കാറ്റു പറഞ്ഞത്.
വിജനമായ വീഥികയിൽ എങ്ങോട്ടു പോകണമെന്നറിയാതെ ,തെരുവു വിളക്കിനോട് ചേർന്നു നിന്ന് അയാൾ ഒരു സിഗരറ്റിന് തീ കൊടുത്തു.
തണുത്ത കാറ്റ് തൊട്ടുരുമ്മി കൊണ്ടു കടന്നു പോയപ്പോൾ. അയാൾ ആത്മഗതം പറഞ്ഞു.'ആരെങ്കിലും വരുമായിരിക്കും.'ആ രാത്രിയുടെ നിശബദ്ധതയെ കീറി മുറിച്ചു കൊണ്ട് ദൂരെയെവിടെ നിന്നോ ഒരു പാട്ടു കേട്ടു. ഇരുട്ടിന്റെ സന്തതികളിലാരോ ഒരാൾ കടന്നു വരുന്നു. അയാൾ ബാഗ് എടുത്തു ചുമലിൽ തൂക്കി.
അപരിചിതനായ ആ ചെറുപ്പക്കാരൻ, രണ്ടാമത്തെ സിനിമയും കഴിഞ്ഞു പാട്ടും പാടി നടന്നുവരുകയായിരുന്നു. വൈദ്യുതി വിളക്കിനോട് ചേർന്നു, പുറം തിരഞ്ഞു നിൽക്കുന്ന ഒരു അവൃക്തമായ രൂപം അവന്റെ കണ്ണിലുടക്കി. മുളം കാട്ടിലെ ഏതെങ്കിലും ആത്മാവായിരിക്കുമോ? ഭയം കൊണ്ട് ആ ചെറുപ്പക്കാരന്റെ കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടച്ചു. മുത്തശ്ശി പണ്ടുപദേശിച്ചു കൊടുത്ത ദൈവമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് വൈദ്യുതി വിളക്കിനു നേരെ നടന്നു ...
എരിഞ്ഞു തീരാറായ സിഗരറ്റ് കുറ്റി നിലത്തിട്ടു ചവിട്ടി കെടുത്തുന്നതിനിടയ്ക്ക് അയാൾ ചോദിച്ചു.
" ഏയ് ചെറുപ്പക്കാരാ, എണ്ണപ്പാടത്തേയ്ക്കുള്ള വഴിയേതാ? "
ആ ചോദ്യം കേട്ടു അവനല്പ്പം സമാധാനിച്ചു.
" ദേ കാണുന്ന വെട്ടുവഴി അവസാനിക്കുന്നത് എണ്ണപ്പാടത്താണ്."
ആ ചെറുപ്പക്കാരനോട് നന്ദി പറഞ്ഞു മുന്നോട്ടു നടക്കാൻ ഒരുങ്ങിയതും. അവൻ പുറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
" പോകുന്ന വഴിക്ക് ഒരു മുളം കാടു കാണും . അങ്ങോട്ടു പോകരുത് .ആ കാട് ആത്മാക്കളുടെ വിശ്രമസ്ഥലമാണ് . "
ആ ചെറുപ്പക്കാരന്റെ പാട്ട് ദൂരെ അകന്നുപ്പോയപ്പോൾ. അയാൾ ചിരിച്ചു കൊണ്ട് സഞ്ചരണം തുടർന്നു.
അനാദികാലം മുതൽക്ക് തന്നെ ആ പ്രവർഹ പാത തന്റെ വരവും, പ്രതീക്ഷിച്ചിരിക്കുകയാണന്ന് അയാൾക്കു തോന്നി. ചെമ്മൺ പാതയോരത്ത് വസന്തദ്രുമം ഇല പൊഴിച്ചു തുടങ്ങിയിരുന്നു. വഹന്തം മുളകളിൽ താരാട്ടുപാടുന്ന ശബ്ദം കാതുകളിൽ ആഴ്ന്നിറങ്ങി. വളരെ പെട്ടെന്നായിരുന്നു ഒരു ആതുളി കേട്ടത്.
" ആരാണ് നിങ്ങൾ ? എന്തിനിവിടെ വന്നു."
സ്തനനം കേട്ട ഭാഗത്തേയ്ക്ക് അയാൾ തല ചരിച്ചു.ഇരുട്ടിൽ അനുഗുപ്തപ്പെട്ട ചന്ദ്രിക കാർമേഘം നീങ്ങിയപ്പോൾ തല പുറത്തേയ്ക്കിട്ടു നോക്കി . ആ അരണ്ട വെളിച്ചത്തിൽ മുളം കാട്ടിലേയ്ക്കു നോക്കിയ അയാൾക്ക് തന്റെ കണ്ണുകൾക്കു മേലുള്ള വിസ്രബ്ധത നഷ്ട്ടപ്പെട്ടു പോയപ്പോലെ തോന്നി.
കാറ്റിലുലയുന്ന കുപ്പായം പോലെ മുളം തണ്ടിൽ ഉഞ്ഞാലാടുകയായിരുന്നു ആത്മാവ് '. വീണ്ടും ചോദ്യമാവർത്തിക്കുന്നത് കേട്ടപ്പോൾ മാത്രമായിരുന്നു. അയാൾക്ക് സ്ഥലകാലബോധമുദിച്ചത്.
"ഞാനൊരു പാവം എഴുത്തുകാരൻ, ഒരു സൂഹൃത്തിന് തിരക്കി വന്നതാണ്. ''
ജരാനരകൾ ബാധിച്ച് നിറം മങ്ങിയ ആ കണ്ണുകളിൽ വിലസനം തെളിയുന്നത്. ആ അരണ്ട വെളിച്ചത്തിലും അയാൾക്ക് കാണാമായിരുന്നു.
" എന്റെ കഥയെഴുതാമോ?"
ആത്മാവിന്റെ ചോദ്യം കേട്ടു. അയാളുടെ മനസ്സ് ഏതോ ഒരു പുസ്തകത്തെ തിരക്കി നടന്നു. കഥ കിട്ടാതെ അലഞ്ഞു നടന്ന ഒരെഴുത്തുകാരന് സഹായിച്ച പരാത്മാവിന്റെ കഥ. അയാൾ കഥ പറയാൻ അവശ്യപ്പെട്ടു. ആത്മാവ് കഥ പറഞ്ഞു തുടങ്ങി. ആവർത്തന വിരസത നിറഞ്ഞതും, കാലഹരണപ്പെട്ടതുമായ ഒരു കഥ..............
ലക്ഷ്യബോധമില്ലാതെ മനസ്സും ശരീരവും അലഞ്ഞു നടന്നു. അസുരഗണത്തിൽ ജനിച്ച പാഴ്ജന്മത്തിന്റെ നിയോഗമെന്താണ്? മനസ്സ് പലപ്പോഴായി സ്വയം ചോദിക്കും. ബോധമണ്ഡലം ആ ചോദ്യങ്ങളോട് സംവദിക്കാൻ നിന്നില്ല. സത്യത്തിനും, നീതിക്കും, വിപരീതമായി എന്തൊക്കയോ ചെയ്തു കൂട്ടി. അമ്മ കാലക്കേടിന് പഴിച്ചപ്പോൾ. അച്ഛൻ സ്വയം കുറ്റപ്പെടുത്തി ഇതുപോലെരു പുത്രന് ജന്മ്മം നലകിയതോർത്ത്.
ഇഷ്ട്ടപ്പെട്ടതെന്തും സ്വന്തമാക്കണം. അതൊരു വാശിയായിരുന്നു. അതിനിടെ മറ്റുള്ളവരുടെ വേദനകൾ കണ്ടില്ലെന്നു നടിച്ചു.' അവരുടെ നിലവിളി കേട്ട് സ്വയം ചിരിച്ചു. ഭ്രാന്തനെപ്പോലെ! കാട്ടി കൂട്ടിയ ഭ്രാന്തമായ പ്രകടനങ്ങൾ നാട്ടുകാരിൽ നിന്നു കേട്ടറിഞ്ഞ അച്ഛൻ, ഒരിക്കൽ എന്നോടു വന്നു പറഞ്ഞു.
" ഒരു നശിച്ച ജന്മമാണ് നിന്റെത് മരിച്ചാൽ നരക പ്രാപ്തിയെങ്കിലും ലഭിക്കാൻ. ഒരു പുണ്യപ്രവർത്തിയെങ്കിലും ചെയ്യു '. അല്ലെങ്കിൽ ഗതിയില്ലാത്ത ആത്മായീ അലഞ്ഞു തിരിയേണ്ടി വരും. "
അന്നു രാത്രി ഒരു പോള കണ്ണടച്ചില്ല. ചോരയും പഴുപ്പും നിറഞ്ഞ മനസ്സിലെ ദുഷിച്ച വൃണങ്ങളിൽ അച്ഛൻ പറഞ്ഞ വാക്കുകൾ കുത്തിനോവിച്ചു കൊണ്ടിരുന്നു.
ജീവിച്ചിരിക്കുന്നടത്തോളം കാലം ഏന്തെങ്കിലും നല്ല കാര്യം ചെയ്യാൻ മനസ്സ് അനുവധിക്കില്ല'. മരിച്ചു കഴിഞ്ഞാൽ ,തന്നെ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടാകുമോ? ആലോചിച്ചു ഒരു തീരുമാനമെടുത്തപ്പോൾ മനസ്സ് താത്ക്കാലത്തേയ്ക്കു ശാന്തമായി, നിദ്രയിലേയ്ക്ക് വീണു.
നേരം പുലർന്നു നേത്രദാനം;മഹാദാനം എന്നുയെഴുതി വച്ചിരിക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു, അകത്തേയ്ക്കു കയറി. കണ്ണ് ദാനം ചെയ്യാനുള്ള ഫോറം പൂരീപ്പിച്ച് ഡോക്ടർക്ക് നൽകി. അതു വാങ്ങി സൂക്ഷിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
" ഇരുട്ടു മാത്രം കണ്ടുകഴിയുന്ന ഒരാളെയെങ്കിലും വെളിച്ചത്തിന്റെ വഴിയിലേയ്ക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമല്ലോ? ഇതിലും വലിയൊരു പുണ്യപ്രവർത്തീ ഇനി നിങ്ങൾക്കു ചെയ്യാനില്ല."
ഡോക്ടറോട് നന്ദി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി.
വഴിയുടെ വിജനത ബൈക്കിന്റെ വേഗത വർദ്ധിപ്പിക്കാൻ എന്നെ നിർബന്ധിതനാക്കി. ഏതോ ഇടവഴിയിൽ നിന്ന് പാഞ്ഞു വന്ന ചരക്കു ലോറിയുടെ അടിയിലേയ്ക്ക് എന്റെ ഇരു ചക്രവാഹനം പാഞ്ഞുപ്പോയി...
ഇടുങ്ങിയ കുഴലിനകത്തൂ കൂടി ആരൊക്കയോ ,എന്റെ കൈകാലുകൾ ബന്ധിച്ച് വലിച്ചുകൊണ്ടു പോകുകയാണെന്നു തോന്നി. ഇരുട്ടിൽ ഒന്നും വ്യക്തമാകുന്നില്ല. പക്ഷേ എന്റെ ശരീരത്തിൽ മൂർച്ചയുള്ള ആയുധം വന്നു തറയ്ക്കുന്നതു മാത്രം ഞാൻ അറിയുന്നുണ്ടായിരുന്നു. അതോടെപ്പം പരിചിതമായ ഏതോ ഒരു പാട്ടിന്റെ വരികൾ എന്റെ ശ്രവണ കേന്ദ്രങ്ങൾ ആവാഹിച്ചു കൊണ്ടിരുന്നു.
'' കുത്തെടാ പിടിയെടാ ദൂതർകളെ, അവനെ കുന്തം കൊണ്ടുടിയെടാ ദൂതർകളെ. "
ബൂധകാലത്തേയ്ക്ക് യാത്രപ്പോയ ഓർമ്മകൾ. തിരികെയെത്തിയത് എന്നിൽ സംഭീതി പടർത്തി കൊണ്ടായിരുന്നു. ശിവഭക്തനായ മാർക്കണ്ഡേയനെ മരണത്തിലേയ്ക്കു കൂട്ടികൊണ്ടു പോകാൻ വന്ന ചിത്രഗുപ്തനും, കൂട്ടരും പാടുന്ന പാട്ട്. ആ തിരച്ചറിവാണ് എന്നെ ബോധ്യപ്പെടുത്തിയത് ഞാൻ മരിച്ചെന്ന സത്യം.
നായായും, നരിയായും, പുഴുവായും പര്യവശേഷിച്ച മനുഷ്യ ജന്മവും കഴിഞ്ഞു. ഇനിയൊരു പുനർഭവം ഉണ്ടാകില്ലയെന്ന ബോധമുൾകൊണ്ടു തന്നെ സകല ബന്ധങ്ങളുടെയും ചങ്ങലക്കണ്ണികൾ മുറിച്ചു മാറ്റി. തകർക്കാൻ കഴിയാത്ത ഇരുണ്ട തടവറയിലേയ്ക്കുള്ള യാത്രയിലാണ്. അഗാധങ്ങളായ വലിയ ഗർത്തങ്ങളിലേയ്ക്കും ,തിരിച്ചു കയറി വരാനാവാത്ത എണ്ണചട്ടിയിലേയ്ക്കും വീഴാൻ പോകുകയാണ്. മനസ്സ് പെരുമ്പറ കൊട്ടി ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു...........
" നിങ്ങൾ കേൾക്കുന്നുണ്ടോ?"
അയാൾ അമർത്തിയൊന്നു മൂളി. ആത്മാവ് വീണ്ടും കഥ നിർത്തിയിടത്തു നിന്നും തുടർന്നു .........
യമ കിങ്കരൻമാർ എന്നെ കെട്ടിവലിച്ച് ന്യായാധിപന്റെ മുന്നിൽ ഹാജരാക്കി.
" എന്തു വിഢീത്തരമാണ് ചെയ്തു വെച്ചിരിക്കുന്നത് ?"
യമധർമ്മന്റെ ചോദ്യം കേട്ടു. കിങ്കരൻമാർ മുഖത്തോട് മുഖം നോക്കി.
" ഇയാളുടെ പിന്നിൽ വണ്ടിയോടിച്ചു വന്നയാളെയാണു ആവശ്യം. ഉടൻ ഇയാളെ തിരിച്ചയക്കു ."
ബന്ധനങ്ങളുടെ കൈവിലങ്ങുകളിൽ നിന്നും ഞാൻ മോചിതനായി.ജീവൻ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തോട് ആശുപത്രിയിലേയ്ക്കു ചെന്നു.
രക്തപ്രസാദം കെട്ടുമങ്ങിയ പരുപരുത്ത മുഖം. കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികൾ. ചേതനയറ്റ ശരീരത്തിൽ ഈച്ചകൾ കടന്നു കയറി ആക്രമിക്കുന്നു. ആ പ്രേതത്തിൽ എങ്ങനെ സന്നിവേശിക്കും. വെറുപ്പും വേദനയും നുരഞ്ഞു പൊങ്ങി. തിരികെ കാലന്റെ വസതിയിലേയ്ക്കു നടന്നു.
മീശയും പിരിച്ച് പോത്തിന്റെ പുറത്തിരിക്കുന്ന കാലനേ ആദ്യമായി കാണുകയാണെന്നു വരെ എനിക്കു തോന്നി. കരഞ്ഞും കാലു പിടിച്ചും അപേക്ഷിച്ചു നോക്കി. സ്വർഗ്ഗവാതിൽ എനിക്കു വേണ്ടി തുറന്നു തരാൻ കേട്ടില്ല. അവസാനം ആട്ടിപുറത്താക്കുന്നതിനു മുമ്പ് യമധർമ്മൻ പറഞ്ഞു.
" നിങ്ങളുടെ മരണം ഇനിയും അമ്പതു വർഷങ്ങൾക്കു ശേഷം മാത്രമേ സംഭവിക്കു "
ആ ഭീമാകാരമായ വാതിലുകൾ എന്റെ മുമ്പിൽ കൊട്ടിയടക്കപ്പെട്ടു.
ആശുപത്രിയുടെ എല്ലാ മുറികളിലും കയറിയിറങ്ങി.ശരീരം കാണാതെ വന്നപ്പോൾ പരിഭ്രമിച്ച് വീട്ടിലേയ്ക്കോടി.അവിടെ കരിഞ്ഞു കത്തുന്ന ഒരു നിലവിളക്ക് മാത്രമേ എന്നെ വരവേൽക്കാൻ ഉണ്ടായിരുന്നുള്ളു. തൊടിയുടെ തെക്കേ മൂലയിൽ നിന്നും അവസാനത്തെ പുക ചുരുളും ഉയർന്നു പൊങ്ങുന്നുണ്ടായിരുന്നു. എനിക്കു ചേക്കേറാൻ അസ്ഥിപജ്ഞരം കൂടെ അവശേഷിപ്പിക്കാതെ ആ അഗ്നി എല്ലാം വിഴുങ്ങി കളഞ്ഞിരുന്നു.
ഏകാന്തതയുടെ നാല് വ്യാഴവട്ടം കഴിഞ്ഞു. മുളചില്ല കൊണ്ടു തീർത്ത ഈ സദനം വിട്ടു പുറത്തു കടക്കാൻ. ഇനിയും രണ്ടു സംവത്സരങ്ങൾ കാത്തിരിക്കണം.
വിലാപതോടും, വേദനയോടും ആത്മാവ് കഥ പറഞ്ഞു അവസാനിപ്പിച്ചു...........
നേരം പുലരാനുള്ള നാഴികമണി എവിടെയോ മുഴങ്ങിയതുകൊണ്ടാവണം, ആത്മാവ് അയാളോടു യാത്ര പറഞ്ഞു. പ്രകൃതി ഒരുക്കിവച്ച ആ ഇല്ലിമുളം കൂട്ടിലേയ്ക്ക്, കോടമഞ്ഞിൽ ലയിച്ചു ആത്മാവ് കയറിപ്പോയി.
എണ്ണപ്പാടം എന്ന ചെറു ഗ്രാമത്തിലെ മനു എന്ന സുഹൃത്തിനെ തിരക്കി വന്നതാണ്. അവന്റെ ചോർന്ന് ഒലിക്കുന്ന കൂരയിലിരുന്നു മൺകലം കൊണ്ട് മഴയെ പിടിക്കാൻ, രവിയുടെ കാല്പാദം പതിഞ്ഞ തസറാക്ക് കാണാൻ,മന്ദാരത്തിന്റെ ഇലകൾ കൊണ്ടു തുന്നിയ പുനർജനിയുടെ കൂട് കാണാൻ,പെരുവമ്പ റൂട്ടിലോടുന്ന ബസ്സിൽ കൂമ്മൻ കാവിൽ ചെന്നു വണ്ടിയിറങ്ങാൻ,അക്ബർ മിയാമൽഹാർ എന്ന ആ സാഹിത്യകാരന്റെ ഉദ്ദേശം. പക്ഷേ പാതി വഴിയിൽ വെച്ചു കണ്ട ആത്മാവ്, വളർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഖസാക്ക് എന്ന സ്വപ്നം തല്ലിതകർത്തു ..
ചെമ്മൺ പാതയിലൂടെ പിൻതിരിഞ്ഞു നടക്കുമ്പോൾ ആ കാറ്റു പറഞ്ഞ കഥ. അയാൾ മനസ്സിലേയ്ക്കു പകർത്തിയെഴുതുകയായിരുന്നു.
അങ്ങു അകലെ മൈലുകളപ്പുറത്തു രവിയുടെയും ,അള്ളപിച്ച മൊല്ലാക്കയുടെയും ആത്മാവ്, കൂമ്മൻ കാവിൽ അയാളുടെ വരവും പ്രതീക്ഷിച്ചു. കാത്തിരിപ്പുണ്ടായിരുന്നു.
*********************
മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക