Slider

#അമ്മ.....

0

#അമ്മ.....
സ്ക്കൂളിൽ അന്ന് ഉച്ചക്കഞ്ഞി ഇല്ല എന്നറിഞ്ഞപ്പോൾ മുതൽ അവൻ്റെ മനസ്സൊന്നു പതറി.... രാവിലെയും ഒന്നും കഴിച്ചിട്ടില്ല....സ്ക്കൂൾ ഇന്ന് ഉച്ചക്ക് വിടും എന്തു ചെയ്യും ? അമ്മ മരിച്ചതിനു ശേഷം ഇളയമ്മ വന്നതോടെ അവനെന്നും ദുരിതമായിരുന്നു.. അച്ഛനും ഇളയമ്മയും അനിയനും കൂടി ദൂരെയൊരു കല്ല്യാണത്തിന് പോയിരിക്കുകയാണ് പാവം അനിയനെങ്കിലും രക്ഷപ്പെട്ടല്ലോ ....
സ്ക്കൂൾ വിട്ട് അവൻ വീട്ടിലേക്കു നടന്നു ...
വീട്ടിൽ ഒന്നും ഉണ്ടാക്കാതെയാണ് ഇളയമ്മ പോയിരിക്കുന്നത്..ആ ചെറിയ കുട്ടി വിശന്നു പൊരിഞ്ഞു......അടുത്ത വീടുകളിലെങ്ങാനും ഭക്ഷണം ചോദിച്ചാൽ അച്ഛൻ്റെ കൈയ്യിൽ നിന്ന് അടി ഉറപ്പാണ്...
അവന് ചെറിയൊരു പ്രതീക്ഷ കൈവന്നു മോളിയാൻ്റിയുടെ വീട്ടിൽ പോവുക...
അമ്മയുടെ കൂട്ടുകാരിയാണ് മോളിയാൻ്റി അമ്മ പോയതിന് ശേഷം ചിലപ്പോഴൊക്കെ അവിടെ പോകാറുണ്ട്..വലിയ സ്നേഹമാണ് എപ്പോൾ പോയാലും ചായയും പലഹാരങ്ങളും തരും... നല്ല രുചിയാണ് അവിടത്തെ ഭക്ഷണത്തിന്...
പക്ഷേ കഴിക്കാനായിട്ടാണ് അവിടെ പോകുന്നതെന്നറിഞ്ഞാൽ മോളിയാൻ്റി എന്തു വിചാരിക്കും... ആദ്യം വേണ്ടാന്നു പറയണം അവൻ മനസ്സിൽ കരുതി.. മോളിയാൻ്റിയോട് പറയേണ്ട കൊച്ചു കൊച്ചു നുണകൾ അവൻ്റെ കുഞ്ഞു മനസ്സിൽ രൂപം കൊണ്ടു..
''എന്താ മോനേ സ്ക്കൂൾ നേരത്തേ വിട്ടോ?''
''അതേ ആൻ്റി ഉച്ചവരെയേ ക്ളാസുള്ളൂ...''
''അപ്പോ ബാഗ് എവിടെ കുട്ടാ...''
''ഞാൻ വീട്ടിൽ പോയി ബാഗ് അവിടെ വച്ച് ചോറും ഉണ്ടിട്ടാ വരുന്നേ....''
ആ കൊച്ചു കള്ളം മനസ്സിലാക്കാൻ മോളിയാൻ്റി എന്ന അമ്മക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല...മോളിയാൻ്റീടെ മുഖം വല്ലാതെയായി..
അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം അവന് മനസ്സിലായത്.... അവൻ തലതാഴ്ത്തി നിന്നു....
മോളിയാൻ്റി അവനെ ചേർത്തു പിടിച്ചു ...
അവൻ്റെ മിഴികൾ നിറഞ്ഞിരുന്നു....
ഒന്നും പറയാനാവാതെ അവൻ വിതുമ്പി ..
മോളിയാൻ്റി അവന് വയറു നിറയെ ആഹാരം കൊടുത്തു ......
അവൻ ഉണ്ണുന്നത് അവർ നിറകണ്ണുമായി നോക്കി നിന്നു....
തിരിച്ചു വീടെത്തിയ അവൻ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ഫോട്ടോ എടുത്ത് അതിൽ തന്നെ നോക്കിയിരുന്നു...
മോളിയാൻ്റിക്കും അമ്മക്കും ഒരേ മുഖമാണെന്ന് അവന് തോന്നി .....
കണ്ണുനീർ പോലും അവനോട് പിണങ്ങിയപോലെ പുറത്തേക്ക് ഒഴുകികൊണ്ടിരുന്നു.......
എപ്പോഴോ അവനൊന്ന് മയങ്ങി...
നിറമില്ലാത്ത അവൻ്റെ സ്വപ്നങ്ങളിൽ വിദൂരതയിലെവിടെയോ ചില നിറങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു......!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo