നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നേരം കൊല്ലികൾ .....


നേരം കൊല്ലികൾ .....
കേശൂ ടാ കേശു .. ഒന്നിറങ്ങി വാടാ പുറത്തേക്ക്.. അടഞ്ഞുകിടക്കുന്ന വാതിലിൽ നോക്കി നാണു വിളിച്ചു ...
ഓ .. ആരാ അവിടെ ?? അകത്തുനിന്ന് കേശുവിന്റെ ശബ്ദം പുറത്തേക്ക് വന്നു ...
ഞാനാടാ നാണു .....
ഹോ നാണുവോ ... ഞാൻ ദാ വരണൂ . വാതിൽ തുറന്ന് കേശു പുറത്തേക്ക് വന്നു .
എന്താടാ അതിരാവിലെ കിടന്നു തൊള്ളതുറക്കുന്നത് ?
അതിരാവിലെയോ എടാ 8 മണി ആയി നിനക്ക് ഇപ്പോഴാന്നോ നേരം വെളുത്തത് ? നാണു കളിയാക്കി ചോദിച്ചു .
ഹോ ... അതോ .. ഇന്നലെ രാത്രി കുമാരന്റെ കൂടെ മീൻ പിടിക്കാൻ പോയി അതാ എഴുന്നേൽക്കാൻ വൈകിയത് .. നീ എന്തിനാ വിളിച്ചത് കാര്യം പറ .
ഹോ... അതേ ആ സുകുമാരൻ നായരുടെ മകളില്ലേ മീനാക്ഷി ?
ഏത് ആ കോളേജിൽ പഠിക്കണപെണ്ണോ ?
ഹാ അതു തന്നെ . അവൾ ഇന്നു രാവിലെ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ....
സത്യാണോടാ നാണു നീയീ പറയണത് ? എനിക്കപ്പോഴേ തോന്നിയതാ ആ പെണ്ണിന്റെ മട്ടും ഭാവവും കാണണായിരുന്നു . നമ്മളെയൊക്കെ വെറും പുച്ഛമായിരുന്നില്ലേ അവൾക്ക് . ഒരു വലിയ സുന്ദരിക്കോത . ആരോടും മിണ്ടില്ല . നിലത്തു നോക്കിയേ നടക്കൂ . അവസാനം ഒരു ഓട്ടോക്കാരനെയാണോ അവക്ക് കിട്ടീത് .
പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്നല്ലേ കേശൂ പറയണത് നാണു കളിയാക്കി പറഞ്ഞു .
വന്നേ നമുക്ക് അത്രേടം വരെ ഒന്നു പോവാം .
അതു ശരിയാ എന്താ നടക്കുന്നതെന്ന് അറിയാല്ലോ? ഞാൻ ഇപ്പോ വരാം ഈ മുണ്ടൊന്ന് മാറി ഉടുക്കട്ടേ . കേശു അകത്തേക്ക് പോയി .
എടീ ശാന്തേ ... ടീ ഈ പണ്ടാരം എവിടെ പോയി കിടക്കുന്നു ? കേശു മുണ്ട് മാറുന്നതിനിടയിൽ ഭാര്യയെ വിളിച്ചു .
എന്താ മനുഷ്യാ നിങ്ങള് കിടന്ന് തൊള്ള തുറക്കുന്നത് ? ഞാൻ ഇവിടെ പിന്നാംപുറത്തുണ്ട് . നിങ്ങള് കാര്യം പറ ശാന്ത ഒച്ചയെടുത്തു .
ടീ നമ്മുടെ സുകുമാരൻ നായരുടെ മകൾ മീനാക്ഷിയില്ലേ അവൾ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ...
ഏത് ആ സുന്ദരിക്കോതയോ ? അവളുടെ മട്ടും ഭാവവും കണ്ടാൽ പറയില്ലല്ലോ ഇത്രേം വലിയ ഒരു കള്ളത്തരം ഒളിപ്പിച്ചാ നല്ലപിള്ള ചമഞ്ഞ് നടന്നിരുന്നതെന്ന് ? ഹോ എന്തായിരുന്നു അവളുടെ അഹങ്കാരം .. ശാന്ത പിറുപിറുത്തു കൊണ്ട് വേലിക്കരികിലേക്ക് നടന്നു ...
എടീ സുമതീ ,, സുലോചനേ നിങ്ങളറിഞ്ഞോ?? അവൾ അടുത്ത വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു ...
ആ വീട്ടിന്റെ പിൻഭാഗത്തു നിന്ന് രണ്ട് സ്ത്രിരത്നങ്ങൾ പുറത്തേക്ക് വന്നു . എന്താ ശാന്തേച്ചീ എന്താ പ്രശ്നം? കൂട്ടത്തിൽ ചെറിയവൾ ചോദിച്ചു ....
സുലു .. നമ്മുടെ സുകുമാരൻ നായരുടെ മോളില്ല അവൾ ഒരു ഓട്ടോക്കാരന്റെ ഒപ്പം ഇന്നു രാവിലെ ഒളിച്ചോടീന്ന് .....
ഈശ്വരാ ... നേരാണോ ചേച്ചി ... അവൾ ആളു കൊള്ളാല്ലോ കണ്ടാൽ ഒരു പാവം .. പൂച്ചക്കുട്ടിയേ പോലെ ഇരുന്നിട്ട് ഇപ്പോ കലം ഉടച്ചുകളഞ്ഞല്ലോ ? എന്താ പെണ്ണിന്റെ ധൈര്യം . സുലോചന മൂക്കത്ത് വിരലു വെച്ചു ...
ഇത്രേയുമായപ്പോഴേക്കും കേശവൻ പുറത്തേക്ക് വന്നു .
ടീ ഞാനും നാണുവും കൂടി അത്രേടം വരെ ഒന്നു പേയേച്ചും വരാം . കേശു പോകാൻ ഒരുങ്ങി .
നിക്ക് മനുഷ്യാ ഞാനും വരുന്നു . ശാന്ത വേഗം അകത്തേക്ക് പോയി ഒരു മേൽമുണ്ട് എടുത്തുടുത്ത് പോകാൻ തയ്യാറായി .
എന്നാൽ ഞാനുമുണ്ട് കൂടെ ... സുമതിയും ശാന്തക്കൊപ്പം കൂടി . അങ്ങനെ അവർ സുകുമാരൻ നായരുടെ വീടു ലക്ഷ്യമാക്കി നടന്നു....
സ്ഥലത്തെ പ്രമാണിമാരിൽ ഒരാളാണ് സുകുമാരൻ നായർ. 2 മക്കൾ . മൂത്തത് മകൻ മനു ശങ്കർ വിദേശത്ത് ജോലി ചെയ്യുന്നു . ഇളയവൾ മീനാക്ഷി ഡിഗ്രിക്ക് പഠിക്കുന്നു . നായര് കൃഷിയും മറ്റുമായ് കുടുംബത്ത് തന്നെ . ഭാര്യ മാധവി അമ്മ . നാട്ടുകാർക്ക് പണത്തിന് ആവശ്യം വരുമ്പോഴോക്കെ നായര് പണം പലിശക്ക് കൊടുക്കുമായിരുന്നു . ക്രിത്യ സമയത്ത് പണം തിരികെ നൽകിയില്ലെങ്കിൽ പണയ പണ്ടം തിരിച്ചുകൊടുക്കില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ വെച്ച് കടം വാങ്ങിയവരെ അപമാനിക്കുകയും ചെയ്യുമായിരുന്നു . അതു കൊണ്ട് തന്നെ നാട്ടുകാർക്ക് അയാളോട് ഒരു ശത്രുത ഉടലെടുത്തിരുന്നു .
മകളുടെ ഒളിച്ചോട്ടക്കഥ അതു കൊണ്ട് തന്നെ നാട്ടിൽ ഒരു ചൂടൻ സംസാരവിഷയമായി . അറിഞ്ഞവർ അറിഞ്ഞവർ കഴിവിന്റെ പരമാവധി മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിച്ചു . അതു കൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് നാട്ടുകാർ മുഴുവനും കാര്യമറിഞ്ഞ് നായരുടെ വീടു ലക്ഷ്യമാക്കി നടന്നു .
നാണുവും കൂട്ടരും അകലെ നിന്നു തന്നെ കണ്ടു നായരുടെ വീട്ടിനു മുന്നിലെ ജനക്കൂട്ടം . അവരും പതിയെ ആ ജനക്കൂട്ടത്തിന്റെ ഭാഗമായി തീർന്നു .
സുകുമാരൻ നായർ വീട്ടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ മലർന്ന് കിടക്കുന്നുണ്ട് . ഒരു വിഷാദ ഭാവം അയാളുടെ മുഖത്ത് തങ്ങി നിൽക്കുന്നു . അകത്തുനിന്ന് മാധവി അമ്മയുടെ തേങ്ങിക്കരച്ചിലുകൾ കേൾക്കാം . സുമതിയും ശാന്തയും പതിയെ അടുക്കള ഭാഗത്തേക്ക് പോയി. നാണുവും കേശുവും ഉമ്മറത്ത് കൂട്ടം കൂടി നിന്ന ആളുകളുടെ അരികിലേക്ക് ചെന്നു.
ചായക്കടക്കാരൻ സുഗതൻ ചേട്ടൻ ചിലരോടായി കാര്യം വിവരിക്കുന്നുണ്ട്. കേശു സുഗതൻ ചേട്ടന്റെ അരികിലേക്ക് ചെന്നു .
ചേട്ടാ ... എന്താ സംഭവിച്ചത് ? ആരാ കണ്ടത് ? കേശു തിരക്കി ...
എടാ നമ്മുടെ കടയിൽ പാലു കൊണ്ടുവരുന്ന സുശീലനാ കണ്ടത് . അമ്പലത്തിൽ പോകാൻ ഇറങ്ങിയ പെണ്ണ് വഴിയിൽ വച്ച് ഒരു ഓട്ടോ യിൽ കയറി പോകുന്നത് അവൻ കണ്ടൂന്ന് . കടയിലേക്ക് പാലു കൊണ്ടുവരുന്ന വഴിയായിരുന്നു . കണ്ട പാതി അവൻ കടയിൽ വന്നു പറഞ്ഞു .
ഹോ എന്നാലും ആ പെൺകൊച്ചിന്റെ ഒരു ധൈര്യമേ . അല്ല ചേട്ടാ ഏത് ഓട്ടോകാരനാ ? സുശീലൻ ആളെ കണ്ടോ ? വല്ല മേത്തനോ നസ്രാണിയോ മറ്റോ ആണോ ?
അതറില്ല കേശു . അവൻ അവള് ഓട്ടോ യിൽ കയറുന്നതേ കണ്ടുള്ളൂ . ആരാ എന്താ എന്നൊന്നും അറിയില്ല. അല്ലെങ്കിലും അമ്പലത്തിൽ പോകുന്നേന് ഓട്ടോ യിൽ കയറുന്നതെന്തിനാ ? 15 മിനുറ്റ് നടത്തമല്ലേ ഉള്ളൂ . അപ്പോ ഇത് നിശ്ചയിച്ച് ഉറപ്പിച്ചിട്ട് പോയതു തന്നെയാ . വല്ല പണമോ പണ്ടമോ കൊണ്ടുപോയിട്ടുണ്ടോ എന്തോ .....
പാവം നായരുടെ കിടപ്പു കണ്ടോ ? മോള് പോയതറിഞ്ഞ് കിടന്ന കിടപ്പാ ഒരക്ഷരം മിണ്ടീട്ടില്ല . മാധവി ചേച്ചിയാണേൽ കരച്ചിലോട് കരച്ചിലാ . മക്കളിങ്ങനെ തുടങ്ങിയാൽ മാതാപിതാക്കൾ എന്തു ചെയ്യും ?
ഹാ ... അതും ശരിയാ . എത്ര പണമുണ്ടായിട്ടെന്താ പോയ മാനം തിരിച്ചു കിട്ടോ? കേശു ആത്മഗതം പറഞ്ഞു .
അറിഞ്ഞും കേട്ടും നായരുടെ വീട്ടിലേക്ക് ജനം ഒഴുകിയെത്തി . വരുന്നവരോടൊക്കെ തങ്ങളാലാവുന്ന വിധം പൊടിപ്പും തൊങ്ങലും വച്ച് സുഗതൻ ചേട്ടനും നാണുവും കേശുവും കഥ വിവരിച്ചുകൊണ്ടിരുന്നു . സ്ത്രികൾക്കിടയിൽ സുമതിയും ശാന്തയും അവരാൽ കഴിയും വിധം കഥ മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു .
പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ നായരുടെ വീടിനു മുന്നിൽ വന്നു നിന്നത് . അതിൽ നിന്ന് ഇറങ്ങിയവരെ കണ്ട് കൂടിനിന്ന ജനം അന്തംവിട്ട് പരസ്പരം നോക്കി .
ഓട്ടോറിക്ഷയിൽ നിന്ന് മീനാക്ഷിയും അവളുടെ തൊട്ടുപിന്നാലെ സുകുമാരൻ നായരുടെ അമ്മ ഭവാനി അമ്മയും പുറത്തേക്കിറങ്ങി . ഓട്ടോ കാശ് കൊടുത്ത് തിരിഞ്ഞു നോക്കുമ്പോഴാണ് വീട്ടിനു മുന്നിലെ ആൾക്കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത് .
അച്ഛമ്മേ ... വീട്ടിന് മുന്നിൽ എന്താ ഒരു ആൾക്കൂട്ടം മീനാക്ഷി സംശയത്തോടെ തിരക്കി .
ഈശ്വരാ ഇനി സുകുമാരനോ മാധവിക്കോ എന്തെങ്കിലും പറ്റിയോ .. ഭവാനിയമ്മ വേഗം വീടു ലക്ഷ്യമാക്കി നടന്നു പിന്നാലെ മീനാക്ഷിയും .
മോനേ സുകുമാരാ ... നിലവിളിച്ചു കൊണ്ട് ഭവാനിയമ്മ വീടിനുമ്മറത്തേക്ക് പ്രവേശിച്ചു .
അമ്മയുടെ നിലവിളി കേട്ട് സുകുമാരൻ നായർ ചാരുകസേരയിൽ നിന്ന് വേഗം എഴുന്നേറ്റു .
അമ്മേ ... നായർ അമ്മയ്ക്ക് അരികിലേക്ക് ചെന്നു
ഭവാനിയമ്മയുടെ കൂടെ മീനാക്ഷിയെ കണ്ട് നായർ അമ്പരന്നു . മോളെ നീ .. നായർ ചോദ്യഭാവത്തിൽ മകളെ നോക്കി .
മോനെ നിനക്കൊന്നും പറ്റീല്ലെ .. മാധവി എവിടെ? എന്താ ഇവിടെ ഒരു ആൾക്കൂട്ടം ? മോളെ മാധവീ ... ഭവാനി അകത്തേക്ക് നോക്കി വിളിച്ചു .
ഉമ്മറത്ത് സംസാരം കേട്ട് മാധവി പുറത്തേക്ക് വന്നു.
പുറത്ത് ഭവാനിയമ്മയേയും മീനാക്ഷിയേയും കണ്ട് മാധവി ഒന്നു അമ്പരന്നു . അവർ വേഗം മകളുടെ അരികിലേക്ക് ചെന്നു .
മോളെ നീ എവിടെയായിരുന്നു ഇത്രയും നേരം ? ഞങ്ങൾ എന്തുമാത്രം വിഷമിച്ചെന്നറിയോ ? മാധവി മകളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
അത് അമ്മേ ... ഞാൻ അമ്പലത്തിൽ പോകുന്ന വഴി അച്ഛമ്മയെ കണ്ടു. അച്ഛമ്മ ആശുപത്രിയിൽ പോകുകയായിരുന്നു . ഷുഗർ ടെസ്റ്റ് ചെയ്യാൻ . ഞാൻ നോക്കിയപ്പോ കൂടെ ആരുമില്ല . രാവിലെ തന്നെ ഭക്ഷണമൊന്നും കഴിക്കാതെ തനിച്ച് പോയാൽ വല്ല വയ്യാഴ്ക വന്നു പോയാൽ ആരും കൂടെയില്ലല്ലോ എന്നോർത്തപ്പോ ഞാനും അച്ഛമ്മയുടെ കൂടെ ആ ഓട്ടോറിക്ഷയിൽ കയറി പോയി . ഫോൺ എടുക്കാതെ പോയതുകൊണ്ടാ വിളിച്ചു പറയാതിരുന്നത് . അതും അല്ല അധികം വൈകിയൊന്നുമില്ലല്ലോ ? ഞാൻ ചിലപ്പൊഴോക്കെ ഇതുപോലെ വൈകാറുണ്ടല്ലോ കൂട്ടുകാരികളെ എങ്ങാനും കണ്ടാലും മറ്റും . ഇന്നെന്താ ഇത്ര പ്രതേകത . അതുപോലെ ഇതെന്താ വീടിനു മുന്നിൽ ഇത്രയും ജനക്കൂട്ടം . ഇവരൊക്കെ എന്താ ഇവിടെ ? മീനാക്ഷി പുറത്തേക്ക് നോക്കി ചോദിച്ചു.
ഉമ്മറത്തു നടക്കുന്ന സംഭവങ്ങൾ കണ്ടു ഒന്നും മിണ്ടാതെ നിൽക്കുകയാണ് പുറത്ത് കൂടിയ ജനങ്ങൾ . അവർ പരസ്പരം മുഖത്തേക്ക് നോക്കി . ചിലരുടെ ഒക്കെ നോട്ടം ചായക്കടക്കാരൻ സുഗതൻ ചേട്ടനിൽ ആണ് . പുള്ളിക്കാരന്റെ കടയിൽ നിന്നാണല്ലോ കഥയുടെ ആരംഭം . സുഗതൻ ചേട്ടനാണേൽ എന്തു ചെയ്യണമെന്നറിയാതെ നിലത്തേക്ക് മിഴികളൂന്നി നിൽക്കുന്നു.
സുകുമാരൻ നായർ കത്തുന്ന മിഴികളോടെ പുറത്തു നിൽക്കുന്ന ആളുകൾക്ക് നേരെ തിരിഞ്ഞു .
"ഏത് ചെറ്റയാടാ പറഞ്ഞത് എന്റെ മോള് ഒളിച്ചോടീന്ന് . ഏതവനാടാ കണ്ടത് അവൾ കാമുകന്റെ കൂടെ പോകുന്നത് . പറയെടാ നാറികളെ ... ഓരോരുത്തവൻമാര് എറങ്ങിക്കോളും മാനംമര്യാദയായിട്ട് ജീവിക്കുന്നവരെ നാറ്റിക്കാനായിട്ട് . നിന്റെയൊക്കെ കുടുംബത്താണ് ഇങ്ങനെ ഒക്കെ നടന്നതെങ്കിൽ നീയൊക്കെ ഇങ്ങനെ വിളിച്ചു കൂവി നടക്കുമോടാ . ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലേ . എന്റെ കയ്യിന്ന് കാശും വാങ്ങി എന്റെ കുടുംബത്തെ നാറ്റിക്കാൻ ഇറങ്ങിയേക്കുന്നു അലവലാതികൾ . നീയൊക്കെ ഇനി ഇങ്ങ് വാ കാശും ചോദിച്ചോണ്ട്. ഒറ്റ ഒരെണ്ണം ഈ പടി കടന്ന് വന്നേക്കരുത് . ഇപ്പോ എറങ്ങിക്കോണം എല്ലാവൻമാരും എന്റെ പറമ്പിന്ന് . ഒരെണ്ണത്തിനെ ഇവിടെ കണ്ടു പോയാൽ വെട്ടുകത്തി എടുക്കും ഞാൻ .
ഛീ എറങ്ങിനടാ എല്ലാം." സുകുമാരൻ നായർ ചീറി .
നിമിഷ നേരം കൊണ്ട് ജനക്കൂട്ടം നാലു വഴിക്കും ഓടി . അവിടം ആളൊഴിഞ്ഞ ഉത്സവ പറമ്പു പോലെയായി.
വാ അമ്മേ ... നമുക്ക് അകത്തേക്ക് പോകാം . ഭക്ഷണം ഒക്കെ കഴിച്ച് വൈകുന്നേരം അമ്മ തറവാട്ടിലേക്ക് പോയാൽ മതി . നായർ അമ്മയേയും വിളിച്ച് അകത്തേക്ക് പോയി പിന്നാലെ മീനാക്ഷിയും മാധവിയും
ശുഭം
ലിജിയ ഷാനവാസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot