മായാപുരിയിലെ സ്വര്‍ണ്ണമത്സ്യങ്ങൾ
***********************************************
***********************************************
സ്വീകരണമുറിയുടെ ജനാലവിരികള്‍ താഴ്ത്തി രാധിക ഉച്ചമയക്കത്തിലാണ്.ഫാനിന്റെ കാറ്റില്‍ അവളുടെ കയ്യില്‍ ഇരിക്കുന്ന വനിതാ മാസികയുടെ താളുകള്‍ മറിയുന്നു.ഉച്ചചൂടില്‍ മായാപുരി ഗാർഡൻസിലെ ഒരേ പോലെയിരിക്കുന്ന വെളുത്ത പെയിന്റടിച്ച വില്ലകളും ,രാധികയുടെ വീടിനു പുറത്തു റോഡരികിലെ ബസ്സ്റ്റോപ്പില്‍ നിൽക്കുന്ന വാകമരവും ഉറക്കം തൂങ്ങിനിന്നു. ജനാലവിരിയിൽ പ്രിന്റ് ചെയ്ത മഞ്ഞ പൂക്കൾ ഉച്ചവെയിലില്‍ തിളങ്ങി. അവയുടെ തിളക്കം അവളുടെ കൺപോളകളില്‍ വീണു.രാധിക ഒരു സ്വപ്നം കാണാന്‍ തുടങ്ങി.
അത് മങ്ങിയ നിറമുള്ള ഒരു സ്വപ്നമാണ്.ചാരനിറമുള്ള മേഘരഹിതമായ ആകാശത്തിനു കീഴില്‍ ചുവന്നനിറമുള്ള ചുണ്ണാമ്പ് കുന്നുകള്‍.അവയുടെ അതിരില്‍ ഇടിഞ്ഞു പൊളിഞ്ഞ ഒരു മതില്ക്കെട്ട്.ആ മതിൽകെട്ടിനു മുകളില്‍ മൂന്നു മെഴുകുപ്രതിമകള്‍ ഇരുന്നു.അത് മൂന്നു കുട്ടികളുടെ പ്രതിമകളാണ്.നടുക്ക് ചാര നിറമുള്ള ഒരു ആണ്പ്രതിമ .ഇരുവശത്തും കറുപ്പും വെളുപ്പും നിറമുള്ള രണ്ടു പെണ്പ്രതിമകളും.
തിളങ്ങുന്ന മാല കഴുത്തില്‍ ധരിച്ച ആണ്പ്രതിമയുടെ കണ്ണുകള്‍ ചുവന്ന കുന്നിന്റെ മുകളിലെ ആകാശത്തില്‍ പതിഞ്ഞു.പ്രതിമകള്‍ സംസാരിക്കാന്‍ തുടങ്ങി.
വെളുത്ത പെൺ പ്രതിമ പറഞ്ഞു.
“അവന്റെ കഴുത്തിലെ മാല എന്റെയാണ്.”
അതു കേട്ട് കറുത്ത പെണ്പ്രതിമയുടെ കണ്ണുകള്‍ തിളങ്ങി.അവള്‍ പറഞ്ഞു.
“ഇല്ല.അവന്‍ അത് എനിക്ക് തരാമെന്നു വാക്ക് പറഞതാണ്.”
രണ്ടു പ്രതിമകളും നടുക്കിരുന്ന ആണ്പ്രതിമയെ നോക്കി.അവന്‍ അപ്പോഴും നിശബ്ദനാണ്.
അപ്പോള്‍ കറുത്ത പ്രതിമ പറഞ്ഞു.
“നമ്മുക്ക് ഒരു മത്സരം വയ്ക്കാം.ആ ഉയർന്നു നില്ക്കുന്ന ചുണ്ണാമ്പ് മലയുടെ ഉച്ചിയില്‍ ആദ്യം എത്തുന്നയാൾക്ക് മാല.”
“നമ്മുക്ക് ഒരു മത്സരം വയ്ക്കാം.ആ ഉയർന്നു നില്ക്കുന്ന ചുണ്ണാമ്പ് മലയുടെ ഉച്ചിയില്‍ ആദ്യം എത്തുന്നയാൾക്ക് മാല.”
വെളുത്ത പ്രതിമ അത് സമ്മതിച്ചു.
രണ്ടു പ്രതിമകളും ഓടാന്‍ തുടങ്ങി.
കറുത്ത പ്രതിമ ഓടുന്നതായി ഭാവിച്ചത് മാത്രമേയുള്ളൂ.അത് മനസ്സിലാക്കാതെ വെളുത്ത പ്രതിമ വെയില്‍ തിളയ്ക്കുന്ന ചുവന്ന കുന്നിലേക്ക് ഓടിക്കയറി.പൊടുന്നനെ അത് ഉരുകിവീണു.
കറുത്ത പ്രതിമ ഓടുന്നതായി ഭാവിച്ചത് മാത്രമേയുള്ളൂ.അത് മനസ്സിലാക്കാതെ വെളുത്ത പ്രതിമ വെയില്‍ തിളയ്ക്കുന്ന ചുവന്ന കുന്നിലേക്ക് ഓടിക്കയറി.പൊടുന്നനെ അത് ഉരുകിവീണു.
രാധികയുടെ കയ്യില്‍ നിന്നു ആ മാസിക താഴെ വീണു.അവള്‍ ഞെട്ടി ഉണർന്നു. ആ മാസികയില്‍ അവൾ വായിച്ചു കൊണ്ടിരുന്ന ലണ്ടനിലെ വാക്സ് മ്യൂസിയത്തിനെ കുറിച്ചുള്ള ലേഖനം കാറ്റില്‍ പറന്നു.
രാധിക എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.പോകുന്നതിനു മുൻപ് അവള്‍ സ്വീകരണ മുറിയിലെ കണ്ണാടിപ്പെട്ടിയിലെ സ്വർണ മത്സ്യങ്ങളുടെ അരികിലേക്ക് ചെന്നു.ആ കണ്ണാടി അക്വേറിയത്തില്‍ പച്ച സസ്യങ്ങള്ക്കിടയില്‍ മൂന്ന് സ്വർണ്ണമത്സ്യങ്ങള്‍ നീന്തിത്തുടിച്ചു.അത് നോക്കി നിന്നപ്പോഴേക്കും അവള്‍ ആ സ്വപ്നം മറന്നു പോയിരുന്നു.
അൽപ്പ നേരം അത് നോക്കി നിന്നതിനു ശേഷം അവള്‍ അടുക്കളയില്‍ ചെന്നു മുഖം കഴുകി.പിന്നെ പാല്‍ ഗാസടുപ്പില്‍ വച്ചു.അവള്‍ നിൽക്കു ന്നതിനു നേരേ ഭിത്തിയിൽ ഗ്രില്‍ വച്ച ഒരു ജനാല ഉണ്ട്.അതിലൂടെ നോക്കിയാല്‍ രാധികയുടെ വില്ലയുടെ അതിരില്‍ റോഡിനോടു ചേര്ന്ന് കെട്ടിയ വെളുത്ത സിമന്റ് വേലിയും റോഡിനോടു ചേര്ന്ന്ട നില്ക്കുന്ന വാകമരവും കാണാം. അത് ബസ്സ്റ്റോപ്പാണ്. ബദാം മരത്തിന്റെ ചുവട്ടില്‍ ഒരു ഉന്തുവണ്ടിയില്‍ ചൂട് സമോസയുടെയും ബജിയുടെയും വില്പന തുടങ്ങിയിരിക്കുന്നു.
അവള്‍ അവിടെ നിന്നു നോക്കുന്നത് റോഡില്‍ നില്ക്കുന്നവർക്ക് കാണാന്‍ സാധിക്കില്ല.മണി മൂന്നു കഴിഞ്ഞിരുന്നു.സമോസയുടെയും ബജിയുടെയും ഗന്ധം കാറ്റില്‍ പരക്കുന്നു.ജനാലയുടെ ഗ്രില്ലിന്റെ ചതുരക്കള്ളികളില്‍ വെയില്‍ നിറഞ്ഞു.വാകയുടെ തണലും ഉന്തുവണ്ടിയും വെളുത്ത സിമന്റ് വേലിയും നിശബ്ദമായ ഉച്ചനേരവും വെയിലിന്റെ വെളുത്ത താളില്‍ ഒരു പെയിന്റിംഗ് പോലെ കാണപ്പെട്ടു.
അവര്‍ വരാന്‍ സമയമായി.രാധിക റോഡിലേക്ക് നോക്കി നിന്നു.താന്‍ എന്നും ഈ നേരത്ത് കാണുന്ന കാഴ്ച കാണാനായി.
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ വാഹനം ആ വാകച്ചുവട്ടില്‍ വന്നു നിന്നു.അതില്‍ നിന്നു ഒരു യുവാവും രണ്ടു പെണ്കുട്ടികളും ഇറങ്ങി.മായാപുരി ഗാർഡൻ 'സിന് സമീപം ഉള്ള ഐ.ടി പാര്ക്കിെലെ കമ്പനിയിലെ സ്റ്റാഫാണ്.വിദേശ രാജ്യങ്ങളിലെ സമയക്ക്രമം അനുസരിച്ച് ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍.എല്ലാ ദിവസവും ഈ നേരം ആകുമ്പോള്‍ അവര്‍ രാധികയുടെ വീടിനു മുന്നിലെ ആ വാകചുവട്ടില്‍ വന്നിറങ്ങും.
രാധിക അവരെ ശ്രദ്ധിച്ചു.രണ്ടു പെണ്കുട്ടികളില്‍ ഒരാൾക്ക് മറ്റേയാളെക്കാള്‍ അല്പം പ്രായക്കൂടുതല്‍ തോന്നിച്ചു.പ്രായം കുറഞ്ഞ പെൺകുട്ടി മറ്റേ പെൺകുട്ടിയേക്കാള്‍ തുടുത്ത സുന്ദരിയാണ്.ആ ചെറുപ്പക്കാരന്‍ എന്തോ തമാശ പറയുന്നു.അവര്‍ മൂന്നു പേരും പൊട്ടിച്ചിരിക്കുന്നു.പെട്ടെന്ന് പാല്‍ തിളച്ചു തൂവി.
രാധിക അടുപ്പില്‍ നിന്നു പാല്‍ ഇറക്കി വച്ചു.ഉറങ്ങുന്ന പൂച്ചയുടെ ചിത്രമുള്ള വെളുത്ത കപ്പില്‍ അവള്‍ പാല്‍ ഒഴിച്ചു.കാപ്പിപൊടി ചെര്ക്കു മ്പോഴും പഞ്ചസാര ഇളക്കുമ്പോഴും അവളുടെ കണ്ണുകള്‍ ജനാലയുടെ ചതുരക്കള്ളികളില്‍ തന്നെയായിരുന്നു.
അവര്‍ മൂന്നു പേരും ഉന്തുവണ്ടിക്കടയില്‍ നിന്നു സമോസയും കാപ്പിയും വാങ്ങി കഴിക്കുകയാണ്.കൂടുതല്‍ സംസാരവും പ്രായം കുറഞ്ഞ സുന്ദരി പെണ്കുട്ടിയും യുവാവും തമ്മിലാണ്.മറ്റേ പെണ്കുട്ടി അധികം സംസാരിക്കുന്നില്ല.എങ്കിലും അവളുടെ കണ്ണുകള്‍ അവനില്‍ തറയുന്നുണ്ട്.
കാപ്പി കുടിച്ചു കൊണ്ട് ഏതൊക്കെയോ ഓർമ്മകളില്‍ മുങ്ങി രാധിക ആ മൂന്നു പേരെയും അടുക്കളയില്‍ നിന്നു നോക്കിക്കൊണ്ട് നിന്നു.
കുറച്ചു നേരം പരസ്പരം സംസാരിച്ചു നിന്നതിനു ശേഷം ആ മൂന്നു പേരും മൂന്നു വഴിയില്‍ പിരിയുന്നത് രാധിക കണ്ടു.മായാപുരി ഗാർഡൻസില്‍ ഐ.ടി ജോലിക്കാർക്ക് വേണ്ടി ധാരാളം പേയിംഗ് ഗസ്റ്റ് വില്ലകള്‍ ഉണ്ട്.അവര്‍ താമസിക്കുന്നത് മൂന്ന് സ്ഥലത്തായിരിക്കും.
രാധികയുടെ ഭർത്താവ് രവി ഐ.ടി പാർക്കിലെ ഒരു കമ്പനിയിലെ സീനിയര്‍ എഞ്ചിനീയറാണ്.രാധിക ജോലിക്ക് പോകുന്നില്ല.അവള്‍ പകല്‍ മുഴുവന്‍ ഒറ്റക്കാണ്.ഈ അടുത്തനാളുകളില്‍ അയാള്‍ക്ക് മിക്ക ദിവസവും ടൂറാണ്.
രാത്രി രവി ജോലി കഴിഞ്ഞു വന്നു.സ്വീകരണമുറിയിലെ സെറ്റിയില്‍ ഇരുന്നു രവി കാപ്പി കുടിക്കുമ്പോള്‍ അവള്‍ കണ്ണാടിപ്പെട്ടിയിലെ മീനുകളെ നോക്കി പറഞ്ഞു.
“ഗൌരിക്ക് സുഖമില്ല എന്ന് തോന്നുന്നു.ഒരു ഉത്സാഹക്കുറവ് പോലെ.”
അയാള്‍ എഴുന്നേറ്റ് വന്നു അക്വേറിയത്തിലേക്ക് നോക്കി.പിന്നെ കണ്ണാടിമേൽത്തട്ടില്‍ മെല്ലെ കൈ കൊണ്ട് തട്ടി.മൂന്നു സ്വർണ്ണമത്സ്യങ്ങളും പെട്ടെന്ന് കുതിച്ചു നീന്തി.അതിലെ ഏറ്റവും ചെറിയ മത്സ്യത്തിന് രാധിക ഇട്ട പേരാണ് ഗൗരി.
“ഷീ ഈസ് ആൾ റൈറ്റ് ആൻഡ് യൂ ടൂ..ഇനി ഒത്തിരി ആലോചിച്ചു തല ചൂടാക്കണ്ട..”
അയാള്‍ അവളുടെ അരികില്‍ വന്നിരുന്നു. അവളുടെ കൈ കവർന്നു കൊണ്ട് കണ്ണുകളില്‍ നോക്കി പറഞ്ഞു.അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അയാള്‍ അവളുടെ കണ്ണുകള്‍ തുടച്ചു.അപ്പോള്‍ അവള്‍ ചിരിച്ചു.പിന്നെ അയാളുടെ കാപ്പി കപ്പുമായി അടുക്കളയിലേക്ക് പോയി.
ഗൗരി.
രവി ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് വരാന്തയിലേക്ക് ഇറങ്ങി നിന്നു.മായാപുരി ഗാർഡൻസിലെ രാത്രി വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.ഇരുട്ട് മുഴുവന്‍ ആ വാകമരത്തില്‍ കൂട് കൂട്ടിയതു പോലെ..ആ വലിയ ഇരുട്ടിന്റെ കൂടാരത്തില്‍ നിന്നു ആരോ തന്റെ വീട്ടിലേക്ക് ഉറ്റു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
രവി,രാധിക ,പിന്നെ ഗൗരി.
അവര്‍ മൂന്നു പേരും നാട്ടില്‍ ഒന്നിച്ചാണ് സ്കൂള്‍ മുതല്‍ പഠിച്ചത്.ആ സുഹൃദ്ബന്ധം കോളേജ് വരെ തുടർന്നു .പഠനം കഴിഞ്ഞ ശേഷം രാധികയെ രവി വിവാഹം കഴിച്ചു.വിവാഹം വരെ തങ്ങള്ക്ക് പിന്തുണയുമായി ക്കൂടെ ഉണ്ടായിരുന്ന ഗൗരി തങ്ങളുടെ വിവാഹം കഴിഞ്ഞു കുറച്ചുനാളുകൾ കഴിഞ്ഞ് ആത്മഹത്യ ചെയ്തു.
കാരണം അറിയില്ല.
അതിന് ശേഷം രാധികയുടെ മാനസികനില തെറ്റാന്‍ തുടങ്ങി.അവള്‍ വിഷാദിയായി.ഗൌരിയുടെ മരണം ആണ് അതിനു കാരണം എന്ന് ഡോക്ടര്‍ പറഞ്ഞു.അങ്ങിനെയാണ് നാട്ടില്‍ നിന്നു വളരെദൂരെയുള്ള ഈ നഗരത്തിലേക്കു വന്നത്.അവള്‍ വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാറില്ല.അയാള്‍ക്കും ഈ നഗരത്തിലും കമ്പനിയിലും കൂട്ടുകാരില്ല.ഭാര്യക്ക് ഡിപ്പ്രഷന്‍ ഉണ്ടെന്നു പുറത്തു പറയാന്‍ പറ്റുമോ?രവിക്ക് ഭാര്യ ഉണ്ടെന്നു പോലും കമ്പനിയില്‍ മിക്കവര്‍ക്കുമറിയില്ല.
രാധികയുടെ ദിവസങ്ങൾ ശൂന്യമായ താളുകള്‍ പോലെ ആവർത്തിച്ചു കൊണ്ടിരുന്നു.ഉച്ചനേരങ്ങളില്‍ അവള്‍ അടുക്കളയിലെ ജനാല വഴി ആ മൂന്നു ചെറുപ്പക്കാരെ നോക്കി നില്ക്കും .
ഈ അടുത്ത ദിവസങ്ങളില്‍ ആ കാഴ്ച്ചയില്‍ കുറച്ചു മാറ്റം വരുന്നതായി അവൾക്കു തോന്നി.ആ രണ്ടു പെൺകുട്ടികളില്‍ ആരെയെങ്കിലും ആ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നുണ്ടോ?അതോ അവര്‍ രണ്ടു പേരും അവനെ സ്നേഹിക്കുന്നത് അവന്‍ അറിയുന്നില്ലേ ?ഓരോ ദിവസവും ആ മൂന്നു പേരും തമ്മില്‍ ഉള്ള ബന്ധത്തിനു മാറ്റം വരുന്നത് പോലെ ആ നിശ്ചലകാഴ്ചയില്‍ നിന്നു രാധികക്കു തോന്നി.അവര്‍ അങ്ങോട്ടുമിങ്ങോട്ടും ഒളിച്ചു കളിക്കുന്നത് പോലെ.വഴുതിമാറുന്ന സ്വർണ്ണമത്സ്യങ്ങളെ പോലെ.
ആദ്യം അവള്‍ വിചാരിച്ചത് പ്രായം കുറഞ്ഞ സുന്ദരി പെണ്കുട്ടിയും അവനും തമ്മിലാണ് പ്രണയം എന്നാണ്.കാരണം അവള്‍ സദാ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.എപ്പോഴും അവളുടെ കൈ അവന്റെ തോളിലാണ്.അവര്‍ തമ്മിലാണ് ഏറെ നേരം സംഭാഷണം.മറ്റേ പെണ്കുുട്ടി കൂടുതലും നിശബ്ദയാണ്.രാധികയുടെ ചിന്തക്ക് മാറ്റം വന്നത് കഴിഞ്ഞ ദിവസമാണ്.
തന്റെ ജനാലയുടെ മൂന്നു കള്ളികളിലായി രാധിക ആ മൂന്നു പേരെയും നോക്കി കൊണ്ട് നില്ക്കു കയായിരുന്നു. സംസാരിക്കുന്നതിനിടയില്‍ ചെറുപ്പക്കാരന്റെ ഷർട്ടില്‍ ചമ്മന്തിയോ മറ്റോ വീണു.പ്രായം കുറഞ്ഞ പെണ്കുട്ടി അതൊന്നും ശ്രദ്ധിക്കുന്നില്ല.അവള്‍ അവന്റെ മുഖത്ത് നോക്കി എന്തോ ചലപിലാ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.പക്ഷെ മറ്റേ പെണ്കുട്ടി അത് ശ്രദ്ധിച്ചു.അവള്‍ ഒന്ന് മടിച്ച ശേഷം തന്റെ ബാഗില്‍ നിന്നു ഒരു കടലാസ്സ് എടുത്തു അവന്റെ ഷർട്ടില്‍ പറ്റിയ അഴുക്കു തുടച്ചു കളയുന്നത് രാധിക കണ്ടു.അവരുടെ രണ്ടു പേരുടെയും നോട്ടം ഇടയുന്നത് സുന്ദരി പെണ്കുട്ടി കണ്ടില്ല.പക്ഷെ രാധിക കണ്ടു.
ആ മൂന്നു ജനാലചതുരങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ ഒന്നായത് പോലെ.ആ പ്രായം കുറഞ്ഞ പെണ്കുട്ടിയുടെ ചതുരക്കള്ളി ഇപ്പോള്‍ അതില്‍ നിന്നും അകന്നു മാറിയത് പോലെ.
മനസ്സിലേ ഡ്രോയിംഗ് ബുക്കിന്റെ താളുകള്‍ പുറകോട്ടു മറിയുന്നു.അതില്‍ ഒരു പഴയ ജലച്ഛായ ചിത്രം.അതില്‍ ഇടിഞ്ഞു പൊളിഞ്ഞ സ്ക്കൂള്‍ മതില്ക്കെട്ടില്‍ മൂന്നു കുട്ടികള്‍ ഇരിക്കുന്നു.രവിയും ഗൌരിയും രാധികയും.
ഗൌരിയുടെ വെളുത്ത കൈത്തലങ്ങള്‍.
കൌതുകപൂർവ്വം അവളുടെ ക്യൂട്ടക്സ് പുരട്ടിയ നഖങ്ങള്‍ തൊട്ടു നോക്കുന്ന രവി.
നിറം കുറഞ്ഞ ഒട്ടും തുടുപ്പില്ലാത്ത തന്റെ വിരലുകളിലേക്ക് അപകർഷതയോടെ നോക്കുന്ന താന്‍.
രവി അവളുടെയാവും.സുന്ദരിയായ ഗൗരിയുടെ.ഉള്ളില്‍ പതഞ്ഞുയരുന്ന ദേഷ്യവും അസൂയവും.
പാല്‍ തിളച്ചു തൂവിയപ്പോള്‍ രാധിക ഓർമ്മയില്‍ നിന്നും ഞെട്ടി ഉണർന്നു.
പാല്‍ തിളച്ചു തൂവിയപ്പോള്‍ രാധിക ഓർമ്മയില്‍ നിന്നും ഞെട്ടി ഉണർന്നു.
അന്ന് രാത്രി രവി വന്നപ്പോള്‍ പറഞ്ഞു.
“കുറച്ചു ദിവസങ്ങൾക്കുള്ളില്‍ പ്രോജക്റ്റ് ലീഡര്‍ ആയി പ്രമോഷന്‍ കിട്ടും.അങ്ങിനെയാണെങ്കില്‍ ഇവിടം വിട്ടു ഹൈദ്രബാദ് പോകേണ്ടി വരും.”
അവള്‍ അവന്റെ നെഞ്ചിലേക്ക് ഒട്ടി കിടന്നു.
അവള്‍ അവന്റെ നെഞ്ചിലേക്ക് ഒട്ടി കിടന്നു.
“രവി പേടിക്കണ്ട.ഐ വില്‍ അഡ്ജസ്റ്റ്.ഞാന്‍ ഇപ്പോള്‍ ഓക്കെയാണ്.”
പക്ഷെ അവളുടെ മനസ്സ് ദൂരെ എവിടെയോ ആണെന്ന് രവിക്ക് തോന്നി.രാധികയുടെ മനസ്സില്‍ ജനാലക്കള്ളികളുടെ അപ്പുറത്തെ ആ മൂന്നു രൂപങ്ങള്‍ ആയിരുന്നു.
ദിവസങ്ങള്‍ കഴിയും തോറും വാകചുവട്ടില്‍ അവള്‍ ശ്രദ്ധിക്കുന്ന ആ മൂന്നു ചെറുപ്പക്കാരില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് രാധിക ശ്രദ്ധിച്ചു. നിറം കുറഞ്ഞ പ്രായം കൂടിയ പെണ്കുട്ടിയും ആ ചെറുപ്പക്കാരനും തമ്മില്‍ നോട്ടങ്ങള്‍ കൈമാറുന്നത് കൂടുന്നു.പക്ഷെ അത് ശ്രദ്ധിക്കാതെ മറ്റേ പെണ്‍കുട്ടി തമാശകള്‍ പറഞ്ഞു ചിരിക്കുന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സുന്ദരിയായ പെണ്കുട്ടി പോയതിനു ശേഷവും ആ ചെറുപ്പക്കാരനും മറ്റേ പെണ്കുട്ടിയും സംസാരിച്ചു നില്ക്കുന്നത് രാധിക കണ്ടു.
കാരണമില്ലാത്ത ഒരു ഭയം അവളില്‍ ഉറഞ്ഞു.വളരെ പരിചിതമായ ഒരു ഭൂതകാല ഭയം.
അന്ന് രാത്രി വന്നപ്പോള്‍ രവി അത് ശ്രദ്ധിച്ചു.
“നിനക്ക് എന്ത് പറ്റി,കുറച്ചു ദിവസങ്ങളായി ഒരു വല്ലായ്മ?ഇവിടെ നിന്നു പോകേണ്ടി വരും എന്ന് പറഞ്ഞത് കൊണ്ടാണോ ?”
“അത് ...അത് ഗൗരിക്ക് എന്തേലും പറ്റുമോന്നു പേടി..”
അവള്‍ കണ്ണാടിപ്പെട്ടിയിലേ നീന്തിക്കളിക്കുന്ന മത്സ്യങ്ങളെ നോക്കി പറഞ്ഞു.
രവി അതിനു അരികില്‍ ചെന്നു നോക്കി,.ശരിയാണ്.ആ ചെറിയ മത്സ്യം അധികം ചലിക്കുന്നില്ല.മറ്റു രണ്ടു മത്സ്യങ്ങളും ഉത്സാഹത്തോടെ നീന്തിത്തുടിക്കുന്നു. അയാൾ ഒന്നും പറഞ്ഞില്ല.അവള്ക്ക് അത് വെറും മത്സ്യം മാത്രമല്ലെന്ന് രവിക്കും അറിയാമായിരുന്നു.ഈ വില്ല വാടകക്ക് തന്നപ്പോള്‍ പഴയ വാടക്കക്കാര്‍ വച്ചിട്ട് പോയതാണ് ഈ ആ അക്വേറിയം.അന്ന് ഇത് ഒഴിവാക്കിയാല്‍ മതിയാരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഉച്ച നേരം രാധിക കണ്ടു.
പ്രായം കുറഞ്ഞ സുന്ദരി പെൺകുട്ടി ഒറ്റക്ക് വരുന്നു.അവളുടെ മുഖം കരഞ്ഞു വീർത്തതു മാതിരി ചുവന്നിരിക്കുന്നു.അവള്‍ വേഗം നടന്നു പോകുന്നത് രാധിക കണ്ടു.അല്പം കഴിഞ്ഞു ഒരു ബൈക്കില്‍ ആ ചെറുപ്പക്കാരനും മറ്റേ പെൺകുട്ടിയും വാക ചുവട്ടില്‍ വന്നിറങ്ങി.അവര്‍ ഇന്ന് വളരെ നിശബ്ദരാണ്.ഒരു കാപ്പി കുടിച്ചു അവര്‍ മെല്ലെ പിരിഞ്ഞു.
പിന്നെയുള്ള ദിവസങ്ങളില്‍ ആ സുന്ദരി പെൺകുട്ടിയെ കണ്ടതേയില്ല.ബൈക്കില്‍ ആ ചെറുപ്പക്കാരനും മറ്റേ പെണ്കുട്ടിയും വന്നിറങ്ങി.ആ പെണ്കുട്ടി ഇപ്പോള്‍ കൂട്ടുകാരിയെക്കാള്‍ സുന്ദരി ആയത് പോലെ രാധികക്ക് തോന്നി.
“ആഗ്രഹിച്ചയാളെ കിട്ടിയാല്‍ സൗന്ദര്യം കൂടും.”
രവിയെ നോക്കി ഗൗരി കല്യാണത്തിനു പറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.
അവളുടെ ഉള്ളില്‍ സങ്കടത്തിര ഇരമ്പുന്നത് തനിക്കറിയാമായിരുന്നു.അവള്‍ അഭിനയിക്കുകയാണ് എന്ന് തനിക്ക് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
അവന് കാമ്പസ് സെലക്ഷനില്‍ ജോലി കിട്ടിയ ദിവസം ഗൗരി ഹോസ്റ്റലിലെ രാധികയുടെ മുറിയില്‍ വന്നു.ഒരു പ്രതിമ പോലെ അവള്‍ രാധികയുടെ മുന്പില്‍ നിന്നു.
“രാധികേ ,രവി ഇന്ന് എന്നോട് പറഞ്ഞു .അവനു നിന്നെ ഇഷ്ടമാണ് എന്ന്.നിന്നോട് പറയാന്‍ അവനു ധൈര്യമില്ലെന്നു.നിന്നെ കല്യാണം ആലോചിക്കണം എന്ന്.എന്‍റെ ഇഷ്ടം അങ്ങോട്ട് പോയി പറയാന്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കാന്‍ നീ എന്നെ ഉപദേശിച്ചത് നന്നായി. അത് കൊണ്ട് സ്വയം നാണംകെടുന്നത് ഒഴിവായി.”
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് രാധികയുടെ മടിയില്‍ വീണു.അവളുടെ മുടി തന്റെ കറുത്തിരുണ്ട വിരലുകള്‍ കൊണ്ട് തടവുമ്പോള്‍ രാധികയുടെ ചുണ്ടില്‍ ഒരു ഗൂഡസ്മിതം വിടർന്നത് ഗൗരി കണ്ടില്ല.
ദിവസങ്ങൾക്ക് വേഗം കൂടി.റോഡില്‍ നിത്യവും കാണുന്ന മൂന്നു ചെറുപ്പക്കാരില്‍ സുന്ദരിയായ പ്രായം കുറഞ്ഞ പെണ്കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ആലോചിച്ചു അവളില്‍ വിഷാദത്തിന്റെ മഴക്കൂണുകള്‍ പൊട്ടിമുളച്ചു.കണ്ണാടിപ്പെട്ടിയിലെ ഗൗരിയുടെ വേഗം കുറയുന്നതും അവള്‍ അറിയുന്നുണ്ടായിരുന്നു.
“എനിക്ക് ഇവിടുന്നു പോയാല്‍ മതി രവിയേട്ടാ...ഒരു ദിവസം അവള്‍ രവിയോട് പറഞ്ഞു.
അയാള്ക്ക് പ്രൊമോഷന്‍ കിട്ടിക്കഴിഞ്ഞിരുന്നു.
“ഇനി ഒരു ദിവസം കൂടിയല്ലേ ഉള്ളു മോളെ....നാളെ കഴിഞ്ഞു നമ്മള്‍ ഇവിടം വിടും..”
അയാള്‍ രാധികയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
പിറ്റേന്ന് നേരം പുലർന്നു .രവി ഓഫീസിലേക്ക് പോയതിനു ശേഷം അവള്‍ പാക്കിംഗ് ചെയ്യുകയായിരുന്നു.ഇന്ന് മായാപുരി ഗാർഡൻസിലെ അവസാന ദിവസം.ഡോര്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ ഇറങ്ങി വന്നു.പുറത്തു നില്ക്കുന്നയാളെ കണ്ടു അവള്‍ ഞെട്ടി.
അത് ആ പെണ്കുട്ടിയായിരുന്നു.കുറച്ചു നാളായി കാണാന്‍ ഇല്ലാതിരുന്ന മൂന്നു ചെറുപ്പക്കാരിലെ സുന്ദരിയായ പെൺകുട്ടി.അവളുടെ കാര്‍ പുറത്തു കിടപ്പുണ്ടായിരുന്നു.ചുവന്ന നിറമുള്ള നിസാന്‍.
“ചേച്ചി , .ഒരു പ്ലയര്‍ തരാമോ ..”അവള്‍ ചോദിച്ചു.
രാധിക അവളുടെ മുഖത്ത് നോക്കി.അവളുടെ മുഖത്തെ രക്തമയം വറ്റിയിരിക്കുന്നു.ഏറെ നാളായി ഉറക്കം നഷ്ടപ്പെട്ടത് പോലെ കൺതടങ്ങളില്‍ കറുപ്പ് വലയങ്ങള്‍.
“ഞാന്‍ ഇന്ന് വീട് വെക്കേറ്റ് ചെയ്യുകയാ..അപ്പൊ. ഭിത്തിയില്‍ ഫിക്സ് ചെയ്ത കുറച്ചു ഫോട്ടോസ് ഉണ്ട്.അത് ഇളക്കി എടുക്കാനാ..” അവള്‍ പറഞ്ഞു.
രാധിക അകത്തു പോയി പ്ലയര്‍ എടുത്തു കൊടുത്തു.
“പകല്‍ വില്ലകളില്‍ ആരുമില്ല.ഞാന്‍ അങ്ങോട്ട് പോയപ്പോള്‍ ചേച്ചി മുറ്റത്ത് നില്ക്കുന്നത് കണ്ടു.അതാ ഞാന്‍ ഇങ്ങോട്ട് തന്നെ വന്നത്.”
അവള്‍ പ്ലയര്‍ വാങ്ങിക്കൊണ്ട് പറഞ്ഞു.
രാധിക അവള്‍ കാര്‍ സ്റ്റാർട്ട് ചെയ്തു പോകുന്നത് നോക്കി നിന്നു.പിന്നെ പാക്കിംഗ് തുടർന്നുർന്നു .പക്ഷെ ഉള്ളില്‍ കാരണമില്ലാത്ത ഒരു ഭയം ചുരമാന്തുന്നത് അവള്‍ അറിഞ്ഞു.ആ കുട്ടിയോട് സംസാരിക്കണം എന്ന് ആരോ പറയുന്നു.
താന്‍ എന്തിനാണ് സംസാരിക്കുന്നത് ?തനിക്ക് വട്ടാണ് എന്ന് അവള്‍ വിചാരിച്ചേക്കും..ഉള്ളില്‍ ഇരുന്നു മറ്റൊരു രാധിക പറയുന്നു.
എല്ലാം പാക്ക് ചെയ്തു.അപ്പൊഴാണ് അവള്‍ സ്വീകരണ മുറിയിലെ അക്വേറിയത്തിന്റെ കാര്യം ഓർത്തത്.അവള്‍ അതിനരികിലേക്ക് ചെന്നു.
അതിനുള്ളില്‍ അവളുടെ ഗൗരി ചത്തു കിടപ്പുണ്ടായിരുന്നു.
പുറത്തു മഴ തുടങ്ങിയിരുന്നു.കോരിച്ചൊരിയുന്ന മഴയില്‍ ആ വാകമരം തല കുനിച്ചു നിന്നു.
വിഷാദത്തിന്റെ ഒരു തിര അവളുടെ ഉള്ളില്‍ ആഞ്ഞടിച്ചു.അവള്‍ വേഗം മുറി പൂട്ടി വേഗം പുറത്തേക്കു ഓടി .കാരണമില്ലാത്ത ഒരു ആധിയില്‍ രാധികയുടെ നെഞ്ചു കിടുങ്ങി.മഴ വക വയ്ക്കാതെ അവള്‍ അണച്ച് കൊണ്ട് ഓടി.കുറച്ചു ദൂരം ചെന്നപ്പോള്‍ അവള്‍ കണ്ടു.
ഒരു വില്ലയുടെ മുമ്പില്‍ പാർക്ക് ചെയ്തിരിക്കുന്ന ആ ചുവന്ന നിസാന്‍ കാര്‍.രാധിക കോളിംഗ് ബെല്ലമർത്തി .ആരും പുറത്തു വന്നില്ല.സ്വീകരണ മുറിയുടെ വാതില്‍ തുറന്നു കിടന്നു.അവള്‍ പതിയെ അകത്തേക്ക് കടന്നു.
ആദ്യത്തെ മുറിയുടെ പാതി തുറന്ന വാതിലിലൂടെ അവള്‍ കണ്ടു.അകത്തെ മുറിയില്‍ കട്ടിലില്‍ കിടക്കുന്ന പെണ്‍കുട്ടി.ആ മുറിയില്‍ വെളിച്ചം കുറവാണ്.
രാധിക അകത്തു വന്നപ്പോള്‍ ആ പെണ്‍കുട്ടി പാതി തുറന്ന ജനാലവിരികളിലൂടെ പുറത്തേ മഴ നോക്കി കിടക്കുകയായിരുന്നു.കറുത്ത രാത്രികള്‍ പോലെ അവളുടെ മുടി ക്രാസിയില്‍ ചാരി വച്ച തലയിണയില്‍ പടര്‍ന്നു കിടന്നു.ഭിത്തിയില്‍ നിന്നു അടര്‍ത്തിയെടുത്ത ഒരു ഫോട്ടോ നെഞ്ചോട് അമര്‍ത്തി അവള്‍ രാധികയെ നോക്കി ചിരിച്ചു.
"സോറി ,ഞാന്‍ ഒന്ന് ഉറങ്ങാന്‍ തുടങ്ങുകയായിരുന്നു.പ്ലയര്‍ ആ ടേബിളില്‍ ഇരിപ്പുണ്ട്." അവള്‍ ഒരു തമാശ പറയുന്നത് പോലെ മെല്ലെ പറഞ്ഞു.
രാധിക കട്ടിലിന് അരികിലെ ടേബിളിലേക്ക് നോക്കി.
പ്ലയര്‍..പിന്നെ ഒരു കുപ്പിയില്‍ മണ്ണെണ്ണ...അതിനരികില്‍....
അതിനരികില്‍ ചിതറിക്കിടക്കുന്ന ഉറക്കഗുളികകളുടെ കവറുകള്‍.ഗൗരിയും അത് തന്നെയാണ് ഉപയോഗിച്ചത്.അവള്‍ മരിച്ചതിനു ശേഷം ഉറങ്ങാനായി ഇടക്കിടക്ക് താനും ഉപയോഗിക്കുന്നത് അത് തന്നെയാണ്.
ഒറ്റ നോട്ടം കൊണ്ട് അവള്‍ക്ക് എല്ലാം മനസ്സിലായി.
"നീ...നീ അത് മുഴുവന്‍ ഉപയോഗിച്ചോ..?എന്ത് അബദ്ധമാണ് കുട്ടി നീയീ കാണിച്ചത്...ഗൗരിയെ പോലെ..?"
"കഴിച്ചു...അല്പം കഴിഞ്ഞു ഞാന്‍ ഉറങ്ങും..ദി ലാസ്റ്റ് സ്ലീപ്..."
രാധിക അവളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.അവള്‍ രാധികയെ തട്ടിമാറ്റി.
"ചേച്ചി ,വന്നത് നന്നായി...ചേച്ചി പോകുമ്പോ ഈ ഫോട്ടോ ആ കെറസിന്‍ കൊണ്ട് കത്തിച്ചു കളയണം..എനിക്ക് എഴുന്നേല്‍ക്കണ്ടല്ലോ...ബൈ ദി വേ..ആരാണ് ഗൗരി.."
"ഞാന്‍ ചതിച്ച എന്‍റെ കൂട്ടുകാരി. ഞാന്‍ സ്നേഹിക്കുന്നയാളെ അവള്‍ക്കു ലഭിക്കും എന്ന് അറിയാവുന്നത് കൊണ്ട് അവള്‍ക്കു മുന്‍പേ രഹസ്യമായി അയാളെ പ്രേമത്തിന്റെ കെണിയില്‍ ഞാന്‍ വീഴ്ത്തി.അയാളെ വിവാഹം കഴിച്ചതിനു ശേഷം അവള്‍ എങ്ങിനെയോ ഞാന്‍ ചതിച്ച വിവരം അറിഞ്ഞു.അവള്‍ മരിച്ചു.നീ ഇപ്പോള്‍ കാട്ടിയത് പോലെ...ഇല്ല...എനിക്ക് നിന്നെ രക്ഷിക്കണം...എഴുന്നേല്‍ക്ക്..ഇനിയും സമയമുണ്ട് നിനക്ക് ഒന്നും സംഭവിക്കില്ല."
രാധിക ഭ്രാന്തിയെ പോലെ അവളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
"ചതി...അത് എല്ലാക്കാലത്തും ഒരു പോലെയാണ് ചേച്ചി..ഞാന്‍ ഒരാളെ സ്നേഹിച്ചു..മറ്റാരും അറിയാത്ത പ്രണയം...ഭ്രാന്തമായി..മറ്റു ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന അയാളെ ഉപേക്ഷിക്കാന്‍ വയ്യാത്ത വിധം ഞാന്‍ അടുത്ത് പോയി..പക്ഷെ ഒരിക്കലും അയാള്‍ എന്നെ വിവാഹം കഴിക്കില്ല..പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം.."
അവളുടെ ശബ്ദം ദുര്‍ബലമായി കൊണ്ടിരുന്നു.
"ആരായാലും അയാളെ പ്രേമിക്കും.സ്വന്തമാക്കാന്‍ ആഗ്രഹിക്കും...പക്ഷെ എല്ലാവർക്കും എല്ലാവരെയും സ്വന്തമാക്കാന്‍ പറ്റില്ലല്ലോ.."
നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച ആ ഫോട്ടോ രാധികയുടെ കയ്യില്‍ ചേര്‍ത്ത് അവള്‍ കട്ടിലിലേക്ക് വീണു.
അവളും കാമുകനും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്.ആ ചിത്രം കണ്ടു രാധികയുടെ കൈവിരലുകള്‍ അവളുടെ കയ്യില്‍ നിന്നു വഴുതി മാറി.സ്വര്‍ണ്ണമത്സ്യങ്ങളെ പോലെ.
അവളോടൊപ്പം ആ ചിത്രത്തില്‍ ഉണ്ടായിരുന്നത് അയാളായിരുന്നു.രവി.തന്റെ ഭര്‍ത്താവ്.ഒരിക്കല്‍ ഗൗരി സ്നേഹിച്ച രവി.
"ഈ കാര്യം മറ്റാര്‍ക്കുമറിയില്ല. കൂട്ടുകാർക്ക് പോലും.ഞാന്‍ ജീവിച്ചാല്‍ അയാളെ എനിക്ക് മാത്രം വേണം എന്ന് എനിക്ക് തോന്നും..അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും...."
അത് ഗൗരിയുടെ ശബ്ദം പോലെ രാധികക്ക് തോന്നി.രാധിക മെല്ലെ അവളുടെ അടുത്ത് കട്ടിലില്‍ ഇരുന്നു.ഒരു നീണ്ട ഉറക്കത്തിലേക്ക് അടയുവാന്‍ അവളുടെ കൺപോളകള്‍ തിടുക്കം കൂട്ടുന്നത് രാധിക കണ്ടു.
"ആ ഫോട്ടോ മാത്രമാണ് ഒരേ ഒരു തെളിവ്..അത് കൂടെ കളഞ്ഞാല്‍.."
അവളുടെ ശബ്ദം ചിതറിത്തുടങ്ങിയിരുന്നു.അവള്‍ ആ ഫോട്ടോക്കായി രാധികയുടെ വിരലുകളില്‍ തിരഞ്ഞു.അവളുടെ വിരലുകള്‍ക്ക് മഴയുടെയും മരണത്തിന്റെയും തണുപ്പ് തോന്നിച്ചു.രാധിക ആ വിരലുകള്‍ തട്ടിമാറ്റി.അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം വീണു.പിന്നെ അവള്‍ ആ പെണ്‍കുട്ടിയുടെ ചെവിയില്‍ പറഞ്ഞു.
"രവി...രവി എന്‍റെ മാത്രമാണ് കുട്ടി.ആര്‍ക്കും ഞാന്‍ കൊടുക്കില്ല.ഗൗരിക്കായാലും ,നിനക്കായാലും..."
തുറക്കാന്‍ വെമ്പുന്ന പാതിയടഞ്ഞ മിഴികള്‍ രാധിക തഴുകിയടച്ചു.
"ഉറങ്ങൂ..ഒന്നുമൊന്നും അറിയാതെ ഉറങ്ങൂ.."
അതിനുശേഷം അവള്‍ എഴുന്നേറ്റു ആ ഫോട്ടോ മുറിയുടെ മൂലയില്‍ ഇട്ടു കത്തിച്ചു.പുറത്തു മഴ പെയ്തു കൊണ്ടിരുന്നു.ആ ഫോട്ടോയില്‍ പുല്‍കുന്ന തീനാളങ്ങള്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ ആണെന്ന് രാധികക്ക് തോന്നി.
പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ രാധികയും രവിയും മായാപുരി ഗാർഡൻസിനോട് വിടപറഞ്ഞു ഇറങ്ങി.വില്ലയില്‍ നിന്ന്‍ കാര്‍ പതുക്കെ ഇറക്കി വാകമരച്ചുവട്ടില്‍ എത്തിയപ്പോള്‍ രാധിക നിർബന്ധിച്ചു വണ്ടി നിർത്തി ഓരോ സമോസ വാങ്ങി.
“ആ അക്വേറിയത്തിലെ മീനുകളുടെ കാര്യം ഓർക്കുമ്പോഴാ..” രാധിക പറഞ്ഞു.
“ആ അക്വേറിയത്തിന്റെ കാര്യം ഓർത്തു വറി ചെയ്യണ്ട...നാളെ പുതിയ വാടക്കക്കാര്‍ എത്തും.ഐ.ടി പാർക്കി സ്റ്റാഫ് തന്നെയാണ്.എ ജസ്റ്റ് മാരീഡ് കപ്പിള്‍."
അപ്പോള്‍ ഒരു ബൈക്കില്‍ ഒരു ചെറുപ്പക്കാരനും പെൺകുട്ടിയും അവരുടെ കാറിനു അരികില്‍ എത്തി വണ്ടി നിർത്തി .അവര്‍ രവിയെ നോക്കി ചിരിച്ചു.
“പറഞ്ഞു നാവെടുത്തില്ല....ഇവരാണ് കക്ഷികള്‍...ആ മീനുകളുടെ കാര്യം ശ്രീമതി ഇപ്പോള്‍ പറഞ്ഞെതേയുള്ളൂ...”
“ചേച്ചി പേടിക്കണ്ട..ഞങ്ങള്‍ നോക്കിക്കൊള്ളാം.”
ആ ചെറുപ്പക്കാരന്റെ ശബ്ദം കേട്ട് രാധിക തലയുയർത്തി നോക്കി.
അത് അവരാായിരുന്നു.അവള്‍ എന്നും അടുക്കള ജനാലയുടെ കള്ളികളില്‍ കണ്ടു കൊണ്ടിരുന്ന ചെറുപ്പക്കാരനും തന്റെ കൂട്ടുകാരിയെക്കാള്‍ അല്പം സൗന്ദര്യം കുറഞ്ഞ പെൺകുട്ടിയും.രാധിക അവരെ നോക്കി ചിരിച്ചു.അവര്‍ രാധികയെയും.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ രവി പറഞ്ഞു.
“ക്യൂട്ട് കപ്പിള്‍...അവര്‍ രണ്ടുപേരും അവർക്ക് രണ്ടു സ്വർണ്ണ മത്സ്യങ്ങളും...”
“ക്യൂട്ട് കപ്പിള്‍...അവര്‍ രണ്ടുപേരും അവർക്ക് രണ്ടു സ്വർണ്ണ മത്സ്യങ്ങളും...”
രാധിക രവിയുടെ ഷർട്ടില്‍ പറ്റിയ സമോസയുടെ പൊടി തുടച്ചു കളഞ്ഞു.പിന്നെ ആ കൈകള്‍ അവളുടെ വയറ്റില്‍ ചേർത്ത് വച്ചു.പിന്നെ ചെവിയില്‍ ആ രഹസ്യം പറഞ്ഞു..
“നമ്മള്‍ ഇപ്പൊ മൂന്ന് പേരായി കേട്ടോ...ഇനി നമ്മുക്ക് മൂന്ന് സ്വണ്ണ മത്സ്യങ്ങളെ വാങ്ങണം...”
രവിയുടെ മുഖത്ത് നിലാവ് പോലെ ഒരു ചിരിപടർന്നു. അയാള്‍ ഉറക്കെ ചിരിച്ചു ഭാര്യയെ ചേർത്ത് പിടിച്ചു ചുംബിച്ചു.പിന്നെ ആ ഉച്ചനേരത്തിലെ വെയിൽപൂക്കള്‍ പൊഴിഞ്ഞു കിടന്ന റോഡിലൂടെ കാർ ഓടിച്ചു പോയി.
അപ്പോൾ മായാപുരി ഗാർഡൻസിലെ ആ വില്ലയിലേ കണ്ണാടിപ്പെട്ടിയില്‍ രണ്ടു സ്വർണ്ണ മത്സ്യങ്ങള്‍ പുതിയ ഉടമകളെ കാത്തു നീന്തിക്കളിക്കുന്നുണ്ടായിരുന്നു.
(അവസാനിച്ചു)
Anish

Nannayittundu.alppam churukki ezhuthi vaayanakku kooduthalum sugham nalkum.abhinandanangal Aneesh
ReplyDeleteNannayittundu.alppam churukki ezhuthi vaayanakku kooduthalum sugham nalkum.abhinandanangal Aneesh
ReplyDelete