Slider

ക്ലെപ്റ്റോമാനിയ

0

ക്ലെപ്റ്റോമാനിയ
***************************************************************
 ഏഴു നിലകള്‍ ഉള്ള നഗരത്തിലെ ശീതീകരിച്ച വലിയ ഷോപ്പിങ് മാള്‍.എസ്കലേറ്ററില്‍ മൂന്നാം നിലയില്‍ ഇറങ്ങി നികിത ഇലക്ട്രോണിക്ക്സ് വസ്തുക്കള്‍ വില്ക്കു ന്ന സ്റ്റാളിലേക്ക് നടന്നു.ജീന്സൂം ഷര്‍ട്ടും കഴുത്തിലൂടെ ചുറ്റിയിട്ട ഷാളും.
മാളില്‍ നല്ല തിരക്ക്.വലിയ എല്‍.ഇ.ഡി ടിവിയുടെ ഡിസ്പ്ലേയില്‍ ,നീല ജലത്തിലൂടെ കുതിച്ചു പായുന്ന ഒരു തിമിംഗലം.പുതിയ ഹിന്ദി സിനിമയിലെ ഗാനം,മാളിലെ മ്യൂസിക്ക് സിസ്റ്റത്തിലൂടെ എല്ലായിടത്തും പരക്കുന്നു.
നികിതയുടെ കണ്ണിലെ കൃഷ്ണമണികള്‍ വല്ലാതെ കറങ്ങുന്നുണ്ടായിരുന്നു.വേണ്ട എന്നും അപകടമാണ് എന്നും പറയുന്ന ഹൃദയത്തിലെ ഒരു ഭാഗം ഇപ്പോള്‍ തോറ്റു പിന്മാറിയ മട്ടുണ്ട്.
അവള്‍ സ്റ്റാളിലേക്ക് കയറി.എല്‍.ഇ.ഡി ഡിസ്പ്ലേയിലെ തിമിംഗലം പൊടുന്നനെ ഉയര്‍ന്നു വന്നു അവളെ ഒന്നു നോക്കി.മിടിക്കുന്ന കണ്ണുകള്‍ കൊണ്ട് നികിത അതിനെയും നോക്കി.മാളില്‍ നല്ല തണുപ്പുണ്ടായിരുന്നു.
നികിത യു.എസ്.ബി ഡ്രൈവുകള്‍ വച്ചിരിക്കുന്ന സ്റ്റാണ്ടിന് അരികിലേക്ക് ചെന്നു.എല്ലായിടത്തും ക്യാമറകള്‍ ഉണ്ട്.
“മാഡം ഏതാണ് നോക്കുന്നത്”?വെളുത്ത യൂണിഫോം അണിഞ്ഞ സ്റ്റാഫ് അടുത്തു വന്നു ചോദിക്കുനു.
“സാന്‍ഡിസ്ക് അറുപത്തിനാല് ജി.ബിയുടെ ഡിസ്ക് ഉണ്ടോ?”
“സ്റ്റോറില്‍ ഉണ്ട്.ഇപ്പോള്‍ കൊണ്ട് വരാം.മേഡം ഒന്നു വെയിറ്റ് ചെയ്യൂ.”
അയാള്‍ പോയപ്പോള്‍ നികിത ചുറ്റിനും നോക്കി.തിരക്കുണ്ട്.പക്ഷേ ആരും ആരെയും ശ്രദ്ധിക്കുന്നില്ല.അവള്‍ ഷാള്‍ എടുത്തു തല വഴി പുതച്ച് കൊണ്ട് അടുക്കി. വച്ച യു.എസ്.ബി പാക്കുകളില്‍ ഒന്നു പൊട്ടിച്ചു.ഇപ്പോള്‍ നെഞ്ചില്‍ എന്തോ ഒരു ഉന്മാദം തോന്നുന്നു.
ഒരു നിമിഷം കൊണ്ട് അവള്‍ ആ യു.എസ്.ബി ഡിസ്ക്ക് ജീന്സിന്റെ പോക്കറ്റിലേക്ക് വച്ചു.ഉള്ളിലേക്ക് ഒരു ഉന്മാദത്തിന്റെ വെള്ളച്ചാട്ടം .
അപ്പോഴേക്കും ഒരു കയ്യില്‍ അവള്‍ ആവശ്യപ്പെട്ട യു.എസ്.ബി ബ്രാണ്ടുമായി സ്റ്റാഫ് എത്തി.അവള്‍ അത് തിരയുന്നതായി ഭാവിച്ചു.പിന്നെ തൃപ്തി പോരാ എന്നു പറഞ്ഞു കൊണ്ട് ,മൊബൈല്‍ ഇയര്‍ ഫോണ്‍ വച്ചിരിക്കുന്ന സ്റ്റാണ്ടിലേക്ക് നടന്നു.
അല്പനേരം കഴിഞ്ഞു അവള്‍ പുറത്തു കടന്നു.തിരിച്ചു പോകാന്‍ സമയമായിരിക്കുന്നു.
നികിത.തിരുവനന്തപുരം ഐ.ടി.പാര്‍ക്കിലെ ഒരു പ്രമുഖ കമ്പനിയിലെ യുവ എഞ്ചിനീയര്‍.തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസം.എല്ലാ ഞായറും രാവിലെ അവള്‍ ട്രെയിനില്‍ കൊച്ചിയില്‍ എത്തും.ഇത് പോലെ മാളുകളിലും തിരക്കുള്ള കടകളിലും കയറുംചെറിയ വസ്തുക്കള്‍
മോഷ്ട്ടിക്കും.പ്രത്യേകിച്ചു ഒരു കാരണവുമില്ല.ഞായര്‍ പുലര്ച്ചെയില്‍ ട്രെയിനില്‍ കയറി ഒന്നു മയങ്ങി കഴിഞ്ഞു കൊച്ചിയില്‍ എത്തുംപോള് അവള്‍ മറ്റൊരാളായി മാറും.ഇന്ന് തന്നെ വിലപിടിപ്പുള്ള ഒരു ഹാന്‍ഡ് ബാഗ് ഉള്‍പ്പെടെ രണ്ടു മൂന്നു വസ്തുക്കള്‍ മോഷ്ടിച്ചിരിക്കുന്നു.
അവളുടെ ഫ്ലാറ്റില്‍ നിറയെ മോഷ്ടിക്കപ്പെട്ട വസ്തുക്കളാണ്.ഇടക്ക് അവള്‍ അത് എടുത്തു പരിശോധിക്കും.അപ്പോള്‍ ഉള്ളില്‍ ആ ഉന്മാ്ദത്തിന്റെ വെള്ളച്ചാട്ടം ഒന്നു കിനിയും.ഇത് അപകടത്തിലേക്കാണ് പോവുന്നതെന്ന് അവള്‍ക്ക് തോന്നുന്നുമുണ്ട്.പക്ഷേ...
ഭക്ഷണം കഴിഞ്ഞതിനു ശേഷം അവള്‍ ട്രെയിനില്‍ കയറി.ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ അവള്‍ കണ്ണുകളടച്ചു അല്പം മയങ്ങി. മുഖത്തേക്ക് മഴത്തുള്ളികള്‍ പതിച്ചപ്പോള്‍ അവള്‍ കണ്ണുകള്‍ തുറന്നു.പുറത്തു മഴ തുടങ്ങിയിരിക്കുന്നു.
അവള്‍ ഷട്ടര്‍ ഗ്ലാസ്സ് താഴ്ത്തി .ഒരു സ്വപ്നക്കാഴ്ച പോലെ പുറത്തെ വിജനമായ സ്ഥലങ്ങളുടെ നിഴലുകള്‍ ഗ്ലാസിന് അപ്പുറത്ത് മാഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടിരുന്നു.
“ഒരു യു.എസ്.ബി,ഒരു ഹാന്ഡ് ബാഗ്,ഒരു ഹെയര്‍ ഓയില്‍,....ആ സ്പ്രേ ഏത് ബ്രാണ്ടിന്റെ ആയിരുന്നു”?
അവള്‍ ഞെട്ടലോടെ അവള്‍ തൊട്ട് അടുത്തിരുന്ന ആളെ നോക്കി.
അപരിചിതന്‍ ഒരു ചെറു ചിരിയോടെ തല സീറ്റില്‍ ചാരി വച്ച് കണ്ണുകള്‍ അടച്ചു കിടക്കുകയാണ്...
അവളുടെ മുഖം വിളറി വെളുത്തു.കമ്പാര്‍ട്ട് മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
“നിങ്ങള്‍..നിങ്ങള്‍..എങ്ങിനെ?”
അപരിചിതന്‍ ശിരസ്സുയര്ത്തി്,കണ്ണുകള്‍ തുറന്നു അവളെ നോക്കി.അത്രയും തിളക്കമുള്ള കണ്ണുകള്‍ ആദ്യം കാണുകയായിരുന്നു.മുടി കുറച്ചു നരച്ചിട്ടുണ്ട്.പക്ഷേ മുപ്പത്തഞ്ചിന് അടുത്തു പ്രായമേ തോന്നുകയള്ളൂ.
“ഞാന്‍ ഡോ.സോളമന്‍.സൈക്യാട്രിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്.രണ്ടു സണ്ഡേടയ്സ് ഞാന്‍ നിങ്ങളെ ഫോളോ ചെയ്തിരുന്നു.”
അവള്‍ ഒന്നും മിണ്ടാതെ മരവിച്ച് ഇരിക്കുകയാണ്.
“നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്റെ കയ്യില്‍ ഉണ്ട്.ഒന്നു രണ്ടു കടകളില്‍ നിങ്ങള്‍ മോഷ്ടിക്കുന്ന രംഗങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ഞാന്‍ ഇപ്പോള്‍ വിചാരിച്ചാല്‍ നിങ്ങളെ പോലീസിന്റെ പിടിയിലാക്കാന്‍ കഴിയും.അതോടെ നിങ്ങളുടെ ഭാവി,ജോലി,വിവാഹ ആലോചനകള്‍ എല്ലാം തുലാസിലാകും.”
“..എനിക്കു ഈ ശീലം ഉപേക്ഷിക്കണം എന്നുണ്ട്.പക്ഷേ കഴിയുന്നില്ല.ഞാന്‍ എന്റെി തന്നെ അടിമയാവുകയാണ് .. പ്ലീസ് ഞാന്‍ നിങ്ങള്‍ പറയുന്നതു എന്തും അനുസരിക്കാം..എന്റെഅ ഭാവി നശിപ്പിക്കരുത്...”.നികിത പതറിയ സ്വരത്തില്‍ പറഞ്ഞു.
അവളുടെ മിഴികളില്‍ യാചന നിറഞ്ഞു.
“ഭയക്കണ്ട നികിത.പക്ഷേ നിങ്ങള്‍ ഞാന്‍ പറയുന്നതു അനുസരിക്കേണ്ടി വരും.ബട്ട് ഇതൊരു ബ്ലാക്ക്മെയില്‍ അല്ല.”
“എന്താണ് നിങ്ങള്ക്ക് വേണ്ടത്.?”
“നിങ്ങളെ ഞാന്‍ ഫോളോ ചെയ്തത് എന്റെ് ഗവേഷണത്തിന്റെ ഭാഗമായിട്ടു കൂടിയാണ്.നിങ്ങളുടേത് ‘ക്ലെപ്റ്റോമാനിയ “എന്ന അസുഖമാണ്.ചെറുപ്പത്തില്‍ ഏതെങ്കിലും തിക്ത്താനുഭവങ്ങള്‍ മൂലം മനസ്സിനെറ്റ മുറിവുകളില്‍ നിന്നു സ്വയം ആശ്വാസം കണ്ടെത്താന്‍ ചില ആളുകളില്‍ പ്രായമാകുമ്പോള്‍ ഈ അസുഖം ഉണ്ടാവാറുണ്ട്.മനസ്സിന്റെ അപകടകരമായ ഒരു ഗിമ്മിക്ക്..ഇത് പോലെ സമാനമായ പല അസുഖങ്ങളും ഉണ്ട് ഇന്നു പലരിലും മരുന്ന് കൊണ്ടോ കൌണ്സലിങ് കൊണ്ടോ മിക്കവരിലും ഈ രോഗം പോവില്ല..ഞാന്‍ ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഗവേഷണരീതി കൊണ്ട് ഈ അസുഖം പൂര്‍ണമായി ഭേദമാക്കാന്‍ കഴിയും.അതിനു വേണ്ടി നിങ്ങള്‍ സഹകരിക്കണം.”
അവള്‍ തലയാട്ടി.
“ഞാന്‍ എന്തു ചെയ്യണം..”
“സിന്തറ്റിക്ക് ടെലിപ്പതി എന്ന ഹിപ്നോടിക്ക് രീതി ഉപയോഗിച്ച്,ഈ അസുഖം ഉണ്ടാവുന്ന സാഹചര്യത്തില്‍ അതായത്,നിങ്ങള്‍ ഒരു സാധനം മോഷ്ടിക്കുന്ന അതേ സീറ്റുവേഷനില്‍ ഈ രോഗത്തിന് കാരണമായി മനസ്സില്‍ രൂപപ്പെടുന്ന ചിന്തയെ വേരോടെ പിഴുത് കളയുന്ന രീതിയാണിത്.”
“പക്ഷേ ഇത് അപകടകരമല്ലേ.”നികിത ചോദിച്ചു.
“അതിനെക്കാള്‍ അപകടമാണ് നിങ്ങളുടെ അവസ്ഥ”.ഡോ.സോളമന്‍ പറഞ്ഞു.
ഡോ.സോളമന്‍ അയാളുടെ കയ്യിലെ കവറില്‍ നിന്നു ഒരു വാച്ച് പുറത്തെടുത്തു അവളുടെ കയ്യില്‍ കൊടുത്തു.
“നികിത സമാധാനമായി പോകൂ.ഞാന്‍ രാത്രി വിളിക്കാം.”
അയാള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി.
അന്ന് രാത്രി സോളമന്‍ നികിതയെ വിളിച്ചു.നീണ്ട ഗുഹയുടെ അങ്ങേയറ്റത്ത് നിന്നു വരുന്നത് പോലെ അയാളുടെ സ്വരം.
“നികിത,നൂറു മുതല്‍ പുറക്കോട്ടു എണ്ണൂ..മനസ്സില്‍..”അയാള്‍ പറഞ്ഞു.
അവള്‍ എണ്ണി തുടങ്ങി.നിശബ്ദത.
“നിന്റെ മനസ്സ് റിലാക്സ്ഡ് ആയി..ഇനി ആ വാച്ച് കയ്യില്‍ കെട്ടൂ..”അയാളുടെ സ്വരം.
അവള്‍ പാവയെ പോലെ അനുസരിച്ചു.
അപ്പോള്‍ മനസ്സില്‍ ഒരു സ്ഫുലിംഗം പാഞ്ഞു.ഉള്ളിലെ ഇരുളില്‍ ഒരു തിളക്കം.
“ഈ വാച്ച് ഒരു അടയാളമാണ്.ഇത് കേട്ടുന്നതോടെ നിന്റെ മനസ്സ് എന്‍റെ നിയന്ത്രണത്തില്‍ ആകും എന്ന് ഉള്ളില്‍ ശക്തമായി വിശ്വസിക്കുക.ഇപ്പോള്‍ നിന്റെ മനസ്സ് ഞാന്‍ പറയുന്നതു എല്ലാം അനുസരിക്കും.നിന്റെ മനസ്സ് എന്റെ നിയന്ത്രണത്തിലാണ്..ഇപ്പോള്‍ നീ മാളിലെ രണ്ടാം നിലയില്‍ നില്ക്കു കയാണ്...എന്തെല്ലാമാണ് നീ കാണുന്നത്...”
അവള്‍ മനസ്സ് കൊണ്ട് രണ്ടാം നിലയില്‍ എത്തി.
“ആദ്യം ഒരു ലേഡീസ് സ്റ്റോര്‍.. കോഫീ ഷോപ്പ്..പിന്നെ..”
“സ്റ്റോറിലേക്ക് കയറൂ...”.സോളമന്റെ സജഷന്‍.
അവളുടെ മനസ്സ് സ്റ്റോറിലേക്ക് കയറി..
“അവിടെ ഒരു ഷെല്‍ഫില്‍ സ്പ്രേ കുപ്പികള്‍ അടുക്കി വച്ചിരിക്കുന്നത് കണ്ടോ.?.”
“കണ്ടു..അതില്‍ ഒന്നു എടുത്തു ഹാന്‍ഡ് ബാഗില്‍ ഇടാന്‍ ഉള്ളില്‍ തോന്നുന്നു...”
“ശരി എടുക്കൂ...”
അവള്‍ മനസ് കൊണ്ട് അതില്‍ തൊട്ടു.
“നികിത നീ അത് എടുത്തു കയ്യില്‍ പിടിക്കുക.ഇപ്പോള്‍ ഉള്ളില്‍ വികാരത്തിനെ കുത്തൊഴുക്കുണ്ട്.പക്ഷേ നിന്റെ എല്ലാ വികാരങ്ങളും നിന്റെ നിയന്ത്രണത്തിലാണ്.ഇനി അത് തിരികെ വയ്ക്കൂ..”
അവള്‍ അനുസരിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളിലും ആ ലേഡിസ് സ്റ്റോറിലെ മോഷണ ശ്രമം അവര്‍ ഹിപ്നോട്ടിക് എക്സര്സൈസ് വഴി അവര്‍ ആവര്‍ത്തിച്ചു.സോളമന്റെ ടെക്നിക്ക് മൂലം തനിക്ക് അസുഖം ഭേദമാകും എന്ന ചിന്ത നികിതയില്‍ ശക്തമായി.
പിറ്റേ ഞായര്‍.മാളിന്റെ ഗ്രൌണ്ട് ഫ്ലോറില്‍ കോഫീ ഷോപ്പില്‍ മൊബൈല്‍ ഇയര്‍ ഫോണ്‍ പ്ലഗ് ചെയ്ത കണ്ണുകളടച്ചു നികിത.മൂന്നാം നിലയില്‍ ഇരുണ്ട ഗ്ലാസ്സുകള്‍ അണിഞ്ഞ് നില്ക്കുന്ന സോളമന്‍.മനസ്സില്‍ ആവര്‍ത്തിച്ച ഹിപ്നോട്ടിക്ക് എക്സര്‍സൈസ് ഇന്ന് നേരിട്ടു ചെയ്യുകയാണ്.
ഫോണില്‍ സോളമന്റെ നിര്‍ദേശം. .അവള്‍ വാച്ച് കയ്യില്‍ കെട്ടി.ഇപ്പോള്‍ അവളുടെ മനസ്സ് സോളമന്റെ വിദൂര നിയന്ത്രണത്തിലാണ്.
അവള്‍ എസ്കലേറ്ററില്‍ രണ്ടാം നിലയില്‍ ഇറങ്ങുന്നത് സോളമന്‍ ഇരുണ്ട ഗ്ലാസിലൂടെ മൂന്നാം നിലയില്‍ നിന്നു കണ്ടു.ജീന്‍സ്ഷര്‍ട്ട് ,തോളില്‍ ഒരു ഡിസൈനര്‍ ഹാന്‍ഡ് ബാഗ്...കഴുത്തില്‍ ചുറ്റിയ നീല ഷാള്‍...അവളുടെ സ്ഥിരം വേഷം.
അവള്‍ ലേഡീസ് സ്റ്റോറിന് മുന്നില്‍ നിന്നു.
“മുന്നോട്ട് നടക്കൂ..സോളമന്റെ നിര്‍ദേശം.ഇത്തവണ അയാളുടെ നിര്‍ദേശം വ്യത്യസ്തമായിരുന്നു.
അടുത്തത് ഒരു കോഫീ ഷോപ്പ്..അത് കഴിഞ്ഞു ഷോകേസില്‍ തിളങ്ങുന്ന ഡയമണ്ട് മാലകള്‍ ഡിസ്പ്ലേ ചെയ്തിരിക്കുന്ന ഡയമണ്ട് ഷോറൂം...
“ആ ഷോ റൂമിലേക്ക് കയറൂ..”സോളമന്റെ ആജ്ഞ.വാച്ചിലെ തീരെ ചെറിയ വയര്ലെ്സ് ക്യാമറ ചുറ്റുമുള്ള ദ്രശ്യങ്ങള്‍ ഒപ്പിയെടുത്ത് സോളമന്റെ ഫോണില്‍ എത്തിക്കുന്നുമുണ്ട്.
അവള്‍ ഒരു പാവയെ പോലെ ഡയമണ്ട് ജുവലറിയിലേക്ക് കയറി.മാളിലെ തണുപ്പ് കൂടിയിരിക്കുന്നു.
ഒരു തണുത്ത സര്‍പ്പം പോലെ ആ വാച്ച് അവളുടെ കൈത്തണ്ടയില്‍ ചുറ്റി കിടന്നു.
അവള്‍ അകത്തു കടന്നു.ഒരു സെയില്‍സ് ഗേള്‍ ചിരിയോടെ അവളുടെ അരികില്‍ വന്നു.
അവളെ അവര്‍ ഒരു കസേരയില്‍ ഇരുത്തി.അവളുടെ മുന്നില്‍ തിളങ്ങുന്ന വജ്ര ആഭരണങ്ങള്‍ നിരന്നു.
"അതില്‍ ഒരു ആഭരണം നിനക്ക് വേണം."സോളമന്റെ സ്വരം ചെവിയില്‍.
"എനിക്ക്...എനിക്ക്..."
"മുന്നിലെ സെയില്‍സ് ഗേളിനെ തന്ത്ര പൂര്‍വ്വം മാറ്റി അതില്‍ ഒന്ന് നിന്റെ ബാഗില്‍ ഇട്ടു പുറത്തു വരിക."വാച്ചിലെ മൈക്രോ ക്യാമറ വഴി ദ്രശ്യങ്ങള്‍ തന്റെ ഫോണില്‍ അയാള്‍ക്ക് കാണാമായിരുന്നു.
മുന്നില്‍ നില്‍ക്കുന്ന സെയില്‍സ് ഗേളിനോട്‌ അവള്‍ തനിക്ക് ഇവയൊന്നും ഇഷ്ടമയില്ലെന്നും പുതിയ ഡിസൈന്‍ കാണിക്കാനും അവള്‍ ആവശ്യപ്പെട്ടു.
അവള്‍ തിളങ്ങുന്ന ഒരു മാലയില്‍ തൊട്ടു.
>>
"നികിത നീ ചീത്ത കുട്ടിയാണോ..?"
ഒരു സ്വരം എവിടെ നിന്നോ ഉള്ളില്‍ കേള്‍ക്കുന്നു.ഇത്ര നാള്‍ താന്‍ എന്ത് കൊണ്ടോ മറന്ന ,മനസ്സിന്റെ മഞ്ഞു പര്‍വ്വതങ്ങളില്‍ മറഞ്ഞു പോയ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു സ്വരം.
സ്കൂളില്‍ വച്ച് താന്‍ ആദ്യമായി മോഷ്ടിച്ചതിന് ശേഷം തന്നെ ഉപദേശിച്ച വൈദികന്‍ പറയുന്നു.ഒരു നിദ്രയില്‍ നിന്നെന്ന പോലെ താന്‍ അത് കേള്‍ക്കുന്നു.
"ഈ മോഷ്ടിക്കുന്നത് നീയല്ല..ഒരു കൊച്ചു കുട്ടിയാണ്....അപ്പന്‍ മരിച്ചതിനു ശേഷം വീണ്ടും വിവാഹം കഴിച്ച അമ്മയുടെ സ്നേഹം ലഭിക്കാഞ്ഞ ,ഒരു പാവം കുട്ടി.അവള്‍ മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത് സ്നേഹമാണ്.
ഈ മോഷ്ടിക്കുന്നത് നീയല്ല..ചെറുപ്പത്തില്‍ അപ്പന്‍ മരിച്ചു പോയ നികിത എന്ന നിന്നിലെ ചീത്ത കുട്ടിയാണ്."
ആ സ്വരം ആവര്‍ത്തിക്കുകയാണ്.
"നീ ചീത്ത കുട്ടിയല്ല നികിതാ.നിന്റെ ഉള്ളിലെ ആ ചീത്ത കുട്ടിയോട് കൂട്ട് വെട്ടു.."
അവളുടെ മനസ്സിലെ നീണ്ട വിജനമായ ഒരു സ്കൂള്‍ വരാന്തയില്‍ നിന്ന് തിളങ്ങുന്ന കണ്ണുകളില്‍ ആരോടോ ഉള്ള ദേഷ്യവുമായി ഒരു കുഞ്ഞു നികിത ഒരു നിമിഷം അവളെ നോക്കി.പിന്നെ എങ്ങോട്ടോ ഓടി പോയി.
>>>
അവള്‍ ശീതികരിച്ച ആ മുറിയില്‍ വിയര്‍ത്ത് പ്രതിമ പോലെ ഇരിക്കുകയാണ്.
"നികിതാ ,വേഗം ആ ആഭരണം എടുക്കു..."ഫോണില്‍ അയാളുടെ നിര്‍ദേശം.
അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.അവള്‍ ആ വാച്ച് അഴിച്ചു മാറ്റി.പിന്നെ സെയില്‍സ് ഗേള്‍ വരാന്‍ കാത്തു നില്‍ക്കാതെ അവിടെ നിന്നും ഇറങ്ങി എസ്കലെറ്ററില്‍ കയറി.
എസ്കലെറ്ററിനു സമീപത്തേക്ക് സോളമന്‍ ഓടി വന്നു.അവള്‍ ആ വാച്ച് ഊരി അയാള്‍ക്ക് എറിഞ്ഞു കൊടുത്തു.
എസ്കലെറ്റര്‍ താഴേക്ക് പോവുകയാണ്.അവളുടെ കഴുത്തില്‍ ചുറ്റിയ സ്കാര്‍ഫ് കാറ്റില്‍ പറന്നു.അവളുടെ മനസ്സ് പോലെ .ഒരു തൂവാല പോലെ.
(അവസാനിച്ചു)
By
Anish Francis

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo