പ്രണയം
ജോസഫങ്കിൾ മരിച്ചു! ചേട്ടൻ അത് പറഞ്ഞതും എന്നിൽ ഒരു ചെറിയ ഞെട്ടൽ ഉണ്ടായി, എപ്പോൾ എന്ന് ചോദിക്കേണ്ട സ്ഥാനത്ത് ഞാൻ ചോദിച്ചത് ആന്റിയുടെ സ്ഥിതി എന്താ എന്നാണ്? കുറച്ചു ദിവസം മുൻപ് പോലും കണ്ടതാണ് രണ്ടുപേരെയും. അന്ന് അവർ പറഞ്ഞത് മകളുടെ കൂടെ താമസമാക്കാൻ പോവുകയാണ് എന്നാണ്. ജോസഫങ്കിൾ ആത്മഹത്യ ചെയ്തതാണ്. അത് എന്നിൽ കൂടുതൽ ഞെട്ടലാണ് ഉളവാക്കിയത്, ഈ പ്രായത്തിൽ ആത്മഹത്യ! എന്തിന്? നീ വരുന്നില്ലേ എന്ന് ചേട്ടൻ ചോദിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. ഇല്ല, എനിക്ക് കാണാനുള്ള ശക്തിയില്ല, നിങ്ങൾ പോയിട്ട് വരൂ. അദ്ദേഹം പോയതിനു ശേഷം ഞാൻ വീണ്ടും ചിന്തകളിലാണ്ടുപോയി. ഓർമ്മകൾ കുറച്ച് പിന്നിലേക്ക് പോയി.
ഞങ്ങൾ ഇവിടെ താമസത്തിനു വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല, പക്ഷെ ഈ ആന്റിയും അങ്കിളും തമ്മിലുള്ള സ്നേഹം ആദ്യ ദിവസങ്ങളിൽ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോയാൽ പിന്നെ വീട്ടിലെ പണികളൊക്കെ തീർത്ത് ഞാൻ ഷോപ്പിംഗിനായി ഇറങ്ങും, അങ്ങനെ ഒരു ദിവസം വീട്ടിൽ നിന്നും മാർക്കറ്റിലേക്കുള്ള റോഡിലൂടെ പോകുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്. അപ്പുറത്തെ വശത്തു നിന്നും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന വൃദ്ധ ദമ്പതികൾ. ജോസഫങ്കിൾ ആന്റിയുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്, വളരെ ശ്രദ്ധയോടെ ആന്റിയെയും കൊണ്ട് ഞാൻ നിൽക്കുന്ന വശത്തേക്ക് വന്നു. ഞാൻ അവരെ നോക്കി ചിരിച്ചു, അവർ ഇങ്ങോട്ടും. അവരും മാർക്കറ്റിലേക്കാണെന്നറിഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ കൂടി. മാർക്കറ്റിൽ എത്തുന്നതുവരെയും രണ്ടുപേരും വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു, തമാശകളും, നാട്ടുകാര്യങ്ങളും ഒക്കെ കൂട്ടത്തിൽ എന്നെപ്പറ്റിയും ചോദിച്ചു. ഞാൻ വിചാരിച്ചു ഈ കാലത്ത് എത്ര പേർ കാണും ഇതുപോലെ? മറ്റുള്ളവരോട് ഇതുപോലെ പെരുമാറുന്നവർ, വളരെ ചുരുക്കമാണ്, ഒന്നുകിൽ ആർക്കും സമയമില്ല, അല്ലെങ്കിൽ അവർ എന്തിനു എന്നോട് സംസാരിക്കുന്നു അവർ ആരാണ് എന്ന സംശയം! ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കാരണമാണ് അവർ അങ്ങനെ ആയിത്തീർന്നത്. ഞാൻ സാധങ്ങളൊക്കെ വാങ്ങി ബില്ലിന് കാശു കൊടുത്തിട്ടു നോക്കുമ്പോൾ അവരും ഇറങ്ങിക്കഴിഞ്ഞിരുന്നു, ആന്റിയെക്കൊണ്ട് ഒരു കവർ എടുക്കാൻപോലും അങ്കിൾ സമ്മതിക്കുന്നില്ല, ആന്റിയും വിട്ടുകൊടുക്കുന്നില്ല ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ രണ്ടുപേരും ചെറുതായി ഒന്ന് ചമ്മിയതുപോലെ തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ വളരെ അടുത്തു. എല്ലാ ആഘോഷങ്ങളും അവർ ആഘോഷിക്കുമായിരുന്നു, ആ സമയങ്ങളിൽ ഞാനും ചേട്ടനും അവരുടെ കൂടെ അവിടെ ഉണ്ടാകുമായിരുന്നു. ഒരു ദിവസം ആന്റിക്ക് ഒരു ചെറിയ ചുമയും ജലദോഷവും വന്ന സമയമായിരുന്നു, ഞാൻ ചെന്നപ്പോൾ ആന്റിക്ക് ആവി പിടിക്കാനുള്ള വെള്ളം ചൂടാക്കുകയാണ് അങ്കിൾ, ഞാൻ ചെയ്യാം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല, ഞാനുള്ളപ്പോൾ അവൾക്ക് ഞാൻ തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു, എനിക്കപ്പോൾ കൊച്ചുകുട്ടികൾ കാണിക്കുന്ന പിടിവാശിയാണ് ഓർമ്മവന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആന്റിക്ക് മരുന്നും കൊടുത്ത് ഉറങ്ങാൻ കിടത്തിയിട്ട് അങ്കിൾ എന്നെയും വിളിച്ച് ഹാളിലേക്ക് വന്നു, ഞാൻ ചോദിച്ചു അങ്കിളിന്റേത് അറേഞ്ച് മാരേജ് ആണോ? അല്ല പ്രേമ വിവാഹമായിരുന്നു എന്നും പറഞ്ഞു അങ്കിൾ എന്നോട് അവരുടെ കഥ പറഞ്ഞു.
സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു വിവാഹം തന്നെയായിരുന്നു അവരുടേത്(രണ്ടുപേരും രണ്ടു മതക്കാർ). പ്രണയത്തിനും രജിസ്റ്റർ വിവാഹത്തിനും ഒക്കെ അവർക്ക് കൂട്ടായി നിന്നിരുന്നത് അവരുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു. സുഹൃത്തക്കൾ എല്ലാവരും കൂടി ചേർന്നുതന്നെ അവർക്കൊരു വീടും ഏർപ്പാടാക്കി കൊടുത്തു, രണ്ടുപേരും ഡിഗ്രി ഹോൾഡേഴ്സ്, അതുകൊണ്ടുതന്നെ ഒരു ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് അവർ ഉറപ്പിച്ചിരുന്നു. പക്ഷെ അതൊക്കെ വെറും വൃഥാവാണെന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് മനസ്സിലായി. അപ്പോൾ കിട്ടുന്ന ജോലി എന്തും ചെയ്യാം എന്നരീതിയിലേക്ക് രണ്ടുപേരും എത്തിയിരുന്നു. അങ്കിളിന് ഒരു ട്യൂട്ടോറിയൽ കോളേജിൽ മലയാളം സബ്ജക്റ്റ് പഠിപ്പിക്കുന്ന ജോലി കിട്ടി, ആന്റിയും വീട്ടിൽ ട്യൂഷൻ എടുക്കാൻ തുടങ്ങിയിരുന്നു, ജീവിതം വളരെ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന സമയം. ആയിടയ്ക്ക് ആന്റി ഗർഭിണിയായി, പക്ഷെ ഏകദേശം മൂന്ന് മാസമായപ്പോൾ ഗർഭം അലസിപ്പോയി. അത് ഒന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോൾ രണ്ടുപേരും ഒരു വിശദമായ ചെക്കപ്പ് നടത്തി, ആന്റിയുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശക്തി ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. അന്നത്തെ കാലമായിരുന്നത് കൊണ്ട് തുടർ ചികിത്സ അത്ര എളുപ്പമായിരുന്നില്ല, പക്ഷെ അതിനൊന്നും അവരുടെ സ്നേഹത്തിനു ഒരു കുറവുണ്ടാക്കാൻ സാധിച്ചില്ല. രണ്ടുപേരും നല്ല രീതിയിൽ അദ്ധ്വാനിച്ചു, അവർ ആദ്യം വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയ വീട് തന്നെ അവർ വാങ്ങിച്ചു, അവസാനം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു, അത് പെൺകുഞ്ഞ് മതി എന്നതിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല, ആ കുഞ്ഞിനെ അവർ നല്ല രീതിയിൽ വളർത്തി, പഠിപ്പിച്ചു, കല്യാണവും കഴിപ്പിച്ചയച്ചു, അവൾ ഇപ്പോൾ സിറ്റിയിൽ താമസിക്കുകയാണ്. അച്ഛനേയും അമ്മയേയും അവൾ അങ്ങോട്ട് വിളിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ വന്നു താമസിക്കാൻ. അന്ന് അവസാനമായി വീട്ടിൽ ചെന്നപ്പോൾ അങ്കിൾ പറഞ്ഞത് അവർ മോളോടൊപ്പം താമസിക്കാൻ പോവുകയാണ് എന്നാണ് കാരണം ആന്റിക്ക് ഒട്ടും വയ്യ, എനിക്കെന്തെങ്കിലും പറ്റിയാൽ അവൾക്ക് ആരെങ്കിലും വേണം അത് പറയുമ്പോൾ അങ്കിളിന്റെ കണ്ണ് നിറഞ്ഞിരുന്നു.
കാളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ട് ഞാൻ വാതിൽ തുറന്നു നോക്കി. ചേട്ടനാണ്, മുഖമാകെ വാടിയിരിക്കുന്നു, പറയൂ എന്താ കാരണം അങ്കിൾ ഇങ്ങനെ ചെയ്യാൻ? അറിഞ്ഞോ? എനിക്ക് ആകാംക്ഷ അടക്കാനായില്ല.
അറിഞ്ഞു, അങ്കിളും ആന്റിയും മകളുടെ കൂടെ താമസത്തിനു പോയില്ലേ, അവിടെ ഒരു ദിവസം ആന്റി പടിയിൽ നിന്നും താഴേക്ക് വീണു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതയില്ലെന്നും അഥവാ വന്നാൽത്തന്നെ കോമാ സ്റ്റേജിൽ തന്നെയായിരിക്കും എന്ന് അറിഞ്ഞപ്പോൾ മുതൽ അങ്കിൾ വളരെ അസ്വസ്ഥനായിരുന്നു. അത് ഉൾക്കൊള്ളാൻ അങ്കിളിന് സാധിച്ചില്ല, ആന്റിയെ അങ്ങനെ കാണാനും ധൈര്യമില്ല, അങ്ങനെ വീടിന്റെ മുകളിൽ നിന്നും താഴേക്ക് എടുത്ത് ചാടി, മകളും മരുമകനും പുറത്തുപോയ സമയമായിരുന്നു. ആൾക്കാർ ഓടിക്കൂടി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആംബുലൻസിൽ വച്ച് തന്റെ മകളുടെ ഫോൺ നമ്പർ പോലും പറഞ്ഞുകൊടുത്തിട്ടാണ് അദ്ദേഹത്തിന്റെ ബോധം പോയത്, ആശുപത്രിയിൽ എത്തിച്ച് അധികം കഴിയും മുൻപ് മരിച്ചു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ചേട്ടന്റെ ഫോൺ റിങ് ചെയ്‌തു, എടുത്തപ്പോൾ അങ്കിളിന്റെ വീട്ടിൽ നിന്നാണ്, ആന്റിയും മരിച്ചു!..ശരിക്കും എനിക്ക് അത് കേട്ട സമയം ഒരു മനസ്സിൽ നിർവികാരതയായിരുന്നു. അങ്കിൾ തന്നെയാവും ആന്റിയെയും കൊണ്ടുപോയത്, താനില്ലാതെ അവൾ തനിയെ ഇവിടെ വേണ്ട എന്ന് കരുതിയിട്ടുണ്ടാവും.
By
Uma rajeev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക