ഞാൻ . അവളോട് മാപ്പ് ചോദിക്കണം എനിക്ക് , എന്റെ പൊന്നുമോളുടെ കാലിൽ വീണ് മാപ്പിരക്കണം എനിക്ക് . അതിന് അവൾ യാത്രയായ വഴിയേ താനും പോകണം . ഒട്ടും വൈകിക്കൂടാ ....
അയാൾ വേഗം പുറത്തേക്കിറങ്ങി . വണ്ടി സ്റ്റാർട്ടാക്കി അതിവേഗത്തിൽ ഓടിച്ചു പോയി . എതിരെ വരുന്ന വാഹനങ്ങൾ ഒന്നും അയാളുടെ ദൃഷ്ടിയിൽപ്പെട്ടില്ല. അയാൾക്ക് എത്രയും വേഗം മകളുടെ അടുക്കലെത്തി മാപ്പുചോദിക്കണമായിരുന്നു . അതുകൊണ്ട് തന്നെ എതിരെ വന്ന ഒരു ട്രക്കുമായി അയാളുടെ വണ്ടി കൂട്ടിമുട്ടി .
ഒരു നിമിഷത്തിന്റെ ആവേശത്തിൽ അയാൾ പിച്ചിചീന്തിയ സ്വന്തം മകളുടെ അരികിലേക്ക് അയാളും യാത്രയായി .
തന്റെ മരണത്താൽ പ്രായശ്ചിത്തം ചെയ്തുകൊണ്ട് ........

ഉപ്പാന്റെ രാജകുമാരി .....

ഉപ്പാന്റെ രാജകുമാരി .....
ഉപ്പാ എന്നെ കൂടി കൊണ്ടോകോ ഗൾഫിലേക്ക് ? അയാൾ ലീവ് കഴിഞ്ഞ് മടങ്ങാൻ നേരം മകൾ അരികിലായ് വന്നു നിന്നു ചോദിച്ചു ....
മകളുടെ ചോദ്യം കേട്ട് ഭാര്യ തട്ടത്താൽ തുളുമ്പി വന്ന കണ്ണുനീർ തുടച്ചു മുഖം തിരിച്ചു ...
വിതുമ്പി നിൽക്കുന്ന ഭാര്യയെ ഒന്നു നോക്കിയ ശേഷം അയാൾ മകളെ എടുത്ത് മടിയിലിരുത്തി .
മോളേ ഉപ്പ ജോലിക്കല്ലേ പോകുന്നേ ? അപ്പോ എങ്ങനെ മോളേയും കൊണ്ടോകും ? മോളെ കൊണ്ടോയാ ഉമ്മാക്ക് ആരാ കൂട്ടുണ്ടാവുക ? അയാൾ അവളെ നെഞ്ചോട് ചേർത്ത് ചോദിച്ചു ..
ഉപ്പാക്ക് അപ്പോ അവിടെ ആരാ കൂട്ടിന് ? ഉപ്പാ തനിച്ചാകൂലെ .. ഉമ്മാക്ക് ഞാൻ ഉപ്പാക്കൊപ്പം വന്നാലും ഇവിടെ വല്ല്യുമ്മച്ചീം വല്ല്യുപ്പച്ചീം അമ്മായീം ഒക്കെ ഉണ്ടല്ലോ ??? എന്നെക്കൂടി കൊണ്ടോ ഉപ്പാ പ്ലീസ് .. അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു ...
മോള് ഉപ്പച്ചീടെ രാജകുമാരിയല്ലേ ? ഗൾഫിൽ എന്തോരം കഷ്ടപ്പാടാന്ന് മുത്തിന് അറിയൂലാ .. എപ്പോഴും ജോലി ചെയ്യണം , എപ്പോഴും ആഹാരം കഴിക്കാനൊന്നും പറ്റൂലാ , ആരേയും കാണാൻ പറ്റൂലാ , ഒറ്റയ്ക്ക് ഒരു മുറില് താമസിക്കണം , കൂട്ടുകാരുണ്ടാകൂലാ ... എന്റെ പൊന്നിന് അതൊന്നും പറ്റൂലാ .. മുത്തിനെ രാജകുമാരിനെ പോലെ നോക്കാനല്ലേ ഉപ്പ ഈ കഷ്ടപ്പെടുന്നത് ... എന്റെ മോള് പഠിച്ച് നല്ല ആളായി കാണാനല്ലേ ഉപ്പാ ഇത്രേം ദൂരത്ത് പോയി ജോലി ചെയ്യണത് ..
എന്റെ മോള് ഉമ്മാന്റെ കൂടെ ഇവിടെ നിക്കൂട്ടോ .. ഉപ്പച്ചി പോയിട്ട് വേഗം തിരിച്ചു പോരാം ...
അയാൾ അവളെ ഒരുവിധം ആശ്വസിപ്പിച്ചു ...
ഉപ്പച്ചി അപ്പോ ഇനി വന്നിട്ട് പോകുമ്പോ എന്നേയും കൊണ്ടോകോ ? അവൾ വീണ്ടും തന്റെ ആവശ്യം രേഖപ്പെടുത്തി .....
ഓക്കെ .. അടുത്ത തവണ വന്നിട്ട് പോകുമ്പോ എന്റെ രാജകുമാരിയെയും ഉപ്പച്ചി കൊണ്ടോകാട്ടോ ..
അതു കേട്ടതും അവൾ സന്തോഷത്താൽ അയാളെ കെട്ടിപ്പിടിച്ച് കവിളിലൊരു മുത്തം നൽകി .. അയാളും തുളുമ്പി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് മകളെ വാരിപ്പുണർന്നു ..
........................................
ഇന്ന് ആ ഉപ്പാന്റെ രാജകുമാരി അവളുടെ ആഗ്രഹം പോലെ തന്നെ പ്രവാസജീവിതത്തിലാണ് ... അന്ന് ഉപ്പ പറഞ്ഞ കഷ്ടപ്പാടുകളുടെ ലോകത്ത് ... ഉറ്റവരേയും ഉടയവരേയും വിട്ട് ഇങ്ങ് ദൂരെ മണലാരണ്യത്തിലാണ് അവളുടെ വിധി അവളെ കൊണ്ടെത്തിച്ചത് ....
ഒരിക്കൽ പോകാൻ ആഗ്രഹിച്ചിടത്ത് ഇന്ന് മനസ്സില്ലാ മനസ്സോടെ ജീവിതം തളളിനീക്കുന്ന അവസ്ഥ ... കണ്ണുനീർ വറ്റാത്ത ദിനരാത്രങ്ങളിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷയുടെ ഒരു കണികയെങ്കിലുമുണ്ടാകുമെന്ന് വിശ്വസിച്ച് അവൾ ഇന്നും ജീവിക്കുന്നു ........
ലിജിയ ഷാനവാസ്

വിതച്ചതേ കൊയ്യൂ

Image may contain: 1 person, flower and plant
ഡാ .. വിനൂ ... നോക്ക്യേടാ നമ്മടെ പുഷ്പമാഡത്തിനെ .. എന്തൊരു ഫിഗറാല്ലേ ? ശ്യാം വിനായകനോടായ് പതിയെ പറഞ്ഞു .
പുഷ്പ ഓഫീസിലെ സീനിയർ അക്കൗണ്ടന്റ് ആണ് . ഭർത്താവ് ഗൾഫിൽ 2 പെൺകുട്ടികൾ 35 വയസ്സിന് മുകളിൽ പ്രായം . സുന്ദരി . ആരു കണ്ടാലും ഒന്നു നോക്കും . മാന്യമായ പെരുമാറ്റം എല്ലാരോടും സ്നേഹം ..
ശ്യാം ഒന്നുടെ വിനു വിനോട് ചേർന്ന് ഇരുന്നു .
ഡാ .. ഇടയ്ക്ക് മാഡം സാരി ഉടുക്കുമ്പോൾ നീ ശ്രദ്ധിച്ചിട്ടുണ്ടോ ? ഹോ എന്തൊരു ഭംഗിയാ ? എന്താ ബോഡി ഷേപ്പ് . കടഞ്ഞെടുത്ത പോലെ . നോക്കി നിന്നു പോകും . അവരുടെ ഭർത്താവ് എന്തൊരു മണ്ടനാ ? ഇത്രേം സുന്ദരിയായ ഭാര്യയുള്ളപ്പോ എങ്ങനെ അന്യനാട്ടിൽ മനസ്സമാധാനത്തോടെ കഴിയാൻ പറ്റും?
2 പെൺമക്കൾ അല്ലേടാ ശ്യാമേ അവർക്ക് കെട്ടിച്ചു വിടണ്ടേ ? ഇന്നത്തെ കാലത്ത് നല്ലോണം സമ്പാധിക്കാതെ പറ്റോ ? വിനു ന്യായം പറഞ്ഞു .
ഉം .. ഭർത്താവ് അവിടെ കിടന്ന് സമ്പാധിക്കുന്നു . ഭാര്യ ഇവിടെ നമ്മുടെയൊക്കെ ഉറക്കം കളയുന്നു . ഇവര് ഇത്രേം സുന്ദരിയായി ഒരുങ്ങിക്കെട്ടി വരുന്നത് തന്നെ മറ്റുള്ളവരെ ആകർഷിക്കാനല്ലാന്ന് ആർക്കറിയാം .. ഇത്രേം പറഞ്ഞ് ശ്യാം തന്റെ സീറ്റിലേക്ക് പോയി . വിനു ഒന്നു നെടുവീർപ്പെട്ടു ..
വൈകിട്ട് അവർ കാന്റീനിൽ ചായ കുടിച്ചിരുന്നപ്പോൾ കൂടെ ജോലി ചെയ്യുന്ന മനു അവിടെയ്ക്ക് വന്നു . പെങ്ങളുടെ കല്യാണം പ്രമാണിച്ച് ഒരാഴ്ചയായ് മനു ലീവിൽ ആയിരുന്നു .
ഹായ് ശ്യാം ഹായ് വിനു .. സുഖല്ലേ ??
ഹാ സുഖം സുഖം . കല്യാണമൊക്കെ ഉഷാറായില്ലേ ? ഗുരുവായൂര് വച്ചായതോണ്ട് വരാൻ പറ്റീല്ലാ . സോറി ...ശ്യാം പറഞ്ഞു .
സാരല്യാ Reception വെക്കുന്നുണ്ട് ഞായറാഴ്ച്ച അതു ക്ഷണിക്കാനാ ഞാൻ വന്നത് . അന്ന് തീർച്ചയായും വരണം എല്ലാരും .. മനു ക്ഷണിച്ചു .
ഓ sure ഞങ്ങൾ എത്തിക്കോളാം . വിനു സമ്മതം മൂളി .
ഹാ .. അത് പറഞ്ഞപ്പോഴാ ഓർത്തത് .
Belated Wedding Anniversary wishes ശ്യാം .. കല്യാണത്തിരക്കിൽ പറയാൻ വിട്ടു . ഇന്നലെ FB യിൽ ഫോട്ടോ കണ്ടപ്പോഴാ ഓർത്തത് . എത്ര വർഷമായെടാ ? മനു തിരക്കി .
7 yrs .. 2 കുട്ടികൾ . ശ്യാം പറഞ്ഞു ..
ആഹാ .. But വൈഫിനെ കണ്ടാൽ പറയില്ലാട്ടോ .. ഒരു കൊച്ചു സുന്ദരി തന്നെ . എന്തൊരു shape ആ ഫോട്ടോയിൽ കണ്ടിട്ട് . ഹാ അപ്പോ നേരിട്ട് എന്താകും . എന്റെമ്മോ .
ഛീ .. എന്തു പറഞ്ഞെടാ .. ശ്യാം ചീറി കൊണ്ട് മനുവിന് നേരേ ചെന്നു . നാണമില്ലേ നിനക്ക് മറ്റൊരാൾടെ ഭാര്യയെ ഇങ്ങനെ നോക്കി വെള്ളമിറക്കാൻ . നിനക്ക് വീട്ടിൽ ഒരുത്തി ഉണ്ടല്ലോ അവളെ പോയി നോക്കടാ .. ശ്യാം മനുവിനോട് കയർത്തു .
ഡാ .. മതി ആളുകൾ ശ്രദ്ധിക്കുന്നു . വിനു ശ്യാമിനെ പിടിച്ചു മാറ്റി .
സോറി ശ്യാം ഞാൻ ഒരു തമാശ പറഞ്ഞതാ . നിനക്ക് ഫീല് ചെയ്യുമെന്ന് കരുതീലാ . I am really sorry .. ഇത്രേം പറഞ്ഞ് മനു തിരികെ നടന്നു .
ശ്യാം അസ്വസ്ഥനായി കസേരയിൽ ഇരുന്നു .
വ്യത്തികെട്ടവൻ . ഇവനെ ഒക്കെ നല്ല പത്തല് വെട്ടി അടിക്കണം ശ്യാം പിറുപിറുത്തു .
അപ്പോ നിന്നെയോ .. വിനു ശ്യാമിനോടായ് പറഞ്ഞു .
ശ്യാം ചോദ്യഭാവത്തിൽ വിനുവിനെ നോക്കി ....
അവൻ നിന്റെ ഭാര്യയെ കുറിച്ച് പറഞ്ഞതിലും മോശമായല്ലേ നീ രാവിലെ പുഷ്പമാഡത്തെ കുറിച്ച് സംസാരിച്ചത് . അപ്പോ നീയും അവനും തമ്മിൽ എന്ത് വ്യത്യാസം ??
ഡാ ... നമുക്ക് മറ്റുള്ളവരെ എന്തും പറയാം നമ്മളെ ആരും ഒന്നും പറയരുത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ? നിന്റെ ഭാര്യയെ പറഞ്ഞപ്പോ നിനക്ക് നൊന്തു . അപ്പോ നീ മാഡത്തെ കുറിച്ച് പറഞ്ഞപ്പോ അവർക്കും ഇല്ലേ നിന്നെ പോലെ ഒരു ഭർത്താവ് . എന്റെ സ്ഥാനത്ത് അയാൾ ആയിരുന്നേൽ നിന്റെ പല്ല് അടിച്ച് തെറുപ്പിച്ചേനേ ?
ഞാൻ നീ അത് പറഞ്ഞപ്പോ നിന്നെ എതിർത്ത് സംസാരിച്ചിരുന്നേൽ നാളെ നീ പറഞ്ഞേനേ ഞാനും ആ സ്ത്രീയും തമ്മിൽ ബന്ധമുണ്ടെന്ന് . അത് അറിയാവുന്നത് കൊണ്ട് തന്നെയാ ഞാൻ മിണ്ടാണ്ടിരുന്നത് .
നിന്റെ ഭാര്യയൊയോ അമ്മയെയോ സഹോദരിയേയോ ഏതെലും ഒരുത്തൻ അനാവശ്യം പറഞ്ഞാൽ നിനക്ക് പൊള്ളുന്ന പോലെ തന്നെയാ നീ മറ്റൊരുത്തന്റെ ഭാര്യയെയോ അമ്മയേയോ സഹോദരിയേയോ പറ്റി പറയുമ്പോ അവർക്കും പൊള്ളുന്നത് . സ്വന്തം കണ്ണിലെ കരട് ആദ്യം എടുക്ക് എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്ക് . ഒരു പെണ്ണിനെ നോക്കി അനാവശ്യം വിളിച്ച് പറയുമ്പോ നൂറുവട്ടം ചിന്തിക്കണം ഞാൻ ഒരു പെണ്ണിനെ പറയുമ്പോൾ എന്റെ വീട്ടിലെ പെണ്ണിനെ പറ്റി നൂറുപേര് പറയുന്നുണ്ടാകുമെന്ന് . അന്യ സ്ത്രീകളെ ബഹുമാനിക്കുന്നവനെ സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്ന് വാശിപ്പിടിക്കുവാനുള്ള അവകാശമുള്ളൂ .
ഇത് നിന്നെ പോലെയുള്ളവൻമാർക്ക് ഒരു പാഠമായിരിക്കട്ടേ .. ഇത്രേം പറഞ്ഞ് വിനു സ്വന്തം സീറ്റിലേക്ക് പോയി ..
ശ്യാമിന് തന്റെ തെറ്റുബോധ്യമായി . അവൻ പതിയെ എഴുന്നേറ്റ് തന്റെ ഇരിപ്പിടത്തിലേക്ക് നടന്നു . അപ്പോൾ എതിരെ പുഷ്പമാഡം കാന്റീനിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു .
എന്താ ശ്യാം .. Anything wrong . മാഡം തിരക്കി .
Nothing മാം ... ശ്യാം പുഞ്ചിരിച്ചു മറുപടി നൽകി ..
ഇത്തവണ അവർ അവനെ കടന്ന് പോയശേഷം പതിവായ് അവൻ ചെയ്യാറുള്ളത് പോലെ അവരെ പിൻതിരിഞ്ഞ് നോക്കിയതേ ഇല്ല .
ലിജിയ ഷാനവാസ്

ശ്രുതി


സമയം രാത്രി 8 മണി . കല്ല് പാകിയ വഴിയിലൂടെ ശ്രുതി പതിയേ നടന്നു . ഈ സമയമായത് നന്നായി വഴിയിൽ അധികം ആളനക്കമില്ല . ഇന്നെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ചിലപ്പോ ആഷിക്കിനെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും . അച്ഛന്റെ തീരുമാനത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന അവസ്ഥ ഓർത്തപ്പോൾ ഇതാണ് ശരിയെന്നു തോന്നി . സൂരജേട്ടൻ പാവമാണ് . ദുബായിൽ നല്ല ജോലിയി മുണ്ട് . തന്റെ അമ്മാവന്റെ മകൻ തന്നെ . അമ്മായിക്കും അമ്മാവനും തന്നെ ജീവനാണ് . സൂരജേട്ടന്റെ അനിയത്തി ശ്രീക്കുട്ടിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ് . അവൾ ഇടക്കിടക്ക് ഏട്ടത്തീന്നു വിളിച്ച് കളിയാക്കാറുമുണ്ട് . പക്ഷേ തനിക്ക് ഇതുവരെ സൂരജേട്ടനോട് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല.
താൻ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും ആഷിക്കിനെ യാണ് . രണ്ടു മതത്തിൻ പെട്ടവരാണേലും ആഷിക്കിന് താനെന്നു വച്ചാൽ ജീവനാണ് . തന്റെ ഒരിഷ്ടത്തിനും അവൻ എതിരുനിന്നിട്ടില്ല . മുസ്ലിം ആയിട്ട് കൂടി താൻ ജീൻസ് ഇടുന്നതും സ്ലീവ് ലെസ് ടൊപ്പ് ഇടുന്നതും അവന് ഇഷ്ടമായിരുന്നു . തന്നെ അങ്ങനെയുള്ള ഡ്രസ്സിൽ കാണാൻ നല്ല ചേലാണെന്ന് അവൻ എപ്പോഴും പറയും .
ഒരിക്കൽ അവന്റെ ഒപ്പം പാർക്കിൽ ഐസ് ക്രിം കഴിച്ചിരുന്നപ്പോൾ ആണ് തന്റെ അടുത്ത വീട്ടിലെ വീണ ചേച്ചീം ഹസ്ബന്റും തങ്ങളെ കണ്ടത് . ചേച്ചി അത് വീട്ടിൽ അമ്മയോട് പറഞ്ഞു . തിരികെ വീട്ടിലെത്തിയ തന്നെ ആദ്യമായി അമ്മ ഒരുപാട് തല്ലി . അച്ഛൻ അപ്പോഴും തന്നെ സപ്പോർട്ട് ചെയ്തതാണ് . പക്ഷേ ആഷിക്കിനെ കുറിച്ച് അന്വേഷിച്ചപ്പോഴേക്കും അച്ഛന്റെ സ്വഭാവം മാറി . അവൻ തനിക്ക് ചേർന്ന ആളല്ലെന്നാണ് അച്ഛന്റെ വാദം . അച്ഛനെയും കുറ്റം പറയാൻ പറ്റില്ല താൻ ഒറ്റ മകൾ അല്ലെ ? അന്യജാതിക്കാരന്റെ ഒപ്പം പോയാൽ നാണക്കേട് അല്ലേ കുടുംബത്തിന് . അതു കൊണ്ടാണ് അച്ഛൻ എതിർത്തത് .
പക്ഷേ അതിന് ആഷിക്കിനെ കുറ്റം പറയണ്ട കാര്യമുണ്ടോ . അവനെ സ്നേഹിച്ചു പോയതാണോ താൻ ചെയ്ത തെറ്റ് ? മാതാപിതാക്കൾ എന്തുകൊണ്ട് മക്കളെ മനസ്സിലാക്കുന്നില്ല . അവരുടെ സ്നേഹം അംഗീകരിക്കുന്നില്ല . അവരും ഈ പ്രായം കഴിഞ്ഞല്ലേ വന്നത് . അവരെ മനസ്സിലാക്കുന്നതിന് പകരം എതിർക്കുന്നത് ശരിയാണോ ? ജാതീം മതവും നോക്കി പ്രേമിക്കാൻ പറ്റുമോ ? ഇതു അറിഞ്ഞ് തന്റെ കൂടെ നിൽക്കുന്നതിന് പകരം അച്ഛൻ ചെയ്തതോ സൂരജേട്ടനുമായുള്ള വിവാഹം നിശ്ചയിച്ചു . തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല . അതാണ് തനിക്ക് ദേഷ്യം വന്നത് . അതുകൊണ്ടാ താൻ ആരോടും പറയാതെ ഇറങ്ങി പോന്നത് .
മുൻപ് ഒരു തവണ ആഷിക്കിന്റെ കൂടെ അവന്റെ വീട്ടിൽ വന്നിട്ടുണ്ട് . അന്ന് ആരും ഉണ്ടായിരുന്നില്ല അവിടെ . കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് തിരിച്ചു പോന്നു . ഇടക്ക് അവൻ ചില കുസൃതിയൊക്കെ കാട്ടാൻ നോക്കി പക്ഷേ താൻ വിലക്കി . കല്ല്യാണം കഴിഞ്ഞ് മതിയെന്ന തന്റെ വാശിയിൽ അവസാനം അവൻ സമ്മതിച്ചു. ഇനി എന്തായാലും തങ്ങൾ ഒരുമിക്കാൻ പോകുവല്ലേ . അതോർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി . താൻ ചെല്ലുന്നത് അവന് ഒരു സർപ്രൈസ് ആകും . വിളിച്ച് പറയാഞ്ഞത് നന്നായി.
അങ്ങനെ ഓരോന്ന് ചിന്തിച്ച് നടന്ന് അവൾ അവന്റെ വീടിനു മുന്നിലെത്തി . ഹാ ബൈക്ക് മുറ്റത്തുണ്ട് . അപ്പോ ആള് അകത്തുണ്ടെന്നുറപ്പ് . പക്ഷേ ലൈറ്റുകളൊന്നും ഇട്ടട്ടില്ല . അവൾക്ക് ആകെ ഒരു വല്ലായ്ക തോന്നി അപ്പോഴാണ് ഒരു മുറിയിൽ നിന്ന് മാത്രം വെളിച്ചം പുറത്തേക്ക് വരുന്നത് അവൾ കണ്ടത് . അവൾ പതിയെ ആ വശത്തേക്ക് ചെന്നു . അടക്കി പിടിച്ച സംസാരവും ഒരു പെണ്ണിന്റെ ചിരിയും കേൾക്കുന്നുണ്ട് . അവൾ പതിയെ ജനലരികിൽ ചേർന്ന് നിന്നു . പാതി തുറന്നു കിടന്ന ജനലിലൂടെ അകത്തേക്ക് നോക്കിയ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .
താൻ ആർക്ക് വേണ്ടിയാണോ ജീവിച്ചത് ആർക്ക് വേണ്ടിയാണോ തന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചത് . ആർക്ക് വേണ്ടിയാണോ എല്ലാം ഇട്ടെറിഞ്ഞ് പുറപ്പെട്ടു പോന്നത് ആ അയാൾ മറ്റൊരു പെണ്ണിനൊപ്പം . അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി . വേഗം അവൾ അവിടെ നിന്നിറങ്ങി എങ്ങോട്ടെന്ന് ലക്ഷ്യമില്ലാതെ നടന്നു . അധികം നടന്നില്ല ഒരു കാർ അവളുടെ മുന്നിൽ നിന്നു . അതിൽ നിന്ന് അവളുടെ അച്ഛൻ പുറത്തേക്ക് ഇറങ്ങി . അച്ഛനെ കണ്ടതും അവൾ അതുവരെ അടക്കി വച്ച സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി . അദ്ദേഹം അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു മുത്തം നൽകി .
ഇന്ന് ശ്രുതി സന്തോഷവതിയാണ് . അവളുടെ വിവാഹമാണ് ഇന്ന് സൂരജുമൊത്ത് . ചെയ്ത തെറ്റുകൾക്ക് അവൾ അമ്മയോടും അച്ഛനോടും മാപ്പ് പറഞ്ഞു. സൂരജിനോട് എല്ലാം തുറന്ന് പറഞ്ഞു അവൾ . എല്ലാം കേട്ട ശേഷം അവൻ ഒന്നു പുഞ്ചിരിച്ചു . നീ എന്റെ പെണ്ണാണ് . അത് ആരു വിചാരിച്ചാലും മാറ്റാൻ കഴിയില്ല അവളെ ചേർത്ത് നിർത്തി അവൻ ചെവിയിൽ മന്ത്രിച്ചു .....

നെരിപ്പോടുകൾ ......


നെരിപ്പോടുകൾ ......
റഹിമിക്കാ ... എണ്ണീറ്റേ സുബഹി ബാങ്ക് കൊടുത്തു . ഇങ്ങക്ക് പോണ്ടേ ..
അബു റഹിമിക്കാനെ തട്ടി വിളിച്ചു .
മ്മ് ... ഒരു ഞെരക്കത്തോടെ റഹിം മിഴികൾ തുറന്നു.
അലാറം അടിച്ചത് ഇങ്ങള് കേട്ടില്ലേ ? ഇന്നെന്താ ഒരു പുതുമ എണ്ണീക്കാൻ ഒരു മടി . അബു പതിയെ റഹിമിന്റെ കൈകളിൽ തൊട്ടു .
പടച്ചോനേ പൊള്ളുന്നുണ്ടല്ലോ ? ഇങ്ങക്ക് പാടില്ലേ ഇക്കാ ? പനി ആയിട്ടുണ്ടല്ലോ ?
അബു റഹീമിന്റെ നെറ്റിയിൽ കൈവെച്ചു .
യാ റബ്ബീ ചുട്ടു പൊള്ളണു . ഒരു കാര്യം ചെയ്യ് ഇങ്ങള് ഇന്ന് പോണ്ടാ . അലമാരിയിൽ പാനടോൾ ഉണ്ട് ഒരു ചായ കുടിച്ചിട്ട് അത് കഴിച്ച് റെസ്റ്റ് എടുക്ക് . വൈകുന്നേരമാകുമ്പോ കുറഞ്ഞോളും .
റഹിം പതിയെ എഴുന്നേറ്റു .
അതു പറ്റില്ല അബു . പോകാണ്ടിരുന്നാൽ എങ്ങനെയാ . അർബാബ് അല്ലെങ്കിൽ തന്നെ ഒരു കാരണം കിട്ടാൻ കാത്തു നിക്കാ . അയ്യാൾടെ കൈയ്യും കാലും പിടിച്ചിട്ടാ വിസ ഒന്നു പുതുക്കീത് . ഒരു ദിവസം പോലും ലീവാക്കരുതെന്നാ മൂപ്പരുടെ ആജ്ഞ . അല്ലേങ്കിൽ തന്നെ ഓര്ക്ക് എന്നെ പറഞ്ഞ് വിടാൻ ഒരു കാരണം നോക്കി നിക്കാ ... ഞാൻ പോയ്ക്കോളാം ഇയ്യ് കുറച്ച് കട്ടനിട് ഞാൻ ഒന്നു റെഡിയാകട്ടേ ... ഇത്രേം പറഞ്ഞ് റഹിം ബാത്ത്റൂമിലേക്ക് പോയി . 
അബു നിസംഗതയോടെ നോക്കി നിന്നു .
റഹിമിന് അറുപത് വയസിന് അടുത്ത് പ്രായം വരും . മുപ്പത്തഞ്ചാം വയസ്സിൽ ദുബായിലേക്ക് വന്നതാ പല ജോലികൾ മാറി മാറി ചെയ്തു . രാത്രിയും പകലും ഒരു പോലെ കഷ്ടപ്പെട്ടു .അവസാനം മുൻസിപാലിറ്റിയിൽ ക്ലീനിംഗ് വിഭാഗത്തിൽ ജോലി കിട്ടി .എന്നും സുബഹിക്ക് പോകണം തന്റെ പരിധിയിൽ വരുന്ന റോഡും പരിസരവും മുഴുവനും വ്യത്തിയാക്കണം . പാതിരാത്രി വരെ കഷ്ടപ്പെട്ടാലും പലപ്പോഴും ചീത്ത കേൾക്കേണ്ടിവരും . പൊരിവെയിലത്തും പെരുംമഴയത്തും പോലും പണിയെടുക്കണം .കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ചിലവ് കഴിച്ച് വീട്ടിലേക്ക് അയക്കണം . പലപ്പോഴും കുമ്പുസിലും തൈരിലും വിശപ്പടക്കേണ്ടി വരാറുണ്ട് .
3 പെൺകുട്ടികളാണ് റഹിമിന് . 25 വർഷത്തിനിടയ്ക്ക് കിട്ടുന്ന കാശ് സ്വരുക്കൂട്ടിവെച്ച് മക്കളെ കെട്ടിച്ചയച്ചു . 
പക്ഷേ മക്കളുടെയും സഹോദരങ്ങളുടെയും ആവശ്യങ്ങൾ അവസാനിക്കുന്നേ ഉണ്ടായിരുന്നില്ല . ഓരോ മാസവും ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് നാട്ടിന്ന് ഫോൺ വിളികൾ വന്നു കൊണ്ടേയിരുന്നു . ഇപ്പോൾ ഇളയ മകൾക്ക് വീടുപണിയാണത്രേ . അതിന് കാശയക്കാനുള്ള ഓട്ടത്തിലാണ് റഹിം .
വുളു എടുത്ത് റഹിം പുറത്ത് വന്നു . നമസ്ക്കരിച്ച ശേഷം തന്റെ യൂണിഫോം ധരിച്ച് പോകാൻ തയ്യാറായി . അപ്പോഴേക്കും അബു കട്ടൻ തയ്യാറാക്കി വെച്ചിരുന്നു . ഒരു ബ്രഡിനൊപ്പം അതു കുടിച്ച് 2 പനഡോളും കഴിച്ച് സലാം പറഞ്ഞ് റഹിം പുറത്തേക്കിറങ്ങി (ഗൾഫുകാർക്ക് എത്ര പനി വന്നാലും പനഡോളിൽ ഒതുങ്ങും അവരുടെ ചികിത്സ ) . റഹിം പോകുന്നതും നോക്കി അബു അങ്ങിനെ നിന്നു ...
ഇത് ഒരു റഹിമിന്റെ കഥയല്ല . ഗൾഫുനാടുകളിലെ തെരുവു വീഥികളിൽ നമുക്ക് കാണാൻ കഴിയും ഇതുപോലെ ഒരായിരം ജന്മങ്ങളെ . നമ്മൾ ഉപേക്ഷിക്കുന്ന ചപ്പുചവറുകൾ പെറുക്കി , തെരുവുകൾ തോറും വൃത്തിയാക്കി , എവിടെയെങ്കിലും ഇരുന്ന് തങ്ങളുടെ വിശപ്പടക്കുന്ന ഒരായിരം ജന്മങ്ങളെ . എത്രയൊക്കെ അസുഖങ്ങൾ വന്നാലും അതൊന്നും കണക്കാക്കാതെ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലുള്ള കുടുംബത്തേക്ക് അയച്ചുകൊടുക്കുന്നവർ . 
അതിലൊക്കെ കഷ്ടം പലരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാവും . നമ്മൾ മക്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല . ഒരു പ്രായം കഴിഞ്ഞാൽ തങ്ങളുടെ മാതാപിതാക്കളോട് വിശ്രമജീവിതം നയിക്കാൻ എന്തു കൊണ്ട് ആവശ്യപ്പെടുന്നില്ല ? മക്കൾ സമ്പാദിച്ചു തുടങ്ങിയാൽ എന്തുകൊണ്ടാണ് ആ പണത്തിന് അവന്റെ ഭാര്യയ്ക്കും മക്കൾക്കും മാത്രം അവകാശമുണ്ടാകുന്നത് ? വളർത്തി വലുതാക്കിയ മാതാപിതാക്കൾ എന്തുകൊണ്ടാണ് ഭാര്യയോ മക്കളോ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അന്യരാവുന്നത് ? 
ഗൾഫുരാജ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന ഭർത്താവിനെയോ ബാപ്പാമാരെയോ കുറിച്ച് എന്ത്കൊണ്ട് നാട്ടിലുള്ളവർ ചിന്തിക്കുന്നില്ല . ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് വിളിക്കുമ്പോൾ അവരുടെ സുഖവിവരങ്ങൾ കൂടി എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല ? ഒരു പ്രായം കഴിഞ്ഞാൽ അവരോട് തിരികെ പോരുവാൻ എന്ത് കൊണ്ട് ആവശ്യപ്പെടുന്നില്ല ?
നമ്മുടെ മാതാപിതാക്കൾക്ക് എന്ത് നൽകുന്നോ അതോ നമുക്ക് നാളെ നമ്മുടെ മക്കളിൽ നിന്നും തിരിച്ചു കിട്ടുകയുള്ളൂ ... ഓരോ മാതാപിതാക്കൾക്കും പടച്ചോൻ ആഫിയത്ത് നൽകുമാറാകട്ടേ ... ആമീൻ ...
ലിജിയ ഷാനവാസ്

നേരം കൊല്ലികൾ .....


നേരം കൊല്ലികൾ .....
കേശൂ ടാ കേശു .. ഒന്നിറങ്ങി വാടാ പുറത്തേക്ക്.. അടഞ്ഞുകിടക്കുന്ന വാതിലിൽ നോക്കി നാണു വിളിച്ചു ...
ഓ .. ആരാ അവിടെ ?? അകത്തുനിന്ന് കേശുവിന്റെ ശബ്ദം പുറത്തേക്ക് വന്നു ...
ഞാനാടാ നാണു .....
ഹോ നാണുവോ ... ഞാൻ ദാ വരണൂ . വാതിൽ തുറന്ന് കേശു പുറത്തേക്ക് വന്നു .
എന്താടാ അതിരാവിലെ കിടന്നു തൊള്ളതുറക്കുന്നത് ?
അതിരാവിലെയോ എടാ 8 മണി ആയി നിനക്ക് ഇപ്പോഴാന്നോ നേരം വെളുത്തത് ? നാണു കളിയാക്കി ചോദിച്ചു .
ഹോ ... അതോ .. ഇന്നലെ രാത്രി കുമാരന്റെ കൂടെ മീൻ പിടിക്കാൻ പോയി അതാ എഴുന്നേൽക്കാൻ വൈകിയത് .. നീ എന്തിനാ വിളിച്ചത് കാര്യം പറ .
ഹോ... അതേ ആ സുകുമാരൻ നായരുടെ മകളില്ലേ മീനാക്ഷി ?
ഏത് ആ കോളേജിൽ പഠിക്കണപെണ്ണോ ?
ഹാ അതു തന്നെ . അവൾ ഇന്നു രാവിലെ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ....
സത്യാണോടാ നാണു നീയീ പറയണത് ? എനിക്കപ്പോഴേ തോന്നിയതാ ആ പെണ്ണിന്റെ മട്ടും ഭാവവും കാണണായിരുന്നു . നമ്മളെയൊക്കെ വെറും പുച്ഛമായിരുന്നില്ലേ അവൾക്ക് . ഒരു വലിയ സുന്ദരിക്കോത . ആരോടും മിണ്ടില്ല . നിലത്തു നോക്കിയേ നടക്കൂ . അവസാനം ഒരു ഓട്ടോക്കാരനെയാണോ അവക്ക് കിട്ടീത് .
പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്നല്ലേ കേശൂ പറയണത് നാണു കളിയാക്കി പറഞ്ഞു .
വന്നേ നമുക്ക് അത്രേടം വരെ ഒന്നു പോവാം .
അതു ശരിയാ എന്താ നടക്കുന്നതെന്ന് അറിയാല്ലോ? ഞാൻ ഇപ്പോ വരാം ഈ മുണ്ടൊന്ന് മാറി ഉടുക്കട്ടേ . കേശു അകത്തേക്ക് പോയി .
എടീ ശാന്തേ ... ടീ ഈ പണ്ടാരം എവിടെ പോയി കിടക്കുന്നു ? കേശു മുണ്ട് മാറുന്നതിനിടയിൽ ഭാര്യയെ വിളിച്ചു .
എന്താ മനുഷ്യാ നിങ്ങള് കിടന്ന് തൊള്ള തുറക്കുന്നത് ? ഞാൻ ഇവിടെ പിന്നാംപുറത്തുണ്ട് . നിങ്ങള് കാര്യം പറ ശാന്ത ഒച്ചയെടുത്തു .
ടീ നമ്മുടെ സുകുമാരൻ നായരുടെ മകൾ മീനാക്ഷിയില്ലേ അവൾ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ...
ഏത് ആ സുന്ദരിക്കോതയോ ? അവളുടെ മട്ടും ഭാവവും കണ്ടാൽ പറയില്ലല്ലോ ഇത്രേം വലിയ ഒരു കള്ളത്തരം ഒളിപ്പിച്ചാ നല്ലപിള്ള ചമഞ്ഞ് നടന്നിരുന്നതെന്ന് ? ഹോ എന്തായിരുന്നു അവളുടെ അഹങ്കാരം .. ശാന്ത പിറുപിറുത്തു കൊണ്ട് വേലിക്കരികിലേക്ക് നടന്നു ...
എടീ സുമതീ ,, സുലോചനേ നിങ്ങളറിഞ്ഞോ?? അവൾ അടുത്ത വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു ...
ആ വീട്ടിന്റെ പിൻഭാഗത്തു നിന്ന് രണ്ട് സ്ത്രിരത്നങ്ങൾ പുറത്തേക്ക് വന്നു . എന്താ ശാന്തേച്ചീ എന്താ പ്രശ്നം? കൂട്ടത്തിൽ ചെറിയവൾ ചോദിച്ചു ....
സുലു .. നമ്മുടെ സുകുമാരൻ നായരുടെ മോളില്ല അവൾ ഒരു ഓട്ടോക്കാരന്റെ ഒപ്പം ഇന്നു രാവിലെ ഒളിച്ചോടീന്ന് .....
ഈശ്വരാ ... നേരാണോ ചേച്ചി ... അവൾ ആളു കൊള്ളാല്ലോ കണ്ടാൽ ഒരു പാവം .. പൂച്ചക്കുട്ടിയേ പോലെ ഇരുന്നിട്ട് ഇപ്പോ കലം ഉടച്ചുകളഞ്ഞല്ലോ ? എന്താ പെണ്ണിന്റെ ധൈര്യം . സുലോചന മൂക്കത്ത് വിരലു വെച്ചു ...
ഇത്രേയുമായപ്പോഴേക്കും കേശവൻ പുറത്തേക്ക് വന്നു .
ടീ ഞാനും നാണുവും കൂടി അത്രേടം വരെ ഒന്നു പേയേച്ചും വരാം . കേശു പോകാൻ ഒരുങ്ങി .
നിക്ക് മനുഷ്യാ ഞാനും വരുന്നു . ശാന്ത വേഗം അകത്തേക്ക് പോയി ഒരു മേൽമുണ്ട് എടുത്തുടുത്ത് പോകാൻ തയ്യാറായി .
എന്നാൽ ഞാനുമുണ്ട് കൂടെ ... സുമതിയും ശാന്തക്കൊപ്പം കൂടി . അങ്ങനെ അവർ സുകുമാരൻ നായരുടെ വീടു ലക്ഷ്യമാക്കി നടന്നു....
സ്ഥലത്തെ പ്രമാണിമാരിൽ ഒരാളാണ് സുകുമാരൻ നായർ. 2 മക്കൾ . മൂത്തത് മകൻ മനു ശങ്കർ വിദേശത്ത് ജോലി ചെയ്യുന്നു . ഇളയവൾ മീനാക്ഷി ഡിഗ്രിക്ക് പഠിക്കുന്നു . നായര് കൃഷിയും മറ്റുമായ് കുടുംബത്ത് തന്നെ . ഭാര്യ മാധവി അമ്മ . നാട്ടുകാർക്ക് പണത്തിന് ആവശ്യം വരുമ്പോഴോക്കെ നായര് പണം പലിശക്ക് കൊടുക്കുമായിരുന്നു . ക്രിത്യ സമയത്ത് പണം തിരികെ നൽകിയില്ലെങ്കിൽ പണയ പണ്ടം തിരിച്ചുകൊടുക്കില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ വെച്ച് കടം വാങ്ങിയവരെ അപമാനിക്കുകയും ചെയ്യുമായിരുന്നു . അതു കൊണ്ട് തന്നെ നാട്ടുകാർക്ക് അയാളോട് ഒരു ശത്രുത ഉടലെടുത്തിരുന്നു .
മകളുടെ ഒളിച്ചോട്ടക്കഥ അതു കൊണ്ട് തന്നെ നാട്ടിൽ ഒരു ചൂടൻ സംസാരവിഷയമായി . അറിഞ്ഞവർ അറിഞ്ഞവർ കഴിവിന്റെ പരമാവധി മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിച്ചു . അതു കൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് നാട്ടുകാർ മുഴുവനും കാര്യമറിഞ്ഞ് നായരുടെ വീടു ലക്ഷ്യമാക്കി നടന്നു .
നാണുവും കൂട്ടരും അകലെ നിന്നു തന്നെ കണ്ടു നായരുടെ വീട്ടിനു മുന്നിലെ ജനക്കൂട്ടം . അവരും പതിയെ ആ ജനക്കൂട്ടത്തിന്റെ ഭാഗമായി തീർന്നു .
സുകുമാരൻ നായർ വീട്ടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ മലർന്ന് കിടക്കുന്നുണ്ട് . ഒരു വിഷാദ ഭാവം അയാളുടെ മുഖത്ത് തങ്ങി നിൽക്കുന്നു . അകത്തുനിന്ന് മാധവി അമ്മയുടെ തേങ്ങിക്കരച്ചിലുകൾ കേൾക്കാം . സുമതിയും ശാന്തയും പതിയെ അടുക്കള ഭാഗത്തേക്ക് പോയി. നാണുവും കേശുവും ഉമ്മറത്ത് കൂട്ടം കൂടി നിന്ന ആളുകളുടെ അരികിലേക്ക് ചെന്നു.
ചായക്കടക്കാരൻ സുഗതൻ ചേട്ടൻ ചിലരോടായി കാര്യം വിവരിക്കുന്നുണ്ട്. കേശു സുഗതൻ ചേട്ടന്റെ അരികിലേക്ക് ചെന്നു .
ചേട്ടാ ... എന്താ സംഭവിച്ചത് ? ആരാ കണ്ടത് ? കേശു തിരക്കി ...
എടാ നമ്മുടെ കടയിൽ പാലു കൊണ്ടുവരുന്ന സുശീലനാ കണ്ടത് . അമ്പലത്തിൽ പോകാൻ ഇറങ്ങിയ പെണ്ണ് വഴിയിൽ വച്ച് ഒരു ഓട്ടോ യിൽ കയറി പോകുന്നത് അവൻ കണ്ടൂന്ന് . കടയിലേക്ക് പാലു കൊണ്ടുവരുന്ന വഴിയായിരുന്നു . കണ്ട പാതി അവൻ കടയിൽ വന്നു പറഞ്ഞു .
ഹോ എന്നാലും ആ പെൺകൊച്ചിന്റെ ഒരു ധൈര്യമേ . അല്ല ചേട്ടാ ഏത് ഓട്ടോകാരനാ ? സുശീലൻ ആളെ കണ്ടോ ? വല്ല മേത്തനോ നസ്രാണിയോ മറ്റോ ആണോ ?
അതറില്ല കേശു . അവൻ അവള് ഓട്ടോ യിൽ കയറുന്നതേ കണ്ടുള്ളൂ . ആരാ എന്താ എന്നൊന്നും അറിയില്ല. അല്ലെങ്കിലും അമ്പലത്തിൽ പോകുന്നേന് ഓട്ടോ യിൽ കയറുന്നതെന്തിനാ ? 15 മിനുറ്റ് നടത്തമല്ലേ ഉള്ളൂ . അപ്പോ ഇത് നിശ്ചയിച്ച് ഉറപ്പിച്ചിട്ട് പോയതു തന്നെയാ . വല്ല പണമോ പണ്ടമോ കൊണ്ടുപോയിട്ടുണ്ടോ എന്തോ .....
പാവം നായരുടെ കിടപ്പു കണ്ടോ ? മോള് പോയതറിഞ്ഞ് കിടന്ന കിടപ്പാ ഒരക്ഷരം മിണ്ടീട്ടില്ല . മാധവി ചേച്ചിയാണേൽ കരച്ചിലോട് കരച്ചിലാ . മക്കളിങ്ങനെ തുടങ്ങിയാൽ മാതാപിതാക്കൾ എന്തു ചെയ്യും ?
ഹാ ... അതും ശരിയാ . എത്ര പണമുണ്ടായിട്ടെന്താ പോയ മാനം തിരിച്ചു കിട്ടോ? കേശു ആത്മഗതം പറഞ്ഞു .
അറിഞ്ഞും കേട്ടും നായരുടെ വീട്ടിലേക്ക് ജനം ഒഴുകിയെത്തി . വരുന്നവരോടൊക്കെ തങ്ങളാലാവുന്ന വിധം പൊടിപ്പും തൊങ്ങലും വച്ച് സുഗതൻ ചേട്ടനും നാണുവും കേശുവും കഥ വിവരിച്ചുകൊണ്ടിരുന്നു . സ്ത്രികൾക്കിടയിൽ സുമതിയും ശാന്തയും അവരാൽ കഴിയും വിധം കഥ മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു .
പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ നായരുടെ വീടിനു മുന്നിൽ വന്നു നിന്നത് . അതിൽ നിന്ന് ഇറങ്ങിയവരെ കണ്ട് കൂടിനിന്ന ജനം അന്തംവിട്ട് പരസ്പരം നോക്കി .
ഓട്ടോറിക്ഷയിൽ നിന്ന് മീനാക്ഷിയും അവളുടെ തൊട്ടുപിന്നാലെ സുകുമാരൻ നായരുടെ അമ്മ ഭവാനി അമ്മയും പുറത്തേക്കിറങ്ങി . ഓട്ടോ കാശ് കൊടുത്ത് തിരിഞ്ഞു നോക്കുമ്പോഴാണ് വീട്ടിനു മുന്നിലെ ആൾക്കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത് .
അച്ഛമ്മേ ... വീട്ടിന് മുന്നിൽ എന്താ ഒരു ആൾക്കൂട്ടം മീനാക്ഷി സംശയത്തോടെ തിരക്കി .
ഈശ്വരാ ഇനി സുകുമാരനോ മാധവിക്കോ എന്തെങ്കിലും പറ്റിയോ .. ഭവാനിയമ്മ വേഗം വീടു ലക്ഷ്യമാക്കി നടന്നു പിന്നാലെ മീനാക്ഷിയും .
മോനേ സുകുമാരാ ... നിലവിളിച്ചു കൊണ്ട് ഭവാനിയമ്മ വീടിനുമ്മറത്തേക്ക് പ്രവേശിച്ചു .
അമ്മയുടെ നിലവിളി കേട്ട് സുകുമാരൻ നായർ ചാരുകസേരയിൽ നിന്ന് വേഗം എഴുന്നേറ്റു .
അമ്മേ ... നായർ അമ്മയ്ക്ക് അരികിലേക്ക് ചെന്നു
ഭവാനിയമ്മയുടെ കൂടെ മീനാക്ഷിയെ കണ്ട് നായർ അമ്പരന്നു . മോളെ നീ .. നായർ ചോദ്യഭാവത്തിൽ മകളെ നോക്കി .
മോനെ നിനക്കൊന്നും പറ്റീല്ലെ .. മാധവി എവിടെ? എന്താ ഇവിടെ ഒരു ആൾക്കൂട്ടം ? മോളെ മാധവീ ... ഭവാനി അകത്തേക്ക് നോക്കി വിളിച്ചു .
ഉമ്മറത്ത് സംസാരം കേട്ട് മാധവി പുറത്തേക്ക് വന്നു.
പുറത്ത് ഭവാനിയമ്മയേയും മീനാക്ഷിയേയും കണ്ട് മാധവി ഒന്നു അമ്പരന്നു . അവർ വേഗം മകളുടെ അരികിലേക്ക് ചെന്നു .
മോളെ നീ എവിടെയായിരുന്നു ഇത്രയും നേരം ? ഞങ്ങൾ എന്തുമാത്രം വിഷമിച്ചെന്നറിയോ ? മാധവി മകളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
അത് അമ്മേ ... ഞാൻ അമ്പലത്തിൽ പോകുന്ന വഴി അച്ഛമ്മയെ കണ്ടു. അച്ഛമ്മ ആശുപത്രിയിൽ പോകുകയായിരുന്നു . ഷുഗർ ടെസ്റ്റ് ചെയ്യാൻ . ഞാൻ നോക്കിയപ്പോ കൂടെ ആരുമില്ല . രാവിലെ തന്നെ ഭക്ഷണമൊന്നും കഴിക്കാതെ തനിച്ച് പോയാൽ വല്ല വയ്യാഴ്ക വന്നു പോയാൽ ആരും കൂടെയില്ലല്ലോ എന്നോർത്തപ്പോ ഞാനും അച്ഛമ്മയുടെ കൂടെ ആ ഓട്ടോറിക്ഷയിൽ കയറി പോയി . ഫോൺ എടുക്കാതെ പോയതുകൊണ്ടാ വിളിച്ചു പറയാതിരുന്നത് . അതും അല്ല അധികം വൈകിയൊന്നുമില്ലല്ലോ ? ഞാൻ ചിലപ്പൊഴോക്കെ ഇതുപോലെ വൈകാറുണ്ടല്ലോ കൂട്ടുകാരികളെ എങ്ങാനും കണ്ടാലും മറ്റും . ഇന്നെന്താ ഇത്ര പ്രതേകത . അതുപോലെ ഇതെന്താ വീടിനു മുന്നിൽ ഇത്രയും ജനക്കൂട്ടം . ഇവരൊക്കെ എന്താ ഇവിടെ ? മീനാക്ഷി പുറത്തേക്ക് നോക്കി ചോദിച്ചു.
ഉമ്മറത്തു നടക്കുന്ന സംഭവങ്ങൾ കണ്ടു ഒന്നും മിണ്ടാതെ നിൽക്കുകയാണ് പുറത്ത് കൂടിയ ജനങ്ങൾ . അവർ പരസ്പരം മുഖത്തേക്ക് നോക്കി . ചിലരുടെ ഒക്കെ നോട്ടം ചായക്കടക്കാരൻ സുഗതൻ ചേട്ടനിൽ ആണ് . പുള്ളിക്കാരന്റെ കടയിൽ നിന്നാണല്ലോ കഥയുടെ ആരംഭം . സുഗതൻ ചേട്ടനാണേൽ എന്തു ചെയ്യണമെന്നറിയാതെ നിലത്തേക്ക് മിഴികളൂന്നി നിൽക്കുന്നു.
സുകുമാരൻ നായർ കത്തുന്ന മിഴികളോടെ പുറത്തു നിൽക്കുന്ന ആളുകൾക്ക് നേരെ തിരിഞ്ഞു .
"ഏത് ചെറ്റയാടാ പറഞ്ഞത് എന്റെ മോള് ഒളിച്ചോടീന്ന് . ഏതവനാടാ കണ്ടത് അവൾ കാമുകന്റെ കൂടെ പോകുന്നത് . പറയെടാ നാറികളെ ... ഓരോരുത്തവൻമാര് എറങ്ങിക്കോളും മാനംമര്യാദയായിട്ട് ജീവിക്കുന്നവരെ നാറ്റിക്കാനായിട്ട് . നിന്റെയൊക്കെ കുടുംബത്താണ് ഇങ്ങനെ ഒക്കെ നടന്നതെങ്കിൽ നീയൊക്കെ ഇങ്ങനെ വിളിച്ചു കൂവി നടക്കുമോടാ . ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലേ . എന്റെ കയ്യിന്ന് കാശും വാങ്ങി എന്റെ കുടുംബത്തെ നാറ്റിക്കാൻ ഇറങ്ങിയേക്കുന്നു അലവലാതികൾ . നീയൊക്കെ ഇനി ഇങ്ങ് വാ കാശും ചോദിച്ചോണ്ട്. ഒറ്റ ഒരെണ്ണം ഈ പടി കടന്ന് വന്നേക്കരുത് . ഇപ്പോ എറങ്ങിക്കോണം എല്ലാവൻമാരും എന്റെ പറമ്പിന്ന് . ഒരെണ്ണത്തിനെ ഇവിടെ കണ്ടു പോയാൽ വെട്ടുകത്തി എടുക്കും ഞാൻ .
ഛീ എറങ്ങിനടാ എല്ലാം." സുകുമാരൻ നായർ ചീറി .
നിമിഷ നേരം കൊണ്ട് ജനക്കൂട്ടം നാലു വഴിക്കും ഓടി . അവിടം ആളൊഴിഞ്ഞ ഉത്സവ പറമ്പു പോലെയായി.
വാ അമ്മേ ... നമുക്ക് അകത്തേക്ക് പോകാം . ഭക്ഷണം ഒക്കെ കഴിച്ച് വൈകുന്നേരം അമ്മ തറവാട്ടിലേക്ക് പോയാൽ മതി . നായർ അമ്മയേയും വിളിച്ച് അകത്തേക്ക് പോയി പിന്നാലെ മീനാക്ഷിയും മാധവിയും
ശുഭം
ലിജിയ ഷാനവാസ്

പാദസരം,,


പാദസരം,,
അവളുടെ പാദസരത്തിന്റെ കിലുക്കം അത് അവന്റെ ഹൃദയ താളമായിരുന്നു . എന്നും രാവിലെ അവൾ ക്ലാസിലേക്ക് പടികൾ കയറി ഓടി വരുമ്പോൾ അവന്റെ ഇടനെഞ്ചിൽ പെരുംമ്പറ കൊട്ടുമായിരുന്നു . എന്തു ചോദിച്ചാലും തർക്കുത്തരം മാത്രം നൽകുന്ന തന്റെ ജുനിയറിനോട് അവന് എന്തെന്നില്ലാത്ത ആവേശമായിരുന്നു. കുട്ടുകാർ വിലക്കിയിട്ടും അവൻ അവളെ തന്നെ വളച്ചെടുക്കുമെന്നു് ബെറ്റ് വെച്ചപ്പോ നീ കൊണ്ടാലെ പഠിക്കുമെന്നു് അവന്റെ ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകി...
അവളെ കാണാനായി അവൻ മനപ്പുർവ്വം പഠിക്കാതെ വന്നു , ടീച്ചർ പുറത്താക്കിയപ്പോ ഒരു മൂളിപ്പാട്ടും പാടി അവളുടെ പാദസരകിലുക്കവും പ്രതീക്ഷിച്ച് വരാന്തയിൽ കാത്തിരുന്നു , അവൾ അരികിലെത്തിയപ്പോ അവനു ഒരു മോഹം പാദസരം അണിഞ്ഞ ആ കാലിൽ ഒന്നു തൊടണം , കൂട്ടുകാരനെ ചട്ടം കെട്ടി , അവളെ എന്തെങ്കിലും പറഞ്ഞു ഒന്നു പിടിച്ചു നിർത്താൻ . കൂട്ടുകാരൻ വാക്കു പാലിച്ചു ,ഈ തക്കത്തിന് നമ്മുടെ കഥാനായകൻ അവളുടെ കാലുകളിൽ മൃദുവായി സ്പർശിച്ചു , ആദ്യം അവൾ കരുതിയത് അവൻ അറിയാതെ ആയിരിക്കുമെന്നാണ് , അവൾ പ്രതികരിക്കുന്നില്ലെന്നു കണ്ട അവൻ തന്റെ രണ്ടു കൈകൾ കൊണ്ട് അവളുടെ പാദത്തിൽ ചേർത്തു പിടിച്ചു.....
ടപ്പോ ,,,
ഒച്ച കേട്ടു നോക്കിയവർ കണ്ടത് കവിളിൽ കൈ കൊടുത്ത് ഇരിക്കുന്ന പാവം കാമുകനെ ആണ്.
ഇനി മേലിൽ അനുവാദമില്ലാതെ ഒരു പെണ്ണിനേയും തൊട്ടു പോകരുതെന്ന ഒരു ശാസനയോടെ അവൾ പാദസരം കിലുക്കി നടന്നകന്നു.....
ഇപ്പോഴ് അവനു പാദസരം പോയിട്ട് പാ എന്നു കേൾക്കുമ്പോൾ തന്നെ ഒരു ഇതാ ,,, എന്തോ ഒരു ഇത്‌ ,,,,,

ഞാൻ ഒരു രഹസ്യം പറയാം ,,


ഞാൻ ഒരു രഹസ്യം പറയാം ,,
ദേ നിങ്ങളെ വിശ്വസിച്ചു പറയാട്ടോ ആരോടും പറയരുത് .
ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുന്ന കാലം . Border സിനിമ കണ്ടു കഴിഞ്ഞപ്പോ ഒരു പൂതി ,കല്ല്യാണം കഴിക്കുന്നെങ്കിൽ പട്ടാളക്കാരനെ കല്ല്യാണം കഴിക്കണം . പക്ഷേ എന്തു ചെയ്യാൻ എന്റെ നാട്ടിൽ ഒരു പട്ടാളക്കാരനെ മഷിയിട്ടു നോക്കീട്ടും കിട്ടാനില്ല .
ക്ലാസിൽ ടീച്ചർ ആരാകാനാ താത്പര്യമെന്ന് എല്ലാരോടും ചോദിക്കുമ്പോൾ , ക്ലാസിലെ ഓരോ ആൺകുട്ടിയുടെ മുഖത്തേക്കും പ്രതീക്ഷയോടെ ഞാൻ നോക്കും , ഒരുത്തനെങ്കിലും പട്ടാളക്കാരനാകണമെന്നു പറയുമെന്നുപ്രതീക്ഷിച്ച് , എവിടെ എല്ലാർക്കും ഡോക്ടറും എഞ്ചിനീറും ആയാൽ മതി.
അങ്ങനെയിരിക്കെ എന്റെ ഇത്താത്താടെ കല്യാണം റെഡിയായി , ഇത്താത്താനു വെച്ചാ എന്റെ മൂത്തുമ്മാന്റെ മകൾ , അവരൊക്കെ അങ്ങ് തൊടുപുഴയിലാ താമസം ,
കുടുംബത്ത് ഒരു കല്യാണം എന്നു വച്ചാ ഞങ്ങൾക്ക് ഉത്സവമാ, മക്കളും കൊച്ചുമക്കളുമൊക്കെയായി തകർക്കും 1 ആഴ്ച്ച: അങ്ങനെ ഞങ്ങൾ ഫാമിലിയായി പെരുമ്പാവൂരിലെ തറവാട്ടിലേക്ക് തിരിച്ചു , അവിടുന്നു എല്ലാവരും ഒന്നിച്ച് തൊടുപുഴയിലേക്ക്.
തൊടുപുഴ എത്ര ഭംഗിയുള്ള നാട് , അങ്ങനെ ഞങ്ങൾ മൂത്തുമ്മാടെ വീട്ടിലെത്തി , മൂത്തൂമ്മാ താമസിക്കുന്നത് പാടി ( Quarters) യി ലാണ് . അവിടെ ഒരു പാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട് . മൂത്തുമ്മാ താമസിക്കുന്നതിന്റെ നേരേ എതിർ വീട്ടിൽ ഒരു കൂട്ടർ താമസിക്കുന്നുണ്ട് . അവിടുത്തെ പെണ്ണ് എന്റെ ഇത്താത്താടെ ചങ്ങാതിയാണ് . അവൾടെ കല്ല്യാണവും തീരുമാനിച്ചു വച്ചിരിക്കാണത്രേ . ഇത്താത്ത പറഞ്ഞപ്പോഴാ അറിയുന്നത് ആ പെണ്ണിന്റെ സഹോദരൻ പട്ടാളത്തിലാണെന്ന് , ഒന്നുകൂടി പറഞ്ഞു അയാൾ ഇപ്പോ ലീവിനു വന്നിട്ടുണ്ട് പോലും പെങ്ങടെ കല്ല്യാണം നടത്താൻ ,
ഹോ , രോഗി ഇച്ഛിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് എന്ന അവസ്ഥയിലായി ഞാൻ, കല്ല്യാണം കൂടാൻ വന്ന തൊക്കെ അങ്ങ് മറന്നു , പിന്നെ പുള്ളിക്കാരനെ ചുറ്റിപറ്റിയായി എന്റെ നsത്തം ,
ആ മനുഷ്യനാകട്ടെ ഞങ്ങൾ മുന്നിലെത്തുമ്പോൾ കലപില കൂടി നടക്കുന്ന കുഞ്ഞി പിള്ളേരെ കണ്ട അവസ്ഥയും , അങ്ങനെ കല്ല്യാണവും കഴിഞ്ഞ് പെണ്ണ് ചെക്കന്റെ വീട്ടിലുമെത്തി , എന്നിട്ടും എന്റെ മനസ്സ് അവിടെ പാറി നടന്നു ,
തിരിച്ചു പോരേണ്ട സമയമായി , എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി , എത്ര മനസ്സിൽ മാത്രം ഒരു വല്ലാത്ത വിങ്ങൽ ,കണ്ണു നിറയുന്നുണ്ടോ , അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ വീട്ടിലേക്ക് പോന്നു .
വീട്ടിൽ എത്തിയിട്ടും ഒരു മനസ്സമാധാ വുമില്ല , ഒന്നിനും ഒരു Concentration കിട്ടുന്നില്ല , ഇതാരോടെങ്കിലും ഒന്നു തുറന്നു പറയണമെന്ന് തോന്നി , അങ്ങനെ എന്റെ ഒരു ഫ്രണ്ട് അവനോട് കാര്യം പറഞ്ഞു . മുഴുവനും കേട്ടതും അവൻ ചിരിക്കാൻ തുടങ്ങി , എന്റെ ഫീലിംഗ്സ് മനസ്സിലാക്കാതെ ചിരിക്കുന്ന അവനെ എനിക്ക് തല്ലിക്കൊല്ലാൻ തോന്നി .
എടീ പൊട്ടിക്കാളി നീ 8 ആം ക്ലാസിലല്ലേ ആയിട്ടുള്ളൂ. അയ്യാള് പഠിത്ത മൊക്കെ കഴിഞ്ഞ് പട്ടാളത്തിൽ ചേർന്നതല്ലേ , നിന്നെ കാളും എത്ര മൂത്തത്താ , ഇപ്പോ പെങ്ങളെ കെട്ടിച്ചെങ്കിൽ , അടുത്ത വരവിന് അയാളും കെട്ടും , അപ്പോ നീ പത്താം ക്ലാസിൽ പോലും ആകില്ല , എന്നിട്ടാ അവള് പട്ടാളക്കാരനെ കെട്ടാൻ നടക്കുന്നേ .
അപ്പോഴാണ് ശരിക്കും ഞാനാ സത്യം മനസ്സിലാക്കിയത് ,
ഹൊ എന്തൊക്കെ ആയിരുന്നു , പട്ടാളക്കാരനും പ്രണയവും കല്യാണവുമൊക്കെ പൊതിഞ്ഞു കെട്ടി പെട്ടിലാക്കി . പിന്നീട്‌ അവരെ കുറിച്ച് കേട്ടിട്ടേയില്ല . മൂത്തുമ്മ താമസം മാറി , അതോടെ ആ ചാപ്റ്റർ ക്ലോസ് ,,,
ദേ നിങ്ങളെ വിശ്വസിച്ചാ ഞാൻ ഇതൊ ക്കെ പറഞ്ഞത് ആരോടെലും പറഞ്ഞാലുണ്ടല്ലോ ???
സന്ദേസേ ആതിഹേ
ഹമേ തട്പാത്തി ഹേ ,,,,,,
ലിജിയ ഷാനവാസ്

വിതച്ചതേ കൊയ്യൂ ....


വിതച്ചതേ കൊയ്യൂ ....
അല്ല കൂട്ടുകാരേ നിങ്ങളു പറ ,,,
ഇതൊക്കെ ശരിയാണോന്ന്. ഇങ്ങനെ നിറം മാറോ മനുഷ്യൻമാര് ,
ഹോ , കാര്യം പറഞ്ഞില്ല അല്ലേ . പറയാം , അതിനു മുൻപ് ഒരു കാര്യം , ഈ കഥ യിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല , ഇനി അങ്ങനെ തോന്നിയാൽ അതിന് എന്നോട് യുദ്ധത്തിന് വരണ്ട ,,,,,
ഈ കഥ നടക്കുന്നത് , അങ്ങ് ബീഹാറിലോ , ആസാമിലോ അല്ല ഈ കൊച്ചു കേരളത്തിലാണ് .
അലിക്കുഞ്ഞ് അതാണ് നമ്മുടെ കഥാനായകൻ , ഭാര്യ റംല, 2 മക്കൾ റസിയയും റിയാസും . ആദ്യം അലിക്കുഞ്ഞിന്റെ കഥ പറയാം
അലിക്കുഞ്ഞ് , ഹൈദ്രോസിന്റെയും , പാത്തുമ്മാടെയും മൂത്ത മകൻ . ഹൈദ്രോസിന് എറണാകുളം മാർക്കറ്റിൽ ചുമടെടുപ്പാണ് പണി , 4 മക്കൾ അലിക്കുഞ്ഞിനെ കൂടാതെ 2 സഹോദരിമാരും ഒരു അനുജനും , അന്നന്നത്തേ വക കൊണ്ട് ജീവിക്കുന്ന കുടുംബം , 8 ആം ക്ലാസ്സിൽ പഠിപ്പ് നിർത്തി അലിക്കുഞ്ഞ് ബാപ്പാന്റൊപ്പം പണിക്കിറങ്ങി , അൽപസ്വൽപം ഇsത് രാഷ്ട്രിയവും ഉണ്ട് പുള്ളിക്കാരന് .
അങ്ങനെ ഇരിക്കെ അങ്ങാടിയിൽ നടന്ന ഒരു അടിപിടി കേസിൽ അലിക്കുഞ്ഞും പെട്ടു, പോലീസ് കേസായപ്പോ പാർട്ടിക്കാര് പറഞ്ഞു , തൽക്കാലത്തേക്ക് ഒന്നു മാറി നിക്കാൻ അല്ലേൽ പുലിവാലാകുമെന്നു് , കേട്ടപാതി കേൾക്കാത്ത പാതി ഹൈദ്രോസ് മോനേ , മലപ്പുറത്തുള്ള പെങ്ങടെ വീട്ടിലേക്ക് പറഞ്ഞയച്ചു . ഹൈദ്രോസിന്റെ പെങ്ങടെ ഭർത്താവിന് ഒരു പലചരക്കു കsയാണ് , അങ്ങനെ അലിക്കുഞ്ഞ് അവിടുത്തെ സഹായിയായി.
മലപ്പുറത്തെ ഒരു മുന്തിയ കുടുംബത്തിലെ ഇളയ മകൾ ആണ് റംല , നല്ല മൊഞ്ചത്തി 4 ആങ്ങള മാരുടെ ഒരേ ഒരു കുഞ്ഞി പെങ്ങൾ . ബാപ്പാക്ക് കുറേ ബിസിന സൊക്കെയുണ്ട് , ആങ്ങളമാരിൽ മൂത്ത രണ്ടു പേര് അതൊക്കെ നോക്കി നടത്തുന്നു , ഇളയവർ രണ്ടും dubai യിൽ ബിസ്നസ്സ് ,നല്ല സമ്പന്ന കുടുംബം.
അലിക്കുഞ്ഞ് നിക്കണ കടയുടെ മുന്നിലൂടെ യാണ് റംല എന്നും തയ്യൽ പഠിക്കാൻ പോകുന്നത് , പഠിക്കാൻ ഭയങ്കര ബുദ്ധിയായതുകൊണ്ട് 9 ആം ക്ലാസിൽ 2 കൊല്ലം ഇരുന്നപ്പോരേ പഠിത്തം നിർത്തി , പിന്നെ എന്തെങ്കിലും കൈപ്പണി അറിയേണ്ടേ എന്നു വച്ച് ആണ് തയ്യലിനു വിട്ടത് , അങ്ങനെ പോയി പോയി അലിക്കുഞ്ഞും റംലയും തമ്മിൽ പ്രേമത്തിലായി , ഈ സമയത്താണ് റംലക്ക് വീട്ടിൽ കല്യാണം ആലോചിക്കുന്നത് , എന്തു പറയാൻ , കല്ല്യാണാലോചന മുറുകിയപ്പോ അലിക്കുഞ്ഞ് റoലായേയും അടിച്ചോണ്ട് രായ്ക്ക് രാമായ്നം എറണാകുളത്തേക്ക് നാടുവിട്ടു.
അലിക്കുഞ്ഞ് നേരേ റംലയുമായി ചെന്നു കേറിയത് പാർട്ടി ഓഫീസിലേക്ക് , മലപ്പുറത്തുന്ന് കാര്യം അറിഞ്ഞ് എല്ലാരും എത്തിയപ്പോഴേക്കും കല്ല്യാണവും കഴിഞ്ഞ് പെണ്ണ് ചെക്കന്റെ വീട്ടിലുമായി , പാർട്ടി ഇടപെട്ടതുകൊണ്ട് തന്നെ പെണ്ണ് വീട്ടുകാർ മടങ്ങിപോയി , അങ്ങനെ റംല അലിക്കുഞ്ഞിന്റെ ഭാര്യയായി ജീവിതം ആരംഭിച്ചു
പിന്നെ അലിക്കുഞ്ഞിന് ജീവിക്കാൻ വാശിയായി നല്ലോണം കഷ്ടപ്പെട്ടു പെങ്ങൻമാരെ കെട്ടിച്ചു വിട്ടു അനിയനെ ഗൾഫിലേക്ക് അയച്ചു , പുതിയ വീടു വെച്ചു , ഇതിന്റെ ഇടയിൽ റംല 2 പെറ്റു , അതോടെ റംലയുടെ വീട്ടുകാരുടെ പിണക്കം മാറി , അലിക്കുഞ്ഞ് ഒരു ചെറിയ മുതലാളിയായി നല്ല വീട് , കാറ് , ആഭരങ്ങൾ വില കൂടിയ വസ്ത്രം എന്നു വേണ്ട മക്കൾക്ക് എന്തു വേണോ അതൊക്കെ അലിക്കുഞ്ഞ് ആ നിമിഷം വാങ്ങിക്കൊടുക്കും , അതു കൊണ്ടാണ് Plus 2 വിന് ഉയർന്ന മാർക്കു വാങ്ങിയപ്പോ റസിയ ആവശ്യപ്പെട്ട സ്ക്കൂട്ടി വാങ്ങി ക്കൊടുത്തത്. അങ്ങനെ പുതിയ കോളേജിലേക്കുള്ള റസിയയുടെ പോക്ക് പുതിയ സ്ക്കൂട്ടിയിലായി .
ഒരിക്കൽ വണ്ടി കേടായപ്പോ കോളേജിന്റെ അടുത്തുള്ള വർഷോപ്പിലേക്ക് അവൾ ചെന്നു , അവിടെ വച്ചാണ് അവൾ അൻവറിനെ പരിചയപ്പെടുന്നത് ,
അൻവർ , ഒരു പാവപ്പെട്ട കുടുംബത്തിലെ ഇളയ മകൻ , മൂത്തത് 2 സഹോദരിമാര് , കല്യാണപ്രായം കഴിഞ്ഞ് നിൽക്കുന്നു , വാപ്പ മരിച്ചു , ഉമ്മാക്ക് വാപ്പ മരിച്ച നാൾ മുതൽ പല വിധ രോഗങ്ങളാണ് , കുടുംബത്തിന്റെ ആകെ വരുമാനവും അത്താണിയും അൻവർ മാത്രമായി , അതോടെ പഠിത്തം ഉപേക്ഷിച്ച് അവൻ വർഷോപ്പിൽ കേറി .
റസിയക്ക് അൻവറിനെ പെരുത്തു ഇഷ്ടായി ,അവന്റെ നിഷ്കളങ്കതയും സ്നേഹവും അവളെ അവനിലേക്ക് അടുപ്പിച്ചു , അങ്ങനെ അവരു തമ്മിൽ പ്രണയത്തിലുമായി. അങ്ങനെ ഇരിക്കെ അവരുടെ പ്രണയം പതിയെ നാട്ടിൽ പാട്ടായി തുടങ്ങി, അങ്ങനെ ഒരു ദിവസം അത് അലിക്കുഞ്ഞിന്റെ ചെവിയിലുമെത്തി.
അതോടെ അലിക്കുഞ്ഞിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു , നാട്ടിൽ പ്രമാണിയായ തന്റെ മകൾ ഒരു മെക്കാനിക്കിനെ പ്രണയിക്കുന്നോ . അയാൾ മകളെ പിൻമാറാൻ ഉപദേശിച്ചു ,അവൾ കൂട്ടാക്കിയില്ല , മകളെ നന്നായി വളർത്താത്തതിന് റംലക്കായി കുറ്റം ,
" ഉമ്മ വേലി ചാടിയാൽ മകൾ മതിലു ചാടും " അലിക്കുഞ്ഞ് ഭാര്യയുടെ നേരേ ചീറി , റസിയ യെ അയാൾ മുറിയിൽ പൂട്ടിയിട്ടു , അവൾ എന്നിട്ടും വഴങ്ങിയില്ല , കെട്ടുന്നെങ്കിൽ അൻവറിനെയേ കെട്ടൂ എന്നു് അവൾ തറപ്പിച്ചു പറഞ്ഞു , അൻവറിനെ കൊന്നുകളയുമെന്നായി അലിക്കുഞ്ഞ് , എന്നാൽ വാപ്പ ആദ്യം എന്റെ മയ്യത്ത് കാണുമെന്ന് റസിയ , അവൾ അതിനുള്ള ആദ്യ ശ്രമമായി കൈയ്യിലെ ഞരമ്പു മുറിച്ചു , റിയാസ് തക്ക സമയത്ത് കണ്ടതു കൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു, അതുകൂടി ആയപ്പോ അലിക്കുഞ്ഞ് തളർന്നു പോയി .
അവസാനം റംലയുടെ സഹോദരൻമാർ ഇടപ്പെട്ടു , വിവാഹം നടത്തി കൊടുക്കാമെന്നു് എറ്റു , അലിക്കുഞ്ഞിനെ കൊണ്ട് ഒരു വിധം സമ്മതിപ്പിച്ചു , വിവാഹ ശേഷം അൻവറിനെ ദുബായിലേക്ക് കൊണ്ടു പോകാനും അൻവറിന്റെ സഹോദരിമാർക്ക് നല്ല വിവാഹ ബന്ധം ശരിയാക്കി കൊടുക്കാനും അവർ തന്നെ മുൻകൈ എടുത്തു , അങ്ങനെ വിവാഹം കഴിഞ്ഞ് ഇപ്പോൾ അവർ മധുവിധു ആഘോഷത്തിലാണ്.
ഇതിൽ നിന്ന് നിങ്ങൾക്ക് എന്തു മനസ്സിലായി വിതച്ചതേ കൊയ്യൂ അല്ലേ , അലിക്കുഞ്ഞിന് ഇതിന്റെ വല്ല ആവശ്യമുണ്ടാരുന്നോ , പണം കൈയ്യിൽ വന്നപ്പോ അയാൾ കഴിഞ്ഞതൊക്കെ സൗകര്യപൂർവ്വം വിസ്മരിച്ചു . എത്രയൊക്കെ നാം ഉയരത്തിലെത്തിയാലും കഴിഞ്ഞ കാലം മറന്നു ജീവിക്കരുത് . അത് നമ്മെ നാശത്തിലേക്ക്‌ നയിക്കും

വിധി,,,,,,


വിധി,,,,,,
അവൻ അമീർ... ചെക്കൻമാരുടെ കൈയ്യിലുള്ള എല്ലാ തരികിടകളും അവന്റെ കയ്യിലുമുണ്ട് . സ്ക്കൂൾ തലം മുതലേ അവന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത ഒരു കുതിരയെ പോലെ പാഞ്ഞു കൊണ്ടേ ഇരുന്നു . ഓരോ കൊല്ലവും ഓരോ പെൺകുട്ടികളോടാണ് അവന് പ്രണയം തോന്നുക.തെറ്റു പറയരുതല്ലോ ഒരാളോടുപോലും അത് തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല
അവന്റെ അയൽപക്കത്തു താമസിക്കുന്ന കുട്ടിയാണ് ഷാഹിന . അവനെക്കാളും 2 വയസ്സ് ഇളയത് . പക്ഷേ അവൾക്ക് അമീറിനെ ജീവനാണ് . അവനാകട്ടെ ഓരോ തവണയും പ്രണയം തോന്നുന്ന പെണ്ണിന്റെ അടുക്കലേക്ക് ദൂതുമായി പറഞ്ഞയക്കുന്നത് അവളെയാണ് , അതു കൊണ്ട് തന്നെ ആ പെൺകുട്ടികളാരും അവന്റെ പ്രണയം അറിഞ്ഞതേയില്ല.
സഹിക്കെട്ട് ഷാഹിന ഒന്നു തീരുമാനിച്ചു . തന്റെ പ്രണയം അവനെ അറിയിക്കണം, അങ്ങനെ ഇരിക്കെ ഇന്ത്യ Vs പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ച് നടക്കുന്ന ദിവസം ടി വി യിൽ Live കാണിക്കുന്നുണ്ട് , അമീറിന്റെ വീട്ടിൽ ടി വി ഇല്ല , ഒരു സാധാരണ യാഥാസ്ഥിതിക കുടുംബമാണ് അമീറിന്റെ, ഷാഹിനായുടെ വീട്ടിലാണ് അവൻ ടിവി കാണാൻ പോകുന്നത് , അവിടെ ഷാഹിനാക്ക് ഒരു സഹോദരൻ കൂടി ഉണ്ട് , അമീർ അവന്റെ ചങ്ങാതി ആണ്. ഷാഹിനാടെ കുടുംബം നല്ല സാമ്പത്തിക ശേഷിയുള്ള കൂട്ടരാണ്.
അങ്ങനെ Match നടക്കുന്ന ദിവസം അമീർ ഷാഹിനയുടെ വീട്ടിൽ എത്തി . ഷാഹിനായും സഹോദരനും അമീറും ഒരുമിച്ചിരുന്നു ടി വി കാണുകയായിരുന്നു . ഇടക്ക് വച്ച് സഹോദരൻ എന്തോ ആവശ്യത്തിന് മുറിയിലേക്ക് പോയ തക്കത്തിന് , അവൾ ഒരു കുസൃതി ഒപ്പിച്ചു , അമീറിന്റെ അടുക്കൽ ചെന്നു , അവന്റെ കവിളിൽ ഒരു മുത്തം നൽകി ഓടി മറഞ്ഞു , എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ അവന് ഒരു നിമിഷം വേണ്ടി വന്നു . ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു അത് ....
പിന്നീട് അവരുടെ പ്രണയം ഒരു മഴക്കാലം പോലെ പെയ്തു കൊണ്ടേയിരുന്നു , 2 വർഷം പോയത് അവർ അറിഞ്ഞില്ല, വീട്ടിലെ ബുദ്ധിമുട്ടും സഹോദരിയുടെ വിവാഹവും അവനെ പ്രവാസ ജീവിതത്തിലേക്ക് നയിച്ചു, മനസ്സില്ലാമനസോടെ തന്റെ പ്രണയിനിയെ വിട്ട് അവൻ ദുബായിലേക്ക് പറന്നു, നിറകണ്ണൂകളോടെ ഷാഹിന അവനെ യാത്രയാക്കി , 3 വർഷത്തെ കോൺട്രാക്ക്ട് വിസാ ആയിരുന്നു , പിന്നീടുള്ള പ്രണയം Net കാളിംഗ് ലൂടെയും ചാറ്റിങ്ങിലൂടെയും കടന്നു പോയി .
ഒരു വർഷം കഴിഞ്ഞപ്പോഴാണ് , പെട്ടെന്ന് ഒരു ദിവസം ഷാഹിനായുടെ തുരു തുരെ യുള്ള മിസ് കോൾ കേട്ടാണ് അവൻ ഉണർന്നത് , വാപ്പാ തന്റെ വിവാഹം തീരുമാനിച്ചു എന്ന നടുക്കുന്ന വിവരം അവന്റെ സകല സന്തോഷവും തകർക്കുന്നതായിരുന്നു 3 വർഷത്തെ വിസ ആയതു കൊണ്ട് അവന് നാട്ടിൽ എത്തിപ്പെടാൻ കഴിയുമായിരുന്നില്ല .
എന്തും വരട്ടെ എന്നു കരുതി അവൻ അവളുടെ വാപ്പായെ ഫോണിൽ വിളിച്ചു , ഷാഹിനായെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിച്ചു തരണമെന്നും അപേക്ഷിച്ചു , പക്ഷേ അയ്യാൾ അവന്റെ വാക്കുകൾ പുച്ഛിച്ചു തള്ളി. എന്റെ മകളെ കെട്ടാൻ എന്തു യോഗ്യതയാണ് നിനക്ക് ഉള്ളതെന്നു പറഞ്ഞ് അയാൾ ഫോൺ കട്ടു ചെയ്തു .
പിന്നീടുള്ള നടപടികളൊക്കെ വേഗമായിരുന്നു , അവളുടെ എതിർപ്പിനെ വകവെക്കാതെ , അവളെ മറ്റൊരുവന് വിവാഹം ചെയ്തു കൊടുത്തു , നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും ഉപേക്ഷിച്ച് അവൾ മണിയറയിലേയ്ക്ക് വലതുകാൻ വച്ചു കയറി .
2 മാസം കഴിഞ്ഞു, പുതുമോടി കഴിഞ്ഞു തുടങ്ങിയപ്പോൾ ചോദ്യങ്ങൾ വരാൻ തുടങ്ങി ,
വിശേഷം ഒന്നും ആയില്ലേന്നു് , കേട്ടു മതിയായപ്പോൾ അവർ ഒരു ഡോക്ടറെ കാണാൻ തിരുമാനിച്ചു , പരിശോധന കഴിഞ്ഞ് ഡോക്ടർ വിധി എഴുതി , ഷാഹിനക്ക് കുട്ടികൾ ഉണ്ടാകില്ലത്രേ , 2 മാസം നീണ്ടു നിന്ന വിവാഹ ജീവിതത്തിന് അവിടെ തിരശീല വീണു.
ഭർത്താവ് മൊഴി ചൊല്ലിയ അവൾ തിരികെ തന്റെ വീട്ടിലേക്ക് പോന്നു.
3 വർഷങ്ങൾക്ക് ശേഷം അമീറ് നാട്ടിൽ തിരിച്ചെത്തി , അതു വരെ ഷാഹിനാ യെ കുറിച്ച് ഒരു വിവരവും അവന് കിട്ടിയിരുന്നില്ല , നാട്ടിൽ എത്തിയപ്പോൾ അവൻ അവളെ കുറിച്ച് തിരക്കി , അപ്പോഴാണ് അവൻ വിവരങ്ങൾ അറിയുന്നത് , പിന്നെ ഒരു തീരുമാനമെടുക്കാൻ അവന് താമസം ഉണ്ടായില്ല , നേരേ അവളുടെ വീട്ടിൽ എത്തി വാപ്പായോട് വീണ്ടും അപേക്ഷിച്ചു , മകളെ തനിക്ക് നൽകണമെന്ന് .
ഇത്തവണ ആ വ്യദ്ധൻ തൊഴുകൈയ്യോടെ അവനെ സ്വീകരിച്ചു , ചെയ്തു പോയ തെറ്റിന് മാപ്പിരന്നു , തന്റെ മകൾക്ക് ഒരു ജീവിതം നൽകിയതിന് ഒരു പാട് നന്ദി പറഞ്ഞു .
അങ്ങനെ ഷാഹിന അമീറിന്റെ ബീവിയായി , കുട്ടികളില്ലാത്തതിന്റെ സങ്കടം ഷാഹിന പറയുബോൾ അവൻ പറയും , എനിക്ക് മകളായ് നീയും , നിനക്ക് മകനായ് ഞാനുമില്ലേ മുത്തേന്നു് ,,,,,
പ്രണയം അങ്ങനെയാണ് , വിധിച്ചിട്ടുണ്ടേൽ അത് തേടി വരും എത്ര കാലം കഴിഞ്ഞാലും
ശുഭം.....

അവൾ മീര .....


അവൾ മീര .....
ഓർമ്മവെച്ച നാൾ മുതൽ ആ വീട്ടിൽ ഒരു അധികപറ്റായിരുന്നു അവൾ. എന്തിനും ഏതിനും ശകാരമായിരുന്നു അവൾക്ക് ലഭിച്ചിരുന്നത് . ആ വീട്ടിലെ ആരും തന്നെ അവൾക്ക് സ്നേഹത്തോടെ ഒരു നോട്ടമോ വാക്കോ നൽകിയിരുന്നില്ല . അശ്രീകരമെന്നും നിഷേധിയെന്നും ശാപം പിടിച്ചവളെന്നും കേട്ട് കേട്ട് അവൾ തന്റെ പേരു പോലും മറന്നിരുന്നു.
മുന്തിയ തറവാട്ടിലെ അംഗമായിരുന്നു മീര . അച്ഛൻ, അമ്മ, ചേട്ടൻ, ഏട്ടത്തിയമ്മ, ചേച്ചി, ചേട്ടന്റെ കുട്ടികൾ ഇത്ര പേരടങ്ങുന്ന കുടുംബമായിരുന്നു അവളുടെത് . ചേട്ടനും ചേച്ചിയും അവളെക്കാൾ കുറച്ച് മുതിർന്നവരാണ്. രണ്ട് കുട്ടികൾ ആയതിന് ശേഷം വേറേ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ച് മീരയുടെ അമ്മ പ്രസവം നിർത്തിയിരുന്നു. പക്ഷേ ദൈവനിശ്ചയം മീര ജനിക്കണമെന്ന് തന്നെ ആയിരുന്നു . ദൈവനിശ്ചയത്തിന് മുന്നിൽ ശാസ്ത്രം തോറ്റു പോയി . അവർ വീണ്ടും ഗർഭിണിയായി . വിവരം അറിഞ്ഞപ്പോഴേക്കും അലസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായി . മനസ്സില്ലാ മനസ്സോടെയാണ് അവർ മീരക്ക് ജൻമം നൽകിയത് . അതു കൊണ്ട് തന്നെ ചെറുപ്പത്തിൽ യാതൊരുവിധ പരിചരണവും അവൾക്ക് കിട്ടിയിരുന്നില്ല. എന്തിന് മുലപ്പാൽ പോലും അവൾക്ക് അവർ നിഷേധിച്ചു.
വീട്ടിൽ പുറംപണിക്ക് അമ്മയെ സഹായിക്കാൻ വരുന്ന ജാനകി ചേച്ചിയാണ് അവൾക്ക് ആഹാരം കൊടുക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നത്. അവളുടെ സഹോദരങ്ങളാകട്ടെ ഇങ്ങനെ ഒരു സഹോദരി തങ്ങൾക്ക് ഉണ്ടെന്ന ഭാവമേ ഉണ്ടാരുന്നില്ല. അച്ഛൻ അവളെ ഒന്നു നോക്കാറു പോലുമില്ല. നല്ല ഭക്ഷണമോ വസ്ത്രമോ മറ്റു വസ്തുക്കളോ അവൾക്ക് കിട്ടിയിരുന്നില്ല . ചേച്ചി ഉപയോഗിച്ച് ഉപേക്ഷിച്ച പല സാധനങ്ങളാണ് അവർക്ക് കിട്ടിയിരുന്നത് .
മുതിർന്നപ്പോൾ ഒരിക്കൽ അവൾ ജാനകി ചേച്ചിയോട് ചോദിച്ചു . എന്തുകൊണ്ടാണ് തന്നോട് എല്ലാവരും ഇങ്ങനെ പെരുമാറുന്നതെന്നു് . ചേച്ചി പറഞ്ഞാണ് അവൾ ആ സത്യം മനസ്സിലാക്കിയത് . അവളുടെ ജനനസമയത്ത് ഏതോ ഒരു ജ്യോത്സ്യൻ പ്രവചിച്ചു വത്രേ . അവൾ അപശകുനമാണെന്ന് . കുടുംബത്തിലുള്ള പുരുഷൻമാർക്ക് ആപത്തുണ്ടാകുമെന്ന് . അവളുടെ ജനന ശേഷം അച്ഛനുണ്ടായ നെഞ്ചു വേദനയും അവൾ വളർന്ന ശേഷം ഏട്ടനുണ്ടായ ബൈക്ക് ആക്സിടന്ററും എല്ലാം പാവം അവളുടെ തലയിൽ ആയി. അങ്ങനെയാണ് അവൾ ആ വീട്ടിൽ ഒരു അധിക പറ്റായത്. അവളുടെ വിദ്യാഭ്യാസം പോലും അവർ നിഷേധിച്ചു പ്ലസ് ടുവിൽ ഉയർന്ന മാർക്ക് വാങ്ങി പാസായിട്ടും തുടർന്ന് പഠിക്കാൻ അവൾക്ക് യോഗ മുണ്ടായില്ല.
അങ്ങനെ ഇരിക്കെയാണ് മീരയുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നത് . വിവാഹത്തിൽ നിന്നും അവളെ മാറ്റി നിർത്താൻ പോലും അവർ ആലോചിച്ചു . പക്ഷേ നാട്ടുകാർ ചിലരുടെ മുറുമുറുപ്പ് ഭയന്ന് അവസാനം ആ ശ്രമം അവർ ഉപേക്ഷിച്ചു . കല്യാണത്തിന് മണ്ഡപത്തിന്റെ ഏഴ് അയലത്ത് കണ്ടു പോകരുതെന്ന് എല്ലാവരും അവളെ വിലക്കി. അങ്ങനെ അവൾ കലവറയുടെ പിന്നിൽ ഒതുങ്ങി കൂടി . എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല . ഈ സമയത്താണ് സുധി അവിടെ എത്തിയതും അവൻ അവളെ കാണുന്നതും . സുധിയുടെ അമ്മാവനാണ് കല്യാണത്തിന് ഭക്ഷണത്തിന്റെ ചുമതല . ഇടക്ക് അവൻ അമ്മാവന്റെ ഒപ്പം സഹായിയായി പോകാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആണ് സുധി . വർഷങ്ങൾ ക്കൊണ്ട് പി എസ് സി പരിക്ഷ എഴുതി ഗവൺമെന്റ് ജോലിക്കായി കാത്തിരിക്കുകയാണ് .
മീരയെ കണ്ടപ്പോൾ തന്നെ അവന് എന്തോ പന്തികേട് തോന്നി . അങ്ങനെയാണ് അവളെ കുറിച്ച് അവൻ അന്വോഷിച്ചത് . കഥകളൊക്കെ കേട്ടപ്പോൾ അവന് അവളോട് സഹതാപം തോന്നി . അത് പതിയെ ഇഷ്ടത്തിലേക്ക് വഴിമാറി .
തിരികെ വീട്ടിൽ എത്തിയിട്ടും സുധിയുടെ മനസ്സിൽ നിന്ന് മീരയുടെ മുഖം മായുന്നേയില്ല . പിന്നീട് അവളുടെ വീടിന്നരികിൽ അവളെ ഒരു നോക്ക് കാണാനായി അവൻ പല വട്ടം പോയി . പക്ഷേ നിരാശയായിരുന്നു ഫലം . ദിവസം ചെല്ലുന്തോറും മീര അവന്റെ സിരകളിൽ പ്രാണവായു പോലെ അലിഞ്ഞു ചേർന്നു. പിന്നീട് ഒന്നും അവൻ ചിന്തിച്ചില്ല . തന്റെ വീട്ടിൽ അവൻ മീരയുടെ കാര്യം അവതരിപ്പിച്ചു . അമ്മയും അമ്മാവൻമാരും ആദ്യം എതിർത്തെങ്കിലും പിന്നിട് അവർ അവനെ അനുകൂലിച്ചു . അങ്ങനെ അവന്റെ അമ്മാവൻ മുഖേന കല്യാണാലോചന മീരയുടെ വീട്ടിലുമെത്തി .
സ്ത്രീധനമായി ഒരു ചില്ലികാശോ പൊന്നോ ഒന്നും തരില്ല . അങ്ങനെ ആണേൽ മാത്രം വിവാഹം നടത്തി തരാമെന്നാരുന്നു മീരയുടെ വീട്ടുകാരുടെ പ്രതികരണം . താൻ സ്നേഹിച്ചത് മീരയെ ണെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു . അങ്ങനെ ഒരു ആർഭാടവുമില്ലാതെ വിവാഹം നടന്നു . മീര സുധിയുടെ വധുവായി അവന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചു ..
അത് ഒരു രണ്ടാം ജൻമമായാണ് അവൾക്ക് തോന്നിയത് . സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഭർത്താവ് , മകളെ പോലെ തന്നെ സ്നേഹിക്കുന്ന അമ്മ , ഏട്ടത്തി എന്നു വിളിച്ച് പിന്നാലെ നടക്കുന്ന കുഞ്ഞിപെങ്ങൾ അങ്ങനെ ആ വീട് ഒരു സ്വർഗ്ഗമായി അവൾക്ക് തോന്നി .
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ സുധിക്ക് ഗവൺമെന്റ് ജോലിക്കുള്ള അപ്പോന്റ് മെന്റ് ലറ്റർ വന്നു. അതോടെ ആ വീട്ടിലെ സന്തോഷം ഇരട്ടിയായി . എല്ലാം എന്റെ മരുമകളുടെ ഭാഗ്യമാണെന്ന സുധിയുടെ അമ്മയുടെ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞു പോയി . ശാപം മാത്രമായിരുന്നു താൻ എന്നും സ്വന്തം കുടുംബത്തിൽ എന്നാൽ ഇപ്പോൾ മറ്റൊരു കുടുംബത്തിന്റെ ഭാഗ്യമായി മാറിയിരിക്കുന്നു . അവൾ ഈശ്വരനോട് നന്ദി പറഞ്ഞു.
അന്നു രാത്രി സുധിയുടെ നെഞ്ചിൽ തല ചായ്ച്ച് കിടന്നപ്പോൾ അവൾ തന്റെ നന്ദിയും കടപ്പാടും അവനെ അറിയിച്ചു. രണ്ടു കരങ്ങൾ കൊണ്ട് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ചുംബനം നൽകി അവൻ പറഞ്ഞു. നീയാണ് എന്റെ സ്വത്ത് , നീയാണ് എന്റെ ഭാഗ്യം എന്നും എപ്പോഴും എന്നരികിൽ നീ ഉണ്ടാവണം . അതാണ് എന്റെ സ്വപ്നവും . രണ്ടു തുള്ളി കണ്ണുനീരുകൊണ്ട് അവൾ ആ ജൻമം അനുഭവിച്ച ദുഃഖങ്ങൾക്ക് എന്നെന്നേക്കുമായി വിട നൽകി .......
ശുഭം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo