Slider

നോമ്പിനും ഉണ്ട് ചില ഓർമകൾ.

0
നോമ്പിനും ഉണ്ട് ചില ഓർമകൾ.
.....................................................................
ദുബായിൽ വന്ന ശേഷമുള്ള ആദ്യത്തെ നോമ്പ് കാലം കഴിഞ്ഞ വർഷമായിരുന്നു.. ഇവിടത്തെ രീതികളോട് പരിചിതമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.. നാട്ടിൽ നിന്നും വിഭിന്നമായി ഭക്ഷണം ഒരുക്കി തരാനും ഊട്ടാനുമൊന്നും ആരും ഇല്ല.. പെൺകുട്ടികളേക്കാൾ അത്യാവശ്യമായി ആൺകുട്ടികളാണ് പാചകം പഠിക്കേണ്ടത് എന്ന സത്യം മുന്നിൽ നിന്നും പല്ലിളിച്ച് ചിരിച്ചു... ഉമ്മയെ കാണാനൊക്കെ വല്ലാത്തൊരു മോഹം..
അങ്ങനെ നോമ്പൊക്കെ സുന്ദരമായി നടന്ന് കൊണ്ടിരിക്കുമ്പോൾ ആണ് വൈകിട്ട് ഇഫ്താറിന് പള്ളിയിൽ പോവാൻ തീരുമാനമായത്..വേറൊന്നുമല്ല.. ഭക്ഷണം ഉണ്ടാക്കാനുള്ള മടി കൊണ്ടാണ്... ഞങ്ങൾ നാല് പേരായിരുന്നു.. എല്ലാവരും പുതിയ ആളുകൾ..
പള്ളിയിൽ സാമാന്യം നല്ല തിരക്കായിരുന്നു.. പഴങ്ങളും പാനീയങ്ങളുമൊക്കെ ആവശ്യം പോലെ ഉണ്ട്.. വലിയ തളികകളിൽ മട്ടൺ ബിരിയാണി വിളമ്പി വെച്ചിരിക്കുന്നു.. തിന്നാനുള്ള ചെറിയ പ്ലേറ്റുകൾ മാത്രം എങ്ങും കണ്ടില്ല..
ബാങ്ക് വിളിച്ച് എല്ലാവരും കഴിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്.. നാല് പേരും കൂടി ബിരിയാണി കഴിക്കേണ്ടത് ആ വലിയ തളികയിൽ നിന്നാണ്.. വിളമ്പി കഴിക്കാൻ കൊച്ച് പ്ലേറ്റുകൾ ഒന്നുമില്ല..അറബികൾ അങ്ങനെയാണ് പോലും! ഞങ്ങൾ മുഖത്തോട് മുഖം നോക്കി അന്തം വിട്ട് നിന്നപ്പോൾ ഒരു അറബി വന്ന് ഏതാണ്ടൊക്കെ പറഞ്ഞിട്ട് പോയി..
ആ സമയത്ത് മറ്റൊരാളുടെ പ്ലേറ്റ് പോലും ഞാൻ ഉപയോഗിക്കാറില്ലായിരുന്നു.. പഠിക്കുന്ന കാലത്തും ഹോസ്റ്റലിലൊന്നും നിൽകാത്തതിന്റെ കുഴപ്പമാണെന്ന് പറയാം..
ഇനിയും നോക്കി നിന്നിട്ട് കാര്യമില്ല.. നേരത്തെ പോയ അറബി വീണ്ടും അടുത്തേക്ക് വരുന്നുണ്ട്... വല്ലാത്ത വിശപ്പും... ഞാൻ ഒരരികിൽ നിന്നങ്ങ് തുടങ്ങി... പിറകെ മറ്റുള്ളവരും.. തളിക കാലിയായത് വളരെ പെട്ടെന്നായിരുന്നു.. ദോഷം പറയരുതല്ലോ ആ ഭക്ഷണത്തിന് വല്ലാത്ത ഒരു സ്വാദ് ഉണ്ടായിരുന്നു ... ഞാൻ അത് വരെ അറിയാത്ത ഒന്ന്..
ചില കാര്യങ്ങളൊക്കെ നമ്മളിൽ വല്ലാതെ സ്വാധീനം ചെലുത്തുമെന്ന് പറയാറുണ്ട്.. ആ നോമ്പ് കാലം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നാല് പേരിലും ശക്തമായ ഒരു ആത്മ ബന്ധം ഉടലെടുത്തിരുന്നു..
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾക്കും അതിന്റേതായ അനുഭൂതി നമുക്ക് പകർന്ന് നൽകാനാവും.. ഒരേ പ്ലേറ്റിൽ നിന്ന് ഉണ്ട് ഒരു പായിൽ കിടന്നുറങ്ങുന്ന ബാച്ചിലർ ലൈഫിന്റെ അനുഭൂതി എനിക്ക് പകർന്ന് നൽകിയത് ആ നോമ്പ് കാലം തന്നെ ആയിരുന്നു...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo