ദീപ്തി, അവള്‍ ഇന്ന് പതിവിലും സുന്ദരിയായികാണപ്പെട്ടു.
കുളികഴിഞ്ഞ് ഈറന്‍ മുടിപിന്നിലേക്കിട്ട് കണ്ണാടിയുടെ മുന്നിലിരുന്ന് സ്വന്തം സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവള്‍.
മേശപ്പുറത്ത് വെച്ച കുങ്കുമ ചെപ്പില്‍ നിന്നും ഭസ്മമെടുത്ത് അവള്‍ തന്റെ നനവാര്‍ന്ന നെറ്റിയില്‍ ഒരു കുറിതൊട്ടു. കുങ്കുമച്ചെപ്പില്‍ ഭസ്മം സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
എന്നും ചുവന്ന നിറം നെറ്റിയിലണിയാന്‍ ആഗ്രഹിച്ചവളായിരുന്നു അവള്.
ആ ചിന്തകള്‍ അവസാനിച്ചത് നന്ദന്റെ ഒാര്‍മ്മകളിലാണ്. അവയില്‍ പലതും കാലപ്രവാഹത്തില്‍ കുത്തിയൊലിച്ച് പോയിരിക്കുന്നു.
അഞ്ച് വര്‍ഷത്തെ ദാമ്പത്യം ഇരുപതുവര്‍ഷത്തെ വൈധവ്യം. മനുവിന് ഒന്നരവയസ്സുള്ളപ്പോഴാണ് നന്ദന്‍ മരിക്കുന്നത്. പെട്ടന്നുള്ള ഒറ്റപ്പെടലിനെ അവള്‍ അതിജീവിച്ചത്. മകനിലൂടെയായിരുന്നു.
ഒരു ഡോക്ടര്‍ ആയതുകൊണ്ട് ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വന്നില്ല.
മകന്റെ വിവാഹ ശേഷം അവനില്‍ നിന്നും അറിഞ്ഞുകൊണ്ടൊരു അകല്‍ച്ച...... അനിവാര്യമായ ഒരു അതിര്‍വരമ്പ്....
വേറെയൊന്നും കൊണ്ടല്ല, അവന്റെ ഏറ്റവും നല്ല സുഹൃത്ത് അവന്റെ ഭാര്യയാവണമെന്ന തിരിച്ചറിവ്.
പേരകുട്ടി സ്കൂളില്‍ പോകുന്നതുവരെ മകന്റെ കൂടെ വിദേശത്തായിരുന്നു അവള്‍. കൊച്ചുമകന്‍ സ്കൂളിലും മകനും ഭാര്യയും ജോലിക്കും പോയികഴിഞ്ഞാല്‍ ഫ്ലാറ്റിന്റെ നാലുചുവരുക്കള്‍ക്കുള്ളില് ഒറ്റയ്ക്ക്......വീണ്ടും നശിച്ച ഏകാന്തതയുടെ ദിനങ്ങള്‍.....
നാട്ടിലെത്തിയതും ഒരിക്കല്‍ ഊരിവെച്ച വെളുത്തകോട്ടും സ്റ്റെതസ്കോപ്പും വീണ്ടും എടുത്തണിഞ്ഞതും ഒറ്റപ്പെടലിലില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെ ഭാഗമായിരുന്നു.
പിടിവള്ളികളില്ലാതെ തുറന്നിട്ട ലോകത്ത് ഏകാകിയായി അവശേഷിക്കുമെന്ന് ബാല്യത്തിന്റെ ആഘോഷവേളില്‍ ഒരിക്കല്‍ പോലും അവള്‍ ചിന്തിച്ചുകാണില്ല.
സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖം വൈധവ്യമാണെന്ന് മനസ്സിലാക്കിയ നാളുകള്‍.
വീണ്ടും ഒരു പുനഃര്‍ വിവാഹത്തെ കുറിച്ചോ, കുടുംബജീവിതത്തെകുറിച്ചോ ആലോചിച്ചില്ല. സത്യം പറഞ്ഞാല്‍ അങ്ങനെ ഗൗരവമായ ഒരു ചോദ്യം ആരും തന്നെ ഇതുവരെ ചോദിച്ചില്ല.
പുരുഷന്റെ സാമിപ്യം, സ്നേഹത്തോടെയുള്ള ഒരു സ്പര്‍ശം. ജീവിതത്തിന്റെ അസ്തമയം വരെ അതാഗ്രഹിക്കാത്തവരായി ആരാണുള്ളത്.......?
മരിക്കുന്നുണ്ടെങ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ സുമഗലിയായി മരിക്കണം. അതായിരിക്കും ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്.
തലേന്ന് രാത്രി എപ്പോഴോ പെയ്ത മഴയില്‍ അടര്‍ന്നുവീണ വാസന്തി പൂക്കളുടെ ഗന്ധം കിടപ്പുമുറിയിലും അകത്തളത്തിലും ഒഴുകികൊണ്ടിരുന്നു. അതിന്റെ വശ്യമായ സുഗന്ധം വഹിച്ചുകൊണ്ടുവന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ എന്തോ തേടുന്നതുപോലെ തോന്നി.
അവളുടെ ഇടതൂര്‍ന്ന കൂന്തലിനെ അലങ്കരിക്കാന്‍ ഭാഗ്യമില്ലാതെ അവ മണ്ണിലലിഞ്ഞ് ആത്മാഹൂതിചെയ്തുകൊണ്ടിരുന്നു.
ജനലഴിയിലൂടെ വിദൂരതയില്‍ നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നതെയുണ്ടായിരുന്നുള്ളൂ. അത് രക്ത വര്‍ണ്ണത്തില്‍ ഒരു പൊട്ടുപോലെ കാണപ്പെട്ടു. അത് അവളുടെ നെറ്റിതടത്തിന് സമാന്തരമായി നിലയുറപ്പിച്ചു. പിന്നീടെപ്പോഴോ മാഞ്ഞുപോകുകയും ചെയ്തു.
(ദിനേനന്‍)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക