Showing posts with label അനീഷ് ഫ്രാൻസിസ്. Show all posts
Showing posts with label അനീഷ് ഫ്രാൻസിസ്. Show all posts

ദി തിയറി ഓഫ് എ മര്‍ഡര്‍

ദി തിയറി ഓഫ് എ മര്‍ഡര്‍
************************************
ഓരോ യാത്രകളും സ്വന്തം ഉള്ളിലേക്ക് ഉള്ള യാത്രകള്‍ തന്നെയാണ് .ഓരോ യാത്രയും നാം അറിയാത്ത ഏതോ ലക്ഷ്യം നമ്മുക്കായി കരുതിവയ്ക്കുന്നു. ആരാണ് അങ്ങനെ പറഞ്ഞത് ?
റൂമി ?
അതോ ഓര്‍വെല്‍?
ഉള്ളില്‍ ,അത് പറഞ്ഞയാള്‍ ആരെന്നു തിരയവേ ഓട്ടോ കോട്ടയം കെ.എസ്‌.ആര്‍.റ്റി.സി ബസ് സ്ടാന്റിനു മുന്നില്‍ നിന്നു.
അടഞ്ഞു കിടക്കുന്ന ആര്‍ക്കെഡിയ ബാര്‍ പഴയ ഏതോ രാത്രികളെയും പരിചിത മുഖങ്ങളെയും ഓര്‍മ്മയുടെ മങ്ങിയ താളുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു..കുറച്ചു ദൂരെ കല്യാണ്‍ സില്‍ക്സിന്റെ ദീപാലങ്കാരങ്ങള്‍.
മഴ പെയ്യുന്നു.
നഗര രാത്രികള്‍ ഓര്‍മ്മകളുടെ ബുക്ക് മാര്‍ക്കുകള്‍ പോലെയാണ്.എന്നാണ് ഞാന്‍ ഇവിടെ അവസാനം വന്നത് ?
“സാറേ കുമളി വണ്ടി കിടപ്പുണ്ട് .ഇപ്പൊ പോകും.” ഓട്ടോക്കാരന്റെ മുന്നറിയിപ്പ്.
മഴ ചിതറിച്ചു കൊണ്ട് കുമളി വണ്ടിയുടെ മഞ്ഞ ഹെഡ് ലൈറ്റ് മിന്നി.വണ്ടി പുറപ്പെടാന്‍ ഒരുങ്ങുകയാണ്.
ഓടിച്ചെന്നു കയറി..
രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സ്ത്രീകളുടെ മാത്രം സീറ്റില്‍ ,ഒന്നില്‍, ഒരു യുവതി മാത്രം ഇരിക്കുന്നു.മര്യാദ കൊണ്ടാണോ അതോ സ്ത്രീകളുടെ സമീപം ഇരിക്കാന്‍ ഉള്ള മടി കൊണ്ടാണോ ആരും അവിടെ ഇരിക്കുന്നില്ല.
ബസ് മുന്‍പോട്ട് നീങ്ങിത്തുടങ്ങി.
എനിക്ക് അത്ര മര്യാദ ഇല്ല.പോരാത്തതിന് ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും.പിന്നെ ഒരു വലിയ യാത്രയുടെ ക്ഷീണവും.കുമളി വരെ നില്‍ക്കുന്നത് ആലോചിക്കാന്‍ വയ്യ.
ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ വരുന്നത് “ഫോള്‍ട്ട് ഇന്‍ ഔവര്‍ സ്റാര്‍സില്‍ “ ജോണ്‍ഗ്രീന്‍ എഴുതിയ വരികളാണ്.
“ഒരു സമയം വരും.നീയും ഞാനും മരിക്കും.നമ്മളെല്ലാം മരിക്കും.മനുഷ്യര്‍ എല്ലാം ഭൂമുഖത്ത് നിന്ന് മറയുന്ന ഒരു ദിവസം.ആരും ആരെയും ഒന്നിനെയും ഓര്‍ക്കാന്‍ ബാക്കിയാവാന്‍ ഇല്ലാത്ത ദിവസം.”
ഒബ്ലിവിയന്‍.എല്ലാം വ്യര്‍ത്ഥമാകുന്ന ദിവസം.
ശരിയല്ലേ?അങ്ങിനെ ഒരു ദിവസം വരാം.അത് ചിലപ്പോ ഇന്നാകം.ചിലപ്പോ നാളെ ആകാം.അതുമല്ലെങ്കില്‍ ആയിരം കൊല്ലത്തിനു ശേഷം.
അപ്പൊ പിന്നെ എന്തിനെ നാം ഭയപ്പെടണം?എന്തിന് മടിക്കണം.?
ആ ദിവസം ഈ തനിച്ചിരിക്കുന്ന യുവതി ഉണ്ടാവില്ല.ഞാന്‍ ഉണ്ടാവില്ല.ഈ തടിച്ച ബാഗും അതിനുള്ളില്‍ മറ്റ് വസ്തുക്കള്‍ക്കൊപ്പം എനിക്ക് ധൈര്യം പകരുന്ന “ജാക്ക് ഡാനിയല്‍സ്” എന്ന മദ്യവും ഉണ്ടാവില്ല.ഈ ബസും ഉണ്ടാവില്ല.കോട്ടയവും കുമളിയും ഉണ്ടാവില്ല.
ഞാന്‍ അവരുടെ അരികില്‍ ഇരുന്നു.
“പക്ഷെ ജാക്ക് ഡാനിയല്‍സ് നശിക്കാതിരിക്കട്ടെ”
ഉള്ളില്‍ നിന്ന് ഉയര്‍ന്ന ചിന്തക്ക് അല്പം ശബ്ദം കൂടിപ്പോയി.
അടുത്തു പതുങ്ങി ഇരുന്ന യുവതി തല ഉയര്‍ത്തി എന്നെ നോക്കി.
മെറൂണ്‍ നിറമുള്ള മഫ്ലര്‍ കൊണ്ട് അവള്‍ തല മൂടിയിരിക്കുന്നു.നെറ്റിയിലേക്ക് പാറിവീഴുന്ന മുടിയിഴകള്‍.കറുത്ത കണ്ണുകളിലെ കൃഷണമണികള്‍ ഒരു നിമിഷം വട്ടം കറങ്ങി.
അവളുടെ കണ്ണുകളില്‍ പരിചിതമായ എന്തോ ഒന്ന്.
അവള്‍ ഷട്ടര്‍ ഉയര്‍ത്തുന്നു.പുറത്തു നിന്ന് കാത്തു നിന്നത് പോലെ മഴ അകത്തേക്ക് ചീറ്റി.ഷട്ടര്‍ താഴെ വീണു.അവളുടെ മുഖം നനഞ്ഞു.എന്റെയും.
അവള്‍ ബസ്സിന്റെ പുറകിലേക്ക് പാളി നോക്കുന്നു.ഞാനും വെറുതെ നോക്കി.
മഞ്ഞ വെളിച്ചത്തില്‍ ,നിര്‍വികാര മുഖങ്ങളുമായി ഉറക്കം തൂങ്ങിയിരിക്കുന്ന യാത്രികര്‍ മെഴുകുപ്രതിമകളെ പോലെ തോന്നിക്കുന്നു.ചളിപിടിച്ച കറുത്ത ടിക്കറ്റ് ബാഗിന് മേല്‍ തടവുന്ന കണ്ടക്ടറുടെ വിരലുകള്‍...അവിടവിടെ തെളിഞ്ഞു നില്‍ക്കുന്ന മൊബൈലിന്റെ വെളുത്ത ചതുര വെട്ടങ്ങള്‍..ഏതോ പാതിരാത്രി സ്വപ്നത്തിന്റെ പൊട്ടും പൊടിയും ആ ബസ്സില്‍ ചിതറി കിടക്കുന്നത് പോലെ എനിക്ക് തോന്നി.ആരും ആരെയും നോക്കുന്നില്ല.ആരും ആരോടും മിണ്ടുന്നില്ല.
അവള്‍ ആരെയോ നോക്കുന്നത് പോലെ.അവളുടെ കണ്ണില്‍ ഭയം.
അവള്‍ വേഗം തിരിഞ്ഞു ,മഫ്ലര്‍ എടുത്തു മുഖം തുടച്ചു.വണ്ടി സ്ലോ ചെയ്യുന്നു.ഏതോ സ്റ്റോപ്പ്‌ ആയി.മണര്‍കാട് പള്ളിയുടെ കുരിശടിയുടെ വെട്ടം.അവള്‍ ഷട്ടര്‍ പൊക്കി പുറത്തേക്ക് നോക്കുന്നു.
അവളില്‍ നിന്ന് അതിപരിചിതമായ ഏതോ ഗന്ധം ഉയരുന്നു.അത് എന്തിന്റെയാണ്?തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
“നിങ്ങള്‍ കുമളിക്കാണോ ?”
പൊടുന്നനെ അവളുടെ ശബ്ദം.
അപ്പോള്‍ മനസ്സിലായി.അവള്‍ തനിച്ചാണ്.ഈ രാത്രിയില്‍ ,അവള്‍ തനിച്ചു എങ്ങോട്ട് പോവുകയാണ്?
“അതെ.”ഞാന്‍ പറഞ്ഞു.
“കുമളിക്കാണോ?”ഞാന്‍ ചോദിച്ചു.മഴ പെയ്യുന്ന ഈ രാത്രിവഴിയില്‍ ജാക്ക് ഡാനിയല്‍സ് എന്നെ ഉപചാരപൂര്‍വ്വം സംസാരിക്കാന്‍ പഠിപ്പിക്കുന്നു.
അവള്‍ അതിനു തലയാട്ടാന്‍ തുടങ്ങവേ അവളുടെ കണ്ണില്‍ ഒരു പരിഭ്രമം തെളിയുന്നത് ഞാന്‍ കണ്ടു.ഞാന്‍ റോഡിലേക്ക് നോക്കി.
റോഡിനു അരികില്‍ ഒതുക്കി ഇട്ടിരിക്കുന്ന പോലീസ് ജീപ്പ്.അവര്‍ കൈകാണിക്കുന്നു.വണ്ടി നില്‍ക്കുന്നു.
“എന്നെ രക്ഷിക്കണം.അവര്‍ക്ക് എന്നെ വിട്ടു കൊടുക്കരുത്.നിങ്ങളുടെ ഭാര്യ ആണെന്ന് പറഞ്ഞാല്‍ മതി.”
ഒറ്റ ശ്വാസത്തില്‍ അത് പറഞ്ഞതും അവള്‍ മഫ്ളര്‍ തലയിലൂടെ മൂടി എന്റെ മടിയില്‍ തലവച്ചു പതുങ്ങി.കാക്കിധാരികള്‍ ബസ്സിനുള്ളില്‍ കയറി.ഒരു ടോര്‍ച്ചുമായി രണ്ടു പോലീസുകാര്‍ തിരയുകയാണ്.
ഞാന്‍ കുനിഞ്ഞു ബാഗ് വേഗം തുറന്നു ജാക്ക് ഡാനിയല്‍സ് ഒരു കവിള്‍ കുടിച്ചു.കുനിഞ്ഞപ്പോള്‍ എന്റെ മുഖം അവളുടെ ദേഹത്ത് സ്പര്‍ശിച്ചു. ആ നിമിഷം അവളുടെ ശരീരത്തില്‍ നിന്നുയര്‍ന്ന ഗന്ധം ഞാന്‍ തിരിച്ചറിഞ്ഞു.അത് രക്തത്തിന്റെ ഗന്ധമാണ്.
ഇത് രസകരമായ ഒരു സിറ്റുവേഷനാണ്.ഈ യുവതി ആരാണ്?ആരെയോ കൊന്നിട്ട് രക്ഷപെടുന്ന സ്ത്രീയാണോ ഇവള്‍?എങ്കില്‍ എനിക്ക് ഇവളെ രക്ഷിക്കണം.കാരണമുണ്ട്.
തിയറി ഓഫ് മര്‍ഡര്‍.
കൊലപാതകങ്ങളുടെ സിദ്ധാന്തം.അതിനു പിന്നില്‍ ഉള്ള മാനസിക കാരണം.
കരച്ചില്‍ വരുമ്പോള്‍ മനുഷ്യന്‍ കരയുന്നു.ചിരി വരുമ്പോള്‍ ചിരിക്കുന്നു.കണ്ണ് ചിമ്മേണ്ടപ്പോള്‍ തനിയെ ചിമ്മുന്നു.ഉള്ളിന്റെ ഉള്ളിലെ,അബോധ മനസ്സില്‍ നിന്ന് വരുന്ന പ്രേരണകളാണ് മനുഷ്യനെ എല്ലാം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്.നിങ്ങളുടെ ശരീരത്തില്‍ മുറിവ് ഉണ്ടാകുബോള്‍ ആ പ്രേരണ മൂലം അത് തനിയെ കരിയുന്നു.അങ്ങിനെയുള്ള ഏതോ കറുത്ത പ്രേരണ മൂലം അബോധമനസ്സിലെ കാടുകളില്‍ കാട്ടുതീ പടരുമ്പോള്‍ മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നു.
എങ്ങിനെയാണ്‌ ആ തീ ഉണ്ടാകുന്നത് ?അത് സൈക്കോളജിക്ക് ഇപ്പോഴും അജ്ഞാതമാണ്‌.എന്റെ ഗവേഷണ വിഷയവും അത് തന്നെയാണ്.
ഞാന്‍ മൊബൈല്‍ ഫോണില്‍ പാട്ട് ഓണ്‍ ചെയ്തു ഇയര്‍ ഫോണുകള്‍ ചെവിയില്‍ വച്ചു.ആ പാട്ടിന്റെ താളത്തില്‍ തലയാട്ടിക്കൊണ്ടിരുന്നു.ഒപ്പം എന്റെ കൈകകള്‍ അവളുടെ ശിരസ്സിന്റെ മുകളില്‍ താളം വച്ചു കൊണ്ടിരുന്നു.കാമുകിയോടൊപ്പം രാത്രി വണ്ടിയില്‍ യാത്ര ചെയ്യുന്ന ഒരു റൊമാന്റിക്ക് നായകനാണ്‌ ഇപ്പോള്‍ ഞാന്‍.
അത് അരിയാനാ ഗ്രാന്‍ഡിന്റെ ഏറ്റവും ഹിറ്റ് ആയ ഒരു ഇംഗ്ലിഷ് പോപ്പ് ഗാനമാണ്.ആല്‍ബത്തിന്റെ പേര് ഓര്‍മ്മ വരുന്നില്ല
.
“ഐ ഹാവ് ബീന്‍ ഹിയര്‍ ഓള്‍ നൈറ്റ്..
ഐ ഹാവ് ബീന്‍ ദെയര്‍ ആള്‍ ഡേ...
ആന്‍ഡ് ബോയ്‌ ഗോട്ട് മീ വാക്കിംഗ് സൈഡ് ടൂ സൈഡ്...”
പോലീസ്കാരന്റെ ടോര്‍ച്ചു വെളിച്ചം എന്റെ മുഖത്ത് വീണു.സ്ഥലം എസ്‌.ഐ ആണ്.അപ്പോള്‍ കേസ് പ്രമാദമാണ്.
ഞാന്‍ ഇയര്‍ ഫോണ്‍ ഊരി അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു.അപ്പോഴാണ് അയാള്‍ എന്നെ തിരിച്ചറിഞ്ഞത്.
“ആഹാ സാര്‍ ആയിരുന്നോ ...നടക്കട്ടെ..നടക്കട്ടെ..”
അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്താ സുമോദെ കേസ്...?”
“ഒരാളെ തപ്പുവാ സാറേ...”അയാളുടെ ഫോണ്‍ ബെല്ലടിച്ചു.
“അല്പം തിരക്കിലാ സാറെ..പിന്നെ കാണാം.”അയാള്‍ ഫോണുമായി പുറത്തേക്ക് പോയി.
പോലീസുകാര്‍ പോയതിനു ശേഷം വണ്ടി വീണ്ടും മുന്നോട്ട് എടുത്തു.പുറത്തു മഴ തുടരുന്നു.ചെവിയില്‍ വീണ്ടും അരിയാനാ..
അല്പം കഴിഞ്ഞപ്പോള്‍ അവള്‍ തല പൊക്കി.
“താങ്ക്സ്..”അവള്‍ പറഞ്ഞു.
ഞാന്‍ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി.
“നിങ്ങള്‍ പോലീസുകാരന്‍ ആണോ ?”അവള്‍ സംശയത്തോടെ തല ചരിച്ചു എന്നെ നോക്കുന്നു.അപ്പോള്‍ എനിക്ക് ആ ആല്‍ബത്തിന്റെ പേര് ഓര്‍മ്മവന്നു.
ഡേയ്ഞ്ചറസ് വുമന്‍.
“ഞാന്‍ ഒരു ഡോക്ടറാണ്.പോലീസ്കാര്‍ക്ക് വേണ്ടിയും ജോലി ചെയ്യാറുണ്ട്.അവര്‍ക്ക് എന്നെ അറിയാം.”
ഞാന്‍ പറഞ്ഞു.
“നിങ്ങളെ കണ്ടിട്ട് ഒരു വഷളന്‍ ആണെന്നു തോന്നിയില്ല.പക്ഷെ ആ പോലീസുകാരന്റെ സംസാരത്തില്‍ അങ്ങനെ തോന്നി.”
അവള്‍ എന്നെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
“എനിക്ക് അത്ര നല്ല ഇമേജ് ഒന്നുമില്ല.അത് കൊണ്ട് നിങ്ങള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു.”
ഞാന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..അവളുടെ കണ്ണുകളിലെ തിളക്കം എന്താണ്?
എന്റെ നോട്ടം മനസ്സിലാക്കി അവള്‍ പറഞ്ഞു തുടങ്ങി.
“ഇന്ന് എന്നെ കോടതിയില്‍ കൊണ്ട് പോകുന്ന വഴി ഞാന്‍ പോലീസിനെ വെട്ടിച്ചു രക്ഷപെട്ടതാണ്.എന്റെ കുഞ്ഞിന്റെ അഞ്ചാം പിറന്നാളാ ഇന്ന്.എനിക്ക് അവനെ ഒന്ന് കണ്ടാല്‍ മതി.”
അവള്‍ കുനിഞ്ഞു ഒരു കവര്‍ എടുത്തു.
“ഇത് ഞാന്‍ വാങ്ങിയ കേക്ക് ആണ്.ഇത് അവനു കൊടുക്കണം.ഒരു ഉമ്മ ആ കവിളില്‍ വയ്ക്കണം.പിന്നെ പോലീസ് പിടിച്ചാലും സാരമില്ല.”
അവള്‍ പറഞ്ഞു.
“എന്തിനാ ജയിലില്‍ പോയത് ?”
“എന്റെ പേര് നിമ്മി.. എന്റെ ഭര്‍ത്താവിന്റെ പേര് മാര്‍ട്ടിന്‍ എന്നാണ് .മൂന്നു കൊല്ലം മുൻപ്...ഞങ്ങളുടെ കുഞ്ഞിനു രണ്ടു വയസ്സ് ഉള്ളപ്പോഴാണ് അത് സംഭവിച്ചത്..അയാള്‍ക്ക് ഞാന്‍ അല്ലാതെ റോസ്മേരി എന്ന യുവതിയുമായ് അയാള്‍ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു.ഞാനും മാര്‍ട്ടിനും തമ്മില്‍ ,എന്റെ വീട്ടുകാര്‍ കൊടുത്തു തീര്‍ക്കാന്‍ ഉണ്ടായിരുന്ന സ്ത്രീധനബാക്കിയെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.അയാള്‍ക്ക് എന്നെ പട്ടിയുടെ വിലയായിരുന്നു.എന്നെയും എന്റെ കുഞ്ഞിനേയും എങ്ങനെയും ഒഴിവാക്കി അവളെ വിവാഹം കഴിക്കുക എന്നായിരുന്നു അയാളുടെ പ്ലാന്‍.”
അത്രയും പറഞ്ഞിട്ട് അവള്‍ ഒന്ന് കിതച്ചു.
“അത് സംഭവിച്ച ദിവസം വൈകുന്നേരം ,ഞാന്‍ കുഞ്ഞിനെ കുളിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ് അയാള്‍ ഒരു കാറില്‍ വീട്ടിലേക്ക് ജോലി കഴിഞ്ഞു വന്നത്.അതവളുടെ കാര്‍ ആയിരുന്നു.റോസ് മേരിയുടെ.കാറില്‍ ഇരുന്നു ആ തേവിടിശ്ശി എന്നെ ട്ടപുച്ഛത്തില്‍ നോക്കി.എന്റെ നിയന്ത്രണം വിട്ടു.ഞാന്‍ അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്തു പുറത്തേക്ക് പാഞ്ഞു ചെന്നു കാറില്‍ നിന്ന് അവളെ വലിച്ചു ചാടിച്ചു തലഞ്ഞും വിലങ്ങും വെട്ടി.അവള്‍ മരിക്കുന്നത് വരെ.എനിക്ക് അപ്പോള്‍ ഭ്രാന്തായിരുന്നു.ഭയം മൂലം മാര്‍ട്ടിന്‍ എന്റെ അരികിലേക്ക് വന്നില്ല.അത് കഴിഞ്ഞു ഞാന്‍ അയാളെയും ആക്രമിച്ചു.ഫ്ലവര്‍വെസ് കൊണ്ട് ഞാന്‍ അയാളുടെ തലക്ക് അടിച്ചു.പക്ഷെ അയാള്‍ മരിച്ചില്ല.”
പറഞ്ഞു നിര്‍ത്തിയപ്പോള്‍ അവള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഇത്തരം ധാരാളം അനുഭവങ്ങള്‍ കേട്ടിട്ടുള്ളത് കൊണ്ട് എനിക്ക് ഞെട്ടല്‍ തോന്നിയില്ല.ഒരു വികാരം മാത്രമെ കൊലപാതകങ്ങള്‍ ഇപ്പോള്‍ എന്നില്‍ ഉണ്ടാക്കുന്നുള്ളൂ.
കൂരിയോസിറ്റി.
“റോസ്മേരിയെ കൊല്ലുന്നതിനു മുന്‍പും അതിനു ശേഷവും നിങ്ങളുടെ മനസ്സില്‍ എന്താണ് ഉണ്ടായിരുന്നു തോന്നിയത്.?”
“ഒരു ശൂന്യത.ഒരു കറുത്തചിലന്തി ഭിത്തിയില്‍ പറ്റിപിടിച്ചത് പോലെ എന്തോ ഒന്ന് എന്റെ തലചോറില്‍ ഉണ്ടായിരുന്നു.”നിന്റെ ഭര്‍ത്താവ് എന്റെ സ്വന്തമാണ്” എന്നുള്ള അവളുടെ നോട്ടത്തില്‍ ആ കറുത്ത ചിലന്തിവല വലുതാകുന്നത് പോലെ എനിക്ക് തോന്നി.അവളെ കൊല്ലുമ്പോള്‍ ,അവളുടെ ചോരയുടെ ചൂടില്‍ എന്റെ ദേഹം നനയുമ്പോള്‍ ,സത്യത്തില്‍ എനിക്ക് തോന്നിയത് ആശ്വാസമാണ്..ആ ചിലന്തിവല ഇല്ലാതാകുന്നതിന്റെ ആശ്വാസം.”
അവള്‍ പറഞ്ഞു.അത് പറയുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം നഷ്ടപെട്ട് ശൂന്യമാവുന്നത് ഞാന്‍ കണ്ടു.
“പിന്നെയും നിങ്ങള്‍ മാര്‍ട്ടിനെ ആക്രമിച്ചില്ലേ..കൊല്ലാന്‍ തന്നെയല്ലേ നിങ്ങള്‍ ശ്രമിച്ചത്‌ ?അത് എന്തിനായിരുന്നു. ?”
“ഒരാളെ കൊന്നാലും പത്തു പേരെ കൊന്നാലും ശിക്ഷ ഒരു പോലെയല്ലേ...വാട്ട് ഡിഫറന്‍സ് വില്‍ ഇറ്റ്‌ മേക്ക് ?” അവള്‍ ചോദിച്ചു.
അത് പറഞ്ഞു അവള്‍ ഒന്ന് ചിരിച്ചു.ആ ചിരി കേട്ടപ്പോള്‍ ആരും താമസിക്കാന്‍ ഇല്ലാത്ത ഏതോ പഴയ ബംഗ്ലാവിലെ തൂക്കുവിളക്കുകള്‍ കാറ്റില്‍ ഉലയുന്ന ശബ്ദം എന്റെ മനസ്സില്‍ വന്നു.
“ആ സമയം ഉള്ളില്‍ ,ബുദ്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ.മാര്‍ട്ടിനെ കൊല്ലുക.അയാള്‍ എന്റെ കുഞ്ഞിന്റെ ഭാവിക്ക് തടസ്സമായിരുന്നു.എന്റെ കുഞ്ഞിനെ എന്റെ പപ്പയെ ഏല്‍പ്പിക്കുക.അതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.”
അവള്‍ പറഞ്ഞു.
ഞാന്‍ അവള്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേട്ട് കൊണ്ടിരുന്നു.അപ്പോഴെല്ലാം കൃഷ്ണമണികള്‍ വികാര ആധിക്യത്തില്‍ വട്ടം കറങ്ങുന്നത് ഞാന്‍ കണ്ടു.
ബസ് മറികടന്നു പോലീസ് ജീപ്പുകള്‍ പായുന്നത് കണ്ടു.അവള്‍ എന്റെ കയ്യിലെ എ.ടി.എം.ബാലന്‍സ് സ്ലിപ്പ് വാങ്ങി അതില്‍ അവളുടെ കുഞ്ഞു താമസിക്കുന്ന വീടിന്റെ വിലാസവും വഴിയും എഴുതി.പീരുമേടിനു സമീപമായിരുന്നു അത്.
ബസ് കാഞ്ഞിരപ്പള്ളി എത്തി.ആ കേക്ക് പൊതിഞ്ഞ കവര്‍ എനിക്ക് തന്നു കൊണ്ട് അവള്‍ പറഞ്ഞു.
“അവര്‍ എന്നെ പിടികൂടും.ഉറപ്പാണ്‌.അങ്ങ് വരെ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഇത് എന്റെ കുഞ്ഞിനു കൊടുക്കണം.”
ഞാന്‍ വിറയ്ക്കുന്ന കൈ കൊണ്ട് അത് വാങ്ങി.
അവളുടെ ഊഹം ശരിയായിരുന്നു.ബസ് നിര്‍ത്തിയയുടന്‍ പോലീസുകാര്‍ കയറി വന്നു.അവര്‍ അവളെ പിടിച്ചു കൊണ്ട് പോയി.
ഞാന്‍ ബസ്സിന്റെ വിന്‍ഡോയുടെ അരികിലേക്ക് നീങ്ങിയിരുന്നു.
പോലീസ് ജീപ്പില്‍ കയറുന്നതിനു മുന്പ് അവള്‍ എന്നെ നോക്കി.
ഒരു ഉമ്മയും കൂടെ കുഞ്ഞിനു കൊടുക്കണം എന്ന് അവള്‍ പറയുന്നത് പോലെ എനിക്ക് തോന്നി.
വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി.ഇതൊരു വല്ലാത്ത യാത്രയാണ്‌.ഞാന്‍ വീണ്ടും ബാഗ് തുറന്നു മദ്യം വായിലേക്ക് കമിഴ്ത്തി.പിന്നെ നിമ്മി പറഞ്ഞത് ആലോചിച്ചു.
അവള്‍ ചെയ്ത ആദ്യത്തെ കൊലപാതകവും രണ്ടാമത്തെ കൊലപാതക ശ്രമവും ഞാന്‍ അനലൈസ് ചെയ്യാന്‍ ശ്രമിച്ചു.ഫോണ്‍ തുറന്നു നോട്ട്പാഡില്‍ വിവരങ്ങള്‍ പകര്‍ത്തി.ഒരു കറുത്ത ചിലന്തിയുടെ ചിത്രം ആ നോട്ടില്‍ അറ്റാച്ചു ചെയ്തു.
അവളുടെ ഉള്ളില്‍ ഒരു കറുത്ത ചിലന്തിയെ പോലെ പറ്റിപ്പിടിച്ച ആ പ്രേരണ..അത് ഒരു നിമിഷം കൊണ്ട് ഉണ്ടായതല്ല.കുറെ നാള്‍ കൊണ്ട് അത് അവളുടെ മനസ്സില്‍ രൂപം കൊണ്ടതാണ്?അത് എന്താണ്?
ആലോചനയില്‍ ഉറങ്ങിപ്പോയി.പിന്നെ ഉണര്‍ന്നത് കണ്ടക്ക്ടറുടെ ശബ്ദം കേട്ടപ്പോഴാണ്.
“പീരുമേടായി...കട്ടന്‍ കാപ്പി വേണ്ടവര്‍ക്ക് കുടിക്കാം.പത്തു മിനിറ്റ് താമസമുണ്ട്.”
ഞാന്‍ പുറത്തിറങ്ങി.ഇതല്ലേ നിമ്മി പറഞ്ഞ സ്ഥലം?
കവലയില്‍ പോലീസ് വണ്ടികള്‍ ഉണ്ടായിരുന്നു.എങ്ങും മഞ്ഞാണ്.മഞ്ഞില്‍ വാഹനങ്ങളുടെ ഫോഗ് ലൈറ്റുകള്‍ മാത്രം വ്യക്തമായി കാണാം.
ഒരു ഓട്ടോക്കാരന്റെ അടുത്ത് ചെന്ന് വിലാസം ചോദിച്ചു.
“ആ മാര്‍ട്ടിന്‍ താമസിച്ച വീടല്ലേ...ആ കൊലപാതകം ഒക്കെ നടന്ന സ്ഥലം..?”
“അതേ.”
"അവിടെ ഇപ്പൊ ആരുമില്ലല്ലോ..അവള്‍ പോലീസിനെ വെട്ടിച്ചു കടന്നു.ഈ പോലീസ് ഒക്കെ അതിനു വന്നതാ.പക്ഷെ കാഞ്ഞിരപ്പള്ളി വച്ചു പിടിച്ചു എന്ന് കേട്ടു.അല്ല നിങ്ങള്‍ എന്തിനാ അന്വേഷിക്കുന്നത് .?പത്രത്തില്‍ നിന്നാണോ ?”
ഇന്ന് ഏറ്റവും പെട്ടെന്ന് സ്വീകരിക്കാവുന്ന ഐഡന്‍ററ്റിറ്റി മീഡിയ റിപ്പോര്‍ട്ടറുടെയാണ്.ജനം നിങ്ങളെ ഭയപെടുകയും സ്നേഹിക്കുകയും ചെയ്യും.
“അതേ..” ഞാന്‍ പറഞ്ഞു.
“അവള്‍ക്കു ഭ്രാന്തല്ലേ സാറേ..ആ കുഞ്ഞു ഇപ്പോഴും ജീവനോടെ ഉണ്ടെന്നാ അവളു കരുതുന്നെന്ന് പോലീസുകാരു പറയുന്നതു കേട്ടു.”
ഞാന്‍ മനസ്സിലാകാതെ അയാളെ നോക്കി.
“മാര്‍ട്ടിന്റെ വെപ്പാട്ടിയെ അവള് തട്ടി.മാര്‍ട്ടിനെ കൊല്ലാന്‍ നോക്കി.പക്ഷെ അവന്‍ രക്ഷപെട്ടു.ഇതിനിടയില്‍ ആ കുഞ്ഞിന്റെ കാര്യം ആരും ഓര്‍ത്തില്ല.അത് എങ്ങനെയോ ,ഉരുണ്ടു ബക്കറ്റില്‍ വീണു.വെള്ളത്തിൽ മുങ്ങി ശ്വാസം കിട്ടാതെ മരിച്ചു.അവളു കൊലപാതകം കഴിഞ്ഞു വരുമ്പോ കൊച്ചു ചത്തു കെടക്കുവാവാ.അതോടെ അവള്‍ക്ക് മുഴു വട്ടായി.ജയിലില്‍ ഭ്രാന്തിനു ചികിത്സയിലായിരുന്നു.”
പൊടുന്നനെ ബസിന്റെ ഹോണ്‍ മുഴങ്ങി.അതോടൊപ്പം ഒരു തണുത്ത ഞെട്ടല്‍ ആദ്യമായി എന്റെ രോമകൂപങ്ങളിലൂടെ കടന്നു പോയി.
“അയാള്‍ ഇപ്പൊ ഇവിടെയുണ്ട് ?” ഞാന്‍ ചോദിച്ചു.
“വാഗമണ്ണില്‍ റിസോര്‍ട്ട് നടത്തുകയാ..അവന്‍ ഇപ്പൊ വല്യ സെറ്റപ്പായില്ലേ ...വേറെ പെണ്ണ് കെട്ടി.. ആ പെണ്ണും ചത്തു എന്ന് പറയുന്ന കേട്ടു.ചില നാറികള്‍ക്ക് പെണ്ണ് വാഴുകേല അല്ലെ സാറേ..?”
ഞാന്‍ ഓടിപ്പോയി ബസ്സില്‍ നിന്ന് ട്രാവല്‍ ബാഗ് എടുത്തു കൊണ്ട് വന്നു.ആ ഓട്ടോക്കാരനോട് ചോദിച്ചു ടൌണിലെ ഒരു ചെറിയ ലോഡ്ജില്‍ മുറിയെടുത്തു.ഈ യാത്ര ഇനി തുടരാന്‍ വയ്യ.
കിടന്നതും ഉറങ്ങിയത് അറിഞ്ഞില്ല.
ഉറക്കത്തിലും ഞാന്‍ ബസ്സില്‍ പോവുകയാണ്. ചിലന്തിയുടെ മുഖമുള്ള കുട്ടികള്‍ എന്റെ ഒപ്പം ബസ്സില്‍ സഞ്ചരിക്കുകയാണ്.അവര്‍ നിശബ്ദരായി എന്നെ നോക്കുന്നു.അവ മുഖംമൂടികള്‍ ആണോ...?ഞാന്‍ ഒരു കുഞ്ഞിന്റെ മുഖത്ത് തൊട്ടതും ഞെട്ടി ഉണര്‍ന്നു..
കണ്ണ് തുറന്നു നോക്കി.തല പൊട്ടിപിളരുന്ന വേദന.ഒരു നിമിഷം ആലോചിച്ചു.താന്‍ എവിടെയാണ്?
മേശയില്‍ എന്റെ ട്രാവല്‍ബാഗ്.അതിനരികില്‍ ഒരു കവര്‍..അത് എന്റെയല്ല..ആരുടെയാണ് ?
അപ്പോള്‍ തലേന്നത്തെ യാത്ര ഓര്‍മ്മ വന്നു.ആ കവര്‍ നിമ്മി എന്ന യുവതി തനിക്കു തന്നതാണ്. അതിൽ ഒരു കേക്കുണ്ട്.അവളുടെ മരിച്ചു പോയ കുഞ്ഞിനു കൊടുക്കാന്‍.
റൂം വെക്കേറ്റ് ചെയ്തു ഒരു ഓട്ടോറിക്ഷയില്‍ വാഗമണ്ണിലേക്ക് പുറപ്പെട്ടു.എലപ്പാറ ബിവറേജില് നിന്ന് ഒരു ബോട്ടില്‍ വാങ്ങി ബാഗില്‍ കരുതി.ഇന്നത്തെ ദിവസം എങ്ങിനെയുണ്ടാവും.?തന്റെ അന്വേഷണം എങ്ങോട്ടാണ്.?
മാര്‍ട്ടിന്‍ അയാളുടെ റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്നു.എന്റെ മനസ്സില്‍ ഉണ്ടായിരുന്ന രൂപം ആയിരുന്നില്ല അയാളുടെത്.
നീല വരകള്‍ ഉള്ള വെളുത്ത വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്.ലെവി ജീന്‍സ്.ക്ലീന്‍ ഷേവ് ചെയ്ത നല്ല വെളുത്ത മുഖം .മുടി ചീകി ഒതുക്കി വച്ചിരിക്കുന്നു.ഏതോ വിലകൂടിയ ഡിയോഡറിന്റെ ഗന്ധം അയാളില്‍ നിന്ന് ഉയരുന്നു.ആത്മവിശ്വാസം സ്ഫുരിക്കുന്ന കണ്ണുകള്‍.
അയാൾക്ക് ഏതോ ഹിന്ദി സിനിമാനടന്റെ ച്ഛായ എനിക്ക് തോന്നി.അയാളുടെ ഭാര്യ അയാളുടെ വെപ്പാട്ടിയെ കൊന്നതിനു ജയിലിലും കുഞ്ഞു മരിച്ചു പോയെന്നും എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല.
പരിചയപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു.
“സാധാരണ പത്രക്കാരാണ്‌ എന്നെ തേടിവരാറ്.പക്ഷേ ഡോക്ടറെ എനിക്ക് അറിയാം.ചില ലേഖനങ്ങള്‍ ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുണ്ട്.”
അയാളോട് നുണ പറയാന്‍ എനിക്ക് തോന്നിയില്ല.എന്റെ ഗവേഷണവും ,നിമ്മിയെ കണ്ടതും ഞാന്‍ അയാളോട് പറഞ്ഞു.
“നമ്മുക്ക് ഒരു സ്ഥലം വരെ പോകാം ഡോക്ടര്‍.ഇവിടെ ഒരു പ്രൈവസി ഇല്ല.”
ഞാന്‍ അയാളോടൊപ്പം വണ്ടിയില്‍ കയറി.കോലാഹല മേടിനു അപ്പുറം വിജനമായ ഒരു കുന്നിന് അരികില്‍ അയാള്‍ വണ്ടി നിര്‍ത്തി.
“കുറച്ചു ദൂരം നടക്കണം.” ഞാന്‍ അയാളോട് ഒപ്പം നടന്നു.
ചെറിയ പാറകള്‍.പേരറിയാത്ത ചെറുമരങ്ങള്‍. വളര്‍ന്നു നില്‍ക്കുന്ന ഓലപ്പുല്ലുകള്‍ തണുത്ത കാറ്റില്‍ ചലിച്ചു.എല്ലായിടത്തും മഞ്ഞുണ്ടായിരുന്നു.
അയാള്‍ എന്നെ കൊണ്ട് പോയത് ഒരു കൊക്കയുടെ അരികിലെക്കായിരുന്നു.മഞ്ഞു മൂലം താഴെ ഒന്നും വ്യകതമല്ല.
“ഇവിടെ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു പലര്‍ക്കും അറിയില്ല.” അയാള്‍ പറഞ്ഞു.
ഞങ്ങള്‍ ഒരു പാറയില്‍ ഇരുന്നു.തണുപ്പില്‍ പല്ലുകള്‍ കിടുകിടാ വിറച്ചു.അയാള്‍ വണ്ടിയില്‍ നിന് ഗ്ലാസ് കൊണ്ട് വന്നു.
ഞാന്‍ ബാഗില്‍ നിന്നു ജെ.ഡി എഫ്. ബോട്ടില്‍ തുറന്നു . ഓരോ പെഗ് കഴിച്ചു.ശരീരം ചൂടായി.
“ഡോക്ടര്‍ ഐ ട്രസ്റ്റ് യൂ.നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണം താങ്കള്‍ രഹസ്യമായി വയ്ക്കും എന്ന് എനിക്കറിയാം. താങ്കള്‍ക്ക് അറിയേണ്ടത് കൊലപാതകത്തിന്റെ മനശാസ്ത്രമാണ്.അതിന്റെ എന്‍സൈക്ലോപീഡിയയാണ് ഞാന്‍.”
ഞാന്‍ അയാളെ നോക്കി.
“ഈ കൊക്കയില്‍ തള്ളി ഞാന്‍ മൂന്നു സ്ത്രീകളെ തട്ടിയിട്ടുണ്ട്.ഏറ്റവും ഒടുവില്‍ നിമ്മിക്ക് ശേഷം ഞാന്‍ കെട്ടിയ പെണ്ണിനെ. ഭാഗ്യവശാല്‍ നിമ്മിയെയും റോസ്മേരിയെയും എനിക്ക് കൊല്ലേണ്ടി വന്നില്ല.റോസ്മേരിയെ നിമ്മി കൊന്നു.നിമ്മി ജയിലിലും.”
അയാള്‍ എന്റെ കയ്യില്‍ നിന്ന് ബോട്ടില്‍ വാങ്ങി വീണ്ടും ഒഴിച്ചു.
“ഈ കൊലപാതകങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ഒന്നും തോന്നിയില്ലേ..?”
“ഡോക്ടര്‍ ആ ഒരു നിമിഷം..... ,അത് എങ്ങനെയാണു ഞാന്‍ പറയണ്ടത് ?ഐ ഫീല്‍ പവര്‍ഫുള്‍...സ്പൈഡര്‍മാന്‍ ചിലന്തി വല നെയ്യുന്നത് സിനിമയില്‍ കണ്ടിട്ടില്ലേ...അത് പോലെ ഒരു അമാനുഷികത..”
ഒരാള്‍ക്ക് കൊലപാതകം ഒരു ചിലന്തി വലയുടെ വിടുതലെങ്കില്‍ മറ്റൊരാള്‍ക്ക് അത് നെയ്യുന്നതാണ്.
“അപ്പോള്‍ നിങ്ങളുടെ കുഞ്ഞു മരിച്ചതില്‍ ഒട്ടും സങ്കടം തോന്നുന്നില്ലേ ?”
“ഐ ആം എ ബിസിനസ് മാന്‍ ഡോക്ടര്‍. അവന്‍ മരിച്ചത് കൊണ്ട് നന്നായി എന്നാണ് എനിക്ക് തോന്നിയത്.എന്തിന് സങ്കടപ്പെടണം..എപ്പഴായാലും മരിക്കണം..ഞാന്‍ വളര്‍ത്തി അവനെ നശിപ്പിച്ചില്ലല്ലോ..” മദ്യം നുകര്‍ന്ന് ചൊടി തുടച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
“ടച്ചിംഗ്സ് ഒന്നും കൊണ്ട് വന്നില്ല.”അയാളുടെ സ്വരത്തില്‍ നിരാശ പൂണ്ടു.
ഞാന്‍ ട്രാവല്‍ ബാഗില്‍ നിന്ന് നിമ്മി തന്ന കേക്ക് എടുത്തു മുറിച്ചു.ഒരു കഷണം അയാള്‍ക്ക് നല്‍കി.
“ഇതെന്താ കേക്ക്..ഡോക്ടറുടെ ബര്‍ത്ത്ഡേ വല്ലതുമാണോ ?”അയാള്‍ ചിരിച്ചു കൊണ്ട് അത് വാങ്ങി.
ഞാന്‍ അയാള്‍ അത് രുചിയോടെ കഴിക്കുന്നത് ഞാന്‍ നോക്കിയിരുന്നു.
ഉള്ളില്‍ ഒരു കറുത്തപൊട്ടു വിടരുന്നതും ,ഒരു ചിലന്തിവല തലച്ചോറ് മുഴുവൻ പടരുന്നതും ഞാന്‍ അറിഞ്ഞു.ആ കറുത്ത പൊട്ട് നേരത്തെ മുതല്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുകയാണ്.ഞാന്‍ എന്ത് അന്വേഷിച്ചോ അത് എന്റെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു.
എന്നും.
ബസ്സില്‍ വച്ചു നിമ്മിയുടെ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന രക്തത്തിന്റെ ഗന്ധം ഞാന്‍ എങ്ങനെയാണു തിരിച്ചറിഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.അത് അവളുടെ അബോധമനസ്സില്‍ നിന്നായിരുന്നു .ആ കറുത്ത ചിലന്തിവലയില്‍ നിന്ന്.
ആ കേക്ക് അയാള്‍ കഴിച്ചു തീരാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.ഇത് കൗതുകകരമായ ഒരു സിറ്റുവേഷനാണ്.
(അവസാനിച്ചു)

Anish

അഞ്ചു മിനിറ്റ് വൈകി ഇറങ്ങിയ പെൺകുട്ടി

അഞ്ചു മിനിറ്റ് വൈകി ഇറങ്ങിയ പെൺകുട്ടി
*******************************************************************
ആ ഗ്രാമത്തിലെ പള്ളിയുടെ പായല്‍ പിടിച്ച ചുവന്ന പടിക്കെട്ടുകൾക്ക് അരികില്‍ ബസ് കാത്തു നിൽക്കുന്ന പെൺകുട്ടിയുടെ പേര് ആനി എന്നാണ്.മഞ്ഞചുരിദാറും ചെറിയ പൂക്കള്‍ ഉള്ള ഷാളും ധരിച്ച ഒരു സാധാരണ പെൺകുട്ടി.ചെറിയ വട്ടമുഖത്തിനു ഇരുനിറം.മെലിഞ്ഞ ശരീരം..“പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സ് “ എന്ന് പ്രിന്റ്‌ ചെയ്തിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് കൂട് അവള്‍ നെഞ്ചോട്‌ അടുക്കിപിടിച്ചിരിക്കുന്നു.അതിനുള്ളില്‍ ഒരു ഫയലില്‍ അവളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട്.ഒപ്പം ഒരു ചെറിയ ഹാന്‍ഡ് ബാഗും.പിഞ്ഞിത്തുടങ്ങിയ ബാഗും ,മുഷിഞ്ഞ പ്ലാസ്റ്റിക് കവറും,പായല്‍ ചുവന്ന പടിക്കെട്ടുകളും നോക്കി വിഷാദത്തിന്റെ പാടകെട്ടിയ ഒരു ആകാശം ആ നാട്ടിൻപുറത്തെ ബസ്സ്റ്റോപ്പിന് മുകളില്‍ തൂങ്ങി നിന്നു.
അവള്‍ ഇടക്കിടക്ക് ബസ് വരുന്നുണ്ടോ എന്ന് റോഡിലേക്ക് എത്തി നോക്കുന്നുണ്ട്.അഞ്ചു മിനിട്ട് വൈകിയാണ് അവള്‍ വീട്ടില്‍ നിന്നിറങ്ങിയത്.അതിനു അവള്‍ സ്വയം ശപിച്ചു.വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ആനിയെ സംബന്ധിച്ച് ഇന്ന്.പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ ഒരു ആശുപത്രിയില്‍ ക്ലാര്‍ക്ക് ജോലിയുടെ അഭിമുഖത്തിനു അവളെ ക്ഷണിച്ചിട്ടുണ്ട്.കൃത്യം ഒന്‍പതര ആവുമ്പോള്‍ ഓഫീസില്‍ എത്തണം.കൃത്യ സമയത്ത് തന്നെ അവിടെ എത്തണം എന്ന് പള്ളിയിലെ വികാരിയച്ചന്‍ അവളോട്‌ പറഞ്ഞിരുന്നു.അദ്ദേഹം അവള്ക്ക് വേണ്ടി ആശുപത്രി മാനേജ്മെന്റുമായി സംസാരിച്ചിരുന്നു.പക്ഷെ അത് പോലെ റെക്കമേന്റെഷന്‍ ഉള്ള മറ്റു പലരും അവിടെ ഉണ്ടാകും.ഏറ്റവും ആദ്യം വരുന്നവരെ ആയിരിക്കും ആദ്യം അഭിമുഖത്തിനു വിളിക്കുക.താമസിച്ചു ചെല്ലുന്നത് ചിന്തിക്കാന്‍ പോലും ആകില്ല.
അവള്‍ വീണ്ടും വീണ്ടും റോഡിലേക്ക് നോക്കി.മഴക്കാറ് വീണു ഒരു മൂടല്‍ എല്ലായിടത്തും പരന്നിരിക്കുന്നു.അഞ്ചു മിനിറ്റു മുന്പാണ് ഇറങ്ങിയത്‌ എങ്കില്‍ അവള്‍ക്ക് സെയിന്റ് ജോര്‍ജ് ബസ് കിട്ടിയേനെ.തിരക്ക് കുറവുള്ള അതില്‍ ഇരുന്നു പോകാമായിരുന്നു.ഒപ്പം വൈകാതെ അഭിമുഖത്തിനു എത്തുകയും ചെയ്യാമായിരുന്നു.ഇനി അടുത്ത ബസ് വരാന്‍ പത്തു മിനിറ്റ് എടുക്കും.അത് ഒരു എറണാകുളം ബസ്സാണ്.വല്ലാത്ത തിരക്കാണ് ആ ബസ്സില്‍.ഇടിച്ചു കുത്തി പതിനഞ്ചു മിനിട്ട് ആ ബസ്സില്‍ നിന്നതിനു ശേഷം ഇറങ്ങുമ്പോ ഒരു പരുവം ആയിട്ടുണ്ടാവും.അത് ഒരു പക്ഷെ അവളുടെ അഭിമുഖത്തിലേ വിജയ സാധ്യത തന്നെ നഷ്ടപെടുത്തിയെക്കാം.
ഒരഞ്ചു മിനിറ്റ് കിട്ടിയിരുന്നെങ്കില്‍.
അവള്‍ നേരത്തെ ഒരുങ്ങിയതാണ്.ആ സമയമാണ് മഴ ചാറാന്‍ തുടങ്ങിയത്.അയയില്‍ തൂക്കിയിട്ട റബ്ബര്‍ ഷീറ്റ് എടുത്തു ഇറയത്തു വയ്ക്കാന്‍ ആണ് അഞ്ചു മിനിറ്റു വൈകിയത്.അവള്‍ കൈ മണപ്പിച്ചു.ഇപ്പഴും ഉളളംകയ്യില്‍ റബ്ബര്‍ ഷീറ്റിന്റെ മണം.
ഒരു കരച്ചില്‍ അവളുടെ ഉള്ളില്‍ നിന്നും അലച്ചു വന്നു.കാരണം ആ മണം അവളുടെ അപ്പന്റെ മണമാണ്.അവളുടെ അപ്പന്‍ മരിച്ചിട്ട് ഇന്ന് മൂന്ന് ദിവസമേ ആയിട്ടുള്ളൂ.
ഒരു ഹോണടി കേട്ടു.എറണാകുളം ബസ് വരുന്നുണ്ട്.അവള്‍ കൈ കാണിച്ചു അകത്തു കയറി.
സൂചികുത്താന്‍ ഇടമില്ല.തിങ്ങിഞെരുങ്ങി അവള്‍ വണ്ടിയുടെ മുന്നില്‍ കയറി.മുന്‍ വശം വരെ ആണുങ്ങള്‍ നില്‍ക്കുന്നു.അവള്‍ വല്ല വിധേനയും മുകളിലെ കമ്പിയില്‍ പിടിമുറുക്കി.
ബസ് മുൻപോട്ട് എടുത്തതും മഴ ആര്‍ത്തു വന്നു.ആളുകള്‍ ഷട്ടറുകള്‍ താഴ്ത്തി.
അവള്‍ ഒരു കൈ കൊണ്ട് പ്ലാസ്റ്റിക് കവറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ചുളിവു വീഴാതെ നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കാന്‍ ശ്രമിച്ചു.ഒരേ ഒരു അഞ്ചു മിനിട്ട് ഈ പ്രധാനപ്പെട്ട ദിവസം തന്നെ വൈകിയതില്‍ അവള്‍ സ്വയം ശപിച്ചു.
അപ്പന്‍ ഉണ്ടായിരുന്നെകില്‍ താന്‍ അഞ്ചു മിനിറ്റ് വൈകില്ലായിരുന്നു എന്ന് ആനി ഓര്‍ത്തു .ഉടനെ തന്നെ അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അഭിമുഖത്തിനു തനിക്ക് പോകേണ്ടി വരില്ലായിരുന്നു എന്നും അവള്‍ ചിന്തിച്ചു.ഒരു വര്‍ഷം കൂടി ബി.എഡ് പഠിച്ചു അവള്‍ അദ്ധ്യാപിക ആവാനായിരുന്നു അവളുടെ അപ്പന്‍റെ ആഗ്രഹം.ആനിക്കും അത് തന്നെ ആയിരുന്നു ഇഷ്ടം.
ഒന്നര ഏക്കര്‍ സ്ഥലമാണ് ആനിയുടെ കുടുംബത്തിനു ഉള്ളത്.അപ്പന്‍ ദേവസിയെ കൂടാതെ വലിയമ്മച്ചിയും, അവളുടെ അമ്മയും ഒരു അനിയനും കൂടെയാണ് കുടുംബത്തില്‍ ഉള്ളത്.അപ്പന് റബ്ബര്‍ വെട്ടായിരുന്നു.റബ്ബറിനു വിലയിടിഞ്ഞത്‌ കൊണ്ട് പറമ്പില്‍ ഒരു കോഴി ഫാം കൂടി തുടങ്ങാന്‍ ദേവസി പ്ലാന്‍ ചെയ്തു.അതിനിടെയാണ് പനി പിടിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടും ,ഒപ്പം കോഴികള്‍ വരുന്നതിനു മുന്‍പേ ഫാം തയ്യാര്‍ ആക്കാന്‍ ഉള്ള ഉത്കണ്ഠയും കൂടി ആയപ്പോള്‍ ദേവസി പനിയുടെ കാര്യം മറന്നു.കോഴികള്‍ എത്തുന്നതിനു മുന്‍പ് .ഡെങ്കി പനി വഷളായി ദേവസി മരിച്ചു.
ബസ്സിനുള്ളില്‍ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി.ആളുകളുടെ വിയര്‍പ്പിന്റെയും പൗഡറിന്റെയും കൂടിക്കലർന്ന വാട.ബസ്സിലെ സ്പീക്കറുകളില്‍ കൂടി ഏതോ തമിഴ് തട്ടുപൊളിപ്പന്‍ ഗാനം കേള്‍ക്കുന്നുണ്ടായിരുന്നു.
അവള്‍ക്ക് അത് അസഹനീയമായി തോന്നി.അവര്‍ ആ ശബ്ദം കുറെ നേരം നിര്‍ത്തിയിരുന്നുവെങ്കില്‍.....
പുറകില്‍ നില്‍ക്കുന്നവരുടെ എല്ലാം ഭാരം തന്‍റെ മേലേക്ക് വീഴുന്നത് പോലെ അവള്ക്ക് തോന്നി.അവള്‍ വാച്ചിലേക്ക് പാളി നോക്കി.താന്‍ അഭിമുഖത്തിനു താമസിക്കും.അഞ്ചു മിനിട്ട് മുന്‍പായിരുന്നെകില്‍ ,മറ്റേ ബസ്സില്‍ സീറ്റില്‍ ഇരുന്നു തിരക്കും ഇടിയും കൊള്ളാതെ പോകാമായിരുന്നു.
പെട്ടെന്നാണ് അതുണ്ടായത്‌.തീപ്പൊള്ളല്‍ ഏറ്റത് പോലെ അവള്‍ ഞെട്ടി വിറച്ചു.
പുറകില്‍ നില്‍ക്കുന്നയാളുടെ കൈ തന്‍റെ ഇടുപ്പില്‍ പിടിത്തമിട്ടിരിക്കുന്നു.പിടിച്ചമര്‍ത്തിയതിനു ശേഷം ആ വിരലുകള്‍ പിന്‍വലിഞ്ഞു.
തലയ്ക്കു മുകളിലൂടെ ശരീരത്തിലേക്ക് ഒരു കുട്ട നിറയെ പുഴുക്കളെ ആരോ വര്‍ഷിച്ചത് പോലെ അവള്‍ക്ക് തോന്നി.
എന്ത് ചെയ്യണം.??
താന്‍ ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു.തിരിഞ്ഞു നിന്നു അയാളുമായി വഴക്കുണ്ടാക്കിയാല്‍...
ഒരു പക്ഷെ അയാള്‍ മനപ്പൂര്‍വം പിടിച്ചതായിരിക്കില്ല.ബസ്സിലെ തിരക്കിനിടയില്‍ ഒരു പക്ഷെ അറിയാതെ...
അവളുടെ മനസ്സില്‍ കാരണം ഒന്നുമില്ലാതെ അപ്പന്റെ പരസ്പ്പരം കൂട്ടിപ്പിടിച്ച കൈകള്‍ ഓര്‍മ്മ വന്നു.പെട്ടിയില്‍ കിടത്തിരിയിരിക്കുന്ന അപ്പന്റെ ശരീരം.കൈകള്‍ കൂട്ടിപ്പിണച്ചു വിരലുകള്‍ക്കിടയില്‍ ഒരു കൊന്ത ആരോ അണിയിക്കുന്നു.
തന്‍റെ ചെറിയ സ്വപ്‌നങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് അപ്പന്‍ ജീവിതത്തോട് യാത്ര പറയുന്ന നിമിഷങ്ങള്‍...
അത് ഓര്‍മ്മിക്കുന്നതിനിടയില്‍ വീണ്ടും അവളുടെ ശരീരത്തില്‍ ആ വിരലുകളുടെ പിടിത്തം വീണു.പുഴുക്കുത്ത് ഏറ്റത് പോലെ ആനി വീണ്ടും പിടഞ്ഞു.ഇത്തവണ ആ പിടിത്തത്തിന്റെ ദൈര്‍ഘ്യം ആദ്യത്തേതിനേക്കാള്‍ എറിയതായിരുന്നു.
കഴുത്തിന്‌ പിറകില്‍ അയാളുടെ ചൂടുള്ള ശ്വാസം.അതിനു മദ്യത്തിന്റെയും ബീഡിയുടെയും അവിഞ്ഞ ഗന്ധം.
അവളുടെ കണ്ണ് നിറഞ്ഞു.ഒപ്പം മുകളിലെ കമ്പിയില്‍ പിടിച്ച വിരലുകള്‍ വിയര്‍പ്പില്‍ നനഞു.അപരിചിതരായ ആളുകളുടെ ഇടയില്‍ തിങ്ങി ഞെരുങ്ങുകയാണ് അവള്‍.
ഒരഞ്ചു മിനിട്ട് നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍.
വീണ്ടും ആ കൈവിരലുകള്‍ അവളുടെ ശരീരത്തില്‍ തൊടുന്നു.
അവള്‍ അപ്പോള്‍ ആ കാഴ്ച ഓര്‍മ്മിച്ചു .ഒരിക്കല്‍ പ്ലസ്ടൂവിനു പഠിക്കുമ്പോള്‍ അവള്‍ ഇത് പോലെ ഒരു ബസ്സില്‍ പോവുകയായിരുന്നു.തിരക്കേറിയ ബസ്സില്‍ തന്നെക്കാള്‍ മുതിര്‍ന്ന ഒരു യുവതിയെ പിന്നില്‍ നില്‍ക്കുന്ന യാത്രക്കാരന്‍ ഉപദ്രവിക്കുന്നത് അവള്‍ കണ്ടു.പക്ഷെ ആ സ്ത്രീ പ്രതികരിച്ചില്ല.
അവള്‍ക്ക് നല്ല ദേഷ്യം തോന്നിയിരുന്നു.അപ്പോള്‍.
അവര്‍ എന്തിനായിരിക്കും അന്ന് യാത്ര ചെയ്തിട്ടുണ്ടാവുക..?
അവര്‍ എങ്ങോട്ടായിരിക്കും യാത്ര ചെയ്തത്?
വൈകിയാല്‍ ,ജീവിതത്തിലെ ഏതെങ്കിലും വലിയ നഷ്ടം നേരിടേണ്ടി വരും എന്ന് ഭയന്നു തന്നെ പോലെ യാത്ര ചെയ്ത ഒരു സാധാരണക്കാരിയായിരിക്കും അവര്‍.. അസുഖം വഷളായ തന്‍റെ കുഞ്ഞിനു മരുന്ന് വാങ്ങാനോ അല്ലെങ്കില്‍ ഏതെങ്കിലും തുണിക്കടയില്‍ താമസിച്ചു ചെന്നാല്‍ ഉള്ള ജോലി കൂടി നഷ്ടപെടും എന്ന് ഭയന്ന ഒരു സെയില്‍സ് ജീവനക്കാരിയോ അതുമല്ലെങ്കില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന തന്‍റെ കെട്ടിയവനെ കാണാന്‍ പോകുന്ന ഭാര്യയോ ?

വണ്ടി ഏതോ സ്റ്റോപ്പില്‍ നിര്‍ത്തിയിരിക്കുന്നു.ആരോ ഷട്ടര്‍ ഉയര്‍ത്തുന്നു .പുറത്തു മഴ നിര്‍ത്താതെ പെയ്യുന്നു.മഴയുടെ വെളുപ്പിന് അപ്പുറം ,ബസ്സ് സ്റ്റോപ്പിലെ മുറുക്കാന്‍ കടയുടെ അടഞ്ഞു കിടക്കുന്ന തട്ടിയില്‍ ഒരു സിനിമാ പോസ്റ്റര്‍.വാളേന്തി നില്‍ക്കുന്ന ദേവസേനയുടെ മുഖം മഴയില്‍ മങ്ങുന്നു.
ആളുകള്‍ തിക്കിത്തിരക്കി കയറുന്നു.ഇപ്പോള്‍ ആ കൈ പിന്‍വാങ്ങിയിരിക്കുന്നു...
ബസ് മുന്നോട്ടു നീങ്ങുകയാണ്.
ഈ യാത്ര ഇപ്പോള്‍ തീരും.ഉടനെ.ഇനി ഒരു പത്തു മിനിറ്റ് കൂടി സഹിച്ചാല്‍ താന്‍ പട്ടണത്തില്‍ എത്തും.അല്പം വൈകിയാണെങ്കിലും താന്‍ അഭിമുഖത്തിനു ഹാജരാകും.അച്ചന്‍ വിളിച്ചു പറഞ്ഞത് കൊണ്ട് ആ ജോലി കിട്ടാതിരിക്കില്ല.
രാവിലെ അവള്‍ കുറച്ചു കുട്ടികള്ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്.ഈ ജോലി കിട്ടിയാല്‍ ട്യൂഷനും ഒപ്പം ഒരു അധികവരുമാനം ആകും.അപ്പന്‍ പോയത് കൊണ്ട് ഇനി റബ്ബര്‍ വെട്ടാന്‍ ആരുമില്ല.അനിയനെ പഠിപ്പിക്കണം.തന്‍റെ വിവാഹത്തിനും അനിയന്റെ പഠനത്തിനും ഉള്ള തുക കണ്ടെത്തണം.അമ്മയും കൂടി സഹായിക്കും.അങ്ങിനെയാണെങ്കില്‍ കോഴിഫാം നടത്താന്‍ കഴിയും.കോഴിയെ വളര്‍ത്തി കൊടുത്താല്‍ മതി.മറ്റ് ബാധ്യതകള്‍ ഒന്നുമില്ല.പക്ഷെ നൈനംദിന ചെലവുകള്‍ നടന്നു പോകനമെങ്കില്‍ ഈ ജോലി കൂടിയേ തീരു...
വീണ്ടും അവളുടെ ശരീരത്തില്‍ ആ കൈ പിടുത്തമിട്ടു.അവള്‍ കുതറി.അപ്പോള്‍ പെട്ടെന്ന് ആ കൈ പിന്‍വാങ്ങി..
അവള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.ഇനി ഒരിക്കലും അവള്‍ക്ക് ഈ സാഹചര്യത്തെ നേരിടേണ്ടി വരില്ല.ഇത് ഒരിക്കല്‍ മാത്രം ഉള്ള അനുഭവമാണ്.ചില വേദനിപ്പിക്കുന്ന ഇടങ്ങള്‍ ഒരിക്കല്‍ മാത്രം അനുഭവിച്ചാല്‍ മതി...
ഇരുണ്ടു കിടന്ന ആശുപത്രിയുടെ ഇടനാഴിയില്‍ അപ്പന്‍റെ ശവം ഡ്രെസ് ചെയ്തു കിട്ടുന്നത് വരെ കാത്തിരിക്കുമ്പോള്‍ മനസ്സില്‍ വന്നത് അവള്‍ ഓര്‍മ്മിച്ചു .ഈ നിമിഷവും കടന്നു പോകും.ഈ വേദനയും താന്‍ മറക്കും.ഇത് ...ഇത് ഒരിക്കല്‍ മാത്രമാണ്.
ഒരു സ്കൂട്ടറില്‍ തനിച്ചു താന്‍ പോകുന്നത് അവള്‍ സ്വപ്നം കണ്ടു.ഒറ്റക്ക്.ആരുടേയും വിരലുകളുടെ ശല്യമില്ലാതെ ഈ ബസിനെ മറികടന്നു ഓടിച്ചു പോകുന്ന ഒരു സ്വപ്നം അവള്‍ മനസ്സില്‍ വരച്ചു.
അവള്‍ മുകളിലത്തെ കമ്പിയിലേക്ക് പാളി നോക്കി.ഓരോ തരം കൈത്തണ്ടകള്‍ ആ കമ്പില്‍ പിടി മുറുക്കിയിരിക്കുന്നു.അവയില്‍ വെളുത്തു തുടിച്ചു നീല ഞരമ്പുകള്‍ തെളിഞ്ഞ സുന്ദരമായ കൈത്തണ്ടകള്‍ ഉണ്ട്,കുപ്പി വള അണിഞ്ഞവയുണ്ട്,വില കൂടിയ സ്വര്‍ണ്ണ വളകളും ,വാച്ചുകളും അണിഞ്ഞവയുണ്ട്.കൂട്ടത്തില്‍ ഏറ്റവും മോശം തന്‍റെ കൈത്തണ്ടയാണ് എന്ന് അവള്‍ക്ക് തോന്നി.അവര്‍ ഈ കൈത്തണ്ടകള്‍ അഭിമുഖത്തിനു പരിഗണിച്ചാല്‍ ,താന്‍ ജയിക്കുമോ.. ?ഇരുണ്ട നിറമുള്ള ,ശൂന്യമായ ഒരു സാധാരണ കൈത്തണ്ടയാണ് തന്‍റെ..
പക്ഷെ എല്ലാ കൈത്തണ്ടകളും ചുറ്റി പിടിച്ചിരിക്കുന്ന ആ സ്റ്റീല്‍ കമ്പിയില്‍ അവളുടെ കണ്ണുടക്കി.ആശ്രയം..ഈശ്വരന്‍..
ദൈവമേ ഈ യാത്ര പെട്ടെന്ന് തീര്‍ക്കണേ....അഞ്ചു മിനിട്ട് വൈകിയതിനു എന്നോട് ക്ഷമിക്കണേ..
വണ്ടി നഗരത്തില്‍ എത്തി.ഇനി ഒരു രണ്ടു മിനിറ്റ് കൂടി.ബസ്സില്‍ ആളുകള്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന്റെ തിക്കുമുട്ടല്‍ ആരംഭിച്ചിരികുന്നു.ചിലര്‍ക്ക് തങ്ങള്‍ ഇറങ്ങുന്നതിനു മുന്പ് ബസ് പോകുമോ എന്ന പേടി.നില്‍ക്കുന്ന ചിലര്‍ക്ക് ഇരിക്കുന്നവരുടെ സീറ്റ് കിട്ടുമോ എന്ന ആധി.അതിനിടയില്‍ ആ കൈ വീണ്ടും അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചു...ഇത്തവണ ആ പിടുത്തത്തിനു ബലം കൂടുതലാണ്.ഏറ്റവും ഒടുവിലത്തെ അവസരം പരമാവധി ആസ്വദിക്കാന്‍ ഉള്ള ദുര.
കൂര്‍ത്ത മുള്ളുകള്‍ക്കിടയില്‍ ശരീരം തറക്കപ്പെട്ടത് പോലെ അവള്‍ പിടഞ്ഞു.
ഒരഞ്ചു മിനിട്ടു.ഒരേ ഒരു അഞ്ചു മിനിറ്റ് വൈകിയതിന്റെ ശിക്ഷയാണ് അവള്‍ അനുഭവിക്കുന്നത്.
ബസ് നിന്നു.അവള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പ്‌ ആയി.
അവളുടെ പുറകില്‍ നിന്ന മനുഷ്യന്‍ അവള്‍ക്ക് മുന്‍പേ ചവിട്ടുപടിയിലെത്തി.ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ മുഖം തിരിച്ചു അവളെ നോക്കി ഒന്ന് ചിരിച്ചു.
നിറഞ്ഞ കണ്ണിലൂടെ ആ ചിരി അവള്‍ കണ്ടു.അത് ഒരു മിന്നായം പോലെ,ഒരേ ഒരു നിമിഷം നീണ്ടു നിന്ന ,മറ്റാരുടെയും ശ്രദ്ധയില്പെടാഞ്ഞ ചിരി ആയിരുന്നു അത്.
ലോകത്തിലെ എല്ലാ വഷളതയും ആ ചിരിയില്‍ നിറഞ്ഞത്‌ പോലെ ആനിക്ക് തോന്നി.ആ ചിരിയില്‍ എല്ലാം ഉണ്ടായിരുന്നു.താന്‍ എന്ന് പെണ്ണിന്റെ ജന്മം എത്ര നിസ്സാരമായ ,ഒരു കൃമിയുടെ പോലും വിലയില്ലാത്ത ഒന്നാണ് എന്ന് ആ വൃത്തിക്കെട്ട ചിരി അവളെ ഓര്‍മ്മിപ്പിച്ചു..
ആ നിമിഷം ജീവിതത്തിനോട് അടക്കി വച്ച മുഴുവന്‍ പകയും അവളുടെ ഉള്ളില്‍ ഒരു സ്ഫോടനമായി.ഒരു കുതിക്ക് അവള്‍ ബസ്സിന്റെ ചവിട്ടുപടിയിലെത്തി അയാളുടെ പുറംനോക്കി ആഞ്ഞു ചവിട്ടി.അയാള്‍ തെറിച്ചു ദൂരെ റോഡിന്റെ നടുക്ക് വീണു.എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പാഞ്ഞു വന്ന ടിപ്പറിന്റെ ചക്രങ്ങള്‍ അയാളുടെ കഴുത്തിന്‌ മുകളിലൂടെ കയറിയിറങ്ങി.
ആ നിമിഷം എല്ലാം നിശ്ചലമായി.ബസ്സും അതിലെ യാത്രക്കാരും അവരുടെ അമ്പരന്ന മുഖങ്ങളും,നിരത്തിലൂടെ പായുന്ന വാഹനങ്ങളും ,വഴിയാത്രക്കാരും,അയാളുടെ ശരീരത്തില്‍ നിന്നു കുതിച്ചൊഴുകുന്ന രക്തവും എല്ലാം ചലനരഹിതമായി .ഒരു നിശ്ചലദ്രശ്യം പോലെ.
ആ നിശ്ചലതയില്‍ അവള്‍ മാത്രം ചലിച്ചു.സ്ഫടികതുല്യമായ ,ശൂന്യത നിറഞ്ഞ മിഴികള്‍ കൊണ്ട് ആരെയും നോക്കാതെ അവള്‍ അയാളുടെ ശരീരം മുറിച്ചു കടന്നു തിടുക്കത്തില്‍ നടന്നു.ഇറങ്ങാന്‍ അഞ്ചു മിനിറ്റു വൈകിയത് കൊണ്ട് അവള്‍ വളരെ തിടുക്കത്തിലാണ് നടക്കുന്നത്.ഈ അഭിമുഖം അവള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
(അവസാനിച്ചു)

Anish

മായാപുരിയിലെ സ്വര്‍ണ്ണമത്സ്യങ്ങൾ


മായാപുരിയിലെ സ്വര്‍ണ്ണമത്സ്യങ്ങൾ
***********************************************
സ്വീകരണമുറിയുടെ ജനാലവിരികള്‍ താഴ്ത്തി രാധിക ഉച്ചമയക്കത്തിലാണ്.ഫാനിന്റെ കാറ്റില്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വനിതാ മാസികയുടെ താളുകള്‍ മറിയുന്നു.ഉച്ചചൂടില്‍ മായാപുരി ഗാർഡൻസിലെ ഒരേ പോലെയിരിക്കുന്ന വെളുത്ത പെയിന്റടിച്ച വില്ലകളും ,രാധികയുടെ വീടിനു പുറത്തു റോഡരികിലെ ബസ്സ്റ്റോപ്പില്‍ നിൽക്കുന്ന വാകമരവും ഉറക്കം തൂങ്ങിനിന്നു. ജനാലവിരിയിൽ പ്രിന്റ്‌ ചെയ്ത മഞ്ഞ പൂക്കൾ ഉച്ചവെയിലില്‍ തിളങ്ങി. അവയുടെ തിളക്കം അവളുടെ കൺപോളകളില്‍ വീണു.രാധിക ഒരു സ്വപ്നം കാണാന്‍ തുടങ്ങി.
അത് മങ്ങിയ നിറമുള്ള ഒരു സ്വപ്നമാണ്.ചാരനിറമുള്ള മേഘരഹിതമായ ആകാശത്തിനു കീഴില്‍ ചുവന്നനിറമുള്ള ചുണ്ണാമ്പ് കുന്നുകള്‍.അവയുടെ അതിരില്‍ ഇടിഞ്ഞു പൊളിഞ്ഞ ഒരു മതില്ക്കെട്ട്.ആ മതിൽകെട്ടിനു മുകളില്‍ മൂന്നു മെഴുകുപ്രതിമകള്‍ ഇരുന്നു.അത് മൂന്നു കുട്ടികളുടെ പ്രതിമകളാണ്.നടുക്ക് ചാര നിറമുള്ള ഒരു ആണ്പ്രതിമ .ഇരുവശത്തും കറുപ്പും വെളുപ്പും നിറമുള്ള രണ്ടു പെണ്പ്രതിമകളും.
തിളങ്ങുന്ന മാല കഴുത്തില്‍ ധരിച്ച ആണ്പ്രതിമയുടെ കണ്ണുകള്‍ ചുവന്ന കുന്നിന്റെ മുകളിലെ ആകാശത്തില്‍ പതിഞ്ഞു.പ്രതിമകള്‍ സംസാരിക്കാന്‍ തുടങ്ങി.
വെളുത്ത പെൺ പ്രതിമ പറഞ്ഞു.
“അവന്റെ കഴുത്തിലെ മാല എന്റെയാണ്.”
അതു കേട്ട് കറുത്ത പെണ്പ്രതിമയുടെ കണ്ണുകള്‍ തിളങ്ങി.അവള്‍ പറഞ്ഞു.
“ഇല്ല.അവന്‍ അത് എനിക്ക് തരാമെന്നു വാക്ക് പറഞതാണ്.”
രണ്ടു പ്രതിമകളും നടുക്കിരുന്ന ആണ്പ്രതിമയെ നോക്കി.അവന്‍ അപ്പോഴും നിശബ്ദനാണ്.
അപ്പോള്‍ കറുത്ത പ്രതിമ പറഞ്ഞു.
“നമ്മുക്ക് ഒരു മത്സരം വയ്ക്കാം.ആ ഉയർന്നു നില്ക്കുന്ന ചുണ്ണാമ്പ് മലയുടെ ഉച്ചിയില്‍ ആദ്യം എത്തുന്നയാൾക്ക് മാല.”
വെളുത്ത പ്രതിമ അത് സമ്മതിച്ചു.
രണ്ടു പ്രതിമകളും ഓടാന്‍ തുടങ്ങി.
കറുത്ത പ്രതിമ ഓടുന്നതായി ഭാവിച്ചത് മാത്രമേയുള്ളൂ.അത് മനസ്സിലാക്കാതെ വെളുത്ത പ്രതിമ വെയില്‍ തിളയ്ക്കുന്ന ചുവന്ന കുന്നിലേക്ക് ഓടിക്കയറി.പൊടുന്നനെ അത് ഉരുകിവീണു.
രാധികയുടെ കയ്യില്‍ നിന്നു ആ മാസിക താഴെ വീണു.അവള്‍ ഞെട്ടി ഉണർന്നു. ആ മാസികയില്‍ അവൾ വായിച്ചു കൊണ്ടിരുന്ന ലണ്ടനിലെ വാക്സ് മ്യൂസിയത്തിനെ കുറിച്ചുള്ള ലേഖനം കാറ്റില്‍ പറന്നു.
രാധിക എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.പോകുന്നതിനു മുൻപ് അവള്‍ സ്വീകരണ മുറിയിലെ കണ്ണാടിപ്പെട്ടിയിലെ സ്വർണ മത്സ്യങ്ങളുടെ അരികിലേക്ക് ചെന്നു.ആ കണ്ണാടി അക്വേറിയത്തില്‍ പച്ച സസ്യങ്ങള്ക്കിടയില്‍ മൂന്ന് സ്വർണ്ണമത്സ്യങ്ങള്‍ നീന്തിത്തുടിച്ചു.അത് നോക്കി നിന്നപ്പോഴേക്കും അവള്‍ ആ സ്വപ്നം മറന്നു പോയിരുന്നു.
അൽപ്പ നേരം അത് നോക്കി നിന്നതിനു ശേഷം അവള്‍ അടുക്കളയില്‍ ചെന്നു മുഖം കഴുകി.പിന്നെ പാല്‍ ഗാസടുപ്പില്‍ വച്ചു.അവള്‍ നിൽക്കു ന്നതിനു നേരേ ഭിത്തിയിൽ ഗ്രില്‍ വച്ച ഒരു ജനാല ഉണ്ട്.അതിലൂടെ നോക്കിയാല്‍ രാധികയുടെ വില്ലയുടെ അതിരില്‍ റോഡിനോടു ചേര്ന്ന് കെട്ടിയ വെളുത്ത സിമന്റ് വേലിയും റോഡിനോടു ചേര്ന്ന്ട നില്ക്കുന്ന വാകമരവും കാണാം. അത് ബസ്സ്റ്റോപ്പാണ്. ബദാം മരത്തിന്റെ ചുവട്ടില്‍ ഒരു ഉന്തുവണ്ടിയില്‍ ചൂട് സമോസയുടെയും ബജിയുടെയും വില്പന തുടങ്ങിയിരിക്കുന്നു.
അവള്‍ അവിടെ നിന്നു നോക്കുന്നത് റോഡില്‍ നില്ക്കുന്നവർക്ക് കാണാന്‍ സാധിക്കില്ല.മണി മൂന്നു കഴിഞ്ഞിരുന്നു.സമോസയുടെയും ബജിയുടെയും ഗന്ധം കാറ്റില്‍ പരക്കുന്നു.ജനാലയുടെ ഗ്രില്ലിന്റെ ചതുരക്കള്ളികളില്‍ വെയില്‍ നിറഞ്ഞു.വാകയുടെ തണലും ഉന്തുവണ്ടിയും വെളുത്ത സിമന്റ് വേലിയും നിശബ്ദമായ ഉച്ചനേരവും വെയിലിന്റെ വെളുത്ത താളില്‍ ഒരു പെയിന്റിംഗ് പോലെ കാണപ്പെട്ടു.
അവര്‍ വരാന്‍ സമയമായി.രാധിക റോഡിലേക്ക് നോക്കി നിന്നു.താന്‍ എന്നും ഈ നേരത്ത് കാണുന്ന കാഴ്ച കാണാനായി.
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ വാഹനം ആ വാകച്ചുവട്ടില്‍ വന്നു നിന്നു.അതില്‍ നിന്നു ഒരു യുവാവും രണ്ടു പെണ്കുട്ടികളും ഇറങ്ങി.മായാപുരി ഗാർഡൻ 'സിന് സമീപം ഉള്ള ഐ.ടി പാര്ക്കിെലെ കമ്പനിയിലെ സ്റ്റാഫാണ്.വിദേശ രാജ്യങ്ങളിലെ സമയക്ക്രമം അനുസരിച്ച് ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍.എല്ലാ ദിവസവും ഈ നേരം ആകുമ്പോള്‍ അവര്‍ രാധികയുടെ വീടിനു മുന്നിലെ ആ വാകചുവട്ടില്‍ വന്നിറങ്ങും.
രാധിക അവരെ ശ്രദ്ധിച്ചു.രണ്ടു പെണ്കുട്ടികളില്‍ ഒരാൾക്ക് മറ്റേയാളെക്കാള്‍ അല്പം പ്രായക്കൂടുതല്‍ തോന്നിച്ചു.പ്രായം കുറഞ്ഞ പെൺകുട്ടി മറ്റേ പെൺകുട്ടിയേക്കാള്‍ തുടുത്ത സുന്ദരിയാണ്.ആ ചെറുപ്പക്കാരന്‍ എന്തോ തമാശ പറയുന്നു.അവര്‍ മൂന്നു പേരും പൊട്ടിച്ചിരിക്കുന്നു.പെട്ടെന്ന് പാല്‍ തിളച്ചു തൂവി.
രാധിക അടുപ്പില്‍ നിന്നു പാല്‍ ഇറക്കി വച്ചു.ഉറങ്ങുന്ന പൂച്ചയുടെ ചിത്രമുള്ള വെളുത്ത കപ്പില്‍ അവള്‍ പാല്‍ ഒഴിച്ചു.കാപ്പിപൊടി ചെര്ക്കു മ്പോഴും പഞ്ചസാര ഇളക്കുമ്പോഴും അവളുടെ കണ്ണുകള്‍ ജനാലയുടെ ചതുരക്കള്ളികളില്‍ തന്നെയായിരുന്നു.
അവര്‍ മൂന്നു പേരും ഉന്തുവണ്ടിക്കടയില്‍ നിന്നു സമോസയും കാപ്പിയും വാങ്ങി കഴിക്കുകയാണ്.കൂടുതല്‍ സംസാരവും പ്രായം കുറഞ്ഞ സുന്ദരി പെണ്കുട്ടിയും യുവാവും തമ്മിലാണ്.മറ്റേ പെണ്കുട്ടി അധികം സംസാരിക്കുന്നില്ല.എങ്കിലും അവളുടെ കണ്ണുകള്‍ അവനില്‍ തറയുന്നുണ്ട്.
കാപ്പി കുടിച്ചു കൊണ്ട് ഏതൊക്കെയോ ഓർമ്മകളില്‍ മുങ്ങി രാധിക ആ മൂന്നു പേരെയും അടുക്കളയില്‍ നിന്നു നോക്കിക്കൊണ്ട് നിന്നു.
കുറച്ചു നേരം പരസ്പരം സംസാരിച്ചു നിന്നതിനു ശേഷം ആ മൂന്നു പേരും മൂന്നു വഴിയില്‍ പിരിയുന്നത് രാധിക കണ്ടു.മായാപുരി ഗാർഡൻസില്‍ ഐ.ടി ജോലിക്കാർക്ക് വേണ്ടി ധാരാളം പേയിംഗ് ഗസ്റ്റ് വില്ലകള്‍ ഉണ്ട്.അവര്‍ താമസിക്കുന്നത് മൂന്ന് സ്ഥലത്തായിരിക്കും.
രാധികയുടെ ഭർത്താവ് രവി ഐ.ടി പാർക്കിലെ ഒരു കമ്പനിയിലെ സീനിയര്‍ എഞ്ചിനീയറാണ്.രാധിക ജോലിക്ക് പോകുന്നില്ല.അവള്‍ പകല്‍ മുഴുവന്‍ ഒറ്റക്കാണ്.ഈ അടുത്തനാളുകളില്‍ അയാള്‍ക്ക് മിക്ക ദിവസവും ടൂറാണ്.
രാത്രി രവി ജോലി കഴിഞ്ഞു വന്നു.സ്വീകരണമുറിയിലെ സെറ്റിയില്‍ ഇരുന്നു രവി കാപ്പി കുടിക്കുമ്പോള്‍ അവള്‍ കണ്ണാടിപ്പെട്ടിയിലെ മീനുകളെ നോക്കി പറഞ്ഞു.
“ഗൌരിക്ക് സുഖമില്ല എന്ന് തോന്നുന്നു.ഒരു ഉത്സാഹക്കുറവ് പോലെ.”
അയാള്‍ എഴുന്നേറ്റ് വന്നു അക്വേറിയത്തിലേക്ക് നോക്കി.പിന്നെ കണ്ണാടിമേൽത്തട്ടില്‍ മെല്ലെ കൈ കൊണ്ട് തട്ടി.മൂന്നു സ്വർണ്ണമത്സ്യങ്ങളും പെട്ടെന്ന് കുതിച്ചു നീന്തി.അതിലെ ഏറ്റവും ചെറിയ മത്സ്യത്തിന് രാധിക ഇട്ട പേരാണ് ഗൗരി.
“ഷീ ഈസ് ആൾ റൈറ്റ് ആൻഡ് യൂ ടൂ..ഇനി ഒത്തിരി ആലോചിച്ചു തല ചൂടാക്കണ്ട..”
അയാള്‍ അവളുടെ അരികില്‍ വന്നിരുന്നു. അവളുടെ കൈ കവർന്നു കൊണ്ട് കണ്ണുകളില്‍ നോക്കി പറഞ്ഞു.അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അയാള്‍ അവളുടെ കണ്ണുകള്‍ തുടച്ചു.അപ്പോള്‍ അവള്‍ ചിരിച്ചു.പിന്നെ അയാളുടെ കാപ്പി കപ്പുമായി അടുക്കളയിലേക്ക് പോയി.
ഗൗരി.
രവി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് വരാന്തയിലേക്ക് ഇറങ്ങി നിന്നു.മായാപുരി ഗാർഡൻസിലെ രാത്രി വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.ഇരുട്ട് മുഴുവന്‍ ആ വാകമരത്തില്‍ കൂട് കൂട്ടിയതു പോലെ..ആ വലിയ ഇരുട്ടിന്റെ കൂടാരത്തില്‍ നിന്നു ആരോ തന്റെ വീട്ടിലേക്ക് ഉറ്റു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
രവി,രാധിക ,പിന്നെ ഗൗരി.
അവര്‍ മൂന്നു പേരും നാട്ടില്‍ ഒന്നിച്ചാണ് സ്കൂള്‍ മുതല്‍ പഠിച്ചത്.ആ സുഹൃദ്ബന്ധം കോളേജ് വരെ തുടർന്നു .പഠനം കഴിഞ്ഞ ശേഷം രാധികയെ രവി വിവാഹം കഴിച്ചു.വിവാഹം വരെ തങ്ങള്ക്ക് പിന്തുണയുമായി ക്കൂടെ ഉണ്ടായിരുന്ന ഗൗരി തങ്ങളുടെ വിവാഹം കഴിഞ്ഞു കുറച്ചുനാളുകൾ കഴിഞ്ഞ് ആത്മഹത്യ ചെയ്തു.
കാരണം അറിയില്ല.
അതിന് ശേഷം രാധികയുടെ മാനസികനില തെറ്റാന്‍ തുടങ്ങി.അവള്‍ വിഷാദിയായി.ഗൌരിയുടെ മരണം ആണ് അതിനു കാരണം എന്ന് ഡോക്ടര്‍ പറഞ്ഞു.അങ്ങിനെയാണ് നാട്ടില്‍ നിന്നു വളരെദൂരെയുള്ള ഈ നഗരത്തിലേക്കു വന്നത്.അവള്‍ വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാറില്ല.അയാള്‍ക്കും ഈ നഗരത്തിലും കമ്പനിയിലും കൂട്ടുകാരില്ല.ഭാര്യക്ക് ഡിപ്പ്രഷന്‍ ഉണ്ടെന്നു പുറത്തു പറയാന്‍ പറ്റുമോ?രവിക്ക് ഭാര്യ ഉണ്ടെന്നു പോലും കമ്പനിയില്‍ മിക്കവര്‍ക്കുമറിയില്ല.
രാധികയുടെ ദിവസങ്ങൾ ശൂന്യമായ താളുകള്‍ പോലെ ആവർത്തിച്ചു കൊണ്ടിരുന്നു.ഉച്ചനേരങ്ങളില്‍ അവള്‍ അടുക്കളയിലെ ജനാല വഴി ആ മൂന്നു ചെറുപ്പക്കാരെ നോക്കി നില്ക്കും .
ഈ അടുത്ത ദിവസങ്ങളില്‍ ആ കാഴ്ച്ചയില്‍ കുറച്ചു മാറ്റം വരുന്നതായി അവൾക്കു തോന്നി.ആ രണ്ടു പെൺകുട്ടികളില്‍ ആരെയെങ്കിലും ആ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നുണ്ടോ?അതോ അവര്‍ രണ്ടു പേരും അവനെ സ്നേഹിക്കുന്നത് അവന്‍ അറിയുന്നില്ലേ ?ഓരോ ദിവസവും ആ മൂന്നു പേരും തമ്മില്‍ ഉള്ള ബന്ധത്തിനു മാറ്റം വരുന്നത് പോലെ ആ നിശ്ചലകാഴ്ചയില്‍ നിന്നു രാധികക്കു തോന്നി.അവര്‍ അങ്ങോട്ടുമിങ്ങോട്ടും ഒളിച്ചു കളിക്കുന്നത് പോലെ.വഴുതിമാറുന്ന സ്വർണ്ണമത്സ്യങ്ങളെ പോലെ.
ആദ്യം അവള്‍ വിചാരിച്ചത് പ്രായം കുറഞ്ഞ സുന്ദരി പെണ്കുട്ടിയും അവനും തമ്മിലാണ് പ്രണയം എന്നാണ്.കാരണം അവള്‍ സദാ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.എപ്പോഴും അവളുടെ കൈ അവന്റെ തോളിലാണ്.അവര്‍ തമ്മിലാണ് ഏറെ നേരം സംഭാഷണം.മറ്റേ പെണ്കുുട്ടി കൂടുതലും നിശബ്ദയാണ്.രാധികയുടെ ചിന്തക്ക് മാറ്റം വന്നത് കഴിഞ്ഞ ദിവസമാണ്.
തന്റെ ജനാലയുടെ മൂന്നു കള്ളികളിലായി രാധിക ആ മൂന്നു പേരെയും നോക്കി കൊണ്ട് നില്ക്കു കയായിരുന്നു. സംസാരിക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്റെ ഷർട്ടില്‍ ചമ്മന്തിയോ മറ്റോ വീണു.പ്രായം കുറഞ്ഞ പെണ്കുട്ടി അതൊന്നും ശ്രദ്ധിക്കുന്നില്ല.അവള്‍ അവന്റെ മുഖത്ത് നോക്കി എന്തോ ചലപിലാ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷെ മറ്റേ പെണ്കുട്ടി അത് ശ്രദ്ധിച്ചു.അവള്‍ ഒന്ന് മടിച്ച ശേഷം തന്റെ ബാഗില്‍ നിന്നു ഒരു കടലാസ്സ്‌ എടുത്തു അവന്റെ ഷർട്ടില്‍ പറ്റിയ അഴുക്കു തുടച്ചു കളയുന്നത് രാധിക കണ്ടു.അവരുടെ രണ്ടു പേരുടെയും നോട്ടം ഇടയുന്നത്‌ സുന്ദരി പെണ്കുട്ടി കണ്ടില്ല.പക്ഷെ രാധിക കണ്ടു.
ആ മൂന്നു ജനാലചതുരങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ ഒന്നായത് പോലെ.ആ പ്രായം കുറഞ്ഞ പെണ്കുട്ടിയുടെ ചതുരക്കള്ളി ഇപ്പോള്‍ അതില്‍ നിന്നും അകന്നു മാറിയത് പോലെ.
മനസ്സിലേ ഡ്രോയിംഗ് ബുക്കിന്റെ താളുകള്‍ പുറകോട്ടു മറിയുന്നു.അതില്‍ ഒരു പഴയ ജലച്ഛായ ചിത്രം.അതില്‍ ഇടിഞ്ഞു പൊളിഞ്ഞ സ്ക്കൂള്‍ മതില്ക്കെട്ടില്‍ മൂന്നു കുട്ടികള്‍ ഇരിക്കുന്നു.രവിയും ഗൌരിയും രാധികയും.
ഗൌരിയുടെ വെളുത്ത കൈത്തലങ്ങള്‍.
കൌതുകപൂർവ്വം അവളുടെ ക്യൂട്ടക്സ് പുരട്ടിയ നഖങ്ങള്‍ തൊട്ടു നോക്കുന്ന രവി.
നിറം കുറഞ്ഞ ഒട്ടും തുടുപ്പില്ലാത്ത തന്റെ വിരലുകളിലേക്ക് അപകർഷതയോടെ നോക്കുന്ന താന്‍.
രവി അവളുടെയാവും.സുന്ദരിയായ ഗൗരിയുടെ.ഉള്ളില്‍ പതഞ്ഞുയരുന്ന ദേഷ്യവും അസൂയവും.
പാല്‍ തിളച്ചു തൂവിയപ്പോള്‍ രാധിക ഓർമ്മയില്‍ നിന്നും ഞെട്ടി ഉണർന്നു.
അന്ന് രാത്രി രവി വന്നപ്പോള്‍ പറഞ്ഞു.
“കുറച്ചു ദിവസങ്ങൾക്കുള്ളില്‍ പ്രോജക്റ്റ് ലീഡര്‍ ആയി പ്രമോഷന്‍ കിട്ടും.അങ്ങിനെയാണെങ്കില്‍ ഇവിടം വിട്ടു ഹൈദ്രബാദ് പോകേണ്ടി വരും.”
അവള്‍ അവന്റെ നെഞ്ചിലേക്ക് ഒട്ടി കിടന്നു.
“രവി പേടിക്കണ്ട.ഐ വില്‍ അഡ്ജസ്റ്റ്.ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്.”
പക്ഷെ അവളുടെ മനസ്സ് ദൂരെ എവിടെയോ ആണെന്ന് രവിക്ക് തോന്നി.രാധികയുടെ മനസ്സില്‍ ജനാലക്കള്ളികളുടെ അപ്പുറത്തെ ആ മൂന്നു രൂപങ്ങള്‍ ആയിരുന്നു.
ദിവസങ്ങള്‍ കഴിയും തോറും വാകചുവട്ടില്‍ അവള്‍ ശ്രദ്ധിക്കുന്ന ആ മൂന്നു ചെറുപ്പക്കാരില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാധിക ശ്രദ്ധിച്ചു. നിറം കുറഞ്ഞ പ്രായം കൂടിയ പെണ്കുട്ടിയും ആ ചെറുപ്പക്കാരനും തമ്മില്‍ നോട്ടങ്ങള്‍ കൈമാറുന്നത് കൂടുന്നു.പക്ഷെ അത് ശ്രദ്ധിക്കാതെ മറ്റേ പെണ്‍കുട്ടി തമാശകള്‍ പറഞ്ഞു ചിരിക്കുന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സുന്ദരിയായ പെണ്കുട്ടി പോയതിനു ശേഷവും ആ ചെറുപ്പക്കാരനും മറ്റേ പെണ്കുട്ടിയും സംസാരിച്ചു നില്ക്കുന്നത് രാധിക കണ്ടു.
കാരണമില്ലാത്ത ഒരു ഭയം അവളില്‍ ഉറഞ്ഞു.വളരെ പരിചിതമായ ഒരു ഭൂതകാല ഭയം.
അന്ന് രാത്രി വന്നപ്പോള്‍ രവി അത് ശ്രദ്ധിച്ചു.
“നിനക്ക് എന്ത് പറ്റി,കുറച്ചു ദിവസങ്ങളായി ഒരു വല്ലായ്മ?ഇവിടെ നിന്നു പോകേണ്ടി വരും എന്ന് പറഞ്ഞത് കൊണ്ടാണോ ?”
“അത് ...അത് ഗൗരിക്ക് എന്തേലും പറ്റുമോന്നു പേടി..”
അവള്‍ കണ്ണാടിപ്പെട്ടിയിലേ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ നോക്കി പറഞ്ഞു.
രവി അതിനു അരികില്‍ ചെന്നു നോക്കി,.ശരിയാണ്.ആ ചെറിയ മത്സ്യം അധികം ചലിക്കുന്നില്ല.മറ്റു രണ്ടു മത്സ്യങ്ങളും ഉത്സാഹത്തോടെ നീന്തിത്തുടിക്കുന്നു. അയാൾ ഒന്നും പറഞ്ഞില്ല.അവള്ക്ക് അത് വെറും മത്സ്യം മാത്രമല്ലെന്ന് രവിക്കും അറിയാമായിരുന്നു.ഈ വില്ല വാടകക്ക് തന്നപ്പോള്‍ പഴയ വാടക്കക്കാര്‍ വച്ചിട്ട് പോയതാണ് ഈ ആ അക്വേറിയം.അന്ന് ഇത് ഒഴിവാക്കിയാല്‍ മതിയാരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഉച്ച നേരം രാധിക കണ്ടു.
പ്രായം കുറഞ്ഞ സുന്ദരി പെൺകുട്ടി ഒറ്റക്ക് വരുന്നു.അവളുടെ മുഖം കരഞ്ഞു വീർത്തതു മാതിരി ചുവന്നിരിക്കുന്നു.അവള്‍ വേഗം നടന്നു പോകുന്നത് രാധിക കണ്ടു.അല്പം കഴിഞ്ഞു ഒരു ബൈക്കില്‍ ആ ചെറുപ്പക്കാരനും മറ്റേ പെൺകുട്ടിയും വാക ചുവട്ടില്‍ വന്നിറങ്ങി.അവര്‍ ഇന്ന് വളരെ നിശബ്ദരാണ്.ഒരു കാപ്പി കുടിച്ചു അവര്‍ മെല്ലെ പിരിഞ്ഞു.
പിന്നെയുള്ള ദിവസങ്ങളില്‍ ആ സുന്ദരി പെൺകുട്ടിയെ കണ്ടതേയില്ല.ബൈക്കില്‍ ആ ചെറുപ്പക്കാരനും മറ്റേ പെണ്കു‍ട്ടിയും വന്നിറങ്ങി.ആ പെണ്കുട്ടി ഇപ്പോള്‍ കൂട്ടുകാരിയെക്കാള്‍ സുന്ദരി ആയത് പോലെ രാധികക്ക് തോന്നി.
“ആഗ്രഹിച്ചയാളെ കിട്ടിയാല്‍ സൗന്ദര്യം കൂടും.”
രവിയെ നോക്കി ഗൗരി കല്യാണത്തിനു പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.
അവളുടെ ഉള്ളില്‍ സങ്കടത്തിര ഇരമ്പുന്നത് തനിക്കറിയാമായിരുന്നു.അവള്‍ അഭിനയിക്കുകയാണ് എന്ന് തനിക്ക് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
അവന് കാമ്പസ് സെലക്ഷനില്‍ ജോലി കിട്ടിയ ദിവസം ഗൗരി ഹോസ്റ്റലിലെ രാധികയുടെ മുറിയില്‍ വന്നു.ഒരു പ്രതിമ പോലെ അവള്‍ രാധികയുടെ മുന്പില്‍ നിന്നു.
“രാധികേ ,രവി ഇന്ന് എന്നോട് പറഞ്ഞു .അവനു നിന്നെ ഇഷ്ടമാണ് എന്ന്.നിന്നോട് പറയാന്‍ അവനു ധൈര്യമില്ലെന്നു.നിന്നെ കല്യാണം ആലോചിക്കണം എന്ന്.എന്‍റെ ഇഷ്ടം അങ്ങോട്ട്‌ പോയി പറയാന്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കാന്‍ നീ എന്നെ ഉപദേശിച്ചത് നന്നായി. അത് കൊണ്ട് സ്വയം നാണംകെടുന്നത്‌ ഒഴിവായി.”
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് രാധികയുടെ മടിയില്‍ വീണു.അവളുടെ മുടി തന്റെ കറുത്തിരുണ്ട വിരലുകള്‍ കൊണ്ട് തടവുമ്പോള്‍ രാധികയുടെ ചുണ്ടില്‍ ഒരു ഗൂഡസ്മിതം വിടർന്നത് ഗൗരി കണ്ടില്ല.
ദിവസങ്ങൾക്ക് വേഗം കൂടി.റോഡില്‍ നിത്യവും കാണുന്ന മൂന്നു ചെറുപ്പക്കാരില്‍ സുന്ദരിയായ പ്രായം കുറഞ്ഞ പെണ്കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ആലോചിച്ചു അവളില്‍ വിഷാദത്തിന്റെ മഴക്കൂണുകള്‍ പൊട്ടിമുളച്ചു.കണ്ണാടിപ്പെട്ടിയിലെ ഗൗരിയുടെ വേഗം കുറയുന്നതും അവള്‍ അറിയുന്നുണ്ടായിരുന്നു.
“എനിക്ക് ഇവിടുന്നു പോയാല്‍ മതി രവിയേട്ടാ...ഒരു ദിവസം അവള്‍ രവിയോട് പറഞ്ഞു.
അയാള്ക്ക് പ്രൊമോഷന്‍ കിട്ടിക്കഴിഞ്ഞിരുന്നു.
“ഇനി ഒരു ദിവസം കൂടിയല്ലേ ഉള്ളു മോളെ....നാളെ കഴിഞ്ഞു നമ്മള്‍ ഇവിടം വിടും..”
അയാള്‍ രാധികയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
പിറ്റേന്ന് നേരം പുലർന്നു .രവി ഓഫീസിലേക്ക് പോയതിനു ശേഷം അവള്‍ പാക്കിംഗ് ചെയ്യുകയായിരുന്നു.ഇന്ന് മായാപുരി ഗാർഡൻസിലെ അവസാന ദിവസം.ഡോര്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ ഇറങ്ങി വന്നു.പുറത്തു നില്ക്കുന്നയാളെ കണ്ടു അവള്‍ ഞെട്ടി.
അത് ആ പെണ്കുട്ടിയായിരുന്നു.കുറച്ചു നാളായി കാണാന്‍ ഇല്ലാതിരുന്ന മൂന്നു ചെറുപ്പക്കാരിലെ സുന്ദരിയായ പെൺകുട്ടി.അവളുടെ കാര്‍ പുറത്തു കിടപ്പുണ്ടായിരുന്നു.ചുവന്ന നിറമുള്ള നിസാന്‍.
“ചേച്ചി , .ഒരു പ്ലയര്‍ തരാമോ ..”അവള്‍ ചോദിച്ചു.
രാധിക അവളുടെ മുഖത്ത് നോക്കി.അവളുടെ മുഖത്തെ രക്തമയം വറ്റിയിരിക്കുന്നു.ഏറെ നാളായി ഉറക്കം നഷ്ടപ്പെട്ടത് പോലെ കൺതടങ്ങളില്‍ കറുപ്പ് വലയങ്ങള്‍.
“ഞാന്‍ ഇന്ന് വീട് വെക്കേറ്റ് ചെയ്യുകയാ..അപ്പൊ. ഭിത്തിയില്‍ ഫിക്സ് ചെയ്ത കുറച്ചു ഫോട്ടോസ് ഉണ്ട്.അത് ഇളക്കി എടുക്കാനാ..” അവള്‍ പറഞ്ഞു.
രാധിക അകത്തു പോയി പ്ലയര്‍ എടുത്തു കൊടുത്തു.
“പകല്‍ വില്ലകളില്‍ ആരുമില്ല.ഞാന്‍ അങ്ങോട്ട്‌ പോയപ്പോള്‍ ചേച്ചി മുറ്റത്ത്‌ നില്ക്കുന്നത് കണ്ടു.അതാ ഞാന്‍ ഇങ്ങോട്ട് തന്നെ വന്നത്.”
അവള്‍ പ്ലയര്‍ വാങ്ങിക്കൊണ്ട് പറഞ്ഞു.
രാധിക അവള്‍ കാര്‍ സ്റ്റാർട്ട്‌ ചെയ്തു പോകുന്നത് നോക്കി നിന്നു.പിന്നെ പാക്കിംഗ് തുടർന്നുർന്നു .പക്ഷെ ഉള്ളില്‍ കാരണമില്ലാത്ത ഒരു ഭയം ചുരമാന്തുന്നത് അവള്‍ അറിഞ്ഞു.ആ കുട്ടിയോട് സംസാരിക്കണം എന്ന് ആരോ പറയുന്നു.
താന്‍ എന്തിനാണ് സംസാരിക്കുന്നത് ?തനിക്ക് വട്ടാണ് എന്ന് അവള്‍ വിചാരിച്ചേക്കും..ഉള്ളില്‍ ഇരുന്നു മറ്റൊരു രാധിക പറയുന്നു.
എല്ലാം പാക്ക് ചെയ്തു.അപ്പൊഴാണ് അവള്‍ സ്വീകരണ മുറിയിലെ അക്വേറിയത്തിന്റെ കാര്യം ഓർത്തത്‌.അവള്‍ അതിനരികിലേക്ക് ചെന്നു.
അതിനുള്ളില്‍ അവളുടെ ഗൗരി ചത്തു കിടപ്പുണ്ടായിരുന്നു.
പുറത്തു മഴ തുടങ്ങിയിരുന്നു.കോരിച്ചൊരിയുന്ന മഴയില്‍ ആ വാകമരം തല കുനിച്ചു നിന്നു.
വിഷാദത്തിന്റെ ഒരു തിര അവളുടെ ഉള്ളില്‍ ആഞ്ഞടിച്ചു.അവള്‍ വേഗം മുറി പൂട്ടി വേഗം പുറത്തേക്കു ഓടി .കാരണമില്ലാത്ത ഒരു ആധിയില്‍ രാധികയുടെ നെഞ്ചു കിടുങ്ങി.മഴ വക വയ്ക്കാതെ അവള്‍ അണച്ച് കൊണ്ട് ഓടി.കുറച്ചു ദൂരം ചെന്നപ്പോള്‍ അവള്‍ കണ്ടു.
ഒരു വില്ലയുടെ മുമ്പില്‍ പാർക്ക് ചെയ്തിരിക്കുന്ന ആ ചുവന്ന നിസാന്‍ കാര്‍.രാധിക കോളിംഗ് ബെല്ലമർത്തി .ആരും പുറത്തു വന്നില്ല.സ്വീകരണ മുറിയുടെ വാതില്‍ തുറന്നു കിടന്നു.അവള്‍ പതിയെ അകത്തേക്ക് കടന്നു.
ആദ്യത്തെ മുറിയുടെ പാതി തുറന്ന വാതിലിലൂടെ അവള്‍ കണ്ടു.അകത്തെ മുറിയില്‍ കട്ടിലില്‍ കിടക്കുന്ന പെണ്‍കുട്ടി.ആ മുറിയില്‍ വെളിച്ചം കുറവാണ്.
രാധിക അകത്തു വന്നപ്പോള്‍ ആ പെണ്‍കുട്ടി പാതി തുറന്ന ജനാലവിരികളിലൂടെ പുറത്തേ മഴ നോക്കി കിടക്കുകയായിരുന്നു.കറുത്ത രാത്രികള്‍ പോലെ അവളുടെ മുടി ക്രാസിയില്‍ ചാരി വച്ച തലയിണയില്‍ പടര്‍ന്നു കിടന്നു.ഭിത്തിയില്‍ നിന്നു അടര്‍ത്തിയെടുത്ത ഒരു ഫോട്ടോ നെഞ്ചോട്‌ അമര്‍ത്തി അവള്‍ രാധികയെ നോക്കി ചിരിച്ചു.
"സോറി ,ഞാന്‍ ഒന്ന് ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു.പ്ലയര്‍ ആ ടേബിളില്‍ ഇരിപ്പുണ്ട്." അവള്‍ ഒരു തമാശ പറയുന്നത്‌ പോലെ മെല്ലെ പറഞ്ഞു.
രാധിക കട്ടിലിന് അരികിലെ ടേബിളിലേക്ക് നോക്കി.
പ്ലയര്‍..പിന്നെ ഒരു കുപ്പിയില്‍ മണ്ണെണ്ണ...അതിനരികില്‍....
അതിനരികില്‍ ചിതറിക്കിടക്കുന്ന ഉറക്കഗുളികകളുടെ കവറുകള്‍.ഗൗരിയും അത് തന്നെയാണ് ഉപയോഗിച്ചത്.അവള്‍ മരിച്ചതിനു ശേഷം ഉറങ്ങാനായി ഇടക്കിടക്ക് താനും ഉപയോഗിക്കുന്നത് അത് തന്നെയാണ്.
ഒറ്റ നോട്ടം കൊണ്ട് അവള്‍ക്ക് എല്ലാം മനസ്സിലായി.
"നീ...നീ അത് മുഴുവന്‍ ഉപയോഗിച്ചോ..?എന്ത് അബദ്ധമാണ് കുട്ടി നീയീ കാണിച്ചത്...ഗൗരിയെ പോലെ..?"
"കഴിച്ചു...അല്പം കഴിഞ്ഞു ഞാന്‍ ഉറങ്ങും..ദി ലാസ്റ്റ് സ്ലീപ്‌..."
രാധിക അവളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.അവള്‍ രാധികയെ തട്ടിമാറ്റി.
"ചേച്ചി ,വന്നത് നന്നായി...ചേച്ചി പോകുമ്പോ ഈ ഫോട്ടോ ആ കെറസിന്‍ കൊണ്ട് കത്തിച്ചു കളയണം..എനിക്ക് എഴുന്നേല്‍ക്കണ്ടല്ലോ...ബൈ ദി വേ..ആരാണ് ഗൗരി.."
"ഞാന്‍ ചതിച്ച എന്‍റെ കൂട്ടുകാരി. ഞാന്‍ സ്നേഹിക്കുന്നയാളെ അവള്‍ക്കു ലഭിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവള്‍ക്കു മുന്‍പേ രഹസ്യമായി അയാളെ പ്രേമത്തിന്റെ കെണിയില്‍ ഞാന്‍ വീഴ്ത്തി.അയാളെ വിവാഹം കഴിച്ചതിനു ശേഷം അവള്‍ എങ്ങിനെയോ ഞാന്‍ ചതിച്ച വിവരം അറിഞ്ഞു.അവള്‍ മരിച്ചു.നീ ഇപ്പോള്‍ കാട്ടിയത് പോലെ...ഇല്ല...എനിക്ക് നിന്നെ രക്ഷിക്കണം...എഴുന്നേല്‍ക്ക്..ഇനിയും സമയമുണ്ട് നിനക്ക് ഒന്നും സംഭവിക്കില്ല."
രാധിക ഭ്രാന്തിയെ പോലെ അവളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
"ചതി...അത് എല്ലാക്കാലത്തും ഒരു പോലെയാണ് ചേച്ചി..ഞാന്‍ ഒരാളെ സ്നേഹിച്ചു..മറ്റാരും അറിയാത്ത പ്രണയം...ഭ്രാന്തമായി..മറ്റു ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അയാളെ ഉപേക്ഷിക്കാന്‍ വയ്യാത്ത വിധം ഞാന്‍ അടുത്ത് പോയി..പക്ഷെ ഒരിക്കലും അയാള്‍ എന്നെ വിവാഹം കഴിക്കില്ല..പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം.."
അവളുടെ ശബ്ദം ദുര്‍ബലമായി കൊണ്ടിരുന്നു.
"ആരായാലും അയാളെ പ്രേമിക്കും.സ്വന്തമാക്കാന്‍ ആഗ്രഹിക്കും...പക്ഷെ എല്ലാവർക്കും എല്ലാവരെയും സ്വന്തമാക്കാന്‍ പറ്റില്ലല്ലോ.."
നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച ആ ഫോട്ടോ രാധികയുടെ കയ്യില്‍ ചേര്‍ത്ത് അവള്‍ കട്ടിലിലേക്ക് വീണു.
അവളും കാമുകനും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്.ആ ചിത്രം കണ്ടു രാധികയുടെ കൈവിരലുകള്‍ അവളുടെ കയ്യില്‍ നിന്നു വഴുതി മാറി.സ്വര്‍ണ്ണമത്സ്യങ്ങളെ പോലെ.
അവളോടൊപ്പം ആ ചിത്രത്തില്‍ ഉണ്ടായിരുന്നത് അയാളായിരുന്നു.രവി.തന്റെ ഭര്‍ത്താവ്.ഒരിക്കല്‍ ഗൗരി സ്നേഹിച്ച രവി.
"ഈ കാര്യം മറ്റാര്‍ക്കുമറിയില്ല. കൂട്ടുകാർക്ക് പോലും.ഞാന്‍ ജീവിച്ചാല്‍ അയാളെ എനിക്ക് മാത്രം വേണം എന്ന് എനിക്ക് തോന്നും..അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും...."
അത് ഗൗരിയുടെ ശബ്ദം പോലെ രാധികക്ക് തോന്നി.രാധിക മെല്ലെ അവളുടെ അടുത്ത് കട്ടിലില്‍ ഇരുന്നു.ഒരു നീണ്ട ഉറക്കത്തിലേക്ക് അടയുവാന്‍ അവളുടെ കൺപോളകള്‍ തിടുക്കം കൂട്ടുന്നത്‌ രാധിക കണ്ടു.
"ആ ഫോട്ടോ മാത്രമാണ് ഒരേ ഒരു തെളിവ്..അത് കൂടെ കളഞ്ഞാല്‍.."
അവളുടെ ശബ്ദം ചിതറിത്തുടങ്ങിയിരുന്നു.അവള്‍ ആ ഫോട്ടോക്കായി രാധികയുടെ വിരലുകളില്‍ തിരഞ്ഞു.അവളുടെ വിരലുകള്‍ക്ക് മഴയുടെയും മരണത്തിന്റെയും തണുപ്പ് തോന്നിച്ചു.രാധിക ആ വിരലുകള്‍ തട്ടിമാറ്റി.അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം വീണു.പിന്നെ അവള്‍ ആ പെണ്‍കുട്ടിയുടെ ചെവിയില്‍ പറഞ്ഞു.
"രവി...രവി എന്‍റെ മാത്രമാണ് കുട്ടി.ആര്‍ക്കും ഞാന്‍ കൊടുക്കില്ല.ഗൗരിക്കായാലും ,നിനക്കായാലും..."
തുറക്കാന്‍ വെമ്പുന്ന പാതിയടഞ്ഞ മിഴികള്‍ രാധിക തഴുകിയടച്ചു.
"ഉറങ്ങൂ..ഒന്നുമൊന്നും അറിയാതെ ഉറങ്ങൂ.."
അതിനുശേഷം അവള്‍ എഴുന്നേറ്റു ആ ഫോട്ടോ മുറിയുടെ മൂലയില്‍ ഇട്ടു കത്തിച്ചു.പുറത്തു മഴ പെയ്തു കൊണ്ടിരുന്നു.ആ ഫോട്ടോയില്‍ പുല്‍കുന്ന തീനാളങ്ങള്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ ആണെന്ന് രാധികക്ക് തോന്നി.
പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ രാധികയും രവിയും മായാപുരി ഗാർഡൻസിനോട് വിടപറഞ്ഞു ഇറങ്ങി.വില്ലയില്‍ നിന്ന്‍ കാര്‍ പതുക്കെ ഇറക്കി വാകമരച്ചുവട്ടില്‍ എത്തിയപ്പോള്‍ രാധിക നിർബന്ധിച്ചു വണ്ടി നിർത്തി ഓരോ സമോസ വാങ്ങി.
“ആ അക്വേറിയത്തിലെ മീനുകളുടെ കാര്യം ഓർക്കുമ്പോഴാ..” രാധിക പറഞ്ഞു.
“ആ അക്വേറിയത്തിന്റെ കാര്യം ഓർത്തു വറി ചെയ്യണ്ട...നാളെ പുതിയ വാടക്കക്കാര്‍ എത്തും.ഐ.ടി പാർക്കി സ്റ്റാഫ് തന്നെയാണ്.എ ജസ്റ്റ് മാരീഡ് കപ്പിള്‍."
അപ്പോള്‍ ഒരു ബൈക്കില്‍ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും അവരുടെ കാറിനു അരികില്‍ എത്തി വണ്ടി നിർത്തി .അവര്‍ രവിയെ നോക്കി ചിരിച്ചു.
“പറഞ്ഞു നാവെടുത്തില്ല....ഇവരാണ് കക്ഷികള്‍...ആ മീനുകളുടെ കാര്യം ശ്രീമതി ഇപ്പോള്‍ പറഞ്ഞെതേയുള്ളൂ...”
“ചേച്ചി പേടിക്കണ്ട..ഞങ്ങള്‍ നോക്കിക്കൊള്ളാം.”
ആ ചെറുപ്പക്കാരന്റെ ശബ്ദം കേട്ട് രാധിക തലയുയർത്തി നോക്കി.
അത് അവരാായിരുന്നു.അവള്‍ എന്നും അടുക്കള ജനാലയുടെ കള്ളികളില്‍ കണ്ടു കൊണ്ടിരുന്ന ചെറുപ്പക്കാരനും തന്റെ കൂട്ടുകാരിയെക്കാള്‍ അല്പം സൗന്ദര്യം കുറഞ്ഞ പെൺകുട്ടിയും.രാധിക അവരെ നോക്കി ചിരിച്ചു.അവര്‍ രാധികയെയും.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ രവി പറഞ്ഞു.
“ക്യൂട്ട് കപ്പിള്‍...അവര്‍ രണ്ടുപേരും അവർക്ക് രണ്ടു സ്വർണ്ണ മത്സ്യങ്ങളും...”
രാധിക രവിയുടെ ഷർട്ടില്‍ പറ്റിയ സമോസയുടെ പൊടി തുടച്ചു കളഞ്ഞു.പിന്നെ ആ കൈകള്‍ അവളുടെ വയറ്റില്‍ ചേർത്ത് വച്ചു.പിന്നെ ചെവിയില്‍ ആ രഹസ്യം പറഞ്ഞു..
“നമ്മള്‍ ഇപ്പൊ മൂന്ന് പേരായി കേട്ടോ...ഇനി നമ്മുക്ക് മൂന്ന് സ്വണ്ണ മത്സ്യങ്ങളെ വാങ്ങണം...”
രവിയുടെ മുഖത്ത് നിലാവ് പോലെ ഒരു ചിരിപടർന്നു. അയാള്‍ ഉറക്കെ ചിരിച്ചു ഭാര്യയെ ചേർത്ത് പിടിച്ചു ചുംബിച്ചു.പിന്നെ ആ ഉച്ചനേരത്തിലെ വെയിൽപൂക്കള്‍ പൊഴിഞ്ഞു കിടന്ന റോഡിലൂടെ കാർ ഓടിച്ചു പോയി.
അപ്പോൾ മായാപുരി ഗാർഡൻസിലെ ആ വില്ലയിലേ കണ്ണാടിപ്പെട്ടിയില്‍ രണ്ടു സ്വർണ്ണ മത്സ്യങ്ങള്‍ പുതിയ ഉടമകളെ കാത്തു നീന്തിക്കളിക്കുന്നുണ്ടായിരുന്നു.
(അവസാനിച്ചു)

Anish

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo